എൻ്റെ ഏകാന്തതയെ
ക്ലോസറ്റിലിട്ട് ഞാൻ ഫ്ലഷ് ചെയ്യുന്നു,
ചിലപ്പോൾ അതൊരു നേർത്ത നെടുവീർപ്പായി,
ചിലപ്പോൾ അതൊരു നുരയായി,
വെള്ളച്ചുഴിയിൽ അപ്രത്യക്ഷമാവുന്നു.
പക്ഷേ, ഏകാന്തത
ക്ലോസ്റ്റിലെ മഞ്ഞക്കറപോലെയാണ്
അത് പഴകുന്തോറും
ഇരുണ്ടതും കട്ടിയുള്ളതുമായി തീരും
ക്ലോസറ്റ്, ഒരു സിംഹാസനം,
ഒരു ഹോട്ട് സീറ്റ്.
അവിടെ ഇരുന്നുകൊണ്ട്
ചൂടുപിടിച്ച ചിന്തകളും
സംവാദങ്ങളും ഞാൻ നടത്താറുണ്ട്
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ
അസഹിഷ്ണുതയിൽ
വലങ്കാലിലെ പെരുവിരൽ
ടൈൽസിലെ വഴുക്കലിൽ
ഞാൻ ഉരതാറുണ്ട്
അപ്പുറത്ത്, മറ്റൊരു ഞാൻ,
(അത് എന്നിലെ സ്ത്രൈണതയാണ്)
ഉടുതുണിയില്ലാതെ
ഷവറിനടിയിൽ നിന്ന് നനയുന്നു.
വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്നു,
രതിമൂർച്ഛയിൽ പൊട്ടിയൊഴുകിയ
മദജലത്തെ കഴുകിക്കളയുംപോലെ
അവളുടെ ചുണ്ടുകൾ വിറയ്ക്കുകയും
പല്ലുകൾ കൂട്ടിയിടിക്കുകയും ചെയ്യുന്നു
അവൾ തണുത്ത് വിറയ്ക്കുന്നുണ്ടാവും
അല്ലെങ്കിൽ,ഉന്മാദപ്പെട്ടവൾ
ചിരിക്കുകയോ കരയുകയോ ആവും
അവളും ഞാനും തമ്മിൽ,
ഒരു അദൃശ്യ ചരടിൽ ബന്ധിക്കപ്പെട്ടവർ.
കവിതയെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നു,
ഒരുപക്ഷേ, നിശ്ശബ്ദമായി,
വാക്കുകൾക്കപ്പുറമുള്ള ഭാഷയിൽ.
അവളുടെ ഉന്മാദാവസ്ഥയിൽ നിന്ന്
ഒരു വാക്കോ വരിയോ
തെറിച്ചു വീഴുന്നതും കാത്ത്
ആ ഹോട്ട് സീറ്റിൽ
എത്രയോ നേരം ഞാൻ ചിലവഴിക്കുന്നു
അർത്ഥങ്ങൾ ഉടയുന്നു,
പുതിയ വ്യാഖ്യാനങ്ങൾ ജനിക്കുന്നു.
ക്ലോസറ്റും ഷവറും സാക്ഷ്യം വഹിക്കുന്നു,
രണ്ട് യാഥാർത്ഥ്യങ്ങൾ,
ഒരേ സത്തയുടെ ഭിന്നരൂപങ്ങൾ.
അന്നേരം,
ജലപ്രവാഹത്തിലെ ചുഴിയിൽ കറങ്ങി
അഗാധ ഗർത്തത്തിലേക്ക്
ഉൾവലിയുന്നു,
മഞ്ഞനിറമുള്ള ഏകാന്തത.
മൊബൈൽ: 7356688809