പ്രഭാത വാർത്തകളിൽ നിറഞ്ഞുനിന്ന “ആഭിചാര കൂടോത്ര”ത്തിന്റെ മിഴിവുള്ള ചിത്രങ്ങളും വീഡിയോകളുമായി ചാനലുകളുടെ ആഘോഷത്തിമർപ്പ് കണ്ട് മണിശങ്കറിന്റെ മനസ്സ് മടുത്തു. ടെലിവിഷന്‍ ഓഫ് ചെയ്ത് പുറത്തേക്ക് പോകാനായി തയ്യാറായി എത്തിയ വനജയെയും കൂട്ടി വെയില്‍ പരന്നു തുടങ്ങിയ നിരത്തിലൂടെ അയാൾ തന്റെ പുതിയ ഇരുചക്രവാഹനത്തിൽ മുന്നോട്ട് നീങ്ങി. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം എന്ന പേരലങ്കരിക്കുന്ന ”ദി ഗ്രേറ്റ് മാറാഠ” യിലെ മെട്രോപ്പോളിറ്റൻ നഗരമായ പൂനയിലേക്ക് ജീവിതം പറിച്ചുനട്ടിട്ട് കാലമേറെയായി. ഒരുകാലത്ത് ഓട്ടോമൊബൈല്‍ രംഗത്ത് പ്രശസ്തമായിരുന്ന നഗരം ഇന്ന് വലിയൊരു ഐ.ടി ഹബ്ബായും മാറിയിരിക്കുന്നു.
എല്ലാവരെയും പോലെ ജീവിതത്തിലെ ഉയര്‍ന്ന കൊടുമുടികള്‍ കയറിപ്പറ്റാനായിട്ടാണ് താനും ഈ നഗരത്തില്‍ എത്തിപ്പെട്ടത്. ഒറ്റക്കും കുടുംബമായും ഇവിടെ താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സാധാരണക്കാര്‍ മാത്രമുള്ള ഒരു ചാലിലെ ഒറ്റ മുറിയും അടുക്കളയുമുളള ഒരു വാടക വീട്ടിലായിരുന്നു ഭാര്യയുമൊത്ത് ആദ്യതാമസം. അക്കാലത്താണ് ഗ്രാമത്തേയും നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. കോടികള്‍ മുടക്കി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ പാലം ഇരു പ്രദേശങ്ങളിലുമുള്ളവർക്ക് സന്തോഷത്തിനൊപ്പം ഏറെ ഭയവിഹ്വലതകളും നൽകുന്നതായിരുന്നു.
മറാഠ സാമ്രാജ്യത്തിന്റെ അധിപനും ധീരനുമായിരുന്ന ഛത്രപതി ശിവജിയുടെ ജന്മസ്ഥലമായ പൂനയുടെ തിരക്കുപിടിച്ച വീഥികളിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു. തിരക്കുകള്‍ക്കിടയിലൂടെ മണിശങ്കറിന്റെ സ്കൂട്ടറും തെരുവിന്റെ താളത്തിനൊത്ത് ഇടവും വലവും ചരിഞ്ഞ് നേരിയ പുകപരത്തിക്കൊണ്ട് മുന്നോട്ട് ഉരുണ്ടു നീങ്ങി. ഓഫീസിലെ സഹജോലിക്കാരനായ മിലിന്ദിന്റെ പുതിയ വീടിന്റെ വാസ്തുശാന്തിക്ക് ഭാര്യയുമൊത്തു രാവിലെ തന്നെ എത്താമെന്ന് നേരത്തെ ഏറ്റിരുന്നതാണ്.

നഗരത്തിരക്കില്‍നിന്നൽപ്പം മാറി പുതിയ കെട്ടിട സമുച്ചയത്തിലുള്ള മിലിന്ദിന്റെ ഡി ബ്ലോക്കിലെ ഫ്ലാറ്റിൽ പുതിയകാലത്തിന്റെ എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ട്. ഫ്ലാറ്റിലിരുന്ന് വിരസമാവുമ്പോൾ താഴെ പൂന്തോപ്പിൽ നാട്ടിലെപ്പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മൊസാണ്ടയും ചെത്തിപൂക്കളും നന്ദ്യാർവട്ടവുമൊന്നും ഇല്ലെങ്കിലും, കാറ്റാടി മരത്തിന്റെയും പിന്നെ പേരറിയാത്ത കുറെ ചെടികളുടേയും കാറ്റേറ്റ് മറ്റുള്ളവരുമായി കുശലം പറഞ്ഞിരിക്കാം. ആധുനിക കാലത്തിന്റെ പരിഛേദങ്ങളായ കുഞ്ഞുടുപ്പുകളിട്ട് നീന്തല്‍ കുളത്തിൽ നാണമില്ലാതെ നീരാടാം. ഇവിടെയാവുമ്പോൾ സദാചാര പ്രമാണിമാരൊന്നും ഉണ്ടാവില്ല. മിക്കവാറും എല്ലാം ഒരേ വര്‍ഗ്ഗത്തിലെ ഒരേ ചിന്താഗതിയില്‍പ്പെട്ടവരായിരിക്കും. ഇനിയും സൂര്യൻ ഉദിക്കാത്ത നമ്മുടെ നാട്ടിലെ സദാചാരത്തിന്റെ നിറകുടങ്ങളെ ഇവിടത്തെ സാരസ്ബാഗ് ഉദ്യാനത്തിലും, എംപ്രസ് ഗാര്‍ഡനിലും ഒക്കെ ഒന്ന് വരുത്തി കാണിക്കേണ്ടത് തന്നെയാണ്. പകല്‍ സമയങ്ങളിലും ഇവിടങ്ങളില്‍ വരുന്ന പ്രണയ ജോഡികളെ കണ്ടാൽ അവരൊക്കെ എങ്ങനെ സഹിക്കുമോ ആവോ?
ഒരു ലോണെടുക്കാൻ കമ്പനി സഹായിച്ചിരുന്നെങ്കില്‍ തനിക്കും ഇതുപോലെ മുന്തിയ സംവിധാനങ്ങളുളള ഒരു പുതിയ കോളനിയിൽ താമസിക്കാമായിരുന്നെന്ന് അയാള്‍ വെറുതെ ചിന്തിച്ചു.
വാഹനം ചിരപരിചിതമായ നിരത്തിലൂടെ പുതുതായി പണി തീർത്ത പാലത്തിലേക്ക് ഇരച്ചുകയറി. ഈ പാലത്തിലൂടെയുള്ള യാത്രകളിലെപ്പോഴും നൊമ്പരമുണർത്തുന്ന ചില ഓർമ്മകൾ അയാളെ എന്തെന്നില്ലാതെ കീഴ്പെടുത്തിക്കൊണ്ടിരിക്കും. ഈ നഗരത്തില്‍ കഴിയുന്ന കാലമത്രയും ആ വേദനകള്‍ തന്നില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ലെന്നതും അയാള്‍ക്കൊരു ശാപമായി തോന്നാറുണ്ട്.

പണ്ട്കാലത്ത് പാലം പണിയുമ്പോഴുള്ള പൈലിംഗിന്റെ ഭീകരതയെപ്പറ്റി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ലോഹ പൈപ്പുകൊണ്ടുള്ള ഇടിയുടെ ആഘാതത്തില്‍ ഭൂമിയുടെ മാറുപിളര്‍ന്ന് തരിച്ചുകയറും. ആ തരിപ്പില്‍ അയൽപക്കങ്ങളില്‍ ഉള്ള കെട്ടിടങ്ങള്‍ പോലും കിടുകിടാന്ന് വിറക്കും. വീട്ടിനുള്ളിലുളള പാത്രങ്ങളും മറ്റുപകരണങ്ങളും വിറകൊണ്ട് താഴെ വീണുടയും. അത്യുഷ്ണത്തില്‍ വരണ്ടുണങ്ങിയ പാടംപോലെ തറകൾ ചിലപ്പോൾ വിണ്ടുകീറും. കരിങ്കല്ല് പാളികള്‍കൊണ്ട് പാകിയുണ്ടാക്കിയ തറനിരപ്പുകള്‍ ചിലതൊക്കെ ഇളകി സ്ഥാനംതെറ്റി ഇടത്തോട്ടും വലത്തോട്ടുമൊക്കെ ദിശതെറ്റി നോക്കിയിരിക്കും.
മുമ്പൊരു ഗണപതി ഉത്സവകാലത്ത് ലാത്തൂര്‍ ജില്ലയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ ഭീകരാനുഭവങ്ങൾ അയാള്‍ ഓർത്തു. ഒരു രാത്രി മുഴുക്കെ പൂനെ സിറ്റിയില്‍ ലക്ഷ്മി റോഡിലും മറ്റും ചുറ്റിത്തിരിഞ്ഞ് ഗണപതി വിസര്‍ജ്ജനമെല്ലാം കഴിഞ്ഞ് തിരിച്ച് വിനയന്റെ കൂടെ അതിരാവിലെ ചാലിലുള്ള വാടകവീട്ടില്‍ എത്തിയപ്പോള്‍ കണ്ട അവസ്ഥ ഏതാണ്ട് അതുപോലൊക്കെത്തന്നെയായിരുന്നു.
വീട്ടു വഴിയില്‍ താഴെ പാകിയിരുന്ന കരിങ്കൽ സ്ലാബുകളെല്ലാം ഇളകിത്താണ് സിനിമയിലെ മോഹന്‍ലാലിന്റെ നടപ്പ് പോലെ വരാന്തയില്‍ വെച്ചിരുന്ന സ്കൂട്ടര്‍ ഒരുവശം ചരിഞ്ഞ് കുഴിയിലേക്കിറങ്ങിയിരിക്കുന്നതു കണ്ട് അന്തംവിട്ട് നിൽക്കെ അയലത്തെ വീട്ടുകാരി വിജയേച്ചിയുടെ വിളി കാതില്‍ മുഴങ്ങി.
“മണി, നിനക്ക് നാട്ടില്‍ നിന്നൊരു കോൾ ഉണ്ട്.”
ഉടനെ ഓടിച്ചെന്ന് പടികള്‍ കയറി അവരുടെ സ്വീകരണ മുറിയിലെത്തി ഫോണെടുത്തു. അന്ന് ലാന്‍ഡ് ഫോണുള്ളത് അടുത്ത് വിജയേച്ചിയുടെ വീട്ടില്‍ മാത്രമായിരുന്നു.
“മണ്യേ, അവള് പ്രസവിച്ചു ട്ടോ… ആണ്‍കുട്ടിയാ. രണ്ടു പേരും സുഖമായിരിക്കുന്നു.”
നാട്ടിലെ ഫോൺബൂത്തില്‍ നിന്നും വനജയുടെ അച്ഛന്‍. ആറാം മാസത്തില്‍ പ്രസവത്തിനായി അച്ഛനും അമ്മയും വന്ന് വനജയെ കൂട്ടിക്കൊണ്ടുപോയതായിരുന്നു. സന്തോഷവാര്‍ത്ത കേട്ട് മനസ്സില്‍ ഒരായിരം പൂത്തുമ്പികള്‍ പാറിപ്പറന്നു. തിരിഞ്ഞ് പരിചയക്കാര്‍ക്കൊക്കെ കൊടുക്കാനുള്ള പേഡയുടെ കണക്കെടുപ്പ് നടത്തുമ്പോഴാണ് വിജയേച്ചിയുടെ അടുത്ത ചോദ്യവും വിശദീകരണവും.
”മണീ നിനക്കറിയാമോ…? അങ്ങ് ലാത്തൂരിലുണ്ടായ ഭൂമി കുലുക്കത്തിന്റെയാ ഇവിടെ ഈ നാലുപാടും കാണുന്നതൊക്കെ…!”
വിജയേച്ചി പറഞ്ഞതിന്റെ ദൃഷ്ടാന്തങ്ങൾ ചുറ്റുപാടും നല്ലപോലെ തെളിഞ്ഞ് ചിതറി കിടപ്പുണ്ടായിരുന്നു. ഒറ്റരാത്രികൊണ്ട് ഭൂകമ്പത്തില്‍ ലാത്തൂര്‍ എന്ന ഒരു ഗ്രാമം മുഴുവനും മണ്ണിനടിയിലേക്ക് ആണ്ടിറങ്ങി വിസ്മൃതിയിലായി. ആ ശാപദിനത്തിലെ നടുങ്ങുന്ന വാര്‍ത്ത കേട്ട് അയല്‍പക്കത്തുള്ള ഗ്രാമങ്ങളെല്ലാം വിറച്ച് വെറുങ്ങലിച്ചു നിന്നു.
കുറെ വർഷങ്ങൾ കൂടി കഴിഞ്ഞാണ് പാലം പണി തുടങ്ങിയത്. ക്രെയിനുകളുടെയും മറ്റു ലോഹങ്ങളുടെയും, അവയെ വരുതിക്ക് നിർത്താൻ പാടുപെടുന്ന തൊഴിലാളികളുടെയുമൊക്കെ പരസ്പര പൂരകങ്ങളായ അങ്കലാപ്പുകൾ ദിവസവും കണ്ട് ശീലമായി.. അതിനിടയില്‍ മഴപെയ്ത് കുതിര്‍ന്ന് ചെളിപിടിച്ച റോഡിലൂടെ വാഹനമോടിക്കുന്നത് ദുഷ്കരം തന്നെയായിരുന്നു. കുട്ടിക്കാലത്ത് വേനല്‍ ദിനങ്ങളില്‍ നാട്ടിലെ പാടത്തും ഒഴിഞ്ഞ പറമ്പുകളിലും മാത്രം കണ്ടിരുന്ന പ്രധാന കാഴ്ചയായ സൈക്കിൾ അഭ്യാസത്തിലെ തികഞ്ഞൊരു അഭ്യാസിയെപ്പോലെ ഇഴഞ്ഞും ഇടക്ക് നിന്ന് ശ്വാസം വിട്ടുമായിരുന്നു അന്നൊക്കെ യാത്ര. ഇടക്കിടെ മറ്റു വാഹനങ്ങളുടെ ചക്രങ്ങളിൽനിന്നുള്ള ചെളി ഒരാധുനിക ചിത്രകാരന്റെ ഭാവനയിലെന്നപോലെ അയാളുടെ കറുത്ത പാന്റ്സില്‍ ചാരനിറത്തിലുള്ള പുള്ളികളിട്ട് വികൃതമാക്കുമായിരുന്നു.
ചെളിയഭിഷേകംകഴിഞ്ഞ ടയറുകളുമായി വാഹനം മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോൾ പരിചയക്കാരനായ പാട്ടീലിന്റെ വീട്ടുമുറ്റത്ത് ഒരാൾകൂട്ടം!
ആളൊരു മറാഠിക്കാരനും തികഞ്ഞ ഈശ്വര ഭക്തനുമാണ്. അയാളെന്നല്ല, ഇവിടത്തുകാര്‍ എല്ലാവരും ഈശ്വര ഭക്തിയുടെ കാര്യത്തില്‍ മുന്‍പന്തിയിൽത്തന്നെയാണ്. കേരളത്തിലൊന്നും ഇത്രയധികം ആചാരങ്ങളും ഉത്സവങ്ങളും ഉള്ളതായി കണ്ടിട്ടും കേട്ടിട്ടും ഇല്ല. നാട്ടിലെ രാഷ്ട്രീയം പോലെയാണ് ഇവിടത്തുകാര്‍ക്ക് ഉത്സവങ്ങള്‍. മാസത്തില്‍ മിക്കവാറും ദിവസങ്ങളിലും എന്തെങ്കിലുമൊക്കെ കാണും. പക്ഷെ, തല്ലും വഴക്കും ഹര്‍ത്താലുമൊക്കെയായി കൊണ്ടാടുന്ന നാട്ടിലെ സ്ഥിരം രാഷ്ട്രീയ ഉത്സവങ്ങളെപ്പോലെയല്ല, ഇത് തികച്ചും ദൈവീകം. അതിനാല്‍തന്നെ വളരെ ഒത്തൊരുമയോടും ശാന്തതയോടും സന്തോഷത്തോടെയും കൂടി ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്നതാണിത്.
ദൈവത്തിലും, ഹിന്ദുത്വത്തിലുമൊക്കെ തൊട്ടുകളിച്ചാല്‍ കൈ പൊള്ളുന്ന നാട്! അങ്ങനെയുള്ള നാട്ടുകാരന്റെ, പാട്ടീലിന്റെ വീട്ടില്‍ സ്ഥിരം നടക്കാറുള്ള വല്ല പതിവു പൂജപ്പരിപാടിയുമായിരിക്കും എന്നാണ് ആദ്യം കരുതിയത്. വാഹനം ഒതുക്കാതെ വിട്ടു പോകാൻ തുടങ്ങിയപ്പോൾ കൂടെ ജോലിചെയ്യുന്ന നിഖിലിനെ കണ്ടാണ് വണ്ടി നിർത്തിയത്. ഒരു കീഴ്‌വഴക്കം എന്നപോലെ താഴെയിറങ്ങി അവനടുത്തേക്ക് ചെന്ന് ഹസ്തദാനം ചെയ്തു.
”അരെ നിഖില്‍, തും ക്യോം ഇതർ?”
”ക്യാ ബോലൂം സർജി. ആജ്കൽ യഹാം പെ ബഹുത് പ്രോബ്ലം ഹോ രഹാ ഹെ…!”
മറാത്തിയിലും പിന്നെ ഹിന്ദിയിലുമൊക്കെ അവന്‍ അവിടുത്തെ ആശങ്കകളുടെ പൊതിക്കെട്ട് അഴിച്ചു തുടങ്ങിയപ്പോഴാണ് ചുറ്റും കൂടിയിരിക്കുന്നവരെ ശ്രദ്ധിച്ചത്. എല്ലാവരുടെയും മുഖം ഒരേപോലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്ത ശില്‍പങ്ങള്‍പോലെ പരസ്പരം മൗനികളായി ആശയവിനിമയം നടത്തുന്നതിനിടയില്‍ ആശങ്കയോടെ മണിശങ്കര്‍ വീടിനകത്തേക്ക് ശ്രദ്ധിച്ചു.
അകത്തുനിന്നും ചെറിയ മൂളലുകളും ഞരക്കങ്ങളും കേള്‍ക്കുന്നുണ്ട്. കരച്ചില്‍ വീട്ടിലെ സ്ത്രീകളുടേതാണെന്ന് വ്യക്തമാണ്. പാട്ടീല്‍ ഇടക്കിടക്ക് വാതില്‍ക്കലെത്തി തന്റെ കഷണ്ടിത്തലയിൽ മൃദുവായി കൈകൾകൊണ്ട് തടവും. ഉടനെ മറ്റെന്തോ ഓര്‍ത്തിട്ടെന്നപോലെ പുതുതായി വന്ന തന്റെ മൊബൈല്‍ ഫോണിലേക്ക് ഉറ്റുനോക്കി ആരുടെയൊക്കെയോ നമ്പര്‍ ഡയല്‍ ചെയ്ത് നിരാശനാവുന്നു.
അങ്ങിങ്ങായി ചിലര്‍ താടിക്ക് കൈ താങ്ങി താടി രോമങ്ങളില്‍ ചെറുതായി മാന്തിപ്പറിച്ചുക്കൊണ്ട് പലതും പിറുപിറുക്കുന്നുണ്ട്…
പലരുടെയും വീടുകളില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കുഞ്ഞുങ്ങൾ അപ്രത്യക്ഷരായിരിക്കുന്നു! അതും എല്ലാം സമപ്രായക്കാരായ കുട്ടികള്‍. എല്‍.കെ.ജി. യിലും യൂ.കെ.ജി യിലും ഒക്കെ പഠിക്കുന്ന കുഞ്ഞുകുട്ടികള്‍.
അതിരാവിലെ സ്നേഹത്തോടെ പ്രഭാത ഭക്ഷണം കൊടുത്ത്, മറ്റു നേരങ്ങളിലേക്കുളള ഭക്ഷണപൊതിയുമായി സ്കൂളുകളിലേക്ക് പറഞ്ഞുവിട്ട പല കുഞ്ഞുങ്ങളും നേരം തെറ്റിയിട്ടും വീടുകളില്‍ തിരിച്ചെത്തിയിട്ടില്ല. സ്കൂൾ അധികൃതരില്‍ പലരും സ്കൂളിൽ നിന്നുതന്നെ കുട്ടികളെ കാണാതായതിന്റെ പേരില്‍ പരിഭ്രാന്തരായിരിക്കുന്നു!
കാരണവന്മാരായ മറാഠികളില്‍ ചിലര്‍ക്ക് ചിലത് പറയാനുണ്ട്. അതൊക്കെ അവരുടെതന്നെ അനുഭവങ്ങളില്‍ നിന്ന്…
“ദസ് സാല്‍ പഹലെ ഔർ ഏക് ബ്രിഡ്ജ് കാ കാം ഹോത്തെ വക്ത് മെ ഭി ഐസാഹി ദുര്‍ഘടന ഹോ രഹീ ത്തി.”
പത്തുവര്‍ഷം മുമ്പ് നടന്നൊരു പാലത്തിന്റെ പണിസമയത്തും ചുറ്റുവട്ടത്തുള്ള വീടുകളില്‍ നിന്നും ഇതുപോലെ കുട്ടികളെ കാണാതായിട്ടുണ്ട്. അതും ഇതേപോലെ ഒരേ പ്രായക്കാർ.
പല കഥകള്‍ പലരും പറഞ്ഞത് കേട്ട് തല മരവിച്ചു. അതിലൊന്ന് ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഞരമ്പുകൾ മുറിഞ്ഞ് രക്തം ധാരയായി പുറത്തേക്ക് വമിക്കുമ്പോൾ കഴുത്തില്‍ ഒരു കത്തികൂടി കുത്തിയിറക്കും പോലെ ഭയാനകവും ദുരൂഹവുമായ ഒന്ന്!
പാലത്തിന്റെ കോശങ്ങളിലേക്ക് ഊര്‍ന്നൊഴുകി പരക്കുന്ന പിഞ്ചു ചോരയുടെ മടുപ്പിക്കുന്ന മണമാണ് പിന്നീട് മൂക്കിനെ ഗ്രസിച്ചത്. പൈലിംഗ് സമയത്ത് പാലത്തിന്റെ തൂണുകള്‍ക്ക് കൂടുതല്‍ ഉറപ്പും ദൃഢതയും കൈവരിക്കാനുള്ള നീച വിശ്വാസങ്ങളുടെ ആഭിചാരക്രൂരത. രാത്രിയുടെ മറവില്‍ ബലിക്കല്ലിൽ പിടഞ്ഞരഞ്ഞ പിഞ്ചു കുഞ്ഞുങ്ങളുടെ ദീന രോദനങ്ങള്‍ കാതിനെ തുളച്ച് അവിടമാകെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ലോകം പുരോഗമിച്ചിട്ടും, ശാസ്ത്രം പുരോഗമിച്ചിട്ടും ഇപ്പോഴും തലക്ക് വെളിവില്ലാത്ത കുറെ പാഴ് ജന്മങ്ങൾ! എഞ്ചിനീയര്‍മാരോ? കോണ്‍ട്രാക്ടര്‍മാരോ? അതോ മറ്റു വല്ലവരുമോ? ആരായിരിക്കും ഈ നീചമായ കൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്?

അവസരം മുതലാക്കുന്ന പല സംഘങ്ങളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടത്രേ! പണത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍. കുടുംബവും കുട്ടികളും ഒന്നുമില്ലാത്തവന്മാര്‍. ഇവരുടെയൊക്കെ തലയില്‍ ഇടിത്തീ വീഴ്ത്തണമേയെന്ന് പ്രാര്‍ത്ഥിക്കുകയല്ലാതെ എന്ത് ചെയ്യാന്‍. അന്ധവിശ്വാസത്തിൽ തലച്ചോർ നഷ്ടപ്പെട്ട കുറെ തലയില്ലാത്ത മനുഷ്യരെ മനസ്സിൽ കണ്ട് മനുഷ്യവർഗ്ഗത്തോട് തന്നെ പുച്ഛം തോന്നിയ സമയം.
ഇന്നിപ്പോൾ ഇവിടെയും പല കുഞ്ഞുങ്ങളും കാണാമറയത്താണ്. അതിലൊന്നായി പാട്ടീലിന്റെ കുഞ്ഞും സ്കൂൾ വിട്ട് തിരിച്ചു വന്നിട്ടില്ല. സ്റ്റേഷനിൽ പരാതി നൽകി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണവർ. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ എന്ന് ചിലർക്ക് സംശയം. എല്ലാവരുമല്ലെങ്കിലും അവിടെയും ഉണ്ടല്ലോ പണത്തിനുമേൽ കമിഴ്ന്നു വീഴുന്ന കുറെ നരാധമന്മാർ. എന്തിനും ഏതിനും കുടപിടിക്കുന്ന കുറേ പകൽമാന്യന്മാർ.
അതെ; പാട്ടീലിന്റെ കുഞ്ഞുമോൻ കേതൻ തിരോധാനം ചെയ്യപ്പെട്ടിരിക്കുന്നു! കൂടെ മറ്റു പലരുടെയും കുഞ്ഞോമനകളും.
മനസ്സിൽ ഒരു വെള്ളിടി വെട്ടി! നിഖിലിന് കൈ കൊടുത്ത് പിരിഞ്ഞ് വാഹനത്തിനരികിലെത്തി ഡിക്കി തുറന്ന് സീറ്റിനടിയിലെ കവറിലേക്ക് നോക്കി. ഓഫിസിൽ നിന്ന് തിരിച്ചപ്പോൾ തെരുവോരത്തെ ശ്രീറാം വടാപാവ് സെന്ററില്‍ കയറി മൂന്നു വടാപാവ് പൊതിഞ്ഞു വാങ്ങിയിരുന്നു. നിലക്കടല ചട്നിയും ഉപ്പിട്ട് എണ്ണയില്‍ വറുത്തുകോരിയ പച്ചമുളക് വേറെയും. വീട്ടിലെത്തിയാൽ മോന്‍ ആദ്യം ചോദിക്കുന്നത് ഇതാണ്; പാവിനുള്ളില്‍ തിരുകി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വട – വടാപാവ്. എല്‍.കെ.ജി യില്‍ ഈയിടെ ചേര്‍ത്ത ദിനുവിന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണിത്. ഭാര്യക്ക് വലിയ തടിച്ച മുളക് ബജ്ജിയോടാണ് കൂടുതല്‍ താല്‍പ്പര്യം. അവളും നല്ലൊരു തീറ്റ പ്രാന്തിയാണ്. അത് പക്ഷേ ഇതിലൊന്നും നില്‍ക്കുന്നതല്ല. മെനുവൊക്കെ മുന്നില്‍ വരുത്തി വളരെ വിശദമായ മൃഷ്ടാന്നമാണ് താൽപര്യം. ഇതൊന്നും സ്ഥിരമുളള ശീലങ്ങളല്ല; വല്ലപ്പോഴും മാത്രം.
വടാപാവിന്റെ കവറിന് പുറത്തേക്ക് നേരിയതോതിൽ എണ്ണ പടർന്നിട്ടുണ്ട്. സീറ്റ് താഴ്ത്തിയിട്ട് വണ്ടിയിൽ കയറി വീടിനെ ലക്ഷ്യമിട്ട് ആക്സിലേറ്റർ പതിയെ തിരിഞ്ഞു തുടങ്ങി. ഇനിയും നാല് കിലോമീറ്റർ കൂടി വേണം വീട്ടിലെത്താന്‍.
ചിന്തകൾ പലവഴികളിൽ നിന്നും ഏകോപിച്ച് ഒരു കേന്ദ്രത്തിലേക്ക് വഴിമാറി. പാട്ടീലിന്റെയും തന്റെയും മകന് ഒരേ പ്രായം!
“അവൻ ദിനു സ്കൂൾ വിട്ടു വന്നുകാണുമോ…!?”
ബൂത്തില്‍ കയറി വിളിച്ച് ചോദിക്കാമെന്ന് വെച്ചാൽ വീട്ടിൽ ടെലിഫോൺ ഇല്ല. തൊട്ടടുത്തെങ്ങും ഫോണുള്ള പരിചയക്കാരും ഇല്ല. പിന്നെന്തു ചെയ്യും! വെറുതെ ആലോചിച്ച് തല പുണ്ണാക്കിയിട്ട് കാര്യമില്ല, എത്രയും വേഗം വീട്ടിലെത്തുക തന്നെ.
മണിശങ്കർ തന്റെ വസ്ത്രത്തിലെ നനഞ്ഞ വരപ്പുകളിലേക്ക് നോക്കി മുഖം ചുളിച്ചു. ഇട്ടിരുന്ന ഷർട്ട് നനഞ്ഞ് വിയർപ്പിന്റെ ഗന്ധം കുറേശ്ശെയായി നാസികകളെ മടുപ്പിച്ചുകൊണ്ടിരുന്നു.
വീട് എത്തുന്നതിനു മുമ്പുള്ള സിഗ്നലിൽ സാമാന്യം നല്ല തിരക്കുണ്ട്. ഈ വഴിയിൽ ഒരിക്കലും തിരക്കൊഴിഞ്ഞു കണ്ടിട്ടില്ല. സിഗ്നലുകളുടെ നിറം മാറുന്നതിനനുസരിച്ച് മനസ്സിലും നിറങ്ങൾ മാറിക്കൊണ്ടിരുന്നു. പച്ച മഞ്ഞ ചുവപ്പ്. വാഹനം സിഗ്നലിന് അടുത്തെത്താറായപ്പോൾ വന്ന ചുവപ്പ് നിറം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി. ചുവപ്പ് നിറം അപകടത്തിന്റെ സൂചനയാണ്! എത്രയും പെട്ടെന്ന് വീടെത്തണം. ഈ റോഡിലെ വാഹനത്തിരക്ക് എന്നും ഒരു കീറാമുട്ടിയാണ്. പാലം വരുന്നതോടെ ഇതിനൊരു പരിഹാരം ഉണ്ടാകും എന്നതിന് സംശയമൊന്നുമില്ല. പക്ഷേ അപ്പോഴേക്കും എത്രയെത്ര കുഞ്ഞു ജീവനുകൾ പൊലിഞ്ഞു പോകുമോ ആവോ? മനസ്സ് ആര്‍ദ്രമായി.
പാട്ടീലിന്റെ വീട്ടിൽ നിന്നും കേട്ട കരളലിയിപ്പിക്കുന്ന വാർത്തയുമായി വീട്ടിലെത്തിയപ്പോൾ ആദ്യം തിരക്കിയത് മോനെ ആയിരുന്നു. ചാൽവഴിയിൽ മറ്റു കുട്ടികളുടെ കൂടെ കളിച്ചുകൊണ്ടിരുന്ന അവനെ എടുത്തു പൊക്കി മാറോടമർത്തി. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു. ഞങ്ങളുടെ മകനെ എന്നല്ല ഒരു കുഞ്ഞിനും ഇതുപോലുള്ള ക്രൂരത അനുഭവിക്കാൻ ഇടവരുത്തരുതേയെന്ന്. ദൈവത്തോടല്ലാതെ പിന്നെ ആരോട് പറയാൻ!
പാട്ടീലിന്റെ മോനെ പിറ്റേന്ന് രാത്രിതന്നെ പോലീസ് തിരഞ്ഞുപിടിച്ച് വീട്ടിലെത്തിച്ചു എന്നറിഞ്ഞു. ഒരു സംഘം തെരുവ് ഭിക്ഷക്കാരുടെ കയ്യിൽനിന്നാണ് അവനെ കിട്ടിയതത്രെ. കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അയാളുടെ പൂജയുടെയും പ്രാർത്ഥനയുടെയും ഫലമായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്നു ചിന്തിച്ച് സമാധാനിക്കാൻ ശ്രമിച്ചപ്പോള്‍ അന്ന് മറ്റു പലരുടെയും കുഞ്ഞുങ്ങളെ തിരിച്ചു കിട്ടിയിരുന്നില്ല എന്ന വാർത്ത ഒരുപാട് സങ്കടപ്പെടുത്തുകയും ചെയ്തു. അവരോട് മാത്രം ദൈവം നിസ്സഹായനായി കൈമലർത്തിയത് പോലെ.
വർഷങ്ങൾക്കുശേഷം നടന്ന പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിയാതെ, മണിശങ്കറിന് മറ്റൊരു സ്ഥലത്തേക്ക് ജോലിമാറ്റം കിട്ടി പോകേണ്ടിവന്നു.
വീണ്ടും ഒരു നിയോഗം പോലെ ഇതേ നഗരത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കേണ്ടിവന്നിരിക്കുന്നു. പഴയ കമ്പനി വിട്ട് മറ്റൊരു കമ്പനിയുടെ പ്രതിനിധിയായി. പുതിയ കാലത്തിന്റെ സ്കൂട്ടറുമായി സിറ്റിയിലേക്കുള്ള യാത്രയിൽ ഇന്നിപ്പോൾ അയാള്‍ക്കൊപ്പം ഭാര്യ വനജയുണ്ട്. കാലങ്ങളുടെ കരുണയായി മകൻ പഠിച്ച് വലിയവനായി മറ്റൊരു സിറ്റിയിൽ ജോലി തേടി പോയിരിക്കുന്നു.
പെട്ടെന്ന് വാഹനത്തിന് താഴെ നിന്നും ഒരു ശ്…ശ്…ശ്… ശബ്ദം കേട്ടു. മണിശങ്കർ ഉടനെ സ്‌കൂട്ടർ പാലത്തിനോരം ചേര്‍ത്തുനിർത്തി. പുറകുവശത്തെ ടയർ പഞ്ചർ ആയിരിക്കുന്നു. ടയറിൽ കുത്തിക്കയറിയിരിക്കുന്ന ചെറിയ മുള്ളാണി പറിച്ചെടുക്കുന്നതിനിടയിൽ അയാൾ ചിന്തിച്ചു… അടുത്തേതെങ്കിലും ടയറുകടയിൽനിന്ന് ഇത് ശരിയാക്കി എടുക്കാവുന്നതേയുള്ളൂ.
പാലത്തിന്റെ പഴയ നിര്‍മ്മാണ കഥകൾ വീണ്ടും അയാളുടെ ഓർമ്മയിലെത്തി. പാട്ടീലിന്റെ വീട്ടിൽനിന്നും പണ്ടു കേട്ട ദുരൂഹമായ കഥകൾ സത്യമാണെങ്കിൽ അന്ന് കാണാമറയത്തായ ഏതെങ്കിലും കുഞ്ഞുഹൃദയങ്ങൾ ദയനീയമായി കേണുകൊണ്ട് ഈ പാലത്തിന്റെ തൂണുകൾക്കടിയിൽ എങ്ങാനും മറഞ്ഞിരുപ്പുണ്ടോ?
രാവിലെ ടെലിവിഷനില്‍ കണ്ട സംസ്കാര ശൂന്യമായ കാഴ്ചകളുടെ ഓളങ്ങള്‍ വീണ്ടും ഉള്ളില്‍ അലയടിച്ചു. കഷ്ടം! ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമൊന്നും ഒരുമാറ്റവും വരുത്താന്‍ ഇന്നും മനുഷ്യകുലത്തിന് കഴിഞ്ഞിട്ടില്ലല്ലോ!
മണിശങ്കർ വനജയെയും കൂട്ടി അടുത്തുള്ള ടയർ കട തിരക്കി സ്‌കൂട്ടർ തള്ളിക്കൊണ്ട് നടന്നു.