വർളി, മുംബൈ. ഇന്ന്
വിടവാങ്ങുന്ന തെക്കുപടിഞ്ഞാറൻ ഇടവപ്പാതിയോടൊപ്പം അറബിക്കടലിലെ കെടുനീരിന്റെ ഗന്ധം വഹിച്ച് ഒഴുകിയെത്തിയ കാറ്റിന് അകലങ്ങളിലെ സന്തോഷവും വേദനയും കലർന്ന ധാരാളം കഥകൾ പറയാനുണ്ടായിരുന്നു. വർളിയിൽ 56ാം നിലയിലുള്ള അഭിഷേക് മോട്വാനിയുടെ ആഢംബര ഫ്ളാറ്റിന്റെ ജാലകങ്ങളിലൂടെ കാറ്റ് ശക്തിയായി അകത്തേക്ക് ആഞ്ഞടിച്ചു. കടലാസുകൾ മുറിയിൽ പാറിപ്പറന്നു, അലമാരയിൽ അടുക്കിവെച്ചിരുന്ന പുസ്തകങ്ങൾ നിലം പൊത്തി. അയാളുടെ കൊച്ചു ലൈബ്രറി തകർന്നു താഴെ വീണു. നിയമപുസ്തകങ്ങൾ തറയിൽ ഷേക്സ്പീയറിന്റേയും ഷെല്ലിയുടേയും ബൈറൺന്റേയും പുസ്തകങ്ങൾക്കും എണ്ണമറ്റ കലാരൂപങ്ങൾക്കുമിടയിൽ ഇടം കിട്ടാതെ ഞെരുങ്ങിക്കിടന്നു. കാഴ്ചപ്പണ്ടങ്ങളായി തരംതാഴ്ത്തപ്പെട്ട, പൊടി പിടിച്ച എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ കട്ടിയുള്ള വോള്യങ്ങൾക്കു മാത്രമാണ് കാറ്റിനെ ചെറുത്ത് അലമാരയിൽ ഒരു വിധം പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.
മുറിയിലുണ്ടായിരുന്ന മറ്റൊരു ജീവി ജനൽപ്പടിയുടെ സമീപത്തെ അക്വേറിയത്തിൽ കഴിയുന്ന വിശറി വാലുള്ള ഗോൾ്ഡ് ഫിഷ് ആയിരുന്നു. ഒരു ബാലെ നർത്തകിയുടെ ചലനഭംഗിയുണ്ടായിരുന്നു അവൾക്ക്. അക്വേറിയം വേദിയാക്കി അവൾ നടത്താറുള്ള താള ബന്ധമായ ലാസ്യ നടനം മനോഹരിയായ ഒരു റഷ്യൻ നർത്തകിയെയാണോർമിപ്പിച്ചത്. സുന്ദരമായ അവളുടെ കണ്ണുകൾ ഒരു ഭരതനാട്യക്കാരിയുടേതുപോലെ ഇളകിക്കൊണ്ടിരുന്നു. സാധാരണ ദിനങ്ങളിൽ അവ ഭരതനാട്യത്തിലെ അലോകിത, സാച്ചി, പ്രലോകിത, ഉല്ലോകിത, അനുവൃത്ത മുദ്രകൾക്കൊടുവിൽ സാമയിൽ വന്നു നിൽക്കുമായിരുന്നു.
ആ മത്സ്യത്തിനു ഒരു പേരിടാൻ അയാളുടെ മകൾക്ക് അതിയായ താൽപര്യമുണ്ടായിരുന്നു. എന്നാൽ അവൾ നിർദ്ദേശിച്ച ”ഗോൾഡി” എന്ന നാമം ക്ലീഷേ ആണെന്നു പറഞ്ഞ് തമാശയോടെ അയാൾ തള്ളിക്കളഞ്ഞു.
പകരം ചില പേരുകൾ അയാളും നിർദ്ദേശിച്ചു. കണ്ണഞ്ചിക്കുന്ന എന്ന അർത്ഥത്തിൽ ഫ്ളാംബോ, (ഫ്ലാമ്പോയാൻസ് എന്നതിന്റെ ചുരുക്ക നാമം), യോദ്ധ (ഹിന്ദിയിൽ യോദ്ധാവ് എന്നർദ്ധം), ബബ്ബിൾസ്, നെമോ എന്നിങ്ങനെ പലതും. എന്നാൽ പേരിന്റെ കാര്യത്തിൽ ഒരു അഭിപ്രായ ഐക്യത്തിലെത്താൻ അവർക്കു കഴിഞ്ഞില്ല.

കാറ്റടങ്ങി അതിന്റെ ഹുങ്കാരം ചെറിയൊരു മൂളൽ മാത്രമായിത്തീരുകയും തിരകളുടെ ഇളക്കം ക്രമേണ മന്ത്രധ്വനിയായി മാറുകയും ചെയ്തെങ്കിലും ആ വീട്ടിൽ സ്വാസ്ഥ്യം തിരിച്ചെത്തിയില്ല. കടലും കാറ്റും ചേർന്നുണ്ടാക്കിയ ബഹളം മൂടൽമഞ്ഞ് പോലെ അത്രയെളുപ്പം മായുന്നതായിരുന്നില്ല; അിന്റെ അനുരണനങ്ങൾ അപാർട്മെന്റിൽ അപ്പോഴും ബാക്കി നിന്നു.
ഇന്ന്, സ്വർണ്ണ മത്സ്യം അക്വേറിയത്തിൽ നീന്തിക്കളിക്കുന്നത് കാണാനില്ല. ചിലപ്പോൾ വായുകടത്തിവിടാൻ അതിനുള്ളിൽ വെച്ചിരിക്കുന്ന യന്ത്രത്തിന് പിന്നിലോ കലാചാരുതയോടെ ഒഴുകിനടക്കുന്ന മരക്കഷ്ണത്തിന്റെ മറവിലോ അത് ഒളിച്ചിരിക്കുകയാവും. അല്ലെങ്കിൽ കല്ലുകൾക്കിടയിലോ ആമസോൺ ചെടികൾക്കിടയിലോ പതുങ്ങിക്കിടക്കുന്നുണ്ടാവും.
നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ പെറുക്കി വീണ്ടും ഷെൽഫിൽ അടുക്കി വെക്കുന്നതിനിടയിൽ റോണ്ട ബൈറന്റെ ‘ദ സീക്രട്ട്’ എന്ന പുസ്തകത്തിന്റെ പേപ്പർ ബാക്ക് എഡിഷൻ അഭിഷേകിന്റെ കണ്ണിൽ പെട്ടു. കയ്യിലിരുന്ന കട്ടിയുള്ള പുസ്തകങ്ങളൊന്നാകെ നിലത്തിട്ട് അർധസുഷുപ്തിയിലെന്ന പോലെ അയാൾ കണ്ണടച്ച് പുസ്തകത്തിലെ ഒരു പേജ് തുറന്ന് ഒരുവരിയിൽ വിരൽ വെച്ചു.
വിശുദ്ധ ബൈബിൾ തുറന്ന് അതിലൊരിടത്ത് വിരൽ തൊട്ട് വായിക്കുന്ന ബിബ്ലിയോമാൻസിയിൽ അയാൾക്കു വിശ്വാസമുണ്ടായിരുന്നില്ല. എന്നിട്ടും കണ്ണുതുറന്ന് ആ വരി അയാൾ ഉറക്കെ വായിച്ചു: ”ആളുകൾക്ക് ആവശ്യമുള്ളത് ലഭ്യമാകാത്തതിന്റെ ഏക കാരണം വേണ്ട കാര്യങ്ങളേക്കാൾ വേണ്ടാത്ത കാര്യങ്ങളെക്കുറിച്ച് അവർ കൂടുതൽ
ചിന്തിക്കുന്നതുകൊണ്ടാണ്”.
നിങ്ങളുടെ വിശ്വാസത്തിന്റെ ശക്തി (മാനിഫെസ്റ്റേഷൻ) ആണ് നിങ്ങളുടെ മനസിൽ അന്തർലീനമായ ചിന്തയിലൂടെയും അഭിലാഷത്തിലൂടെയും പ്രകടമാകുന്നത് എന്നാണ് ആകർഷണ നിയമത്തെക്കുറിച്ചുള്ള ആ പുസ്തകം പറയുന്നത്. നെഗറ്റീവ് ചിന്തകൾ വേഗത്തിൽ പ്രകടമാകുമെന്നതാണ് ഈ ചിന്തയിൽ അന്തർലീനമായിരിക്കുന്ന സന്ദേശമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രതികൂല ചിന്തകൾ അതിവേഗം മനസിലിടം പിടിക്കുകയും അവ തോൽവിയിലേക്കു നയിക്കുകയും ചെയ്യുമെന്ന് ചുരുക്കം.

‘ദ സീക്രട്ട്’ മാറ്റി വെച്ച് അയാൾ വീണ്ടും സ്വർണ്ണ മത്സ്യത്തെ തിരയാനാരംഭിച്ചെങ്കിലും അതിനെ കണ്ടെത്താനായില്ല. ഒരു പക്ഷേ കാലാവസ്ഥയിൽ വന്ന മാറ്റമാവാം ഈ തിരോധാനത്തിനു കാരണം, അയാൾ ചിന്തിച്ചു. അല്ലെങ്കിൽ അതിനേക്കാൾ വലിയ
മറ്റെന്തെങ്കിലും സംഭവിച്ചോ? തന്നിൽ മോശം ചിന്തയോ പ്രവൃത്തിയോ ഉണ്ടായോ?
അന്നു നടന്ന സംഭവങ്ങൾ അയാൾ വീണ്ടും ഓർത്തെടുക്കാൻ തുടങ്ങി. നല്ലൊരു ദിവസമായിരുന്നു. വലിയൊരു കരാർ ഒപ്പിട്ടത് ആദ്യത്തെ കാര്യം. വളരെക്കാലമായി തന്നെ അവഗണിക്കുകയായിരുന്ന, ജീവനക്കാരിൽ ഏററവും സുന്ദരിയായ, അക്കൗണ്ട്സിലെ സീനിയർ മാനേജറുമൊത്ത് സഹശയനം സാധ്യമായതും ഇന്ന് തന്നെ. അവളെ
നോട്ടമിടാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. എന്നാൽ, അവൾ ഒട്ടും കൂസലില്ലാത്ത ഇനമായിരുന്നു; ജോലിയോടല്ല, ബോസിനോട്. സോപ്പിടലും ശമ്പള വർധനാ വാഗ്ദാനവും പ്രമോഷൻ ഓഫറും ജോലി സമയ ഇളവും വഴിവിട്ട് വീടനുവദിക്കാമെന്ന വാഗ്ദാനവുമൊന്നും ഏശിയില്ല. പ്രാചീന തന്ത്രമായ പിരിച്ചു വിടൽ ഭീഷണി പോലും അവൾ നിസാരമായി തള്ളിക്കളഞ്ഞു. എന്നാൽ കെട്ടിച്ചമച്ച ഒരു സാമ്പത്തിക ആരോപണം കൊണ്ടു വന്നതോടെ നിവൃത്തിയില്ലാതെ അവൾ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ഭീഷണിയും ജയിലിൽ പോകേണ്ടി വരുമെന്ന താക്കീതും അതിന്റെ നാണക്കേട് ജീവിതകാലം മുഴുവൻ പിന്തുടരുമെന്ന മുന്നറിയിപ്പും ചേർന്നപ്പോൾ ഒടുവിൽ വിസമ്മതത്തോടെയെങ്കിലും അവൾ വഴങ്ങി.
ഭോഗാനന്തര ആലസ്യത്തിൽ അവളോട് ചേർന്നു കിടന്ന് അയാൾ താൻ പ്രയോഗിച്ച ബോംബിനെക്കുറിച്ചു വീമ്പ് പറഞ്ഞു. അവളെ കുടുക്കാൻ താൻ ചിലവിട്ട പണവും കണക്ക് പുസ്തകത്തിൽ കാണിച്ച കൃത്രിമവും അതിനായി നടത്തിയ അധ്വാനവും മറ്റും അഭിമാനത്തോടെ വിസ്തരിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ കരുതിയത് വില കൂടിയ ഭക്ഷണത്തിനും പകിട്ടേറിയ സ്യൂട്ട് റൂമിനും ചിലവിട്ട പണത്തെക്കുറിച്ചാണയാൾ സംസാരിക്കുന്നതെന്നാണ്.
അഭിഷേകിനെ സംബന്ധിച്ചിടത്തോളം അതൊരു നേട്ടമായിരുന്നു. അല്പം അഹങ്കാരത്തോടെ അയാളത് പറയുകയും ചെയ്തു. എന്നാൽ ദൈവം ആ കൃത്യത്തിൽ തന്നെ തുണച്ചിട്ടുണ്ടോ?
ഇതാദ്യമായല്ല സ്വർണ്ണ മത്സ്യം ഹൗഡിനിയെപ്പോലെ അപ്രത്യക്ഷമാകുന്നത്. മത്സ്യത്തെ കാണാതായ മറ്റൊരു ദിവസത്തെക്കുറിച്ച് അഭിഷേക് വ്യക്തമായി ഓർക്കുന്നു. വേനൽക്കാലത്തെ ഒരു തെളിഞ്ഞ പകലായിരുന്നു അത്. അന്നാണ് അയാളുടെ ഭാര്യ, 10 വയസുകാരിയായ മകളേയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറ്റിയത്. അവർക്കിടയിൽ എന്നും വഴക്കായിരുന്നു. ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. എന്നാൽ, ഏത് ബന്ധത്തെക്കുറിച്ചാണവൾ പറയുന്നതെന്ന് അയാൾക്കറിയില്ലായിരുന്നു. ആൾ അത്ര ശുദ്ധനൊന്നും ആയിരുന്നില്ലല്ലോ.

സാധാരണ വാക്പോരുകളാണു നടന്നിരുന്നത്. എന്നാൽ അന്നത് ഇടിയും കുത്തുമായി മാറി. അയാളുടെ കരണത്തൊരടിയും കൊടുത്താണവൾ ആക്രോശം അവസാനിപ്പിച്ചത്. ബഹളം ആദ്യം ശ്രദ്ധിച്ചത് അയൽക്കാരാണ്. പിന്നെ കെട്ടിടത്തിന്റെ സെക്യൂരിറ്റിക്കാരും പോലീസും സംഭവസ്ഥലത്തെത്തി. അന്നു വൈകിട്ട് വീട്ടിൽ നിന്ന്
കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയതാണവൾ. പോക്ക് അനുഗ്രഹമായി എന്നാണയാളുടെ അഭിഭാഷകൻ പറഞ്ഞത്. അവളവിടെ കുത്തിയിരുന്നെങ്കിൽ ഒഴിപ്പിക്കുക ശ്രമകരമായേനെ. സ്വമേധയാ ഇറങ്ങിപ്പോയത് കാരണം വിവാഹമോചന നടപടികളും എളുപ്പമാവുമെന്ന് മകളുടെ കസ്റ്റഡിയപേക്ഷ നൽകുമ്പോൾ വക്കീൽ
പറഞ്ഞു.
പിന്നൊരിക്കൽ അഭിഷേക് മദ്യപിച്ചു ലക്കില്ലാതെ കാറോടിച്ച് അപകടമുണ്ടാക്കിയ ദിവസവും മത്സ്യത്തെ കാണാതായിരുന്നു. അനേകം കോക്ടൈലുകൾ അകത്താക്കി, നഗരത്തിലെ മദ്യശാലകൾ തോറും അയാൾ കയറിയിറങ്ങിയ രാത്രിയായിരുന്നു അത്. മുമ്പൊരിക്കലും പേരു കേട്ടിട്ടില്ലാത്ത കോക്ടൈലുകൾ വരെ അതിൽ പെട്ടിരുന്നു.
വെളുപ്പാൻകാലത്ത് ലക്കില്ലാതെ മടങ്ങുമ്പോൾ അയാളുടെ കാർ വർളി സീഫേസിൽ പ്രഭാത നടത്തക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു. ആകാശത്തേക്കുയർന്ന പുരുഷൻ നടപ്പാതയിലും സ്ത്രീ കാറിന്റെ ബോണറ്റിലുമാണ് വീണത്. പിന്നീട് കാറിന്റെ ചില്ലിൽ എട്ടുകാലി വല നെയ്ത് അവർ റോഡരികിലേക്കു വീഴുകയും ചെയ്തു. കാർ നിർത്തുകയോ വിവരം പോലീസിൽ അറിയിക്കുകയോ ചെയ്യാതെ അതിവേഗം
ഓടിച്ചു രക്ഷപെടുകയായിരുന്നു അയാൾ.
മറ്റനേകം സന്ദർഭങ്ങളിലും മത്സ്യം ഇതു പോലെ ഒളിച്ചുകളി നടത്തിയിട്ടുണ്ടാവും, പക്ഷേ അതാരും ശ്രദ്ധിച്ചു കാണില്ല.
അഭിഷേക് തന്നിഷ്ടം പോലെ ജീവിക്കുന്നയാളും യുക്തിവാദിയുമാണെങ്കിലും വീട്ടിലെ ദൂഷ്യങ്ങൾ കണ്ടെത്തുന്നതിന് ജ്യോതിഷിയുടെ സഹായം തേടിയിരുന്നു. വീ്ട്ടിൽ ഈശ്വരാംശം നിറയ്ക്കുന്നതിന് വിളിച്ചുവരുത്തിയ ജ്യോതിഷാചാര്യന്റെ
അഭിപ്രായത്തിൽ നഗരത്തിൽ പൊതുവേ വിപരീത ഊർജ്ജം കൂടുതലാണ്.
”ലണ്ടനിലായാലും മുംബൈയിലായാലും നഗരങ്ങളിലെ ആകാശത്ത് നക്ഷത്രങ്ങളുണ്ടാവില്ല”, പ്രതികൂല ഊർജ്ജങ്ങളുടെ കാരണം അദ്ദേഹം വിലയിരുത്തി.
“മാത്രമല്ല, ഉയരക്കൂടുതലുള്ള കെട്ടിടങ്ങളിൽ വാസ്തു ദോഷങ്ങൾക്ക് സാധ്യത കൂടുതലുമാണ് ” പണം വിഴുങ്ങുന്ന സന്ദർശനങ്ങളിലൊന്നിൽ അദ്ദേഹം പറഞ്ഞു.
നഗരദീപങ്ങളുടെ വെളിച്ചം കാരണമാണ് നഗരങ്ങളിൽ നക്ഷത്രങ്ങൾ കാണാൻ കഴിയാത്തതെന്ന ശാസ്ത്ര സത്യം അഭിഷേകിനറിയാമായിരുന്നു. താഴത്തെ നിലകൾ പൊതുവേ ദോഷ വിമുക്തമായതിനാൽ ആപേക്ഷികമായി ഭേദമായിരിക്കുമെന്നാണ്
ജോത്സ്യന്മാരുടെ വിശ്വാസം. ഭൂഗർഭ ജലത്തിന്റെ സാന്നിധ്യമുള്ളതിനാൽ പ്രാണന്റെ അഥവാ ഊർജ്ജത്തിന്റെ പ്രവാഹം ഉയരങ്ങളിലേതിനേക്കാൾ അവിടെ കൂടുതലായിരിക്കുമത്രേ.
വീട്ടിലെ ദോഷങ്ങളിലേക്ക് ജോത്സ്യൻ അയാളുടെ ശ്രദ്ധ ക്ഷണിച്ചു.
“മുറിയുടെ മൂലകളിലും നിഴലുകൾക്കു പിന്നിലും തിന്മയുടെ ശക്തികൾ കുടിയിരിപ്പുണ്ട്. അതിലൊന്നിനെ മുറിവേൽപിച്ചാൽ രക്തബീജാസുരന്റെ മുറിവുകളിൽനിന്നെന്ന പോലെ ഓരോ തുള്ളി ചോരയിൽ നിന്നും അനേകർ ഉയിർത്തെണീൽക്കും.”
എന്നാൽ, അഭിഷേകിന്റെ മനസിൽ പൊന്തി വന്നത് തീർത്തും വ്യത്യത്യസ്തമായ രൂപങ്ങളായിരുന്നു. പല അടരുകളിലായി വയറ്റിൽ ഭൂതഗണങ്ങൾ കുടിയിക്കുന്നതായി അയാൾ കരുതി. ഒന്നിനുള്ളിൽ മറ്റൊന്ന് എന്ന ക്രമത്തിൽ ഉള്ളിൽ രൂപങ്ങൾ ഒളിപ്പിച്ച നിഷ്കളങ്കരായ റഷ്യൻ മാട്രിയോഷ്ക മരപ്പാവകളെയാണയാൾ സങ്കൽപി ച്ചത്.
സ്വർണ മത്സ്യം വീട്ടിലെത്തിയത് വളർത്തുജീവി എന്ന നിലയിലായിരുന്നു. വീട്ടിൽ മീനിനെ വളർത്തുന്നത് അഭിവൃദ്ധിക്കും സമ്പത്തിനും സൗഭാഗ്യത്തിനും കാരണമാകുമെന്ന് ഫെംഗ്ഷുയി വിദഗ്ധൻ പറഞ്ഞതോടെയാണ് അയാൾ മീൻ വളർത്താൻ തയ്യാറായത്.

”സ്വർണ മത്സ്യം ഗുണപരമായ ഊർജ്ജം ആകർഷിക്കുകയും സൗഹാർദ്ദം വളർത്തുകയും ചെയ്യും. കാരണം അവയുടെ ചലനങ്ങൾ ഷി (ഊർജ്ജം) ജനിപ്പിക്കുന്നു” അയാൾ ഉപദേശിച്ചു.
ഇന്ന് സ്വർണ മീനിന്റെ അഭാവം ഉയർത്തുന്ന ചോദ്യം ഇതാണ്: അതിന്റെ തിരോധാനത്തിനൊരു കാരണമുണ്ടായിരുന്നോ? അത് കാലാവസ്ഥയാവാം, വീട്ടിലാകെയുള്ള ദോഷങ്ങളാവാം; അവയൊന്നുമല്ലെങ്കിൽ, അഭിഷേകിന്റെ ദുഷ്ചിന്തകളും പ്രവൃത്തികളുമാവാം ദോഷകരമായ ഊർജ്ജം കൊണ്ടുവന്നത്.
ആദ്യം ചെയ്യേണ്ടത് ആദ്യം. അയാൾ ഉറക്കെ ആത്മഗതം ചെയ്തു. കാരണം കണ്ടെത്തുന്നതിനു മുൻപേ മീനിനെ കണ്ടു പിടിക്കണം. അല്ല, അതെവിടെപ്പോകാനാണ്?
ആദ്യം മസ്യത്തിന്റെ ടാങ്കിൽ വായു നിറയ്ക്കാനുള്ള യന്ത്രം അയാൾ എടുത്തുമാറ്റി. പിന്നീട് അക്വേറിയത്തിന്റെ മേൽക്കൂര പോലെയുള്ള അടപ്പു നീക്കി മത്സ്യത്തെ തെരയാനാരംഭിച്ചു. ആദ്യശ്രമം ഫലം കണ്ടില്ല. രണ്ടാം വട്ടം ടാങ്കിനകത്ത് കൈകടത്തിയാണ് പരിശോധന നടത്തിയത്. പിന്നീട് പൊങ്ങിക്കിടക്കുന്ന വലിയ മരത്തടിയും കല്ലുകളും ആമസോൺ ചെടികളും മാറ്റി നോക്കി. ഒരു ഫലവും ഉണ്ടായില്ല.
ലായിനിയുടെ സാന്ദ്രത കണ്ടു പിടിക്കാൻ രസതന്ത്ര വിദ്യാർഥി നടത്തുന്ന പരീക്ഷണത്തിൽ എന്ന പോലെ അയാൾ ഈ പ്രക്രിയ പലവട്ടം തുടർന്നു: ഫലം നിരാശ തന്നെ.
മത്സ്യം എവിടെ ഒളിച്ചുകാണും? ആലോചിച്ചിട്ട് അയാൾക്ക് ഒരു പിടിയും കിട്ടിയില്ല. ദേഷ്യവും നിരാശയും സഹിക്കാനാവാതെ, ഭാരമുള്ള ഫിഷ് ടാങ്ക് എല്ലാ ശക്തിയുമുപയോഗിച്ചുയർത്തി അയാൾ നിലത്തേക്കിട്ടു. ചില്ലു വീണു തകരുന്ന ശബ്ദം അവിടെമാകെ മുഴങ്ങി. വെള്ളം ചുവരിലേക്കും ഫർണീച്ചറുകളിലേക്കും തെറിച്ചു. മാർബിൾ കല്ലുകൾ പൊന്തിയുയർന്ന് മുറിയുടെ അറ്റങ്ങളിലേക്ക് ഉരുണ്ടു നീങ്ങി. വായു നിറയ്ക്കുന്ന യന്ത്രത്തിന്റെ മൂളൽ തുടർന്നു. പൊങ്ങുതടി കഷ്ണങ്ങളായി ചിതറി, തറയിലൂടെ ഒഴുകി നടന്നു…
ബഹളം അവസാനിച്ചപ്പോൾ അയാൾ വീണ്ടും മത്സ്യത്തിനായി തെരച്ചിൽ തുടർന്ന്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടി അത് പിടയുന്നുണ്ടാകുമെന്നയാൾ കരുതി.
എന്നാൽ അതിന്റെ പൊടി പോലും എങ്ങും കാണാനുണ്ടായിരുന്നില്ല!