കൊലക്കേസിന്റെ വിചാരണ മുന്നേറിക്കൊണ്ടിരിക്കും തോറും ജഡ്ജി ജോൺസൺ ഇമ്മാനുവലിന്റെ മനസ്സ് കൂടുതൽ കൂടുതൽ കലുഷമായിക്കൊണ്ടിരുന്നു. ഇതിനു മുമ്പൊരു കേസിന്റെ വിചാരണയിലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം മാനസിക പിരിമുറുക്കം ജോൺസണ് അനുഭവപ്പെടുകയായിരുന്നു ഈ കേസിന്റെ വിസ്താരത്തിൽ!
ഏതൊരു വ്യവഹാരത്തിന്റെ കാര്യത്തിലും പക്ഷപാതരഹിതമായ മനസ്സാകണമെന്താണ് എല്ലാവരും ഉദ്ഘോഷിക്കുക. അതാണ് വേണ്ടതും ശരിയും! എങ്കിലും, ചില കേസുകളിലെങ്കിലും, ശരിയോ തെറ്റോ…, പ്രതിയോട് രോഷം തോന്നാം. ഉചിതമോ അനുചിതമോ…, അക്രമത്തിന് വിധേയരായവരോട് സങ്കടമോ സഹതാപമോ അനുഭവപ്പെടുകയും ചെയ്യാം. പ്രത്യേകിച്ച് നിർദ്ദയമായ ഒരു ക്രൂരകൃത്യത്തിലോ അതല്ലെങ്കിൽ പൂർണ്ണമായും അന്യായം എന്ന് അനുഭവപ്പെടുന്ന ഒരു വിഷയത്തിലോ! അറിയാതെ മനസ്സ് ഇളകി പോകും!
എങ്കിലും ഇത്തരത്തിൽ തന്റെ മനസ്സിനെ ഇത്ര ഉലക്കുന്ന സംഭവമായി ഒരു കൊലക്കേസ് മാറുന്നത് ഇതാദ്യമായാണ്. ജിജ്ഞാസയും കൗതുകവും മാത്രമാണ് ആദ്യം തോന്നിയിരുന്നത്: എന്തിനായിരിക്കാം ഒരു അച്ഛനും അമ്മയും പ്രായപൂർത്തി എത്തിയ മകളെ കൊല്ലാൻ തുനിഞ്ഞത്? അതും മാനസിക വളർച്ചാ പ്രശ്നങ്ങൾ ഉള്ള ഒരു കുട്ടിയെ, അച്ഛനും അമ്മയും ചേർന്നില്ലാതാക്കുക എന്നത് വിചിത്രവും നിഷ്ഠുരവുമായ ഒരു കൃത്യമായാണ് ആദ്യനോട്ടത്തിൽ അനുഭവപ്പെട്ടത്! അതും ഇത്ര കാലം ശ്രദ്ധിച്ച് വളർത്തിക്കൊണ്ടുവന്നതിന് ശേഷം!
തുടക്കത്തിൽ ഇവയൊക്കെയായിരുന്നു ജോൺസൺ ഇമ്മാനുവലിന്റെ മനസ്സിൽ തലപൊക്കിയ ചോദ്യങ്ങൾ. ക്രമേണ ആ കേസിന്റെ സാഹചര്യങ്ങളും വാദങ്ങളും പ്രതിവാദങ്ങളും ഓരോന്നായി പുറത്തേക്ക് വരുന്നത് ജോൺസനെ ശ്വാസം മുട്ടിക്കുന്ന തരത്തിലേക്ക്, വളഞ്ഞ് പൊതിയുകയായിരുന്നു.
കോടതിയന്തരീക്ഷം വിട്ട് വീട്ടിലെത്തിയാൽ കൂടെ ആ കലുഷത തന്നെ പിടിവിടാതെ പിന്തുടരുന്നു! ആകെ അസ്വസ്ഥത മൂടുന്നത് പോലെ .
എൽസിക്കും തോന്നി. ജോൺസനെ എന്തോ ഈയിടെയായി ഒരു പ്രശ്നം അലട്ടുന്നുണ്ട്. കോടതിയിൽ നിന്ന് വന്ന് ഇച്ചായൻ നേരേ തന്റെ ഓഫീസ് റൂമിൽ നേരത്തോളം തലയിൽ കയ്യും വച്ചിരിക്കുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ താൻ ജോൺസനെ കണ്ടിട്ടേയില്ലല്ലോ!
“ഇച്ചായാ എന്തുവാ പ്രശ്നം? മനസ്സിനെ എന്തോ കാര്യമായി വിഷമിപ്പിക്കുന്നുണ്ടല്ലോ. “
തലയുയർത്തി അയാൾ നിശ്ശബ്ദമായി അവളെ നോക്കിക്കൊണ്ടിരുന്നു.
പൊടുന്നനെ അടുക്കളയിൽ എന്തോ വീണ ശബ്ദം കേട്ട് അവർ രണ്ടുപേരും ഒരുപോലെ ഞെട്ടി. അടുക്കളയിലേക്ക് ഓടിക്കൊണ്ട് എൽസി അലറി,
“അയ്യോ മായമോളേ, എന്നാ പറ്റീ, മോളേ. നീ അടുക്കളേലെന്നാ എടുക്കുവാ? മമ്മിയോട് പറഞ്ഞാൽ പോരായോ?”
ഈ ഓട്ടത്തിനിടയ്ക്ക് എൽസി ഉറക്കെ വിളിച്ചു ചോദിച്ചു,
“മറിയാ, നീ എവിടെ പോയി കിടക്കുവാ? അടുക്കളയിലല്ലിയോ?”
മുകളിലെ മുറിയിൽ നിന്നാണ് വീട്ടിലെ സഹായി ഉത്തരം പറഞ്ഞത്.
“അല്ലമ്മച്ചീ, ഞാൻ മേളിലാ. ഇവിടെ നിലം തുടയ്ക്കുവാ.”
ആകാംക്ഷ നിറഞ്ഞ മനസ്സോടെ ജോൺസണും എൽസിയെ പിന്തുടർന്നു.
പതിമൂന്നുകാരിയായ മായ അടുക്കള നിലത്തിരുന്ന് താഴെ വീണ സ്റ്റീൽ ഗ്ലാസും പ്ലേറ്റും പെറുക്കുകയായിരുന്നു.
ശബ്ദം കേട്ട് അവൾ തലയുയർത്തി, മുഖം കോട്ടി, പല്ല് കടിച്ച് പിടിച്ച് വിഷമിച്ചു നിർത്തി, നിർത്തി പറഞ്ഞു.
“മ മ്മാ, പാറ്റ, പാറ്റ! എടുത്ത ഗ്ലാസിൽ പാറ്റ. പേടിച്ച് പോയി. കയ്യീന്ന് ഗ്ലാസും പ്ലേറ്റും എല്ലാം താഴെ വീണു.”
അത് പറയുമ്പോൾ അവളുടെ മുഖം അവിടവിടെ ചുളിയുകയും, കണ്ണുകൾ ക്രമമില്ലാതെ ഇടക്കിടക്ക് അടഞ്ഞ് നിവരുകയും ചെയ്തു.
മായ പറഞ്ഞു തീർക്കും മുന്നേ തന്നെ, ജോൺസൺ മകളെ താങ്ങി എഴുന്നേൽപ്പിച്ച് അടുത്തുള്ള കസേരയിലിരുത്തി ചോദിച്ചു,
“നിനക്കൊന്നും പറ്റിയില്ലല്ലോ, മോളേ!”
അത് ചോദിച്ചു കൊണ്ട് തന്നെ അയാൾ മകളുടെ കയ്യും കാലും പരിശോധിച്ചു. വെളുത്ത കൊലുന്നനെയുള്ള കൈകളിലും കാലുകളിലും പാടുകളോ ക്ഷതമോ ഒന്നും കണ്ടില്ല. ഒരിത്തിരി ആശ്വാസം നിറഞ്ഞു ജോൺസന്റെ മനസ്സിൽ.
അയാൾ അവളുടെ കയ്യിലും കാലിലും മൃദുവായി തലോടി, ആ മുഖത്ത് നോക്കിക്കൊണ്ടിരുന്നു. പതിമൂന്ന് വയസ്സെങ്കിലും, കുറച്ചു തടിച്ച പ്രകൃതമുള്ള അവളെ കണ്ടാൽ കുറഞ്ഞത് പതിനാറോ പതിനേഴോ മതിക്കും. ആരെയും ഒന്നു നോക്കാൻ പ്രേരിപ്പിക്കുന്ന സുന്ദരമായ ആ കുഞ്ഞു മുഖത്ത് ഇടക്ക് പ്രത്യക്ഷപ്പെടുന്ന ചുണ്ട് കോടലും മുഖത്തെ പേശികൾ വലിഞ്ഞുമുറുകുന്നതും മാത്രമാണ് ഇവൾക്ക് മാനസികവൈകല്യം ഉണ്ടോ എന്ന സംശയം ഉളവാക്കുക.
എൽസി വീണ ഗ്ലാസുകളും പാത്രങ്ങളും വാരിയെടുത്തു അടുക്കളത്തിട്ടിൽ നിരത്തിവച്ചു. അവളും അതേ ചോദ്യം ആവർത്തിച്ചു,
“നിനക്കൊന്നും പറ്റിയില്ലല്ലൊ, മോളേ? നിനക്കെന്നതാ വേണ്ടേ?”
“നിക്ക് വെള്ളം വേണം.”
“നിൻറെ കുപ്പിയിലുള്ളത് തീർന്നോ? ഞാനെടുത്തു തരാം. പറഞ്ഞാൽ മതിയാർന്നല്ലോ. ഞാൻ കുപ്പി നിറച്ചു തന്നേനെ!”
വെള്ളക്കുപ്പി നിറച്ചു കൊടുത്ത് അവളെ സാവധാനം മുന്നിലെ മുറിയിലേക്ക് കൊണ്ടുവന്ന് പിയാനോ ടേബിളിലിരുത്തി.
“മോളെ, അടുത്ത ആഴ്ച നിൻറെ പാട്ട് കോമ്പറ്റീഷൻ അല്ലേ? നിൻറെ പ്രാക്ടീസ് നീ മുടക്കല്ലെ.”
അവൾ തലയാട്ടി പിയാനോ ബോർഡിൽ കൈവച്ച് തുടങ്ങിയപ്പോൾ അവർ രണ്ടു പേരും തൊട്ടപ്പുറത്ത് ഇരുപ്പുറപ്പിച്ചു. വെള്ളക്കുപ്പി അടുത്ത് തന്നെ വെച്ചു കൊടുത്തു. ഓർഗനും പിയാനോയും നന്നായി വായിക്കാനുള്ള കഴിവുണ്ട്, ഓട്ടിസം ബാധിതയായ മായക്ക്.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ജോൺസൺ മനസ്സ് തുറന്നു .
“കോടതിയിൽ എൻറെ മുന്നിൽ ഇപ്പോൾ ഉള്ളത് വല്ലാത്ത ഒരു കേസാണ്, എൽസീ. ഇതുമായി മുന്നോട്ട് പോവാൻ പറ്റുമോ എന്നുള്ളത് സംശയമാണ്? എന്ത് ചെയ്യണമെന്ന് എനിക്കറിയുന്നില്ല. ഞാനാകെ ആശയക്കുഴപ്പത്തിലാണ്.”
“എന്താണുണ്ടായത്? എന്താണ് കേസ്? എന്താണതിൽ ഇച്ചായനെ അലട്ടുന്നത്?”
ജോൺസൺ ഒരു ദീർഘനിശ്വാസം വിട്ട് കുറച്ച് നേരം നിശബ്ദമായിരുന്നു.
“ഇവളിവിടെ പിയാനോ വായിച്ചിരിക്കട്ടെ. എനിക്കിത് ഇവളുടെ സാന്നിദ്ധ്യത്തിൽ സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. നമുക്ക് മാറി എന്റെ സ്റ്റഡിയിലിരിക്കാം. “
മകളുടെ ചുമലിൽ തൊട്ട് ഞങ്ങൾ സ്റ്റഡിയിലുണ്ട് എന്ന ആംഗ്യം കാണിച്ച്, രണ്ടുപേരും സ്റ്റഡിയുടെ ഉള്ളിൽ പ്രവേശിച്ചു. പിയാനോയിൽ നിന്നുതിരുന്ന ശബ്ദവീചികൾ അവരിരുന്ന മുറിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.
“നീ കൂടെ അതറിഞ്ഞ് നിന്റെ മനസ്സ് വിഷമിക്കരുതെന്ന് കരുതിയാണ്, ഞാനെല്ലാം ഉള്ളിലടക്കി വച്ചത്.”
അയാളൊന്നു നിർത്തി. മിഴിയെവിടെക്കോ നട്ട് വീണ്ടും ഒരു ദീർഘ നിശ്വാസം വിട്ടു. എന്നിട്ടയാൾ തുടർന്നു,
“നീ ഒരു കൊല്ലം മുൻപ് പേപ്പറിൽ വായിച്ച ഒരു വാർത്ത ഓർക്കുന്നുണ്ടോ? 18 വയസ്സുകാരിയായ ഒരു സ്പെഷ്യൽ ചൈൽഡിനെ അമ്മയും അച്ഛനും കൂടെ ഇല്ലാതാക്കിയ സംഭവം! വായിച്ചവരെ നടുക്കിയ ഒരു വാർത്ത! നിഷ്ഠുരരായ അച്ഛനമ്മമാരെ നാടാകെ ഒരു പോലെ ശപിച്ചിരുന്ന ആ സംഭവം. അതാണെന്റെ മുന്നിലിപ്പോൾ ശിക്ഷ വിധിക്കാനായി വന്നിരിക്കുന്നത്. എല്ലാവരും അക്ഷമയോടെ രണ്ടു കൊലക്കയറുകളെ ഉറ്റുനോക്കുന്ന ഒന്നാണീ കേസ്. അതെന്നെ വല്ലാതിളക്കിമറിക്കുന്നു.”
“വായിച്ചതായി ഓർമ്മയുണ്ടിച്ചായാ. പക്ഷെ എന്നതാ കാര്യം? ക്രൂരമായ ഒരു കൊല ചെയ്ത അപ്പനമ്മമാരല്യോ, അവർക്ക് തൂക്കുകയർ കിട്ടുന്നതിലെന്നതാ പ്രശ്നം? എന്തുവാ ഇച്ചായൻ പറയുന്നേ. എനിക്കൊന്നും പിടി കിട്ടുന്നില്ല.”
ജോൺസൺ ഉള്ളിൽ ഇളകുന്ന അലകളെ പിടിച്ചുനിർത്തി തുടർന്നു. “തുടക്കത്തിൽ മറ്റുള്ളവരെപ്പോലെ ഞാനും ഇതൊരു മൃഗീയമായ കൊലക്കേസ് ആയി മാത്രമാണ് കണ്ടത്. സങ്കീർണകൾ തീരെയില്ലാത്ത കേസ്. തെളിവുകളും സാഹചര്യങ്ങളും വ്യക്തവുമായിരുന്നു. എല്ലാം അച്ഛനമ്മമാർക്കെതിരെ! ഒരു വൈകാരികവിക്ഷോഭവും ഇല്ലാതെ ആസൂത്രിതമായി, നിഷ്ഠുരമായി ഹത്യ നടത്തി എന്നതിനാൽ കൊലക്കയറിൽ നിന്ന് രണ്ടു പേരും രക്ഷപ്പെടുന്ന സാഹചര്യമൊട്ടും കാണാനില്ലായിരുന്നു.”
കാര്യങ്ങളിലെ വ്യക്തതക്കുറവ് എൽസിയുടെ അക്ഷമ കൂട്ടി. “ഇച്ചായാ, ഇതിലിത്ര മനസ്സ് പൊള്ളാനെന്തുവാ? ഇതൊരു ക്രൂരഹത്യയല്യോ? അപ്പനമ്മമാര് എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഒരു പാവം, മാനസിക പ്രശ്നങ്ങളൊള്ള കൊച്ചിനെ കരുതി കൂട്ടി കൊലപ്പടുത്തുന്നതിൽ സുഖം കണ്ടെത്തിയവർ സാത്താൻറെ സന്തതികൾ തന്നെ!”
“നിർത്ത്, നിർത്ത്, എൽസി. ആദ്യം മുഴുവൻ കേൾക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്ക്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്ക്. എന്നിട്ട് പറയുത്തരം. എൻറെ മനസ്സിലുള്ളത് മുഴുവൻ ഞാൻ പറഞ്ഞു തീർക്കട്ടെ”
ജോൺസൺ തുടർന്നു, “ഞാൻ പറഞ്ഞല്ലോ പ്രോസിക്യൂഷൻ തെളിവുകൾ എല്ലാം നിരത്തി. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. നിശ്ശബ്ദമായി രണ്ടുപേരും പ്രതിക്കൂട്ടിൽ നിന്നു കൊണ്ടിരുന്നു. അവരുടെ ഉത്തരങ്ങൾ മൂളലുകളിലും ചുരുങ്ങിയ വാക്കുകളിലും ഒതുങ്ങി. എല്ലാം കഴിഞ്ഞ് സാധാരണ ചോദിക്കുന്ന പോലെ ഞാനവരോട് ചോദിച്ചു, നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?”
അവർ എൻറെ മുഖത്തേക്ക് നോക്കി. കൈകൂപ്പി, നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് നിന്നു. ഇടറിയ ചില വാക്കുകളാണ് ഒന്നാം പ്രതിയായ അച്ഛനിൽ നിന്ന് വന്നത്, “വ്യക്തമായി ഞങ്ങൾ മനസ്സിലാക്കുന്നു, സ്വന്തം കുട്ടിയുടെ ജീവൻ മന:പൂർവ്വം അപഹരിച്ച ഞങ്ങൾ കടുത്ത ശിക്ഷക്കർഹരാണ്. വധശിക്ഷയിൽ കുറഞ്ഞൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല… ജീവിക്കാൻ ആഗ്രഹവും തീരെയില്ല, ഞങ്ങൾ രണ്ടു പേർക്കും.”
ഒരു നിമിഷനേരം ശ്വാസം പിടിച്ച് അയാൾ ഇടർച്ചയോടെ തുടർന്നു, “എന്നോട് അവസാന വാക്കുകൾ ചോദിച്ച സ്ഥിതിക്ക് മാത്രം, ഞാൻ ചില സംഗതികൾ പറയാൻ മുതിരുകയാണ്. എന്തെങ്കിലും കാരണവശാൽ ആവശ്യം വന്നാലോ എന്ന് കരുതി ഞങ്ങൾ രണ്ടു പേരുടെയും മനസ്സിന്നുളളിലെ ചില വസ്തുതകൾ, ആശങ്കകൾ, പുറം ലോകമറിയാത്ത ചില പരമാർത്ഥങ്ങൾ എന്നിവ എഴുതിവച്ചിട്ടുണ്ട്. മനസ്സിലുള്ളത് നേരിട്ട് പറയുവാനോ, എഴുതിയത് സമക്ഷം വായിക്കാനോ ഉള്ള മനക്കരുത്തോ, ഉള്ളുറപ്പോ ഞങ്ങൾക്കില്ലാത്തതുകൊണ്ട്, ഞങ്ങളുടെ വക്കീലിന്റെ പക്കലേൽപ്പിച്ചിട്ടുള്ള ആ കടലാസ് കോടതി മുന്നാകെ സമർപ്പിക്കുവാനനുവദിക്കുക. സദയം അത് വായിച്ചാലും. കത്ത് രഹസ്യരേഖയായി കണക്കിലെടുക്കണമെന്നും അതിനെ പരസ്യമാക്കരുതെന്നും താഴ്മയായി അഭ്യർത്ഥിക്കുന്നു.”
പെട്ടെന്ന് ജോൺസൺ കലുഷമായ മനസ്സോടെ എഴുന്നേറ്റു, മായയുടെ മുറി വരെപോയി അവൾ പിയാനോയിൽ മുഴുകിയിരിക്കുന്നത് ഒരു നിമിഷം നോക്കി നിന്നു. തിരിച്ചു വന്നിരുന്ന്, അയാൾ വീണ്ടും തുടർന്നു.
ഞാൻ വക്കീലിനോട് തിരക്കി. “എഴുതി രണ്ടു പേരും ഒപ്പിട്ട കടലാസ് ആണോ കയ്യിലുള്ളത്?”
വക്കീൽ തല കുലുക്കി പറഞ്ഞു,“യെസ്, മീലോഡ്”. എന്നിട്ട് അദ്ദേഹം ഒരു കടലാസ് പോക്കറ്റിൽ നിന്ന് എടുത്ത്, അനുമതിക്കായി കാത്തു നിന്നു.
“എൽസീ,” ജോൺസൺ ഊന്നൽ കൊടുക്കാൻ വേണ്ടി മാത്രം നിർത്തിപ്പറഞ്ഞു,
“വായിച്ച വസ്തുതകൾ പലതും എന്നെ കൂർത്ത മുള്ളുകൾ പോലെ കുത്തി വേദനിക്കുന്നവയായിരുന്നു. തീർച്ചയായും അവ നിന്നെയും നുള്ളി നോവിക്കുന്നവ തന്നെ ആകാനാണ് സാധ്യത. വീണ്ടും ഒരാവർത്തി കൂടെ ശ്രദ്ധിച്ച് വായിക്കാനായി ഞാനാ കത്തിന്റെ കോപ്പി എടുത്തു കൊണ്ടുവന്നിട്ടുണ്ട്. അവർക്ക് കൊടുത്ത വാക്ക് ഞാനറിഞ്ഞുകൊണ്ട് തെറ്റിച്ച്, കത്ത് നിനക്ക് വായിച്ചുകേൾപ്പിക്കാം.”
ജോൺസൺ രേഖ വായിക്കാൻ തുടങ്ങി.
“സർ, ഞങ്ങൾ രണ്ടുപേരും ശരാശരി മനുഷ്യരെപ്പോലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ ആഹ്ളാദിച്ചും ചെറുതും വലുതുമായ ദു:ഖങ്ങൾ ഉള്ളിലൊതുക്കിയും ഏതാണ്ടൊക്കെ സംതൃപ്തമായ ജീവിതം നയിക്കുന്നവരായിരുന്നു.
ചെയ്തിരുന്ന ജോലികളിൽ നിന്ന് സ്വല്പം നേരത്തെ സ്വേച്ഛാവിരാമമെടുത്ത ഞങ്ങൾ രണ്ടുപേരും, ബുദ്ധിമാന്ദ്യമുള്ള ഇളയ മകളായ ആരതിയെ നോക്കി കഴിഞ്ഞുകൂടുകയായിരുന്നു. കുറച്ച് വൈകിയുണ്ടായ ഞങ്ങളുടെ രണ്ടാമത്തെ മകളാണവൾ. മൂത്തവൾ ആശ വിവാഹം കഴിച്ച് അകലെയല്ലാതെ ഒരിടത്ത് തന്നെ പാർക്കുന്നു. തുടക്കത്തിൽ ആശയും സനൂജും ബാംഗ്ളൂരിലായിരുന്നു. എന്റെ കാൻസർ ചികിത്സ തുടങ്ങി ഒരു വർഷം കഴിഞ്ഞാണവർ കാക്കനാട്ടെ ടെക്നോപാർക്കിലേക്ക് മാറി വരുന്നത്. ഒരു മകനുമുണ്ടവൾക്ക്.
എനിക്കിപ്പോൾ വയസ്സ് 65. ഭാര്യ ശ്രീക്കുട്ടിക്ക് 62. ഞങ്ങളുടെ ജീവിതത്തിന്റെ അർത്ഥവും ഉദ്ദേശവും കാതലും എല്ലാം ആരതിയാണ്, അല്ല, ആയിരുന്നു.
കാൻസർ ബാധിതനാണ് ഞാൻ. രണ്ടുകൊല്ലം മുമ്പാണ് സ്റ്റേജ് മൂന്ന് കോളൺ കാൻസർ രോഗമെനിക്കുണ്ടെന്നത് വെളിവായത്. ഭാര്യ ശ്രീക്കുട്ടിയാവട്ടെ, ഹൃദയരോഗിയും.
ഈയിടെയാണ് കാൻസർ മൂർച്ഛിച്ചു എന്ന കാരണത്താൽ കീമോതെറാപ്പി വീണ്ടും എനിക്ക് ആവശ്യമായി വന്നത്. ആ ചികിത്സ പൂർത്തിയാക്കാനാവുന്നതിന്ന് മുമ്പേ തന്നെ, കൂനിന്മേൽ കുരുവെന്നപോലെ, ഭാര്യക്ക് സ്റ്റ്രോക്ക് ബാധയുണ്ടായി. അവൾക്ക് സമയത്തിന് ചികിത്സ കൊടുക്കാനായെങ്കിലും, ശ്രീക്കുട്ടിയുടെ ശരീരത്തിന്റെ ഒരു വശത്തിന് സ്റ്റ്രോക്ക് കാരണം സ്വാധീനക്കുറവ് സംഭവിച്ചു.
ആയുസ്സ് പരിമിതമാണെന്ന ബോധം എന്നും ഞങ്ങളെ അലട്ടിയിരുന്നത് ആരതിയെക്കുറിച്ചാലോചിക്കുമ്പോഴായിരുന്നു. മാരകമായ അസുഖങ്ങൾ ഞങ്ങളെ ബാധിച്ച ശേഷം ആ ഉൽക്കണ്ഠകളും ആശങ്കകളും പല മടങ്ങ് വർദ്ധിച്ചു. ഞങ്ങളുടെ മരണശേഷം ആരതി അരക്ഷിതയും അനാഥയും ആകുമെന്ന നേര് ആളിക്കത്തുന്ന തീയായി ഞങ്ങളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.
ഞങ്ങൾ ധൃതി പിടിച്ച് ഒരു ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ ചുമതല മകളുടെ ഭർത്താവായ സനൂജിനെ ഏൽപ്പിക്കാനും ഞങ്ങൾ തീരുമാനിച്ചു. കുടുംബാംഗമാകമ്പോൾ പ്രത്യേക ശ്രദ്ധ പ്രതീക്ഷിക്കാമല്ലൊ.
ഞങ്ങളില്ലാക്കാലത്ത് അവളുടെ ജീവിതത്തിനും പരിചരണത്തിനും ആവശ്യമായ ചിലവുകൾക്ക് വേണ്ടിയുള്ള സാമ്പത്തിക മുന്നൊരുക്കങ്ങളും ഞങ്ങൾ ചെയ്തെടുത്തു. മാത്രമല്ല, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് അഭയവും പരിചരണവും കൊടുക്കുന്ന ഒരു കേന്ദ്രത്തിൽ അവളെ അംഗമാക്കിച്ചേർക്കുകയും ചെയ്തു.
ആരതിയെ നോക്കി രക്ഷിക്കാൻ മൂത്ത മകളും ഭർത്താവുമുണ്ടല്ലൊ എന്നാലോചിച്ച് സമാധാനിക്കാൻ ശ്രമിക്കുമ്പോഴും, എന്തോ മനസ്സിന്നുള്ളിലെ തീ അണയാതെ എരിഞ്ഞു കൊണ്ട് തന്നെയിരുന്നു!
കഷ്ടിച്ച് ഇതെല്ലാം തീർക്കുന്നതിന്റെ ഇടയിലാണ്, അവൾ കടുത്ത വേദന എന്ന ആവലാതിയുമായി ഞങ്ങളെ സമീപിച്ചത്. അടി വയറ്റിലും ഗുഹ്യഭാഗങ്ങളിലും അസഹ്യവേദനയുണ്ടെന്നവൾ കണ്ണീരൊലിപ്പിച്ച് പറഞ്ഞത് ഞങ്ങളെ അസ്വസ്ഥരാക്കി. എന്താണ് പ്രശ്നം എന്ന ഭീതിയോടെ, ഞങ്ങൾ ഇടക്ക് കാണാറുള്ള ഗൈനക്കോളജിസ്റ്റിനെ കാണാനോടി. വിശദമായ പരിശോധനക്കും, ലാബറട്ടറി ടെസ്റ്റുകൾക്കും ശേഷം ഡോക്ടർ പറഞ്ഞത് ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ലൈംഗികവേഴ്ച കൊണ്ട് സംഭവിക്കുന്ന ക്ലമീഡിയ എന്ന ബാക്ടീരിയാ വ്യാധിയാണെന്നായിരുന്നു, ഡോക്ടർ അറിയിച്ചത്. മരുന്ന് കൊടുത്ത് മാറ്റാനാവും എന്നത് ഒരിത്തിരി ആശ്വാസം തന്നെങ്കിലും, ആര്, എപ്പോൾ, എങ്ങിനെ എന്ന കുത്തുന്ന ചോദ്യങ്ങൾ കൂർത്ത ശരങ്ങൾ പോലെ ഇരുവരുടെയും മനസ്സിനെ നിശിതമായി നോവിച്ചുകൊണ്ടിരുന്നു.
ആരതി സാധാരണയായി ഞങ്ങളില്ലാതെ വീട് വിട്ട് എങ്ങൂം പോവാറില്ലാത്ത സ്ഥിതിക്ക്, വീട്ടിൽ ആരെങ്കിലും അവളെ ഉപദ്രവിക്കാനെത്തിയിരുന്നോ എന്നായിരുന്നു ഞങ്ങളുടെ ആദ്യത്തെ സംശയം. വീട്ടിൽ മറിയ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ആരതിയെ വീട്ടിൽ ഒറ്റക്ക് വിട്ട് പുറത്തേക്ക് പോവാറുള്ളൂ. ഒരു പക്ഷെ, മറിയയുടെ കണ്ണ് വെട്ടിച്ച് പാട്ട് മാഷ് അതിക്രമം കാണിച്ചതായിരിക്കുമോ എന്നും ശങ്കയുണ്ടായിരുന്നു ഞങ്ങൾക്ക്.
ആശ നാട്ടിലേക്ക് വന്നതിൽപ്പിന്നെ, വീട് വിട്ട് ദീർഘനേരം പുറത്ത് പോയി നില്ക്കേണ്ട അവസരങ്ങളിൽ ആതിരയുടെ സംരക്ഷ ആശയെ ഏല്പിക്കുകയാണ് സാധാരണ പതിവ്. അന്നേരങ്ങളിലെല്ലാം ആശയും, ചിലപ്പോൾ ഭർത്താവ് സനൂജും ഞങ്ങളുടെ വീട്ടിലേക്ക് എത്തി, അവിടെയിരുന്ന് കൊണ്ട് ജോലിചെയ്ത് ആരതിയെ ശ്രദ്ധിക്കാറാണ് പതിവ്. ആശക്കെപ്പോഴെങ്കിലും ഓഫീസിൽ പോകേണ്ട അത്യാവശ്യം വരുമ്പോൾ ആശ ഭർത്താവിനെ അയക്കും. ആരതിക്ക് സനൂജ് ചേട്ടൻ കൂട്ടിനുണ്ടല്ലൊ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ.
പക്ഷെ, ഇതെങ്ങിനെ എപ്പോൾ സംഭവിച്ചു? ആരാണിത്, ഈ ദ്രോഹി? മറിയയുടെയോ ആശയുടെയോ കണ്ണിൽപ്പെടാതെ എങ്ങിനെയാണിത് സംഭവിച്ചിരിക്കുക? ഞങ്ങളാകെ വേവുകയായിരുന്നു!
അപ്പോഴാണ് എനിക്ക് വീട്ടിനകത്ത് വച്ചിരുന്ന ക്യാമറ ഓർമ്മ വന്നത്.
അർബുദരോഗം ബാധിച്ചത് ആദ്യമായി കണ്ടുപിടിച്ച സമയത്ത് കീമോ-റേഡിയേഷൻ ചികിത്സക്കായി ആസ്പത്രിയിലിടക്കിടക്ക് ഞങ്ങൾക്ക് പോവേണ്ടി വന്നിരുന്ന സമയം. ആരതിയെ മറിയയുടെ കയ്യിലേല്പിച്ചായിരുന്നു ഞങ്ങളാശുപത്രിയിലേക്കോടിയത്. അന്നൊരു ധൈര്യത്തിന് ആരതിയുടെ മീതെ ഒരു കണ്ണിന്നായി മാത്രമാണാ കാമറകൾ ഘടിപ്പിച്ചത്. ഭാഗ്യത്തിന്ന് അയൽവാസിയുടെ പരിചയക്കാരനൊരുത്തൻ, പെട്ടെന്ന്, വളരെ പെട്ടെന്നത് ചെയത് തന്നു.
ഇപ്പോളത് തീരെ മറന്ന മട്ടായിരുന്നു. ആരതിയുടെ കിടപ്പു മുറിയിലും പിയാനോ വച്ച ഉമ്മറമുറിയിലും വച്ചിരുന്ന കാമറ പതിവായി ഞങ്ങൾക്ക് നോക്കേണ്ട ആവശ്യം വന്നതുമില്ല, അങ്ങിനെ നോക്കുന്ന പതിവുണ്ടായിരുന്നതുമില്ല. ആരതിക്ക് കൂട്ടുണ്ടല്ലൊ വീട്ടിൽ!
പക്ഷെ ക്യാമറക്കണ്ണുകൾ നീറ്റുന്ന ഒരു വസ്തുതയാണ് കാട്ടിത്തന്നത്. കൊടിയ ഈ ക്രൂരത ചെയ്തത് സനൂജായിരുന്നു എന്നത് ഞങ്ങളെ അടിമുടി ഞെട്ടിച്ചു. ഞങ്ങളുടെ മനസ്സ് ആകെ മരവിച്ചു നിന്നു. സംരക്ഷിക്കേണ്ട കൈകൾ തിരിഞ്ഞു കുത്തിയിരിക്കുന്നു.
മകളെ അറിയിച്ചിട്ടെന്തു കാര്യം? ഒരു കുടുംബത്തിൽ കൂടെ പ്രശ്നങ്ങൾ പരത്തി വിടാം! ആ കുടുംബം കൂടെ ഛിന്നഭിന്നമാക്കാം, അല്ലാതെന്തു പ്രയോജനം? ഞങ്ങളുടെ സ്വന്തം മകളുടെ കുടുംബം കൂടെ കലക്കിയിട്ടെന്തു ലാഭം? സനൂജിനെ ഇനിയെനിക്ക് വിശ്വസിക്കാനാവുമോ? എന്റെ ആരതിമോളുടെ നിഷ്കളങ്കത ചൂഷണം ചെയ്തത്, വേണ്ടാ, ആരുമറിയേണ്ട. ആരുമറിഞ്ഞ് ഒന്നും മാറാനോ മാറ്റാനോ ആകില്ല.
നിയമത്തിന്റെ അഭയം തേടിയിട്ടും എന്തുണ്ട് കാര്യം? ഈ സംഭവം പുറംലോകം അറിയും എന്നല്ലാതെ, നമ്മളെ തന്നെ നാറ്റിപ്പിക്കാമെന്നല്ലാതെ എന്തുണ്ട് വിശേഷം? ഒരു പ്രതിവിധിയോ, പരിവർത്തനമോ അതുണ്ടാക്കുമോ? കണ്ണീർ അടക്കി, എരിയുന്ന മനസ്സുമായി ഇരിക്കുന്ന എൻറെ ഭാര്യയോട് ഞാനെന്റെ തകർന്ന മനസ്സിൽ നിന്ന് ഉയരുന്ന ആകുലതകൾ പങ്കിട്ടു.
“നമ്മുടെ മരണശേഷം, ആരതിമോളുടെ ജീവിതത്തിൽ വരാനിടയുള്ള അനുഭവങ്ങളുടെ ഒരു കുഞ്ഞു ട്രെയിലർ മാത്രമാണ് നാം കണ്ടിരിക്കുന്നത്. സ്വയം ബുദ്ധിയുള്ള മനുഷ്യരെ കൂടെ കബളിപ്പിച്ചു നടക്കുന്ന ഈ ലോകത്ത് ഇങ്ങനെയുള്ള ഒരുവളെ ഒറ്റക്കിട്ടു പോകുന്നത് വിവേകപൂർണ്ണമാകുമോ? കണ്ണിലുണ്ണിയെ പോലെ സ്നേഹിച്ച് പരിപാലിക്കുന്ന നമ്മുടെ മകളെ, ഈ ക്രൂര ഹസ്തങ്ങളിൽ ഏൽപ്പിച്ച് പോകുന്നത് ശരിയോ? നോക്ക്, ഞാനെന്റെ മനസ്സിൽ തയ്യാറാക്കുന്ന ഉപായം നീ കേൾക്കണം. ബുദ്ധിമുട്ടുണ്ടാവും നിനക്കത് ഉൾക്കൊള്ളാനും, മനസ്സ് കൊണ്ടത് അംഗീകരിക്കാനും. പക്ഷെ നീ ആലോചിക്ക്, സാവധാനം, വൈകാരികമല്ലാതെ! എന്റെ ആശങ്കകളെ, ആകുലതകളെ, മനോവിഷമങ്ങളെ നിനക്ക് മനസ്സിലാക്കാനാവുമ്പോൾ, നാം രണ്ടു പേർക്കും ആരതിയോട് അതിരില്ലാത്ത സ്നേഹവും, ഉൽക്കണ്ഠയും മാത്രമാണുള്ളതെന്ന് മനസ്സിലാക്കുന്ന നീ, ഞാൻ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യത്തിനോട് എതിർപ്പ് പ്രകടിപ്പിക്കാനിടയില്ല.”
എന്റെ യുക്തിയും ന്യായവും വ്യക്തമാക്കി ഞാനവളുടെ മുന്നിൽ വച്ചു. “നമ്മുടെ പാവം മോളെ ദുഃഖങ്ങളും യാതനകളും അനുഭവിക്കാൻ മാത്രമായി ഇവിടെ ഒറ്റക്ക് വിടാൻ എനിക്ക് വയ്യ. അത് ശരിയാവില്ല. നമുക്കിവളെ കൂടെ, നമ്മുടെ കൂടെ കൂട്ടാം. അതായിരിക്കും നല്ലത്. അതിനുള്ള വഴികൾ ഞാൻ ആലോചിച്ച് തീരുമാനിക്കട്ടെ.”
അങ്ങനെയാണ് അവസാനം ഞങ്ങൾ ആരതിയ്ക്ക് മന:പൂർവ്വം യാത്രയയപ്പ് നൽകിയത്. ആലോചിച്ചുണ്ടാക്കി, വേദന ഏറ്റവും കുറവുള്ള രീതിയിൽ ഞാനത്, ഞങ്ങളുടെ ഉള്ളിലൊടുങ്ങാത്ത വേദനയോടെ ചെയ്തുതീർത്തു. ഉറക്കഗുളികകളുടെ അതിപ്രസരത്തിൽ ഗാഢനിദ്രയിലാണ്ട് കിടക്കുന്ന അവളെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
ഉറക്ക ഗുളികകൾ ഭക്ഷണത്തിൽ കലർത്തി കൊടുത്തു എന്ന കുറ്റം ഏറ്റെടുത്തുകൊണ്ട് എൻറെ ഭാര്യയും ശ്വാസംമുട്ടിച്ച് ജീവനെടുത്തു എന്ന കാരണത്താൽ ഞാനും ഈ മരണത്തിൻറെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇതല്ലാതെ വേറെ എന്തായിരുന്നു ഞങ്ങളുടെ മുമ്പിലെ പ്രതിവിധി?
ഞാനും എന്റെ ഭാര്യയും ചേർന്ന് ചെയ്തത് നിയമപരമായി ക്രൂരഹത്യയാണ് എന്ന് അതേ ദിവസം തന്നെ പൊലീസ് മുന്നാകെ ഞങ്ങളേറ്റു പറഞ്ഞു. പക്ഷെ, സ്വയബുദ്ധി കമ്മിയായ എന്റെ നിർദോഷിയായ മകളോട് ഈ ലോകം ചെയ്തത് എന്തായിരുന്നു എന്ന ചോദ്യം ബാക്കി നില്കുന്നു!
ശിക്ഷയായി കോടതി തരുന്ന തൂക്കുകയർ ഞങ്ങൾക്ക് കനിവാണ്. ഞങ്ങളുറ്റുനോക്കുന്ന ദയാവധമാണ്. ഇത്തരത്തിലുള്ള നിരവധി ജീവനുകളോടും അവരുടെ അച്ഛനമ്മമാരോടും കരുണയും അഭയവും ഈ ലോകത്തിന് നൽകാനാവില്ലെങ്കിൽ അവർക്ക് കൂടെ ഒരു ദയാവധമെങ്കിലും വച്ചു നീട്ടുന്നതല്ലെ ഉചിതം! സമാധാനത്തോടെ അവരീ ലോകത്ത് നിന്ന് പൊയ്ക്കൊള്ളട്ടെ! വധശിക്ഷ കഴിയുന്നതും വേഗത്തിൽ തന്ന് ഞങ്ങൾക്ക് ആശ്വാസം പകരണമെന്ന് മാത്രമേ ഞങ്ങൾ കേണപേക്ഷിക്കാനുള്ളു.
ഞാനീപ്പറഞ്ഞതെല്ലാം പ്രതീക്ഷകൾ അസ്തമിച്ച മരവിച്ച മനസ്സിന്റെ ജല്പനങ്ങളായി മാത്രം കണ്ട് പൊറുക്കണമെന്ന് കൂടെ ഞങ്ങൾ പറഞ്ഞവസാനിപ്പിക്കട്ടെ.”
ജോൺസൺ വായന നിർത്തി ഞെട്ടി അമ്പരന്നിരിക്കുന്ന എൽസിയുടെ മുഖത്തേക്ക് നോക്കി. “എൽസീ, എനിക്കെങ്ങിനെ ഇതിൽ വിധി പ്രസ്താവിക്കാനാവും? ഇതിലെ ആരതി നമ്മുടെ മായ മോളാണെങ്കിലോ? അങ്ങിനെയല്ലെ? ഒന്നാം പ്രതി ആനന്ദൻ ഞാൻ തന്നെയല്ലെ? ഞാൻ തന്നെയല്ലെ എന്റെ മായമോളെ കൊന്നത്? രണ്ടാം പ്രതി ശ്രീക്കുട്ടി നീയും? ഞാൻ തന്നെ ചെയ്ത അപരാധത്തിൽ എനിക്ക് തീർപ്പ് കൽപ്പിക്കാനാവുമോ?”
“ഇച്ചായാ….. ഭ്രാന്ത് പറയല്ലെ?” എൽസി അലറി.
ഉടൻ തന്നെ വൈദ്യുതാഘാതം ഏറ്റെന്ന പോലെ എൽസി ഒന്ന് വിറച്ചു. എന്നിട്ടവൾ രണ്ടു കൈകളും വച്ച് കണ്ണുപൊത്തി തലതാഴ്ത്തിയിരുന്നു.
മായമോൾ വായിക്കുന്ന ശോകരസം പുരണ്ട പാട്ടിന്റെ വീചികൾ ആ വീട്ടിന്നുള്ളിലനാഥമായി അലഞ്ഞു നടന്നു!
മൊബൈൽ: 9003159225