മൊയ്തീനേ ജ്ജ് ഒരു മന്സനാ?”
‘പാതിരാവും പകൽ വെളിച്ചവും’ എന്ന എം.ടി. വാസുദേവൻ നായരുടെ ആദ്യ നോവലിൽ ഫാത്തിമ എന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യമാണത്. ‘എംടി’ എന്ന മനുഷ്യൻറെയും എഴുത്തുകാരൻറെയും വിശ്വാസപ്രഖ്യാപനമായിരുന്നു ആ ചോദ്യം.
കേരളീയ സാമൂഹിക ജീവിതത്തിലെ ദ്രുതഗതിയിലുള്ള നിറപ്പകർച്ചകളെ കടുത്ത നിറങ്ങളിൽ വരച്ചുകാട്ടിയ എംടി എഴുത്തിന്റെ സഫലവഴികളിലൂടെ നടന്ന് മറഞ്ഞിരിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ എംടി തൻറെ ഓരോ കഥയിലൂടെയും നോവലിലൂടെയും ആ ചോദ്യം നമ്മളോട് ആവർത്തിച്ച് ചോദിച്ചു: ‘ജ്ജ് ഒരു മന്സനാ?’
മലയാളിയെ ജീവിതത്തിൻറെ മുറിവുകളിലേക്ക് വിരലുകൾ ആഴത്തലിറക്കി ചോരയുടെ ചൂടെത്രയെന്ന് തിരിച്ചറിയാൻ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു എംടി. ഈ പ്രപഞ്ചമാകട്ടെ വിടർന്നുയർന്ന കൈകളോടെ ആ മനുഷ്യസ്നേഹിയായ എഴുത്തുകാരൻറെ ശിരസിന് മുകളിൽ അനുഗ്രഹവർഷം ചൊരിഞ്ഞു. അങ്ങനെ മലയാളം ധന്യമായ ഒരു ഭാഷയായി.
എംടി എപ്പോഴും നിന്നിരുന്നത് ചലനത്തിനും നിശ്ചലതക്കും നാടുവിലെവിടെയോ ഒരിടത്തായിരുന്നു. പ്രതിബദ്ധത എംടിക്ക് ഒരു ആഭരണമായിരുന്നില്ല, ആഴമുള്ള ബോധ്യമായിരുന്നു. അതുകൊണ്ടാണ് എംടി സമൂഹത്തിന് മാറ്റത്തിനുള്ള കുറിപ്പടികളൊന്നും നൽകാതിരുന്നത്. അതുകൊണ്ടാണ് എംടി തൻറെ രോഷമത്രയും ഫാത്തിമയുടെ ആ ചോദ്യത്തിലൊതുക്കിയത്: “മൊയ്തീനേ ജ്ജ് ഒരു മന്സനാ?”
തനിക്ക് ചുറ്റും ഒരു സാമൂഹികവ്യവസ്ഥ അതിൻറെ ആന്തരിക ഭാരത്താൽ മെല്ലെ തകർന്നടിയുന്നത് എംടി കണ്ടു. ആ വ്യവസ്ഥക്കുള്ളിൽ ഞെരിഞ്ഞമർന്ന് കഴിഞ്ഞിരുന്ന മനുഷ്യജന്മങ്ങളുടെ തേങ്ങലും രോഷവും എംടി കേട്ടു. അവിടെയെല്ലാം എംടി ഏകാകിയായ ദൃഷ്ടാവായിരുന്നു. സൂക്ഷ്മവും സാന്ദ്രവുമായ രേഖപ്പെടുത്തലിലൂടെ ആ പ്രക്രിയക്ക് കരുത്ത് പകർന്ന ഒരാൾ.
എംടി സഞ്ചരിച്ചത് മനസുകളിലേക്കായിരുന്നു. മനസിൻറെ ആഴങ്ങളിലാണ് എല്ലാം സംഭവിക്കുന്നതെന്ന തിരിച്ചറിവിൽ എംടി ഒരു വഴികാട്ടിയെപ്പോലെ നമ്മുടെ കൈപിടിച്ച് നടത്തുകയായിരുന്നു; വ്യക്തിസൂക്ഷ്മതയിൽ തെളിയുന്ന മനുഷ്യരുടെ തന്മ കാട്ടിത്തരുകയായിരുന്നു.
എഴുത്തിലൂടെ എംടി സഞ്ചരിച്ചെത്തിയ ഇടങ്ങൾ ശ്രദ്ധേയമാണ്. കേരള ചരിത്രത്തിൻറെ ഒരു സവിശേഷ സന്ധിയിൽ തീർത്തും ഗ്രാമീണമായ വഴികളിലൂടെ ആരംഭിച്ച ആ യാത്ര കേരളത്തിലെ നവനാഗരികതയുടെ തെരുവുകളിലൂടെ നീങ്ങി ത്രസിക്കുന്ന വികസിതമായ ഇന്ത്യൻ നഗരജീവിതത്തിൻറെ രാജപഥങ്ങളിലേക്കും അന്യഭൂഖണ്ഡങ്ങളിലേക്കുമൊക്ക എത്തുന്നത് നാം കണ്ടു. പക്ഷെ, അവിടെയെല്ലാം എംടി കണ്ടത് ബാഹ്യമായ ഇടങ്ങളെയായിരുന്നില്ല, ആ ഇടങ്ങളിൽ പെട്ടുപോയ മനുഷ്യരെയായിരുന്നു.
ഒരർത്ഥത്തിൽ ഏകാന്ത മനുഷ്യരായിരുന്നു എന്നും എംടിയുടെ വിഷയം. മനുഷ്യർ നേരിടുന്ന ആന്തരിക സംഘർഷങ്ങളും സന്നിഗ്ദ്ധതകളും ഏകാന്തതയും അന്യഥാത്വവുമെല്ലാം ആവർത്തിച്ച് വരുകയാണ് എംടിയുടെ കൃതികളിൽ.
സംഘർഷങ്ങളുടെയും, പ്രതിസന്ധികളുടെയും, ദുഃഖത്തിന്റെയും, വിഷാദത്തിന്റെയും, ഒറ്റപ്പെടലിൻറെയും, കാത്തിരിപ്പിന്റെയും, അന്യതാ ബോധത്തിന്റെയും നടുവിൽ മനുഷ്യൻറെ കർത്തൃത്വം അടിയറവയ്ക്കപ്പെടുന്നത് എംടി എത്ര സൂക്ഷ്മമായാണ് വരച്ചുകാട്ടിയത്!
എംടിയുടെ ചലച്ചിത്രകൃതികളും ഈ പുറം ലോക-അകം ലോക സംഘർഷങ്ങൾ കൊണ്ട് നിഭൃതമാണ്. ‘നിർമ്മാല്യ’ത്തിൽ വെളിച്ചപ്പാടും ഭാര്യയും അനുഭവിക്കുന്ന ആന്തരിക സംഘർഷത്തിൻറെ സാത്മ്യത ഒന്ന് ഓർത്തുനോക്കൂ. നിസ്സഹായതയിൽ ഞെരിഞ്ഞമർന്ന് ഇല്ലാതാകുന്ന ആ മനുഷ്യൻ ദൈവമുഖത്ത് നോക്കി കാർക്കിച്ച് തുപ്പുമ്പോൾ തെറിച്ച് വീഴുന്നത് ചുടുചോരയാണ് — രോഷത്തിൻറെ ഈ ചോരപ്പാട് തൻറെ നിരവധി കൃതികളിൽ അവശേഷിപ്പിച്ചിട്ടാണ് എംടി നമ്മെ വിട്ടുപോയത്.
ഫോട്ടോ: ഇമ ബാബു