• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

തത്തമ്മ സാക്ഷി

എം. എസ്. ആനന്ദൻ, പൂനെ May 13, 2026 0

“അമ്മേ”

“എന്താടാ”

“ഇങ്ങോട്ട് വന്നേ, ദാണ്ടേ മിറ്റത്ത് ഒരു കിളിക്കൂട് കിടക്കുന്നു. ഒരു കിളിക്കുഞ്ഞും ഉണ്ട്”

“ങാ, ഇന്നലത്തെ കാറ്റിലും മഴയിലും വീണതായിരിക്കും. എന്തൊരു കാറ്റായിരുന്നു. നീ അവിടെ കിളിയെ നോക്കി നിക്കാതെ കുളിച്ച് പള്ളിക്കൂടത്തിൽ പോകാൻ നോക്കെടാ ചെറുക്കാ”

മുരളി പെട്ടെന്നു തന്നെ പല്ലുതേപ്പും കുളിയും കഴിഞ്ഞ് സ്കൂളിലേക്ക് പോകാനിറങ്ങി.

അപ്പോഴും മുറ്റത്തിന്റെ കോണിൽ കിടക്കുന്ന പൊളിഞ്ഞ കിളിക്കൂടും അതിലെ കിളിക്കുഞ്ഞും ആയിരുന്നു അവന്റെ നോട്ടത്തിൽ. ഇപ്പോൾ ആ കുഞ്ഞിക്കിളി കൂട്ടിൽ നിന്നും വെളിയിൽ വീണ് കിടക്കുന്നു. അതുകണ്ട് വിഷമം തോന്നിയ അവൻ ബാഗ് താഴെ വെച്ചിട്ട് ആ കുഞ്ഞിക്കിളിയെ എടുത്ത് കൂട്ടിലാക്കി. ആ കൂടോടെ തന്നെ അതിനെ ഉയരത്തിലുള്ള വേലിയിൽ ഭദ്രമായി വെച്ചിട്ടാണ് അവൻ സ്കൂളിൽ പോയത്.

അന്ന് ക്ലാസ്സിൽ ഇരുന്നപ്പോൾ മുഴുവനും അവൻറെ ചിന്തകൾ ആ കിളിക്കുഞ്ഞിനെ ഓർത്തായിരുന്നു. അതിന് എന്തെങ്കിലും പറ്റിക്കാണുമോ, അതിന് വിശക്കില്ലേ ആ കിളിയുടെ അമ്മ വന്ന അതിന് തീറ്റി കൊടുത്തു കാണുമോ? ഇനിയും മഴ വന്നാൽ അതിന് നനയില്ലേ, തണുക്കില്ലേ? അങ്ങനെ നൂറായിരം ആകുല വിചാരങ്ങൾ അവൻറെ കുഞ്ഞു മനസ്സിലൂടെ കടന്നുപോയി.

വൈകിട്ട് വന്നപ്പോൾ അവൻ ആദ്യം നോക്കിയത് ആ കിളിക്കൂട് ആയിരുന്നു അപ്പോഴും ആ കുഞ്ഞു കിളിക്ക് ജീവൻ ഉണ്ടെന്ന് അറിഞ്ഞത് അവനെ സന്തോഷിപ്പിച്ചു. എന്നാൽ രാവിലെ തല ഉയർത്തിയിരുന്ന ആ കിളിക്കുഞ്ഞ് ഇപ്പോൾ തല ഉയർത്താനാവാതെ ക്ഷീണിച്ചു കിടക്കുന്നത് അവനെ വിഷമിപ്പിച്ചു.

ബാഗ് കൊണ്ടു വച്ചിട്ട് ഒന്നും കഴിക്കുക പോലും ചെയ്യാതെ അവൻ ഓടിവന്ന് ആ കിളിക്കുഞ്ഞിനെ കയ്യിലെടുത്തു. അവശതയോടെ അത് തല പൊക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

മുരളി ഓടിച്ചെന്ന് ഒരു പാത്രത്തിൽ കുറച്ച് വെള്ളം കൊണ്ടുവന്ന് അതിൻറെ വായിലേക്ക് വിരൽത്തുമ്പിലൂടെ ഇറ്റിച്ചു കൊടുത്തു. പ്രാണജലം ഒരല്പം ഉള്ളിലെത്തിയപ്പോൾ ആ കുഞ്ഞു ജീവൻ പിടഞ്ഞുണർന്നു. ഒരു നിമിഷത്തിനു ശേഷം വീണ്ടും തളർന്നു കിടന്നു.

“പള്ളിക്കൂടത്തിൽ നിന്നും വന്ന ഈ ചെറുക്കൻ ബാഗും കളഞ്ഞിട്ട് ഇതെവിടെ പോയി. എടാ നീ എവിടാ? എന്നും ബാഗ് എങ്ങോട്ടെങ്കിലും എറിഞ്ഞിട്ട് കൈകാലുകൾ പോലും കഴുകാതെ അടുക്കളയിലേക്ക് ഓടുന്ന ഈ ചെറുക്കന് ഇന്നെന്തു പറ്റി?”

വിളിച്ചുകൊണ്ട് അമ്മ മുറ്റത്തെത്തി. അവൻ ഓടി പൂമുഖത്ത് വന്നു. അമ്മയുടെ പുറകെ അടുക്കളയിൽ എത്തി എന്തോ കഴിച്ചെന്നു വരുത്തി വീണ്ടും ഓടി കിളിയുടെ അരികിലെത്തി.

അപ്പോൾ അവൻറെ കയ്യിൽ ഒരു പാത്രത്തിൽ അമ്മ കാണാതെ എടുത്ത കുറച്ച് ചോറും വെള്ളവും ഉണ്ടായിരുന്നു.

മുമ്പ് വീട്ടിൽ വളർത്തിയിരുന്ന മൈനയ്ക്ക് ആഹാരം കൊടുക്കുന്നത് അവൻ കണ്ടിരുന്നു. ആ ഓർമ്മയിൽ ഓരോ ചോറും ഞെക്കിയുടച്ച് പരുവമാക്കി വളരെ ശ്രദ്ധയോടെ അവൻ ആ കുഞ്ഞിക്കിളിയുടെ വായിലേക്ക് വെച്ചുകൊടുത്തു. ഇടയ്ക്കിടെ വിരൽ തൊട്ട് തുള്ളി തുള്ളിയായി വെള്ളവും ഇറ്റിച്ചു കൊടുത്തു. ഇപ്പോൾ ആ കുഞ്ഞിക്കിളിക്ക് കുറെക്കൂടി ഉണർവ്വ് വന്നതുപോലെ അവന് തോന്നി.

ഇനി ഇതിനെ അമ്മയുടെ സമ്മതത്തോടെ വളർത്തണം. അതാണ് പ്രയാസം. കാരണം, മുമ്പുണ്ടായിരുന്ന മൈന ചത്തു പോയപ്പോൾ അതിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന കുടുംബാംഗങ്ങൾ എല്ലാവരും വളരെ ദുഖിച്ചത് അവൻ ഓർത്തു. അന്ന് തീരുമാനിച്ചതാണ് ഇനിയൊരു കിളിയേയും വീട്ടിൽ വളർത്തില്ലെന്ന്.

പെട്ടെന്ന് അവൻ എന്തോ ഓർത്തത് പോലെ പിന്നാമ്പുറത്ത് പഴയ സാധനങ്ങളും വിറകുകളും ഒക്കെ കൂട്ടിയിട്ടിരിക്കുന്ന ചായ്പ്പിലേക്ക് ഓടി. വളരെ നേരത്തെ തിരച്ചിലിനു ശേഷം അവൻ ഒരു പഴയ കിളിക്കൂട് കണ്ടെടുത്തു. ഒരല്പമൊക്കെ തുരുമ്പിച്ചു എന്നല്ലാതെ വലിയ കുഴപ്പമൊന്നും ആ കൂടിന് സംഭവിച്ചിട്ടില്ലായിരുന്നു.

കുറെ നേരമായി അവൻറെ ഒരനക്കവും കേൾക്കാതെ വന്നപ്പോൾ അമ്മ ശബ്ദമുണ്ടാക്കാതെ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് കിളിക്കൂടുമായി ഇറങ്ങിയുള്ള മുരളിയുടെ വരവ്.

