• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മലയാളി / മനുഷ്യൻ/ രഘുനാഥ്

സാജൻ മണി October 7, 2013 0

കാക്കത്തുരുത്ത് എന്ന കൊച്ചുഗ്രാമത്തിൽ എന്നോ നിലച്ചുപോയ നെൽകൃഷി പുനലൂരിൽ നിന്ന് കലാപ്രവർത്തനത്തിനെത്തിയ ഒരാൾ പുനരുജ്ജീവിപ്പിക്കുന്നു. തന്റെ വയലിൽ വിത്തിറക്കി, കാത്തിരുന്ന്, കൊയ്‌തെടുത്ത്, തന്റെ മറ്റൊരു വിയർപ്പായ ശില്പങ്ങൾക്കൊപ്പം ഒരു സദ്യയൊരുക്കി അയാൾ. റാഡിക്കൽ വിപ്ലവ കലാപ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കുശേഷമുണ്ടായ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം മുഴുവൻ സമയ കലാപ്രവർത്തനജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്ന രഘുനാഥന്റെ Six Clowns and an Island’ (2007) പ്രദർശനത്തിനായി തയ്യാറാക്കിയ ശില്പങ്ങൾ ബോംബെയ്ക്കു വണ്ടി കയറുംമുമ്പേ കാക്കത്തുരുത്ത് എന്ന ഗ്രാമത്തിൽ തന്റെ ആദ്യ പ്രദർശനം നടത്തി. ഏറെ ശ്രദ്ധിക്കപ്പെട്ട ഏഴു ശില്പങ്ങൾ പ്രദർശിപ്പിച്ച് കാക്കത്തുരുത്ത് എന്ന ഗ്രാമത്തെ രഘുമാഷ് ഒരു ജനകീയ ഗ്യാലറിയാക്കി മാറ്റിത്തീർക്കുകയായിരുന്നു
അന്ന്.

ഇതൊരു തുടർച്ച മാത്രമാ ണ് രഘുമാഷിന്. ഇന്ത്യൻ കലാചരിത്രത്തിന്റെ ഗതി മാറ്റിയ റാഡിക്കൽ പ്രസ്ഥാനം ആരംഭിക്കുന്നതിനുംമുമ്പ്, ബറോഡയിലെ എം.എഫ്.എ. വിദ്യാഭ്യാസത്തിനും മുമ്പ്, ഇടുക്കിയിലെ കുടിയേറ്റ ഗ്രാമങ്ങളിൽ കർഷകരുടെ പോർട്രെയ്റ്റ് വരച്ചും, ശില്പം നിർമിച്ചും, മീൻ പിടിച്ചും നടന്ന അതേ ശില്പി! പിന്നെ റാഡിക്കൽ പ്രസ്ഥാനത്തിന്റെ മുൻനിരപ്രവർത്തകരിലൊരാളായി കേരളത്തിൽ പലയിടങ്ങളിലും കലയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ കോഴിക്കോടും തൃശൂരും കേരളമാകെയുള്ള വിവിധ ഗ്രാമങ്ങളിലും കലായാത്രകൾ നടത്തിയ അതേ ശില്പി.

സമകാലിക കലയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്ന കലാപ്രവർത്തനം സ്വന്തം ജീവിതംതന്നെയാണ് രഘുമാഷിന്.ചായം തേച്ച മുഖങ്ങൾ, ഒളിപ്പിച്ച കഥകൾ/ശബ്ദങ്ങൾ…പ്രതിഷേധം

‘കഴിഞ്ഞ 35 വർഷങ്ങളായി കേരള ശില്പകലാരംഗത്ത് സ്വന്തം സർഗഭാവന സൃഷ്ടിക്കുകയും അർത്ഥപൂർണമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന രഘുനാഥന്റെ കലാസൃഷ്ടികളെ മാറ്റി നിർത്തിക്കൊണ്ട് ആധുനിക കേരളീയ കലാചരിത്രം പൂർണമാവുകയില്ല’ – ദാമോദരൻ നമ്പിടി (‘മലയാളിയുടെ കാഴ്ചകൾ’
എന്ന പുസ്തകത്തിൽ).

നാടോടി കഥകളും ഫലിതവും പച്ച (പന്ന) മലയാളിയെയും വേഷങ്ങൾ അഴിച്ചുവച്ച പച്ചമനുഷ്യനെയും ശില്പകലയിലേക്ക് വിവർത്തനം ചെയ്താൽ രഘുമാഷിന്റെ കലാപ്രവർത്തനത്തിലേക്ക് എത്തിച്ചേരാം.

കലയുടെ വരേണ്യ/ വാണിജ്യവത്കരണങ്ങൾക്കെതിരെ ചെറുത്തുനില്പ് ഉയർത്തിയ റാഡിക്കൽ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രധാനിയും സജീവ പ്രവർത്തകനുമായിരുന്ന രഘുനാഥിന്റെ കലയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. സാമൂഹികരാഷ്ട്രീയമാനങ്ങളുണ്ട്. അത് ലോകമെങ്ങുമുള്ള മനുഷ്യന്റെ ജീവിതത്തിന്റെയും വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും രാഷ്ട്രീയമാനമാണ്. പച്ചമനുഷ്യന്റെ രാഷ്ട്രീയമാനം! ‘പച്ച ചായം’ തേച്ച നമ്മുടെ മലയാളി മുഖങ്ങളുണ്ടവയ്ക്ക്. ഛർദിച്ചും വഴിയിൽ തുപ്പിയും പാര വച്ചും പുസ്തകം വായിച്ചും തെറി പറഞ്ഞും മരം കേറി നടക്കുകയും വായിച്ചതൊക്കെ ഛർദിക്കുകയും കലയെ പരിഹസിക്കുകയും ചെയ്യുന്ന നമ്മളുണ്ട്. മലയാളിയുണ്ട്. അവന്റെ
വൈരുദ്ധ്യങ്ങളുണ്ട്.

‘ഈ മനുഷ്യൻ (തന്റെ ശില്പം) എങ്ങനെ നിന്നാലും ഒരു കഥ പറയും’. ശില്പം കൈകൾ എവിടെ വയ്ക്കുന്നു, എന്തിൽ നിൽക്കുന്നു എന്നതിലൊക്കെ ആഖ്യാന ഉപാഖ്യാന സാദ്ധ്യതകൾ ഉണ്ട്. കഥകൾ ഉണ്ട്. ‘ഞാൻ ശില്പത്തിനെ സ്വതന്ത്രമാക്കുകയാണ്. അയാളെ
ഞാൻ പരിമിതപ്പെടുത്തുന്നില്ല” രഘുമാഷ് കൂട്ടിച്ചേർക്കുന്നു. ശില്പപരിസരത്തിൽ എത്തുന്ന കാഴ്ചക്കാരൻ അതിനെ ചുറ്റും നടന്ന് സൂക്ഷ്മമായി പരിശോധിക്കും. വായിക്കും. ശില്പവും കാഴ്ചക്കാരനും ചേർന്ന് നിർമിക്കുന്നവയാണ് രഘുമാഷിന്റെ കല. ശബ്ദം
ശില്പങ്ങളിൽ ഒളിപ്പിച്ച അപൂർവങ്ങളിൽ അപൂർവമായ ഒരു ശില്പിയാണ് രഘുനാഥ്.

2005-ലെ ‘പെർഫോമറി’ൽ കാലുകൾക്കിടയിൽ ഒതുക്കി അമർത്തുന്ന ബലൂണിന്റെ പൊട്ടാനിരിക്കുന്ന ശബ്ദമാണെങ്കിൽ, 2012-ലെ കൊച്ചി മുസിരിസ് ബിനാലെയിൽ അവതരിപ്പിച്ച ‘കസർവേറ്ററി’യെ ഇൻസ്റ്റലേഷനിലെ ഒരു മൃഗത്തിന്റെ പുറത്തിരുന്ന് തിരിച്ച് കുഴലൂതുന്നയാളുടെ വായ്ക്കുള്ളിൽ കുടുങ്ങുന്ന പീപ്പിശബ്ദവും നാം കേൾക്കുന്നു. 2006-ലെ ‘Confession’ ലാകട്ടെ കുനിഞ്ഞിരുന്ന് ഛർദിക്കുന്ന നീല ബിരിയാണി ചെമ്പിനുപുറത്ത്, പുസ്തകവും മടിയിൽ വച്ചിരിക്കുന്ന ആളുടെ തലയിലിരിക്കുന്ന പ്രഷർകുക്കറിൽനിന്ന് അടുത്തനിമിഷം ഉയരാൻ കാത്തിരിക്കുന്ന വിസിൽ ശബ്ദവും നാം കേൾക്കുന്നു. അഥവാ ശബ്ദത്തിന്റെ ഒരു സാദ്ധ്യത കൂടി തന്റെ ശില്പപരിസരത്തിൽ കഥകൾക്കൊപ്പം രഘുനാഥ് ഒളിച്ചുവയ്ക്കുന്നു. കഥ പറയുന്ന ശില്പങ്ങൾ എന്നല്ല രാഷ്ട്രീയവും സാമൂഹികവുമായ മലയാളി സ്വത്വാവസ്ഥകളെ കറുത്ത ഫലിതത്തോടെ ചായം തേച്ച മുഖത്തോടെ നോക്കിക്കാണുന്ന ഫലിതവും കഥകളും ഉപകഥകളും ഉള്ളിലൊതുക്കാതെ പറഞ്ഞുനിൽക്കുന്ന സമകാലിക ശില്പപരിസരങ്ങളാണ് രഘുനാഥൻ സൃഷ്ടിക്കുന്നത്.

രഘുനാഥന്റെ ഫലിതം നിറച്ച ശില്പകലാപ്രവർത്തനങ്ങളെ കുഞ്ചൻനമ്പ്യാരോടും, കേരളത്തിന്റെ ദീർഘമായ ഹാസ്യപാരമ്പര്യത്തോടും പല കലാനിരൂപകരും ബന്ധപ്പെടുത്താറുണ്ട്. ‘നമ്പ്യാരുടെ ഫലിതോക്തി ലളിതവും പ്രത്യക്ഷവുമാണെങ്കിൽ രഘുനാഥന്റെ ചായം തേച്ച മുഖങ്ങൾ പറയാതെ പറയുന്ന ഒട്ടനവധി സങ്കീർണമായ ഫലിതോക്തിയിലേക്ക് കാണികളെ നയിക്കുന്നു’ എന്ന് ദാമോദരൻ നമ്പിടി നിരീക്ഷിക്കുമ്പോൾ, ചായം തേച്ച മുഖങ്ങളെ തെയ്യവും പുലിക്കളിയും കൂടിയാട്ടവും കഥകളിയും അടങ്ങുന്ന കേരളത്തിന്റെ സമൃദ്ധമായ പെർഫോമൻസ് ആർട് പാരമ്പര്യ
ത്തോടെയാണ് രേണു രാമനാഥ് 4 കൂട്ടിയായിക്കുന്നത്. എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ, കാപട്യം നിറഞ്ഞുതുളുമ്പിയ നമ്മുടെയൊക്കെ ചായം തേച്ച മുഖങ്ങളാണ് രഘുനാഥന്റെ ശില്പമനുഷ്യരും. Loaded’ൽ (2006) പച്ചനിറമുള്ള മുഖവും ഇരുമുടിക്കെട്ടും
സഞ്ചികളും (എന്തൊക്കെയോ പാത്രങ്ങൾ നിറച്ചതുപോലെ തോന്നിക്കുന്നവ) കക്ഷത്തിൽ ഇറുക്കിയ പുസ്തകങ്ങളും കാലിൽ കുരുങ്ങിയ പ്ലാസ്റ്റിക് കുപ്പികയും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ബാഗുമൊക്കെയായി നിൽക്കുന്നയാൾ ആരാണ്? വൈരുദ്ധ്യങ്ങളുടെ പച്ചമനുഷ്യനല്ലാതെ വേറെ ആര്? ഇവിടെ സ്വന്തം ലിംഗംതന്നെ
അയാളെ തിരിഞ്ഞുകടിക്കുന്നുമുണ്ട്. മലയാളിയുടെ അടിച്ചമർത്തപ്പെട്ട ലൈംഗികതയാവാം തിരിഞ്ഞുകടിക്കുന്ന ലിംഗം പ്രതിനിധാനം ചെയ്യുന്നത്. നിറങ്ങൾ ഉപഭോഗതൃഷ്ണയെയും സൂചിപ്പിക്കുന്നു.

കഥകൾപോലെതന്നെ കരവിരുതിന്റെയും ആശാനായ രഘുനാഥന്റെ കരവിരുതിന്റെ ഉത്തമ ഉദാഹരണമാണ് ‘Mother and Child’ (2006) എന്ന ശില്പം. ഫൈബർഗ്ലാസിൽ തീർത്ത ഈ ശില്പംഅക്രിലിക് പെയിന്റിനാൽ നിറം പകർന്നിരിക്കുന്നു. ഒരു നൃത്തരൂപത്തിൽ നിൽക്കുന്ന അമ്മയുടെ വസ്ര്തത്തിനുള്ളിൽ ഒളിച്ച കുട്ടിയെ കൗശലപൂർവം ശില്പി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അമ്മയാകട്ടെ ഒരു കൈക്കു മുകളിൽ നീലനിറമുള്ള മണ്ണെണ്ണ കന്നാസും തലയിൽ കറിക്കരിയുമ്പോൾ വിരലിൽ ധരിക്കുന്ന പച്ചയുറയും അണിഞ്ഞിരിക്കുന്നു. ഇവിടെ അമ്മയും കുഞ്ഞും ഉല്പാദിപ്പിക്കുന്ന കഥകൾ കാഴ്ചക്കാരൻതന്നെയാണ് കണ്ടെത്തേണ്ടത്.
‘A Fine Balance’ (2006) എന്ന ശില്പം അർദ്ധനാരീശ്വര സങ്കല്പത്തെ കീഴ്‌മേൽ നിർത്തുന്നു. തലയിൽ കമഴ്ത്തിയ ചട്ടിയിൽ നിന്ന് ഒലിക്കുന്ന ശുക്ലത്തെയോ മറ്റോ ഓർമിപ്പിക്കുന്ന ദ്രാവകം, തലമുടി വലിച്ചു പറിക്കുന്ന ഒരു കൈ, മറുകയ്യിലാകട്ടെ ആപ്പിളും (പാപത്തെ സൂചിപ്പിക്കുന്ന പഴം). ഒരു വശത്ത് മാറിടവും മറുവശത്ത് ആ നെഞ്ചും! ഇവിടെ അർദ്ധനാരീശ്വരൻ ചവിട്ടിനിൽക്കുന്നത് ഒരു വിശേഷാൽപ്രതിയുടെ മുകളിലും കൂടിയാകുമ്പോൾ മലയാളിസമൂഹത്തിന്റെ ഏതൊക്കെയോ തിളങ്ങുന്ന താളുകളിൽക്കൂടി ഈ ശില്പം ചവിട്ടിനിന്ന് സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മൂർത്തമായ (figurative) ശില്പങ്ങൾ അതിന്റെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ നിറങ്ങളുടെ ഉപയോഗവും പരസ്പരബന്ധമില്ലാത്ത ചലനങ്ങളും ചവിട്ടിനിൽക്കുകയോ, നിൽക്കാനായി ആശ്രയിക്കുകയോ ചെയ്യുന്ന വിവിധ രൂപങ്ങൾ, മൃഗങ്ങൾ, ബാലൻസിനെതന്നെ ചോദ്യം ചെയ്യുന്ന പോസുകൾ എന്നിവകൊണ്ട് ഒരുതരം ദൃശ്യ-മായികത സൃഷ്ടിക്കുന്നു. ദൃശ്യസാദ്ധ്യതകളുടെ എല്ലാ വഴികളും ശില്പി ഇവിടെ തേടുന്നു.

സമൂഹദൃശ്യസ്മരണകളുടെ (collective visual memories) വലിയ ശേഖരത്തെ പ്രതീക്ഷിക്കാത്ത ഒരു കോണിൽനിന്ന് വീക്ഷിക്കാനുള്ള അവസരങ്ങളാണ് രഘുമാഷ് സൃഷ്ടിക്കുന്ന ശില്പപരിസരങ്ങൾ. ‘Six Clowns and an Island’ എന്ന സീരിസിലെ ദ്വീപ് (island, 2007) എന്ന ശില്പം കേരളംതന്നെയാണ്. ഒരു തുരുത്തായ (സങ്കല്പങ്ങൾക്കും സ്വപ്നങ്ങൾക്കുമിടയിൽ ഇതുവരെ സാദ്ധ്യമാകാത്ത കൺസ്യൂമറിസ്റ്റിക്-കമ്മ്യൂണിസ്റ്റ് ഉട്ടോപ്യൻ ദ്വീപ്) ഇതേ സീരിസിലെ ആനയുടെ ശില്പം പുലിയുടെ നിറവുമായാണ് ഭരണിക്കും ബലൂണിനും പുസ്തകങ്ങൾക്കും മുകളിൽ ബാലൻസ് തേടുന്നത്. പ്രത്യക്ഷത്തിൽ ഫലിതം എന്നു തോന്നിയേക്കാവുന്ന ഈ ശില്പപരിസരങ്ങൾ ചോദ്യം ചെയ്യുന്നത് ബാലൻസ്, നിറം, യുക്തി എന്നിവയുടെ ചില നേരങ്ങളിലെ അയുക്തിയെ ആയി മാറുന്നു.

1958-ൽ ആർ. കൃഷ്ണപിള്ളയുടെയും ഭഗവതിയമ്മയുടെയും മകനായി പുനലൂരിൽ ജനനം. രഘുനാഥന്റെ കുടുംബാംഗങ്ങളിൽ പലരും പുനലൂർ പേപ്പർ മിൽ തൊഴിലാളികളായിരുന്നു. സ്‌കൂളിൽ സയൻസ് പ്രൊജക്ടുകൾക്ക് മോഡലുകൾ നിർമിച്ചും വരച്ചും ചിത്രരചനാമത്സരവിജയിയായതും വലിയ മിഠായിഭരണികളും
സർട്ടിഫിക്കറ്റും കിട്ടിയതും രഘുനാഥ് ഓർമിക്കുന്നു. തുണിപ്പാവകൾ പെങ്ങളുടെ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുത്തും ‘നോട്ടപ്പുള്ളി’ യായ രഘുനാഥനെ ഫരീദാബാദിൽ ‘toy’ മേക്കിങ് പഠിക്കാനയച്ചാലോ എന്ന ആലോചനയ്ക്കിടയിലാണ്, തിരുവനന്തപുരത്തെ ‘School of Arts and Crafts’ (പിന്നീട് തിരുവനന്തപുരം ഫൈൻ
ആർട്‌സ് കോളേജ്) നെക്കുറിച്ച് അറിയുന്നത്. ഒറ്റമുണ്ടുടുത്ത്, അച്ഛന്റെ കൈ പിടിച്ച് ആ കലാവിദ്യാലയത്തിലെത്തിയതോടെ രഘുനാഥന്റെ, ആ കലാവിദ്യാലയത്തിന്റെ
ഒക്കെ ഒരു പുതിയ ചരിത്രം അവിടെ തുടങ്ങുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങളോ ഫൈൻ ആർട്‌സ് കോളേജ് പദവിയോ ഇല്ലാതെ ശ്വാസം മുട്ടിയ ആ കലാവിദ്യാലയത്തിൽ ഒരു സമരകാഹളം ഉയർന്നു! തിരുവനന്തപുരം നഗരത്തെ പിടിച്ചുലച്ച പോസ്റ്ററുകൾ! ഒരു ‘പൊതു ഇടകല പരീക്ഷണവേദി’ (public art experiments) ആയി തിരുവനന്തപുരം നഗരത്തെ കലാവിദ്യാർത്ഥികൾ മാറ്റിത്തീർത്തപ്പോൾ രഘുനാഥന്റെ പോസ്റ്ററുകൾ അതിന്റെ കലാമേന്മകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ആളിക്കത്തിയ പ്രതിഷേധങ്ങൾക്കൊടുവിൽ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് എന്ന, ഇന്ന് കേരളത്തിലെ ഏറ്റവും പ്രാധാന്യമേറിയ കലാവിദ്യാലയം രൂപംകൊണ്ടു. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽനിന്ന് പഠിച്ചിറങ്ങിയതും ഇറങ്ങാനിരിക്കുന്നവരും അദ്ധ്യാപകരുമെല്ലാമടങ്ങുന്ന കലാലോകം രഘുമാഷിനോടും കൃഷ്ണകുമാറും റിംസണും അലക്‌സ് മാത്യുവും ജ്യോതിബസുവും ഒക്കെ അടങ്ങുന്ന ആദ്യകാല വിദ്യാർത്ഥികളോടും കടപ്പെട്ടിരിക്കുന്നു. സന്താനരാജ് എന്ന മികച്ച അദ്ധ്യാപകനും ഫൈൻ ആർട്‌സ് കോളേജിന്റെ സ്വത്വരൂപീകരണത്തെ ഏറെ സഹായിച്ചതായി രഘുനാഥ് ഓർമിക്കുന്നു.

1982-ൽ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കി പുനലൂരിൽ തിരിച്ചെത്തിയ രഘുനാഥ്, ഇതിനിടയിൽ പേപ്പർ മിൽ സമരവുമായി ബന്ധപ്പെട്ട് പത്തുദിവസം ജയിലിൽ എത്തപ്പെട്ടു. ഇത് രഘുനാഥും അച്ഛനും തമ്മിലുള്ള ചെറിയ സൗന്ദര്യപ്പിണക്കത്തിലേക്കും അത് ഒരു രഘുനാഥന്റെ ഒരു വർഷം നീണ്ട ഇടുക്കി ജീവിതത്തിലേക്കും വഴിതുറന്നു. ഇടുക്കിയിലെ കുടിയേറ്റഗ്രാമങ്ങളിൽ 1984-ൽ ഒരു ശില്പി ആളുകളുടെ ഛായാചിത്രവും ശില്പവും വീടുകളിൽ പോയി താമസിച്ച് ചെയ്തുവന്നു. ചിലർ ചായക്കടയിൽ അടക്കം പറഞ്ഞു ‘അയാൾ ഒരു സിഐഡി ആണ്. കള്ളതടിവെട്ടുകാരുടെയും കഞ്ചാവു കൃഷിക്കാരുടെയും ഛായാചിത്രങ്ങൾ അയാൾ ഇടവേളകളിൽ വരയ്ക്കുന്നുണ്ട്!’

ചില പള്ളികളിൽ അൾത്താര ചിത്രങ്ങളും ശില്പങ്ങളും ചെയ്തു. അതിലൊന്നാണ് മങ്കുവ പള്ളിയിൽ തേക്കിൻപലകയിൽ ഓയിൽ കളറിൽ തീർത്ത ഉയർത്തെഴുന്നേല്പു ചിത്രം. 1985ഓടെ അച്ഛനുമായുള്ള പിണക്കം അവസാനിപ്പിച്ച് തിരിച്ച് നാട്ടിലെത്തിയ രഘു
യാദൃച്ഛികമായി ‘ഫിഷർമാൻ ആർട് ക്യാമ്പി’ൽ എത്തിച്ചേരുന്നു. ഇത് പിന്നീട് ബറോഡയിലേക്ക് എംഎഫ്എ പഠനത്തിനായുള്ള യാത്രയുടെ തുടക്കമായി മാറുന്നു.

ഇതിനിടയിൽ ചേർത്തലക്കാരി ഗിരിജയുമായി വിവാഹം. ബറോഡയിൽ വച്ച് ചരിത്രപ്രസിദ്ധമായ റാഡിക്കൽ ഗ്രൂപ്പിന്റെ പിറവി. കേരളത്തിൽ നിന്ന് കലാപ്രവർത്തനം ചെയ്യുക എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റാഡിക്കലുകൾ കോഴിക്കോട് തങ്ങി കലാപ്രവർത്തനം ആരംഭിക്കുന്നു. പിന്നീട് 1989-ലെ ചരിത്രപ്രസിദ്ധമായ കോഴിക്കോട് സംഘടിപ്പിച്ച ‘റാഡിക്കൽ ഗ്രൂപ്പ് ഷോ’ കലാപ്രദർശനം. ജനം കലാപ്രദർശന നഗരിയിലേക്ക് ഒഴുകി. പത്രങ്ങൾ എല്ലാ ദിനവും എഴുതി. പിന്നെ കേരളത്തിലെ വിവിധ ഗ്രാമങ്ങളിൽ നടത്തിയ സ്ലൈഡ് പ്രദർശനങ്ങൾ, കലാ അവബോധന യാത്രകൾ. ഒടുവിൽ നിനച്ചിരിക്കാതെ നടന്ന കൃഷ്ണകുമാറിന്റെ ആത്മഹത്യ! പ്രസ്ഥാനം ശിഥിലമായി. രഘുനാഥ് മൗനത്തിലേക്കും കുടുംബജീവിതത്തിലേക്കും മടങ്ങി. മൗനത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും നീണ്ട വർഷങ്ങൾ….

‘കേരളത്തിനകത്തു നിന്ന് കലാപ്രവർത്തനം നടത്തേണ്ടിവന്ന ഒരു കലാകാരൻ തന്റെ ജീവിതത്തിലും കലയിലും നടത്തിയ പോരാട്ടത്തിന്റെയും സഹനങ്ങളുടെയും അതിജീവനത്തിന്റെയും കഥ മാത്രമല്ല രഘുനാഥന്റേത്. അത് ‘post radical’ സമയത്ത്
പലതരത്തിലുള്ള കൗശലങ്ങളും പ്രയോഗിച്ച് നിലനിൽക്കാൻ ശ്രമിച്ച പല കലാകാരന്മാരുടെയും മുമ്പിൽ ഇതിലൊന്നും പെടാതെ സ്വന്തം കലാജീവിതസമരം ആത്മാർത്ഥതയോടെ മുന്നോട്ടുകൊണ്ടുപോയ ഏറെ ബഹുമാനിക്കപ്പെടേണ്ട കലാകാരന്റെ കലയോടും ജീവിതത്തോടുമുള്ള ആത്മാർത്ഥതയുടേതുകൂടിയാണ്.
കലാകാരനെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു സമൂഹത്തോടുള്ള ആർജവമുള്ള പ്രതികരണം കൂടിയാണ് രഘുനാഥന്റെ ബിനാലെയിലെ ഇൻസ്റ്റലേഷൻ” എന്നുകൂടി കൂട്ടിേച്ചർക്കുന്നു, കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യുറേറ്റർമാരിലൊരാളായ
റിയാസ് കോമു. ”Narrative wit ഉപയോഗിച്ച് ഈ രീതിയിൽ ശില്പങ്ങൾ നിർമിക്കുന്നവർ വളരെ കുറവാണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ, ബഹുമാനിക്കപ്പെടേണ്ട സമകാലിക ഇന്ത്യൻ ശില്പിയാണ് രഘുനാഥ്”.

“ശില്പനിർമാണത്തിനുശേഷം, നിറങ്ങൾകൊണ്ട് അമൂർത്തമായ ചില ടെക്‌സ്ചറുകൾ സൃഷ്ടിക്കുന്ന പ്രക്രിയ (process) യെ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഹാസ്യത്തെ ഉപയോഗിക്കുന്നതിൽ ഇത്രയധികം സ്വാതന്ത്ര്യം എടുക്കുന്ന ശില്പികൾ വളരെ
കുറവാണ്. പരിഹാസവും ഫലിതവും ഉപയോഗിക്കുന്ന രീതി പരിഗണിക്കുമ്പോൾ പ്രശസ്ത അമേരിക്കൻ സമകാലിക കലാകാരൻ പോൾ മക്കാത്തി [6] (Paul McCarthy) യെയാണ് രഘുനാഥന് സമാനമായി ഞാൻ കാണുന്നത്” – ലോകം ചുറ്റിക്കറങ്ങി, കലാപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും, ക്യുറേറ്റ് ചെയ്യുകയും ചെയ്യുന്ന ബോസിന്റെ വാക്കുകൾ രഘുനാഥൻ എന്ന ശില്പിയെ നാം കൂടുതൽ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.

അനാവശ്യ വിവാദങ്ങളുടെ വെളിച്ചത്തിൽ കുറെ സ്‌പോൺസർമാർ പിന്മാറിയിരുന്നില്ലെങ്കിൽ കൊച്ചിക്കും കേരളത്തിനും അഭിമാനിക്കാനുതകുന്ന ഒരു വലിയ ശില്പം, പൊതുയിടത്തിൽ (public sculpture) രഘുനാഥ് നിർമിച്ചേനേ എന്നുകൂടി
കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യുറേറ്ററായ, രഘുനാഥൻ ശില്പങ്ങളെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന, ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേർക്കുന്നു.

റിലീഫ്

ഫൈബർ ഗ്ലാസും മരവും ഓട്ടോമേറ്റീവ് പെയിന്റും (കാറുകൾക്കും മറ്റും പെയിന്റ് ചെയ്യാൻ ഉപയോഗിക്കുന്നവ) ഉപയോഗിച്ച് നിർമിക്കുന്ന റിലീഫുകൾ ശില്പങ്ങൾക്കൊപ്പം അവതരിപ്പിക്കാറുണ്ട് രഘുനാഥ്. തന്റെ വ്യത്യസ്തവും മനോഹരവുമായ ടെക്‌സ്ചറുകളും നിറങ്ങളും രൂപങ്ങളും കൊണ്ട് റിലീഫുകളുടെ ഒരു പുതിയ ലാവണ്യശാസ്ര്തമാണ് രഘുനാഥൻ റിലീഫുകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇവിടെയും കഥകളും ഉപകഥകളും ഫലിതവുമൊക്കെ നിറയ്ക്കുന്നുണ്ട് ശില്പി.

അകത്തുനിന്ന് (അകത്ത്’ നിൽക്കണം ആളാകാൻ എന്നാണല്ലോ മലയാളിയുടെ ഹിപ്പോക്രാറ്റിക് വാദം) ഇത്രകാലം ശില്പകലാപ്രവർത്തനങ്ങൾ നടത്തിവരുന്ന രഘുമാഷിന്റെ സൃഷ്ടികളും ഇത്തരം ഹിപ്പോക്രാറ്റിക്, സ്യുഡോ മനോഭാവങ്ങൾക്കെതിരെയും, നമ്മുടെ സമകാലിക മലയാളിസമൂഹത്തിനു നേരെയും ഉള്ള അടക്കിപ്പിടിച്ച ചിരികൾ ഒളിപ്പിച്ച ശില്പങ്ങളാകുന്നത് യാദൃച്ഛികമല്ല. തന്റെ ജീവിതംതന്നെ ഒരു വലിയ കലാപ്രവർത്തനമായി കരുതുന്ന രഘുനാഥ് എന്ന ശില്പിക്ക് കല ജനങ്ങളുമായി അടുത്തുനിൽക്കേണ്ടതാണെന്ന പൂർണബോദ്ധ്യമുണ്ട്. റാഡിക്കൽ പ്രസ്ഥാനത്തിന്റെ കണ്ണികളിലൊരാൾ അങ്ങനെ അക്കാദമികളിലും ഗ്യാലറികളിലും
ഇരുന്നുറങ്ങുന്ന കലയെ ജനങ്ങളിലേക്ക്, അവരുടെ ജീവിതപരിസരങ്ങളിലേക്ക് (അവരിൽനിന്നുതന്നെ) പറിച്ചുനടുന്നതിന്റെ ചരിത്രമാണ് രഘുനാഥ്എന്ന കലാകാരന്റെ കലാപ്രവർത്തന വർത്തമാനം.

അച്ഛൻ ആർ. കൃഷ്ണപിള്ളയ്ക്കും ഭാര്യ ഗിരിജയ്ക്കും മകൾ ഭാഗ്യലക്ഷ്മിക്കും മകൻ യദുകൃഷ്ണയ്ക്കും ഒപ്പം പുനലൂരിൽ സ്ഥിരതാമസം. എറണാകുളത്തിനടുത്ത് കാക്കത്തുരുത്ത് എന്ന കായൽനിലപ്രദേശത്ത് ശില്പ, ചിത്രകലാ പ്രവർത്തനങ്ങൾക്കൊപ്പം മീൻപിടിത്തവും നെൽകൃഷിയും കണ്ടൽക്കാട് വച്ചുപിടിപ്പിക്കലുമായിമാസത്തിന്റെ മുക്കാൽ പങ്കും ഈ ഗ്രാമത്തിന്റെ ഹൃദയത്തിലുണ്ട് നാട്ടുകാരുടെ രഘുമാഷ്.

E-mail: reghunadhank@gmail.com
Mob.: 9447076242

അനുബന്ധം
(1) നീണ്ട നിശ്ശബ്ദതയ്ക്കുശേഷം രഘുനാഥ് ആദ്യം പങ്കെടുത്ത എക്‌സിബിഷൻ ‘Double Enders’ ആണെങ്കിലും രഘുനാഥന്റെ ജീവിതത്തിലെ വഴിത്തിരിവായത് കാശി ആർട് ഗ്യാലറിയിൽ സംഘടിപ്പിച്ച Anecdotes (2006) എന്ന സോളോ എക്‌സിബിഷനാണ്. ഇന്ത്യയിൽ അങ്ങോളമുള്ള 69 കലാകാരന്മാരുടെ സഞ്ചരിക്കുന്ന സമകാലിക കലാപ്രദർശനമായിരുന്നു Double Enders (2005). ബോസ് കൃഷ്ണമാചാരി ക്യുറേറ്റ് ചെയ്ത ഈ ഷോ ജഹാംഗീർ ആർട് ഗ്യാലറി (ബോംബെ), വധേര ആർട് ഗ്യാലറി (ന്യൂഡൽഹി), ഗ്യാലറി സുമുഖ (ബാംഗ്ലൂർ), ദർബാർ ഹാൾ (കൊച്ചി) എന്നിവിടങ്ങളിൽ പ്രദർശനം നടത്തി. അനൂപ് സ്‌കറിയയും ഭാര്യ ദോറിയും സ്ഥാപിച്ചതാണ് പ്രശസ്തമായ
കാശി ആർട് ഗ്യാലറി (കൊച്ചി). കൊച്ചിയെ ഇന്ത്യൻ കലാഭൂപടത്തിലെ ഒരു ശ്രദ്ധാകേന്ദ്രമായി മാറ്റുന്നതിലും, മലയാളികലാകാരന്മാർക്ക് അവസരങ്ങൾ ലഭ്യമാക്കുന്നതിലും അനൂപിന്റെയും ദോറിയുടെയും കാശി ആർട് ഗ്യാലറിയുടെയും സംഭാവന വളരെവലുതാണ്.

(2) 1991-1992 കാലയളവിൽ പ്രശസ്തമായ മാധവൻ നായർ ഫൗണ്ടേഷൻ ഫോർ ആർട്ടിൽ, ശില്പവിഭാഗം തലവനായി അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടുമ്പോഴാണ് രഘുനാഥൻ, കെ. രഘുമാഷായി മാറുന്നത്. പിന്നെ കേരളമങ്ങോളമിങ്ങോളമുള്ള ചിത്രകലാവിദ്യാർത്ഥികളും നാട്ടുകാരും സ്‌നേഹത്തോടെ ‘രഘുമാഷ്’ എന്ന വിളി തുടർന്നു.

(3) ‘മലയാളിയുടെ കാഴ്ചകൾ’, ദാമോദരൻ നമ്പിടി, കേരള ലളിതകലാ അക്കാദമി (2011).

(4) Neither the telling nor the tale – Renu Ramanath, Bombay Art Gallery സംഘടിപ്പിച്ച Six Clowns and an Island’ എന്ന ഷോയുടെ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽനിന്ന്.

(5) ഭാര്യ ഗിരിജ രഘുമാഷിന്റെ കലാപ്രവർത്തനങ്ങളെ എന്നും പിന്തുണച്ചിരുന്നു. എല്ലാ പോരാട്ടങ്ങളിലും ജീവിതത്തിലും രഘുനാഥൻ എന്ന കലാകാരന്റെ കൂടെ നിന്ന ഗിരിജയെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.

(6) ഉപഭോഗതയുടെ ആഘോഷവേദിയായി അമേരിക്കൻ സമൂഹത്തിന്റെ നിശിത വിമർശകനാണ് ലോകപ്രശസ്ത കലാകാരൻ പോൾ മക്കാത്തി. മക്കാത്തിയുടെ കല ആക്ഷേപഹാസ്യം കൊണ്ടും ശില്പനിർമാണത്തിനുപയോഗിക്കുന്ന മാധ്യമങ്ങൾ കൊണ്ടും പ്രത്യേകതകൾ നിറഞ്ഞവയാണ്. ഡിസ്‌നി ലാൻഡ്, ബി മുവീസ്, സോപ്പ് ഓപ്പറകൾ, കോമിക്കുകൾ തുടങ്ങിയവയുടെ ലാവണ്യശാസ്ര്തത്തെ സ്വീകരിക്കുമ്പോൾതന്നെ യൂറോപ്യൻ അവാന്ത് ഗാർഡ് പ്രസ്ഥാനങ്ങൾ ആണ് മക്കാത്തിയുടെ ഊർജം. പെർഫോമൻസും ഇൻസ്റ്റലേഷനുകളും വീഡിയോകലയും
ചെയ്യുന്ന മക്കാത്തി ആഹാരസാധനങ്ങൾ തന്റെ കലയിൽ ഉപയോഗിക്കാറുണ്ട്.
കെച്ചപ്പും മയണീസും സ്വന്തം ദേഹത്തു പുരട്ടിയും സോസിൽ കിടന്നുരുണ്ടും പെർഫോമൻസ് വീഡിയോകൾ ചെയ്തിട്ടുള്ള അദ്ദേഹം മലം വരെ തന്റെ കലയിൽ ഉപയോഗിച്ചിട്ടുണ്ട്. മുഖത്തുനിന്ന് രക്തം വാർന്നൊഴുകുന്ന കോമാളി മൂക്കുള്ള
തടിച്ച വൃദ്ധനായ സാന്താക്ലോസിനെ തൊണ്ണൂറുകളിലെ പെർഫോമൻസ് വീഡിയോകളിൽ അവതരിപ്പിച്ച മക്കാത്തി എല്ലാം ആഘോഷിക്കുന്ന ഒരു ജനതയുടെ ഹിപ്പോക്രസിയെയാണ് ഉപഭോഗതയുടെ മാധ്യമങ്ങളെതന്നെ ഉപയോഗിച്ച് നിരന്തരം കളിയാക്കിക്കൊണ്ടിരിക്കുന്നത്. http://www.hauserwirth.com/artists/20/paul-mccarthy

Related tags : Artistraghunathansajan mani

Previous Post

ഇടവഴിപ്പശു

Next Post

മസ്‌റൂർ ക്ഷേത്രവും കാംഗ്ഡാ കോട്ടയും

Related Articles

Artistകവർ സ്റ്റോറി3

ലതാദേവിയുടെ ക്യാൻവാസിൽ പടരുന്ന നിറചിന്തകൾ

Artist

വാണി.എൻ.എം: രണ്ടു നദികളുടെ കരയിൽ ഒരു ചിത്രകാരി

Artist

അഴിയുംതോറും കുരുങ്ങുന്ന സ്ത്രീ ജീവിതങ്ങൾ

Artist

ശോശാജോസഫ്: നക്ഷത്രങ്ങൾക്കും മട്ടാഞ്ചേരിയിലെ ആടുകൾക്കും നരച്ച നിറങ്ങൾക്കും ഇടയിൽ…

Artist

ഇ.എൻ. ശാന്തി: അനുഭവങ്ങളുടെ ചായം പുരണ്ട ചിത്രങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സാജൻ മണി

മൈക്രോസ്കോപിക് കാഴ്ച/പടങ്ങൾ ലിയോണിന്റെ...

സാജൻ മണി  

ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കു പോയി'' എന്ന് കല്ലിലെഴുതിയതും കണ്ട് മുമ്പോട്ടും പുറകോട്ടും വശങ്ങളി ലേക്കും...

പ്രകാശം പരത്തുന്ന ഇടവഴികള്‍

സാജൻ മണി 

കേരളത്തില്‍ നിന്നു കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി സാഹിതീയഭാവുകത്വം മാത്രം കൈമുതലായുള്ള ഈ ദേശത്തുതന്നെ കലാപ്രവര്‍ത്തനം തുടരുക...

Sajan Mani

സാജൻ മണി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven