നമുക്ക് സങ്കല്പ്പിക്കാം. നാം നമ്മുടെ വീട്ടുമുറ്റത്തുനിന്ന് നേരെ എതിര് ദിശയിലേക്ക് ഒരു തുരങ്കം കുഴിക്കാന്‍ ആരംഭിക്കുകയാണ്. ഭൂമിയുടെ മദ്ധ്യഭാഗത്തുകൂടെ കുഴിച്ചുകൊണ്ടേയിരിക്കുക. ഭൂമിയുടെ മറ്റേ അറ്റത്ത് നാം എവിടെയായിരിക്കും ചെന്നെത്തുക? ഇത് അങ്ങേയറ്റം അസാധാരണവും ഭ്രാന്തവുമായ, സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തുള്ള സങ്കല്‍പ്പമാണെങ്കില്‍ സാദ്ധ്യവും സാധാരണവുമായ മറ്റൊരു കാര്യം ഭാവന ചെയ്യാം. മേശപ്പുറത്തുള്ള ഭൂഗോളമെടുത്ത് ഗോളത്തിന്റെ കീഴ്ഭാഗത്തുള്ള ഒരു പ്രദേശത്തില്‍ കൂടെ ഒരു കമ്പി മുകളിലോട്ട് കയറ്റുക. എന്നിട്ട് നേരെ എതിര്‍ദിശയിലൂടെ ആ കമ്പി പുറത്തേക്ക് എടുക്കുക. ആ പ്രദേശം / രാജ്യം ഏതായിരിക്കും? വളരെയധികം കൗതുകം തോന്നുന്നു, അല്ലേ? വിക്ടര്‍ കൊസ്സാകോവ്സ്കിയുടെ വിവാന് ലാ ആന്റിപൊഡാസ് (Vivan las Antipodas! 2011 ‧ Documentary ‧ 1h 48m) എന്ന സിനിമ ഈ കൗതുകത്തെ അതിമനോഹരമായി ദൃശ്യവത്കരിക്കുകയാണ്.
എന്നാല്‍ ഭൂഗോളത്തിന്റെ നേരെ എതിര് ധ്രുവങ്ങള്‍ എന്നര്‍ത്ഥം. ഭൂമിയുടെ ഉപരിതലത്തിന്റെ വലിയൊരു ഭാഗം ജലമായതിനാല്‍ മനുഷ്യര്‍ വസിക്കുന്ന ഭൂപ്രദേശങ്ങളുള്ള എതിര് ധ്രുവങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത്, ഇത്തരത്തിലുള്ള നാല് ജോടി എതിര് ധ്രുവ പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംവിധായകന് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഈ പ്രദേശങ്ങളുടെ ഭൂപ്രകൃതി, മനുഷ്യര്‍, സംസ്കാരം എന്നിവയുടെ വൈവിധ്യം അവതരിപ്പിക്കുന്നു. വ്യത്യസ്ത ഭൂവിഭാഗങ്ങള്‍. പക്ഷിമൃഗാദികള്‍. പല ഭാവങ്ങള്‍. ഈ ധ്രുവങ്ങള്ക്കിടയിലൂടെ സിനിമ പാറിനടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ പ്രദേശങ്ങളെ താരതമ്യം ചെയ്തും, അടുപ്പിച്ചു നിര്‍ത്തിയും, എതിര് നിര്‍ത്തിയും ഇവയുടെ വൈരുദ്ധ്യങ്ങളെയും ഒപ്പം സമാനതകളെയും സിനിമ അവതരിപ്പിക്കുന്നു. ചില പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ കാല്ച്ചുവടുകള്ക്കടിയില്, ഭൂമിയുടെ എതിര്‍ഭാഗത്ത്, ഒരു കൂട്ടം മനുഷ്യര്‍ തലകീഴായി ജീവിക്കുന്നു എന്ന് ആലങ്കാരികമായി പറയാന്‍ തോന്നും, ഈ സിനിമ കണ്ടാല്‍. അല്ലെങ്കില്‍, സ്വന്തം കാല്‍ച്ചുവടുകള്‍ക്ക് കീഴെ എന്താണ്, ആരാണ് ഉണ്ടാവുക എന്ന് ഒരാള്‍ അത്ഭുതം കൂറും.
അര്‍ജന്റീന, ചൈന, ചിലി, റഷ്യ, ഹവായ്, ബോട്സ്വാന, ന്യൂസിലാന്റ്, സ്പെയിന് എന്നിവയാണ് ഈ വിരുദ്ധ ധ്രുവങ്ങള്‍. അര്‍ജന്റീനയിലെ എന്റ്റെ റയോസാണ് നാം ആദ്യം കാണുന്നത്. വിജനവും ശാന്തവുമായ ഭൂവിഭാഗത്തിലെ പഴകിയ പാലം. പാലത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗക്ഷമമാക്കാന്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് കരം പിരിക്കുന്ന രണ്ട് സഹോദരന്മാര്. തമാശകളും കൊച്ചുവര്‍ത്തമാനങ്ങളും ഒപ്പം ലോകകാര്യങ്ങളും പറഞ്ഞ് നേരമ്പോക്കുന്ന അവരെ ഉപേക്ഷിച്ച് ക്യാമറ രണ്ടു ധ്രുവങ്ങളെ ചക്രവാളത്തിന്റെ രണ്ടറ്റത്തുമായി ഒരേ ഫ്രെയിമില്‍, കണ്ണാടി പ്രതിബിംബം പോലെ അവതരിപ്പിക്കുകയും, പതിയെ 180 ഡിഗ്രിയില്‍ തിരിയുകയും ചെയ്യുന്നു. അങ്ങിനെ നേരെ എതിര് ധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന ചൈനയുടെ തലസ്ഥാനമായ ഷാംഗ് ഹായില്‍ എത്തുന്നു. ആദ്യം കണ്ട സൗമ്യ ദൃശ്യങ്ങള്‍ക്ക് വിപരീതമായി ഇവിടെ തിക്കും തിരക്കും ബഹളവും ശബ്ദവും നിറഞ്ഞിരിക്കുന്നു. എതിര് ധ്രുവങ്ങളെപ്പോലെ ഈ രണ്ടു പ്രദേശങ്ങളുടെ സ്വഭാവത്തിലും വലിയ ഭിന്നത കാണാം.
അടുത്തത് റഷ്യയിലെ ബൈക്കല്‍ തടാകവും ചിലിയിലെ പറ്റഗോണിയയുമാണ്. ഈ രണ്ടു പ്രദേശങ്ങളും ഏതാണ്ട് സമാനമാണ്. റഷ്യയില്‍ തടാകത്തിനരികില്‍ ജീവിക്കുന്ന അമ്മയും മകളുമാണെങ്കില്‍ ചിലിയില്‍ പല ജാതി മൃഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നു.
അടുത്ത ധ്രുവങ്ങള്‍ ഹവായിലെ കിലുവെയയും ബോട്സ്വാനയിലെ കുബുവുമാണ്. കടല്‍ത്തിരമാലകളുടെ ദൃശ്യത്തെ പുകയുന്ന, ലാവ ഒഴുകുന്ന അഗ്നി പര്‍വതത്തിന്റെ ദൃശ്യവുമായി വിളക്കിച്ചേര്‍ക്കുന്നു. ദൃശ്യങ്ങളുടെ സുഗമമായ സംക്രമണമായതിനാല് ഒരുതരം നൈരന്തര്യം അനുഭവപ്പെടുന്നു. പിന്നീട് നമ്മെ കാണിക്കുന്നത് കിലുവേയയിലുള്ള ജ്വലിക്കുന്ന, ലാവ പ്രവഹിക്കുന്ന അഗ്നിപര്‍വതമാണ്. അഗ്നിപര്‍വതത്തിന്റെ വിവിധ ഭാവങ്ങള്‍. ചാരം മൂടിയ ഉപരിതലത്തെ കുബുവിലെ ആനയുടെ തൊലിയുടെ സമീപ ദൃശ്യവുമായി വിളക്കിച്ചേര്‍ക്കുന്നു. ചാരനിറത്തില്‍ തണുത്ത ഉപരിതലമുള്ള അഗ്നിപര്‍വതത്തിന് സമീപത്തുകൂടെ തന്റെ നായയെ അന്വേഷിച്ച് നടക്കുന്ന ഒരാള്‍. തുടര്‍ന്ന് കുബുവിലെ അമ്മയും മകളും. പിന്നീട് ഒരു ഗോത്രത്തിലെ കുട്ടികളും, മുതിര്‍ന്നവരും, പല ജാതി മൃഗങ്ങളും നാടന്‍ ശീലുകള്‍ക്കൊത്ത് ചുവടുവയ്ക്കുന്നു.
