താലി, മോതിരം, പുടവ
പൊതുസമ്മത ബ്രാക്കറ്റിൽ
ആരും ചേർത്ത് വച്ചിട്ടില്ല
തടി ചുട്ട് തല വേവിച്ച്
നിന്നെ ഞാനൂട്ടിയിട്ടില്ല
നിന്റെ മക്കൾക്കുറങ്ങാൻ
ഗർഭപാത്രത്തിന്
കനിവ് പകുത്തിട്ടില്ല
നിന്റെ ജ്വരക്കിടക്കയിൽ
മഞ്ഞുതുള്ളിയായി
നിരാലംബം ഉരുകിയിട്ടുമില്ല
പരിവട്ടങ്ങൾ പങ്കിട്ട്
നിനക്കൊപ്പം
കണ്ണീരുപ്പു നുണഞ്ഞിട്ടില്ല
നിന്റെ ഉദയങ്ങളിൽ
ഉടൽപകുത്ത്
തോളോട് തോൾ നിന്നിട്ടുമില്ല
എങ്കിലും
ഏതോ വഴികളിൽ, താങ്ങാതെ
അന്യോന്യം ചുമടാവാതെ
നാമൊരുമിച്ചെത്ര താണ്ടേണമീ
നിഴൽസഞ്ചാരം.