ജെസിബി, ക്രോസ്വേഡ് പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മലയാളം നോവലാണ് സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’. സാധാരണ ജീവിതത്തിന്റെ വരമ്പത്തു നിന്നുകൊണ്ട് ജീവിതത്തെ നോക്കുന്ന മരിയയുടെ കാഴ്ചകളാണ് നോവലിന് ആധാരം. മാജിക്കൽ റിയലിസവും വാങ്മയചിത്രങ്ങളും കൂടിക്കുഴഞ്ഞ ആ എഴുത്തിന്റെ രീതി വായനക്ക് ഒരു പുതിയ അനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്. നോവൽ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത് വിവർത്തനത്തിന് മൂന്നാമത്തെ പ്രാവശ്യവും ജെസിബി ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയശ്രീ കളത്തിലാണ്. എസ് ഹരീഷിന്റെ ‘മീശ’, ഷീല ടോമിയുടെ ‘വല്ലി’ എൻ പ്രഭാകരന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’ എന്നിവയാണ് ജയശ്രീയുടെ പ്രധാന വിവർത്തനങ്ങൾ.
നോവലിന്റെ പറയപ്പെടുന്ന ഘടനകൾക്ക് പുറത്ത് നിന്നുകൊണ്ട് ഒരു വ്യക്തിയുടെ, കൊട്ടാരത്തിൽ വീടിന്റെ, കുടുംബത്തിന്റെ, അതിലൂടെ ആ ദേശത്തിന്റെ കഥ പറയുകയാണ് സന്ധ്യാമേരി. 200-ലധികം താളുകളിലായി നീണ്ടുകിടക്കുന്ന ‘മരിയ വെറും മരിയ’യിൽ കഥാപാത്രങ്ങൾ ഓരോരുത്തരും തങ്ങളുടെ കഥപറയാൻ തിക്കിത്തിരക്കി നിൽക്കുകയാണ്. അത് കേൾക്കാൻ വായനക്കാരും ആകാംഷയോടെ കാത്തിരിക്കുന്നു. അവിടെയാണ് നോവൽ വിജയിക്കുന്നത്. സ്വതന്ത്രരായി അലഞ്ഞുനടക്കുന്നവരും മുറിക്കുള്ളിൽ സ്വയം അടച്ചിടപ്പെട്ടവരും ബന്ധങ്ങൾക്കുള്ളിലായവരും ഓരോ കഥകളാവുമ്പോൾ നായയായ ചാണ്ടിയും ഒരു പ്രധാന കഥാപാത്രമായി ചുറ്റും ഓടിനടക്കുന്നു.
“ആ കാൽ എടുത്തു തരികയാണെങ്കിൽ എനിക്ക് പണിക്ക് പോകാമായിരുന്നു” എന്ന് പരുക്കേറ്റ് വേർപെട്ടു കിടക്കുന്ന കാൽ ചൂണ്ടി സ്വപ്നത്തിൽ തന്റെ മുൻഭർത്താവ് ആവശ്യപ്പെടുന്നതിലൂടെ നോവൽ ആരംഭിക്കുമ്പോൾ മുതൽ ഭാവനയുടെ വിശാലമായ ഒരു ലോകമാണ് സന്ധ്യ വായനക്കാരുടെ മുന്നിൽ തുറന്നിടുന്നത്.
സ്നേഹവും കോപവും എല്ലാം പ്രകടിപ്പിക്കുന്ന സംസാരിക്കുന്ന, തത്വജ്ഞാനിയായ ചാണ്ടിപ്പട്ടിയും വല്യപ്പനായ ഗീവർഗീസുമാണ് മരിയയുടെ ഏറ്റവും അടുത്ത കൂട്ടുകാർ. ചാണ്ടി പലപ്പോഴും കാര്യങ്ങൾ വ്യക്തമാക്കാൻ തുനിയുന്നുണ്ട്. ക്ളാസ്സിലെ സുകേശനുമായി മരിയ ഉപ്പുമാവിന് പകരം കോഴിവറുത്തതും മുട്ടയുമൊക്കെ വെച്ചുമാറുന്നത് പറയാൻ വാ പൊളിച്ചപ്പോൾ ‘ഓടിക്കോണം പട്ടിക്കഴുവേറി മോനെ’ എന്ന് പറഞ്ഞാണ് ചാണ്ടിയെ കണ്ണെടുത്താൽ കണ്ടൂടാത്ത മരിയയുടെ അമ്മച്ചി മറിയാമ്മ അവനെ എറിഞ്ഞോടിക്കുന്നത്. പരിചയമുള്ളവരെ കണ്ടാൽ കുരച്ചു ബഹളം വെക്കരുതെന്നു പറഞ്ഞതനുസരിച്ച് അമ്പരന്നു നിൽക്കുന്ന കള്ളനെ സസൂക്ഷ്മം നോക്കി നിൽക്കുന്ന ചാണ്ടി; ജോലിക്കാരി ചിരുത ഔസേപ്പ് നാനാരുടെ അൾസേഷനെ പുകഴ്ത്തി പറയുന്നത് കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി ‘നാടൻ പട്ടിയാണ് പട്ടി’ എന്ന് മരിയയോട് പറയുന്ന ചാണ്ടി; ആ ചാണ്ടി മരിയ കൊട്ടാരത്തിൽ വീട് വിട്ട് പോയപ്പോൾ മുതൽ കാണാതായി.
സ്വപ്നങ്ങൾ കാണുന്നയാളായിരുന്നു മരിയ അല്ലെങ്കിൽ സ്വപ്നം തന്നെയായിരുന്നു മരിയ എന്നാണ് നോവലിലൂടെ കടന്നു പോകുമ്പോൾ തോന്നുന്നത്. പരുക്കേറ്റ മുൻഭർത്താവും, ക്രൂരനെന്നു വിധിക്കപ്പെട്ട സാധുവായ ഒട്ടകവും കറുത്തവരുടെ വിപ്ലവത്തിന് പാര വെച്ചുകൊണ്ട് അധികാരത്തിലേറിയ ഒബാമയും യുധിഷ്ഠിരന്റെ പട്ടിയുമെല്ലാം പലപ്പോഴായി മരിയയുടെ സ്വപ്നത്തിൽ കയറി വരുന്നുണ്ട്. കർത്താവുമായുള്ള ഒരു കൂടിക്കാഴ്ചയും നോവലിന്റെ അവസാന ഭാഗമെത്തുമ്പോൾ കാണാം.
നാട്ടിലെ ധനികനും പ്രമാണിയുമായ കുഞ്ചെറിയായുടെ മരുമകളായ മറിയാമ്മക്ക് പെറാൻ മാത്രമേ സമയമുണ്ടായിരുന്നുള്ളു എന്ന് കഥയിൽ പറയുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ഒരിക്കൽ സെൻസസ് എടുക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ 12 മക്കളുടെ പേരെ ഓർത്തെടുക്കാൻ മറിയാമ്മക്കായുള്ളു. കള്ളുകുടിയനും താന്തോന്നിയുമായി നടക്കുന്ന ഗീവർഗീസിനാകട്ടെ മക്കളെ ഉണ്ടാക്കാനല്ലാതെ സ്കൂളിൽ ചേർക്കാൻ പോലും സമയമില്ലായിരുന്നു. 12 മക്കളും തന്റെ അപ്പനായ കുഞ്ചെറിയായുടെ നാമത്തിൽ കുഞ്ചെറിയാമാരായി സ്കൂളിൽ ചേർന്നെന്ന് ഒരുദിവസം മനസ്സിലാക്കിയ ഗീവർഗീസ് പതിമൂന്നാമനായ ഷാജനെ തൂക്കിയെടുത്തുകൊണ്ടുപോയി തന്റെ നാമത്തിൽ സ്കൂളിൽ ചേർത്താണ് ‘അപ്പൻ തെണ്ടി’യോടുള്ള പ്രതികാരം തീർത്തത്.
നർമത്തിൽ പൊതിഞ്ഞ നാട്ടുവർത്തമാനങ്ങൾ നോവലിൽ അനവധിയാണ്. അത് ഭ്രാന്തിന്റെ ഛായ പലപ്പോഴും കൈവരിക്കുന്നുണ്ട്. സാധാരണ ചിന്തയിൽ നിന്നും ഒരല്പം വിട്ട് സഞ്ചരിച്ചാൽ അത് ഭ്രാന്തായി കണക്കാക്കപ്പെടുമെന്ന പൊതു തത്വം മരിയയോട് പെറ്റമ്മ പോലും വെച്ചുപുലർത്തുന്നുണ്ട്. മരിയക്ക് ഭ്രാന്തില്ലാതെയുള്ള ഒരുനിമിഷം പോലും തനിക്കൊർമയില്ലെന്നാണ് മമ്മ ഡോക്ട്ടറോട് പറഞ്ഞത്. ‘ജനിച്ചതേ വട്ടായിട്ടായിരുന്നു, പിന്നെ അതേക്കുറിച്ചോർത്ത് അധികം സമയം കളഞ്ഞില്ല’ എന്നായിരുന്നു മരിയയെ കുറിച്ചുള്ള അവരുടെ പ്രസ്താവന. എപ്പോഴും തെന്നിമാറുന്ന ചിന്തകളാണ് മരിയക്ക് വട്ടാണെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കുന്നത്.
എന്നാൽ കൊട്ടാരം വീട്ടിലെ ഓരോ അംഗവും പെരുമാറുന്നത് വട്ടുള്ളവരെപോലെയായിരുന്നു എന്നതാണ് ഏറ്റവും രസകരം. ഇന്നത്തെ കൂട്ടാൻ എന്തുവാ എന്ന് ചോദിച്ചതിന് ഒരുമണിക്കൂറോളം ചിരിച്ച മറിയാമ്മയും അതുകണ്ട് ആദ്യമായി മറിയാമ്മയോട് ഇഷ്ട്ടം തോന്നിയ ഗീവർഗീസും എപ്പോഴും മുറിയടച്ചിരിക്കുന്ന നീനാന്റിയും മുറ്റത്ത് കുടിലുകെട്ടി താമസമാക്കിയ തോമാകുഞ്ഞും ഇടയ്ക്കിടെ ഗീവർഗീസുമായി വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന കുഞ്ചെറിയയും ഓർമയിൽ നിൽക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾ നോവലിലുണ്ട്. പാരമ്പര്യമായിത്തന്നെ വട്ടിന്റെ ലക്ഷണങ്ങൾ കുടുംബത്തിൽ പലർക്കുമുണ്ടായിരുന്നെന്നുള്ള സൂചനയും നോവലിൽ കാണാം. ഗീവർഗീസിന്റെ വല്യമ്മച്ചിയാകട്ടെ ബൈബിൾ തിരുത്തിയെഴുതുന്നുണ്ട്. രാമായണവും മഹാഭാരതവും ബൈബിളും നാട്ടുകഥകളുമൊക്കെ കൂട്ടിക്കുഴച്ച ‘അന്ത:കരണം പിടിച്ച ഒരുമാതിരി കഥകൾ’ ഉണ്ടാക്കി പറയുന്നതിൽ അവർ സമർത്ഥയായിരുന്നു. കുംഭകർണനെ തിമിംഗലം വിഴുങ്ങിയതും ശൂർപ്പണഖ അബ്രഹാമിന്റെ മകൻ ഇസ്ഹാക്കിനെ കല്യാണം കഴിക്കാൻ ഇസ്രായേലിൽ പോയതും അവിടെത്തിയപ്പോഴേക്കും ഇസ്ഹാക്ക് റബേക്കയെ കല്യാണം കഴിച്ചതുമൊക്കെ വല്യമ്മച്ചി വിസ്തരിച്ചു പറയുന്നുണ്ട്.
കുഞ്ചെറിയ വല്യപ്പച്ചൻ നൂറു വയസ്സായപ്പോഴേക്കും വല്ലാതങ്ങു ദ്രവിച്ചിരുന്നു എന്നാണ് മരിയയുടെ ഒരു പ്രസ്താവന. ബൊളീവിയൻ കാടുകൾ അടുത്തായിരുന്നെങ്കിൽ താനൊരു കമ്മ്യുണിസ്റ് ഗറില്ലയായി മാറിയേനെ എന്നും ഒരവസരത്തിൽ മരിയ പറയുന്നുണ്ട്. എനിക്ക് ഇന്ത്യ മഹാരാജ്യം തന്നിട്ടുള്ള മൗലികാവകാശങ്ങളും മറ്റും തിരിച്ചെടുത്തിട്ട് ‘തുറിച്ചു നോട്ടത്തിൽ നിന്നുള്ള സ്വാതന്ത്ര്യം’ മാത്രം അനുവദിച്ചു തന്നാൽ മതിയെന്നാണ് മരിയയുടെ ഒരാവശ്യം. ഇങ്ങനെ തമാശ കലർത്തിയുള്ള ഒട്ടനവധി സമകാലിക വാചകക്കസർത്തുകൾ നോവലിലുടനീളം കാണാവുന്നതാണ്. ഇടക്ക് ഡിവോഴ്സിന്റെ നൂലാമാലകളുമായി നടക്കുന്ന സമയത്ത് കർത്താവുമായ നേരിട്ടൊരു അഭിമുഖവും മരിയക്ക് ഒത്തു വരുന്നുണ്ട്.
‘വേറേതോ ലോകത്തെ സ്വപ്നം കണ്ട, വേറേതോ ലോകത്ത് ജീവിക്കേണ്ട പെൺകുട്ടി; അതായിരുന്നു മരിയയെന്ന് ഗീവര്ഗീസ് ആശ്വാസം കൊള്ളുന്നുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് വട്ടാണെന്ന പൊതുധാരണയാണ് സന്ധ്യാമേരി ഇവിടെ തുറന്ന് കാട്ടുന്നത്. താന്തോന്നിയായ വല്യപ്പന്റെ കൈപിടിച്ച് നടന്നപ്പോൾ കിട്ടിയ യുക്തിചിന്തകൾക്ക് വീട്ടിൽപോലും സ്ഥാനമില്ലെന്ന് മരിയ വ്യക്തമാക്കുന്നു. യുക്തിക്ക് നിരക്കാത്ത ഭക്തിയും ഒരിക്കലും ചോദ്യം ചെയ്യപ്പെടാനുള്ളതല്ലെന്ന് കഥാപാത്രങ്ങൾ സൂചിപ്പിക്കുന്നു. ഭ്രാന്താണെന്ന് സമൂഹത്തിന് തോന്നുന്ന ഒരു പെണ്ണിന്റെ ചോദ്യങ്ങൾ പലതും പൊള്ളയല്ലെന്ന് വായനക്കാരന് മനസ്സിലാക്കാൻ പ്രയാസമില്ല. എല്ലാവരും ജീവിക്കുന്നത് പോലെ നിനക്കും ജീവിച്ചുകൂടെ എന്നാണ് മരിയയോട് അമ്മച്ചി ചോദിക്കുന്നത്. പഠിത്തം, ഉയർന്ന ഉദ്യോഗം, കല്യാണം, കുഞ്ഞുങ്ങൾ എന്നീ ചിട്ടവട്ടങ്ങൾ പാലിക്കാത്തവർ മാനസികപ്രശ്നമുള്ളവരാണെന്ന ധാരണയിൽ നമ്മുടെ സമൂഹം ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് ഈ നോവൽ തുറന്നു കാണിക്കുന്നു. മരിയയെപോലെ സ്വതന്ത്രമായി ചിന്തിക്കുന്നവർക്കുകൂടി അവകാശപ്പെട്ടതാണ് ഈ ലോകം എന്ന് പറയാൻ ‘മരിയ വെറും മരിയ’യിലൂടെ സന്ധ്യാമേരിക്ക് കഴിഞ്ഞു എന്ന് തന്നെയാണ് എന്റെ വിശ്വാസം.
മരിയ വെറും മരിയ
സന്ധ്യാമേരി
മാതൃഭൂമി ബുക്സ്
വില: 240 രൂപ.
“മരിയ വെറും മരിയ “, കുറിപ്പ് വായിച്ചിടത്തോളം വ്യത്യസ്തമായ ഒരു നല്ല നോവലായിരിക്കുമെന്ന് തോന്നുന്നു.
ആശംസകൾ