ഞാൻ ചേട്ടനെ ഇങ്ങോട്ടു വിളിക്കാൻ തുടങ്ങിയിട്ടു കുറെ കാലമായി എങ്കിലും മോന്റെ വിസ പുതുക്കുന്ന കാര്യത്തിനായി കഴിഞ്ഞ മാസമാണ് എന്റെ താമസസ്ഥലത്തു വന്നത്. ഇതുവരേയ്ക്കും ചേട്ടനു വരാൻ പറ്റിയൊരു സമയം ഒത്തുകിട്ടിയിരുന്നില്ല.
ചേട്ടൻ അല്പസ്വല്പം രാഷ്ട്രീയ പ്രവർത്തനങ്ങളുള്ള ആളാണ്. എല്ലാത്തിനും എന്നും മുന്നിൽ ഉണ്ടാവുന്നതു കൊണ്ട് ചേട്ടനു പാർട്ടിക്കാർക്കിടയിൽ നല്ല പേരാണ്. പാർട്ടിസമ്മേളനം എത്ര ദൂരെ ആയാലും ചേട്ടൻ ട്രെയിനോ ബസോ പിടിച്ച് അവിടെ എത്തിയിരിക്കും. “നിന്റെ ചേട്ടൻ പോയില്ലെങ്കിൽ അവിടെ പരിപാടി നടക്കില്ല, ആളു പോയിട്ടു വേണം അവിടെ പന്തൽ കെട്ടാൻ” എന്നതു ചേച്ചി പറയുന്ന സ്ഥിരം വാചകമാണ്.
അതുമാത്രമല്ല, ചേട്ടൻ ടൈഗേഴ്സ് ക്ലബ്ബിന്റെ ഒരു മുൻനിരപ്രവർത്തകനും ഏരിയസെക്രട്ടറിയുമാണ്. ക്ലബ്ബിന്റെ രക്തദാനക്യാമ്പ്, കലാസാംസ്കാരിക സാഹിത്യപരിപാടികൾ, ഓണം, വിഷു, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ തുടങ്ങിയതിനൊക്കെ ചേട്ടൻ മുന്നിൽത്തന്നെ ഉണ്ടാവും.
അങ്ങനെ തിരക്കുള്ള ചേട്ടനെയാണ് എനിക്കു രണ്ടുമൂന്നു ദിവസത്തിനു കിട്ടിയിരിക്കുന്നത്.
‘സ്വാമി’, ആ ദിവസങ്ങളിൽ തന്റെ ഭക്തജനങ്ങൾക്കു ദർശനമരുളാൻ അടുത്തുള്ള ആശ്രമത്തിൽ ഒരാഴ്ചക്കു വന്ന കാലമായിരുന്നു. സ്വാമിക്കു നല്ല പേരാണ്. പ്രധാന ആശ്രമം തമിഴ്നാട്ടിൽ ആണെങ്കിലും ലോകം മുഴുവനും ചെറിയ ആശ്രമങ്ങളും അവിടെയൊക്കെ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ, ബിസിനസ്, പത്രപ്രവർത്തനം എന്നീ മേഖലകളിലെ പല പ്രമുഖരും ആരാധകരായി ഉണ്ട്.
ഞാൻ ആൾദൈവങ്ങളെയൊന്നും ഇതുവരെ കണ്ടിട്ടില്ല. താത്പര്യം ഇല്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചിട്ടുമില്ല. ക്ഷേത്രങ്ങളിലൊക്കെ പോകാറുണ്ടെങ്കിലും അമിതമായ ഭക്തിയില്ല. ഉദ്ദിഷ്ടകാര്യപ്രാപ്തിക്കു വഴിപാടുകളും കഴിക്കാറില്ല.
ചേട്ടനാണെങ്കിൽ എന്നെപ്പോലെയല്ല, കാര്യമായി ഭക്തിയും വിശ്വാസവുമൊക്കെയുള്ള കൂട്ടത്തിലാണ്. അക്കാര്യം എന്നെപ്പോലെ വീട്ടുകാർക്കുമാത്രം അറിയാവുന്ന ഒരു പരമരഹസ്യമാണ് എന്നു മാത്രം.
കക്ഷി, പാർട്ടിക്കാരെ പേടിച്ചു നാട്ടിലുള്ള അമ്പലങ്ങളിലും ആശ്രമങ്ങളിലുമൊന്നും പോകാറില്ല. പക്ഷേ, സ്വയം പോകാത്തതുകൊണ്ടുള്ള കുറ്റബോധംകൊണ്ടാണോ എന്നറിയില്ല, ചേച്ചിക്കും മക്കൾക്കും ഏതമ്പലത്തിൽ പോകാനും അവസരം ഉണ്ടാക്കിക്കൊടുക്കുകയും, അതിനുവേണ്ടി സഹകരിക്കുകയും ചെയ്യും. ദൂരസ്ഥലങ്ങളിലുള്ള അമ്പലങ്ങളിൽ, ചേച്ചിയുടേയും മക്കളുടേയും ഒപ്പം പോകുമ്പോൾ ഗ്രൂപ്പ്ഫോട്ടോ എടുക്കുന്ന പതിവുണ്ട്. ഈ അവസരങ്ങളിൽ എടുക്കുന്ന ഫോട്ടോകൾ സോഷ്യൽമീഡിയയിൽ ഇടുമ്പോൾ ചേട്ടനെ ക്രോപ്പു ചെയ്തുമാറ്റണമെന്ന് അവരോടു കണിശമായി പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ചേട്ടൻ എപ്പോഴും ഫോട്ടോ എടുക്കുമ്പോൾ ഏതെങ്കിലും ഒരു വശത്ത് ആരെയും തൊടാതെ ഒന്നുമാറി നിൽക്കും. അങ്ങനെയാവുമ്പോൾ ഫോട്ടോ ക്രോപ്പു ചെയ്യാൻ എളുപ്പമാണ്. അമ്പലങ്ങളിൽ പോകുന്നതു ചേട്ടന്റെ രാഷ്ട്രീയപാർട്ടിയുടെ ആശയങ്ങൾക്ക് എതിരായതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ എവിടെയെങ്കിലും പോയെന്നു പാർട്ടിക്കാർ അറിഞ്ഞാൽ ചിലപ്പോൾ പാർട്ടിയുടെ പ്രൈമറി മെമ്പർഷിപ്പുപോലും റദ്ദാക്കിക്കളയും.
ചേട്ടൻ സ്വാമിയെ കാണണമെന്ന ഒരാഗ്രഹം പറഞ്ഞു. ഇവിടെ ഈ മറുനാട്ടിലാവുമ്പോൾ അമ്പലത്തിലും ആശ്രമത്തിലും പോയാൽ ഞാനും കുടുംബവും മാത്രമേ അറിയൂ. അതുകൊണ്ടാണു ചേട്ടൻ ഇതിനു മുതിർന്നത്. ഞാൻ പറഞ്ഞു, “ശരി, ചേട്ടന്റെ കൂടെ ഞാനും വരാം”. ഇത്രയും പ്രസിദ്ധനായ സ്വാമിയേയും അദ്ദേഹത്തിന്റെ ആശ്രമവും വെറുതെയൊന്നു കാണാനും എന്താണെന്നറിയാനും എനിക്കും ആകാംക്ഷ ഉണ്ടായിരുന്നു.
ദർശനത്തിനു വലിയ വരിയുണ്ടെന്നു കേട്ടു. ഇടിച്ചുകയറിപ്പോയി കാണാൻ പറ്റില്ല. ഒരാൾക്കു നൂറുരൂപ വീതം കൊടുത്തു മുൻകൂർ രജിസ്ട്രേഷൻ ചെയ്തു. നാലുമണിക്കുള്ള ദർശനത്തിനു രണ്ടുമണിക്കുതന്നെ വരിയിൽ കയറിക്കൂടി. കുന്നിന്റെ മുകളിലെ ആശ്രമത്തിലെത്താൻ താഴെമുതൽക്കുതന്നെ വരിയുണ്ട്. ഒരുപാടു സുരക്ഷാപരിശോധനകൾ കഴിഞ്ഞു വേണം സ്വാമിയുടെ അടുത്തെത്താൻ. ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണ് എല്ലാവരും എന്ന മുന്നറിയിപ്പു പലയിടത്തും എഴുതിവച്ചിരുന്നു. കൈയിലുള്ള എല്ലാ സാധനങ്ങളും സുരക്ഷാഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. പാദരക്ഷകൾ സുരക്ഷിതമായി വയ്ക്കാൻ മറ്റൊരു കൗണ്ടറിൽ കൊടുക്കണം. അവ ഏൽപ്പിക്കാൻ കൗണ്ടറിൽ ചെന്നപ്പോഴാണ് ഓഫീസിലെ വകുപ്പുമേധാവി പുഞ്ചിരിയുമായി ചെരുപ്പെടുത്തു വയ്ക്കാൻ നിൽക്കുന്നതു കണ്ടത്. മറ്റൊരവസരത്തിൽ ആയിരുന്നുവെങ്കിൽ, ആളു ചിരിക്കുന്നതു പോകട്ടെ ഒന്നു നോക്കുകപോലുമില്ലായിരുന്നു. ഓഫീസിൽ ഒരു ഫയലിൽനിന്നു പേപ്പർ മറ്റൊരു ഫയലിലേക്കു മാറ്റണമെങ്കിൽ സഹായിയെ വിളിക്കുന്ന ആളാണ്. കാറിന്റേയും ലിഫ്റ്റിന്റേയും വാതിൽ സഹായികൾ തുറന്നുകൊടുക്കണം. സഹായിക്കു എന്തെങ്കിലും കാരണവശാൽ തത്സമയം അവിടെയെത്താൻ കഴിഞ്ഞില്ലെങ്കിൽ ആ ദിവസം മുഴുവൻ അയാൾക്കു സ്വസ്ഥത കൊടുക്കില്ല. മേധാവിയെ ഈ അവസ്ഥയിൽ കണ്ടപ്പോഴാണു സ്വാമിയുടെ ശക്തി ശരിക്കും ബോധ്യമായത്.

സുരക്ഷാപ്രവർത്തകർ പാസ് പരിശോധിച്ചു. തിരിച്ചറിയൽരേഖയുമായി ഒത്തുനോക്കി. വസ്ത്രങ്ങൾക്കിടയിൽ എന്തെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നു നോക്കി. ഭാഗ്യത്തിനു വസ്ത്രങ്ങൾ ഊരി വയ്ക്കാൻ മാത്രം അവർ പറഞ്ഞില്ല.
വരി കുറെ നീങ്ങിയപ്പോൾ, ഞങ്ങൾ ഒരു പന്തലിൽ പ്രവേശിച്ചു. സന്നദ്ധസേവകർ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. ഒരുപാടാളുകൾ ദർശനത്തിനുള്ള ഊഴം കാത്തു കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു. ഏറ്റവും മുന്നിലുള്ള വരിയിലെ ആളുകൾ ഓരോരുത്തരായി സ്വാമിയെ കാണുന്നു. അവർ കണ്ടുകഴിയുമ്പോൾ അതിനു തൊട്ടുപുറകിലുള്ള വരിയിലെ ആളുകൾ മുന്നോട്ടു കയറിയിരിക്കും. അങ്ങനെ ഞങ്ങളുടെ ഊഴവും വന്നു. സ്വാമി നെറുകയിൽ കൈ വച്ചനുഗ്രഹിച്ചു കുറച്ചു പൂവും ഓരോ കഷണം തേങ്ങയും പ്രസാദമായി തന്നു. സ്വാമിയുടെ അനുഗ്രഹം വാങ്ങി ഞങ്ങൾ പുറത്തേക്കു പോകാനുള്ള വഴിയിലേക്കുകയറി.
പുറത്തേക്കു പോകാനുള്ള വഴിയുടെ ഇരുവശവും കുറെ ചെറിയ വിൽപ്പനശാലകൾ ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞു മടങ്ങുന്നവരെ സ്വാമിയുടെ ആശ്രമത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന മാസികയുടെ വരിക്കാരാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കുറച്ചുപേരെ അതിലൊന്നിൽ കണ്ടു. അതിൽ ഓഫീസിൽനിന്നു അടുത്തമാസം വിരമിക്കുന്ന രാമകൃഷ്ണൻസാറും ഉണ്ടായിരുന്നു. ആയിരം വരിക്കാരെ സംഘടിപ്പിച്ചു കൊടുത്താൽ ആശ്രമത്തിലെ ആജീവനാന്തമെമ്പർഷിപ്പു കിട്ടുമെന്നാണു സാറു പറഞ്ഞത്. തൊള്ളായിരത്തിതൊണ്ണൂറു പേരുമായി, ഇനി പത്താളെ കിട്ടിയാൽ മതി എന്നാണ്, എന്റെ മുന്നിൽത്തന്നെ വരിക്കാരാക്കിയ രണ്ടു പേരോടും സാറു പറഞ്ഞത്. പണ്ടു മുതൽക്കുതന്നെ മാസിക വരുത്തുന്ന ആളാണു ഞാനെന്നു പറഞ്ഞ് അവിടെനിന്നു രക്ഷപ്പെട്ടു. അടുത്ത ഭാഗത്തു സ്വാമിയുടെ അനുഗ്രഹം ലഭിക്കാനുള്ള വിവിധരീതിയിലുള്ള കുറെ പാക്കേജുകൾ വിൽക്കുന്നുണ്ടായിരുന്നു. സ്വാമിയുടെ പാദപൂജ ചെയ്യാനുള്ളത്, വർഷത്തിൽ പാസ് എടുക്കാതെ സ്വാമിയെ ആറു പ്രാവശ്യം കാണാനുള്ളത്, സ്വാമിയോടു ഒരുമിച്ചിരുന്നു പ്രസാദസദ്യ കഴിക്കാനുള്ളത്, ഒരു ദിവസം മുഴുവൻ സ്വാമിയുടെ കൂടെ ചെലവഴിക്കാനുള്ളത്, അങ്ങനെ വിവിധനിരക്കിൽ വിവിധപാക്കേജുകൾ ലഭ്യമായിരുന്നു. പലതിനും ഇപ്പോൾ ചീട്ടാക്കിയാൽത്തന്നെ പ്രാവർത്തികമാകാൻ വർഷങ്ങൾ കാത്തിരിക്കണം. എല്ലാറ്റിനും വേറെ വേറെ അപേക്ഷാഫോമുകൾ ഉണ്ട്. സ്റ്റാളിൽ ഫോം നിറയ്ക്കുന്നവരുടേയും, പണം കൊടുക്കുന്നവരുടേയും, അവർക്കു നിർദ്ദേശങ്ങൾ നൽകുന്നവരുടെയും തിരക്കായിരുന്നു. മറ്റൊരു ഭാഗത്തു ടൗൺഷിപ്പിലെത്തന്നെ പരിചയമുള്ള രണ്ടുപേർ, ആശ്രമത്തിൽ പുതിയൊരു കെട്ടിടം ഉണ്ടാക്കുന്നതിനു ഒരു വലിയ തുക ലക്ഷ്യം വച്ചു മത്സരമനോഭാവത്തോടെ ധനശേഖരണം നടത്തുന്നുണ്ടായിരുന്നു. കൂടുതൽ പൈസ ശേഖരിക്കുന്നവർക്കു സ്വാമിയുടെ വക എന്തോ പാരിതോഷികം ഉണ്ടെന്നു കേട്ടു. ഭക്തജനങ്ങൾക്കുവേണ്ടി യാത്രാസൗകര്യങ്ങളും പല നിരക്കിലുള്ള താമസസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതിനും ആൾക്കാരുണ്ട്. മറ്റൊരു കടയിൽ സ്വാമിയുടെ ആശ്രമത്തിലുണ്ടാക്കുന്ന, പ്രകൃതിദത്ത ഉമിക്കരി, താളിപ്പൊടി, വെളിച്ചെണ്ണ, തേൻ തുടങ്ങിയ പല സാധനങ്ങളും വിൽപ്പനക്കു വച്ചിരിക്കുന്നു. സ്വാമിയുടെകൂടെ ഉള്ള ഫോട്ടോ വേണ്ടവർക്കു സ്വന്തം ഫോട്ടോ സ്റ്റുഡിയോയിൽ എടുത്തു ഫോട്ടോ എഡിറ്റർ ഉപയോഗിച്ചു സ്വാമിയുടെ ഫോട്ടോയുമായി ചേർത്തു ഫ്രെയിം ചെയ്തു കൊടുക്കുന്നുണ്ട്.
ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ ഭക്ഷണങ്ങൾ ഒക്കെ കിട്ടുന്ന, ക്രഡിറ്റ്/ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്ന, ശീതീകരണ സംവിധാനമുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നു.
ക്രമീകരണങ്ങൾ എല്ലാം ഗംഭീരം. ചേട്ടൻ ആദ്യമായാണ് ഇത്രയും നന്നായി ആസൂത്രണം ചെയ്ത ഒരു പരിപാടി കാണുന്നത്. മൂപ്പര് ഇതൊക്കെ കണ്ടു കണ്ണുതള്ളി ഇരിക്കുകയാണ്.
കുറെ പൈസയുമായി വന്നാൽ, പുണ്യം മൊത്തമായി വാങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു ഞാനും ഇപ്പോഴാണു മനസ്സിലാക്കുന്നത്.
ഓഫീസിലെ കുറുപ്പ് കൈയിൽ ഒരു ടെസ്റ്ററും ടെസ്റ്റ്ലാമ്പുമായി നടക്കുന്നതു കണ്ടു. പുള്ളിയാണ് ഇലക്ട്രിക്കൽ മെയിന്റനസ് ഇൻചാർജ്. ആൾ ജോലിസമയം കഴിഞ്ഞാൽ വണ്ടി ഓടിച്ചു പോകുന്നതു നേരെ ആശ്രമത്തിലേക്കാണ്.
സ്റ്റാളുകളും കാന്റീനും കടന്നു ഞങ്ങൾ പുറത്തിറങ്ങി. ആളുകൾക്ക് ഇരിക്കാൻ നല്ല പുൽത്തകിടിയും അതിനു നടുവിലായി നാനാവർണ്ണത്തിലുള്ള വെളിച്ചത്തോടെ ജലധാരയും ഉണ്ടാക്കിയിരിക്കുന്നു.
കുറച്ചു നേരം ഇവിടെ ഇരുന്നു പോവാമെന്നു ചേട്ടനാണു പറഞ്ഞത്. അമ്പലങ്ങളിൽ പോയാൽ കുറച്ചുനേരം ഇരുന്നു പോകണമെന്നു കേട്ടിട്ടുണ്ട്. ദർശനം കഴിഞ്ഞുപോകുന്ന ഓരോ ആളുകളെയും വീക്ഷിച്ചും നാട്ടിലെ ഓരോ കാര്യങ്ങൾ പറഞ്ഞും ഇരിക്കുന്നതിനിടയിലാണ് ഒരാൾ ഞങ്ങളുടെ അടുത്തേക്കു വന്നത്.
നീട്ടിവളർത്തിയ പകുതി നരച്ച താടിയും മുടിയും കഴുത്തിൽ രുദ്രാക്ഷമാലയും വെളുത്ത ശരീരവും തിളങ്ങുന്ന കണ്ണുകളും, ആരെയും ആകർഷിക്കുന്ന പുഞ്ചിരിയുമുള്ള ഒരു കാഷായവസ്ത്രധാരിയാണ് അടുത്തേക്കു വന്നത്. ശേഷം അദ്ദേഹം ചേട്ടനോടു ചോദിച്ചു.
“നമ്മടെ വീടു തിരൂർ ആണോ”

പണ്ടേ ദുർബല, പോരെങ്കിൽ ഗർഭിണിയും എന്നു പറഞ്ഞപോലെയായി ചേട്ടന്റെ സ്ഥിതി. ആശ്രമത്തിലെ തിക്കും തിരക്കും സജ്ജീകരണങ്ങളും കണ്ടു കണ്ണുതള്ളിയിരിക്കുകയായിരുന്നു ചേട്ടൻ. ആ സമയത്താണ് ഈ ചോദ്യം. ഇദ്ദേഹത്തിനു തന്റെ സ്ഥലം എങ്ങനെ മനസ്സിലായി എന്നാലോചിച്ച് ആൾ വിവശനായി. ഈ ഒറ്റചോദ്യത്തിൽ ഇതുവരെ ബലം പിടിച്ചിരുന്ന ഞാനും കുറച്ചൊന്നു വീണുപോയി.
“എങ്ങനെ മനസ്സിലായി?”
എന്റേയും ചേട്ടന്റേയും ഈ ചോദ്യം ഒരുമിച്ചായിരുന്നു. അതു കേട്ടു അദ്ദേഹം വെറുതേ ഒരു ചിരി ചിരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു.
“താങ്കൾ ആരാണ്?”
“ഞാൻ ഈ ആശ്രമത്തിലെ ഒരു അന്തേവാസി. പേരു ശ്രീഹരി”
“ഞങ്ങൾ തിരൂർ സ്വദേശികൾ ആണെന്നു താങ്കൾക്ക് എങ്ങനെ മനസ്സിലായി?”
ശ്രീഹരി മറുപടി ഒന്നും പറയാതെ വീണ്ടും പുഞ്ചിരിച്ചു. പുഞ്ചിരി ഞങ്ങളുടെ ക്ഷമ കെടുത്തുന്നു എന്നു തോന്നിയതുകൊണ്ടാവും അദ്ദേഹം പറയാൻ തുടങ്ങി.
“വിസിറ്റർ പാസിന്റെ നിറത്തിൽനിന്നു മനസ്സിലായി നിങ്ങൾ രണ്ടുപേരും ആദ്യമായി വരുന്ന ആളുകൾ ആണെന്ന്. പണ്ടു ഞാൻ ഇതുപോലെ ആദ്യമായി സ്വാമിയുടെ ആശ്രമത്തിൽ വന്ന സമയത്ത്, ഒരു ബഹുരാഷ്ട്രകമ്പനിയിൽ സീനിയർമാനേജ്മെന്റ് തസ്തികയിൽ ലക്ഷങ്ങൾ ശമ്പളമായി വാങ്ങി ജോലി ചെയ്യുകയായിരുന്നു. എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങൾ ഏൽപ്പിക്കുന്ന കമ്പനി, ലോകം മുഴുവൻ യാത്ര, മാറിമാറിക്കൊണ്ടിരിക്കുന്ന കച്ചവടകുതന്ത്രങ്ങൾ, പുതിയ എതിരാളികളുടെ രംഗപ്രവേശം, അങ്ങനെ തികച്ചും മാനസിക പിരിമുറുക്കമുള്ള ജോലി. ആ സമയത്ത് ഒരു സുഹൃത്താണ് സ്വാമി രണ്ടുദിവസം നടത്തുന്ന ഒരു പ്രഭാഷണധ്യാനശിബിരത്തിൽ പങ്കെടുത്താൽ കുറച്ചു മനസ്സമാധാനം കിട്ടുമെന്നു നിർദേശിച്ചത്. അത് എന്റെ ജീവിതംതന്നെ മാറ്റിമറിക്കുമെന്ന് അന്നു ഞാൻ അറിഞ്ഞിരുന്നില്ല.”
ശ്രീഹരി കുറച്ചുനേരം നിർത്തി കണ്ണടച്ചു. കണ്ണുതുറന്നു വീണ്ടും തുടർന്നു.
“ശിബിരം നടക്കുന്ന സ്ഥലത്തേക്കുള്ള വഴികളിൽ കാലിൽ ചെളിപറ്റാതിരിക്കാൻവേണ്ടി മണൽ വിരിച്ചിരുന്നു. യാദൃച്ഛികമായാണ് ആ കാഴ്ച എന്റെ കണ്ണിൽപ്പെട്ടത്. എല്ലാവരും നടക്കുമ്പോൾ മണലിൽ കാൽപാദം പതിഞ്ഞതിന്റെ അടയാളം കാണുന്നുണ്ട്. പക്ഷേ സ്വാമി നടക്കുമ്പോൾ അതു പതിഞ്ഞിരുന്നില്ല. ആ തിരിച്ചറിവിൽത്തന്നെ ഞാൻ സ്വാമിയുടെ ഭക്തനായി. എനിക്ക് ആദ്യമായി കാണാനും, അനുഭവിച്ചറിയാനും കഴിഞ്ഞ സ്വാമിയുടെ വ്യക്തിപ്രഭാവം അതായിരുന്നു.”
ഞാൻ ചേട്ടന്റെ മുഖത്തേക്കു നോക്കി. ചേട്ടൻ എന്തു പറയണം എന്നറിയാതെ വായും തുറന്ന് ഇരിക്കുകയാണ്.
ശ്രീഹരി സംസാരം ഒന്നുനിർത്തി ദൂരേക്കു ദൃഷ്ടിപായിച്ചു വീണ്ടും തുടർന്നു.
“ഞാൻ അക്കാലത്തു പുകവലിക്ക് അടിമയായിരുന്നു. പുകവലിക്കാതെ അരമണിക്കൂറിൽ കൂടുതൽ പിടിച്ചുനിൽക്കാൻ പറ്റുമായിരുന്നില്ല. ശിബിരത്തിൽ ഇരിക്കുന്നതിനിടയിൽ പുകവലിക്കാൻ പറ്റില്ലല്ലോ. സ്വാമിയുടെ പ്രഭാഷണം തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും, കേട്ടിരുന്ന എന്റെ ശ്രദ്ധ കുറഞ്ഞു കുറഞ്ഞുവരാൻ തുടങ്ങി. എങ്ങനെ പുകവലിക്കാം എന്നതിനെക്കുറിച്ചു മാത്രമായി ചിന്ത. എന്തുതന്നെ ആയാലും എഴുന്നേൽക്കില്ല എന്നു മനസ്സിൽ ഉറപ്പിച്ച് ഒരു മണിക്കൂറോളം സഹിച്ച് ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശുചിമുറിയിൽ പോയി ഒരു സിഗരറ്റിനു തീ കൊളുത്താൻ ലൈറ്റർ കത്തിച്ചു. സിഗരറ്റിന്റെ തുമ്പുവരെ എത്തിയതേ ഉള്ളൂ, ലൈറ്റർ അണഞ്ഞു പോയി. വീണ്ടും കത്തിക്കാൻ ശ്രമിച്ചു. ഇതേ അനുഭവംതന്നെ ഉണ്ടായി. എത്ര കാറ്റുള്ള തുറസ്സായ സ്ഥലത്തും, ഫുൾസ്പീഡിൽ ഓടുന്ന ഫാനിന്റെ താഴേയും, ഒറ്റ പ്രാവശ്യം കത്തിക്കുമ്പോൾതന്നെ, സിഗരറ്റിനു തീപിടിപ്പിക്കുന്ന തനിക്ക് ഇന്ന് എന്തുകൊണ്ടു കഴിയുന്നില്ല എന്നതു സംശയം ജനിപ്പിച്ചു. എന്തായാലും ഒരിക്കൽക്കൂടി ശ്രമിച്ചു നോക്കാൻവേണ്ടി വീണ്ടും കത്തിച്ചു. ഇത്തവണയും മുമ്പു രണ്ടുപ്രാവശ്യം സംഭവിച്ചപോലെത്തന്നെ ലൈറ്റർ അണഞ്ഞു. ആ സമയത്ത്, “മോനെ, ഇതു വലിക്കരുത്” എന്നു സ്വാമി ചെവിയിൽ മന്ത്രിക്കുന്നതുപോലെ അനുഭവപ്പെട്ടു. അന്നു ഞാൻ സിഗററ്റും ലൈറ്ററും വലിച്ചെറിഞ്ഞു. പിന്നീട് ഇതുവരെ കൈകൊണ്ടു തൊട്ടിട്ടില്ല. തൊടണമെന്നു ആഗ്രഹവും തോന്നിയിട്ടില്ല”
ഒന്നു തൊണ്ട ശരിയാക്കി അദ്ദേഹം വീണ്ടും തുടർന്നു.
