കൗമാരദിനങ്ങളിൽ നിന്നും യൗവ്വനാരംഭത്തിലേക്ക് പടവുകൾ കയറുന്ന ഒരു പെൺകുട്ടിയുടെ വൈകാരികാനുഭവങ്ങളാണ് ശുചി തലാട്ടി എന്ന ചലച്ചിത്രകാരി ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്ന തന്റെ പ്രഥമ ചലച്ചിത്രത്തിന് വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ആ വിഷയത്തെ ഇത്രമേൽ തീവ്രവും യഥാതഥവുമായി സമീപിച്ച മറ്റേതെങ്കിലും ചലച്ചിത്രം നമ്മുട രാജ്യത്ത് നിർമിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ഏറ്റവും പുതിയ, ആധുനിക സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്ന ചലച്ചിത്രത്തിന്റെ ശിൽപമൊരുങ്ങുന്നത്. ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂളിലെ, പഠനത്തിലും അച്ചടക്കത്തിലുമൊക്കെ ഏറ്റവും മുന്നിൽ നിൽക്കുന്ന മീര എന്ന കൗമാരപ്രായക്കാരിയുടെ കഥയാണിത്. പ്രായം, ശരീരത്തിലും മനസിലും ഏൽപ്പിക്കുന്ന സംഘർഷഭരിതമായ നിമിഷങ്ങളെ അവൾ എപ്രകാരം നേരിടുന്നു എന്നും അതിലൂടെ അവൾ എങ്ങനെ ജീവിതത്തെ ഉൾക്കൊള്ളുന്നു എന്നും ഈ സിനിമ നമ്മോട് സംവദിക്കുന്നു.
മീര ബുദ്ധിമതിയും മനോബലവുമുള്ള ആധുനിക സമൂഹത്തിന്റെ പെൺ പ്രതിനിധിയാണ്. അജ്ഞത കൊണ്ട് പൗരുഷത്തിന്റെ ചതിക്കുഴികളിൽ നിപതിച്ച് ജീവിതം തുലയ്ക്കുന്ന പഴയ തലമുറയിലെ പെണ്ണിന്റെ കണ്ണുനീർ മീരയ്ക്ക് അന്യമാണ്. അവൾ പഠന വിഷയങ്ങളെയും വ്യക്തിത്വത്തെയും ഗൗരവമായി മാനിക്കുന്നു. പ്രണയത്തെയും ശാരീരിക ചോദനകളെയും നിരാകരിക്കുന്നതിന് പകരം അവയെ പക്വതയോടെ സമീപിക്കുന്നു. സ്വയംഭോഗവും ഇണയുമായുള്ള ലൈംഗികതയും ജീവിതത്തിന്റെ പാതയിലെ വൈകാരിക മുഹൂർത്തങ്ങളായി പരിഗണിക്കുന്നു.

തലമുടിയൊക്കെ നരച്ച് ഗുണപാഠങ്ങളോതി നടക്കുന്ന മാതാപിതാക്കളിൽ നിന്ന് ഏറെ വ്യത്യസ്തരാണ് ഇന്നത്തെ തലമുറയിലെ രക്ഷിതാക്കൾ. പണ്ടത്തേത് പോലെ, തങ്ങളുടെ കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതും തങ്ങൾക്ക് നേടാൻ കഴിയാത്തത് അവരിലൂടെ നേടാൻ കഴിയും എന്നൊക്കെയുള്ള അബദ്ധധാരണകൾ വെച്ച് പുലർത്തുന്നവർ ഇന്ന് വിരളമാണ്. മീരയുടെ മാതാപിതാക്കളും അത്തരത്തിൽ ആധുനിക കാഴ്ചപ്പാടുകൾ ഉള്ളവരാണ്. മീരയുടെ അമ്മയായ അനിലയുടെ കഥാപാത്ര രൂപീകരണത്തിലും ഇടം കണ്ടെത്തുന്നു ശുചി എന്ന സംവിധായിക തന്റെ സൃഷ്ടിയിൽ.
നൂതന ആശയങ്ങളുടെ വക്താവെങ്കിലും പഴമയുടെ ചില അവശിഷ്ടങ്ങൾ മനസ്സിൽ ബാക്കി നിർത്തുന്നവളാണ് തന്റെ അമ്മയെന്ന് മീര പലപ്പോഴും ചിന്തിക്കുന്നു. തന്റെ അമ്മയുടെ ചില നേരങ്ങളിലുള്ള അമിതമായ കരുതൽ ആ പെൺകുട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. അമ്മയുടെ യൗവനവും ചുറുചുറുക്കും തന്റെ കാമുകനെ തന്നിൽ നിന്നകറ്റുമോ എന്ന് പോലും മീരയുടെ അപക്വമായ മനസ് സംശയിക്കുന്നു.

ചിത്രത്തിന്റെ അന്ത്യഭാഗങ്ങൾ അമ്മയും മകളുമായുള്ള വൈകാരികതയുടെ ഇഴയടുപ്പം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ജീവിതം നൽകുന്ന കയ്പ്പേറിയ പാഠങ്ങൾ കൂടി തിരിച്ചറിയുവാൻ വിധിയ്ക്കപ്പെടുന്നു മീര. ഒരു കൂട്ടം നല്ല കാര്യങ്ങൾ ചെയ്താലും അറിയാതെ പറ്റിപ്പോവുന്ന ഒരു കയ്യബദ്ധമായിരിക്കാം നമ്മുടെ സ്വൈരതയെ കീഴ്മേൽ മറിച്ച് അന്നോളം നിലനിർത്തിയിരുന്ന നമ്മുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത് എന്ന് ആ പെൺകുട്ടി തിരിച്ചറിയുന്നു. അപ്പോൾ അവൾക്ക് തന്റെ അമ്മയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത വ്യക്തമാകുന്നു.
‘ഗേൾസ് വിൽ ബി ഗേൾസ്’ എന്ന ചലച്ചിത്രം ഈ ലോകത്തെക്കുറിച്ച്, നമ്മുടെ ജീവിതത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുന്ന ഒരു സൃഷ്ടിയാണ്. ഓർമ്മയിൽ സൂക്ഷിക്കാൻ മൂന്ന് പേരുകൾ കൂടി ഈ ചിത്രത്തിന്റെ സംവിധായികയും തിരക്കഥാകൃത്തുമായ ശുചി തലാട്ടി നമുക്ക് തരുന്നു. മീരയായി അഭിനയിച്ച പ്രീതി പാണിഗ്രാഹിയുടെയും അമ്മയായ കനി കുസൃതിയുടെയും മനോഹരമായ ഫ്രയ്മുകൾ ഒരുക്കിയ തായ്വാൻ ഛായാഗ്രാഹകയായ ജിഹ് ഇ പെങ്ങിന്റേയും.

ഈ ചിത്രത്തിന് 2024 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഡ്രമാറ്റിക് വേൾഡ് സിനിമയ്ക്കുള്ള പ്രേക്ഷക അവാർഡ് നേടാനായി. തിയറ്ററുകളിൽ ഇടം കിട്ടാത്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ കാണാനാവും.