ഹലോ,.. ഹലോ., ചേച്ചീ,.. കേൾക്കാൻ പറ്റ്ണ്ല്യ. ഉച്ചത്തിപറയൂ. ചേച്ചീ… അ.. അ.. ഇപ്പൊ കേൾക്കാം. സുഖാണോ?എന്റെ മക്കളെന്ത്യേ? വല്ലതും കഴിച്ചോ? ബിസ്കറ്റ് കഴിച്ചോ? ബ്രഡോ? പാല് കൊടുത്തോ? ഒന്നും കഴിക്കണില്യേ? എന്തൂട്ടാ ടാ ത് ? ഞാൻ വേഗം വരൂന്ന് പറയൂ. ഫോണ് അവരെ ചെവീല് വെച്ചേ…
അ.. ആരാത്? എന്റെ പൊന്നല്ലേ? ആഹാരം കഴിക്കൂ ട്ടാ….ഞാൻ വരുമ്പോ ഒരു സാധനം കൊണ്ട്രണ്ട്. മക്കള് കഴിക്ക് ട്ടാ…
ഞങ്ങൾ കിട്ടിയ അവസരം പാഴാക്കാതെ ആവേശത്തോടെ തമാശപറഞ്ഞ് ചിരിക്കുമ്പോൾ വസന്തടീച്ചർ തകൃതിയായി എല്ലാം മറന്ന് ഫോൺ ചെയ്യുന്നു. തിരുവനന്തപുരത്ത് നടന്ന ഒഫീഷ്യൽ മീറ്റിംഗ് കഴിഞ്ഞ് ശംഖ്മുഖത്തുള്ള പദ്മനാഭപുരം കൊട്ടാരത്തിൽ നടക്കുന്ന ആറാട്ട് കാണാൻ പോയി. റൂമിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ചപ്പാത്തിയും അയില പൊരിച്ചതും പാഴ്സൽ വാങ്ങിച്ചു. റൂമിൽ നിന്നും എല്ലാവരും ഒരിലയിൽ പങ്കുവച്ചു കഴിച്ചു. നല്ല ടേസ്റ്റ് തോന്നി. എല്ലാവരും തങ്ങളുടേതായ കോലാഹലം നിറഞ്ഞ വ്യാകുലമായ ജീവിതചുറ്റുപാടിൽനിന്നും മാറി കാപട്യമില്ലാത്ത, തമാശ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും സ്വാതന്ത്ര്യംകൈവന്ന സന്ദർഭം ശരിക്കും ഉപയോഗിച്ചു.
ഞങ്ങളറിയാതെ തന്നെ വസന്തടീച്ചറിന്റെ ഫോൺ സംഭാഷണം ശ്രദ്ധിച്ചു.
ടീച്ചർ മേരെഡല്ലന്നാ അറിഞ്ഞത്. പക്ഷെ, തന്റെ കുഞ്ഞുങ്ങളെ കുറിച്ചാണല്ലോ ഇപ്പോൾ ഫോണിൽ സംസാരിക്കുന്നത്?
സംശയത്തോടെ എല്ലാവരും പരസ്പരം നോക്കി.
അല്ല രേഖടീച്ചറെ, വസന്തടീച്ചർ ബാച്ചിലറാണെന്ന് നിങ്ങള് തന്നെയല്ലേ ഇന്ന് പറഞ്ഞിരുന്നത്?
അതെയതെ. എന്റെ മീരടീച്ചറെ, ഞാനങ്ങനെ തന്ന്യാ പറഞ്ഞത്. അവരെന്നോട് നേരിട്ട് പറഞ്ഞതാ തനിച്ചാണെന്ന്. മേരെഡല്ലെന്ന്. പക്ഷെ,… ഇപ്പോൾ ഞാനും കൺഫ്യൂഷനിലാ.
ഫോൺ ചെയ്ത ശേഷം ടീച്ചർ അടുത്ത് വന്നു. ഞങ്ങളിലെ ഭാവമാറ്റം കണ്ട് അവർ അമ്പരന്നു. “എന്തുപറ്റി എല്ലാവർക്കും”?
ആ ചോദ്യത്തിന് മറുചോദ്യമായി മായടീച്ചറും: “ടീച്ചറിന്റെ കല്യാണം കഴിഞ്ഞോ? എത്ര വർഷമായി? കുട്ടികൾ എത്ര? “
കേൾക്കേണ്ട താമസം അവർ പൊട്ടിച്ചിരിച്ചു. നിമിഷങ്ങൾക്ക് ശേഷം ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു –
“നാലു കുട്ടികള്ണ്ട് ട്ടാ…”
പെട്ടെന്ന് അവരുടെ ചിരിമാഞ്ഞു.
‘ഞാനിപ്പോ അവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്… ഭക്ഷണക്കാര്യം മുതൽ എല്ലാം ഞാൻതന്നെ ചെയ്യണം. എന്നെ കൂടാതെ അവരെങ്ങിനെ ജീവിക്കുമെന്ന് എനിക്കുതന്നെ നിശ്ചയല്യ… പക്ഷെ, ലീവ് അനുവദിക്കാത്ത ഒഫീഷ്യൽ മീറ്റിംഗ് ആയതുകൊണ്ടാണ് ഇപ്പോൾ അവരെ പിരിഞ്ഞുനിൽക്കേണ്ടി വന്നത്.’
ഇത്രയും പറഞ്ഞതിന് ശേഷം അവർ എല്ലാവരെയും ഒന്ന് നോക്കി. വീണ്ടും ചിരിക്കാൻ തുടങ്ങി… എന്നിട്ട്…
“രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും.”
മക്കളുടെ പേര്?
മീരടീച്ചറിന് അറിയാനുള്ള ആകാംക്ഷ!
“ബ്ലാക്കി, പപ്പി, ബ്രോണോ, ജിമ്മി”
എന്താത്? നായ്ക്കടെ പേരാണല്ലോ കുട്ടികൾക്കിട്ടത്?”
രേഖടീച്ചർ വിടുന്നമട്ടില്ല.
“അല്ലാണ്ടെപിന്നെ, നായക്കുട്ടോൾക്ക് പിന്നെന്ത് പേരാണ് വിളിക്യാ?…. ബ്ലാക്കിയും പപ്പിയും പോമറേനിയൻ വർഗത്തിലേതാണ്. ലാബ്രടോർ വിഭാഗത്തിലുള്ളതാ ബ്രോണോ. അത് വേട്ടയാടുന്ന വിഭാഗത്തിലേതാണെന്നാ പറയുന്നത്. ജിമ്മിയാണേൽ ജർമൻ ഷെപ്പേർഡും. പപ്പിയും ബ്ലാക്കിയും പെൺകുട്ടികളാണ്. ജിമ്മിയും ബ്രോണോയും ആൺകുട്ടികളും.”
അവരുടെ വിശേഷം കേട്ട് എല്ലാവരും അന്തംവീട്ട് നിന്നു. ഇനി
എന്തുപറയുമെന്നായി. എന്നിട്ടും സംശയങ്ങൾ ബാക്കി നിൽക്കുന്നു. എല്ലാവരിലും ഒരേ സംശയമാണോ എന്ന് അറിയില്ല. മൗനം ഭേദിച്ചുകൊണ്ട് മീരടീച്ചർ:
“നിങ്ങളെന്താ മേരേജ് വേണ്ടെന്ന് വെച്ചതാണോ? വല്ല പ്രണയവും?
തേപ്പ് കിട്ടിയോ?”
നർമംചേർത്തചോദ്യം കേട്ട് ടീച്ചർ മനസ് തുറന്നു… “ഞാൻ ആരെയും പ്രണയിച്ചിട്ടില്ല. ഒരു അർബുദരോഗിക്ക് മറ്റൊരാളെ പ്രണയിച്ച് വഞ്ചിക്കാൻ കഴിയുമായിരുന്നില്ല. എന്നെ അർബുദം പ്രണയിച്ചിരുന്നു. വിധിയുടെ വികൃതി!… അതുകൊണ്ടാ എനിക്ക് നിങ്ങളോടൊപ്പം ഇങ്ങനെ പര്യടനം നടത്താൻ കഴിഞ്ഞത്. എന്റെ രോഗത്തെക്കുറിച്ച് ആശടീച്ചറിന് അറിയാലോ… അല്ലേ ടീച്ചറെ?”
തന്നോടുള്ള ചോദ്യം കേട്ട ടീച്ചർ ആകെയങ്ങ് വല്ലാണ്ടെയായി. എന്തു മറുപടിയാണ് പറയേണ്ടത്?.. മനസ്സിനെ ഒരുവിധം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് ആശടീച്ചർ പറഞ്ഞു.
“ടീച്ചറിനെ ബാധിച്ചിരിക്കുന്ന രോഗം ചികിത്സയിലൂടെ മാറ്റാവുന്നതാണല്ലോ. അതുകൊണ്ട് ഞാനാരോടും പറഞ്ഞില്ല.”
കേട്ടിരിക്കുന്ന മീരടീച്ചറിൽ നിന്നും അറിയാതെ നെടുവീർപ്പുതിർന്നു…’ഹോ ‘.
ഒരുനിമിഷം എല്ലാവരും നിശബ്ദരായി. എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നചിന്ത എല്ലാവരുടെയും മുഖത്ത് വ്യക്തമായിരുന്നു. അറിയാതെ, നിശബ്ദമായി തന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണീര് ആരോടും പറയാത്ത അസഹനീയവേദനയുടെ അടയാളപ്പെടുത്തലായിരുന്നു. ടീച്ചറിന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു ദുഃഖം ഘനീഭവിച്ച് കിടക്കുന്നുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു.
എങ്ങിനെയെങ്കിലും അവരെ സാന്ത്വനിപ്പിക്കണമല്ലോ. എല്ലാവരും തങ്ങളുടെ ഹൃദയത്തിൽ പെയ്തിറങ്ങിയ പേമാരിയിൽ നിന്നും , വിഷയത്തെ നിസ്സാരമാക്കുന്ന തരത്തിൽ ഇടപെടാൻ പ്രയത്നിച്ചു. വസന്ത ടീച്ചറിന്റെ കണ്ണിലൂടെ ഒഴികിക്കൊണ്ടിരിക്കുന്ന കണ്ണുനീരിനെ സാന്ത്വനത്തിന്റെ തൂവാലകൊണ്ട് ഒപ്പിയെടുക്കാൻ മീര ടീച്ചർ ശ്രമിച്ചുകൊണ്ടിരുന്നു.
ടീച്ചറെ, റീലാക്സ്… ഇന്ന് ഏത് രോഗം വന്നാലും അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ആധുനിക ചികിത്സാ സമ്പ്രദായങ്ങളുണ്ട്. അതിനുള്ള മരുന്നും കണ്ടുപിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രയോ പേര് രക്ഷപ്പെട്ടിട്ടുണ്ട്… സാധാരണപോലെ ജീവിക്കുന്നുണ്ട്… ഡോക്ടേർസിന്റെ നിർദേശം പാലിച്ചുകൊണ്ട് വിശ്വാസത്തോടെ, ആത്മബലത്തോടെ മുന്നോട്ട്പോയ എല്ലാവരും സുഖം പ്രാപിച്ചിട്ടുണ്ട്.
എല്ലാം കേട്ട വസന്തടീച്ചർ തന്റെ മുഖമൊന്ന് അമർത്തി തുടച്ചു. പെയ്തിറങ്ങിയ മേഘം പോലെ… തെളിഞ്ഞ മുഖം.
“ശരിയാണ്. 20 വർഷം മുമ്പേ എന്നിൽ അർബുദം ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞ ആ ദിവസം… ഞാനും എന്റെ കുടുംബവും തകർന്നുപോയി… ആകെ… തളർന്നു പോയി… എന്നാൽ ഡോക്ടറിന്റെ നിർദേശം അനുസരിച്ചുകൊണ്ട് ഞാനെന്റെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. ആത്മവിശ്വാസം കൈവിട്ടില്ല. ആരോഗ്യമുള്ള ചുറ്റുപാടും വൃത്തിയും ശുദ്ധവുമായ ഭക്ഷണം… മൂന്ന് പ്രാവശ്യം കീമോ… ഹൊ… അത് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ആഹാരത്തിന് ഒരു രുചിയും ഉണ്ടാവില്ല. തലമുടി മുഴുവനും കൊഴിഞ്ഞു. അതിനൊപ്പം എന്നിലുണ്ടായിരുന്ന അഹങ്കാരവും വാശിയും കൊഴിഞ്ഞുപോയി. ആരോടും ഒരു ദയയോ ഇഷ്ടമോ ഉണ്ടായിരുന്നില്ല… അതെല്ലാം മാറി. എല്ലാവരും തുല്യരാണെന്ന് ചിന്തിച്ചുതുടങ്ങി. രോഗത്തിന് പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭംഗിയുള്ളവരെന്നോ വിരൂപരെന്നോ ഉള്ള വ്യത്യാസമേ ഇല്ല. എല്ലാവരും തുല്യർ!”
നമ്മുടെ മനസ്സ് കണ്ണാടിപോലെയാണ്. കണ്ണാടിയിൽ ഒരു വരവീണാൽ അതിന്റെ സൗന്ദര്യം ഇല്ലാതാകും. അതുപോലെതന്നെയാണ് മനസും.
പതുക്കെപ്പതുക്കെ ഞാൻ എല്ലാവരെയും സ്നേഹിക്കാൻ തുടങ്ങി. അതിനിടയിൽ എന്റെ മുടിയെല്ലാം കൊഴിഞ്ഞ് മൊട്ടത്തലയായി… പിന്നെ മൂന്ന് നാല് മാസംകൊണ്ട് തലനിറയെ മുടികിളിർത്തു. ഹീമോഗ്ലോബിൻ കുറയുമ്പോൾ നമുക്ക് പല രോഗങ്ങളും ഉണ്ടാകും. ബ്ലഡ് കൗണ്ട് വർധിക്കാൻ അനാറിന്റെ ജ്യൂസ് കുടിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഹീമോഗ്ലോബിൻ കൂടി. പതുക്കെ രോഗത്തിനെ തോൽപ്പിച്ചു.
അപ്പോഴേക്കും അയല്പക്കത്തുള്ളോരും നാട്ടുകാരും, എന്തിനേറെ നാടാകെ അസുഖക്കാര്യം പരന്നു. എന്നെ വിവാഹം കഴിക്കാൻ ആരും തയ്യാറായില്ല. ഏട്ടൻ കുറെ ശ്രമിച്ചു. പക്ഷെ…
ഇന്ന് അങ്ങനല്ല ട്ടാ… ചിലരൊക്കെ തയ്യാറായി വന്നു. ഞാൻ തയ്യാറയില്ല. അത്രകണ്ട് അനുഭവിച്ചു. ഞാൻ കാരണം ആരുടേയും ജീവിതം തകരാൻ പാടില്ല.
അന്ന് എന്റെ ഏടത്തിയമ്മ പറഞ്ഞതനുസരിച്ച് ടൈപ്പ്റൈറ്റിങ്ങും ഷോർട്ഹാന്റും പഠിച്ചു. ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. അതുകൊണ്ടെന്തായി? ഇന്ന് ഈ ജോലി ചെയ്യുന്നു. ഇൻസ്ട്രക്റ്റർ പദവിയിൽ. ഇപ്പോൾ എനിക്ക് സുഖമാണ്. ഒരുപാട് വയസ്സന്മാരെയും കുട്ടികളെയും സ്നേഹിക്കുന്നു. ശമ്പളത്തിലൊരുപങ്ക് പാവങ്ങൾക്കുവേണ്ടി ചിലവിടും.
വസന്തടീച്ചറുടെ മനസ്സിൽ ഗതകാല ജീവിതക്കനലുകൾ അണയാതെ അപ്പോഴും എരിയുന്നുണ്ടായിരുന്നു. അവരറിയാതെ ചുടുകണ്ണുനീർ ഹൃദയക്കനലിലേക്ക് വീണുകൊണ്ടിരുന്നു. കയ്പേറിയ അനുഭവത്തിന്റെ വാതിലുകൾ കൊട്ടിയടച്ചേ പറ്റൂ. ഇനിയും ആ ഓർമകളിലൂടെ നടക്കാൻ അനുവദിച്ചുകൂടാ.
മീരടീച്ചർ വിഷയം മാറ്റി അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു: അല്ല ടീച്ചറെ, നിങ്ങളുടെ നാലുകുട്ടികളും ഒരു കൂട്ടിലാണോ?
കണ്ണുനീർ തുടച്ചുകൊണ്ട്… ഏയ്… അല്ലല്ല. ബ്ലാക്കിയും പപ്പിയും ഒരുകൂട്ടിൽ. ബ്രോണോയും ജിമ്മിയും മറ്റൊരു കൂട്ടിൽ.
അതെന്താ? ഒറ്റ കൂട്ടിലല്ലേ നല്ലത്?
ഊഹും.ഞാനവർക്ക് വലിയൊരു കൂടുണ്ടാക്കിപ്പിച്ചിരുന്നു. എന്നിട്ട് അതിൽ വളർത്തി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി.
എന്ത് കാര്യം? ഞങ്ങൾക്ക് കൗതുകമായി.
ബ്രോണോ ബ്ലാക്കിയെയും ജിമ്മി പപ്പിയേയും പ്രണയിക്കുന്നുണ്ടെന്ന്.
എന്നിട്ട്?
എന്നിട്ടെന്താ? അവരുടെ പ്രണയംമുറുകുന്നതിനു മുമ്പേ വേറെ വേറെ കൂട്ടിലേക്ക് മാറ്റി. ആ നോട്ടവും ഒച്ചയുണ്ടാക്കലും… നന്നായിപ്പം… തുടർന്നാൽ കാര്യം പാളും.
എന്തു കാര്യം? ഞങ്ങൾ ഒരുമിച്ചുതന്നെ ചോദിച്ചു.
കാര്യമോ? അവർക്ക് കുഞ്ഞുങ്ങളുണ്ടാകും. അതുതന്നെ.
അതിനെന്താ ടീച്ചറെ? അത് നല്ലതല്ലേ?
ആ ചോദ്യം കേൾക്കേണ്ട താമസം. വസന്തടീച്ചർ സ്വയം മറന്നങ്ങു പറഞ്ഞു –
“എനിക്കില്ലാത്ത സുഖം അവർക്ക് വേണ്ട”. “മാത്രമല്ല പിന്നീട് അവർ അവരവരുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിൽ മാത്രം ശ്രദ്ധിക്കും. എന്നെ സ്നേഹിക്കില്ല. അതെനിക്ക് സഹിക്കാൻ കഴിയില്ല. ആ നാലുകുട്ടികളിലാണ് ഞാനെന്റെ ജീവിതം കണ്ടെത്തുന്നത്. അതിനിടയിൽ മറ്റൊന്ന്… ഹോ… ചിന്തിക്കാൻ പോലും വയ്യ! അതൊക്കെക്കൊണ്ടാണ് ഞാനവരെ വെവ്വേറെ കൂട്ടിൽ വളർത്തുന്നത്.
പട്ടികളുടെ പ്രണയം എങ്ങിനെയാണ് നിങ്ങൾ തിരിച്ചറിഞ്ഞത്?
മായടീച്ചറുടെ ചോദ്യംകേട്ട അവർ തുടർന്നു; അതോ? എല്ലാ ജീവികളും തന്റെ പങ്കാളികളെ തിരഞ്ഞെടുക്കാൻ സമർഥരാണ്. സ്വന്തം വർഗ്ഗങ്ങളുടെ ഭാഷ തിരിച്ചറിയുന്നതിൽ… പ്രത്യേകിച്ചും ശ്വാനവർഗം. എന്റെ ആൺപട്ടികൾ പെൺപട്ടികളെ കണ്ടപ്പോൾ അവരെ ആകർഷിപ്പിക്കുന്ന തരത്തിൽ പല ചേഷ്ടകളും കാണിക്കാൻ തുടങ്ങി. ബ്ലാക്കിയുടെയും ബ്രോണോയുടെയും പെരുമാറ്റത്തിൽനിന്നും എനിക്കത് മനസിലായി. കൈകൊണ്ടും കാലുകൊണ്ടും വാലുകൊണ്ടുമുള്ള ആംഗ്യങ്ങളിലൂടെ അവരുടെ ഹൃദയത്തിൽ മൂളുന്ന പ്രണയഗീതം ഞാൻ കേട്ടു.
പപ്പിയും ജിമ്മിയും ഒട്ടും പിറകിലായിരുന്നില്ല കേട്ടോ. പ്രണയപാശത്തിൽ കുരുങ്ങിയിട്ടുണ്ടെന്ന് അവരുടെ ചലനത്തിൽ നിന്നും മനസ്സിലായി. പപ്പിയേയും ബ്ലാക്കിയെയും കുളിപ്പിക്കാനോ, നടക്കാൻ കൊണ്ടുപോകാനോ കൂടൊന്നു തുറക്കുമ്പോൾ തന്നെ ജിമ്മിയും ബ്രോണോയും നാവ് പുറത്തേക്ക് നീട്ടി മൂളാൻ തുടങ്ങും. വാലാട്ടിക്കൊണ്ട് കൂട്ടിൽനിന്നും പുറത്തിറങ്ങാൻ ശബ്ദമുണ്ടാക്കി കൂടിനുള്ളിൽനിന്നും നാലുഭാഗത്തേക്കും ചുറ്റി നടക്കും. പപ്പിയും ജിമ്മിയും കാണുമ്പോൾ രണ്ടുപേരുടെയും പ്രണയലീലകൾ, ഒന്നാകാനുള്ള മോഹം വാക്കുകളെക്കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. അവരിലെ നിരാശ, സങ്കടം, നഷ്ടസ്വപ്നം… പ്രണയത്തിൽകുതിർന്ന വിരഹഗാനം ആലപിക്കുമ്പോലെ ഒരുതരം മൂളലും മുരുങ്ങലും കേൾക്കും. ഞാനപ്പോൾ അവരുടെ അടുത്തുപോയി സമാധാനിപ്പിക്കും. അന്നേരം അവരുടെ സങ്കടവും നിരാശയും നിറഞ്ഞ ഒരുനോട്ടമുണ്ട്… സത്യം പറഞ്ഞാൽ സഹിക്കൂല ട്ടാ.
എന്നുവച്ചാൽ അവരുടെ പ്രണയഗോപുരത്തിൽ നിങ്ങളായിട്ട് സാക്ഷയിട്ടു അല്ലേ?
മിണ്ടാതെ കേട്ടിരുന്ന രേഖടീച്ചർ അറിയാതെ ചോദിച്ചുപോയി.
ഇമവെട്ടാതെ ദൂരേക്ക് നോക്കിയിരുന്ന വസന്തടീച്ചർ തുടർന്നു:
അല്ലല്ല. ഞാനാദ്യമേ പറഞ്ഞിരുന്നില്ലേ എന്നിലെ മോഹം മറ്റാർക്കും മനസ്സിലാകുമായിരുന്നില്ലെന്ന്? എന്നാൽ എന്റെ നാലുപേരും എന്നെ അത്രത്തോളം അറിഞ്ഞിരുന്നു. ഞങ്ങൾ തുല്യ ദുഖിതരായിരുന്നു. ശപിക്കപ്പെട്ടവരായിരുന്നു. കൂട്ടിൽ വളരുന്ന ബ്രോണോയും ജിമ്മിയും പപ്പിയും ബ്ലാക്കിയും… പിന്നെ… വീട്ടിൽ ജീവിക്കുന്ന ഈ ഞാനും… ഞങ്ങളുടെ മോഹങ്ങളും മോഹഭംഗങ്ങളും ചിരിയും കണ്ണീരും പ്രണയവും വിരഹവും ഒരു ചെപ്പിലടച്ചു സൂക്ഷിക്കുന്നു. ഈ പ്രപഞ്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന വിരഹഗാനം ഞങ്ങളാലപിക്കുന്നതാണ്.
അപ്പോൾ ഏതോ വിരഹഗാനം എല്ലാവരും കേൾക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം അതിരാവിലെത്തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.
പിന്നീട് മറ്റൊന്നാണ് സംഭവിച്ചത്… മീരടീച്ചർ ഒന്ന് ദീർഘമായി നിശ്വസിച്ചു.
ഒരു ദിവസം വസന്ത ടീച്ചർ ഒരു പട്ടിക്കൂട് അടയ്ക്കാൻ മറന്നത്രെ. ടീച്ചർ കുഞ്ഞുങ്ങളെ കൂട്ടിലാക്കിയതിനു ശേഷം വീട്ടിനുള്ളിലേക്ക് പോയി. രാത്രിയിൽ ആഹാരവുമായി വന്ന ടീച്ചർ കണ്ടത്… അടയ്ക്കാൻ മറന്നുപോയ കൂട്ടിലെ പട്ടികൾ പുറത്ത് കടന്ന് അടച്ച കൂട് വളരെ പ്രയാസപ്പെട്ടാണെങ്കിലും തുറന്നതാണ്.
തങ്ങളുടെ പ്രണയജോഡികളെ സ്വന്തമാക്കിയ ത്രില്ലിലായിരുന്ന അവർ സ്വയം മറന്ന് സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചുകൊണ്ട് പ്രണയത്തുരുത്ത് തരണം ചെയ്തു. ആ കാഴ്ച്ചയിൽ ടീച്ചറാകെ തകർന്നു പോയി.
മൊബൈൽ: 9349732255