യൗവനത്തിന്റെ പൂർണതയെത്താൻ നാലു നാളുകൾ കൂടി ബാക്കിയുള്ള ചന്ദ്രന്റെയടുത്ത് നിന്ന് ഓടിവന്ന നിലാവ് കായലോരത്തെ കൈതക്കാടുകൾ മറനിന്ന അതിവിശാലമായ കുളത്തി
ലെ വെള്ളത്തെ ഉന്മാദത്തോടെ കെട്ടിപ്പുണർന്നു. ആ ആലിംഗനത്തിൽ ഒരായിരം വെള്ളിത്താലങ്ങൾ വാർക്കപ്പെട്ടു. ഭൂമിയിൽ ഒരു മനുഷ്യനും സൃഷ്ടിക്കാൻ കഴിയാത്ത വിധം തികവും ഭംഗിയുമുള്ള താലങ്ങളായിരുന്നു അവ.
ചന്ദ്രനും കുളവും തങ്ങളുടെ കുട്ടികളുടെ പ്രണയകേളിയെ വാത്സല്യപൂർവം നോക്കി. അവരേക്കാൾ വാത്സല്യത്തോടെ, ആ കുളത്തിലെ ