• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR 1
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അടിമജീവിതത്തിൻ്റെ രുധിര വായനകൾ

ഷാജി പുൽപ്പള്ളി February 10, 2026 0

പുതിയകാലം അരികുവൽകൃത ജീവിതങ്ങളെ സത്യം തുടിക്കുന്ന സർഗാത്മകത കൊണ്ട് സ്നേഹത്തോടെ തൊടുന്നു എന്നതുതന്നെ സന്തോഷകരമായ അനുഭവമാണ്. അധികാരം എക്കാലവും പീഡനത്തിൻ്റെ ചോരപ്പരീക്ഷണം നടത്തിയ നിസ്വരായ മനുഷ്യരുടെ ഉള്ളകങ്ങളിലേക്ക് എഴുത്തുകാർ നോട്ടം പായിക്കുന്നു എന്നതും അക്ഷര ലോകത്തിന് പുതു പ്രതീക്ഷയാണ് നൽകുന്നത്. ഉപരിപ്ലവമായ രസിപ്പിക്കലുകൾക്കപ്പുറത്തേക്ക് എഴുത്ത് പ്രതിരോധ സമരത്തിൻ്റെ കരുത്തും കരുണയും കൈയ്യാളുന്നതിൻ്റെ സൂചന കൂടിയാണ് അക്ഷരത്തിൻ്റെ വഴിമാറി നടക്കലിലൂടെ ഉയർത്തിക്കാണിക്കുന്നത്. “വല്ലിയും”, “കൊളുക്കനും” പോലുള്ള കൃതികൾ ആട്ടിയകറ്റപ്പെട്ട ജീവിതത്തെയാണ് മാനവികതകൊണ്ട് ചേർത്തു നിർത്താൻ ശ്രമിക്കുന്നത്. ഇത്തരം കനമുള്ള ശ്രേണിയിലേക്ക് പുതുതായ് വന്നു ചേർന്ന കൃതിയാണ് മനീഷ് മുഴക്കുന്നിൻ്റെ “കീളുവാരങ്ങൾ.”

ഷാജി പുൽപ്പള്ളി

ആദിവാസി ജീവിതത്തിൻ്റെ നരക നീറ്റലുകളെ വാറ്റിയെടുത്ത ധാരാളം കൃതികൾ വയനാടൻ പശ്ചാത്തലത്തിൽ പിറവി കൊണ്ടിട്ടുണ്ട്. നെല്ല് (പി. വത്സല) മാവേലിമൻറo (കെ.ജെ. ബേബി) ഉറാട്ടി (ടി.സി. ജോൺ) കമ്പളത്തുടി (ജോസ് മുട്ടം) നദികളാകാൻ ക്ഷണിക്കുന്നു (ബാലൻ വേങ്ങര) വല്ലി (ഷീലാ ടോമി) തുടങ്ങിയ നോവലുകളൊക്കെ ഗോത്ര ജീവിതത്തിൻ്റെ സങ്കടക്കടലുകളെയാണ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത്. വത്സലടീച്ചർ ഭാഗികമായി വയനാട്ടിൽ താമസിച്ചുകൊണ്ടും മറ്റുള്ളവർ സ്ഥിരമായി വയനാട്ടിൽ ജീവിച്ചുകൊണ്ടുമാണ് ആദിവാസി ജീവിതത്തെ ആഴത്തിൽ അറിഞ്ഞ് അക്ഷരങ്ങളിലേക്ക് പകർത്തിയത്. എന്നാൽ കീളുവാരങ്ങളുടെ രചയിതാവായ മനീഷ് കണ്ണൂർ ജില്ലയിൽ താമസിച്ചുകൊണ്ടുതന്നെ വയനാടൻ ആദിവാസി ജീവിതത്തിൻ്റെ മുറിവുകളെ അറിയുകയായിരുന്നു. കീളുവാരങ്ങളുടെ രചനയുടെ ഭാഗമായി അൻപതിലധികം പ്രാവശ്യം വയനാട്ടിൽ എത്തിയിട്ടുണ്ടെന്ന് നോവൽ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മനീഷ് അതിലെ സംഭാഷണണങ്ങൾ പൂർണ്ണമായും പണിയഭാഷയിൽ തന്നെ നൽകാൻ ഗൗരവപൂർവം ശ്രദ്ധിച്ചിട്ടുമുണ്ട്. മറ്റു നോവലുകളിൽ ഒന്നും കാണാത്ത ഒരു പ്രത്യേകതയാണിത്. വായനക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മലയാള അർത്ഥം ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു. ഒരു ജനതയെ തന്നെ ബാഷ്പീകരിക്കാൻ കുടിലതന്ത്രം മെനയുന്ന വർത്തമാനകാല ശാഠ്യങ്ങൾക്കു മേൽ ഭാവിയിൽ അന്യം നിന്നും പോകാൻ ഇടയുള്ള വാമൊഴിഭാഷയുടെ വീണ്ടെടുക്കലിനുള്ള സാധ്യതയ്ക്ക്കൂടി നോവൽ സാക്ഷ്യമാവുന്നു.

