• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കശാപ്പുശാല

സണ്ണി തായങ്കരി May 11, 2016 0

”മ്‌റാാ… മ്‌റാാ…”
തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിരിക്കുന്ന അറവുമാട് കുറെ നേരമായി അമറാന്‍ തുടങ്ങിയിട്ട്. വെളുപ്പിന് നാലുമണിക്ക് ഇറച്ചിക്കടയുടെ പിന്‍വാതില്‍ തുറന്നപ്പോള്‍ മുതല്‍ മൈതീന്‍ഹാജി കേള്‍ക്കുന്നതാണ് മാടിന്റെ രോദനം. ആരുടെയും കരച്ചില്‍ അധികനേരം കേട്ട് നില്‍ക്കാനുള്ള മനക്കരുത്ത് മൈതീന്‍ ഹാജിക്കില്ല. അത് മനുഷ്യന്റെയായാലും മൃഗത്തിന്റെയായാലും.
ഇറച്ചിക്കടയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്ന എല്ലിന്‍കൂട്ടത്തില്‍നിന്ന് എല്ല് കടിച്ചെടുത്ത് കറുത്തിരുണ്ട രണ്ടു തെരുവുനായ്ക്കള്‍ ചെറ്റമറയുടെ വലിയ ദ്വാരത്തിലൂടെ പുറത്തേക്ക് പോയി. കാഴ്ചയ്ക്ക് അല്പം മങ്ങലുള്ളതിനാല്‍ മൈതീന്‍ഹാജി അത് കണ്ടില്ല. ഏതാനും എലികള്‍ തലങ്ങും വിലങ്ങും ചാടി പ്രകമ്പനം സൃഷ്ടിച്ച് അപ്രത്യക്ഷമായി.
”മ്‌റാാ… മ്‌റാാ…” വീണ്ടും അറവുമാട് തൊണ്ടകീറി.
മൈതീന്‍ഹാജിക്ക് ക്ഷമ നശിച്ചു.
”എട്…ടാ… ശെയ്ത്താനെ… ആ മിണ്ടാപ്രാണീന് രാത്രീല് വല്ലോം കൊയ്‌ത്തോടാ… എട്…ടാ ജലാലുദ്ദീനേ, അനക്ക് നൊസ്സുണ്ടോടാ… ഹമുക്കേ…”
കീറപ്പായില്‍ രക്തക്കറ പിടിച്ച ഉടുമുണ്ടഴിച്ച് പുതച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്ന ജലാലുദ്ദീനെ വലതുകാല്പത്തി എളവാങ്കെന്നപോലെ പുല്പായുടെ കീറലിലൂടെ അകത്തേക്ക് കടത്തി അയാള്‍ തിക്കി ഉണര്‍ത്താന്‍ ശ്രമിച്ചു.
”ഇതേത് മലക്കീന്റെ തൊരവാണ് നട്ടപ്പാതിരാനേരത്ത്… അല്ലേല് മലക്കീന്റെ ബാപ്പേട് തൊരവാരിക്കും… അബടെക്കെട്ന്ന്‌റങ്ക്കിളി… മനുഷേമ്മാര് ഒറങ്ന്ന നേര്ത്ത അന്റെ ഉപ്പൂപ്പാന്റയൊരു…”
ഉറക്കത്തില്‍ പിറുപിറുത്തുകൊണ്ട് കടവായില്‍ക്കൂടി ഒഴുകിയിറങ്ങി കവിളില്‍ സ്ഥാനം പിടിച്ച കൊഴുത്ത തുപ്പല്‍ച്ചാലില്‍ രമിച്ചിരുന്ന രണ്ട് ഈച്ചകളെ ജലാലുദ്ദീന്‍ ഒറ്റയടിക്ക് വകവരുത്തി തിരിഞ്ഞു കിടന്നു.
”മ്‌റാാ…. മ്‌റാാ…”
ഒരിക്കല്‍കൂടി അറവുമാടിന്റെ കരച്ചില്‍ കേള്‍ക്കാന്‍ ക്ഷമയില്ലാതെ ജലാലുദ്ദീനെ വിട്ട് മൈതീന്‍ ഹാജി പുറത്തേക്കിറങ്ങി. പറമ്പിന്റെ നടുവിലെ മണ്ടപോയ തെങ്ങിന്‍ ചുവട്ടിലേക്ക് നടക്കുമ്പോള്‍ നാലരയുടെ അലാറം ഇറച്ചിക്കടയില്‍നിന്ന് കേട്ടു.
മൈതീന്‍ഹാജി മാടിന്റെ സമീപത്തേക്ക് നടന്നു. അപ്പോളത് കുറച്ചുകൂടി ഉച്ചത്തില്‍ അമറി. കഴിഞ്ഞ ദിവസം മാടുബ്രോക്കര്‍ കാളവര്‍ക്കിയില്‍നിന്ന് അയ്യായിരം റുപ്പിക കൊടുത്ത് കയറ് കൈമാറിയപ്പോള്‍ മുതല്‍ അതിന് ആ ജലാലുദ്ദീന്‍ ഇബിലീസ് ഒന്നും കൊടുത്തുകാണത്തില്ല. പോച്ചയും വൈക്കോലും ആവശ്യത്തിനുണ്ട്. പക്ഷേ കൊടുക്കൂല. മിണ്ടാപ്രാണിയോട് കാരുണ്യം കാട്ടാത്ത ഹറാമി. വക്ക് ചുളുങ്ങിയ അലൂമിനിയം ബക്കറ്റ് അകലെ മറിഞ്ഞുകിടക്കുന്നത് മൈതീന്‍ഹാജി കണ്ടു.
പറമ്പിന്റെ മൂലയിലുള്ള തുറുവില്‍നിന്ന് മൈതീന്‍ഹാജി ഒരുവാര് വൈക്കോല്‍ വലിച്ചിട്ടു. അപ്പോഴേക്ക് ജലാലുദ്ദീന്‍ അടുത്തെത്തി.
”എട്…ടാ ശെയ്ത്താനേ അന്നോട് ഞമ്മള് പറഞ്ഞിട്ടില്ലേന്ന്… അറവുമാടിനെ അമറിക്കല്ലേ അമറിക്കല്ലേന്ന്…”
”രാത്രീല് തൊരശീല്‍ വെള്ളം കൊട്ത്താര്ന്ന് ഹാജിയാരെ… പോച്ച ചെത്താമ്പറ്റീലാ. ചെത്താനെറങീപ്പം ലിംഗത്തിമ്മേ അട്ട കടിച്ചാര്ന്നു. ഹെന്റ് റബ്ബേ… ചോരപോയ പോക്കേ… ചോരേന്റെ നെറം കണ്ട് തലകരങ്ങീന്ന്… താ… കണ്ടോ…” വീര്‍ത്ത ലിംഗം പൊക്കിക്കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മൈതീന്‍ ഹാജി തടഞ്ഞു.
”വേണ്ടാ ശെയ്ത്താനേ. അന്റെ വെടക്ക് സാദനം അവടെക്കെടക്കട്ടെ…”
മാടിന്റെ മുമ്പില്‍ വൈക്കോല്‍ കൊണ്ടിട്ടപ്പോള്‍ വായില്‍ കൊള്ളുന്നതില്‍ കൂടുതല്‍ വലിച്ചെടുത്ത് അത് വലിയ വായിലേ ചവയ്ക്കാന്‍ തുടങ്ങി. ആക്രാന്തത്തോടെ ചവച്ചെന്നുവരുത്തി അകത്താക്കി, മ്ശ്ശു… മ്ശ്ശു… വെന്ന് ഏതാനും പ്രാവശ്യം തുമ്മുമ്പോഴേക്കും ജലാലുദ്ദീന്‍ ചുളുങ്ങിയ ബക്കറ്റില്‍ വെള്ളവുമായി വന്നു. അതിലേക്ക് തുരിശ് കലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മൈതീന്‍ഹാജി തടഞ്ഞു.
”ബേണ്ടടാ ജലാലുദ്ദീനേ… ഇപ്പ ശൊദ്ധ വെള്ളം കുടിക്കട്ടേന്ന്… ഇനി അതിമ്മന് കുടിക്കാമ്പറ്റത്തില്ലല്ലോ. ഞമ്മക്ക് ഒന്നോ രണ്ടോ കിലോന്റെ എറച്ചി കൊറയട്ടേന്ന്… അതൂടെച്ചേര്‍ത്ത് പടച്ചോന്തരും…”