“എന്താടാ അവിടെ? എന്തോ കള്ളത്തരം ഉണ്ടല്ലോ ആ മുഖത്ത്. ഈ കൂട് ഇപ്പോൾ എന്തിനാണ്?”

“ഓ ഒന്നുമില്ല. വെറുതെ എടുത്തതാണ്”

“അതൊന്നുമല്ല, രാവിലെ മുതൽ നിന്നെ ഞാൻ ശ്രദ്ധിക്കുന്നു എന്തോ കള്ളത്തരം ഒപ്പിച്ച മട്ടുണ്ടല്ലോ. എന്താ പറ”

“അമ്മ വഴക്ക് പറയരുത്. പറയുമോ?

“നീ ചിണുങ്ങാതെ കാര്യം പറ. കേട്ടിട്ട് തീരുമാനിക്കാം വഴക്ക് പറയണോ വേണ്ടയോ എന്ന്”

“അമ്മേ ഒരു കാര്യം കാണിക്കാം വാ” എന്ന് പറഞ്ഞ് കൂട് അവിടെ ഇട്ടിട്ട് അമ്മയുടെ കയ്യിൽ പിടിച്ച് അവൻ വീടിൻറെ മുമ്പിലുള്ള വേലിക്കലേക്ക് എത്തിച്ചു .

“അമ്മേ ഇത് കണ്ടോ പാവം ആ കിളിക്കുഞ്ഞ് അത് ചാവാറായി. അതിനെ നമുക്ക് എടുത്ത് വളർത്താം. ഈ പഴയ കൂടും ഉണ്ടല്ലോ”

അവരുടെ ശബ്ദം കേട്ട് അവശനിലയിൽ ആയ ആ കുഞ്ഞുക്കിളി ഒന്ന് തലപൊക്കി നോക്കിയിട്ട് വീണ്ടും ക്ഷീണിച്ചു കിടന്നു. നീണ്ട കഴുത്തും അവിടവിടെയായി മാത്രം കിളിർത്തു വരുന്ന തൂവലുകളും നീല ഞരമ്പുകളും. ആ കുഞ്ഞിക്കിളിയെ കണ്ടപ്പോൾ ആ മാതൃമനം ഒന്ന് പിടഞ്ഞുവെങ്കിലും പഴയ അനുഭവം ഓർത്ത് അവർ അവനെ പ്രോത്സാഹിപ്പിച്ചില്ല

“വേണ്ട വേണ്ട അതിനെ അവിടെത്തന്നെ കളഞ്ഞേക്ക്. അതിൻറെ തള്ളക്കിളി വന്ന് കൊണ്ടു പൊയ്ക്കോളും അച്ഛനും ചേച്ചിയും ഒട്ടും സമ്മതിക്കില്ല”

“കഷ്ടമല്ലേ അമ്മേ. നോക്കിക്കേ എത്ര പാവമാണ് അത്. നമ്മൾ ഇട്ടിട്ടുപോയാൽ അത് ചത്തു പോവില്ലേ. അമ്മ ഒന്ന് സമ്മതിച്ചാൽ മതി. അച്ഛനോടും ചേച്ചിയോടും ഇപ്പോൾ പറയണ്ട. പിന്നീട് പറയാം. അതുവരെ നമുക്ക് ഇതിനെ പാത്തു വയ്ക്കാം”

അമ്മയുടെ മനസ്സലിയാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് സമ്മതിക്കാൻ പറ്റുമോ.

“വേണ്ട, അതൊക്കെ വലിയ പുലിവാലാകും. നീ അതിന്റെ പുറകെ നടന്ന് പഠിക്കാതെ ഉഴപ്പും. ഇപ്പോൾ തന്നെ പഠിത്തത്തെക്കാൾ കൂടുതൽ കളികളിലാണ് നിൻറെ ശ്രദ്ധ. മാർക്കും കുറവല്ലേ”

“ഇല്ലമ്മേ ഞാൻ പഠിച്ചോളാം. അമ്മയാണെ സത്യം. പൊന്നമ്മച്ചിയല്ലേ, ചക്കര അമ്മച്ചി അല്ലേ”

“ങാ മതി മതി സോപ്പിട്ടത്.തൽക്കാലം ഞാൻ സമ്മതിച്ചു. അച്ഛൻ വഴക്കു പറഞ്ഞാൽ ഞാനില്ല ഈ കേസിന്.

“എൻറെ പൊന്നല്ലേ” എന്ന് പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തിട്ട് ഒറ്റയോട്ടത്തിന് അവൻ കൂടിന് അടുത്തെത്തി.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കൂട് വൃത്തിയാക്കി. അതിൽ പഴന്തുണി ഒക്കെ അടുക്കി വച്ച് ആ കുഞ്ഞിക്കിളിയെ അതിൽ പാർപ്പിച്ചു. ഇടവിട്ട് ഇടവിട്ട് പഴവും പാലും ചോറും ഒക്കെ കൊടുത്ത് അവൻ അതിനെ സംരക്ഷിച്ചു.

ആദ്യമൊക്കെ എതിർത്തെങ്കിലും അവൻറെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി അച്ഛനും ചേച്ചിയും സമ്മതിച്ചതോടെ മുരളി സന്തോഷത്തിന്റെ കൊടുമുടിയിലായി

പതിവിന് വിപരീതമായി അവൻ നേരത്തെ തന്നെ ഉണരാൻ തുടങ്ങി. കിളിക്കുഞ്ഞിനെ ശ്രദ്ധിച്ചിട്ട് മാത്രമേ അവൻ സ്വന്തം കാര്യങ്ങൾ നോക്കിയിരുന്നുള്ളൂ

സ്കൂളിൽ പോകും മുമ്പ് പലപ്രാവശ്യം കൂടിനടുത്തെത്തി കിളിക്കുഞ്ഞിൻറെ കാര്യങ്ങൾ നോക്കുമായിരുന്നു അവൻ. വൈകിട്ട് വന്നാലും അങ്ങനെ തന്നെ. ആദ്യം കിളി പിന്നെ മാത്രം അവന്റെ കാര്യങ്ങൾ.കിളിയുടെ കാര്യങ്ങൾ നോക്കിയിട്ട് മാത്രമേ മുരളി വെള്ളം പോലും കുടിക്കുമായിരുന്നുള്ളൂ.

വെളിയിൽ കളിക്കാൻ പോകുന്നത് നിർത്തി. ഹോംവർക്ക് കൃത്യമായി അന്നന്ന് ചെയ്തുതീർത്തു. പഠിക്കാൻ ഉള്ളതും പഠിച്ചു. ഇതിൻറെയൊക്കെയുള്ള ഇടവേളകളിൽ അവൻ ഓടി വന്ന് കിളിയുടെ കുശലം അന്വേഷിക്കാനും മറന്നില്ല.

കിളിയെ കിട്ടിയതിനു ശേഷം മുരളിയിൽ ഉണ്ടായ മാറ്റം കുടുംബാംഗങ്ങളെയെല്ലാം സന്തോഷത്തിലാഴ്ത്തി. അവരും പതിയെ പതിയെ ആ കിളിയെ സ്നേഹിക്കാൻ തുടങ്ങി. എല്ലാവരും കൂടി അതിന് സ്നേഹത്തോടെ “ചിങ്കാരി” എന്ന് പേരുമിട്ടു.

എല്ലാവരുടെയും നിരന്തരമായ പരിചരണത്തിലൂടെ ആ കിളിക്ക് പുതു ജീവൻ വെച്ചു. സുന്ദരമായ പച്ച തൂവലുകൾ വന്നു, ചുവന്ന തത്തമ്മ ചുണ്ടുകൾ കൂടുതൽ ആകർഷകവും മനോഹരവും ആയി. കൂട്ടിനുള്ളിൽ ചാടിയും പറന്നും കളിക്കാൻ ആരംഭിച്ച ചിങ്കാരി മുരളിയെ കാണുമ്പോൾ ചിറകടിച്ച് പറന്ന് തൻറെ സന്തോഷം പ്രകടിപ്പിക്കാനും തുടങ്ങി.

അടുത്ത ഘട്ടം ആ തത്തമ്മക്കുഞ്ഞിനെ സംസാരിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു. അതിനായി വീട്ടിലുള്ള ഓരോരുത്തരും ചെറിയ ചെറിയ വാക്കുകൾ പറഞ്ഞ് അതിനെ പരിശീലിപ്പിക്കാൻ തുടങ്ങി. ആദ്യമൊക്കെ അസ്പഷ്ടമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചിരുന്ന ചിങ്കാരി കാലക്രമേണ ഓരോ വാക്കുകളും വ്യക്തമായി പറയാൻ തുടങ്ങി. അമ്മ, അച്ഛൻ, ചേച്ചി, മുരളി, ചിങ്കാരി എന്നീ വാക്കുകളൊക്കെ അവളുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാനും തുടങ്ങി.

പിന്നെപ്പിന്നെ, “അമ്മേ ചിങ്കാരിക്ക് വിശക്കുന്നു, ചിങ്കാരിക്ക് വെള്ളം വേണം, ചിങ്കാരിക്ക് കുളിക്കണം, മുരളി വന്നേ, ദാണ്ടെ മീൻകാരൻ വിളിക്കുന്നു, ഇന്നിതുവരെ പത്രം വന്നില്ലേ” എന്നിങ്ങനെയൊക്കെ പറയാനും തുടങ്ങി.

സന്ധ്യ കഴിഞ്ഞാൽ അതിനെ കൂടോടുകൂടി മുറിയിലാക്കും. പിന്നീട് അമ്മയുടെ സീരിയൽ കാണുകയും അതിലെ സംഭാഷണങ്ങൾ പഠിക്കുകയുമാണ് അവളുടെ വിനോദം. ശേഷം ഓരോ സീരിയലിലെയും കഥയും സംഭാഷണങ്ങളും പറയുകയും ചെയ്യുമായിരുന്നു.

കാലചക്രം പതിവ് തെറ്റാതെ ഓടിക്കൊണ്ടിരുന്നു.മകൾ രമണിയ്ക്ക് തരക്കേടില്ലാത്ത ഒരാലോചന വന്നപ്പോൾ അവരത് നടത്താൻ തീരുമാനിച്ചു. സർക്കാർ ജീവനക്കാരൻ ആയ സജീവനെ ആദ്യ കാഴ്ചയിൽത്തന്നെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. നല്ല തങ്കപ്പെട്ട ചെറുപ്പക്കാരൻ, അതായിരുന്നു എല്ലാവരുടെയും അഭിപ്രായം.

വിവാഹശേഷം രമണി ഭർത്തൃഭവനത്തിലേക്ക് പോയപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചത് ചിങ്കാരി ആയിരുന്നു. കുറെ ദിവസത്തേക്ക് അവൾ സംസാരിക്കുകയോ ശരിക്ക് ആഹാരം കഴിക്കുകയോ ചെയ്തില്ല.

ഇടയ്ക്കിടെ “രമണീ, രമണീ”, എന്ന് വിളിക്കും. “രമണി വന്നില്ലേ, എന്താ വരാത്തത്” എന്ന് ചോദിച്ചുകൊണ്ടിരിക്കും.

ഒടുവിൽ എല്ലാവരും കൂടി ആലോചിച്ച് ചിങ്കാരിയെ സജീവന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. മുരളിയുടെ വീട്ടിൽ കിട്ടിയിരുന്ന സ്നേഹവും പരിലാളനവും സജീവന്റെ വീട്ടിൽ നിന്ന് കിട്ടിയില്ലെങ്കിലും രമണിയും ചിങ്കാരിയും തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും വന്നില്ല.

സജീവന്റെയും അവന്റെ അമ്മയുടെയും നീരസം കാര്യമാക്കാതെ രമണി ചിങ്കാരിയെ നല്ലപോലെ പരിചരിച്ചു പോന്നു. ഇത് പലപ്പോഴും സജീവനിൽ ചിങ്കാരിയോടുള്ള ദേഷ്യത്തിനും വൈരാഗ്യത്തിനും കാരണമായി.

തന്നേക്കാൾ സ്നേഹവും പരിഗണനയും വെറുമൊരു കിളിക്ക് രമണി നൽകുന്നതിൽ അയാൾ പലപ്പോഴും അസ്വസ്ഥനായിരുന്നു.

അച്ഛൻ സർക്കാർ ജോലിയിൽ ഇരിക്കെ മരിച്ചത് കൊണ്ട് ആശ്രിത നിയമനമായി കിട്ടിയതാണ് സജീവന് ഈ ജോലി. അലസനും മദ്യപാനിയും ഒക്കെ ആയിരുന്ന അയാളെ നന്നാക്കുവാൻ വീട്ടുകാർ കണ്ടെത്തിയ മരുന്നായിരുന്നു വിവാഹം. ആ ശ്രമം പരാജയമായി എന്ന് മാത്രമല്ല, കൂടുതൽ അപകടകരവും ആയിത്തീർന്നു.

മധുവിധുവിന്റെ മധുരം കുറഞ്ഞപ്പോൾ മുതൽ സജീവൻ സ്ത്രീധന ബാക്കി ചോദിച്ച് രമണിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. വീട്ടിലെ അവസ്ഥ അറിയാമായിരുന്ന അവൾ ഓരോ പ്രാവശ്യവും അയാളെ സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇത് പറഞ്ഞ് അവർ തമ്മിൽ പലപ്പോഴും വഴക്കുണ്ടായി. സജീവന്റെ വഴക്കുകൾക്ക് ഒക്കെ അവന്റെ അമ്മയുടെ നിശബ്ദ പിന്തുണയും ഉണ്ടായിരുന്നു.

ഒന്നു രണ്ട് പ്രാവശ്യം പണം വാങ്ങിക്കൊണ്ടുവരാൻ അവളെ തനിയെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. വീട്ടിലെ സ്ഥിതിഗതികൾ കണ്ടിട്ട് ഒന്നും ചോദിക്കാനാവാത്ത അവസ്ഥ ആയിരുന്നു രമണിയ്ക്.

“പണം അധികം താമസിയാതെ എത്തിക്കാം എന്ന് സജീവനോട് പറയണം. കേട്ടോ മോളെ”

മകളുടെ പ്രയാസം മനസ്സിലാക്കിയ അച്ഛൻ ഒന്നും പറയാതെ തന്നെ അവളെ സമാധാനിപ്പിച്ച് മടക്കി അയച്ചു. അപ്പോഴും എങ്ങനെ കൊടുക്കുമെന്ന് ആ വൃദ്ധപിതാവിന് അറിയില്ലായിരുന്നു. വിവാഹത്തിന്റെ കടം ഇപ്പോഴും തീർന്നിട്ടില്ല.

വീട്ടിൽ നിന്നും പണമൊന്നും ലഭിക്കാതെ തിരികെ വരുന്ന രമണിയ്ക്ക് വഴക്കിന് പുറമെ മർദ്ദനവും ഏൽക്കേണ്ടി വന്നു. ഇതിനെല്ലാം മൂക സാക്ഷിയായ ചിങ്കാരി ആദ്യമൊക്കെ കൂട്ടിൽ കിടന്ന് ബഹളം വയ്ക്കുമായിരുന്നു. അതിന്റെ പേരിൽ പലപ്പോഴും ചിങ്കാരിക്ക് ആഹാരവും വെള്ളവും പോലും നിഷേധിക്കപ്പെട്ടു. ഒടുവിലൊടുവിൽ അവളും നിശബ്ദയായി.

എല്ലാ പീഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവസാനം പാവം രമണി ഈ ലോകത്തിനോട് തന്നെ വിടപറഞ്ഞു.

സജീവന്റെ വീട്ടിലെത്തിയ രമണിയുടെ കുടുംബത്തിന് ചേതനയറ്റ് കിടക്കുന്ന അവളുടെ ശരീരം കണ്ടിട്ട് അലമുറയിട്ട് കരയാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.

അവരെ കണ്ടതും കുറെ നാളുകളായി നിശ്ശബ്ദയായിരുന്ന ചിങ്കാരി ചിറകിട്ടടിച്ച് സന്തോഷം പ്രകടിപ്പിക്കുകയും അവരെ ഓരോരുത്തരെയും പേര് ചൊല്ലി വിളിക്കുകയും ചെയ്തു. മകളുടെ വേർപാടിന്റെ വേദനയിക്കിടയിൽ ചിങ്കാരിയുടെ സന്തോഷത്തിൽ പങ്കു ചേരാൻ അവർക്ക് കഴിയുമായിരുന്നില്ല.

“അച്ഛാ, അമ്മേ, ചിങ്കാരിയെക്കൂടി വീട്ടിൽ കൊണ്ടുപോണെ, അല്ലെങ്കിൽ, ഇവർ രമണിയെ കൊന്നതുപോലെ എന്നെയും കൊല്ലും. എനിക്ക് പേടിയാകുന്നു”

ഒടുവിൽ അച്ഛൻ ചിങ്കാരിയുടെ അടുത്ത് വന്നപ്പോൾ പറഞ്ഞ വാക്കുകൾ അയൽവാസികളും മറ്റ് ബന്ധു മിത്രാദികളും ഒരു ഞെട്ടലോടെയാണ് കേട്ടത്.

സ്വാഭാവിക മരണമെന്ന് കരുതി അന്ത്യകർമ്മങ്ങൾക്ക് തയ്യാറെടുത്തു കൊണ്ടിരുന്നവർ എല്ലാം ഒരു നിമിഷം സ്തബ്ധരായിപ്പോയി. പെട്ടെന്ന് എല്ലാം നിശ്ചലമായി.

കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വച്ചു. പരസ്പരം ഓരോന്ന് പറയാനും തുടങ്ങി.

മുരളിയുടെ അച്ഛന് നേരത്തെ തന്നെ ചെറിയ സംശയം ഉണ്ടായിരുന്നെങ്കിലും അതൊരു വിഷയമാക്കാൻ ആ പാവം മനുഷ്യൻ ആഗ്രഹിച്ചിരുന്നില്ല. ഇനി എന്തൊക്കെ പറഞ്ഞാലും നഷ്ടപ്പെട്ട തങ്ങളുടെ മകൾ തിരിച്ചുവരില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ഒടുവിൽ പോലീസ് വന്നു, മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. റിപ്പോർട്ട് വന്നപ്പോൾ രമണിയുടെ ശരീരത്തിൽ മർദ്ദനം ഏറ്റതിന്റെ പാടുകൾ ഉണ്ടെന്നും അടിവയറിന് ഏറ്റ ശക്തമായ ക്ഷതമാണ് മരണ കാരണം എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തലയുടെ പുറകിൽ രക്തം കട്ടപിടിച്ചിരുന്നതും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. രക്തം പുറത്തേക്ക് വരാഞ്ഞത് അയാൾക്ക് തൽക്കാല രക്ഷയായി.

ഒടുവിൽ സജീവനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ അയാൾ എല്ലാം ഏറ്റുപറഞ്ഞു. അടിവയറ്റിൽ ചവിട്ടുകൊണ്ട രമണി പുറകിലേക്ക് മറിഞ്ഞു വീണപ്പോൾ തല ശക്തിയായി മേശയുടെ അരികിൽ ഇടിക്കുകയായിരുന്നു.

എല്ലാത്തിനും സാക്ഷിയായ ചിങ്കാരിയെയും കൂട്ടി അവർ വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങി.

Related tags : AnandanStory

Previous Post

ഗൾഫ് യുദ്ധം കേരളത്തിലെത്തുമ്പോൾ…

Related Articles

കഥ

ലോകത്തെ നെയ്ത്തു പഠിപ്പിച്ച പെൺകുട്ടി

കഥ

പാവാട

കഥ

അതികായൻ

കഥ

ചിന്തയുടെ നിഴലുകൾ

കഥ

പ്ലേ-ലഹരിസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം. എസ്. ആനന്ദൻ, പൂനെ

തത്തമ്മ സാക്ഷി

എം. എസ്. ആനന്ദൻ, പൂനെ 

“അമ്മേ” “എന്താടാ” “ഇങ്ങോട്ട് വന്നേ, ദാണ്ടേ മിറ്റത്ത് ഒരു കിളിക്കൂട് കിടക്കുന്നു. ഒരു കിളിക്കുഞ്ഞും...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven