• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കഥാലോകത്തെ നിശബ്ദ കാഴ്ചക്കാരൻ

സ്‌മിത മീനാക്ഷി September 12, 2026 0

ഇന്ന് ഞാൻ വായനക്കെടുത്തത് എം.ചന്ദ്രശേഖരന്റെ ”കഥ” എന്ന ചെറുകഥാ സമാഹാരമാണ്. എഴുപതുകളിലും എൺപതുകളിലും മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ചന്ദ്രശേഖരന്റെ ”സ്വച്ഛനീലമായ ആകാശം”, “ഏകാന്തജാലകങ്ങൾ” എന്നി രണ്ടു കഥാസമാഹാരങ്ങൾ മാത്രമേ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളു എന്ന് 2025 ജൂൺ 19 നു അന്തരിച്ച എഴുത്തുകാരനെപ്പറ്റിയുള്ള ലഘുകുറിപ്പിൽ ഞാൻ വായിക്കുന്നു. അതായത് ഈ പുസ്തകം പ്രകാശിതമാകുന്നതിന് ഏകദേശം ഒരു വർഷം മുൻപ് എഴുത്തുകാരൻ ജീവിതത്തോടു യാത്രപറഞ്ഞു കടന്നുപോയിരുന്നു.

സ്‌മിത മീനാക്ഷി

ഞാൻ താളുകൾ മറിച്ചു നോക്കുന്നു, മിക്ക കഥകളുടെയും ഒടുക്കത്തിൽ അവ ആദ്യമായി പ്രസിദ്ധീകരിച്ചതെവിടെയെന്നും ഏതു വർഷമെന്നും കുറിച്ചിട്ടുണ്ട്, മാതൃഭുമിയെന്നും മലയാളമെന്നും, ദീപികയെന്നും കലാകൗമുദിയെന്നും മലയാളനാടെന്നും എല്ലാം ആവർത്തിച്ചാവർത്തിച്ചു കാണുമ്പോൾ ആ കാലയളവിലെ വായനയിൽ ഈ കഥാകൃത്ത് എത്രത്തോളം നിറഞ്ഞ സാന്നിധ്യമായിരുന്നുവെന്നത് ആദരവോടെ ഓർക്കുന്നു.

“ആന്തരികലോകത്തിന്റെ ഉത്തരാധുനിക വായനക്കാരൻ” എന്ന തലക്കെട്ടിൽ ഡോ. എം. മുരളീധരൻ എഴുതിയ ആമുഖത്തിലും “കാണാമറയത്ത് ഒരു കഥാകാരൻ” എന്ന കാട്ടൂർ മുരളിയുടെ ആസ്വാദനത്തിലും ഈ കഥകളുടെയും കഥാകൃത്തിന്റെയും ലളിതമൗനവും ആന്തരികപ്രകാശവും ഉത്തരം തേടുന്ന ചോദ്യങ്ങളും എഴുത്തിന്റെ സംതൃപ്തിയും എല്ലാം മിന്നിമറയുന്നു. കഥകളിലേയ്ക്ക് വെളിച്ചം വിതറിക്കൊണ്ട് ആമുഖങ്ങൾ അരങ്ങൊഴിയുമ്പോൾ നാം കഥകളുടെ മൗനവീഥികളിലേയ്ക്ക് പതിയെ മിഴി നീട്ടുന്നു.

കഥകളിലെ ഭാവസാന്ദ്രമായ ഭാഷയാണു ആദ്യം അനുഭവവേദ്യമാകുന്നത്. മഴക്കാലം കഴിഞ്ഞിട്ടും പെയ്തമഴയത്രയും തായ്ത്തടിയിലെ പച്ചപ്പുതപ്പിലേന്തി കുളിർന്നും കുളിർ പകർന്നും നിൽക്കുന്ന കാട്ടുവൃക്ഷം പോലെ ഓരോ കഥയും വായനയുടെ തീവ്രാനുഭവമാകുന്നു. ഉച്ചത്തിൽ മുഴങ്ങുന്ന വാക്കുകളോ ശബ്ദവിനിമയങ്ങളോ ഇല്ലാതെ, അനന്തമായ മനുഷ്യവേദനയുടെ, ഏകാന്തതയുടെ, നിസ്സഹായതയുടെ കഥകൾ ഉള്ളിലേയ്ക്ക് മെല്ലെ കടന്നുകയറുന്നത് നാമറിയുന്നു.

എല്ലാ ഉത്തരങ്ങളും നൽകുന്ന കഥകളല്ല, മറിച്ച് പുതിയ ചോദ്യങ്ങൾ സൃഷ്ടിക്കുന്ന കഥകളാണ് കാലത്തെ അതിജീവിക്കുന്നതെന്നും മനുഷ്യന്റെ ആന്തരികലോകത്തെപ്പറ്റിയുള്ള ഗഹനമായ അന്വേഷണം എം ചന്ദ്രശേഖരന്റെ കഥകളെ മലയാള ചെറുകഥയുടെ ആധുനിക പാരമ്പര്യത്തിൽ സവിശേഷമായ സ്ഥാനത്തിനു അർഹമാക്കുന്നുവെന്നും സമാഹാരത്തിന്റെ പ്രവേശികയിൽ ഡോ. എം.മുരളിധരൻ പറയുന്നത് തികച്ചും സത്യമെന്ന് വായന ശരിവയ്ക്കുന്നു.

പ്രകൃതി, ജൈവമനുഷ്യൻ, മനസ്സ് എന്നിവയിലൂടെ ചുറ്റിത്തിരിയുന്നവയാണ് എം.ചന്ദ്രശേഖരന്റെ മിക്ക കഥകളും. തന്റെ കഥകളൊന്നും തന്നെ വാക്കുകളുടെ ശബ്ദസങ്കേതങ്ങളിലൂടെ ഉച്ചത്തിൽ ആവിഷ്കരിക്കപ്പെടാതെയിരിക്കണം എന്ന് കഥാകാരനു നിർബന്ധമുള്ളതായി വായനയിൽ നമുക്കു തോന്നാം. ഒച്ചയില്ലാതെ, അല്ലെങ്കിൽ തീരെ ശബ്ദം താഴ്ത്തി, ഒരു ചെറുകാറ്റ് ഇലകളിൽ തഴുകുന്നത്ര മെല്ലെയാണു കഥകൾ വികസിക്കുന്നത്. പ്രകൃതിയെ മനസ്സുകൊണ്ടു കാണുകയും മനസ്സിനെ പ്രകൃതിയിലൂടെ വായിക്കുകയും ചെയ്യുന്ന ഒരു പരസ്പരവിനിമയം പല കഥകളിലും കാണാം. ആന്തരിക സംഘർഷങ്ങൾ ആഴത്തിൽ അനുഭവിക്കുമ്പോഴും ബാഹ്യലോകത്തോട് ഉച്ചത്തിൽ പരാതിപ്പെടുകയോ അതിന്റെ വെള്ളിവെളിച്ചത്തിൽ സ്വയം വ്യക്തമാക്കുകയോ ചെയ്യുന്നില്ല ഇവയിലെ കഥാപാത്രങ്ങൾ. ഉള്ളിലെ ലോകം കൂടുതൽ വിശാലമാക്കി അവിടെ അലയുകയും ഉത്തരങ്ങൾക്കായി തെരയുകയും ചെയ്യുന്നവർ തെരച്ചിലിന്റെ വിങ്ങലും നിശബ്ദതയും വായനക്കാരുടെ മനസ്സുകളിലേയ്ക്കും വ്യാപിപ്പിക്കുന്നുണ്ട്.

“കാലം നിമിഷങ്ങളെ പെറുക്കിയെടുത്ത് നടന്നുനീങ്ങുന്ന യാത്രക്കാരനാണ്, അയാൾ ഒരിക്കലും പിന്തിരിഞ്ഞു നോക്കാറില്ല. അപ്രാപ്യതയുടെ ഒരരുകിലിരുന്ന് അയാൾ മനുഷ്യരെന്ന കീടങ്ങളെ നോക്കി നിസ്സംഗതയോടെ ക്രൂരതയോടെ ചിരിക്കുന്നുണ്ടാകണം” – പ്രവാസം

“ആശ്വിനമാസത്തിലെ നിലാവ് പുറത്തു പച്ചിലകളിലും ഓലത്തുമ്പുകളിലും നനഞ്ഞൊട്ടി നിൽക്കുന്നു. നിലാവിന്റെ ഈർപ്പം തട്ടി കൂമ്പി നിൽക്കുന്ന പ്രകൃതിയുടെ ഇപ്പോഴത്തെ ഭാവം എന്തെന്നറിയുവാൻ പതിവുപോലെ ഞാൻ ജിജ്ഞാസുവാകുന്നു. മനുഷ്യർക്കെന്നപോലെ പ്രകൃതിക്കും സ്വന്തമായ ഗൂഢമായ ദുഖചിന്തകൾ നിറഞ്ഞ മനസായിരിക്കും.” – സൂര്യോദയം

“ഓടിരക്ഷപ്പെട നക്ഷത്രങ്ങൾ കിടന്നുറങ്ങുകയും നിലാവ് ഇറങ്ങിവരികയും അനന്തതയുടെ തേങ്ങിക്കരച്ചിലായി ചുറ്റിത്തിരിയുന്ന കാറ്റ് കണ്ണീരൊതുക്കുകയും ചെയ്യുന്ന കുന്നിൻപുറത്ത്…” – ഭാരം

“തിരിനാളങ്ങളുടെ ചുകന്ന പ്രകാശത്തിൽ ആത്മാവുകൾ നീണ്ട് നിഴലുകളായി ചുറ്റിലും കറങ്ങി” – പാപനാശിനി

“മനസ്സ് തടാകമായി, തടാകത്തിൽ കൊച്ചോളങ്ങളെ ഓമനിച്ചുകൊണ്ട് അവൾ ദിവസങ്ങളോളോളം മൂകമായിരുന്നു.” – തടാകം

“ഓടിയകന്ന നഗരം കാഴ്ചയിൽ നക്ഷത്രപ്പൊട്ടുകളായി അവശേഷിച്ചു. പുറത്ത്, നിറം മങ്ങിയ നിലാവിൽ ഒന്നും കാണാനുണ്ടായിരുന്നില്ല. മഴയുടെ നനവു പേറിയുള്ള കാറ്റ് ചൂളമടിക്കുന്ന സെപ്റ്റംബറിലെ ആദ്യദിവസങ്ങളിലൊന്നായിരുന്നു അത്.” — വനം.

“മറുപടി നൽകിയിട്ടില്ലാത്ത കത്തുകളുടെ ഒരു കൂട്ടം വാരി വലിച്ചിട്ട് അവയുടെ മുൻപിൽ ഞാനിരുന്നു. പലരുടെയും കൈയക്ഷരങ്ങളിലൂടെ തെളിഞ്ഞുവരുന്ന എന്നെയാണു ഞാനിപ്പോൾ കാണുന്നത് .” – ദൂരദേശങ്ങളിലേയ്ക്കുള്ള ചില യാത്രകൾ.

ഇങ്ങനയിങ്ങനെ കഥകളിൽ നിന്ന് വെറുതെ ഒന്നിനുമല്ലാതെ എന്നു നടിച്ച് കൂടെപ്പോരുന്ന അക്ഷരക്കൂട്ടങ്ങളെ വായനക്കാർക്ക് മനസ്സിലേയ്ക്ക് ചേർത്തുവയ്ക്കാനേ കഴിയൂ.

ഈ സമഗ്രസമാഹാരത്തിൽ രണ്ടാം ഭാഗമായി ഏതാനും താളുകളിൽ “അനുഭവം, ഓർമ്മ” എന്നിവ ചേർത്തിരിക്കുന്നു. കഥകൾ കണ്ടെടുക്കുന്ന കണ്ണുകളിലൂടെ പിന്നിലായ ജീവിതവഴികളും മുഹൂർത്തങ്ങളും നോക്കിക്കണ്ടുകൊണ്ടുള്ള മന്ദ്രണങ്ങൾ. യാത്ര അയയ്ക്കാനോ സ്വീകരിക്കാനോ ആരുമില്ലാത്ത , രാത്രിവണ്ടിയിൽ കയറിയിരുന്നുള്ള ഒരു ഒളിച്ചോട്ടത്തിൽ തുടങ്ങിയ പ്രവാസജീവിതം (എഴുപതുകളിലെ കൗമാരപ്രായക്കാർക്ക് അങ്ങനെയൊരു ശീലമുണ്ടായിരുന്നു എന്നു പറയുന്നുണ്ട് ഇവിടെ) ഓർമ്മക്കുറിപ്പുകളിൽ ഇതൾ വിടരുന്നു. അന്നത്തെ കൗമാരക്കാരുടെ യാത്രാലക്ഷ്യങ്ങളിൽ പ്രധാനമായിരുന്ന ബോംബെ തന്നെയായിരുന്നു കഥാകാരനെയും ആകർഷിച്ചത്. “ഞാൻ ബോംബെയെ സ്നേഹിക്കാൻ തുടങ്ങി” എന്ന് അദ്ദേഹം പറയുന്നുണ്ട്.

“രാത്രികാലങ്ങളിൽ ഘാട്ട്കോപ്പർ പന്ത് നഗർ ചേരിയിലെ നൂറ്റിനാൽപ്പത്തിനാല് ചതുരശ്രയടി വിസ്ത്രീണ്ണമുള്ള ഒറ്റമുറിയിൽ അഭയാർത്ഥികളായ എട്ടുപേർ സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിച്ച് ചുരുണ്ടുകൂടി കിടക്കുമ്പോൾ അവരുടെ ഉറക്കം കെടുത്താതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ച്, മേശവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ മടിയിലെ സ്യൂട്കേസിനു മുകളിൽ വച്ചാണു ഞാൻ എന്റെ മിക്ക കഥകളും എഴുതിയത്,” എഴുപതുകളിലെ എഴുത്തുകാലത്തെപ്പറ്റി ചന്ദ്രശേഖരൻ ഓർക്കുന്നത് ഇപ്രകാരമാണ്.

വാസ്തവത്തിൽ, രാത്രിയും ഇടുങ്ങിയ മുറിയും അതിൽ വിശ്രമം കൊള്ളുന്ന അസമാധാന നിദ്രകളും മേശവിളക്കിന്റെ അരണ്ട വെളിച്ചവും എല്ലാം തന്നെയാണു അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടികളെ നിർവചിക്കുന്നതെന്ന് വായനക്കാർക്കു കണ്ടെത്താനാകും. അസത്യങ്ങളില്ലാത്ത കഥാലോകം, അത് സാധ്യമാണെന്ന് ഈ രചനകൾ അടിവരയിട്ടു പറയുന്നു. ആ ലോകത്തെ ആശങ്കയും നോവും അസ്വസ്ഥതയും വിങ്ങലും എല്ലാം ഒരുപാട് മനുഷ്യരുടെ നിശ്വാസവായുവിൽ ചേർന്നു പടരുന്നത് വായനയിൽ അനുഭവപ്പെടുന്നു.

“എഴുത്ത് സ്വകാര്യതയാണ്, ഇണ ചേരുന്നതു പോലെ. അതു പരസ്യമായി ചെയ്യാനോ പ്രദർശിപ്പിക്കാനോ കഴിയില്ല. മാത്രമല്ല, അത് സ്വയം കൊട്ടിഘോഷിക്കപ്പെടേണ്ടതോ കൊണ്ടാടപ്പെടേണ്ടതോ അല്ല,” കഥാകാരൻ പറയുന്നു, ഒരുപക്ഷേ ഇന്നത്തെ എഴുത്തുകാരും സാഹിത്യലോകവും പൂർണ്ണമായും തിരസ്കരിച്ചേക്കാവുന്ന വീക്ഷണം.

വീണ്ടും മടങ്ങിവന്ന് പ്രസാധകക്കുറിപ്പിലേയ്ക്ക് കണ്ണു പൂഴ്ത്തുന്നു. എഴുപതുകളിലെ കഥാകൃത്തുക്കളിൽ ഭാവുകത്വസവിശേഷതയിൽ വ്യത്യസ്തത പുലർത്തിയ ശ്രദ്ധേയനായ ഈ കഥാകാരനെക്കുറിച്ച് പറയുന്നതിൽ നിന്ന് രണ്ടു ചെറുകഥാസമാഹരങ്ങളും സാക്ഷാത്കരിക്കപ്പെടാതെപോയ ഒരു സമാഹാരവുമാണ് എം.ചന്ദ്രശേഖരന്റേതായുള്ളത് എന്നും കേരളത്തിലെ ഒരു പ്രമുഖ പ്രസാധകസ്ഥാപനത്തിൽ സമർപ്പിച്ച കഥകളുടെ ഫയൽ നഷ്ടപ്പെട്ടുപോയതിനാലാണ് മൂന്നാമത്തെ പുസ്തകം സാക്ഷാത്കരിക്കപ്പെടാതെ പോയത് എന്നും വായിച്ചറിയുന്നു. ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമായ കഥയുടെ താളുകൾ വെട്ടിയെടുത്ത് തയാറാക്കിയ ഫയൽ ആണു നഷ്ടപ്പെട്ടുപോയതെന്നും അവയുടെ ഫോട്ടോകോപ്പി പോലും ഇല്ലാതിരുന്നതിനാൽ എന്റെ കണ്മുൻപിൽ ഇരിക്കുന്ന ഈ പുസ്തകത്തിലേയ്ക്ക് വേണ്ടി ആ കഥകൾ കണ്ടെത്തിയത് വളരെ ആയാസകരമായ പ്രക്രിയയിലൂടെ ആയിരുന്നുവെന്നും തുടർന്നു പറയുന്നു.

മനസ്സിൽ പെട്ടെന്നു കയറിക്കൂടിയത് ആ നഷ്ടപ്പെടലാണ്. നമ്മുടെ സാഹിത്യവായനയെ ഇത്രത്തോളം സമ്പുഷ്ടമാക്കിയ ഒരു കഥാകാരന്റെ രചനകൾ ഒരു പ്രസാധകസ്ഥാപനത്തിൽ കാണാതാകുക, അത് തേടി കണ്ടുപിടിക്കേണ്ടതുണ്ട് എന്ന് ആ സ്ഥാപനത്തിലെ ആർക്കും തോന്നാതിരിക്കുക… അമ്പരപ്പാണു തോന്നിയത്. കഥയെക്കാൾ അവിശ്വസനീയമായ യാഥാർത്ഥ്യം. എന്നിട്ടും ആ കഥകൾ തേടിയെടുത്ത് അവയെക്കൂടി ഉൾപ്പെടുത്തി ഇങ്ങനെയൊരു സമാഹാരം പ്രസിദ്ധീകരിച്ചു എന്നത് എം.ചന്ദ്രശേഖരന്റെ കഥകളെപ്പറ്റി ആമുഖത്തിൽ ഡോ. എം.മുരളീധരൻ പറയുന്നതുപോലെ കാവ്യനീതിയുടെ പൂർത്തീകരണം തന്നെയാണ്. ”നെയ്തൽ പതിപ്പകം” എന്ന പ്രസാധകസ്ഥാപനത്തിനു സ്നേഹാദരങ്ങളോടെ കൂപ്പുകൈ.

എഴുത്തിൽ ശ്രദ്ധേയനായി നിന്ന കാലത്തു തന്നെ കഥകളുടെ ലോകത്തു നിന്ന് അകന്ന് നിശബ്ദനായ കാഴ്ചക്കാരനായി മാറിനിന്ന അദ്ദേഹം 2025 ജൂൺ 19 നു പ്രവാസിയായിത്തന്നെയാണു ജീവിതം വിട്ടുപോയത്. കൂടുതൽ ശബ്ദഘോഷങ്ങളില്ലാതെ ആ വേർപാട് വാർത്തയായി –

“മുംബൈ: കഥാകൃത്തും മയ്യഴി മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരന്‍ (74) താനെ ജില്ലയിലെ താക്കുര്‍ളിയില്‍ അന്തരിച്ചു. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതില്‍ മാധവിയുടെയും മകനാണ്. 1980-കളിലും 90-കളിലും മലയാള കഥാസാഹിത്യത്തില്‍ ശക്തമായസാന്നിധ്യമായിരുന്നു. മാതൃഭൂമി, കലാകൗമുദി, മലയാളം എന്നീ ആനുകാലികങ്ങളിലായി നൂറിലധികം കഥകളെഴുതി. പ്രൊഫ. എം. അച്യുതന്റെ ‘ചെറുകഥ ഇന്നലെ, ഇന്ന്’ എന്ന കൃതിയില്‍ ഇദ്ദേഹത്തെക്കുറിച്ച് പ്രത്യേകപരാമര്‍ശമുണ്ട്. “

ചുരുങ്ങിയ വാക്കുകളിൽ ഒരു ആയുസ്സിന്റെ കഥ ഇങ്ങനെ അവസാനിക്കുന്നു,

എങ്കിലും അദ്ദേഹം മലയാള വായനക്കാർക്കു നൽകിയ കൈനീട്ടങ്ങൾ, എം.ചന്ദ്രശേഖരൻ്റെ കഥകളുടെ സമ്പൂർണ്ണ സമാഹാരം, കഥ എന്ന പേരിൽ തലശ്ശേരിയിലെ നെയ്തൽ പതിപ്പകം പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related tags : M ChandrasekharanSmitha MeenakshiVayana

Previous Post

പരിഭവം

Related Articles

വായന

മാനസി: താരാബായ് ഷിൻദെ / ജെ. ദേവിക

വായന

ഇ.ഐ.എസ്. തിലകന്റെ കവിതകൾ

വായന

ഉഷ്ണരാശി: ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍

വായന

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

വായന

എന്റെ വായന: ആത്മാവിനു തീപിടിപ്പി ക്കുന്ന സിംഹാസനങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സ്‌മിത മീനാക്ഷി

കഥാലോകത്തെ നിശബ്ദ കാഴ്ചക്കാരൻ

സ്‌മിത മീനാക്ഷി 

ഇന്ന് ഞാൻ വായനക്കെടുത്തത് എം.ചന്ദ്രശേഖരന്റെ ''കഥ" എന്ന ചെറുകഥാ സമാഹാരമാണ്. എഴുപതുകളിലും എൺപതുകളിലും മലയാളത്തിലെ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven