ഒഴിഞ്ഞു കിടക്കുന്ന കുപ്പികളോരോന്നായെടുത്ത്
മണത്തു നോക്കി
ഉപ്പ്, മഞ്ഞൾ, ഉമിക്കരി,
പഞ്ചാര, മുളക്,
ഉളുമ്പ്നാറ്റം എന്നിങ്ങനെ
മണത്തെടുത്തു.
കൊട്ടത്തളത്തിൽ കൂട്ടിയിട്ട
എച്ചിലിന്നരികിലൂടെ
ഉറുമ്പായി ഉമിനീരിറക്കി.
വാതിൽ വിടവിലൊട്ടിപ്പിടിക്കാതെ
അകങ്ങളെല്ലാം അളന്നു.
കട്ടിലിന്റെ മൂലയിലമർന്നുകിടക്കുന്ന
കുഞ്ഞിന്റെ കാലിലുമ്മ വച്ച്
നട്ടപ്പാതിരയ്ക്ക് ഉറങ്ങാതുറങ്ങാതലഞ്ഞ്
വീട് ശ്വസിച്ച്
പുലരും മുമ്പേ
പുറത്തിറങ്ങി
ജനലിറുക്കത്തിലൂടെ
വേച്ചുവേച്ചൊരിരുട്ട്.