ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വളർച്ചാ സാധ്യതകളെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
25% താരിഫ് നിരക്കിന് പുറമേ ട്രംപ് വ്യക്തമാക്കിയിട്ടില്ലാത്ത പിഴയും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഇത് എത്രത്തോളം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വ്യക്തമല്ല.
താരിഫുകൾ സാധാരണയായി മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഈടാക്കുന്ന നികുതികളാണ്. ഉയർന്ന താരിഫുകൾ കയറ്റുമതിക്കാരെ പരോക്ഷമായി ബാധിക്കുന്നു, കാരണം ഈ നികുതികൾ അന്തിമ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ചെലവേറിയതാക്കുകയും ആവശ്യകത കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. മത്സരക്ഷമത നിലനിർത്തുന്നതിനായി കയറ്റുമതിക്കാരെ വില കുറയ്ക്കാൻ ഇത് നിർബന്ധിതരാക്കും, ഇത് അവരുടെ ലാഭത്തെ ബാധിക്കും.
റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സമയത്ത്, റഷ്യൻ എണ്ണയും ആയുധങ്ങളും വാങ്ങിയതിന് ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ട്രംപ് ബുധനാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
തീരുമാനത്തിന്റെ യഥാർത്ഥ സാമ്പത്തിക ആഘാതം നിർണ്ണയിക്കാൻ പിഴയുടെ സൂക്ഷ്മരൂപത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിർണായകമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
“യുഎസ് ഇപ്പോൾ നിർദ്ദേശിക്കുന്ന താരിഫ് (നികുതി) നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതലാണ്, അതിനാൽ ഇന്ത്യയുടെ ജിഡിപി വളർച്ചയ്ക്ക് ഒരു തിരിച്ചടിയാകാൻ സാധ്യതയുണ്ട്. പ്രതികൂലാവസ്ഥയുടെ വ്യാപ്തി ചുമത്തുന്ന പിഴകളുടെ വലുപ്പത്തെ ആശ്രയിച്ചിരിക്കും,” റേറ്റിംഗ് ഏജൻസിയായ ഇക്രയിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായ അദിതി നായർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
താരിഫ് വർധനവിന്റെ പ്രതികൂല ആഘാതം കാരണം ഇക്ര ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) പ്രവചനം 6.5% ൽ നിന്ന് 6.2% ആയി കുറച്ചിരുന്നു.
താരിഫുകൾ “നെഗറ്റീവ് വളർച്ച” ആണെന്നും പ്രഖ്യാപനങ്ങളുടെ ഫലമായി ഇന്ത്യയുടെ ജിഡിപി 0.2% വരെ ഇടിവ് സംഭവിക്കുമെന്നും മറ്റൊരു ബ്രോക്കറേജ് കമ്പനിയായ നോമുറ പറഞ്ഞു.
വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണികൾ ഈ വാർത്തകളോട് പ്രതികൂലമായി പ്രതികരിച്ചു, ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ വിപണി നഷ്ടത്തിലായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിനായി നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്, യുഎസിനെ സമാധാനിപ്പിക്കാൻ ഡൽഹി ബർബൺ വിസ്‌കി, മോട്ടോർ സൈക്കിളുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുകയും ചെയ്തു. എന്നാൽ യുഎസ് ഇന്ത്യയുമായി 45 ബില്യൺ ഡോളർ (ഏകദേശം 40,000 കോടി രൂപ) വ്യാപാര കമ്മി നേരിടുന്നു, ഇത് കുറയ്ക്കാനാണ് ട്രംപിന്റെ നീക്കം.
റഷ്യൻ എണ്ണ പ്രതിക്കൂട്ടിൽ
25% താരിഫും അധിക പിഴയും ഏർപ്പെടുത്തുന്നത് വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയെ കൂടുതൽ മോശമാക്കും,
ജനീവയിലും ലണ്ടനിലും നടന്ന ചർച്ചകൾക്ക് ശേഷം ചൈനീസ് ഇറക്കുമതികൾക്കുള്ള യുഎസ് താരിഫ് 145% ൽ നിന്ന് 30% ആയി കുറഞ്ഞു. ദീർഘകാല വ്യാപാര കരാറിലെത്താൻ ഇരുപക്ഷത്തിനും ഇപ്പോൾ ഓഗസ്റ്റ് 12 വരെ സമയമുണ്ട്. ഏപ്രിലിൽ നിർദ്ദേശിച്ച 46% ലെവിയുമായി താരതമ്യപ്പെടുത്തുമ്പോൾ 20% താരിഫ് ഈടാക്കാൻ സമ്മതിച്ചുകൊണ്ട് ട്രംപ് ജൂലൈ ആദ്യം വിയറ്റ്നാമുമായി ഒരു കരാറിൽ ഒപ്പുവച്ചു.
ഇന്ത്യയുടെ താരിഫ് ഈ രാജ്യങ്ങളേക്കാൾ കുറവല്ലാത്തതിനാൽ, തുണിത്തരങ്ങൾ പോലുള്ള മേഖലകളിലെ കയറ്റുമതി വിതരണ ശൃംഖലകൾ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടാൻ ഇപ്പോൾ സാധ്യതയില്ല.
“താരിഫ് നിലനിർത്തിയാൽ, ഉഭയകക്ഷി വ്യാപാരം പ്രത്യേകിച്ച് ശക്തമായിരുന്ന സമുദ്രോൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, തുകൽ, ഓട്ടോമൊബൈലുകൾ തുടങ്ങിയ പ്രധാന മേഖലകളെ ഈ നീക്കം നേരിട്ട് ബാധിച്ചേക്കാം,” വിദഗ്ദ്ധർ പറയുന്നു.
ഈ നീക്കം നിർഭാഗ്യകരവും ഇന്ത്യയുടെ കയറ്റുമതിയിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നതുമാണെങ്കിലും, ഉയർന്ന താരിഫുകൾ ഒരു ഹ്രസ്വകാല പ്രതിഭാസമായിരിക്കുമെന്നും ഇരുപക്ഷവും തമ്മിലുള്ള ഒരു സ്ഥിരമായ വ്യാപാര കരാർ ഉടൻ അന്തിമമാകുമെന്നും പ്രതീക്ഷിക്കുന്നതായി വ്യവസായ സംഘടനയായ ഫിക്കിയുടെ പ്രസിഡന്റ് ഹർഷ വർധൻ അഗർവാൾ പറഞ്ഞു.
താരിഫുകൾ അമേരിക്കൻ വ്യാപാരികളും ഇന്ത്യൻ വിൽപ്പനക്കാരും തമ്മിൽ പുതിയ വില ചർച്ചകൾക്ക് കാരണമാകും. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ കയറ്റുമതി വിപണിയാണ് യുഎസ്.