മലയാളിയുടെ ദാസ്യബോധത്തെക്കുറിച്ച് എഴുതുമ്പോൾ ജനതയുടെ രാഷ്ട്രീയം പറയേണ്ടിവരും. സർഗ സപര്യയിൽ മുഴുകുന്ന ഒരാളെ അത് പ്രസന്നത, സുഗുണത എന്നിവയിലേക്ക് എത്തിക്കുന്നു. അവിടെ എഴുത്തുകാർ എന്ന നിലയിൽ അവരുടെ ഉൽക്കണ്ഠ, നിലപാട്, തെളിയുന്നു.
“നിങ്ങൾ തെറ്റു ചെയ്താൽ അതു തെറ്റാണെന്ന് പറയാൻ ശേഷിയുള്ള മത രാഷ്ട്രീയ നേതൃത്വം വേണം. ‘അവർക്ക് നാല് വോട്ടുണ്ടെങ്കിൽ ഞാനെന്തിന് അവരെ പിണക്കണം’ എന്ന ചിന്ത ഇന്ന് വ്യാപകമാണ്. അവർ ചെയ്യുന്നത് അപരാധമാണ് എന്ന് പറയാൻ പോന്ന മുതിർന്ന ഒരു മേധാശക്തി വേണം. അത് ഹിന്ദുവിനും മുസ്ലീമിനും ഒക്കെ ബാധകമാണ്. (എം.ടി. വാസുദേവൻ നായർ – അഭിമുഖം: രിസാല മാസിക)
“ഒരു എഴുത്തുകാരി എന്ന നിലയിൽ, എന്റെ രാജ്യം കടന്നുപോകുന്ന ഇരുണ്ട കാലം എന്റെ എഴുത്തിൽ പ്രതിഫലിക്കുമെന്ന് മാത്രമേ എനിക്ക് ഊഹിക്കാൻ പറ്റൂ. (അരുന്ധതീ റോയ്).
“ഞാനൊരു സാമൂഹ്യ ചിന്തകനാണ്. സമൂഹവും മനുഷ്യ ജീവിതങ്ങളുമാണ് എന്റെ പ്രമേയങ്ങൾ. ജനങ്ങൾക്കിടയിൽ സമത്വം വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അനീതിയും അസമത്വവുമുള്ളിടങ്ങളിൽ ഞാനെന്റെ ശബ്ദമുയർത്തും. അതാണെന്റെ എഴുത്തിന്റെ രാഷ്ട്രീയം. എനിക്ക് അനീതി സഹിക്കാനാവില്ല. (മുദ്നകുടു ചിന്നസ്വാമി: കന്നട കവി, 2022 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്)
“സൈക്കിൾ വാതിൽക്കൽ
കാത്തു കിടക്കും
അനക്കമറ്റ്;
ഇളക്കമുള്ളപ്പോഴേ
അതിനാത്മാവുള്ളു.
വീണു പോയാൽ
വേനലിൽ മുരണ്ടു പായുന്നൊരു
പ്രാണിയല്ല അത്,
വെറുമൊരു അസ്ഥികൂടം.
അതിനു ജീവൻ തിരിച്ചു കിട്ടാൻ
അതിനാവശ്യക്കാരുണ്ടാകണം,
വെളിച്ചമുണ്ടാവണം എന്നതിനർത്ഥം
ഓരോ പകലും
അത് പുനർജ്ജനിക്കണം. (പാബ്ലോ നെരൂദ: വിവർത്തനം. വി. രവികുമാർ).
സാക്ഷര ജീവിതത്തിനൊപ്പം ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിത്വ ജീവിതം. ഇത് രൂപപ്പെടുത്തുന്നതിന് പൗര സമൂഹം വേണം. പൊതു സമൂഹം ഇല്ലാതാകുമ്പോൾ വളർന്നു വികസിക്കുക സ്വകാര്യതയാകും. സ്വകാര്യതയാകട്ടെ അരാജകത്വത്തിലേക്കും അരാഷ്ട്രീയതയിലേക്കും നയിക്കും. പ്രശ്നങ്ങൾ പറയാനും, ചർച്ച ചെയ്യാനും, പരിഹാരം കാണാനും കൂട്ടായ്മ നമുക്ക് അവസരം നൽകുന്നു. പ്രളയം വന്നപ്പോഴും കൊറോണ പടർന്നു പിടിച്ചപ്പോഴും കൂട്ടായ്മയുടെ ശക്തി മനുഷ്യർ അറിഞ്ഞു.
സംസ്കാരത്തെ നവീകരിക്കുന്നത് ആശയ സംവാദങ്ങളാണ്. അവിടെ കല, സാഹിത്യം, സംഗീതം, നാടകം, സാമൂഹ്യ ജീവിതം എന്നിവ കൈ കോർക്കുന്നു; ജീവിതത്തിന് പ്രതീക്ഷ നൽകുന്നു. ദുർബലതയല്ല ശക്തി തരുന്നത്. കരുതലില്ലാതെ ജീവിക്കുമ്പോൾ ധൂർത്തിലും അരാജകത്വത്തിലും പെട്ട് പിരിമുറുക്കം കൂടുന്നത് നൈരാശ്യത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും എത്തിക്കുന്നു. കൂട്ടായ്മ ഇതിനെ കുറേയൊക്കെ പരിഹരിക്കുന്നു.
വിവര സാങ്കേതികതയുടെ വിശാലതയ്ക്കൊപ്പം തന്നെ മാനവിക വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാലേ പൗരബോധം വികസിക്കൂ. അറിവുകളുടെ സങ്കേതികത യന്ത്രസമാനമാകുന്നു. മാനുഷികത അവിടെ രണ്ടാം സ്ഥാനത്തു നില്ക്കുന്നു. നമ്മുടെ ഐ.ടി. മേഖലകളിൽ നടക്കുന്ന വിവാഹ ജീവിതത്തിലെ വേർപിരിയൽ, ക്ലബിലും വൻകിട ഹോട്ടലുകളിലും ലഹരിക്ക് അടിമപ്പെടുന്ന സ്ത്രീ-പുരുഷക്കൂട്ടങ്ങൾ എന്നിവ ഇതിന് ഉദാഹരണമായി നമുക്കെടുക്കാം.
മാനുഷികത പരിഗണിക്കപ്പെടാതെ പോകുമ്പോൾ പൊതു സമൂഹം ജീർണ്ണിക്കുന്നു. പൊതു സമൂഹം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർക്സ് മുതൽ ഗ്രാംഷി വരെ ഒട്ടനവധി മഹത്തുക്കൾ വിശദമായി എഴുതിയിട്ടുണ്ട്.
ആധുനിക പൗര സമൂഹം നിലനില്കാൻ മാധ്യമങ്ങൾ നല്കിയ സംഭാവന ചെറുതായി കണ്ടുകൂടാ. സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം, ശാസ്ത്രീയത, ജനാധിപത്യ രാഷ്ട്രീയം എന്നിവ ഏറ്റെടുത്തുള്ള മാധ്യമ സംഭാവന പഠിക്കപ്പെടേണ്ടതാണ്. നിരാലംബ ജീവിതത്തിലേക്ക് ഇടക്കൊക്കെ ഇറങ്ങണം. വിലമതിക്കാനാവാത്ത ഒന്നിന്റെ മരണം ഇരുത്തം തരില്ല; ഒരാൾക്കും.
“പൊരുതി ജയിപ്പതസാദ്ധ്യമൊന്നിനോട-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമത വാദിയിതോർത്തിടാതെ
പാഴേ പൊരുതി പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം”
ശ്രീനാരായണ ഗുരുവിന്റെ ഈ സന്ദേശം സമകാലികതയിൽ ജനഹൃദയത്തിലേക്ക് നോക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
മലയാള ജീവിത നിലവാരം ഭാവിയിലേക്കുള്ള നോട്ടമായി പരിണമിക്കണമെങ്കിൽ മാറാല നീക്കിയുള്ള വിലയിരുത്തൽ അത്യാവശ്യമായിരിക്കുന്നു. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടലല്ല പൗരബോധം. നവോത്ഥാന പ്രസ്ഥാനങ്ങൾ, അവ പ്രചരിപ്പിച്ച ജീവിത മൂല്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സ്വാശ്രയത്വം, പ്രാദേശിക വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കൽ എന്നെ ആശയങ്ങളൊക്കെ അതിന്റെ വ്യക്താക്കൾ മറഞ്ഞതോടെ മലയാളിയും മറന്നു. ഇരയാകുമ്പോൾ എവിടെയാണ് തകരാറ്! എങ്ങോട്ടാണ് ചരിത്രത്തിന്റെ പോക്ക്?
നവോത്ഥാനം കൊണ്ടുവന്ന മൂല്യങ്ങളിലൂടെ നാം മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കിൽ മാത്രമെ ‘ഇന്ത്യയിൽ ജനാധിപത്യം പ്രായോഗികമാകണമെങ്കിൽ ജാതിവ്യവസ്ഥ തകരണമെന്നും മർദ്ദിത ജനവിഭാഗങ്ങൾക്ക് അർഹമായ രാഷ്ട്രീയാധികാര പങ്കാളിത്തം ലഭിക്കണമെന്നും’ ഡോ. അംബേദ്ക്കർ ചൂണ്ടിക്കാണിച്ചത് പൂർത്തീകരിക്കാനാവൂ. മഹാഭൂരിപക്ഷത്തിന്റെ അവകാശം, സ്വാതന്ത്ര്യം, നീതി, മതനിരപേക്ഷത എന്നിവ ഉറപ്പാക്കുന്നിടത്ത് എല്ലാവർക്കും അവരവരുടേതായ വലിയ പങ്ക് സാമൂഹ്യതയിലുണ്ട്.
ലോകത്തിലെ മനോഹരമായ നാട് നമ്മുടെ ഭാരതമാണെന്ന് ദേശഭക്തി ഗാനത്തിലൂടെ (സാരേ ജഹാം സെ അച്ചാ) ലോകത്തെ അറിയിച്ച മഹാകവി അല്ലാമാ ഇഖ്ബാലിന്റെ വരികളിലൂടെ ഈ ഓർമ്മപ്പെടുത്തൽ അവസാനിപ്പിക്കട്ടെ.
“പവിത്രമായ ഈ ഭൂമിക്ക് ഓരോ സന്ദർശകനോടും പറയാനുള്ളതിതാണ്; സമയത്തിന്റെ ചാപല്യങ്ങൾ അവഗണിക്കരുതേ, നിങ്ങളുടെ കണ്ണീർ കൊണ്ടു ഈ മണ്ണ് നനയ്ക്കുന്നതിൽ പിശുക്കു കാണിക്കരുതേ…
മൊബൈൽ: 89213 64179