മാട് ആര്‍ത്തിയോടെ ബക്കറ്റിലെ പാതി വെള്ളം മുക്രയിട്ട് അകത്താക്കി. ഒന്നു നിവര്‍ന്ന് നോക്കി. പിന്നെ ബാക്കി കൂടി വലിച്ചുകുടിച്ചു. വെള്ളം തീര്‍ന്നപ്പോള്‍ മാട് തലയുയര്‍ത്തിനിന്ന് ചെറിയ കൊമ്പു കുലുക്കി നന്ദി പ്രകടിപ്പിച്ചു. മൈതീന്‍ഹാജി മാടിന്റെ നെറുകയില്‍ കനിവോടെ തലോടി. അപരിചിതനെങ്കിലും മൈതീന്‍ഹാജിയുടെ സ്‌നേഹസ്പര്‍ശനത്തില്‍ മാട് അതുവരെ അനുഭവിക്കാത്ത ഏതോ നിര്‍വൃതിയില്‍ ലയിച്ചുനിന്നു.
മൈതീന്‍ഹാജി ഇറച്ചിക്കടയിലേക്ക് തിരികെ നടന്നു. നേരം വെളുക്കുന്നു. വെട്ടം വീഴുംമുമ്പ് കുറവ് തിരിച്ച് തൂക്കണം. ചെറുകഷണമാക്കി പത്തു കിലോ ആറുമണിക്കുമുമ്പ് ഹോട്ടലില്‍ എത്തിക്കാനുള്ളതാണ്.
ജലാലുദ്ദീന്‍ തോളില്‍ കിടന്ന മാടിന്റെ ചോരയില്‍ കുതിര്‍ന്ന ചുവന്ന തോര്‍ത്തെടുത്ത് തലയില്‍ കെട്ടി അകത്തുകടന്നു. കടയ്ക്കുള്ളിലെ ചോരയുണങ്ങിയ മേശയുടെ സമീപമുള്ള വെട്ടുതടിയില്‍ വച്ചിരിക്കുന്ന മൂര്‍ച്ചയേറിയ കത്തികളില്‍ ഏറ്റവും വലുത് കൈയിലെടുത്തു. പുറത്തേക്ക് നടക്കുമ്പോള്‍ നിത്യവും കേള്‍ക്കുന്ന ആ വാക്കിനായി അയാള്‍ വെറുതെ ചെവിയോര്‍ത്തു.
”ജലാലുദ്ദീനേ… അറവ്മാടിനെ വേദനിപ്പിക്കാതെ… ഒറ്റയറക്കിന്… ഹെന്റെ റഹ്മാനായ തമ്പിരാനേ…”
അറവുമാടിനെ വേദന തീറ്റിക്കാതെ കൊല്ലാന്‍ കഴിവുള്ളവര്‍ ജലാലുദ്ദീനെപ്പോലെ ഈ നാട്ടില്‍ മറ്റാരുമില്ലെന്ന് മൈതീന്‍ഹാജിക്ക് നല്ല ബോദ്ധ്യമുണ്ട്. അതും ഒറ്റയ്ക്ക്. ഏതാനും നിമിഷങ്ങള്‍ മതി. നേര്‍ത്ത ഒരു കരച്ചിലും പിടിച്ചിലും മാത്രമേ ഉണ്ടാവു. അതോടെ തീരും. അതുതന്നെയാണ് ഏറ്റവും വലിയ ആശ്വാസം. ഒറ്റ കത്തിപ്രയോഗത്തിന് ഉടലില്‍നിന്ന് തല വേര്‍പെടുന്നതോടെ വേദനയില്‍നിന്ന് ആ മിണ്ടാപ്രാണി മോചനം നേടിയിരിക്കും. എങ്കിലും ഒരു പ്രാര്‍ത്ഥനപോലെ ആ വാക്കുകള്‍ എന്നും ആവര്‍ത്തിക്കുന്നെന്നുമാത്രം. ഒരു ജാഗ്രതക്കുറവും പറ്റാതിരിക്കാന്‍…
മൈതീന്‍ഹാജി ഒരു നിമിഷം കണ്ണുകളടച്ചു. അപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിക്കുക ആ അറവുമാടിനുവേണ്ടിതന്നെ. വേദനയറിയാത്ത ഒരു മരണത്തിന്…
മാടിനെ കൊല്ലുന്നത് കാണാനുള്ള ചങ്കുറപ്പ് മൈതീന്‍ഹാജിക്കില്ല. മാടിനെയെന്നല്ല, ജീവനുള്ള ഒന്നിനെയും. പക്ഷേ, തൊഴില് ഇതായിപ്പോയില്ലേ? ങാ, പിന്നൊരു സമാധാനം. കൊന്നാപാപം തിന്നാതീരൂല്ലോ…
രണ്ടുനേരമെങ്കിലും അടുപ്പ് പുകയുന്നത് അറവുമാടിന്റെ കാരുണ്യംകൊണ്ടാണ്. പെര നെറഞ്ഞ് ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന മട്ടില്‍ നാലാ പെണ്‍കുട്ടികള്‍. നേരത്തെ നിക്കാഹ് കഴിപ്പിച്ച് വിട്ടിരുന്നെങ്കില്‍ ഇപ്പോ രണ്ടും മൂന്നും പെറ്റേനെ അതുങ്ങള്. ഒന്നിനെ ജലാലുദ്ദീന് കെട്ടിച്ചുകൊടുക്കാമെന്ന് മനസ്സിലൊരു കണക്കുകൂട്ടലുണ്ട്. പിന്നെയും മൂന്നെണ്ണം ബാക്കി… പാത്തുബീബിക്കാണെങ്കില്‍ ദീനം തീര്‍ന്ന നേരമില്ല. മരുന്നിനുവേണം മാസാമാസം പത്തുപതിനഞ്ച് കിലോ എറച്ചീടെ കാശ്… ഹെന്റെ റബ്ബേ…
ജലാലുദ്ദീന്‍ കൊലക്കത്തിയുമായി പുറത്തുകടന്നതുമുതല്‍ മൈതീന്‍ഹാജി രണ്ടു ചെവിയിലും വിരല്‍ കടത്തി ഈ ലോകത്തെ സകല ജീവികളുടെയും ദീനവിലാപങ്ങളില്‍നിന്നും അകന്ന് മുക്തിയുടെ മാര്‍ഗത്തിലേക്കുള്ള പാതയിലാണെന്ന മട്ടില്‍ ഒരേ നില്പാണ്. ഇനി അയാള്‍ അവിടെനിന്ന് അനങ്ങണമെങ്കില്‍ ചത്ത മാടിന്റെ തൊലി പൊളിച്ചു തുടങ്ങണം. അപ്പോള്‍ ജലാലുദ്ദീന്റെ വിളിവരും.
ആ വിളി പ്രതീക്ഷിച്ചുനിന്ന അയാള്‍ കേട്ടത്… ഒരു കാറല്‍… കൊടുങ്കാറ്റിന്റെ ഹുങ്കാരംപോലെ ഒരലര്‍ച്ച… ആര്‍ത്തനാദം…. അടച്ച ചെവികളിലേക്ക് അത് സുനാമിത്തിരമാലകള്‍പോലെ ഇരച്ചുകയറി. മൈതീന്‍ഹാജി ഞെട്ടി.
അയാള്‍ പുറത്തേക്ക് ഓടി. മാട് കയര്‍പൊട്ടിച്ച്, പിന്‍കാലുകള്‍ പൂര്‍ണമായും സ്വതന്ത്രമാകാതെ ഞൊണ്ടി ഞൊണ്ടി പ്രാണവേദനയോടെ മുമ്പില്‍ കണ്ടതിനെയെല്ലാം തട്ടിമറിച്ച് മുന്നോട്ട്… പിറകെ കൊലക്കത്തിയുമായി ജലാലുദ്ദീന്‍…
ജലാലുദ്ദീന് ആദ്യമായി എന്തോ കൈപ്പിഴ സംഭവിച്ചിരിക്കുന്നു…
മൈതീന്‍ഹാജിക്ക് അത് കണ്ടുനില്‍ക്കാനായില്ല. അയാള്‍ അതിവേഗം ഓടി കുടിലിന്റെ വാതില്‍ തുറന്ന് അകത്തുകയറി, വാതിലടച്ചു. ശ്വാസോച്ഛ്വാസം നിലച്ചതുപോലെ കുറെനേരം നിന്നു. പിന്നെ സമനില വീണ്ടെടുത്ത് കിതച്ചു.
മാട് കുടിലിന്റെ മുമ്പിലെത്തി നിശ്ചലമായി. കൊലയ്ക്കു മുമ്പുള്ള ആ സ്പര്‍ശനത്തിന്റെ നന്ദി യാലോ മറ്റോ അത് അപ്പോള്‍ ശാന്തനായിരുന്നു. പക്ഷേ, കണ്ണുകളില്‍ നിന്ന് തീ ചിതറുന്നതും പാതിയറുത്ത കൊരവള്ളിയില്‍നിന്ന് കുടുകുടെ ചാടുന്ന ചോര കുറുകെ വേര്‍പെട്ട പൂഞ്ഞിയെ നനച്ച് ഭൂമിയെ ചുവപ്പിക്കുന്നതും മൈതീന്‍ഹാജി വ്യക്തമായി കണ്ടു.
”ഞാന്‍ നിങ്ങളുടെ ഗോമാതാവ്. ഗോമാതാവിനെ കൊന്ന് തിന്നുന്നത് പാപമാണ്”.
ഹെന്ത്…? അറവുമാട് സംസാരിക്കുന്നോ?
മൈതീന്‍ഹാജി ചെവി കൂര്‍പ്പിച്ചു.
വളരെപ്പെട്ടെന്ന് അറവുമാടിന്റെ സ്ഥാനം ഒരുപറ്റം മനുഷ്യര്‍ ഏറ്റെടുക്കുന്നത് മൈതീന്‍ ഹാജി അറിഞ്ഞു. ജനക്കൂട്ടത്തിന്റെ കൈകളില്‍ മാരകായുധങ്ങള്‍… നെറ്റിയില്‍ രക്തവര്‍ണമുള്ള കുറി.
അനേകം പന്തങ്ങളിലെ അഗ്നി അവരുടെ മുഖങ്ങളില്‍ ഭീകരത കോരിയൊഴിച്ചു. കണ്ണുകള്‍ പ്രതികാരത്തിന്റെ മറ്റനേകം തീപ്പന്തങ്ങളെ സൃഷ്ടിച്ചു.
”ഗോമാതാവിനെ കൊന്ന് തിന്നുന്നവര്‍ക്ക് ഞങ്ങള്‍ മരണം വിധിക്കുന്നു” ജനക്കൂട്ടം ആര്‍ത്തട്ടഹസിച്ചു.
അവര്‍ കുടിലിന്റെ വാതില്‍ തള്ളിത്തുറന്ന് മൈതീന്‍ഹാജിയെ പൊക്കിയെടുത്തു. ഇറച്ചിക്കടയിലേക്ക് മുദ്രാവാക്യം വിളിയോടെ നടന്നു.
മറ്റൊരു കൂട്ടര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാനുകള്‍ തുറന്ന് കുടിലിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ പന്തങ്ങളും. അഗ്നി കുടിലിനെ വിഴുങ്ങി.
മണ്ട പോയ തെങ്ങിന്‍ചുവട്ടില്‍ അവര്‍ മൈതീന്‍ഹാജിയെ കഴുത്തില്‍ കെട്ടിയ കയറാല്‍ ബന്ധിച്ചു. ”മ്‌റാാാ… മ്‌റാാാ…”യെന്ന് അമറാന്‍ ജനം അയാളോട് ആവശ്യപ്പെട്ടു.അയാള്‍ അനുസരണയുള്ളവനായി. ആരോ തുറുവില്‍നിന്ന് ഒരുപിടി വൈക്കോല്‍ വലിച്ചിട്ടു. വക്കുചുളുങ്ങിയ ബക്കറ്റില്‍ തുരിശ് കലക്കിയ വെള്ളവും വച്ചുകൊടുത്തു. മൈതീന്‍ഹാജി രണ്ടും സ്വീകരിച്ചു.
ഒരാള്‍ കത്തി കൈയിലെടുത്തു.
ഒറ്റവെട്ട്…
പിന്നെ അവര്‍ നിമിഷനേരംകൊണ്ട് തോലുരിച്ചു. കുറവുതിരിച്ച് ഇറച്ചിക്കടയിലെ കൊളുത്തില്‍ തൂക്കി.
”ഹെന്റുമ്മേ…”
