• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം അപകടവും: കെ. സച്ചിദാനന്ദൻ

ടി.കെ. മുരളീധരൻ/ കെ. വി. മണിരാജ് March 30, 2020 0

25-വർഷം മുമ്പെഴുതിയ ‘ഇന്ത്യൻ കവി’ എന്ന കവിതയിൽ താങ്കൾ പറയുന്നു, ഒരു ഇന്ത്യൻ കവി മൂന്നു മുഖമുള്ള ദൈവമാണെന്നും അത് ഭൂതകാലത്തിന്റെ കുതിരയാണെന്നും. അങ്ങനെ നോക്കുമ്പോൾ പുതിയ തലമുറയിലെ കവികളെ എങ്ങനെ വിലയിരുത്തുന്നു?
പുതിയ തലമുറയിലെ കവികളെ പൂർണമായി വിലയിരുത്താൻ എനിക്കാവില്ല. പക്ഷെ പല കാര്യത്തിലും പുതിയ കവികൾ ഞങ്ങളേക്കാളും ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് ഭാഷയുടെ കാര്യത്തിൽ, ഭാഷയുടെ ഒതുക്കത്തിന്റെ കാര്യത്തിൽ, ധ്വനിയുടെ കാര്യത്തിൽ.

രൂപം അതായതു ഫോം എന്നതിലേക്കുള്ള ഒരു ചായ്‌വ് ഈ കവികൾക്കുണ്ടെന്ന് ഞാൻ കരുതുന്നു. അതേസമയം ഒട്ടുംതന്നെ സമൂഹത്തോട് ഒരു കമിറ്റ്‌മെന്റുമില്ലാത്ത കവികളാണ് ഇവർ എന്നും ഞാൻ പറയില്ല. പി.എൻ. ഗോപീകൃഷ്ണന്റെയും ഇടയ്‌ക്കെങ്കിലും അൻവറിന്റെയും കവിതകൾ ഇതിന് ഉദാഹരണമാണ്. അതുപോലെ തന്നെ ഡി. അനിൽകുമാറിന്റെയും അശോകൻ മറയൂരിന്റെയും കവിതകjൾ നോക്കിയാലും ഇത് കാണാം. ഞങ്ങൾ എഴുപതിലൂടെ കടന്നുപോയവരാണ്. ആ കാലത്തെ അനുഭവം ഞങ്ങളുടെ കവിതയിൽ കാണാം. അവർക്ക് വേറെ ഒരു അനുഭവമാണുള്ളത്.

ഞാൻ കുടിച്ച വീഞ്ഞല്ല, വിഷമാണ് എന്നെ കവിതയിലേക്കെത്തിച്ചതെന്ന് താങ്കളെഴുതിയിരുന്നു. ഈ ആശയം താങ്കളുടെ വരികളിലൂടെ പിന്തുടർന്നുപോന്നിട്ടുമുണ്ട്. ഈ ആശയം താങ്കളുടെ കവിതയുടെ അടിത്തറയായി കാണുമ്പോൾ, എന്നും മനുഷ്യപക്ഷത്ത് നിൽക്കുന്ന കവിയായി കാണുമ്പോൾ, കവിതയിൽ ആശയങ്ങൾ മുഴച്ചുനിൽക്കുകയും കവിത പിന്നിലേക്ക് പോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവില്ലേ?

എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എന്റെ കവിതകൾ കൂടുതലായി ഇന്ത്യൻ ജനത അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമായി 19 ഭാഷകളിലായി 34 സമാഹാരങ്ങൾ എന്റേതായിട്ടുണ്ട്. അവിടെയൊക്കെ വായനക്കാരുടെ സ്‌നേഹവും ബഹുമാനവും ഞാൻ അനുഭവിക്കുന്നു. അതുകൊണ്ടുതന്നെയാവാം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും എന്റെ കവിത അംഗീകരിക്കുന്നതും മറ്റു രാജ്യങ്ങളിലേക്ക് എന്നെ ക്ഷണിക്കുന്നതും. അത് എന്റെ കവിതയ്ക്കുള്ള ആദരവായി കാണുന്നു.

സൗന്ദര്യബോധത്തിന്റെ കാര്യത്തിൽ എന്റെ കവിതകൾ പിന്നോട്ടു പോയതായി എനിക്ക് തോന്നിയിട്ടില്ല. എല്ലാ കാലത്തും കവിതയിൽ വൈവിധ്യം പ്രകടിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കവിക്കും ഒരേ ശൈലിയല്ല ഉള്ളത്. ആശാന്റെ കവിത ശ്രദ്ധിച്ചാൽ നമുക്കത് കാണാൻ കഴിയും. നമ്മുടെ ജീവിതത്തിന്റെ അനുഭവം ആവിഷ്‌കരിക്കലാണ് ഓരോ ആളുടെയും കവിതകൾ. അനുഭവത്തിന്റെ വ്യത്യാസമനുസരിച്ച് ഭാഷയിലും വ്യത്യാസമുണ്ടാവാം. എനിക്ക് പുതിയ അനുഭവമുണ്ടാകുമ്പോൾ ഞാൻ എന്റെ കവിത പുതുക്കിപ്പണിതിട്ടുണ്ട്.

ഒരിക്കലും ഞാൻ അവകാശപ്പെടില്ല ഞാൻ എഴുതിയ എല്ലാ കവിതകളും മഹത്തരമാണെന്ന്. ഞാനൊരു പുതിയ കവിത എഴുതുമ്പോൾ ഒരു തുടക്കക്കാരന്റെ പരിഭവവും ഉത്കണ്ഠയും എന്നിലുണ്ടാവാറുണ്ട്. ഞാനൊരു മാസ്റ്റർ പോയറ്റല്ല. എന്ത് വിഷയം തന്നാലും കവിതയാക്കാൻ പറ്റുന്ന ആളല്ല ഞാൻ. എന്നെ അഗാധമായി സ്പർശിച്ച കാര്യം മാത്രമേ ഞാൻ കവിതയാക്കാറുള്ളൂ. അത് സ്വകാര്യമായാലും പൊതുകാര്യമായാലും. വ്യക്തിപരമായ നൈരാശ്യങ്ങളാവാം, അല്ലെങ്കിൽ സാമൂഹ്യമായ കാഴ്ചപ്പാടാവാം. അത് നല്ലതോ ചീത്തയോ എന്ന് നിർണയിക്കുന്നത് വായനക്കാരാണ്.


സോഷ്യൽ മീഡിയകളിൽ നിറഞ്ഞെഴുതുമ്പോഴും, സമകാലിക അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചുകാണുക എന്നതുതന്നെയാണ് എല്ലാ ഫേസ്ബുക്ക് കവികളുടെയും ആത്യന്തിക ലക്ഷ്യം എന്ന് തോന്നാറുണ്ട്. ഇത് എന്തുകൊണ്ടാണ്?
വളരെ മൂർത്തമായ രീതിയിൽ കടലാസിൽ അച്ചടിച്ച് ആദ്യം ആനുകാലികങ്ങളിലും പിന്നീട് പുസ്തകമായിട്ടുമൊക്കെ വന്നാലേ തന്റെ സൃഷ്ടിക്ക് നിലനില്പുള്ളൂ എന്ന, വളരെ സാമ്പ്രദായിക രീതിയിലുള്ള ഒരു മാനസികാവസ്ഥയുടെ ഭാഗമായിരിക്കാം ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിച്ചം കാണുന്ന സാഹിത്യ സൃഷ്ടികൾ, കേവലം ഒരു ‘കമന്റ്’ ആയാൽ പോലും, അത് വളരെ താത്കാലികമാണ് എന്ന ഒരു തോന്നൽ നമ്മുടെ ഉള്ളിലുണ്ട്.

2010 ഡിസംബറിൽ ആദ്യമായി ബ്ലോഗ് കവിതകൾ എഡിറ്റു ചെയ്ത് ഡി.സി.ക്കു വേണ്ടി ‘നാലാമിടം’ എെന്നാരു പുസ്തകം ഞാൻ തയ്യാറാക്കിയിരുന്നു. ആറായിരത്തോളം ലിങ്കുകൾ സ്വരൂപിച്ച് അറുപതിനായിരത്തിലധികം കവിതകളിലൂടെ സഞ്ചരിച്ച്, വെറും 60 കവിതകളാണ് എനിക്ക് കണ്ടെത്താനായത്. നല്ല കവിതകളുടെയും ചീത്ത കവിതകളുടെയും ഈ അനുപാതം സൈബർ കവികളുടെ അവിശ്വാസ്യതയ്ക്ക് കാരണമാകുന്നുണ്ട് എെന്നനിക്ക് തോന്നിയിട്ടുണ്ട്.

കവിതയ്ക്ക് ലക്ഷ്യബോധത്തോടു കൂടിയ ഒരു നിരീക്ഷണസംവിധാനത്തിന്റെ അഭാവം അനുഭവപ്പെടുന്നു എന്നാണോ?
അതെ. ആ നിരീക്ഷണ സംവിധാനത്തെയാണ് നാം വിമർശനം എന്നു വിളിക്കുന്നത്. മുൻകാലങ്ങളിലുണ്ടായിരുന്ന ഒരു വിമർശന ജാഗ്രതയ്ക്ക് ഇന്ന് കുറവു സംഭവിച്ചിട്ടുണ്ട്. നല്ല വായനക്കാർക്ക് കുറവുണ്ടായിട്ടില്ല, അതിനെ വേണ്ട രീതിയിൽ അപഗ്രഥിച്ച് എഴുതാൻ കഴിവുള്ളവർ പുതിയ തലമുറയിൽ കുറവാണ്. പരിമിതികളുണ്ടായിരുന്നുവെങ്കിലും പൊതുസ്വീകാര്യരായ വലിയ വിമർശകർ നമുക്കുണ്ടായിരുന്നു. കേസരി തൊട്ട് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാർ, ലീലാവതി, സാനുമാഷ് അങ്ങനെ കുറെ പേർ അടക്കം, ഇങ്ങ് കെ.പി. അപ്പൻ വരെ നീളുന്ന വലിയൊരു വിമർശക നിര. എന്തുകൊണ്ട് ഇന്ന് ഇങ്ങനെയൊരു വിടവ് സംഭവിച്ചു എന്നതിന് കൃത്യമായി ഉത്തരം പറയാനാവില്ല.

എങ്കിലും എനിക്കു തോന്നുന്ന ചില കാര്യങ്ങളുണ്ട്. മലയാളകവിതയിലെ ഒരു നല്ല വിമർശകനാകണമെങ്കിൽ നമ്മുടെ കാവ്യ
പാരമ്പര്യ രീതികളെക്കുറിച്ചുള്ള വ്യക്തമായ ഉറച്ച ധാരണ അത്യാവശ്യമാണ്. ചുരുങ്ങിയത് അദ്ധ്യാത്മ രാമായണവുമായും ആശാൻ കവിതകളുമായും, ഇടശ്ശേരി, വൈലോപ്പിള്ളി, കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ എന്നിങ്ങനെ വലിയ കവികളായി നാം കാണുന്നവരുടെ സൃഷ്ടികളുമായിട്ടുള്ള അടുത്ത പരിചയവും, കിട്ടാവുന്ന മറ്റ് ഇന്ത്യൻ ഭാഷകളിലെ കവിതകളും, ഇന്ത്യയ്ക്കു പുറത്തുള്ള മാസ്റ്റർപീസുകളുമൊക്കെയായി അടുത്ത ഇടപഴകലുമുണ്ടെങ്കിലേ വിവേചനബുദ്ധിയുള്ള നല്ലൊരു വിമർശകനാകാൻ സാധിക്കൂ എന്നെനിക്കു തോന്നുന്നു. ആ തയ്യാറെടുപ്പ് പക്ഷെ, വേണ്ടത്ര സംഭവിക്കുന്നില്ല എന്നതിനാൽ കൂടിയാകാം വിമർശന സാഹിത്യത്തിന്റെ ദൗർബല്യത്തിന് കാരണമാകുന്നത്. പുതിയ കവിതകൾ തിരിച്ചറിയുകയും പഴയ കവിതകളെപ്പറ്റി പുതിയ രീതിയിൽ ചിന്തിക്കുകയും ചെയ്യുന്ന പ്രതീക്ഷയുള്ള ചില പുതിയ എഴുത്തുകാർ, സജയ് കെ.വിയെപോലെ, ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട് എന്നുള്ളത് പ്രതീക്ഷയേകുന്നുമുണ്ട്.

ഗൂഗിൾ മലയാളം സാധ്യമായതോടെ മലയാളികൾ ഉള്ളിടത്തുനിന്നൊക്കെ സാഹിത്യസൃഷ്ടികൾ, പ്രത്യേകിച്ച് കവിതകൾ യഥേഷ്ടം ഉണ്ടാകുന്നുണ്ട്. പല സൈബർ ഇടങ്ങളിലായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. വ്യത്യസ്ത ജീവിതാനുഭവങ്ങൾ പ്രസരിപ്പിക്കുന്ന നല്ല സൃഷ്ടികളെ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ കവിതയ്ക്കു മാത്രമായി ഒരു സംവിധാനം ആവശ്യമല്ലെ?
അയ്യപ്പപണിക്കർ ‘കേരളകവിത’കൊണ്ട് ഇതുതന്നെയാണ് അർത്ഥമാക്കിയിരുന്നത്. കെ.ജി. ശങ്കരപ്പിള്ള സമകാലീന കവിത എന്നൊരു മാസിക നടത്തിയിരുന്നു. അയ്യപ്പപണിക്കരുടെ മരണശേഷം ‘കേരളകവിത’ ഞാൻതന്നെ ഏറ്റെടുത്ത് വാർഷികപ്പതിപ്പ് എന്ന രീതിയിൽ നാലോ അഞ്ചോ പതിപ്പ് ഇറക്കി. ഇതെല്ലാം നിലച്ചുപോകാനുള്ള പ്രധാന കാരണം സാമ്പത്തിക പ്രശ്‌നങ്ങൾതന്നെയായിരുന്നു. കൃത്യമായ വിതരണ ശൃംഖല വേണം. മുടക്കിയ പണമെങ്കിലും തിരിച്ചുകിട്ടാനുള്ള സംവിധാനമുണ്ടെങ്കിലേ ഇത് നിലനിൽക്കൂ. കുറച്ചു വ്യക്തികളുടെ ഇച്ഛാശക്തി കൊണ്ടു മാത്രം ഇത്തരം സംരംഭങ്ങൾ മുന്നോട്ടുപോകില്ല.

സൈബർ മാധ്യമങ്ങൾ വന്നതോടെ ആർക്കും എവിടെയും പ്രസിദ്ധീകരിക്കാം എന്ന അവസ്ഥ വന്നതും ഇങ്ങനെ ഒരു സംവിധാനത്തിന്റെ ആവശ്യകതയെ ഇല്ലാതാക്കി. ന്യൂക്ലിയർ ഫാമിലിയിലെ പരിലാളനങ്ങൾ മാത്രം േകട്ടു വളരുന്ന കുട്ടിയെപ്പോലെ സൈബർ കവിയും വിമർശനങ്ങളെ നേരിടാൻ കെല്പില്ലാതെ, ഒരു ചെറുവൃന്ദത്തിന്റെ ലൈക്കുകളിൽ മാത്രം അഭിരമിക്കുന്നു. ഇങ്ങനെ ഒരു കവിവംശംതന്നെ മലയാളത്തിലെ സൈബർ ഇടങ്ങളിൽ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സ്വന്തം കവിത നല്ലതല്ലെങ്കിൽ അത് തിരിച്ചറിയാനുള്ള, തിരുത്താനുള്ള ഇച്ഛാശക്തി സൂക്ഷിക്കുന്ന കവികൾക്കേ ഈ അവസരത്തിൽ പിടിച്ചുനിൽക്കാനാകൂ.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മലയാളികൾ എഴുതുന്ന നല്ല കവിതകൾ കണ്ണിൽ പെടാറുണ്ട്. ഇതൊക്കെ ഒരുമിച്ചുകൂട്ടി വായനക്കാരിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആവശ്യംതന്നെയാണ്. ഓൺലൈനിൽ എങ്കിലും ഇത്തരത്തിലുള്ള ഒരു
പ്രസിദ്ധീകരണശ്രമം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.


‘ബിനാലെ’ പോലെയുള്ള വലിയ ക്യുറേറ്റഡ് ഷോകളിൽ കവിത ഇൻസ്റ്റലേഷൻസ് കണ്ടിട്ടുണ്ട്. മലയാള കവിതയിലും ഇത്തരം വേറിട്ട പരീക്ഷണങ്ങൾക്ക് സാധ്യതയില്ലേ?
ഇത്തരത്തിലുള്ള രണ്ട് ്രശമങ്ങൾ ഇപ്പോൾ കേരളത്തിൽ നടക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് ‘കാവ്യോത്സവം’ – വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പല പ്രായത്തിലുള്ള, പല മേഖലയിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നുണ്ട്. പട്ടാമ്പി കോളേജിൽ നടക്കുന്ന കവിതയുടെ കാർണിവൽ വലിയ തോതിലല്ലെങ്കിലും ക്യൂറേറ്റഡ് ഷോ തന്നെയാണ്. ബിനാലെയിൽ കണ്ട സൂറിറ്റ(Raul Zurita)യുടെ പോയട്രി ഇൻസ്റ്റലേഷൻ (poetry instalation), കണ്ണീരിന്റെ കടലിൽ നനഞ്ഞു നിന്ന് ദേശാന്തര കുടിയേറ്റങ്ങളുടെ വേദന വായിക്കുന്ന രീതി ഒരു അനുഭവംതന്നെയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഏതാണ്ട് 1930-കളിൽതന്നെ ഇത്തരത്തിലുള്ള സാധ്യതകൾക്കായുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഒക്‌ടോവിയോ പാസിനെ പോലെയുള്ളവർ വളരെ സജീവമായിരുന്ന ഫ്‌ളക്‌സസ്, ബോർഹസ് തുടങ്ങിയ ഗ്രൂപ്പുകൾ, സംഗീതജ്ഞരും ചിത്രകാരന്മാരും കവികളും പ്രസാധകരും ഒക്കെ ചേർന്ന് പരസ്പരം സഹായിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന ഈ ഗ്രൂപ്പുകൾ പുതിയ തരത്തിലുള്ള ഒരു ആർട്ടിനുതന്നെ രൂപംകൊടുക്കുകയുണ്ടായി. അതിന്റെയൊക്കെ ഒരു തുടർച്ച എന്ന രീതിയിൽതന്നെയാണ് പോയട്രി ഇൻസ്റ്റലേഷനുകളെയും കാണേണ്ടത്. കവിതയുടെ കാർണിവൽ പോലെയുള്ള വേദികളിൽ ഭാവിയിൽ ഇത്തരം വലിയ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

കൂടാതെ സൈബർ ഇടങ്ങളിൽ കവിത എഴുതുന്നവർ കടലാസിൽ എഴുതുന്നതിനു പകരം കംപ്യൂട്ടറിൽ എഴുതുന്നു എന്നതല്ലാതെ അതിെന്റ മൾട്ടിമീഡിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല. കവിതയുടെ രൂപംതന്നെ മാറ്റിയെടുക്കാനാവുംവിധം ഹൈപ്പർലിങ്കുകൾ (hyperlinks), വിഷ്വൽ ഇമേജസ് (visual images), സിനിമകൾ, ചിത്രങ്ങൾ ഒക്കെ കവിതയുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിൽ വളരെക്കുറച്ചു മാത്രമേ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.

മൾട്ടി മീഡിയ, ഇന്റർനെറ്റ്, ഇൻസ്റ്റലേഷൻ, മറ്റ് ദൃശ്യമാധ്യമങ്ങൾ – ഒരു സംഘർഷം ആധുനിക കവികൾ അഭിമുഖീകരിക്കുന്നുണ്ടോ?
അതിന്റെ ആവശ്യമില്ല, ഓരോ കവിക്കും അവനവന്റെ കവിതയുമായി മുന്നോട്ടുപോകാൻ കഴിയും. ഇതൊക്കെ തുറന്നുതരുന്ന പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താനും സാധിക്കും. എന്താണ് കവിത എന്ന് നിർവചിക്കാനാവില്ല എന്നല്ലേ പറയാനാകൂ. കവിതയ്ക്കു ചെയ്യാനാവുന്നത് കഥയ്‌ക്കോ നോവലിനോ ചിത്രശില്പകലകൾക്കോ ആവില്ല. ആ ‘അനിവാര്യത’ നിർവചനാതീതമാണ്. ഒരേസമയം ഒരു വെല്ലുവിളിയും ഒരു സാധ്യതയുമായി പുതിയ അന്തരീക്ഷങ്ങളെ കാണാൻ കവികൾക്ക് കഴിയണം.

പ്രസ്താവനകൾ പോലെ കൃത്യമായ ലക്ഷ്യങ്ങൾക്കു വേണ്ടി പ്രചരിപ്പിക്കപ്പെടുന്ന കവിതകൾ സ്വത:സിദ്ധമായ കാവ്യാനുഭവങ്ങളെ നിരാകരിക്കുന്നുണ്ടോ?
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലം തൊട്ടുതന്നെ സമകാലീനസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സാഹിത്യ രചനകൾ ഉണ്ടായിട്ടുള്ളത്. മനുഷ്യാവസ്ഥകളുടെതന്നെ ഒരു രൂപകമായി ഒരു കവിത മാറുമ്പോഴാണ് അതിന് സാർവലൗകികത കൈവരുന്നത്. ഒരു രാഷ്ട്രീയ പ്രസംഗം പോലെ ഒരു കവിതയെഴുതാം. അതേ വിഷയംതന്നെ വളരെ മാനുഷികമായി, എത്രത്തോളം ആഴത്തിൽ പ്രതിഫലിപ്പിക്കാനാകും എന്നത് ആ കവിതയുടെ മൂല്യം വർദ്ധിപ്പിക്കുന്നു. അതായത് ആത്മാംശം ഇല്ല എന്നല്ല, അത് പ്രകടമായ രീതിയിൽ ഇല്ല എന്നേയുള്ളൂ. എഴുത്തുകാരന്റെ കണ്ണ്, മനസ്സ് ഓരോ സൃഷ്ടിക്കു പിന്നിലുമുണ്ടാകും. എത്രമാത്രം സാർവലൗകികമായ അനുഭവമാക്കി അയാളുടെ അനുഭവത്തെ മാറ്റാൻ കഴിയുന്നു എന്നതിലാണ് കാര്യം. ഒരേ സംഭവത്തെക്കുറിച്ചുതന്നെ രചിക്കപ്പെട്ട അഞ്ചോ ആറോ സൃഷ്ടികൾ എടുത്തുവച്ചുനോക്കിയാൽ ഇത് മനസിലാകും.

മലയാളഭാഷയുടെ അക്കാഡമിക് പഠനരീതിയെ കുറിച്ച് എന്തു പറയുന്നു?
ക്ലാസ്മുറികളിൽ കവിത പഠിപ്പിക്കുന്ന രീതിയോട് ഒരു കാലത്തും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അത് കുട്ടികളെ കവിതയോട് അടുപ്പിക്കുകയാണോ അകറ്റുകയാണോ എന്ന സംശയമുണ്ട്. സ്‌കൂൾ കഴിഞ്ഞിട്ട് മലയാളം ക്ലാസിലിരുന്ന് പഠിക്കാതിരുന്നത് ഭാഗ്യമായി കരുതുന്നു ഞാൻ. ഉണ്ടാക്കിവച്ചിട്ടുള്ള മുൻവിധികൾ വച്ചാണ് കവിത പഠിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന് ‘കവിത്രയം’ എന്ന സങ്കല്പം – മൂന്നുപേരും മൂന്നു തലത്തിൽ കവിതയെഴുതിയവരല്ലേ. ഇങ്ങനെയുള്ള ചില മുൻകൂർ സങ്കല്പങ്ങൾ ക്ലാസുകളിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ട്. വളരെ സഹൃദയനായ ഒരു അധ്യാപകന് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞേക്കും. അങ്ങനെയുള്ളവരുടെ എണ്ണം വളരെ പരിമിതമാണ്. മറ്റു, താത്പര്യമുള്ള വിഷയങ്ങൾ അന്വേഷിച്ച് കിട്ടാതെ വരുന്നവരാണ് ഭാഷ പഠിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും. അല്ലെങ്കിൽ കുറഞ്ഞ മാർക്കുള്ളവരോ, കുറഞ്ഞ ബുദ്ധിയുള്ളവരോ ഒക്കെയാണ് സാഹിത്യവിദ്യാർത്ഥികളായി വരുന്നത്. ഇവരാണ് പിന്നീട് ഭാഷാധ്യാപകരായും മാറുന്നത്. സാഹിത്യത്തോട് ഭാഷയോട് അഗാധമായ ആത്മബന്ധം ഉള്ളവരല്ല ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ അതിന്റെ െപാരുളോ ആനന്ദമോ ഒന്നും ക്ലാസുകളിൽ പകരാൻ കഴിയുകയുമില്ല. ഇതിനെയൊക്കെ അതിജീവിച്ച് പുറത്തു കടന്ന് നേടിയെടുക്കുന്ന അറിവുകളാണ് പുതിയ എഴുത്തുകാരെ സൃഷ്ടിക്കുന്നത്.

കാവ്യാസ്വാദനത്തിന്റെ ഉത്തരേന്ത്യാ പാരമ്പര്യം, ഭക്തിപ്രസ്ഥാനം, സൂഫി, മുഷൈര പ്രസ്ഥാനങ്ങൾ നമ്മുടെ കവിതാശൈലിയെ അപേക്ഷിച്ച് കൂടുതൽ ജനകീയമായിരുന്നില്ലേ?
കാവ്യാസ്വാദകർ ഒരുകാലത്തും മഹാഭൂരിപക്ഷമായിരുന്നില്ല. കുറഞ്ഞൊരു കാലം ഭക്തിപ്രസ്ഥാന കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. പക്ഷെ അവർ ആസ്വദിച്ചിരുന്നത് കവിതയായിരുന്നോ, ഭക്തിയായിരുന്നോ എന്ന് ഉറപ്പില്ല. അബ്ദുൾ ലത്തീഫ്, ബുല്ലേഷാ തുടങ്ങിയ സൂഫി കവികളുടെയും കബീർ, തുക്കാറാം, തുളസീദാസ് തുടങ്ങി ഭക്തിപ്രസ്ഥാന കവികളുടെയും കാലഘട്ടത്തിലാണ് കവിത ആ വിധത്തിലുള്ള ഒരു പ്രശസ്തിയിലേക്ക് ഉയർന്നത്. ഭക്തിക്കപ്പുറം പോകുന്ന ചില സംഗതികളും ആ കവിതകളിലുണ്ടായിരുന്നു. പൗരോഹിത്യമായാലും, വർണവ്യവസ്ഥയായാലും, ജാതിവ്യവസ്ഥയായാലും, സംസ്‌കൃത ഭാഷയുടെ മേൽക്കോയ്മയായാലും നിലനിൽക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന സ്വഭാവം ഭക്തിപ്രസ്ഥാന കാലഘട്ടത്തിലെ കവിതയെ സാധാരണക്കാരോട് അടുപ്പിച്ചു. വിപ്ലവകരമായ ആത്മീയത (radical spirituality) എന്നൊക്കെ പറയാവുന്ന അവസ്ഥ, ഇടനിലക്കാരില്ലാതെ ദൈവത്തോട് നേരിട്ട് സംവദിക്കാം എന്നൊരു തോന്നൽ സാധാരണക്കാരിലുണ്ടാക്കാൻ അന്നത്തെ ഭക്തകവികൾക്കു കഴിഞ്ഞു. വാെമാഴിക്കവിതകളാണ് അവർ പാടിനടന്നിരുന്നത്. അപ്പോൾ കേൾവിക്കാർ ധാരാളമുണ്ടാവുക സ്വാഭാവികം.

പിന്നെ മുഷൈരകളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. ആഴത്തിലുള്ള ഒരു കവിതയല്ല അവിടെ കൈകാര്യം ചെയ്യുന്നത്. വാക്കുകൾ കൊണ്ടുള്ള ചില സൂത്രപ്പണികളാണ് അവർ ചെയ്യുന്നത്, സൂപ്പർ പ്രോസ് (ഴേയണറ ൂറമല) എെന്നാക്കെ പറയാവുന്നത്. അതുകൊണ്ടുതന്നെ മുഷൈരകൾ കേൾക്കാൻ ആളുകൾ കൂടുന്നത് കാവ്യാസ്വാദനത്തിന്റെ ഭാഗമായിട്ടല്ല. മിർസാ ഖാലിബിനെ പോലെയോ, അമീർ ഖുസ്രുവിനെ പോലെയോ, മീറിനെ പോലെയോ അഗാധമായ വേദനകളുടെ ലോകം മുഷൈരക്കവികൾ പങ്കുവയ്ക്കുന്നില്ല.

ഇപ്പോൾ ഒരുപാട് ചൊൽകവിതകൾ വരുന്നുണ്ട്. താങ്കളുടെ തലമുറയിലെ കവികൾക്ക് കവിതയുമുണ്ടായിരുന്നു ശബ്ദവുമുണ്ടായിരുന്നു. ഇപ്പോഴത് കവിത ഇല്ലാതെ ശബ്ദം മാത്രമായി പോകുന്ന ഒരു അവസ്ഥയുണ്ടായിട്ടില്ലേ?
അതിന് പ്രശ്‌നം ചൊൽകവിതകളല്ല അല്ലെങ്കിൽ അതിന്റെ ശബ്ദമല്ല. നല്ല കവിതയും ചീത്ത കവിതയും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും അവരെഴുതിയ നല്ല കവിതകൾ നന്നായി ചൊല്ലുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് ഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. അതേസമയംതന്നെ ഇടശ്ശേരിയും പി. കുഞ്ഞിരാമൻ നായരും അവരുടെ ഒന്നാന്തരം കവിതകൾ അവർതന്നെ ചൊല്ലുന്നതും ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ എനിക്ക് തോന്നിയത് ഇത് മറ്റാരെങ്കിലും െചാല്ലുകയാണെങ്കിൽ വളരെ നന്നായി കേൾവിക്കാരിലേക്ക് എത്തുമെന്നാണ്.

ചീത്ത കവിതകൾ പാടി നന്നാക്കാം എന്ന് വിശ്വസിക്കുന്ന കവികളുമുണ്ട് (അത് നിർവചിക്കാൻ എനിക്കാവില്ല). പക്ഷെ ഇതൊക്കെയാണെങ്കിലും ഇന്നത്തെ തലമുറ നല്ല കവിതയും ചീത്തകവിതയും തിരിച്ചറിയാൻ കഴിവുള്ളവരാണ്. ഒരു രണ്ടാംതരം വായനക്കാരെ ഈ കവിതകൾ തെറ്റിദ്ധരിപ്പിച്ചേക്കാം. ഒന്നാംതരം വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാവില്ല.

മലയാള കവിതയിൽ ചില എതിർവായനകൾ സംഭവിക്കുന്ന കാലമാണ് ഇത്. ഇരുള ഭാഷയിലും മുതുവ ഭാഷയിലുമൊക്കെയുള്ള കവിതകൾ മാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നുണ്ട്. ഈ ഉണർവിനെ എങ്ങനെ വിലയിരുത്തുന്നു?
നമ്മുടെ ആദിവാസി ഗോത്ര സംസ്‌കാരങ്ങളുടെയൊക്കെ വാമൊഴിക്കവിതകൾ വളരെ ശക്തമായിരുന്നു. അബ്‌സേഡ് (absurd), സർറിയൽ (surreal) എന്നൊക്കെ പറയാവുന്ന ‘പല ഭാവന’കളും ഇന്നത്തെ വരമൊഴിക്കവിതകളേക്കാൾ ശക്തമായിരുന്നു. വാമൊഴിയിൽ നിന്ന് വിടുകയും വരമൊഴിയിൽ എത്താതിരിക്കുകയും ചെയ്ത ഒരു ഇടക്കാലം, ഒരു നിശബ്ദത ഇത്തരം ആദിവാസി, തീരദേശ മേഖലകളിലുണ്ടായി. ഭാഷയ്ക്കുള്ളിലെ ഭാഷ ഉപേയാഗിച്ച് എഴുത്തുകൾ തെളിഞ്ഞുവരാൻ സമയമെടുത്തു. സാക്ഷരത സർവ മേഖലകളിലും വന്നുവെങ്കിലും ഉയർന്ന സാക്ഷരതതന്നെ വേണമായിരുന്നു. പിന്നാക്കം നിൽക്കുന്ന ജാതി വിഭാഗങ്ങളായതുകൊണ്ടുതന്നെ അത്തരത്തിലുള്ള വെളിച്ചം വളരെ വൈകിയാണ് അവിടങ്ങളിലേക്ക് കടന്നുചെല്ലുന്നത്. ഉപപാരമ്പര്യങ്ങളെ കണ്ടെത്താനും, ആ ധാരകളെ, അവരുടെ രചനകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പല ശ്രമങ്ങളും ഇന്ന് മലയാളത്തിൽ നടക്കുന്നുണ്ട്. പി. രാമനെ പോലെയുള്ള കവികൾ അതിന് നേതൃത്വം നൽകുന്നുണ്ട്. അശോകൻ മറയൂർ, ഡി. അനിൽ കുമാർ തുടങ്ങിയ പുതിയ എഴുത്തുകാരുടെ ഒരു നിരതന്നെ അപരിചിതങ്ങളായ ജീവിതപരിസരങ്ങളെ മലയാളഭാഷയിൽ വരച്ചിടുന്നുണ്ട്.

ഡൽഹിയിൽ താങ്കളുടെ നേതൃത്വത്തിൽ ഫാസിസത്തിനെതിരായി ഒരു റൈറ്റേഴ്‌സ് ഫോറമുണ്ടല്ലോ. അതിനെപ്പറ്റി പറയാമോ?
അത് വളരെ സജീവമാണ്. ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം എന്നത് ഒരു ട്രസ്റ്റാണ്. ഞാനും ഗീതാഹിരണ്യനുമാണ് അതിന്റെ പ്രധാന സംഘാടകർ. കൂടാതെ റെമീല താപ്പർ, ഇന്ദിര ജയ്‌സിങ്, അനുരാധ കപൂർ എന്നിവരും ട്രസ്റ്റിലുണ്ട്. അതിന് മെംബർഷിപ്പ് എന്നൊന്നില്ല. മനുഷ്യർക്കെതിരായി ഉല്പാദിപ്പിക്കുന്ന എല്ലാ വെറുപ്പിന്റെ രാഷ്ട്രീയത്തെയും എഴുത്തുകാരെന്ന നിലയ്ക്ക് തങ്ങളാലാവുന്നപോലെ അക്ഷരങ്ങളിലൂടെ ചെറുക്കുകയാണ് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഉദ്ദേശ്യം.

ഗുഫ്തഗു എന്നൊരു ഓൺലൈൻ മാഗസിൻ നടത്തുന്നുണ്ടല്ലോ. അതിനെപ്പറ്റി?
ഗുഫ്തഗു എന്നത് ഒരു ഉറുദു വാക്കാണ്. തികച്ചും സ്വകാര്യമായത് അല്ലെങ്കിൽ കൊച്ചുവർത്തമാനം എന്നൊക്കെ അതിനർത്ഥമുണ്ട്. ഈ ഓൺലൈൻ മാഗസിൻ സാഹിത്യത്തിനാണ് ഊന്നൽ കൊടുക്കുന്നതെങ്കിലും പ്രതിരോധത്തിന്റെ ഒരു മുനയും കൂടി അതിന്റെ പിന്നിലുണ്ട്. 2014ലാണ് ഗുഫ്തഗു എന്ന ഓൺലൈൻ മാഗസിൻ തുടങ്ങുന്നത്. നമ്മൾ സംസാരിക്കുന്ന ഈ സമയം വരെ അത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വളരെ കമിറ്റഡായ കുറച്ചു ചെറുപ്പക്കാർ അതിെന്റ പിന്നിൽ വർക്ക് ചെയ്യുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം ഇന്ത്യൻ ജനതയ്ക്ക് മേലെ നടത്തുന്ന കടന്നുകയറ്റങ്ങൾ. അതിനെതിരെ പ്രവർത്തിക്കുന്ന ഇന്ത്യൻ എഴുത്തുകാർ. ഇതാണ് ഈ ഓൺലൈൻ മാഗസിൻ. ഇതിലെഴുതാത്ത ഇന്ത്യയിലെ വലിയ എഴുത്തുകാർ ഇല്ലെന്നു വേണമെങ്കിൽ പറയാം. ഗിരീഷ് കർണാട്, രാമചന്ദ്ര ഗുഹ എന്നിവർ ഉൾപ്പെടെ.

ഇതിൽ ഇടതുപക്ഷക്കാരുണ്ട്. മതേതരത്തിനു വേണ്ടി വാദിക്കുന്നവരുണ്ട്. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമാണ് ഇത്. ചില വ്യക്തികൾ തരുന്ന സംഭാവനകൾ, റാസാ ഫൗണ്ടേഷൻ പോലുള്ള ട്രസ്റ്റുകൾ തരുന്ന സഹായം ഒക്കെയാണ് മൂലധനം. പിന്നെ കഴിയുന്നത് ഞങ്ങളും കൈയിൽ നിന്ന് എടുക്കുന്നുണ്ട്. ഇത് അക്കൗണ്ട് ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. വിദേശത്തു നിന്ന് വരുന്ന ഒരു സഹായവും സ്വീകരിക്കുന്നില്ല. കാരണം നമുക്കറിയാമല്ലോ, ടീസ്തയുടെ കാര്യം. ഭരണകൂടം രാഷ്ട്രീയം പറഞ്ഞിട്ടല്ല വരിക. നികുതിയുടെ കാര്യമോ മറ്റെന്തെങ്കിലും പറഞ്ഞിട്ടോ ആവാം അവർ വരുന്നത്. ഒരു ഒറ്റപ്പെട്ട ഫോറമല്ല ഇത്. ഇന്ത്യയിലെ 90-ഓളം സംഘടനകളുമായി ഞങ്ങൾ കൈകോർക്കുന്നുണ്ട്.

മലയാളം എഴുത്തുകാരുമായി ഇതിന് എെന്തങ്കിലും ബന്ധമുണ്ടോ?
ചിലർ സഹകരിക്കുന്നുണ്ട്. മറ്റു ചിലർക്ക് താത്പര്യക്കുറവാണ്. ഇതിന് കാരണം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്നവരുടെ അവസ്ഥ അവർക്കന്യമാണെന്ന് തോന്നുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാർ അനുഭവിക്കുന്നതി
ന്റെ വളരെ ചെറിയ ശതമാനം മാത്രമേ നമ്മൾ അനുഭവിക്കുന്നുള്ളൂ. അടൂരിനെയോ കുരീപ്പുഴയെയോ അവർ പുലഭ്യം പറഞ്ഞത് കേൾക്കാതെയല്ല ഞാനിത് പറയുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിൽ അവർ നേരിട്ട് എഴുത്തുകാരെ അറ്റാക്ക് ചെയ്യുകയാണ്. എനിക്ക് കത്തായും മെയിലായും ദിവസവും ഇത് കിട്ടിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ഈ തിരിച്ചറിവിന് കാരണം വിശാലമായ ഒരു ഇടതുപക്ഷ സംസ്‌കാരം ഇപ്പോഴും കേരളീയ ബോധമണ്ഡലങ്ങളിൽ നിലനിൽക്കുന്നു എന്നതാണ്. ഈ ഇടതുപക്ഷം ഒരു പാർട്ടിയല്ല. അത് മതേതരമായി ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ്.

ഞാൻ അടുത്തകാലത്ത് ഒരു ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. അപ്പോൾ പ്രകാശ് രാജ് എന്ന നടൻ എന്നോട് പറഞ്ഞത് മനസ്സു തുറന്ന് സംവദിക്കാൻ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നാണ്. കേരളം മാത്രം. മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുമ്പോൾ മാത്രമേ അത് നമുക്ക് മനസ്സിലാവൂ.

ഇന്നത്തെ ഇന്ത്യയിൽ ദേശീയത ഉയർത്തിപ്പിടിച്ച് കോർപറേറ്റ് കമ്പനികളും ഭരിക്കുന്നവരും അവർ വിലയ്‌ക്കെടുത്ത മാധ്യമങ്ങളും തമ്മിലുള്ള കൂട്ടുകെട്ടില്ലേ?
ദേശസ്‌നേഹം എന്നത് വളരെ സ്വാഭാവികമാണ്. അതേസമയം ദേശീയത അപകടമാണ്. ദേശസ്‌നേഹം എന്നത് സ്വാഭാവികമാണ്. അത് ജീവനുള്ള എല്ലാറ്റിനുമുണ്ട്. ദേശീയവാദം മറ്റൊന്നാണ്. അത് എല്ലാകാലത്തും സങ്കുചിതമാണ്. എന്റെ ഭാഷയാണ് മുന്തിയ ഭാഷയെന്നും, എന്റെ ദേശമാണ് നല്ല ദേശമെന്നും. താെനാഴികെ മറ്റുള്ളതൊക്കെ മോശമാണ് എന്നു വിചാരിക്കുന്നതാണ് ദേശീയത. അതിൽനിന്ന് വ്യത്യസ്തമാണ് ദേശസ്‌നേഹം. അന്യരെ ബഹുമാനിക്കുകയും അവരെ സ്‌നേഹിക്കുകയും വ്യത്യസ്തമായ സംസ്‌കാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ദേശസ്‌നേഹം. ഇത് ഏറ്റവും ഭംഗിയായി പറഞ്ഞിട്ടുള്ളത് രവീന്ദ്രനാഥടാഗോറാണ്. അദ്ദേഹം നടത്തിയ നാഷണലിസത്തെക്കുറിച്ചുള്ള നാല് പ്രഭാഷണങ്ങൾ പ്രസിദ്ധമാണ്. ഒന്ന് ഇന്ത്യയിലും, മറ്റുള്ളവ ചൈനയിലും ജപ്പാനിലും യൂറോപ്പിലുമായി ടാഗോർ നടത്തിയ
പ്രഭാഷണങ്ങളിലൂടെയാണ് തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കുന്നത്.

ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്നതാണ് ഇന്നത്തെ ദേശീയത. അത് മനുഷ്യസ്‌നേഹമല്ല, വെറുപ്പാണ് ഉല്പാദിപ്പിക്കുന്നത്. അത് നമ്മുടെ മഹത്തായ, സമൃദ്ധമായ പാരമ്പര്യത്തെ ഇല്ലാതാക്കുന്നു. ഈ സത്യം അന്നു വിളിച്ചുപറഞ്ഞതിന് അന്നത്തെ യാഥാസ്ഥിതികർ ടാഗോറിനെയും ചീത്ത പറഞ്ഞിരുന്നു.

ഇന്ത്യൻ ദേശീയതാവാദം പിന്നീട് കോർപറേറ്റുമായി കൈകോർക്കുന്നു. അപ്പോൾ ജനങ്ങളുടെ താത്പര്യത്തേക്കാൾ ഉപരികോർപറേറ്റ് താത്പര്യത്തെ ഭരണകൂടം സംരക്ഷിക്കുന്നു. ഈ പ്രക്രിയയെ എളുപ്പമാക്കുന്നത് ഭരണകൂടം വിലയ്‌ക്കെടുത്ത മാധ്യ
മങ്ങളിലൂടെയാണ്. ഇന്ന് ഭൂരിപക്ഷം ഇന്ത്യൻ മാധ്യമങ്ങളെയും ഭരിക്കുന്നവർ വിലയ്‌ക്കെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ ജനങ്ങളൊട് അവർ സത്യം പറയില്ല. ജനങ്ങളിൽ അവർ സത്യമെത്തിക്കില്ല. ഇത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. അതിന് ഗ്രാംഷി പറയുന്ന വാക്കാണ് കൺസന്റ് എന്നത്. ജനങ്ങളുടെ സമ്മതത്തോടുകൂടിതന്നെയാണ് അവരെ അടിച്ചമർത്തുന്നത്. അതുകൊണ്ടാണ് ഗ്രാംഷി ഈ വാക്ക് ഉപയോഗിക്കുന്നത്.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ സൃഷ്ടിയെ വായിക്കാതെ എഴുതിയ ആളെ നോക്കി പ്രസിദ്ധീകരിക്കുന്ന സ്ഥിതി ഇന്നുണ്ട്. താങ്കളുടെ എഴുത്തിന്റെ ആരംഭകാലത്ത് ഈ അവസ്ഥ ഇല്ലായിരുന്നു. കാരണം അന്നത്തെ കാലത്ത് ലിറ്റിൻ മാഗസിൻ എന്ന ബദൽ ഉണ്ടായിരുന്നു. സൃഷ്ടി വായിക്കുന്ന, അല്ലെങ്കിൽ എം.ടിയെ പോലുള്ള പത്രാധിപന്മാരുടെ അസാന്നിധ്യം ഇന്ന് അനുഭവപ്പെടുന്നില്ലേ?
മുമ്പുണ്ടായിരുന്ന ലിറ്റിൻ മാഗസിൻ ഏറ്റവും പുതിയ ആശയങ്ങളെ മുന്നോട്ടുവയ്ക്കുക എന്ന ദൗത്യം ഏറ്റെടുത്തിരുന്നു. ഇന്നും ചില ലിറ്റിൻ മാഗസിനുകൾ ഇറങ്ങുന്നുണ്ട്. പക്ഷെ നിർഭാഗ്യവശാൽ പുതിയതിനു വേണ്ടിയുള്ള അന്വേഷണങ്ങൾ വളരെ കുറച്ചേ അവരുടെ ഭാഗത്തുനിന്ന് നടക്കുന്നുള്ളൂ. മറ്റൊന്ന് പുതിയ നാമ്പുകളെ, പുതിയതിനെ കണ്ടെത്തുന്ന പത്രാധിപന്മാരുടെ അഭാവവും വളരെ ഗൗരവപരമാണ്. എൻ.വി. കൃഷ്ണവാര്യർ അയ്യപ്പപണിക്കരുടെ കവിത തിരിച്ചയച്ചു. എങ്കിലും, ഈ അപാകത നിലനിൽക്കുമ്പോഴും അന്നത്തെ ഒരുപാട് ചെറുപ്പക്കാരുടെ പുതിയ കവിതകൾ കൃഷ്ണവാര്യർ കണ്ടെത്തിയിരുന്നു.

ഇന്നറിയപ്പെടുന്ന അന്നത്തെ ചെറുകഥാകൃത്തുക്കളായ മുകുന്ദൻ, കാക്കനാടൻ ഉൾപ്പെടെയുള്ള എഴുത്തുകാർ എം.ടി കണ്ടെത്തിയവരായിരുന്നു എന്നു വേണമെങ്കിൽ പറയാം. അതുപോലുള്ള പ്രതാധിപന്മാരുെട അഭാവം ഇന്ന് വളരെ വ്യക്തമാണ്. ഇങ്ങനെയുള്ളവരുടെ അഭാവത്തിലാണ് സൃഷ്ടി വായിക്കാതെ പേര് നോക്കി അച്ചടിക്കുന്ന പത്രാധിപന്മാരുടെ എണ്ണം കൂടിവരുന്നത്. പുതിയവരുടെ സൃഷ്ടി പ്രസിദ്ധീകരിക്കുന്നതിൽ ഒരു റിസ്‌ക് ഉണ്ട്. ആ റിസ്‌ക് ഏറ്റെടുക്കലാണ് ഒരു പത്രാധിപരുടെ ഗുണം. ഉദാഹരണത്തിന് സക്കറിയയുടെ ഒരിടത്ത് എന്ന കഥ പ്രസിദ്ധീകരിക്കുന്ന സമയത്ത് പോപ്പുലർ എഴുത്തുരീതിയോട് അടുപ്പമുള്ള ഒരു കഥാരീതിയല്ല ഒരിടത്തിന്റേത്. എന്നിട്ടുപോലും അത് പ്രസിദ്ധീകരിച്ചു. നിലവിലുള്ള കഥാരീതിയിൽ നിന്നും ഒരു വ്യത്യസ്തമായ കഥയാണ് എന്നുള്ള കണ്ടെത്തലാണ് അത്. നല്ല ബദൽ മാഗസിനുകളുടെ അഭാവവും നല്ല പത്രാധിപരുടെ അഭാവവും ഇന്ന് നിലനിൽക്കുന്നു. ഇത് വളരെ ഗൗരവപരമായി ഞാൻ കാണുന്നു.

ഇന്ത്യയ്ക്കു പുറത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും കവിതയോടൊപ്പം സഞ്ചരിക്കുന്ന ഒരാൾ നിലയ്ക്ക് അനുഭവങ്ങൾ എന്തൊക്കെയാണ്?
വലിയ വ്യത്യാസമുണ്ട് എന്നു പറയാനാവില്ല. ഇംഗ്ലണ്ടിലൊക്കെ കവിത ജനകീയമാക്കാൻ വേണ്ടി ബാറുകൡലൊക്കെ പോയികവിത വായിക്കാറുണ്ട്. ജനങ്ങൾ ഇങ്ങോട്ടു വരുന്നില്ലെങ്കിൽ അവരുടെ അടുത്തേക്ക് അങ്ങോട്ടു പോവുക എന്ന സമീപനം. ചെന്നൈയിൽ ‘്രപകൃതി’ എന്നൊരു കവിതാസംഘടന ഇതേ രീതി അവലംബിക്കുന്നുണ്ട്. ഞാനും പങ്കെടുത്തിട്ടുണ്ട് ഒരു തവണ. ചിലപ്പോൾ ഫാബ് ഇന്ത്യയുടെ കടയിലായിരിക്കും കവിതാവായന. ചുറ്റും ആസ്വാദകരൊന്നുമായിരിക്കില്ല. കവിത കേൾക്കുമ്പോൾ ആളുകൾ കൂടും. കവിതയോടുള്ള താത്പര്യം കൊണ്ടല്ല അവർ വരുന്നത്. ഒരു ജിജ്ഞാസ എന്നു പറയാം. ചോളമണ്ഡലത്തിലായിരുന്നു ഒരു വായന. അങ്ങനെയുള്ള ഇടങ്ങളിൽ കുറച്ചൊക്കെ സ്വീകാര്യതയുണ്ടാവും. കവിതാവായനയാണ് എന്ന് ആളുകളെ ആദ്യമേ അറിയിക്കുന്നതാണ് നല്ലത്. അപ്പോൾ താത്പര്യമുള്ളവർ മാത്രമല്ലേ വരൂ.

യൂറോപ്പിലെ അവസ്ഥയ്ക്കും മാറ്റമൊന്നുമില്ല. വലിയ കവികളുടെ സമാഹാരങ്ങളൊക്കെ 300 കോപ്പികളിൽ ഒതുങ്ങും. വലിയ കവിതാപാരമ്പര്യമുള്ള ഫ്രാൻസിലൊക്കെ ഇതേ സ്ഥിതിതന്നെ. 18, 19 നൂറ്റാണ്ടിലെ കവിതകൾ വായിക്കപ്പെടുന്നുണ്ട്. ബോദ്‌ലെയറിനെ പോലെയുള്ളവർ. ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുന്നതുകൊണ്ടാണ് ഇവർ നിലനിൽക്കപ്പെടുന്നത്. ആ ഒരു പരിചയം, ഇഷ്ടം, അവരുടെ മറ്റു കൃതികൾ തേടിപ്പിടിച്ച് വായിക്കാൻ പ്രേരകമാകുന്നു. നമ്മൾ ഷെല്ലിയെയും വേഡ്‌സ്‌വർത്തിനെയുമൊക്കെ കൊണ്ടുനടക്കുന്നില്ലേ? അക്കാഡമിസത്തിന്റെയും കവിതയുടെയും അദൃശ്യമായ ഒരു സന്ധിയുണ്ട്. അതിലൂടെയാണ് കുറെയേറെ കവിതകൾ നിലനിൽക്കുന്നത്. കവിത കവിതയായിട്ടുതന്നെ നിലനിൽക്കുന്നതിന് ഒരുപാട് പരിമിതികളുണ്ട്.

യൂറോപ്പിലെ നൂറിലധികം ശ്രദ്ധേയമായ പോയട്രി ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുണ്ട്. ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലും എന്നു പറയാം. രണ്ടു സ്ഥലങ്ങളിലാണ് വ്യത്യസ്തമായ അനുഭവമുണ്ടായത്. ഒന്ന്, ലാറ്റിനമേരിക്കയിലെ കൊളംബിയയിൽ, മെഡലിൻ എന്ന സ്ഥലത്ത്. വലിയൊരു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടന്നത്. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം. സ്പാനിഷ് കവികളും എന്നെേപ്പാലെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കവികളും – ഓരോ വരി ചൊല്ലുമ്പോഴും കയ്യടിക്കുകയും േപ്രാത്സാഹിപ്പിക്കുകയും ചെയ്യുന്ന കാണികൾ, ആദ്യത്തെ അനുഭവമായിരുന്നു. ഉദ്ഘാടനത്തിനു ശേഷം ഞങ്ങൾ പല വേദികൡ പോയി ചൊല്ലിയപ്പോഴും അതേ അനുഭവംതെന്നയായിരുന്നു. ചിലപ്പോൾ പള്ളികളിൽ, ഓഡിറ്റോറിയങ്ങളിൽ, വിചിത്രമായ അനുഭവമായിരുന്നു. പിന്നീട് ക്യൂബയിൽ പോയി. പെറു, വെനസ്വെല ലാറ്റിനമേരിക്കയിലെ അടുത്തടുത്തുള്ള സ്ഥലങ്ങളാണ്. ഇവിടങ്ങളിലൊക്കെ മുമ്പു പറഞ്ഞതുപോലെ ഒരു സജീവത എനിക്ക് അനുഭവപ്പെട്ടു.

ആഫ്രിക്കയിലും ഇതേ സജീവത കവിതയുടെ കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് െജാഹാന്നസ്ബർഗിൽ ഒരു വായനയിൽ പങ്കെടുക്കുകയുണ്ടായി. കവിത അവിടെ വളരെ ഓർഗാനിക് ആണ്. അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഒരുതരത്തിലുള്ള പെർേഫാമിങ് പോയട്രിയാണ് എങ്കിലും വളരെ ആഴമുള്ള രചനകൾതന്നെ. നിന്ന നില്പിൽ വായിക്കാതെ നടന്നും ശബ്ദമുയർത്തിയും താഴ്ത്തിയും ഒക്കെ വളരെ നാടകീയതയോടെ കവിതകൾ അവതരിപ്പിക്കുന്നു. വായിക്കുന്നത് കവിതന്നെയാവണമെന്നില്ല. ഒരുപക്ഷെ അവർ അഭിനേതാക്കൾതന്നെയാവാം. ഈ രീതി ജർമനിയിലും ഒരിടത്ത് എനിക്ക് കാണാൻ സാധിച്ചു. ഞാൻ ഇംഗ്ലീഷിൽ വായിച്ചു, അതിന്റെ ജർമൻ വേറൊരാൾ വായിച്ചത് വളരെ വ്യത്യസ്തമായിട്ടായിരുന്നു.

രണ്ടാമതു പറഞ്ഞ വ്യത്യസ്തമായ അനുഭവം ഹോളണ്ടിലെ റോട്ടർഡാമിൽ വച്ചായിരുന്നു. ലോകത്തുനിന്ന് ആകെ 20 കവികളെയാണ് അവർ തിരെഞ്ഞടുക്കുന്നത്. അഞ്ചു ദിവസം വിവിധ വേദികളിലായി പലതരം അനുവാചകരുമായും സംവദിക്കും.
പലതരം കലാകാരന്മാരുമായി വർക്‌ഷോപ്പുകൾ പോലെയുള്ള കൂടിയിരിക്കലുകളുണ്ടാകും. ഗൗരവം കൊണ്ടും ഗുണം കൊണ്ടും റോട്ടർഡാം ഫെസ്റ്റിവൽ ഓർമയിൽ നിൽക്കുമ്പോൾ ‘മെഡലിൻ’ ഫെസ്റ്റിവൽ ജനകീയതകൊണ്ട് വേറിട്ടുനിൽക്കുന്നു.

രണ്ടു വർഷം സ്ലോവേനിയയിലെ വിലേനിക്ക (്ധVilenica Caves) എന്ന സ്ഥലത്ത് കവിത വായിക്കാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അവസാന റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കവികളിൽ ഒരാളാകാൻ കഴിഞ്ഞിട്ടുണ്ട്. 2000-ത്തിലധികം കേൾവിക്കാർ
ഉള്ള വേദിയാണ് അത്. ഐസ്‌ക്യൂബുകൾ തൂങ്ങിനിൽക്കുന്ന വളരെ പുരാതനമായ ഒരു ഗുഹയിലാണ് വായന. വ്യത്യസ്തമായ അനുഭവംതന്നെയായിരുന്നു അതും.

Related tags : InterviewKattoorSatchidanandanTK Muraleedharan

Previous Post

സ്മിത ജി.എസ്.: ഉൾമുറിവുകളുടെ നിലവിളികൾ

Next Post

പുനരാവിഷ്‌കാരം എന്ന സർഗാത്മകത

Related Articles

മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

മുഖാമുഖം

എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി

Manasiമുഖാമുഖം

സുരേഖ തായി: നിങ്ങള്‍ എലിയെ തിന്നിട്ടുണ്ടോ?

മുഖാമുഖം

കല്പറ്റ നാരായണ ൻ: എഴുത്തിന്റെ സാന്ദ്രഗരിമ

life-sketchesമുഖാമുഖം

കുഞ്ഞു കഥകളുടെ തമ്പുരാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ടി.കെ. മുരളീധരൻ/ കെ. വി. മണിരാജ്

ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം...

ടി.കെ. മുരളീധരൻ/ കെ. വി. മണിരാജ് 

25-വർഷം മുമ്പെഴുതിയ 'ഇന്ത്യൻ കവി' എന്ന കവിതയിൽ താങ്കൾ പറയുന്നു, ഒരു ഇന്ത്യൻ കവി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven