താൻ അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങൾ
തന്നെയാണ് എഴുത്തുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടകങ്ങളും.
അങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് എഴുതുമ്പോൾ അറി
യാതൊരു കരുത്ത് എഴുത്തിൽ നിറയുന്നതായി പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. താൻ ജനിച്ചുവളർന്ന വടക്കെ മലബാറിന്റെ സാമൂഹ്യജീവിതത്തെ തന്റെ കൃതികളുടെ രചനാപശ്ചാത്തലമാക്കി മാറ്റിയ എഴുത്തുകാരിയാണ് ബി.എം. സുഹ്റ. ആ സാമൂഹ്യജീവിതത്തിലെ സ്ര്തീകൾ ഒട്ടുമേ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വിഭാഗമായിരുന്നു. പതിനാറു വയസ്സിലോ അതിനു മുൻപോ
വിവാഹിതരാവുന്ന ഈ സ്ര്തീകൾക്ക് സൂര്യപ്രകാശം പോലും
നിഷേധിക്കപ്പെട്ടിരുന്നു. തറവാടിന്റെ പൂമുഖവും പുരുഷന്മാർ
പെരുമാറുന്ന ഇടങ്ങളും അവർക്ക് വിലക്കപ്പെട്ടിരുന്നു. അത്തരം
സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന സ്ര്തീകളുടെ ജീവിതത്തിന്റെ
കണ്ണീരുപ്പു കലർന്ന ജീവിതത്തിന്റെ കഥകളാണ് ആ സാഹിത്യ
ലോകത്തിൽ നിറയുന്നത്. പ്രതാപം നിറഞ്ഞ വലിയ തറവാടുകൾക്കകത്ത് അടുക്കളയും അതിനോട് ചേർന്ന ലോകങ്ങളുമായി കഴിഞ്ഞിരുന്ന ഇവർക്കൊക്കെ സ്വന്തം ശബ്ദങ്ങൾ പോലും കൈമോശം വന്നിരുന്നു. ‘കിനാവ്’ എന്ന ആദ്യനോവലിൽ നിന്ന് ‘വർത്തമാനം’ എന്ന ഏറ്റവും പുതിയ നോവൽ വരെയുള്ള അവരുടെ എല്ലാ രചനകളിലും വസ്ര്തങ്ങളുടെ വർണപ്പകിട്ടുകൾക്കിടെ നാം ശ്രദ്ധിക്കാതെ പോവുന്ന പെൺജീവിതങ്ങളാണ് നാം പരിചയപ്പെട്ടത്.
വരുംകാലത്തെ മുന്നിൽ കണ്ടവർ
അനേകം സാമുദായിക വിലക്കുകൾക്കിടയിൽ അതിന്റെ ചിട്ടവട്ടങ്ങൾക്കനുസൃതമായി ജീവിക്കുമ്പോഴും ഈ സ്ര്തീകൾ വ്യത്യ
സ്തരാവുന്നുണ്ട്. അത് സാഹചര്യങ്ങൾക്കനുസൃതമായി തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനായി അവർ എടുത്ത ചില തീരുമാനങ്ങളായിരുന്നപു. പഴയകാല പ്രതാപം പറഞ്ഞ് ഊറ്റം
കൊള്ളാനേ ആവൂ എന്ന് വേഗം തിരിച്ചറിഞ്ഞവരായിരുന്നു ആ
ഉമ്മമാർ. പല പേരുകളിൽ ഈ നോവലുകളിൽ അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായി ഗ്രാമം വിട്ട് നഗരത്തിലേക്ക് പോരുമ്പോൾ വിദ്യാഭ്യാസത്തിന്റെ വില അവർ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
കിനാവിലെ ബീപാത്തു ഹജ്ജുമ്മയെ അവതരിപ്പിക്കുന്നതുതന്നെ അവർ പത്രം വായിച്ചുകൊണ്ട് ഇരിക്കുന്നതായിട്ടാണ്. തറവാടിന്റെ പ്രതാപം അസ്തമിച്ചു എന്ന് വളരെ വേഗം അവർ മനസ്സിലാക്കുന്നു. ”സെനുവിന്റെ ഉപ്പ മരിക്കുമ്പോഴേക്ക് സ്വത്ത് മുക്കാലും തീർന്നിരുന്നു. ബാപ്പാ അതിനു വളരെ മുമ്പേ മരിച്ചിരുന്നു.
സ്വത്ത് പങ്കുവച്ചപ്പോൾ കണ്ണായതെല്ലാം ആങ്ങളമാർ കൈക്കലാക്കി. ആരോടും പരാതി പറഞ്ഞില്ല. മുക്കാലും പാട്ടസ്വത്തായിരുന്നു. വേണ്ടപ്പെട്ടവരാരും സഹായത്തിനില്ല. തുണയ്ക്ക് പടച്ചവനി
ലുള്ള വിശ്വാസം മാത്രമാണ് പതറാതെ ഇവിടെവരെ എത്തിച്ചത്. സഹായമാവശ്യപ്പെട്ട് ആരുടെയും മുന്നിൽ കൈനീട്ടാതെ ഇതുവരെ എത്തി” എന്നു പറയുമ്പോഴുള്ള/ചിന്തിക്കുമ്പോഴുള്ള മനോഭാവം ആത്മധൈര്യത്തിന്റേതാണ്. അതാവട്ടെ നോവലുകളിൽ
പറയുന്നതുപോലെതന്നെ ”സ്വന്തം കരളുറപ്പിലൂടെ കല്ലുപോലെ
നിന്നിട്ട് നേടിയെടുത്തതും”. ഇതേ ഉമ്മയെതന്നെ ‘പ്രകാശത്തിനു മേൽ പ്രകാശം’ എന്ന നോവലിലും അവതരിപ്പിക്കുന്നുണ്ട്.പഴയ പ്രതാപം ഒരു പഴങ്കഥ മാത്രമാവുമ്പോൾ ഇനി വിദ്യാഭ്യാസമാണ് ആവശ്യം എന്ന തിരിച്ചറിവോടെ നഗരത്തിലേക്ക് പോരുന്ന ഉമ്മയെ മക്കളും അവരുടെ സുഹൃത്തുക്കളും ഏറ്റവും ബഹുമാനത്തോടെയാണ് ഓർക്കുന്നതുതന്നെ.
ഇത്തരം ഒരു മാറ്റത്തിലൂടെ കൂട്ടുകുടുംബത്തിൽ നിന്നും
അണുകുടുംബത്തിലേക്കുള്ള ഒരു വ്യതിയാനം കൂടി സംഭവിക്കുന്നുണ്ട്. വലിയ വീട്, നീണ്ടുപരന്ന തളങ്ങൾ. വാല്യക്കാരുടെ പട. എന്തിന്റേെ അടുക്കളയുടെ വലിപ്പം ഒക്കെ മാറുകയും വളരെ
ചെറിയ വീടുകളിൽ ചെറിയ കുടുംബങ്ങളാവുകയും ചെയ്യുന്നു.
‘നിലാവി’ൽ വിവരിക്കുന്ന അടുക്കളയിൽ നിന്ന് എത്രയോ തരം
മീനുകളുടെ വരട്ടലും പൊരിക്കലും തേങ്ങാവറുക്കലും കഴിഞ്ഞ്
വർത്തമാനത്തിൽ എത്തുമ്പോൾ ബ്രഡും ചപ്പാത്തിയുമൊക്കെ
യായി രണ്ടാൾക്കുള്ളത് കഷ്ടിച്ച് ചെയ്യുന്ന റാഹിലയെ കാണാം.
നാട്ടുമ്പുറം വിട്ട് നഗരത്തിൽ എത്തുമ്പോഴുള്ള വീട് എന്ന സങ്കല്പത്തിലും പഴയ പ്രതാപത്തിന്റെ അംശങ്ങളുണ്ട്. ‘പ്രകാശത്തി
നു മേൽ പ്രകാശ’ത്തിൽ എത്തുമ്പോൾ അതൊരു വില്ലാസമുച്ചയമാണ്. ‘വർത്തമാനം’ ആവുമ്പോഴേക്കും ഫ്ളാറ്റായി മാറുന്നു.
ബീപാത്തു ഹജ്ജുമ്മയിൽ നിന്ന് സൈനുവിലേക്കപും റാഹിലയിലേക്കും കാലത്തിനനുസൃതമായ ഈ യാത്ര നീളുന്നുണ്ട്. തലമുറകൾ മാറുമ്പോഴും മക്കൾ അവരുടെ ഉമ്മമാരുടെ ജീവിതവും
ത്യാഗവും തിരിച്ചറിയുകയും അതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുമുണ്ട്. അഞ്ചുനേരം നിസ്കരിക്കുന്ന
ഇസ്ലാമിക ചട്ടങ്ങളെല്ലാം കൃത്യമായി പാലിക്കുന്ന സ്ര്തീകളാണി
വർ, പടച്ചോനെ പേടിയുള്ളവർ. പെൺകുട്ടികളുടെ കാര്യത്തിൽ
സമൂഹം കല്പിക്കുന്ന സകല നിയന്ത്രണങ്ങളും ഏർപ്പെടുത്തി വള
ർത്തുന്നവർ. ബാല്യം തികഞ്ഞ പെണ്ണാണെന്ന വിചാരം വേണം
എന്ന ഓർമപ്പെടുത്തൽ ഇടയ്ക്കിടെ കേൾക്കുന്നവർ. രണ്ടാം തലമുറയിലെ സ്ര്തീകളാവട്ടെ ഭർത്താക്കന്മാരുടെ മുന്നിൽ നിന്നുതന്നെ കാര്യങ്ങൾ പറയുവാൻ കഴിയുന്നവരാണ്. നാലേക്കർ പറമ്പു പോയി എന്ന് വേവലാതിപ്പെടുന്ന ഭർത്താവിനോട് പോയതൊക്കെ പോയി, ഇനി മകളുടെ കല്യാണം നടത്തലാണ് അത്യാവശ്യം എന്നു പറയുന്ന ഉമ്മയെ ‘നിലാവി’ൽ കാണാം. പുതിയാപ്ലേന്റെ മുമ്പിൽ നേരെ നിന്ന് കാര്യം പറയുന്ന സൈനുവിനെ
കിനാവിൽ ഉമ്മ അത്ഭുതത്തോടെ നോക്കുന്നുമുണ്ട്. സ്വന്തം
കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഈ സ്ര്തീകൾക്ക് വേവലാതികൾ അല്പം കൂടുതലാണെങ്കിലും മേലായ റബ്ബിന്റെ തുണയിൽ തീർച്ചയായും വിശ്വാസമുള്ളതിനാൽ അവർ ധൈര്യെപ്പടുന്നു.
നിലയില്ലാത്ത കടലാണ് പെണ്ണിന്റെ മനസ്സ്
‘മൊഴി’ എന്ന നോവലിെല ഫാത്തിമയുടെ ഉമ്മയുടെ ആത്മഗതമായി വരുന്ന വാചകമാണിത്. മകൾ ഭർത്താവിനെയും കുട്ടി
യെയും ഉപേക്ഷിച്ച് വീട്ടിലെത്തുമ്പോഴാണ് അവരിലൂടെ ഇത്ത
രം ചിന്തകൾ കടന്നുപോവുന്നത്. ഈയൊരു വാചകം ഈ കഥാലോകത്തെ എല്ലാ കഥാപാത്രങ്ങൾക്കും ചേരുന്നതാണ്. ”അവളറിയാതെ പലപക്ഷം തിരിയുന്ന മനസ്സിനെ അവൾ കടിഞ്ഞാണിടണം. മനസ്സ് പോവുന്ന വഴിയേ ശരീരം പോവാൻ അനുവദിക്കരുത്. അവിടെയാണ് സ്ര്തീയുടെ വിജയം. കൂട്ടിന് ഒരാളെ വീട്ടുകാർ തിരെഞ്ഞടുത്തുതന്നാൽ സുഖവും ദു:ഖവും സഹിച്ച് അവന്റെകൂടെ പൊറുക്കുക. അതാണ് ലോകനിയമം. വേറെ ആരോടെങ്കനിലും അടുപ്പം തോന്നിപ്പോയാൽ മനസ്സിന് കടിഞ്ഞാണിടണം. അല്ലെങ്കിൽ തകരുന്നത് രണ്ട് കുടുംബങ്ങളാണ്. പിഞ്ചുമക്കളുടെ ഭാവിയാണ്. സ്ര്തീ ഒരിക്കലും സ്വാർത്ഥയാവരുത്” എന്ന തരത്തിൽ പോവുന്ന ഉമ്മയുടെ ചിന്തകൾ സ്ര്തീക്കും ചിന്തിക്കാനും മോഹിക്കാനും ആഗ്രഹിക്കാനും കഴിയും എന്നതിനെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ലോകം അവൾക്കായി കാത്തുവച്ചതത്രയും അനുസരിക്കേണ്ടവളുമാണ് അവൾ. പരമാവധി പിടിച്ചുനിൽക്കാനാഗ്രഹിച്ചിട്ടും നിവൃത്തിയില്ലാതെ കുടുംബം ഉപേക്ഷിച്ചുപോരേണ്ടിവരുന്നവരാണിവർ. ‘ഇരുട്ടി’ലെ ആമിന ഭർത്താവിന്റെ എല്ലാ ദുഷ്കൃത്യങ്ങളും ആകാവുന്നത്ര സഹിക്കുകയും അവളെക്കൊണ്ട് ആവുന്നതുപോലെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചികിത്സിപ്പിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട്. എന്നിട്ടും ഒരു വ്യത്യാസവുമില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അവൾ വീട്ടിലേക്ക് ഓടിപ്പോരുന്നത്. സഹനം എന്ന സ്വഭാവം അതിന്റെ നെല്ലിപ്പലകയോളം എത്തിയിരുന്നു. മൊഴിയിലെ ഫാത്തിമയ്ക്ക് വാശിയും വൈരാഗ്യവും വർദ്ധിക്കുന്നത് ഭർത്താവുതന്നെ സാഹചര്യങ്ങളൊരുക്കി തനിക്കൊരു കെണി നെയ്തതാണെന്ന ചിന്ത തികട്ടുമ്പോഴാണ്. ഭർത്താവ് അനാവശ്യമായ സ്വാതന്ത്ര്യം സ്വന്തം വീട്ടിൽ സുഹൃത്തിന് അനുവദിച്ചതുകൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു എന്നവൾക്ക് നന്നായി അറിയാം. സാഹചര്യവശാൽ താൻ അയാളോട് ചേർന്നൊരിക്കൽ നിന്നു എന്നു മാത്രം. സങ്കടം സഹിയാഞ്ഞ് പൊട്ടിക്കരഞ്ഞപ്പോഴാണ് അങ്ങനെ സംഭവിക്കുന്നതും. ഭർത്താവ് എല്ലാം മറക്കാനും തിരികെ സ്വീകരിക്കാനും തയ്യാറാണ് എന്നു പറയുമ്പോൾ എന്തുകൊണ്ടാണ് പോകാതെയിരുന്നത് എന്നത് ലോകം ഒന്നായി അവൾക്കു നേരെ ഉന്നയിക്കാൻ സാദ്ധ്യതയുള്ള ഒരു ചോദ്യമാണ്. അത്തരം ഒരു ചിന്തയുടെ കൂടെ ഫാത്തിമയുടെ ഒരു ചിന്ത കൂടി കടന്നുവരുന്നുണ്ട്. ”പെണ്ണല്ലേ? നീതിയും ന്യായവും അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി” എന്ന്.
അതെ, അതുതന്നെയായിരുന്നു വാസ്തവം. ആണിനും പെണ്ണി
നും നീതികൾ രണ്ടാണ്. ഫാത്തിമ മൊഴി ആവശ്യപ്പെടുമ്പോൾ
അത് തെറ്റാണ്. അവൾ സ്വന്തം മക്കളെ, ജനിച്ചുവളർന്ന കുടുംബത്തെ, അങ്ങനെ ലോകത്തെ മുഴുവനും ഭയക്കണം. പക്ഷെ
പുരുഷന് മൂന്നു ചൊല്ലി ഒരു സ്ര്തീയെ എപ്പോൾ വേണമെങ്കിലും
ഒഴിവാക്കാം. ‘ഇരുട്ടി’ൽ ആമിന ഭർത്താവിനോട് മൊഴി ആവശ്യ
പ്പെട്ടിട്ട് അയാൾ കൊടുക്കുന്നതേയില്ല. അതുെകാണ്ടുതന്നെ മകളുടെ നിക്കാഹ് നടത്താനായി അയാളുടെ അനുവാദം ചോദിക്കേ
ണ്ടിയും വന്നു. ‘ആകാശഭൂമികളുടെ താക്കോൽ’ മൂന്ന് വിവാഹം
കഴിച്ച ഒരു ഹാജ്യാരുടെ കഥയാണ്. മൂന്ന് സ്ര്തീകളുടെ ജീവിതം
കൊണ്ടുള്ള ഒരു കളി എന്നാണ് അതിനു ചേരുന്ന വിശദീകരണം.
സ്വന്തം മകളെ അത്രയും പ്രായമുള്ള ഒരു തന്തയ്ക്ക് വിവാഹം
കഴിച്ചുകൊടുക്കാൻ നൂറുവിന്റെ മാതാപിതാക്കൾക്ക് വലിയ പ്രശ്നമൊന്നും ഇല്ല. അവർക്ക് ഒരു സാമ്പത്തികനേട്ടമായിരുന്നു അത്.
ഐഷാ എന്ന ആദ്യഭാര്യ ആദ്യം അല്പം അകൽച്ച കാണിക്കുന്നുണ്ടെങ്കിലും പിന്നീട് നൂറുവും അവരും ഒരു മനസ്സായി മാറുന്നു.
മൂന്നാംഭാര്യയായ റംലത്തിനോട് ഘഅവർക്ക് നല്ല ദേഷ്യമുണ്ടെങ്കിലും അവസാനം അവളുടെ എല്ലാ കാര്യങ്ങൾക്കും മുൻകൈ
എടുക്കുന്നതും ഐഷയും നൂറുവുമാണ്. റംലത്തിനെ അങ്ങ്
മൊഴി ചൊല്ലിയേക്കാം എന്ന് ഹാജി പറയുമ്പോൾ നേർക്കുനേരെ നിന്ന് നൂറു എതിർക്കുന്നുമുണ്ട്. തങ്ങളെന്താ മാടുകളാണോ എന്നാണവൾ ചോദിക്കുന്നത്. സമുദായം ഇതിനെയൊക്കെ ശരി വയ്ക്കുന്നു എന്ന അറിവും ഈ സ്ര്തീകളുടെ രോഷം വർദ്ധിപ്പിക്കുന്നു. അവസാനം ‘ഒരത്തപ്പെണ്ണിന് പരുത്ത വടി’ എന്ന സിദ്ധാന്തം ഹാജ്യാർ സ്വീകരിച്ച് റംലത്തിനെ മൊഴി ചൊല്ലുമ്പോൾ നൂറുപൊട്ടിത്തെറിച്ചുപോവുന്നു. അത് ഐഷാത്തയുടെ സമ്മതത്തോടെയായിരുന്നു എന്ന അറിവാണ് അവളെ ഏറ്റവും തകർക്കുന്നത്. അവളുടെ മക്കളൊക്കെ ഒരു വഴിക്കായല്ലോ എന്നൊരു സമാധാനം ഐഷാത്ത പറയുന്നുമുണ്ട്. ഗതികേടിന്റെ പാരമ്യതയിൽ പിടിച്ചുനിൽക്കാനും നേടിയെടുക്കാനുമുള്ള വെപ്രാളങ്ങൾ, അതുമാത്രമാണ് റംലത്തിൽനിന്നുണ്ടാവുന്നത്. സ്വന്തം മക്കൾക്കു
പോലും ഉമ്മയുടെ രണ്ടാംവിവാഹത്തെ അവർക്ക് സുഖിക്കാനുള്ള ഒരു വഴിയായി മാത്രമേ കാണാനാവുന്നുള്ളൂ. വേലക്കാരിയുടെ വിവാഹം നടത്തിക്കൊടുക്കാനും റംലത്തിന്റെ മകളുടെ വിവാഹം നടത്താനുമൊക്കെ ഇവർ മുന്നിട്ടിറങ്ങുന്നത് സ്ര്തീകളോടുള്ള
സഹഭാവംകൊണ്ടുതന്നെയാണ്. ഈ കഥാലോകത്തെ എല്ലാ
സ്ര്തീകളും വീട്ടുപണിക്കാരികൾ ഉൾപ്പെടെ നിലനിൽക്കുന്ന വ്യവസ്ഥിതിയോടും പുരുഷാധിപത്യ വ്യവസ്ഥിതിയോടും അവരുടെ
തീരുമാനങ്ങളോടും നന്നായി കലമ്പുന്നവരാണ്. സ്ര്തീക്ക് കൂട്ടിനായി മതവും അധികാരവ്യവസ്ഥിതികളും ഇല്ല എന്ന അറിവ് അവരെ അതിനെയൊക്കെ അവരുടേതായ സദസ്സുകളിലെങ്കിലും വിമർശിക്കാൻ പ്രാപ്തരാക്കുന്നു.
കിരിയാടൻ മൊയ്തുഹാജിയുടെ ഭാര്യയാണ് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഭർത്താവിനെ വരച്ച വരയിൽ നിർ
ത്താനാവുന്നതാണ് പെണ്ണിന്റെ മിടുക്ക് എന്ന് ആവർത്തിച്ചുപറയുന്ന ‘ഇരുട്ടി’ലെ ജമാലിന്റെ ഉമ്മ ഒഴികെ ആരും ഈ കഥാലോകത്ത് സ്ര്തീസഹജഭാവങ്ങൾ പുലർത്താത്തവരല്ല. നിലയില്ലാത്ത
കടലാണ് പെണ്ണിന്റെ മനസ്സ് എന്ന വാചകം അവളുടെ വികാരവിക്ഷുബ്ധതയെ കുറിക്കാനായി സുഹ്റ ഉപയോഗിച്ചതാവാം.
പക്ഷെ അവളുടെ മനസ്സിന്റെ അനേകം തലങ്ങൾ അനേകം വികാരങ്ങളുടെ ആവാസങ്ങൾ ഒക്കെ വെളിപ്പെടുത്തുവാൻ പര്യാപ്തമായി ഈ പ്രയോഗം മാറുന്നു.
ഭാഷയുടെ ലാളിത്യം
വടക്കെ മലബാറിലെ മുസ്ലിം സംസാരഭാഷയുടെ മനോഹാരിത അതിന്റെ എല്ലാ പൂർണതയോടും കൂടി അനുഭവിക്കാനാവുന്നത് ഈ കൃതികളിലാണ്. തക്കാരവും ബങ്കീശവും ഒപ്പാരിയും
ഒക്കെ ഈ കൃതികളുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. അടു
ക്കള എന്ന വലിയ ലോകത്തെ വർണിക്കുമ്പോൾ അവരുടെ ഭാഷയ്ക്കും മിഴിവേറുന്നുണ്ട്. ‘പൂമീൻ പൊരിക്കാനും ബരട്ടാനും’. ‘മത്തി നെല്ലിക്കയും കുരുമുളകും ഇട്ട് ബരട്ടാൻ’. ‘ഞണ്ട് ബറുത്തരച്ച്
ബെക്കാൻ’. അങ്ങനെ നീളുന്ന വിഭവങ്ങൾ. തേങ്ങ ചിരകിയത്
വല്യുമ്മായെ ഏല്പിക്കുമ്പോൾ അവർ അത് വീതം വയ്ക്കുന്ന വളരെ രസകരമായൊരു വാചകമുണ്ട്. ”ഇത് ബറുക്കാൻ. അത് മോറ്റി
ന്. ഇത് ചാറ്റിന്. ഇത് ചക്ക വറുക്കാൻ” എന്നെടുത്തുകൊടുക്കുന്ന ഒരു ചിത്രത്തെ അവിസ്മരണീയമാക്കുന്നതും ആ ഭാഷയുടെ താളമാണ്. ജനിച്ചതും വളർന്നതും മലബാറിലായിരുന്നു എങ്കിലും വിവാഹം കൊണ്ട് തിരുവനന്തപുരംകാരിയായി മാറിയ ജീവിതമാണ് ബി.എം. സുഹ്റ എന്ന എഴുത്തുകാരിയുടേത്. അതുകൊണ്ടുതന്നെ ‘നിഴൽ’ എന്ന നോവലിലൂടെ തിരുവനന്തപുരം ‘ഫാഷ’യിൽ അവരെഴുതി. താൻ ഏറ്റെടുത്ത ഒരു വെല്ലുവിളിയായിരുന്നു അതെന്ന് അവർ പറയുന്നുമുണ്ട്. എങ്കിൽ റാബിയ എന്ന തലശ്ശേരിക്കാരിയെ തിരുവനന്തപുരത്തുകാരനായ അസനാരുകുഞ്ഞിൻെ് വധുവാക്കി മാറ്റിയ ഒരു നോവലിലൂടെ തെക്കൻ തിരുവിതാംകൂറിന്റെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഭക്ഷണ ജീവിതക്രമങ്ങൾ വിശ്വാസങ്ങളിൽ പോലുമുള്ള വ്യതിയാനങ്ങൾ എന്നി
വ കൃത്യമായി അടയാളപ്പെടുത്താനായി. നിലാവ് മുതൽ വർത്തമാനം വരെയുള്ള കൃതികളിൽ എത്തുമ്പോൾ ‘പ്രകാശത്തിനുമേൽ പ്രകാശം’, ‘വർത്തമാനം’ എന്നിവയിൽ ഈ ഭാഷാഭേദങ്ങൾ കുറഞ്ഞുവരുന്നുണ്ട്. അത് കാലത്തിന്റെ മാറ്റമാണ്. പുതിയ തലമുറ ആ ഭാഷയെ പൂർണമായും അവഗണിക്കുകയും അച്ചടി ഭാഷയിൽതന്നെ സംസാരിക്കുകയും ചെയ്യുന്നു. എന്നാലും ഭക്ഷണസംസ്കാരത്തിൽ ഒട്ടും മാറിയിട്ടേയില്ല. കുഞ്ഞിപ്പത്തിരിയും പൊടിപ്പത്തിരിയും ഒക്കെയായി തക്കാരങ്ങൾക്ക് കുറവില്ല. ആഭരണങ്ങൾ പടിമാലയും ചങ്കേലസും അങ്ങനെ നീണ്ടുപോവുന്ന നിര. ഇതൊക്കെ േചർന്നുണ്ടാക്കുന്ന ആ ലോകം എത്രയോ വർണശബളമാണ്. അത്തരം വർണശബളമായൊരു ലോകത്ത് അതൊക്കെ മതി എന്നു മാത്രം സ്വീകരിക്കാനാവാതെയിരുന്ന ചില സ്ര്തീകൾ ഇവിടെ കഥാപാത്രങ്ങളായി. തങ്ങൾ അവരെ രാജാത്തികളായി വാഴിച്ചു എന്ന് പുരുഷന്മാർക്ക് വീമ്പു പറയാമായിരിക്കാം. പക്ഷെ അത്തരം ഭാരതീയ സാഹ
ചര്യങ്ങൾക്കും അപ്പുറത്താണ് നിലയില്ലാത്ത കടലായി പെണ്ണി
ന്റെ മനസ്സ് ഉള്ളതെന്ന് കാണിച്ചുതരികയാണ് ബി.എം. സുഹ്റ
ചെയ്തത്.