ഇതൊരങ്കലാപ്പാണ്, കുറ്റസമ്മതമാണ്, ഭയമാണ്!
ഒരിയ്ക്കല്‍,
സന്യാസിയേപ്പോലെ രുദ്രാക്ഷമണിഞ്ഞ്,
കണ്ണുകളില്‍ അനുകമ്പയുടെ നനവുമായി,
നീണ്ട താടിരോമങ്ങളിൽത്തടവി,
കാഴ്ചകളെ പ്രണയിച്ച നിഷ്കളങ്കമായ ഒരത്ഭുതം!
ഒരിയ്ക്കല്‍,
ഉത്സവപ്പറമ്പുകളും ശവക്കൂനകളും തേടി,
ക്യാമറക്കണ്ണിലൂടെ കവിതകൾ രചിച്ചവന്‍…
മധുലഹരിയുടെ പ്രണയത്താൽ
ജീവിതം കൈവിട്ടതറിയാതെ
ദിനരാത്രം രമിച്ചവന്‍!
ഒരിയ്ക്കല്‍,
ഉന്മാദത്തിന്റെ പ്രളയത്തിലലിഞ്ഞതോ;
ജീവിതജാലകത്തിലെ സൗന്ദര്യങ്ങളും,
ഏകാന്തപഥികരാവാൻ വിധിയ്ക്കപ്പെട്ട പ്രേയസിയും, പ്രണയപ്രതീക്ഷകളും!
ഉറക്കത്തിൽ,
അയാളെന്നെ തട്ടിയുണര്‍ത്തി,
വികൃതമായിച്ചിരിച്ച് ആ രഹസ്യം പുലമ്പി;
തട്ടിന്‍പുറത്ത് അയാള്‍ ചേതനയറ്റുറങ്ങുന്നു,
ദയനീയതയുടെ തേങ്ങലായി… വിഷാദിയായി…
ദൈവമേ,
നാടാകെ മൗനംപൂണ്ടു, നെട്ടോട്ടമായി,
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽവെച്ചു.
ഇയാള്‍ക്കിതിങ്ങനെയെന്തിനെന്ന് ചിലർ,
ഇതയാളുടെ വിധിയെന്ന് മറ്റു ചിലരുമുരുവിട്ടു!
ദൈവമേ,
ചീവീടുകളുടെ ഇരുണ്ട സംഗീതലയത്തില്‍,
ഏകാകിയായി അയാള്‍ പുളകിതനാവുന്നു…
അഴുകിയ മാംസത്തിന്റെ മാസ്മരികതയില്‍,
കറുമ്പനെലികള്‍ കുടില്‍ കെട്ടിയിരിയ്ക്കുന്നു…
ദൈവമേ,
പാതിയില്‍ വിട്ടിട്ടുപോയ കൈത്താങ്ങുകള്‍-
ശ്വാസമെടുക്കാനാകാതെ മൂക്കു പൊത്തുന്നു!
എല്ലിന്‍ തുണ്ടുകളും ഇറച്ചിക്കഷണങ്ങളും എണ്ണി
പൊലീസുകാര്‍ മഹസ്സറെഴുതുന്നു!
അറിഞ്ഞില്ല,
അന്ത്യസമാഗമത്തില്‍ ഒന്നുമുരിയാടാതെ,
ഒന്നു തൊടാനാവാതെ തെന്നിമാറിയത്…
നാളെ വ്യര്‍ത്ഥമെന്ന് നിങ്ങളുദ്ബോധിപ്പിച്ചു!
നഷ്ടം! ആ ബോധമാണ് ഇനി സംഭ്രമം!!
ചുവരില്‍,
ചിതലെടുക്കാനുള്ള വെറുമൊരു കനവല്ല,
ഒരു തലമുറയുടെ വികാരമായിരുന്നയാൾ!
ചായത്തില്‍ മുക്കിയ ഒരാല്‍ബംപോലെ,
“മരിയ്ക്കില്ലിനി സുകുവെന്ന ഭീഭത്സമാമന്ത്യം!”
ഒരു തലമുറയുടെ വികാരമായിരുന്ന ഫോട്ടോഗ്രാഫറായ സുഹൃത്തിന്റെ ദാരുണമായ അന്ത്യവും, മരണത്തിന് മാസങ്ങള്‍ക്കു മുമ്പ് കണ്ടപ്പോള്‍ അവസാനമായി ഒന്ന് സംസാരിക്കാന്‍ കഴിയാഞ്ഞതിലുളള ദു:ഖവുമാണ് ഇതെഴുതാൻ പ്രചോദനം. ഇതെന്റെ സ്നേഹ സമര്‍പ്പണം… അദ്ദേഹത്തിനായി!
മൊബൈൽ: 8805674442



