• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വാചകലോകം

വി. ദിലീപ് January 7, 2012 0

മാന്യരേ……
ഞാൻ നിങ്ങളേക്കാൾ സാധാരണക്കാരനാണ്. നാളെ മുതൽ വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്നവരെ വെടിവച്ചുകൊല്ലുമെന്ന് സർക്കാർ ഉത്തരവിറക്കിയാൽ കണ്ണുംപൂട്ടിയനുസരിക്കുന്നത്രയും സാധാരണക്കാരൻ. അതുകൊണ്ടാകാം അസാധാരണമായി ചിന്തിക്കുന്നവരോടെല്ലാം എനിക്കാരാധനയുണ്ട്. അവരുടെ
പ്രസ്താവനകൾ പത്രത്തിലെ വാചകലോകത്തിൽ വായിക്കുമ്പോൾ ഇങ്ങനെയൊന്നും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ലല്ലോ എന്നു ഞാൻ സങ്കടത്തോടെ ഓർക്കും. അതെന്നെ ഒരുപാടു സന്ദേഹങ്ങളിലേക്കും നയിക്കും.

എന്നാൽ അടുത്തകാലത്തായി ഞാൻ ഈ സന്ദേഹങ്ങളിൽ നിന്നെല്ലാം മുക്തി നേടിയ അവസ്ഥയിലാണ്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ നൽകുന്നത് എന്റെ അളിയനാണ്.

ജയനാരായണക്കൈമൾ എന്ന പേരിൽ നാട്ടുകാരറിയുന്ന പ്രശസ്ത സാംസ്‌കാരിക നായകനും ഉപദേശിയും പ്രാസംഗികനും മദ്യവിരോധിയുമെല്ലാമായ എന്റെ അളിയന്.
ഇദ്ദേഹം എവിടെ, എന്തു പറഞ്ഞാലും അടുത്ത ദിവസം അതു വാചകലോകത്തിൽ വരുമെന്നതാണ് എന്നെ ഇദ്ദേഹത്തിലേക്ക് ആകർഷിച്ച ആദ്യവസ്തുത.

പിന്നെ, ഒരുപാട് ദാർശനികദു:ഖങ്ങൾ അലട്ടുന്ന ഒരാളാണ് ഈ ഞാൻ. എന്നെ സ്‌നേഹിക്കാനും നല്ലകാര്യങ്ങൾ ഉപദേശിച്ചു തരാനും ഈ ലോകത്തിൽ ആരുമില്ലെന്ന തോന്നലും ഇതിനൊപ്പം എന്നെ അലട്ടും. അലട്ടൽ ഏറിയാൽ ഞാൻ ഉടനെ കള്ളു കുടിക്കും. എല്ലാം മറക്കും. അതാണ് രീതി.

അങ്ങനെയൊരിക്കൽ കുടിച്ച് അക്ഷരാർഥത്തിൽ ഓടയിൽ വീണുകിടക്കുമ്പോൾ ഇദ്ദേഹം വന്ന് കൈനീട്ടി. എന്നെ എഴുന്നേല്പിച്ചു. പിന്നെ കുറെ ഉപദേശിച്ചു. ഒക്കെയും കാതലുള്ള കാര്യങ്ങൾ. ആ നിമിഷം ഞാൻ വിതുമ്പിക്കൊണ്ട് മനസ്സിൽ കുറിച്ചു – ഇതാ എന്റെ അളിയൻ.ഞാൻ തേടിയ ആൾ.

മാന്യരേ,
എല്ലാവരുടെയും ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾ സംഭവിക്കാറുണ്ടല്ലോ. സ്വന്തം ജന്മദിനം മറന്നാലും അത്തരം വഴിത്തിരിവുകൾ സംഭവിക്കുന്ന ദിവസത്തെ നമ്മൾ മറക്കില്ല. എന്റെ ജീവിതത്തിലും അങ്ങനെതന്നെ. അത്യന്തം പ്രാധാന്യമേറിയതും എന്റെ സ്വഭാവ-ജീവിതഗതികളെ അപ്പടി മാറ്റിമറിച്ചതുമായ ആ ദിവസത്തെ അളിയൻ വന്ന ദിവസം എന്നു തന്നെ ആദരപൂർവം നാമകരണം ചെയ്തു ഞാൻ.

മഹത്തായ നമ്മുടെ രാജ്യചരിത്രമെഴുതുന്നവർ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും എന്നു പറയുന്നതു കേട്ടിട്ടില്ലേ. അതുപോലെ അത്രയൊന്നും മഹത്തല്ലാതിരുന്ന എന്റെ ജീവിതത്തെ ഇത്രയും മഹത്താക്കിയ അളിയനെ ബഹുമാനിച്ചുകൊണ്ട് ഞാനെന്റെ ജീവിതത്തെ അളിയനു മുമ്പും ശേഷവും എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

ഇല്ല, അളിയനില്ലാതിരുന്നെങ്കിൽ, ഒരിക്കലും ഇപ്പോഴത്തെ ഈ നിലയിൽ സ്വപ്നത്തിൽപോലും ഞാനെത്തിച്ചേരുമായിരുന്നില്ല. ഒരുകാര്യത്തിലും അറിവും ആത്മവിശ്വാസവുമില്ലാത്ത ഞാൻ എല്ലാ കാര്യങ്ങളിലും അളിയനെ ആശ്രയിച്ചു. എന്തിനും ഞാൻ അളിയന്റെ ഉപദേശം തേടി. ഞാൻ വായിക്കേണ്ട പുസ്തകങ്ങൾ,
കാണേണ്ട സിനിമകൾ, കഴിക്കേണ്ട ഭക്ഷണം, പ്രേമിക്കേണ്ട പെണ്ണ്…എല്ലാം അളിയൻ പറഞ്ഞു തന്നു. കൃത്യമായും മനോഹരമായും.

ഒരിക്കൽ എന്റെ അതിഥിയായി അളിയൻ ആദ്യം വീട്ടിലെത്തിയ ദിവസം ഞാനിന്നുമോർക്കുന്നു. അന്ന് വീട്ടിലെ കാരണവന്മാരെയെല്ലാം അടുത്തുചെന്ന് തൊഴുത്, എല്ലാവരെയും നോക്കി പുഞ്ചിരിച്ച് – ആമ്പൽ വിടരുന്ന ഭംഗിയാണ് എന്റെ
അളിയന്റെ ചിരിക്ക്, അന്നും ഇന്നും – അളിയൻ രംഗം കീഴടക്കി. ആ ദിവസങ്ങളിലെ അളിയന്റെ നടപ്പ്, കിടപ്പ്, പല്ലുതേപ്പ്, മുണ്ടുകുത്ത്, കഞ്ഞികുടി, മൂക്കുപിഴി… എല്ലാം വശ്യവും ചടുലവും വിശ്രുതവുമാണെന്നേ പറയേണ്ടു. (അവസാനം പറഞ്ഞ
വാക്കുപയോഗിച്ച് എനിക്ക് പരിചയമില്ല. ആവേശത്തിൽ പ്രയോഗിച്ചതാണ്. കുഴപ്പമുള്ളതാണെങ്കിൽ അതു വിട്ടേക്കുക).

എല്ലാം നോക്കിയും നിരീക്ഷിച്ചും എനിക്കളിയനോട് ബഹുമാനമേറി. വീട്ടിലെ മറ്റുള്ളവർക്കും അങ്ങനെതന്നെ. എന്റെ വീട്ടുകാരുടെയൊരു പ്രത്യേകത, എന്നെപ്പോലെ തന്നെ ഒരു കാര്യത്തിലും ആത്മവിശ്വാസം ആർക്കുമില്ലയെന്നതാണ്.
ഇനിയും മൂന്നുതലമുറയ്ക്കു കൈകാര്യം ചെയ്യാൻ ഭൂസ്വത്തുള്ള കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ഒരു പണിയും ചെയ്യാതെ കുറേ പേർ വീട്ടിലുണ്ട്. ഈശ്വരഭക്തിയാണ് പ്രധാനവിനോദം. അതുകഴിഞ്ഞാൽ ഭക്ഷണം, പരദൂഷണം, തത്വചിന്തകൾ പറയൽ….
പിന്നെയും ഈശ്വരഭക്തി എന്നിങ്ങനെ. പുറംലോകവുമായി ഒരു ബന്ധവും ആർക്കുമില്ല. ജീവിക്കാൻ ഞാൻ ജോലി ചെയ്തു പണം സമ്പാദിക്കേണ്ട ആവശ്യം ഇല്ലേയില്ലയെന്ന് ഇതോടെ മനസ്സിലായല്ലോ. അതിനാൽ എന്നും ടെലിവിഷനിലെ കോമഡിഷോ കണ്ടു ചിരിച്ചും ഏതെങ്കിലുമൊരു പുസ്തകം വായിച്ചു ചാരുകസേരയിൽ
ഒടിഞ്ഞുമടങ്ങിക്കിടന്നും സമയം കളയുന്നതുമാണ് എന്റെ രീതി. അമ്മയുണ്ട്. അമ്മയെ മുത്തശ്ശിയമ്മ പ്രസവിച്ചത് അടുക്കളയിലാണെന്ന് ഒരു ഐതിഹ്യവുമുണ്ട്. ആ സെന്റിമെന്റ്‌സ് കൊണ്ടാണോയെന്നറിയില്ല, അടുക്കള വിട്ടൊരു കളി അമ്മയ്ക്കുമില്ല. അച്ഛൻ കുറച്ചേറെ പണം ഞങ്ങൾക്കു സമ്പാദിച്ചു തന്നിട്ട് എന്റെ കുട്ടിക്കാലത്തു തന്നെ ലോകത്തോടു സലാം പറഞ്ഞതാണ്. വീട്ടിൽ പരസ്പരം ആരുമങ്ങനെ സംസാരിക്കാറില്ല. ആർക്കും ആരുടെയും വിശേഷങ്ങളുമറിയില്ല. ഞാൻ രാവിലെ തോന്നുന്ന നേരത്ത് ഉണരും. ഉണർന്നില്ലെങ്കിലും ആർക്കും വിരോധമില്ല. മറ്റുള്ളവരും ഇങ്ങനെ തന്നെ. വിശക്കുന്നവർ അവരവരുടെ സമയങ്ങളിൽ എന്തെങ്കിലും വാരിക്കഴിച്ച് സ്ഥലം വിടും.
ആകപ്പാടെ പട്ടി നക്കിയ നെയ്യലുവ പോലെ ഞങ്ങളുടെ ജീവിതം.

ദോഷം പറയുന്നില്ല, ഇണക്കമില്ലാത്തതു കൊണ്ട് പിണക്കവും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല. ഇങ്ങനെ നിസ്സംഗവും നിർഗുണവുമായി ഓരോരുത്തരും അവനവനു വിധിക്കപ്പെട്ട ജീവിതവും ഉരുട്ടി സാവധാനം മുന്നോട്ടുപോകുകയാണ്. അപ്പോഴാണ് അളിയൻ കടന്നുവരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ അളിയൻ ഞങ്ങളുടെ ജീവിതത്തിന് ഒരു ക്രമമമുണ്ടാക്കിത്തന്നു. അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പണ്ട് അച്ഛനെ എന്നും ശല്യപ്പെടുത്തിയിരുന്ന അയൽവാസി കൃഷ്ണൻകുട്ടിയെ അളിയൻ വീട്ടിൽ വിളിച്ചുകയറ്റി. എല്ലാവരും തമ്മിൽ സൗഹാർദം വളരണമെന്ന മഹത്തായ ആശീർവാദം അളിയൻ നടത്തിയപ്പോൾ ശത്രുവിനെ ഞൊടിയിൽ മിത്രമാക്കുന്ന ആ മനസ്സുകണ്ട് ഞാൻ കോരിത്തരിച്ചു. എനിക്കൊപ്പം വീട്ടുകാരും.

കൃഷ്ണൻകുട്ടി എന്നും വീട്ടിൽ വന്നു. ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണമെന്ന ഭാരിച്ച ഉത്തരവാദിത്തം അളിയൻ കൃഷ്ണൻകുട്ടിയെ എല്ലാവരുടെയും സമ്മതപ്രകാരം ഏല്പിച്ചു. വീട്ടിലെ ഒരു പണിയുമില്ലാത്ത കാരണവന്മാർക്കെല്ലാം ആ പ്രവൃത്തി ഒത്തിരിയൊത്തിരി ഇഷ്ടമായി.

തുടർന്ന് മനുഷ്യത്വത്തിന്റെ മഹത്തായ മാതൃകകളാണ് അളിയൻ ഞങ്ങളെ പരിചയപ്പെടുത്തിയത്. ഈ ലോകത്തുനിന്നും നമ്മൾ പോകുമ്പോൾ ഇവിടെ ജീവിച്ചിരുന്നുവെന്നതിന് എന്തെങ്കിലും അടയാളം ഇവിടെ ഇട്ടേച്ചുപോകണമെന്ന
അളിയന്റെ വാക്കുകൾ ഞാനടക്കം എന്റെ വീട്ടുകാർക്കെല്ലാം വെളിച്ചമായി. ഏക്കറുകളോളം വരുന്ന ഞങ്ങളുടെ സ്ഥലമെല്ലാം പടിപടിയായി സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവർക്കുവേണ്ടി നൽകിപ്പോൾ ആദ്യമൊരു വിഷമം തോന്നിയെന്നതു
സത്യം. ഇത്തരം കാര്യങ്ങളിൽ വ്യസനിക്കുന്നത് വെറും സാധാരണക്കാരാണെന്ന്
അളിയൻ പറഞ്ഞതോടെ അതു തീർന്നു. പിന്നെ അളിയൻ കണ്ണടച്ച് പൂന്താനത്തിന്റെ ആ വരികൾ പാടുകയായിരുന്നു.

ചത്തുപോകുമ്പോൾ വസ്ത്രമതുപോലും
ഒത്തിടാ കൊണ്ടുപോകാനൊരുത്തർക്കും…

എത്ര ശരി.
നമ്മൾ ഈ ലോകത്ത് ഒന്നുമില്ലാതെ വരുന്നു, എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ ശ്രമിച്ച് ഒടുവിൽ ഒന്നും സ്വന്തമാക്കാതെ തിരിച്ചു പോകുന്നു…

ജീവിതമെന്ന ഈ പ്രഹേളികയെ അളിയൻ ഒരു പൂവിന്റെ ഇതൾ അടർത്തുംപോലെ – എന്തു പറയുമ്പോഴും ഇതുപോലെ ബിംബങ്ങളെ ഉപയോഗിച്ചു പറയണമെന്ന് അളിയൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ വാചകലോകത്തിൽ അതുപയോഗിക്കാൻ പത്രക്കാർക്ക് എളുപ്പമാകുമത്രേ – നിർവചിച്ചുതന്നപ്പോൾ ഒരു ജന്മത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെട്ടതുപോലെ എനിക്കുതോന്നി.

ഇപ്പോൾ സ്വന്തമായി ഒന്നുമില്ല എനിക്ക്. പരമശാന്തം. എന്റെ വീടും സ്ഥലവുമല്ലാം ലോകനനന്മയ്ക്കുപകരിക്കാൻ അളിയൻ വിട്ടുകൊടുത്തിരിക്കുകയാണ്. ആകെയുണ്ടായിരുന്ന അമ്മ ഉത്തരേന്ത്യയിലെ ഏതൊക്കെയോ ക്ഷേത്രങ്ങളിൽ ദൈവമാർഗം തേടി നടക്കുന്നുണ്ടെന്നറിയാം. ഒരു പണിയും ചെയ്യാത്ത ബന്ധുക്കളുടെ ഒരു വിവരവുമില്ല. എങ്ങനെ ജീവിക്കുന്നോ എന്തോ.

എന്റെ മനസ്സിൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തവന്റെ നിർവാണാവസ്ഥ മാത്രം.

ഞങ്ങളുടെ വീട് ഒരനാഥാലയമാക്കി സംരക്ഷിക്കുകയാണിപ്പോൾ അളിയനും കൃഷ്ണൻകുട്ടിയും. അളിയൻ പറയുന്നത് ഈ ലോകത്തിൽ എല്ലാവരും അനാഥരാണെന്നും ആരും സ്ഥിരമായി ഒരിടത്തു നിലകൊള്ളേണ്ടതില്ലെന്നും അത് വ്യർത്ഥചിന്തകളിലേക്ക് നമ്മളെ നയിക്കുമെന്നുമാണ്. ധാരാളം പുസ്തകങ്ങൾ
വായിച്ച പരിചയം വച്ച് ഈ പറഞ്ഞതു ശരിയാണെന്നതിൽ എനിക്കൊരു സംശയവുമില്ലതാനും…

മാന്യരേ,
ജീവിതത്തെ കുറിച്ചുള്ള സന്ദേഹങ്ങളിൽ നിന്നും ദാർശനിക വേവലാതികളിൽ നിന്നും എന്നെ മോചിപ്പിച്ച എന്റെ അളിയനെ ഞാൻ ഇത്രമേൽ സ്‌നേഹിച്ചുപോയതിൽ തെറ്റുണ്ടോ. ഇല്ലയെന്ന് നിങ്ങൾക്കും എനിക്കുമറിയാം. എന്നിട്ടും ഇന്നലെ ഒരു
ദുർബലനിമിഷത്തിൽ അതു സംഭവിച്ചു. എന്റെ പ്രിയപ്പെട്ട അളിയനെ ഞാൻ കൊല്ലാൻ ശ്രമിച്ചു. എന്നേക്കാൾ ആരോഗ്യമുള്ള അളിയൻ അതിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഞാനീ ജയിൽമുറിക്കുള്ളിലെത്തിയതും നിങ്ങളുടെ ചാനലിന്റെ ‘വേണമെങ്കിൽ വിശ്വസിച്ചോളൂ’ എന്ന പരിപാടിക്കുവേണ്ടി ഇപ്പോൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും.

എന്തുകൊണ്ടാണ് ആ പ്രത്യേക നിമിഷത്തിൽ എനിക്ക് അങ്ങനെ തോന്നിയതെന്നതിന് ഇതാ, ഇപ്പോൾവരെയും ഉത്തരം കിട്ടിയിട്ടില്ല. ഇതാണ് പറയുന്നത്, എത്ര ഉപദേശിക്കപ്പെട്ടാലും എല്ലാം മറന്ന് മനുഷ്യൻ ചിലപ്പോൾ വിഡ്ഢിത്തങ്ങൾ കാട്ടുമെന്ന്.
എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.

ആത്മബോധം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്ന സമൂഹമാണ് നമ്മുടേത്. ദാനധർമത്തിന്റെ മാഹാത്മ്യത്തിൽ ആർക്കും വിശ്വാസമില്ലാതായി. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുകയെന്ന തത്വശാസ്ത്രത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടുതുടങ്ങി. ഞാൻ ദുഖിതനാണ്.

– ജയനാരായണക്കൈമൾ
(കടപ്പാട് -വാചകലോകം)

Related tags : Storyv Dileep

Previous Post

രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ…

Next Post

ലോകകവിതയിലേക്കു തുറക്കുന്ന വാതിൽ

Related Articles

കഥ

ഇരുപതാം നിലയിൽ ഒരു പുഴ

കഥ

അപ്പൻ സഖാക്കൾ

കഥ

ഗണിതകല്പിതം

കഥ

കിതാബ്

കഥ

രാത്രിയിൽ സംഭവിക്കുന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വി. ദിലീപ്

V. Dileep

വി. ദിലീപ് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven