വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന അതെ നിലയിൽ എല്ലാ ആരാധനാലയങ്ങളുടെയും മതപരമായ സ്വഭാവം നിലനിർത്തുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഏതെങ്കിലും ആരാധനാലയം മാറ്റുന്നത് നിരോധിക്കുന്നതിനുള്ള ഒരു നിയമം 1991 ൽ പാർലമെൻറ് പാസാക്കിയിരുന്നു. ആ നിയമം അതേപടി തുടരണമെന്നാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റീസായ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടത്. മാത്രമല്ല മസ്ജിദ്-അമ്പലം പ്രശ്നത്തെച്ചൊല്ലിയുള്ള ഒരു തർക്കത്തിനും സുപ്രീം കോടതിയുടെ ഒരുത്തരവുണ്ടാകുന്നത് കീഴ്ക്കോടതികൾ ഇടപെടാൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
1947 ന് മുൻപേ നിലനിൽക്കുന്ന പ്രശ്നമായതിനാൽ ബാബ്റി മസ്ജിദ് 1991 ലെ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഈ നിയമം നിലനിൽക്കെ തന്നെ ഗ്യാൻവാപി, മധുര എന്നിങ്ങനെ രാജ്യത്തെ 18-മുസ്ലിം പള്ളികൾ നേരത്തെ അമ്പലങ്ങളായിരുന്നു എന്ന ആരോപണവുമായി ചില ഹിന്ദു സംഘടനകളും മതവിശ്വാസികളും മുന്നോട്ടു വന്നിരുന്നു. അവയെല്ലാം പുരാവസ്തുഗവേഷകർ പരിശോധിക്കണമെന്ന ആവശ്യവുമായി അവർ തദ്ദേശ കോടതികളെ സമീപിക്കുകയും ചെയ്തു. അതിലൊന്നായ ഉത്തർ പ്രദേശിലെ സംഭാൽ ഷാഹി ജമാമസ്ജിദ് പരിശോധിക്കാനുള്ള കോടതിയുത്തരവിനെ തുടർന്നാണ് നവംബർ 24 ന് നാല് പേരുടെ മരണത്തിനിരയാക്കിയ മതസംഘർഷം ഉടലെടുത്തത്. സുപ്രീം കോടതി പെട്ടെന്ന് പുതിയ ഉത്തരവ് ഇറക്കാനുള്ള കാരണം അതായിരുന്നു.
ഇവിടെയാണ് ചീഫ് ജസ്റ്റീസ് ഖന്ന തന്റെ ബുദ്ധിയും പരിജ്ഞാനവും വെളിപ്പെടുത്തുന്ന നിർണായകമായ ആ വിധി പ്രസ്താവന നടത്തുന്നത്. ജസ്റ്റീസുമാരായ സഞ്ജയ്കുമാറും കെ വി വിശ്വനാഥനുമായിരുന്നു മൂന്നംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിയമവിശാരദനായ മുൻ ചീഫ് ജസ്റ്റീസ് വൈ വി ചന്ദ്രചൂഡ് പതറി നിന്നിടത്താണ് ജസ്റ്റീസ് ഖന്ന ശക്തമായ ഈ തീരുമാനം കൈക്കൊണ്ടതെന്നത് വളരെ ശ്ലാഘനീയമാണ്.
“ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയോടും ഈ രാജ്യത്തോടും വലിയ ദ്രോഹം ചെയ്തു” എന്നാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ്റെ മുൻ പ്രസിഡൻ്റും ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരിൽ ഒരാളുമായ ദുഷ്യന്ത് ദവെ, കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ കഴിഞ്ഞാഴ്ച പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്. ജസ്റ്റിസ് ചന്ദ്രചൂഡ് ആരുടെയോ കയ്യിൽ കളിക്കുകയാണെന്നും,അത് ‘ഭാരതീയ ജനതാ പാർട്ടിയെയാണോ ഉദ്ദേശിക്കുന്നതെന്ന്’ ഥാപ്പർ പ്രത്യേകം ചോദിച്ചപ്പോൾ, “അതിൽ സംശയമില്ല” എന്നും ദവെ മറുപടി പറയുന്നുണ്ട്. 2022ൽ അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ‘സർവേ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സമില്ലെന്ന് ഒരുത്തരവ് പുറപ്പെടുവിച്ചതിനെ പരാമർശിച്ചാണ് ദവെ ഇങ്ങനെ പറഞ്ഞത്. ചന്ദ്രചൂഡിൻ്റെ ആ ഉത്തരവ് അപ്പോഴും വിവാദമായിരുന്നു. പണ്ടോറയുടെ പെട്ടി തുറക്കുന്നത് പോലെ രാജ്യത്തെമ്പാടുമുള്ള ആരാധനാലയങ്ങൾ പരിശോധിക്കാനും നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് പകരം ചോദിക്കാനുമിരുന്നാൽ അത് വീണ്ടുമൊരു വിഭജനകാലം ഓർമ്മിപ്പിക്കാൻ മാത്രമേ ഇടവരുത്തു. വർഷങ്ങൾക്കകം മൂന്നാമത്തെ സമ്പദ്ഘടനയാകുമെന്ന വാചകമടികൾക്കിടയിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ആർക്കും ഗുണകരമാവില്ല.
ജനാധിപത്യത്തിൻ്റെ മൂന്ന് തൂണുകളിലൊന്നായ ജുഡീഷ്യറി ഭരണപക്ഷത്തിനൊപ്പം ചേർന്ന് നിക്കുന്ന കാഴ്ചയാണ് പലപ്പോഴും നമ്മൾ കാണാറുള്ളത്. അതിനെ എതിർത്ത് നിൽക്കാൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന കാണിച്ച ധൈര്യം അഭിന്ദനാർഹമാണ്. ഇത് തന്നെയാണ് സാധാരണക്കാരന് എന്നും ആശ്വാസം പകരുന്നതും.