പറവകളുണരുമ്പോൾ അവളുമുണരും.
അവർ പറന്നുതുടങ്ങുമ്പോൾ
അവൾ നടന്നുതുടങ്ങും.
കിടപ്പുമുറി, ഇരിപ്പുമുറിയിലൂടെ കുളിമുറി, അടുക്കള, തീൻമുറി,
ഇരിപ്പുമുറി, കോലായ, മുറ്റം,
കോലായ, ഇരിപ്പുമുറി, തീൻമുറി,
അടുക്കള,വർക്കേരിയ, അടുക്കള…
അതിനിടയിൽ അവൾ
കഴുകും, നുറുക്കും, വേവിക്കും, വിളമ്പും,
അടിക്കും, തുടയ്ക്കും, അലക്കും
പിന്നെയും നടക്കും.
ചമരുകൾ അവളെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കും.
നിലമവൾക്ക് സ്ഥലജല വിഭ്രാന്തിയുണ്ടാക്കും.
ഒരിക്കൽ ചുമരിൽ പാർക്കുന്ന ഗൗളികൾ തമ്മിൽ പറഞ്ഞു – ഏറ്റവും വലിയ നടത്തക്കാരി അവൾ തന്നെ.
എത്ര ദൂരം നടന്നവൾ ഇതുവരെ? പെൺഗൗളി ചോദിച്ചു.
ആൺഗൗളി ശാസ്ത്രപുസ്തകം നോക്കി,
അക്കണക്കൊന്നും ഇതിലില്ല.
അവൾ നടപ്പുദീനക്കാരി-
ആൺഗൗളി കളിയാക്കി.
രാത്രി പതിനൊന്നരയോടെ
കൃത്യമായി കൂവുന്ന ഒരു കൂമനുണ്ട്
തെക്കേക്കണ്ടത്തിലെ പുളിമരത്തിൽ.
അപ്പോൾ അവൾ അന്നത്തെ നടത്തം കഴിഞ്ഞ്
അവളോട് തന്നെ എന്തെങ്കിലും വർത്താനം പറയുകയാവും.
കൂമന്റെ മൂളലിന് അവൾ തിരിച്ചുമൂളും.
കൂമൻ മറുമൂളലാവും.
രണ്ടു മൂളലും ഒന്നായിതീരുമ്പോൾ
കൂമൻ അവളുടെ
ബാൽക്കണിയിൽ പറന്നിറങ്ങും.
അവളതിന്റെ കൺതിളക്കത്തിൽ
പ്രസന്നയാവും, ചിറകുകളിൽ തലോടും.
പിന്നെക്കൂമൻ അവളെയുംകൊണ്ട് പറക്കാൻ തുടങ്ങും.
രാത്രിയുടെ ചിത്രപടങ്ങൾ ഓരോന്നും
അവൾക്കുമുന്നിൽ തെളിഞ്ഞുവരും.
വെള്ളി വിളയുന്ന നിലാവിന്റെ പാടങ്ങൾ.
താരങ്ങളോട് സല്ലപിക്കുന്ന ഈറൻ കാടുകൾ,
വന്യത നിഴലാടുന്ന മലനിരകൾ…
കൂമന്റെ കഴുത്തിൽ കൈ ചുറ്റി
കാറ്റിന്റെ വിരലുകളിൽപ്പിടിച്ച്
അവൾ ഒഴുകും.
കൂമൻ പറഞ്ഞുകൊണ്ടേയിരിക്കും
പലരാത്രികളിൽ പല കഥകൾ.
കഥകളിൽ നോക്കിയാലും പറഞ്ഞാലും
തീരാത്ത ദൂരങ്ങൾ, കാലങ്ങൾ,
നദീമുഖങ്ങൾ, കപ്പൽചാലുകൾ,
വിചിത്ര മനുഷ്യർ, ജീവികൾ,
ഉറങ്ങാത്ത വിപുലനഗരങ്ങൾ,
മായാജാലക്കാരുടെ തെരുവുകൾ,
രാത്രിയെ അണിഞ്ഞ നൃത്തക്കാർ….
കണ്ണ് കാണാൻ വയ്യാതാവുന്നവരെ
കൂമൻ പറയും, പറക്കും.
അവൾ ബാൽക്കണിയിൽ ഇറങ്ങും.
പകലിന്റെ ചാട്ടവാർ മുഴങ്ങും.
അവൾ ചതുരക്കള്ളികളിൽ
നടത്തം തുടങ്ങും.
കറിയിൽ ഉപ്പൊരു ലോഡ് തട്ടിയോ.
നിനക്കെന്താ കണ്ണ് കാണില്ലേ ?
ഭർത്താവ് എരിഞ്ഞു.
നന്നായി കാണും. എനിക്കിപ്പോ ഏതിരുട്ടിലും
കണ്ണ് കാണും –
യാമിനി ശാന്തയായ്ത്തിളങ്ങി.