പി. വത്സല

പണിയ ജീവിതത്തിൻ്റെ ചരിത്രക്കണ്ണിലൂടെ ഗോത്ര ജീവിതത്തിൻ്റെ വർത്തമാനകാലത്തെ നോക്കിക്കാണാനുള്ള ധീരശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്. അഥവാ പോയകാല ദുരിതങ്ങളുടെ കൊടിയ വേദനകളെ വർത്തമാനകാല ദു:ഖങ്ങളുമായി കൂട്ടുചേർക്കാൻ വായനക്കാർക്കു നൽകുന്ന സൂക്ഷ്മദർശിനിയാണ് കീളുവാരങ്ങൾ. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ സമയത്തും മനുഷ്യരായി പരിഗണിക്കാതെ അസ്വാതന്ത്ര്യത്തിൻ്റെ മുൾമുനകളിൽ പിടഞ്ഞു കൊണ്ടിരുന്ന ആദിവാസി ജീവിതമാണ് നോവൽ അനാവരണം ചെയ്യുന്നത്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വർഷം പിന്നിടുമ്പോഴും ആദിവാസി ജീവിതത്തിൻ്റെ പുരോഗതി എവിടെവരെ എത്തി നിൽക്കുന്നു എന്നന്വേഷിക്കാനുള്ള സൂചകമായി മാറുന്നു എന്നിടത്താണ് കീളുവാരങ്ങളിലെ എഴുത്തിൻ്റെ രാഷ്ട്രീയം പ്രവർത്തിക്കുന്നത്. നൂറിലധികം വർഷമായി പെരും മഴയത്ത് നഗ്നമായി നിർത്തിയിരിക്കുന്ന നിരാലംബരായ മനുഷ്യരോടുളള സ്നേഹമാണ് നോവൽ ഉല്പാദിപ്പിക്കുന്നത് എന്ന ചിന്തയിലാണ് കീളുവാരങ്ങളിലെ മാനവികത ഉണരുന്നത്. തുല്യതയെന്ന ലക്ഷ്യത്തിലേക്ക് ഭരണകൂടത്തോണിയിലൂടെ മാറിമാറി തുഴഞ്ഞിട്ടും നിസ്സഹായതയുടെ ഒറ്റക്കുപ്പായം ധരിച്ച ഒരു ജനത ആരംഭിച്ചിടത്തു തന്നെ ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ, ജനാധിപത്യം ജഡസമാനമാകുന്നതിൻ്റെ രൂക്ഷതയെയാണ് കീളുവാരങ്ങളിലെ നീതിബോധം കാട്ടിത്തരുന്നത്‌. ജനാധിപത്യ വ്യവസ്ഥിതിയിൽ നിയമനിർമ്മാണം നടത്തേണ്ടത് ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യർക്ക് എങ്ങനെ ഗുണകരമാകുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാവണം എന്നു പറഞ്ഞ ഗാന്ധിജിയുടെ ചിന്താധാരകളെ എങ്ങനെയാണ് പോയ കാലം നിർവ്വീര്യപ്പെടുത്തിയത് എന്നതിൻ്റെ തെളിവിനെയാണ് കീളുവാരങ്ങളിലെ ജൈവികത കൃത്യതയോടെ ചൂണ്ടിക്കാണിക്കുന്നത്. ഒരു ജനതയുടെ സമ്പത്തും അധ്വാനവും ആത്മാഭിമാനബോധവും യാതൊരു ദാക്ഷിണ്യവുമില്ലാതെ വലച്ചൂറ്റിയെടുത്തിട്ട് ‘അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ?’ എന്ന് വിഴുപ്പലക്കാനുള്ള പൊതുബോധത്തിൻ്റെ ഉളുപ്പില്ലായ്മയിലേക്കാണ് കീളുവാരങ്ങൾ കാർക്കശ്യത്തോടെ കാർക്കിച്ച് തുപ്പുന്നത്.

മനീഷ് മുഴക്കുന്ന്

വള്ളിയൂർകാവിൽ നിലനിന്നിരുന്ന അടിമക്കച്ചവടത്തിൻ്റെ (വല്ലിപ്പണി) അതിഭീകരത തുറന്നു കാട്ടുകയും അതിനെതിരെ നടന്ന അതിജീവന ശ്രമങ്ങളുടെ ചോരപ്പുഴകളെയുമാണ് നോവൽ കേന്ദ്ര പ്രമേയമായി വികസിപ്പിച്ചെടുക്കുന്നത്. കൈപ്പാടൻ എന്ന അടിമയുടെ കഥയിലൂടെ മലയാള സാഹിത്യം വളരെ മുന്നേതന്നെ ഇത്തരമൊരു സത്യത്തെ വേദനയോടെ സ്പർശിച്ചിട്ടുണ്ടെങ്കിലും ഉള്ളുപിളർക്കുന്ന മനുഷ്യക്കച്ചവടത്തിൻ്റെ ആഴവും ആകാശവും കരുത്താർന്ന സൂക്ഷ്മതയോടെ കാണിച്ചു തരാനുള്ള ഉദ്യമമാണ് മനീഷ് മുഴക്കുന്ന് നടത്തുന്നത്. ഏഴരസേറ് നെല്ലും അഞ്ച് ഉർപ്പികയും ഒരു കോറത്തുണിയും രണ്ടില ചോറും ഒരു മനുഷ്യ ശരീരത്തിൻ്റെ ഒരു വർഷത്തേക്കുള്ള വിലയാണ്. അധികാരത്തിൻ്റെ ഉരുക്കു കയറിലും വിശ്വാസത്തിൻ്റെ കാണാച്ചരടിലും ബന്ധിപ്പിച്ചാണ് ജൻമി അടിമകളെ കൊണ്ടു നടന്നിരുന്നത്. വല്ലിപ്പണിയെന്ന വാക്കിൽ ഒളിഞ്ഞിരിക്കുന്നത് മരണത്തിൻ്റെ ഗന്ധമാണെന്ന് ചീരാളൻ മൂപ്പൻ പറയുന്നുണ്ട്. (പേജ് -110) പ്രാണൻ പറിച്ചെടുക്കും വിധം ക്രൂരമായിട്ടായിരുന്നു ജൻമിമാരും കാര്യസ്ഥൻമാരും അടിമകളെ ചൂഷണം ചെയ്തിരുന്നത്. അടിമക്കച്ചവടം ഉറപ്പിച്ചു കഴിഞ്ഞാൽ അയാളുടെ ഭാര്യയെയും കുട്ടികളെയും പീഡിപ്പിച്ചു രസിക്കാനുള്ള അവകാശം സ്വാഭാവികമായും ജൻമിയിലേക്ക് വന്നു ചേരുകയായിരുന്നു.

“വല്ലിപ്പണിയെന്നാൽ മനുഷ്യൻ പച്ചയ്ക്ക് ഉരുകിത്തീരുന്ന ഒരു കരാറാണ്. വിശപ്പിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ ജൻമിമാർ കാടിൻ്റെ മക്കളെ തീച്ചൂളയിലൂടെ നടത്തിക്കുന്ന ഒരു വ്യവസ്ഥ. എത്രയെത്ര മനുഷ്യരാണ് പുഴുക്കളെപ്പോലെ പിടഞ്ഞു തീരുന്നത്. അവസാനമില്ലാത്ത വിധം ആ പാത നീണ്ടു കിടക്കുകയാണ്. തിരിഞ്ഞുനോക്കിയാൽ ചോരയും അളിഞ്ഞ മാംസവും വറ്റിയുണങ്ങിയ കണ്ണുനീരും വിശന്നൊട്ടിയ വയറുകളും മാത്രം.” (പേജ് – 119) വള്ളിയൂരമ്മയുടെ മുന്നിൽ വച്ച് കരാറുറപ്പിച്ചതിനാൽ എത്ര മൃഗീയ പീഡനം നടന്നാലും കരാർ ലംഘിക്കാൻ അടിമ ജീവിതം തയ്യാറാകുകയില്ല. ജൻമിയുടെ അധികാരത്തേക്കാൾ അവർ വള്ളിയൂരമ്മയുടെ ശാപത്തെയാണ് ഭയപ്പെട്ടിരുന്നത്. അത്തരം പേടിയെയാണ് ജൻമിമാർ മുതലാക്കിയിരുന്നതും അതിലൂടെ അടിമക്കച്ചവട സമ്പ്രദായത്തെ മുറുക്കിയുറപ്പിച്ച് എടുത്തിരുന്നതും.

ബാലൻ വേങ്ങര

വ്യവസ്ഥാപിതമായി കേട്ടു പരിചയിച്ച വള്ളിയൂർകാവിൻ്റെ ഐതിഹ്യങ്ങളിൽ നിന്ന് വിഭിന്നമായ ഒരു കഥയും കാഴ്ചപ്പാടുമാണ് കീളുവാരങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. വള്ളിയൂരമ്മയുടെ മേലുള്ള ഒരു കീഴാള വായനയായിട്ട് ഇതിനെ വ്യാഖ്യാനിക്കാൻ കഴിയും. മറ്റുള്ള ഐതിഹ്യകഥകളോട് താരതമ്യപ്പെടുത്തുമ്പോൾ നേരിനോട് ചേർന്നു നിൽക്കാൻ കൂടുതൽ സാധ്യത കീളുവാരങ്ങൾ ഉന്നയിക്കുന്ന കീഴാള ദൈവ സങ്കല്പത്തിനുണ്ടെന്ന് പറയേണ്ടി വരും. ഗോത്ര ജനതയാൽ രൂപപ്പെട്ടിട്ടുള്ള വള്ളിയൂരമ്മയുടെ കഥ വിശദമായിത്തന്നെ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. “ഞാൻ വള്ളിയൂരമ്മയാണ് ഇവിടെ നിങ്ങളുടെ രക്ഷയ്ക്കായി പിറവിയെടുത്തത്. ഇവിടെ എനിക്ക് ഇരിപ്പിടം വേണം. എനിക്കു വേണ്ടി നിങ്ങൾ ചെയ്യുന്നതാണ് കർമ്മം, നിങ്ങൾ ചെയ്യുന്നതാണ് നേർച്ച, നിങ്ങൾ നൽകുന്നതാണ് നിവേദ്യം. ഇരിപ്പിടം ഒരുക്കുമ്പോൾ അതിന് മേൽക്കൂര വേണ്ടതില്ല. എൻ്റെ മക്കളായ നിങ്ങൾ മഞ്ഞും മഴയും വെയിലും ഏറ്റാണ് കഴിയുന്നത്. അതിനാൽ എനിക്കും അങ്ങനെ കഴിയാനാണ് ഇഷ്ടം.” (പേജ് – 123) വള്ളിയൂരമ്മയെ സംരക്ഷിച്ചത് ഗോത്ര ജനതയായതിനാൽ അവർ തന്നെ പൂജകൾ നടത്തണം എന്ന രീതി തുടർന്നുവന്നു. വർഷത്തിൽ പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് വയനാടിൻ്റെ എല്ലാ ഭാഗത്തുമുള്ള ആദിവാസികൾ എത്തിച്ചേരാൻ തുടങ്ങിയപ്പോഴാണ് ജൻമിമാർ വള്ളിയൂർകാവിനെ അടിമക്കച്ചവട കേന്ദ്രമാക്കി മാറ്റിയത്. മാത്രമല്ല കാവിൽ വച്ച് കച്ചവടക്കരാർ ഉറപ്പിച്ചാൽ പിന്നീട് അടിമകൾ അത് ലംഘിക്കാനുള്ള സാധ്യത വിരളമാണ്. മറ്റൊന്ന് അടിമക്കച്ചവടത്തിലൂടെ കിട്ടുന്ന നെല്ലും പണവും അവിടെത്തന്നെ ചെലവഴിക്കാനും കാരണമാകും. ജൻമിമാരെ സംബന്ധിച്ച് അധ്വാനവും പണവും യഥേഷ്ടം ലഭിക്കുന്ന ഇടമായി കാവ് പരിണമിച്ചു. അതോടെ സവർണ്ണ ബുദ്ധി ഉണരുകയും കാവിൻ്റെ ആധിപത്യം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളിലേക്ക് അവർ വഴുതി നീങ്ങുകയും ചെയ്തു. ആദിവാസികളുടെ കർമ്മങ്ങൾ തെറ്റാണെന്ന് ധരിപ്പിച്ച് ക്ഷേത്രാധികാരം മേലാളർ പിടിച്ചെടുത്തു. പണത്തിന് അയിത്തമില്ലാത്തതിനാൽ പുറത്തുനിന്ന് ആരാധിക്കാനുള്ള അവകാശവും ഗോത്ര ജനതയ്ക്ക് നൽകി. നിലവിലുള്ള ഭരണാധികാരം സവർണ്ണർ പിടിച്ചു വാങ്ങിയതാണെന്ന നിരീക്ഷണമാണ് വസ്തുതയുടെ അടിസ്ഥാനത്തിൽ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. “ദൈവങ്ങൾക്ക് ശക്തി കൂടുമ്പോഴാണ് സാധാരണ മനുഷ്യർ അവിടെ നിന്ന് പുറം തള്ളപ്പെടുന്നത്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി കാവ് കരിയാത്തൻ്റെ മുന്നിൽ തെളിഞ്ഞു.” (പേജ് – 163)

ഷീലാ ടോമി

സ്വപ്നങ്ങൾ കാണാൻ പോലും അവകാശമില്ലാത്ത ജനതയുടെ കഥയാണ് കീളുവാരങ്ങൾ ചർച്ച ചെയ്യുന്നത്. “കാടിൻ്റെ മക്കളുടെ സ്വപ്നങ്ങൾ മഞ്ഞുകട്ടകൾ പോലെയാണ്. ഒറ്റ വീഴ്ച മതി ചിതറിത്തെറിക്കാൻ, ഒരു പൊള്ളൽ മതി അലിഞ്ഞു തീരാൻ.” (പേജ് – 159) ചീരാളൻ്റെയും കമ്മട്ടിയുടെയും മകനായ വെള്ളനും വെള്ളൻ്റെയും മാലയുടെയും മകനായ കരിയാത്തനും ഉൾപ്പെടുന്ന മൂന്നു തലമുറയുടെ നരകയാതനകളുടെ കഥപോലുള്ള ജീവിതമാണ് നോവൽ വിവർത്തനം ചെയ്യുന്നത്. കോൺസൻട്രേഷൻ ക്യാമ്പുകളെപ്പോലും തോൽപ്പിക്കുന്ന പീഡനമുറകളായിരുന്നു ജൻമിമാരും അവരുടെ സഹായികളും ആദിവാസി ജീവിതങ്ങൾക്കുമേൽ പച്ചയോടെ പരീക്ഷിച്ചത്. ചെറിയ തെറ്റുകൾക്കോ ഇല്ലാതെറ്റ് സങ്കൽപ്പിച്ചോ ആയിരുന്നു ഉടമകൾ ഇവർക്കു മേൽ ക്രൂരതയുടെ കൊടുങ്കാറ്റഴിച്ചു വിട്ടിരുന്നത്. തിരണ്ടു കല്യാണത്തിനു ശേഷം വയലിൽ പണിക്കുവന്ന വെളുമ്പി തൻ്റെ മാറിലൂടെ പഴയ തുവർത്തിൻ്റെ കഷണം ചുറ്റിയെന്നതിൻ്റെ പേരിൽ കാര്യസ്ഥൻ തിളച്ച വെള്ളം വെളുമ്പിയുടെ മാറിൽ ഒഴിച്ചാണ് ‘ലളിതമായ’ ശിക്ഷ നടപ്പിലാക്കിയത്. മാറിടം പൊള്ളിപ്പടർന്ന വെളുമ്പി ലോകം പിളർക്കുമാർ ഉച്ചത്തിൽ നിലവിളിച്ച് മരണത്തിലേക്ക് ഓടിയെങ്കിലും മരണം പോലും വെളുമ്പിയെ കൈവിടുകയാണ് ചെയ്യുന്നത്. പാതി കത്തിയ മരക്കുറ്റിപോലെ വെളുമ്പി പിന്നെയും ജീവിച്ചു എന്നാണ് മനീഷ് എഴുതുന്നത്. വല്ലിപ്പണിയുടെ നിയമം ലംഘിച്ചു എന്ന് പറഞ്ഞ് വെള്ളൻ്റെ നെഞ്ചിൽ കത്തുന്ന വിറകു കഷണം കുത്തിയിറക്കുന്നുണ്ട് കാര്യസ്ഥൻ. മാംസ ഗന്ധത്തിലേക്ക് മൂക്ക് വിടർത്തിക്കൊണ്ട് കാര്യസ്ഥൻ പറയുന്നത് കൊല്ലുകയാണ് വേണ്ടത് തത്ക്കാലം അത് ചെയ്യുന്നില്ല കാരണം നിനക്കൊര് സുന്ദരിയായ ഭാര്യ ഉണ്ടല്ലോ എന്നാണ്. വെള്ളൻ്റെ ഭാര്യ മാലയെ പീഡിപ്പിച്ചുകൊന്ന് കാര്യസ്ഥൻ വാക്കുപാലിച്ചു! വയലിൽ കലപ്പ വലിക്കുന്ന മൂരികളെ അഴിച്ചുമാറ്റി കലപ്പ ചീരാളൻ്റെ മുതുകിൽ വച്ചുകെട്ടി പുറത്ത് ചാട്ടവാർ വീശി പൊള്ളലേൽപ്പിക്കുന്നതടക്കം എത്രയെത്ര അനുഭവങ്ങളുടെ വേദനയാർന്ന തീയാട്ടങ്ങളെയാണ് നെഞ്ചുകലങ്ങും വിധം കടും കളറിൽ നോവൽ വരച്ചിടുന്നത്.

ജൈവികതയുടെയും നീതിബോധത്തിൻ്റെയും ഇടയിൽ ലളിത ജീവിതം നയിച്ച ഒരു ജനവിഭാഗത്തെ ആധിപത്യ സമൂഹം അധികാരത്തിൻ്റെ കൊടും ക്രൂരതകൊണ്ട് ശൂന്യമാക്കിയതിൻ്റെ മാത്രം കഥയല്ല കീളുവാരങ്ങൾ പറഞ്ഞു വയ്ക്കുന്നത്. അളമുറ്റിയ അടിമ ജീവിതത്തിൻ്റെ ചെറുത്തുനിൽപ്പുകളും ഏറ്റക്കുറച്ചിലുകളോടെ നോവൽ ചർച്ച ചെയ്യുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ കരിയാത്തനിൽ അധികാര ഭീകരതയോടുള്ള പോരാട്ട വീര്യം എക്കാലവും തിളച്ചുമറിഞ്ഞിരുന്നു. കരിയാത്തനിലൂടെ പൊട്ടിപ്പടരുന്ന പ്രതിരോധ ശക്തികതയെ നേരിടാൻ ചതിയുടെ കുതന്ത്രങ്ങളെയാണ് ജൻമിത്തം പരീക്ഷിക്കുന്നത്. ഈ മണ്ണും ഇവിടുത്തെ കാവും ഞങ്ങളുടേതാണെന്ന കരിയാത്തൻ്റെ ദൃഢമായ ഉറപ്പിനുമേൽ പതറിപ്പോയ ജൻമി, ചതിയുടെ ഹീനമായ ബലതന്ത്രം ഉപയോഗിച്ച് കരിയാത്തനെ ഇല്ലാതാക്കുന്നുണ്ട്. പക്ഷേ, അതിജീവനത്തിൻ്റെ അഗാധമായ പ്രതീക്ഷ നൽകിക്കൊണ്ടാണ് കരിയാത്തൻ്റെ മരണം നോവലിസ്റ്റ് പൂരിപ്പിക്കുന്നത്. വരാൻ പോകുന്ന വസന്തത്തിൻ്റെ മറ്റൊരു ഇടി മുഴക്കത്തെയാണ് ഈ മരണം ഓർമ്മിപ്പിക്കുന്നത്.

കരിയാത്തന് ഊർജ്ജമാകുന്ന രണ്ട് കഥാപാത്രങ്ങൾ ഉണ്ട് നോവലിൽ – മരത്തനും മായിയും. മരത്തൻ കാഴ്ചയിലും മായി പേരുപോലെ കാണാമറയത്തുമായാണ് നോവലിൽ നിറഞ്ഞാടുന്നത്. മരത്തൻ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുമ്പോൾ, മായി നീതിക്കുവേണ്ടി അനീതിയുടെ കവചം ധരിക്കുന്നവളാണ്. കാട്ടിൽ നിന്ന് തേനീച്ചകളുടെ കരുതലായ തേനെടുക്കുന്നതുപോലും അനീതിയാണെന്ന് കരുതുന്നയാളാണ് മരത്തൻ. അതേ സമയം അനീതിയെ അതിശക്തമായി നേരിടുന്ന ഒറ്റയാൾ പോരാട്ടമാണ് മായി നടത്തുന്നത്. അതിക്രമങ്ങളെ ഒളിപ്പോരുകൊണ്ട് നേരിട്ട് ഉൾക്കാട്ടിലേക്ക് മറയുകയാണ് മായിയുടെ യുദ്ധ രീതി. കാട് ജനാധിപത്യത്തിൻ്റെ പൂർത്തീകരണമാണെന്ന് കരിയാത്തൻ മനസ്സിലാക്കുന്നുണ്ട്. വിശക്കുമ്പോഴേ മുന്നിലുള്ള ഏത് സാധു മൃഗവും കരുത്തന് അന്നമാകുന്നുള്ളു. പക്ഷേ, നാട്… മായി നാടിനെ വെറുത്തതും അതുകൊണ്ടായിരിക്കാം.

കുറ്റ്യാടിയിലെ ഊരിൽ നിന്ന് മാണിയുടെ കൈപിടിച്ചാണ് മായി വള്ളിയൂരിലേക്ക് വരുന്നത്. തമ്പുരാനെ അറിയിക്കാതെ മാണി കല്യാണം കഴിച്ചതിന് മായിയെയാണ് കാര്യസ്ഥൻ പിഴയായി ആവശ്യപ്പെടുന്നത്. എന്നാൽ മാണി അരിവാൾ വീശിയാണ് കാര്യസ്ഥൻ്റെ അനുയായികളെ ഓടിക്കുന്നത്. അധികാരത്തിനുമേലുള്ള കീഴാളൻ്റെ പ്രതിരോധത്തിൻ്റെ ആദ്യത്തെ ആഞ്ഞുവീശലായിരുന്നു ഇത്. കാര്യസ്ഥൻ മരണം കൊണ്ട് മാണിക്ക് മറുപടി കൊടുത്തെങ്കിലും പ്രസ്തുത സംഭവം മായിയിൽ പ്രതികാരത്തിൻ്റെ തീക്കാറ്റുറയാൻ കാരണമായി. കാര്യസ്ഥൻ അടക്കമുള്ള പല അധികാരമരണങ്ങൾക്കും ആദൃശ്യ സാന്നിദ്ധ്യമാകുന്നത് മായിയിലെ പോരാട്ട വീര്യമാണ്. മാണിയെപ്പോലെ പത്തു പേർ ഒന്നിച്ചു നിന്നാൽ തകർന്നു വീഴാനേയുള്ളു അനീതിയുടെ കോട്ട. അതിന് ആദ്യം വേണ്ടത് മനസ്സിലെ അടിമഭാവം കളയുക എന്നതാണ് എന്ന് നോവലിൽ പറയുന്നുണ്ട്. ഈ അടിമഭാവത്തെ എങ്ങനെ പൊലിപ്പിച്ച് നിലനിർത്താം എന്നാണ് വർത്തമാനകാലവും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

സി.കെ. ജാനു

പണിയ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസ സംഹിതയും ന്യായപ്രമാണവുമാണ് ‘കീളുവാരങ്ങൾ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അടിമത്തം നേരിടുന്ന ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളെയുമാണ് കീളുവാരങ്ങൾ അഭിസംബോധന ചെയ്യുന്നത്. വിവിധ തരത്തിലുള്ള അടിമയുടമ മനോഭാവം പേറുന്ന മനസ്സുമായാണ് വർത്തമാനകാലം ജീവിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മധുവിൻ്റെയും രാമനാരായണൻ്റെയും ആൾകൂട്ട കൊലപാതകം ഇത്തരം ദുഷിച്ച ചിന്തകളുടെ ബഹിർസ്ഫുരണം തന്നെയാണ്. വേണമെങ്കിൽ കരിയാത്തനിലൂടെ പ്രതീക്ഷ നൽകി നോവലവസാനിപ്പിക്കാൻ എഴുത്തുകാരന് കഴിയുമായിരുന്നിട്ടും അതിന് മുതിരാത്തത് മുന്നിൽ ഉദിച്ചു നിൽക്കുന്ന യാഥാർത്ഥ്യങ്ങളെ അലസമായി മറികടക്കാനുള്ള മടി കൊണ്ടായിരിക്കണം. വർത്തമാനകാലം പുരോഗതിയുടെ ഘോഷിക്കലുകളേക്കുറിച്ച് വാചാലമാകുമ്പോഴും എഴുത്തുകാരനും വായനക്കാരനും ഏറെ കുറ്റബോധത്തോടെ നിൽക്കുന്നത് കീഴാള ജീവിതത്തിൻ്റെ പൊള്ളുന്ന കണ്ണീരിലാണ് എന്നതാണ് വസ്തുത. അത്തരമൊരു പരിസരത്തു നിന്ന് വായിക്കുമ്പോൾ കീളുവാരങ്ങൾ ജ്വലിച്ചു നിൽക്കുന്നത് മനുഷ്യത്വത്തിൻ്റെ ഉച്ഛ്വാസം കൊണ്ടാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

അടുത്ത കാലത്തിറങ്ങിയ പി.സുരേഷിൻ്റെ ‘മറതിയും’ സി.കെ. ജാനുവിൻ്റെ ‘അടിമമക്കയും’ മനീഷ് മുഴക്കുന്നിൻ്റെ ‘കീളുവാരങ്ങളും’ ഒരു പോലെ ഉല്പാദിപ്പിക്കുന്നത് കറുത്ത കണ്ണീരിൻ്റെ പ്രത്യയശാസ്ത്രമാണ്. ഭൂമിയിൽ ഇരുൾമൂടിയ ഇടങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത്തരം കൃതികൾക്ക് രാഷ്ട്രീയവും ചരിത്രപരവുമായ വായന എക്കാലവും ഉണ്ടായിരിക്കും.

കീളുവാരങ്ങൾ, നോവൽ, മാതൃഭൂമി ബുക്സ്, വില-330 രൂപ.

Related tags : Balan VengaraBook ReviewKJ BabyManish MuzhukkunnuP ValsalaShaji PulpallySheela Tomy

Previous Post

ഇടം പെട്ട്

Related Articles

വായന

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

വായന

കുഴിയൻ: വിസ്മരിക്കാൻ പാടില്ലാത്ത ഒരു കീഴാള നോവൽ

വായന

സേതുവിൻറെ കഥാലോകം പേടിസ്വപ്‌നത്തിന്റെ അറ്റം കാണാത്ത ദ്വീപുകള്‍

വായന

കിന്റു: ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ

വായന

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഷാജി പുൽപ്പള്ളി

അടിമജീവിതത്തിൻ്റെ രുധിര വായനകൾ

ഷാജി പുൽപ്പള്ളി 

പുതിയകാലം അരികുവൽകൃത ജീവിതങ്ങളെ സത്യം തുടിക്കുന്ന സർഗാത്മകത കൊണ്ട് സ്നേഹത്തോടെ തൊടുന്നു എന്നതുതന്നെ സന്തോഷകരമായ...

അനീഷ് ജോസഫ്: ഡി.കണ്യൻകട/...

ഷാജി പുൽപ്പള്ളി 

കഥയെഴുത്തിന്റെ മർമം കൃത്യതയോടെ അറിയാവുന്ന കഥാകാരനാണ് അനീഷ് ജോസഫ്. മണ്ണിനെ ആഞ്ഞുചവിട്ടി ആകാശത്തെ തൊടുന്ന...

ഗ്രാമീണ ജീവിതത്തിന്റെ ബഹുരൂപങ്ങൾ

ഷാജി പുൽപ്പള്ളി 

ഏറ്റവും അധികം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സാഹിത്യ ശാഖയാണ് നോവൽ. അതുകൊണ്ടുതന്നെ നടുക്കുന്ന പരീക്ഷണ വിജയങ്ങളും...

അളന്നെടുക്കുന്നവരുടെ ലോകം

ഷാജി പുൽപ്പള്ളി  

ഭൂമിയും വായുവും ജലവും അളന്നെടുക്കുന്ന അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട് കാലത്തോട് സംവ ദിക്കുന്ന കഥാകാരന് സർഗാത്മകമായി...

പശ്ചിമഘട്ടത്തിന്റെ രാഷ്ട്രീയം

ഷാജി പുൽപ്പള്ളി 

പശ്ചിമഘട്ടം വിശാലമായ ഭൂവിഭാഗം മാത്രമല്ല, പാരിസ്ഥിതികമായ അവബോധം കൊണ്ടുതീര്‍ത്ത ഒരു സംസ്‌കാരംകൂടിയാണ്. വികസനത്തിന്റെയും കൃഷിയുടെയും...

Shaji Pulpally

ഷാജി പുൽപ്പള്ളി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven