യുഎസ് താരിഫിൽ കൂടുതൽ വ്യക്തതയുണ്ടായാലുടൻ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ പുനരാരംഭിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ചൊവ്വാഴ്ച പറഞ്ഞു.
“ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ വ്യക്തത വന്നാലുടൻ,” ഗോയൽ ന്യൂഡൽഹിയിൽ നടക്കുന്ന ബിസിനസ് സ്റ്റാൻഡേർഡ് മന്ഥാനിൽ സംസാരിക്കവെ പറഞ്ഞു.
രാജ്യ-നിർദ്ദിഷ്ട “പരസ്പര” താരിഫുകൾ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) പ്രയോഗിക്കാനുള്ള അധികാരം അമേരിക്കൻ സുപ്രീം കോടതി വെള്ളിയാഴ്ച (ഫെബ്രുവരി 20, 2026) റദ്ദാക്കിയിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രധാനമായി ബാധിക്കുന്ന ഒരു വിധിന്യായത്തിൽ തന്റെ അധികാരത്തെക്കുറിച്ചുള്ള ട്രംപിന്റെ ഏറ്റവും വിവാദപരമായ വാദങ്ങൾ കോടതി നിരസിച്ചു. സുപ്രീം കോടതി വിധി വ്യാപാര നടപടികളുടെ ഭാവി ഗതിയിൽ വീണ്ടും അനിശ്ചിതത്വങ്ങൾക്ക് കാരണമായിരിക്കുകയാണ്.
ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ഒരു നിയമപ്രകാരമായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കെതിരെ വ്യാപകമായ താരിഫുകൾ ചുമത്തിയത്.
റിപ്പബ്ലിക്കൻ പ്രസിഡന്റ് 1977-ലെ ഈ നിയമം ഉപയോഗിച്ചത് തന്റെ അധികാരപരിധി കവിഞ്ഞതാണെന്ന കീഴ്‌ക്കോടതിയുടെ തീരുമാനത്തെ 6-3 എന്ന ഭൂരിപക്ഷ വിധിന്യായത്തിൽ ജസ്റ്റിസുമാർ ശരിവച്ചു. ഇറക്കുമതി നികുതി ഏകപക്ഷീയമായി ചുമത്താൻ ട്രംപ് ഈ നിയമം ഉപയോഗിച്ചതിനെതിരെ, താരിഫ് മൂലം പ്രതിസന്ധിയിലായ ബിസിനസുകളും, ഡെമോക്രാറ്റിക് ഭരണത്തിലുള്ള 12 യുഎസ് സംസ്ഥാനങ്ങളും സമർപ്പിച്ച നിയമപരമായ ഹർജിയിലായിരുന്നു സുപ്രീം കോടതി വാദം കേട്ടത്.
എന്നാൽ, വിധി വന്നയുടൻ ട്രംപ് യുഎസ് വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരം ട്രംപ് എല്ലാ രാജ്യങ്ങൾക്കും 150 ദിവസത്തേക്ക് 10 ശതമാനം സർചാർജ് ഏർപ്പെടുത്തി. താരിഫ് വീണ്ടും ചുമത്താൻ അനുവദിക്കുന്ന മറ്റ് നിയമങ്ങൾ പ്രകാരം പുതിയ അന്വേഷണങ്ങൾക്കും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ ആഗോള താരിഫുകൾ റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ “പ്രത്യാഘാതങ്ങൾ പഠിക്കുന്നതിനായി” ഇന്ത്യയും യുഎസും ഈ ആഴ്ച നടത്താനിരുന്ന വ്യാപാര ചർച്ചകൾ മാറ്റിവച്ചതായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ മാസം ആദ്യം പ്രഖ്യാപിച്ച ഒരു ഇടക്കാല വ്യാപാര കരാറിന്റെ നിബന്ധനകൾ അന്തിമമാക്കാൻ ഒരു ഇന്ത്യൻ പ്രതിനിധി സംഘം ഈ ആഴ്ച വാഷിംഗ്ടണിലേക്ക് പോകേണ്ടതായിരുന്നു.
ഉഭയകക്ഷി കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ യുഎസ് തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു; എന്നാൽ അതിന്റെ കൂടുതൽ വശങ്ങൾ വ്യക്തമല്ല. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫുകളുമായി ഇന്ത്യൻ വ്യാപാരികൾ ഏതാനും മാസങ്ങളായി പൊരുതുകയാണ്. ട്രംപ് വളരെക്കാലമായി വിമർശിച്ചിരുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയും തീരുവയിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 2 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു ഫോൺ കോളിന് ശേഷം ഇരു രാജ്യങ്ങളും ഒരു ഇടക്കാല വ്യാപാര കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു, ഇത് ഇന്ത്യൻ വിപണികൾക്ക് ആശ്വാസം നൽകി.



