നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ ഞാൻ, പലതായ ഞാൻ, ഇനി നിരൂപകൻ മാത്രമായി മാറുമോ? ഒന്നും സംഭവിച്ചില്ല. അക്കാദമി ഒരിക്കൽപ്പോലും നിരൂപകൻ പ്രത്യക്ഷപ്പെടേണ്ട ഒരു ചടങ്ങിലേക്കും നിരൂപണ, കവിതാ ക്യാമ്പുകളിലേക്കും എന്നെ ക്ഷണിച്ചില്ല, അംഗീകരിച്ചില്ല. അഞ്ചുവിരലും ഉപയോഗിക്കുന്ന ഒരു കയ്യായി ഞാൻ തുടർന്നു. ചെറിയ മാർക്ക് വ്യത്യാസത്തിൽ രണ്ട് തവണ കവിതാ പുരസ്കാരത്തിൽ നിന്ന് ഞാൻ തഴയപ്പെട്ടു. ഇക്കുറി, മൂന്നാമത്തേ അറ്റാക്കിൽ ഞാൻ വീണു, കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ കവിതയ്ക്കുള്ള അവാർഡ് ലഭിച്ച കൽപ്പറ്റ നാരായണൻ പറയുന്നു.
മൗലികമായി വ്യത്യസ്തങ്ങളായ ഉപന്യാസങ്ങളെഴുതുന്ന രണ്ട് പേരിൽ ഒരാൾ ഞാനാണ്, മറ്റത് മേതിലും. മറ്റാരുമെഴുതാത്ത തരം നോവലുകളാണ് ‘ഇത്രമാത്ര’ വും, ‘എവിടമിവിട’ വും. കവിതയോ നിരുപണമോ എന്നിലെ ഉപന്യാസകാരനേയോ നോവലിസ്റ്റിനേയോ സാംസ്കാരിക സിനിമാവിമർശകനേയോ മറയ്ക്കുകയില്ല എന്നെനിക്ക് ഇപ്പോൾ വിശ്വാസമുണ്ട്. ലൈബ്രറികൾ, എന്നെ കൂടുതൽ വാങ്ങുമെന്ന സന്തോഷമുണ്ട്; പക്ഷെ പലപ്പോഴും ലൈബ്രറി ഒരു മോർച്ചറിയാണ്. കൂടുതൽപേർ വായിക്കുന്നു എന്ന ധാരണ സൃഷ്ടിച്ചുകൊണ്ടാണ് പ്രസാധകർ മലയാളത്തിൽ എഴുത്തുകാരെ പ്രശസ്തരാക്കുന്നത്. അക്കാദമിക്കിതിലിടപെടാനുള്ള ത്രാണിയൊന്നുമില്ല. ഇനി ഒരു പക്ഷെ ആളുകൾ ചോദിച്ചു തുടങ്ങിയേക്കാം, മാഷ്ക്ക് കവിതയെഴുതി അടങ്ങിയിരുന്നാൽ പോരേ? അടങ്ങിയിരിക്കാത്ത ലേഖനങ്ങൾ, പ്രസംഗങ്ങൾ ഒക്കെ വേണോ? വിയോജിക്കുന്നവർക്ക് ജീവിക്കാനാവാത്ത നാട് എന്നത് താങ്കളുടെ അടിസ്ഥാനരഹിതമായ ഒരു ധാരണയല്ലേ?
ഇപ്പോൾ അനുഭവവേദ്യമായില്ലേ, കാര്യങ്ങളുടെ നിജസ്ഥിതി? നോക്കു ആരൊക്കെയാണൊപ്പം, കെ. വേണു, ബി രാജീവൻ. ഇതപ്രകാരമൊരു തുടക്കമാണെങ്കിൽ നല്ലത്. അതല്ല, ഒരു പുകമറയാണെങ്കിൽ അംഗീകാരത്തിനോട് ഉപകാരസ്മരണപാടും വിധേയത്വം കാട്ടുവാൻ ഞാനാളാവുകയില്ല. കൈകുപ്പിയിട്ടല്ല കിട്ടിയത്, കിട്ടിയത് കൊണ്ട് കൈ കൂപ്പുകയുമില്ല. അർഹിക്കുന്നവരെ അംഗീകരിച്ചാൽ കൃതാർത്ഥമാവേണ്ടത് അക്കാദമിയാണ്, എഴുത്തുകാരല്ല.
എൻ്റെ കവിത
എല്ലാവരിലുമുള്ള സ്ഥൂലമായ എന്നേയല്ല, എല്ലാവരിലുമുള്ള സൂക്ഷ്മമായ എന്നെ എഴുതാനാണ് ഞാൻ കവിതയെ ആശ്രയി ക്കുന്നത്. കവിതയിലുടെയല്ലാതെ ആവിഷ്കരിക്കാനാവാത്ത ഒരു സ്വത്വത്തെ സാക്ഷാത്കരിക്കാൻ. ഇപ്പോഴാണ് താങ്കളെ മാത്രമല്ല എന്നേയും എനിക്ക് അറിയാറായത് എന്ന് വായനക്കാരനെക്കൊണ്ട് പറയിക്കുന്ന ഒരു മുഖം വെളിക്ക് കാട്ടാൻ. വശ്യവചസ്സുകളിൽ നിന്നാണ് ഞാൻ കവിതയഭ്യസിച്ചത്. വായനക്കാരനിൽ ‘ഒരേവേക്കനിങ്ങ്’ സാധ്യമാവണം എന്ന് ഞാൻ കരുതുന്നു.” എത്ര വെള്ളം കോരിയിട്ടും ആനന്ദൻ വന്നില്ല”, “തെറ്റുകൾ ശരികളെപ്പോലെ നന്ദി കെട്ടവയല്ലെടോ”, “എത്രയാളുകൾ കത്തിയ വെളിച്ചത്തിലിരുന്നാണ് നാം വായിക്കുന്നത്” “അവർക്ക് പാകമായി നിന്ന് ഞാനെനിക്ക് പാകമല്ലാതായി” പോലുള്ള വെളിച്ചങ്ങളുള്ള വരികൾ എഴുതാൻ. വിഷനില്ലാത്ത കവികളെ എനിക്ക് ഇഷ്ടമല്ല. സ്വാഭാവികമായും എൻ്റെ കവിതകൾക്ക് പോപ്പുലർ അപ്പീൽ കിട്ടാനിടയില്ല. പൊതുവെ മലയാള വായനക്കാർക്കിഷ്ടം വൈകാരികമായി ബാധിക്കുന്ന കവിതകളെയാണ്. മലയാളികളിലധികം പേരും ഇമോഷനെ കൂടുതലിഷ്ടപ്പെടുന്നു. ഞാൻ വിസ്ഡത്തേയും.
പുതിയ എഴുത്ത്
അതിവൈകാരികതയും പ്രകടമായ രാഷ്ട്രീയ നിലപാടും മർത്ത്യ സങ്കടങ്ങളേക്കാൾ പൗരസങ്കടങ്ങളോടുള്ള ആഭിമുഖ്യവും വിഷയവൈവിധ്യമില്ലായ്മയും തൽപ്പരമേഖലകളുടെ കുറവും കവിതയിലൊഴികെ മറ്റൊന്നിലും കവിതയില്ലായ്കയും ആണ് പുതിയ കവികളിൽ പലരിലുമുള്ള പ്രത്യേകത. വായനയുടെ അഭാവവും മുൻകാലകവിതയോടുള്ള ഇഷ്ടക്കുറവും ഞാനെന്തിനെഴുത്തച്ഛനെ വായിക്കണം പോലുള്ള ചോദ്യങ്ങളും അവരിൽ പലരുടേയും മുഖമുദ്രയാണ്. ആശാൻ, വൈലോപ്പിള്ളി, അക്കിത്തം, ആററൂർ, കക്കാട്, കെ.ജി ശങ്കരപ്പിള്ള, സച്ചിദാനന്ദൻ, ചുള്ളിക്കാട് ഒക്കെ മികച്ച കാവ്യോപസകരായിരുന്നു. അയ്യപ്പപ്പണിക്കരുടെ തലമുറയിലെ കവികളുടെ കാവ്യപരിജ്ഞാനത്തിന് ഒരു തുടർച്ചയുമുണ്ടാവുന്നില്ല. മേതിലിനെപ്പോലെ ബഹുമുഖമായ താൽപ്പര്യങ്ങൾ ഉള്ളവരില്ലാതാകുന്നു. കെട്ടതും കെടാത്തതുമായ എത്രയോ ഗന്ധങ്ങൾ വാറ്റിയെടുത്തുണ്ടാക്കിയ ഒരസുലഭഗന്ധത്തെപ്പറ്റി ‘പെർഫ്യൂം’ എന്ന നോവലിൽ പറയുന്നുണ്ട്. അനവധിയായ സ്രോതസ്സുകളുടെ ഒരുദ്ഗമമാവണം കവിത. ബോധപൂർവ്വം അതിനായി ക്ളേശിക്കാതെ തന്നെ.
പുതിയ കവികളിൽ പലരും ഉള്ളടക്കമാണെഴുതുന്നത്. വ്യഞ്ജിതാശയരല്ല അവർ. അതേസമയം ചെറുകഥാകാരന്മാരിലും നോവലിസ്റ്റുകളിലും മികച്ച ഭാവുകത്വവും വായനാനുഭവങ്ങളുമുള്ളവർ കുറവല്ല. ഹരീഷും പി എഫ് മാത്യൂസും സുഭാഷ് ചന്ദ്രനും ആർ ഉണ്ണിയും മുതൽ കെ എൻ പ്രശാന്ത് വരെ അത് നീളുന്നു. കവികളിൽ കാണേണ്ടത് നാമിവരിൽക്കാണുന്നു. സമീപകാലത്ത് വിനോദ് കൃഷ്ണയുടെ ‘9 എം എം ബരേറ്റ’ എനിക്ക് മികച്ച വായനാനുഭവം തന്നു.
എം മുകുന്ദൻ
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ എഴുത്തുകാരൻ. പരായണക്ഷമതയിൽ ഒന്നാമൻ. എന്തൊരു നൈസ്സർഗ്ഗികമായ ലാഘവത്തിലാണ് മുകുന്ദനെഴുതുന്നത്?എന്തൊരനായാസത? വേദനയല്ല, കൗതുകമാണ് മുന്നിട്ട് നിൽക്കുന്നതെന്നേയുള്ളു. ഓ വി വിജയനെ പ്പോലെ ജീവിതം ഒരു ചൂളയായിരുന്നിട്ടില്ലാത്തതിനാലാവാം; പാപബോധം അലട്ടാത്തതിനാലാവാം.
മേതിൽ രാധാകൃഷ്ണൻ
എൻ്റെ എഴുത്തുകാരൻ. എഴുത്തുകാർക്കിടയിലെ മാന്ത്രികൻ. മേതിലിനെ അതിശയിക്കുന്ന ഒരെഴുത്തുകാരൻ ഇന്ത്യയിലേതെങ്കിലും ഭാഷയിലിന്നുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. മ്ളാനതയെ മൂന്നു വരകളിലൊരു കുറിപ്പ് വായിച്ചോ ഒരു ചെറുകഥ വായിച്ചോ ഞാൻ കഴുകിക്കളയുന്നു. എന്തൊരു പ്രചോദനമാണ് മേതിൽ! ഇറ്റാലോ കാൽവിനോയും ബോർഹെസും ഇയാളിൽ ഒരുമിക്കുന്നു. നാലോ അഞ്ചോ എഴുത്തുകാരേയുള്ളു, അഭിമുഖങ്ങൾ ഉജ്വലമായി കൈകാര്യം ചെയ്യാൻ മലയാളത്തിൽ. മേതിൽ, ബഷീർ, മാധവിക്കുട്ടി, എം എൻ വിജയൻ. ആ കലയിൽ മേതിൽ ബോർഹെസിനും മാർക്കേസിനും തുല്യൻ. പക്ഷെ, ഈ വലിയ എഴുത്തുകാരനിൽ നിന്ന് കവർന്നെടുക്കേണ്ടതൊന്നും മലയാളം എടുത്തില്ല. നാമത്രത്തോളം മുതിർന്നില്ല.
എം ഗോവിന്ദൻ
‘ഒരു പുകകൂടി ‘ എന്ന കവിതയിൽ ബീഡി പറയുന്നുണ്ട് “നിങ്ങളിന്നനുഭവിക്കുന്നതിലെല്ലാം കത്തിത്തീർന്ന ഞങ്ങളുണ്ട്”. ഗോവിന്ദനും എരിഞ്ഞു് കൊണ്ട് ഉതകിയ ഒരു ബീഡിയായിരുന്നു. ആ കവിതയിൽ ബീഡി പിന്നേയും പറയുന്നു. “മാറ്റങ്ങൾക്ക് ഞാൻ കൂട്ടിരുന്നു”. കവിതയിലും നോവലിലും നാടകത്തിലും സിനിമയിലും ഉണ്ടായ എല്ലാ മാറ്റങ്ങൾക്കും പുരോഹിതനായി ഗോവിന്ദനുണ്ടായിരുന്നു. അടൂരിലും അരവിന്ദനിലും സി ജെ-യിലും സി യെന്നിലും ആനന്ദിലും അയൽപക്കത്തെ സുന്ദരരാമസ്വാമിയിലുമെല്ലാം അയാളുടെ പിന്തുണയുണ്ട്. ‘സർപ്പം’ എന്ന ചെറുകഥയും ‘അരങ്ങേറ്റം’ പോലുള്ള കാവ്യങ്ങളും പ്രബുദ്ധങ്ങളായ നിരവധി ലേഖനങ്ങളും. മലയാള സാഹിത്യത്തെ സമകാലികമാക്കിയ സമീക്ഷ അതിനെല്ലാം പുറമേയും.
ബോംബെ
ബോംബെയോളം ഈർജ്വസ്വലമായ ഒരു മഹാനഗരം ഇന്ത്യയിലില്ല. കൽക്കത്ത സംസ്കാരത്തിൻ്റെ തുറമുഖമായിരുന്നിട്ടുണ്ടാവാം, പക്ഷെ മലയാളീ ജീവിതത്തിൻ്റെ തുറമുഖം എന്നും ബോംബെയായിരുന്നു. കൽക്കത്തയിലോ ഡൽഹിയിലോ അനുഭവിക്കാത്ത ‘അറ്റ് ഹോം’ മലയാളി ബോംബെയിലനുഭവിച്ചു. നൂറിലേറെ മലയാളീ സമാജങ്ങൾ, ബാലകൃഷ്ണൻ, ആനന്ദ് തുടങ്ങി നിരവധി എഴുത്തുകാരുടെ രചനാ മണ്ഡലം, ഗൾഫ് നാടുകളിലേക്കുള്ള ചവിട്ടുപടി, നാടുവിട്ടെത്തുന്നവരുടെ അഭയ കേന്ദ്രം അങ്ങനെ പലതായി ബോംബെ. ആതിഥേയത്വത്തിൽ കേരളത്തിന് കോഴിക്കോട് പോലെ ഭാരതത്തിന് ബോംബെ. എല്ലാം തികഞ്ഞ ഒരിടം. മഹാഭാരതത്തെക്കുറിച്ച് എഴുതിയത് ബോംബെക്കുമിണങ്ങും. ഇങ്ങില്ലാത്തതില്ലെങ്ങും.