“ജീവിതമൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി”

ജീ. ശങ്കരക്കുറുപ്പിൻ്റെ ഒരു കവിതയിലെ വരികളിലൂടെ ജയശ്രീ. പി.ജി എന്ന ചിത്രകാരിയുടെ ചിത്രങ്ങളിലേക്ക് ഞാൻ പ്രവേശിക്കട്ടെ.
അടുത്തകാലത്ത് നടന്ന ജയശ്രീയുടെ ഒരു ചിത്രപ്രദർശനത്തിൻ്റെ പേര് ‘ ചുട്ട മണ്ണ് ‘ ( Burned Adobe ) എന്നായിരുന്നു. തീയ്യിൽ ചുട്ടെടുക്കുന്ന മണ്ണിൻ്റെ നിറം ഉള്ളിൽ കൊണ്ടുനടക്കുകയും പിന്നീട് തൻ്റെ ചിത്രങ്ങളിലേക്ക് ആ മണ്ണിൻ്റെ മിടിപ്പിനെ ആവാഹിക്കുകയും ചെയ്തിരിക്കുന്നു ജയശ്രീ. ഒരിക്കൽ കേരളീയ പാർപ്പിട സമുച്ചയങ്ങളുടെ ഭാഗമായിരുന്ന ഓടുഫാക്ടറികൾ, പിന്നീട് കെട്ടിട നിർമ്മാണത്തിൽ വന്ന മാറ്റത്തിന് വിധേയമായി ഉപേക്ഷിക്കപ്പെടുകയും അവിടമെല്ലാം തരിശുഭൂമിയായി മാറുകയും ചെയ്തു. അത്തരം ഒരുപാട് സ്ഥലങ്ങൾ ചിത്രകാരി കളിച്ചു വളർന്ന വീട്ടിനു ചുറ്റുമുണ്ടായിരുന്നു. ആലുവയിൽ ജനിച്ചു വളർന്ന ജയശ്രീ പരിസരപ്രദേശങ്ങളിലെ ഓട്ടുകമ്പനികളാണ് കണ്ടു വളർന്നത്. അവയുടെ ജനനവും മരണവും കണ്ടു വളർന്ന ജയശ്രീ, പിന്നീട് തൃശൂരിലെ ആലപ്പാടെന്ന സ്ഥലത്തേക്ക് ജീവിതം പറിച്ചുനട്ടപ്പോഴും, പെരിയാറിൻ്റെ പുഴയോരത്തെ കക്ക വാരുന്നവരുടേയും ഓട്ടുകമ്പനികളുടേയും മായാതെ കിടന്ന ഓർമ്മകളുടെ ദൃശ്യങ്ങൾ, പിന്നീട് തൻ്റെ ചിത്രങ്ങളിലേക്ക് കുടിയേറ്റി.

കക്ക വാരുന്നവരുടേയും, വൃത്തിയാക്കുന്നവരുടേയും, അവരുടെ പരിസരങ്ങളിലൂടെയും ഉള്ള ദൃശ്യങ്ങൾ ആദ്യകാല ചിത്രങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ, നിറം മങ്ങിയ അവരുടെ ജീവിതത്തിന് സമാനമായ നിറങ്ങളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. ചിത്രങ്ങളിലെ സ്ത്രീ രൂപങ്ങളെല്ലാം അവരവരുടെ പ്രവൃത്തികളിൽ ശ്രദ്ധയൂന്നിക്കൊണ്ടിരിക്കുമ്പോഴും ഏകാകികളായിരുന്നു, സംതൃപ്തരായിരുന്നു, സ്വപ്നങ്ങൾ കാണുന്നവരുമായിരുന്നു.
ഏതൊരു ചിത്രകാരിയുടേയും / ചിത്രകാരൻ്റേയും ചിത്രമെഴുത്ത് തുടങ്ങുന്നത് അവളിൽ / അയാളിൽ നിന്നും അവളുടെ / അയാളുടെ ഇടത്തിൽ നിന്നുമാണ്. താൻ വസിക്കുന്നയിടത്തെ ജീവിതങ്ങൾ, ദൃശ്യങ്ങൾ എല്ലാം സ്വയമേറ്റെടുത്ത് ചിത്രീകരിക്കുമ്പോൾ അവിടെ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങളെ ചിത്രീകരിക്കാതെത്തന്നെ അവരുടെ വേദനകൾ, ജയശ്രീ തൻ്റെ ചിത്രങ്ങളിലൂടെ നമ്മെ ബോധിപ്പിപ്പിക്കുമ്പോൾ, എനിക്കോർമ്മവരുന്നത് ആറ്റൂർ രവിവർമ്മയുടെ ഒരു കവിതയിലെ വരികളാണ്.
“ഉരുവങ്ങളുണ്ടായിരുന്നെന്ന് നമ്മോടു-
രിയാടും ഒഴിഞ്ഞിടങ്ങൾ”

ഈ ഒഴിഞ്ഞ ഇടങ്ങളിലെല്ലാം ഒരു കാലത്ത് നിറയെ ആളുകളുണ്ടായിരുന്നു. വിവിധ തൊഴിലുകളിലേർപ്പെട്ടവർ. പക്ഷേ, ജയശ്രീയുടെ ചിത്രങ്ങളിലൊന്നും അവരെ കാണുന്നില്ല. ആ പരിസരങ്ങളിൽ ജീവിച്ചിരുന്നവർ ചിത്രങ്ങൾ കാണുമ്പോൾ തങ്ങളുടെ ആരൊക്കെയോ ഈ ഒഴിഞ്ഞ ഇടങ്ങളിൽ ഉണ്ടായിരുന്നുവല്ലോ എന്നൊരു തോന്നൽ അവരിലുണ്ടാക്കിയാൽ അത്ഭുതപ്പെടേണ്ടതില്ല. ഓട്ടുഫാക്ടറികളെ ഉപേക്ഷിച്ച് പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ചു പോയവർ, തങ്ങളെ ഇതുവരെ പോറ്റിയ മണ്ണിൻ്റെ നിലവിളി കേട്ടില്ല. പക്ഷേ, ജയശ്രീ അത് കേൾക്കുകയും തൻ്റെ ചിത്രങ്ങളിലൂടെ അവരുടെ വേദനയെ ചിത്രീകരിക്കുകയും ചെയ്തു.
അനാഥമാക്കപ്പെട്ട സ്ഥലങ്ങൾ
ഈ മണ്ണിനെ ഒരു സ്ത്രീയായി സങ്കൽപിച്ചു നോക്കു. ഇവിടെ സ്ത്രീ പ്രകൃതി കൂടിയാണ്. മാറ്റങ്ങളും പുതിയ വസ്തുക്കളും തേടി നടക്കുന്ന മനുഷ്യർ ഭൂമിക്ക് ക്ഷതമേൽപ്പിക്കുക കൂടി ചെയ്യുമ്പോൾ, നമ്മളെ അത് അലട്ടുവാൻ തുടങ്ങുന്നു. അത് ചിത്രകാരിയുടെ മനസ്സിനെ അലട്ടുവാൻ തുടങ്ങിയപ്പോഴാണ് “ചുട്ട മണ്ണ്” എന്നൊരു ചിത്രപരമ്പര തുടങ്ങിയത്. എഡ്വേഡ് മുങ്കിൻ്റെ ( Edward Munk ) ‘നിലവിളി’ (The Scream) എന്ന രചനയിലേക്കാണ് ജയശ്രീയുടെ ചിത്രങ്ങൾ കണ്ടപ്പോൾ എൻ്റെ മനസ്സ് പോയത്. ഭീതി വ്യക്തമാക്കുന്ന, വായ തുറന്ന് കരയുന്ന ഒരു മനുഷ്യൻ്റെ ചുറ്റും തരംഗരീതിയിലുള്ള ചായത്തേപ്പിലൂടെ മനുഷ്യാവസ്ഥയുടെ വൈകാരിക മുഹുർത്തം ആത്മനിഷ്ഠമായ അനുഭവ പശ്ചാത്തലത്തിൽ നിന്ന് ചിത്രീകരിക്കുകയാണ് എഡ്വേഡ് മുങ്ക് ചെയ്തത്.
ജയശ്രീ, തൻ്റെ ചിത്രങ്ങളിൽ മനുഷ്യരൂപത്തെ ചിത്രീകരിക്കാതെത്തന്നെ, അനാഥമാക്കപ്പെട്ട സ്ഥലത്തെ, ചുട്ട മണ്ണിൻ്റെ നിറത്തിലൂടെ, ഒറ്റമരങ്ങൾ പോലെ ഉയർന്നു നിൽക്കുന്ന ചിമ്മിനിക്കുഴലിൻ്റെ കാഴ്ചയിലൂടെ നിശ്ശബ്ദയായി കരയുന്ന ഭൂമിയുടെ അവസ്ഥയെ ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. നീലാകാശത്തിൻ്റെ കീഴെയുള്ള തീയ്യിൽ വെന്ത് ചുവന്ന മണ്ണിൻ്റെ നിറഭേദങ്ങളിലൂടെ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്ന്, ഒരിളംകാറ്റുവന്ന് നിങ്ങളെ പൊതിയുന്ന പോലെ, കത്തിയ മണ്ണിൻ്റെ മണം നിങ്ങളിലേക്ക് വരുന്നത്, ചിത്രങ്ങൾ കാണുമ്പോൾ അനുഭവപ്പെടും. ജനങ്ങളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്ന ഭൂഭാഗ ദൃശ്യങ്ങൾ ചിത്രങ്ങളിലെല്ലാം കാണാം. കെട്ടിടങ്ങളെല്ലാം തകർന്നിട്ടുണ്ടെങ്കിലും അവിടവിടെ ചുവരുകൾ മാത്രം ബാക്കി നിൽക്കുന്നതായിട്ടും കാണാം. ആ ചുട്ടുപഴുത്ത ഭൂമിയിൽ നിന്നും ചില ചെടികൾ കിളിർത്തുവരുന്നതായി ചിത്രീകരിച്ചിരിക്കുന്നതും ദൃശ്യമാണ്. താണ്ഡവനൃത്തമാടുന്ന ശിവനെ പൂജിക്കുവാൻ ഉപയോഗിക്കുന്ന എരുക്കിൻ ചെടികളും പൂവ്വുകളുമാണവ. എത്ര തന്മയത്വത്തോടെയാണ് ആ ചെടിയെ ചിത്രകാരി തൻ്റെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ, ആർക്കോ വേണ്ടി കാത്തു നിൽക്കുന്ന പോലെ, ജലവുമായി ഒരു കൂജയും ഗ്ലാസ്സും ചിത്രീകരിച്ചിട്ടുണ്ട്.

ചിത്രങ്ങൾ യാഥാർത്ഥ്യത്തിൻ്റെ പ്രതിഫലനമാണ് എന്ന് തോന്നിപ്പിക്കുമെങ്കിലും, ചിലയിടങ്ങളിൽ അയഥാർത്ഥ്യത്തിൻ്റെ ദൃശ്യങ്ങളും കാണാം. തന്നെ സ്വാധീനിച്ച ദൃശ്യങ്ങളുടെ, അനുഭവങ്ങളുടെ ആഴത്തിൽ മുങ്ങിത്തപ്പി എടുത്തുകൊണ്ടുവരുന്ന ചിത്രാഖ്യാനങ്ങൾ പ്രതീകാത്മകവും, സൂചനാത്മകവും, ദൃശ്യബിംബപരവുമായ സംലയനങ്ങളിലൂടെ സാദ്ധ്യമാക്കുന്നുണ്ട്, ജയശ്രീ.
ജയശ്രീ കവിതകളെഴുതാറുണ്ട്. താൻ വളർന്നുവന്ന ചുറ്റുപാടുകളിലെ ദൃശ്യങ്ങൾ ചിത്രങ്ങൾക്കാധാരമായെങ്കിൽ, കവിതയിൽ തൻ്റെ വികാരവിചാരങ്ങളെയും ജീവിതയാഥാർത്ഥ്യങ്ങളെയുമാണ് വരഞ്ഞിടുന്നത്. ജീവിസ്സുറ്റതും പുഷ്ക്കലവുമായ സ്ഥലങ്ങൾ, മരുഭൂമി സമാനമായ രീതിയിൽ മാറി വരുന്നത് കണ്ടറിഞ്ഞ് ചിത്രങ്ങളിലാക്കിയ ജയശ്രീ ഇപ്പോൾ ജലത്തെക്കുറിച്ച് ഓർമ്മിക്കുന്നു. അത് ഒരു metaphor ആയി ചിത്രങ്ങളിൽ നിറയുന്നത് സ്വപ്നം കാണുന്നു.

2018 ലെ ‘കാക്ക’യുടെ ഒരു ലക്കത്തിൽ ജയശ്രീയുടെ ‘പ്രയാണം’ എന്നൊരു കവിത പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ ചില വരികളിലൂടെ ഞാൻ ഈ എഴുത്ത് അവസാനിപ്പിക്കട്ടെ.
“ജലം അതിൻ്റെ വേർതിരിച്ചെടുക്കാനാവാത്ത
നിറമില്ലായ്മകളിലെന്നപോലെ
ഞാൻ എൻ്റെ സ്വപ്നങ്ങളുടെ മായാവഴികളിൽ
ഗവേഷകവേഷത്തിൽ
അതിസൂക്ഷ്മമായ അരിപ്പക്കുഴലുമായി
മറഞ്ഞിരിക്കുകയാണ്.”