എന്റെ സഞ്ചി എവിടെ വച്ചാലും
അതിൽ നിന്നെപ്പോഴും പുറത്തുവരും
സ്വർണവർണമുള്ള ഉറുമ്പുകൾ
കടിക്കില്ല, ഇറുക്കില്ല
പക്ഷേ, മേലു വന്നു കയറി
ഇക്കിളിയാക്കും
”തട്ടീട്ടും മുട്ടീട്ടും പോണില്ല ചോണനുറുമ്പ്”
എന്ന പഴയ പാട്ടോർമിപ്പിച്ചുകൊണ്ട്.
മിഠായിയില്ല
ചോക്ലേറ്റില്ല
പഞ്ചസാരയില്ല
തേനോ ശർക്കരയോയില്ല
മധുരമൊന്നും തന്നെയതിലില്ല.
ഉള്ളത് ചില പഴയ ഓർമകളുടെ ശേഷിപ്പുകളാണ്
വർഷങ്ങൾക്കു മുമ്പെടുത്ത,
എല്ലാവരുടെ മുഖത്തും
വിടർന്ന ചിരിയുള്ള കുടുംബഫോട്ടോ.
മഷി കഴിഞ്ഞിട്ടും
പ്രിയതരമായ ഒരു സ്മരണ നിലനിർത്താൻ
സൂക്ഷിച്ചുവയ്ക്കുന്ന പേന
വിനോദയാത്രയ്ക്കു പോയപ്പോൾ
പരസ്പരം കൈമാറിയ,
ഇപ്പോൾ ഭംഗി മുഴുവൻ നഷ്ടപ്പെട്ട
താക്കോൽച്ചങ്ങല
ഒറ്റക്കാഴ്ചയിൽ
ഒരു കാലം മുന്നിലേയ്ക്കു പറത്തിയിടുന്ന
അറബിക്കഥകളുടെ തൂവാല.
ഉറുമ്പുകൾ ത്രികാലജ്ഞാനികളാകണം
എന്തിലെയും മധുരമറിയുന്നവരായിരിക്കണം.
അല്ലാതെ മറ്റൊരു കാരണവും
അവരിങ്ങനെ വിടാതെ
പിന്തുടരുന്നതിൽ
അല്പജ്ഞാനിയായ എനിക്ക്
കണ്ടുപിടിക്കാനാകുന്നില്ല.
മൊബൈൽ: 944743725