സ്പെയിനും ന്യൂസിലാന്റുമാണ് അവസാനത്തെ എതിര് ധ്രുവങ്ങള്‍. സ്പെയിനിലെ മിറാഫ്ലോര്സിലെ കിഴക്കാംതൂക്കായ കൂറ്റന്‍ ശിലാശൈലങ്ങള്. മറുഭാഗത്ത് ന്യൂസിലാന്റിലെ കാസില്‍ പോയന്റിലെ കടല്‍ത്തീരത്ത് മരണത്തോട് മല്ലടിക്കുന്ന കൂറ്റന്‍ തിമിംഗലം.
തന്റെ ആവിഷ്കാരത്തിന്റെ ഫലപ്രാപ്തിക്കായി സിനിമയുടെ സാങ്കേതികതയെ സമര്‍ത്ഥമായും ഭാവനാത്മകമായും സംവിധായകന് ഉപയോഗിക്കുന്നു. ദൃശ്യങ്ങള്‍ ഒടിഞ്ഞും, മടങ്ങിയും, ചരിഞ്ഞും, നിവര്‍ന്നും, കറങ്ങിയും, തലകീഴായും, കൂടിക്കലര്‍ന്നും, വേര്‍പെട്ടും, അകത്തേക്കും പുറത്തേക്കും വളഞ്ഞും, പല വേഗങ്ങളിലും, പല ദൈര്ഘ്യങ്ങളിലും, പല രീതികളിലും അവതരിപ്പിക്കുന്നു. അതിമനോഹരങ്ങളായ പ്രതിഫലനങ്ങള്‍ ധാരാളമുണ്ട് സിനിമയില്‍. എന്നാല്‍ ഇവയൊക്കെയും എഡിറ്റിങ്ങിലൂടെ സൃഷ്ടിച്ചവയാണ്. ഒരു പ്രദേശത്തെ ആകാശ ദൃശ്യങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. വളരെ നേരം ചലിക്കുന്ന ഈ ആകാശ ദൃശ്യങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് എതിര് ധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകള്‍ ജലത്തില്‍ പ്രതിഫലിക്കുന്ന ദൃശ്യത്തില്‍. മറ്റൊരു സന്ദര്‍ഭത്തില്‍ തടാകത്തില്‍ കാണുന്ന കെട്ടിടങ്ങളുടെ പ്രതിഫലനങ്ങള്‍ അത്തരത്തിലൊന്നാണ്. എന്നാല്‍ ഈ നഗരം ആയിരക്കണക്കിന് മൈലുകള്‍ അകലെ സ്ഥിതിചെയ്യുന്നു എന്നതാണ് കൗതുകം. ചെറു പ്രാണികളും ഇഴജന്തുക്കളും നിറഞ്ഞ സ്പെയിനിലെ മലകളുടെ പ്രതിഫലനമായി അവതരിപ്പിക്കുന്നത് ന്യൂസിലാന്റിലെ കടല്‍ത്തീരത്തടിഞ്ഞ കൂറ്റന്‍ തിമിംഗലത്തെയാണ്.
സാമ്പ്രദായിക ഫീച്ചര്‍ സിനിമയുടെ രീതിയിലുള്ള കഥയോ, കഥാപാത്രങ്ങളോ, ആഖ്യാനമോ ഇല്ലെന്നു മാത്രമല്ല, ഡോക്യുമെന്ററിയെപ്പോലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നില്ല ഈ സിനിമ. അതുപോലെ ആഖ്യാനവുമില്ല. വിവരണവുമില്ല. പറയുന്നതിന് പകരം ഇവിടെ കാണിക്കുകയാണ്.
ഈ സിനിമ ഗോഡ്ഫ്രെ റെ’ിയോ 1983-ല്‍ സംവിധാനം ചെയ്ത ‘കൊയാനി ക്വാത് സി’ എന്ന സിനിമയെ ഓര്‍മയില്‍ കൊണ്ടുവന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള, പല അവസ്ഥകളിലുള്ള ദൃശ്യങ്ങളുടെ പല വേഗത്തിലുള്ള പ്രവാഹമാണ് ഈ സിനിമ. ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി പ്രശസ്ത സംഗീതജ്ഞന് ഫിലിപ്പ് ഗ്ലാസ് ഒരുക്കിയ ഓര്‍ക്കെസ്ട്രാ പോലുള്ള സംഗീതം. ഒരു പെയിന്റിംഗ് കാണുന്ന, സംഗീതം കേള്‍ക്കുന്ന അനുഭവമാണ് ഈ സിനിമ നമുക്ക് പകര്‍ന്നുതരുന്നത്. മറ്റൊരു തരത്തില്‍ വിശേഷിപ്പിച്ചാല്‍, ദൃശ്യ പംക്തികള്‍ കൊണ്ട് കവിതയും സംഗീതവും നിര്‍മിക്കുകയാണ് സിനിമ. ഇവിടെയും മനുഷ്യ നിര്‍മിതമായ ആഖ്യാനമില്ല. സമകാലീന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഒരു ദുരന്തക്കാഴ്ചയാണ് ഈ സിനിമ. വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും കെടുതികള്‍. അതുയര്‍ത്തുന്ന അതിഭീകരമായ പരിസ്ഥിതി പ്രശ്നങ്ങള്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അസന്തുലിതാവസ്ഥ ഈ സിനിമ ഇത്യാദി കാര്യങ്ങളെക്കുറിച്ചാണ്. എന്നാല്‍ അതിമനോഹരമായ ദൃശ്യങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട അഭളധയമഢടലഅല്പ്പം കൗതുകത്തിനും സാങ്കേതികതയുടെ അതിസമര്‍ത്ഥമായ ഉപയോഗത്തിനും അപ്പുറത്തേക്ക് പോകുന്നുണ്ടോ എന്ന് സംശയം തോന്നാം.
ഇതിലൂടെ ഈ സിനിമയുടെ പ്രാധാന്യത്തെ കുറച്ചുകാണുകയല്ല. നല്ല സിനിമയുണ്ടാകാത്തതിന് പലതിലും പഴിചാരി, പല ഒഴികഴിവുകളും നിരത്തി നാം കാലം കഴിക്കുമ്പോള്‍ ഇതാ ഒരാള്‍ നാം തീരെ പ്രതീക്ഷിക്കാത്ത ഒരു വിഷയം കണ്ടെത്തി സിനിമയുണ്ടാക്കുന്നു. സിനിമയെ സംബന്ധിച്ച് വിഷയ ദാരിദ്ര്യം എന്നൊക്കെപ്പറയുന്നതില്‍ ഒരു കാര്യവുമില്ലെന്ന് ഈ സിനിമ തെളിയിക്കുന്നു. സിനിമയ്ക്ക് വിഷയമാക്കാന്‍ പറ്റാത്തതായി ഈ ലോകത്തില്‍ ഒന്നുമില്ല. എല്ലാം ഇവിടെത്തന്നെയുണ്ട്. അവയെ കണ്ടെത്താനും ദൃശ്യവല്ക്കരിക്കാനുമുള്ള പ്രതിഭ വേണമെന്ന് മാത്രം.
ലെനിന് ഗ്രാഡ് സ്റ്റുഡിയോ ഓഫ് ഡോക്യുമെന്ററീസില് സഹ സംവിധായകനും, ക്യാമറാമാനും, എഡിറ്ററുമായാണ് റഷ്യന്‍ സംവിധായകനായ വിക്ടര്‍ കൊസ്സാകോവ്സ്കി സിനിമാ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമതന്നെ (ബെലോവി ആണഫമവസ) പല ബഹുമതികളും കരസ്ഥമാക്കി. പിന്നീട് അദ്ദേഹം ഡോക്യുമെന്ററി രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പല പ്രശസ്തങ്ങളായ മേളകളിലും ഈ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. പല സിനിമകളുടെയും രചനയും, സംവിധാനവും നിര്‍വഹിക്കുന്നതോടൊപ്പം എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്യുന്നതും കൊസ്സാകോവ്സ്കി തന്നെയാണ്.