മൈതീന്‍ഹാജി െഞട്ടിയുണര്‍ന്നു. അയാള്‍ അതീവ ഭീതിയോടെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി. തന്റെ പാത്തു… മക്കള്‍… എല്ലാവരും സുരക്ഷിതരായി ഉറങ്ങുന്നത് അയാള്‍ ആശ്വാസത്തോടെ കണ്ടു. കുടില്‍ അതുപോലെയുണ്ട്. താന്‍ കണ്ടതെല്ലാം ഒരു ദു:സ്വപ്‌നംമാത്രമായിരുന്നുവെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് ഏറെനേരം വേണ്ടിവന്നു. ദേഹം മുഴുവന്‍ വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. അയാള്‍ ഒരുവിധം ക്ഷീണിച്ച ശരീരത്തെ ഉയര്‍ത്തി.
നേരം പരപരായെന്ന് വെളുക്കുന്നു. ഇന്നല്പം താമസിച്ചുപോയി. ഇറച്ചി കുറവ് തിരിച്ച് മാറ്റേണ്ട സമയം കഴിഞ്ഞു. ജലാലുദ്ദീന്‍ ഒറ്റയ്ക്ക് എല്ലാം ചെയ്തുകാണുമോ ആവോ?
മൈതീന്‍ഹാജി അതിവേഗം ഇറച്ചിക്കടയിലേക്ക് നടന്നു.
അടച്ച ഇറച്ചിക്കടയുടെ മുമ്പില്‍ പനഞ്ചെറ്റയില്‍ വലിയ അക്ഷരത്തില്‍ ഒരു നോട്ടീസ് പതിച്ചിരിക്കുന്നു…
”ബീഫ് നിരോധിച്ചിരിക്കുന്നു. പകരം നരമാംസം ഭക്ഷിക്കാവുന്നതാണ്”.
ജലാലുദ്ദീന്റെ രക്തക്കറ പിടിച്ച തോര്‍ത്ത് ഒരു വിളംബരത്തിന്റെ കൊടിക്കൂറപോലെ ഇറച്ചിക്കടയുടെ ഇറയത്ത് ചുരുണ്ടുകിടന്നു.
ഇറച്ചിക്കടയിലേക്ക് പ്രവേശിക്കാന്‍ അയാള്‍ക്ക് ധൈര്യമുണ്ടായില്ല.
അപ്പോള്‍ മണ്ട പോയ തെങ്ങിന്‍ചുവട്ടില്‍ നിന്ന് അറവുമാടിന്റെ അമറല്‍ കേട്ടതുപോലെ… പിന്നെ അത് തന്നില്‍നിന്നാണ് ഉയര്‍ന്നതെന്ന് മൈതീന്‍ഹാജി ഒരുള്‍ക്കിടിലത്തോടെ തിരിച്ചറിഞ്ഞു.

Previous Post

7. എഴുത്തിന്റെ കളരി

Next Post

അപരിചിതം

Related Articles

കഥ

ഒച്ച്

കഥ

അപ്രൈസൽ

കഥ

മാവോവാദിയുടെ മകൾ

കഥ

നിശാഗന്ധി

കഥ

മഴയുടെ മണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സണ്ണി തായങ്കരി

കശാപ്പുശാല

സണ്ണി തായങ്കരി 

''മ്‌റാാ... മ്‌റാാ...'' തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിരിക്കുന്ന അറവുമാട് കുറെ നേരമായി അമറാന്‍ തുടങ്ങിയിട്ട്. വെളുപ്പിന്...

Sunny Thayankari

സണ്ണി തായങ്കരി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven