ഞങ്ങൾ കുടുംബ ഡോക്ടറെ കണ്ടു പുറത്തിറങ്ങുമ്പോൾ എൻ്റെ സുഹൃത്തിനെ വീൽ ചെയറിലിരുത്തി അയാളുടെ ഭാര്യ തൊട്ടടുത്തുള്ള ഹൃദ്രോഹ വിദഗ്ദനെ കാണാൻ ക്യൂ നിൽക്കുകയായിരുന്നു. അവർ, ഭാര്യയും ഭർത്താവും, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഉയർന്ന പദവിയിലായിരുന്നു.
ഭർത്താവ് ഒന്നര പതിറ്റാണ്ടു മുൻപ് ജോലിയിൽ നിന്ന് വിരമിച്ചു. രണ്ടു മുന്നുവർഷത്തിനുള്ളിൽ അദ്ദേഹത്തിന് വിവിധ രോഗങ്ങൾ ബാധിച്ചു.
രണ്ടു ആണ്മക്കളുള്ളതാകട്ടെ വിദേശ രാജ്യങ്ങളിൽ ഭാര്യയും കുട്ടികളുമായി കഴിയുന്നു.
പുലർച്ചയ്ക്കുണരുന്ന സുഹൃത്തിന്റെ ഭാര്യ പൂജാദി കർമ്മങ്ങൾ കഴിഞ്ഞു ഭർത്താവിനിഷ്ടമുള്ള ആഹാരമുണ്ടാക്കി നൽകിയിട്ട് ഓഫിസ് വണ്ടി എത്തുമ്പോൾ ജോലിക്ക് പോകും. ഭർത്താവിനെ നോക്കാൻ സഹായി എത്തും; എങ്കിലും ഉച്ചയ്ക്ക് അവർ എത്തി ഭർത്താവിനു ഭക്ഷണവും മരുന്നും നൽകി വീണ്ടും ഓഫീസിൽ പോകും. പല പല രോഗങ്ങളുമുള്ള ഭർത്താവിനെ നഗരത്തിലെ പ്രശസ്തരായ സുഹൃത്തുക്കളായ പല ഡോക്ടർമാരെയും കാണിച്ചു കൊണ്ടിരിക്കുന്നു. രോഗം മുർച്ചിക്കുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റു ചെയ്യും. വിദേശത്തുള്ള മക്കൾക്കു രണ്ടു പേർക്കും വേറെ രണ്ടു വീടുകൾ ഉണ്ടാക്കിയത് വാടകയ്ക്കു കൊടുത്തിരിയ്ക്കുകയാണ്. മക്കൾക്കു വരാനാകാത്തതിനാൽ രോഗിയായ ഭർത്താവിനെയും കൂട്ടി അടുത്തകാലത്തു അവർ മക്കളുടെ അടുത്തു പോയി മുന്നു മാസം നിന്നു. മക്കളുടെയും ഭാര്യമാരുടെയും പേരക്കിടാക്കളുടെയുമൊപ്പം നിന്നെടുത്ത ചിത്രങ്ങളുമായി മടങ്ങി.
സുഹൃത്തിന്റെ ഭാര്യ വിരമിച്ചപ്പോൾ ഫുൾ ടൈം ഭർതൃ ശുശ്രുഷയും, ഭക്തിമാർഗവും, ചെടി വളർത്തലും മറ്റുമായി കൂടി. മക്കളൊരിയ്ക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും ആ അമ്മ മക്കളുപയോഗിച്ച സ്കൂൾ ബാഗുകളും, ബാറ്റുകളും, യുണിഫോമുകളും, വാദ്യോപകരണങ്ങളും സുക്ഷിച്ചു വച്ചിരിക്കുന്നു.
ഒരിയ്ക്കലും തിരിച്ചു വരാത്ത ആ മക്കളുടെ അച്ഛനെ വിൽ ചെയറിലിരുത്തി തിരക്കുള്ള ഡോക്ടറെ കാത്തു നിൽക്കുന്ന ആ അമ്മയോട് കൂശലം പറഞ്ഞിറങ്ങുമ്പോൾ ഞങ്ങളുടെ ഫിസിഷ്യന്റെ ക്യുവിൽ അധികം പേരില്ല. അധികം മരുന്നും അനാവശ്യമരുന്നുകളും എഴുതാത്ത ആ വനിതാ ഫിസീഷ്യൻ ഞങ്ങൾക്കു മാത്രമല്ല കാണാനെത്തുന്ന ഓരോ രോഗികൾക്കും വേണ്ടി ധാരാളം സമയം ചിലവഴിക്കാറുണ്ട്. മുന്നു മാസത്തിലൊരിക്കൽ ചെല്ലുമ്പോൾ ഞങ്ങളുടെയും മകന്റെയും കാര്യങ്ങൾ ചോദിച്ചിട്ടേ റിപ്പോർട്ട് പരിശോധിക്കാറുള്ളു. ഞങ്ങൾ മുന്നു പേരും അവരുടെ നിർദ്ദേശപ്രകാരമുള്ള ജീവിതചര്യയും, ഭക്ഷണ, മദ്യ ഉപയോഗവും ക്രമീകരിച്ചാണ് മുന്നോട്ടു പോകുന്നത്.
ആശുപത്രി ക്യാൻ്റീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടുപിന്നിൽ നിന്ന് ആരോ ഭാര്യയുടെ പേരുവിളിച്ചു. അവർ ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത എന്റെ മറ്റൊരു സുഹൃത്തിൻ്റെ ഭാര്യ. ആഴ്ചയിലൊരിയ്ക്കൽ ഡയാലിസിസ് നടത്തേണ്ടി വരുന്ന ഭർത്താവിനെ ഡയാലിസിസ് മുറിയിലേക്കു വീൽചെയറിൽ തള്ളി കൊണ്ടു പോകുമ്പോൾ ഞാനും ഭാര്യയും ഭക്ഷണം കഴിക്കാൻ പോകുന്ന കാര്യം സംസാരിച്ചത് കേട്ട് കാന്റീനിൽ ഞങ്ങളെക്കാണാൻ വന്നതാണ്. സൂഹൃത്തിൻ്റെ ഡയാലിസിസ് കഴിയുമ്പോൾ അഞ്ചു മണി കഴിയും.
അതിനിടയിൽ അവരുടെ ഒപ്പം കഴിയുന്ന സുഹൃത്തിൻ്റെ ഭാര്യ മാതാവിന് രോഗം മുർച്ഛിച്ചിരിക്കുന്നു. അവരെ അടിയന്തിര ചികിത്സക്ക് എത്തിയ്ക്കാൻ അവർ പെട്ടെന്ന് യാത്ര പറഞ്ഞു നീങ്ങി.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങൾ അന്ന് കണ്ടുമുട്ടിയ രണ്ടു പേരെയും അവരുടെ കുടുംബത്തെയും പറ്റി സംസാരിച്ചു. ഡയാലിസിസ് ചെയ്യുന്ന സുഹൃത്തും ഭാര്യയും വിദേശത്തുള്ള ജോലി കഴിഞ്ഞു ശിഷ്ട ജീവിതം തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ വന്നതാണ്. വിദേശത്തു ജനിച്ച മകൾക്ക് വിദേശ പൗരത്വമാണ്. അവർ അവിടെ കഴിയേണ്ടിവന്നിരിക്കുന്നു.
ഇതിനിടയിൽ ഡയാലിസിസ് കഴിഞ്ഞിറങ്ങിയ സുഹൃത്തിനെ കണ്ടു. അയാളെയിരുത്തിയ വീൽ ചെയർ താഴെ എത്തി. ക്ഷീണിച്ച പതിഞ്ഞ ശബ്ദത്തിൽ സുഹൃത്ത് പറഞ്ഞു: “ഇൻഫക്ഷൻ ഉണ്ടാകാതിരിക്കാനുള്ള ഇഞ്ചക്ഷൻ എടുത്തിട്ടുണ്ട്. വീട്ടിൽ വരണെ!” സുഹൃത്തിനെയും കയറ്റി ഭാര്യ കാറോടിച്ച് പോയി.
ഞാൻ കാഷ്വാലിറ്റി വാർഡിലേക്കു നടന്നു സുഹൃത്തിൻ്റെ ഭാര്യാമാതാവിൻ്റെ കിടക്കയ്ക്കരുകിലെത്തി. വായിലും മുക്കിലുടെയും കൃത്രിമശ്വാസം നൽകികൊണ്ടിരിക്കുന്നു. ആ അമ്മയെ നോക്കി കുറച്ചു നേരം നിന്നപ്പോൾ അടുത്തിരുന്ന ഹോംനഴ്സിൻ്റ നോട്ടത്തിനു മറുപടിയായി ഞാൻ പറഞ്ഞു.:”സുഹൃത്താണ്.”
ആശുപത്രി വിട്ട് പുറത്തിറങ്ങി ജംഗ്ഷനിലേക്കു നടക്കുമ്പോൾ വീൽ ചെയറു തള്ളി കൊണ്ടു പോകുന്ന ആ വനിതകളായിരുന്നു മനസ്സിൽ.
ഈ രണ്ടു വീൽചെയറിലിരുന്ന രണ്ടു സുഹൃത്തുക്കളെയും അറിയാവുന്ന മറ്റൊരു സുഹൃത്ത് ആശുപത്രിയുടെ മതിലിനോടു ചേർന്നുള്ള വീടിൻ്റെ ഒന്നാം നിലയിലുണ്ട്. രണ്ട് കുടുംബങ്ങളെയും കണ്ട കാര്യങ്ങൾ അദ്ദേഹത്തിനോടു പറയണമെന്നുണ്ടായിരുന്നങ്കിലും അവിടേക്കു നടന്നില്ല. ഓർമ്മ പുർണമായും നഷ്ടപ്പെട്ട അദ്ദേഹത്തിനൊപ്പം ഭാര്യ ഒറ്റയ്ക്കിരിക്കുന്നു. ആകെയുള്ള മകൻ തിരിച്ചു വരാനാവാതെ വിദേശത്തും.
റോഡിലേക്കിറങ്ങി എതിരെ പാഞ്ഞു വരുന്ന വാഹനങ്ങളെ വകവെക്കാതെ സ്റ്റാറ്റുവിൽ എത്തി മാധവരായരുടെ പ്രതിമയ്ക്കു ചുവട്ടിൽ കുറച്ചുനേരം ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. മുവരെയും അറിയാവുന്ന മുന്നു സുഹൃക്കൾ വീട്ടിൽ അത്താഴത്തിനുണ്ടായിരുന്നു.
ഓർമ്മ നഷ്ടപ്പെട്ടിരിക്കുന്ന ആളിനെ കണ്ടു വന്ന ഭാര്യ പറഞ്ഞു.
“സർ അവളുടെ ഇരു കൈകളും മുറുക്കെപ്പിടിച്ചു ചുംബിക്കുകയായിരുന്നു.”
കേട്ടിരുന്ന സുഹൃത്തുക്കൾ നിശബ്ദരായിരുന്നു.
മൊബൈൽ: 94470 67788