“തുടർന്നു ഞാൻ എന്റെ ഔദ്യോഗികജീവിതം അവസാനിപ്പിച്ചു ഈ ആശ്രമത്തിൽ ചേർന്നു സ്വാമിയുടെ സന്തതസഹചാരിയായി. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നല്ലേ ചൊല്ല്. നിങ്ങളുടെ സ്ഥലപ്പേര് എങ്ങനെ മനസ്സിലായി എന്ന് ഇനി ഞാൻ പറയണ്ട ആവശ്യമുണ്ടോ?”
“വേണ്ട, എല്ലാം ഞങ്ങൾക്കു മനസ്സിലായി, താങ്കളുടെ ദിവ്യദൃഷ്ടി അല്ലാതെന്താ?”
ശ്രീഹരി വെറുതെ ഒന്നു പുഞ്ചിരിച്ചു. ഞങ്ങൾ ശ്രീഹരിയോടു യാത്ര പറഞ്ഞു തിരിച്ചു വീട്ടിലോട്ടു പോന്നു.
ആശ്രമങ്ങളിലെ ശിബിരത്തിനും നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനികളുടെ സെമിനാറിനും പോയാൽ അതിലെ പഴയ അംഗങ്ങൾ എല്ലാവരും പുതിയ ആളുകളോട് അതിനെക്കുറിച്ചു വളരെ പോസിറ്റീവായി സംസാരിക്കും എന്നു ഞാൻ മുമ്പുതന്നെ കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശ്രീഹരിയുടെ സംസാരം കേട്ടിട്ടും ഞാനതിൽ അടിമപ്പെട്ടുപോയില്ല. എന്നാലും ഇദ്ദേഹം ഞങ്ങളുടെ സ്ഥലം എങ്ങനെ മനസ്സിലാക്കിയെന്ന ഒരു സന്ദേഹം മനസ്സിൽ തികട്ടി തികട്ടി വന്നു.
പക്ഷേ ചേട്ടന്റെ സ്ഥിതി അങ്ങനെ ആയിരുന്നില്ല. ഒരുവേള ചേട്ടൻ ചിന്താവിഷ്ടയായ ശ്യാമളയിലെ നായകനെപ്പോലെ ആയിത്തീരുമോ എന്നെനിക്കു പേടി തോന്നി.
ഞാൻ ചേട്ടനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, ഇദ്ദേഹം എങ്ങനെ നമ്മുടെ സ്ഥലം കണ്ടുപിടിച്ചു എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
ചേട്ടനു പിറ്റേദിവസം ഉച്ചക്കാണ് നാട്ടിലേക്കു പോകാനുള്ള ഫ്ലൈറ്റ്. വീട്ടിൽ വന്നു കുളിയും ഭക്ഷണവും കഴിഞ്ഞു ഉറങ്ങാൻ കിടന്നു.
ആശ്രമത്തിലെ അന്തേവാസി, ഞങ്ങളുടെ സ്വദേശം എങ്ങനെ മനസ്സിലാക്കി, എന്ന കാര്യത്തിൽ ഒരു യുക്തിയും കാണുന്നുണ്ടായിരുന്നില്ല. അത് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം ശരിയായില്ല. ചേട്ടന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.
രാവിലെ ചേട്ടൻ തുണികൾ മടക്കി വയ്ക്കുന്ന സമയത്താണ് അക്കാര്യം ശ്രദ്ധയിൽ പെട്ടത്. ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്ന തലേദിവസം ധരിച്ചിരുന്ന ടീഷർട്ടിന്റെ പുറകുവശത്ത് ഒരു ലോഗോ. ആ ലോഗോയുടെ താഴെ ‘തിരൂർ ടൈഗർസ്’ എന്ന് എഴുതിവച്ചിരിക്കുന്നു. ഇക്കാര്യം ഇന്നലെത്തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിൽ സുഖമായി ഉറങ്ങാമായിരുന്നു.