നഷ്ടവസന്തം
കാലം എന്നോട് ചേർക്കാൻ മടിച്ച
മഹാകാവ്യമാണ് നീ.
എന്റെ കണ്ണിൽനിന്നും ഒഴുകുന്ന
ഓരോ തുള്ളിക്കണ്ണീരിനും
നിന്റെ നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്.
ഓരോ വരിയിലും നിന്നെ ഒളിപ്പിച്ചു
ഞാൻ പാടിയ പ്രേമഗാനങ്ങളാണ്
എന്നെ ഭാവഗായകനാക്കിയത്.
നീ കൺമുന്നിൽ തെളിയുമ്പോൾ മാത്രം
അൽപ വസന്തമായി ഒരു പുഞ്ചിരി
എൻ്റെ ചുണ്ടിൽ വിരുന്നിനെത്തും.
കാലയവനികയിൽ
ഞാൻ മറന്നുവച്ച നിത്യവസന്തമേ
ഇനിയും നിന്നോട് ചേരാൻ
ഒരു ജന്മനോവു ഞാൻ കൊതിച്ചുകൊള്ളട്ടെ…
ഓർമ്മകൾ
ആട്ടം കഴിഞ്ഞു
എല്ലാം തിരിച്ചെടുത്തെങ്കിലും
ബാഗിൽ കൊള്ളാത്ത
ചില ഓർമ്മകൾ
ബാക്കിയാക്കിയിട്ടുണ്ട്.
സാരമില്ല,
പുതിയ ആട്ടക്കാരുടെ ചവിട്ടേറ്റ്
അവ നശിച്ചോളും.
ഊരാക്കുടുക്ക്
താലിച്ചരടിനെ
ഊരാക്കുടുക്കെന്നു വിളിച്ച്
നീ വഴിമാറിപ്പോയപ്പോൾ
നിനക്ക് മാത്രം നീരാടാൻ
ഞാൻ വെട്ടിയിട്ട തടാകമുണ്ട്.
അതിലൊന്ന് മുങ്ങിനിവർന്നാൽ
തീരാത്ത സങ്കടങ്ങളില്ലാത്തതു കൊണ്ടാവും
ആർക്കും ഞാൻ ഊരാക്കുടുക്കിട്ടില്ല.



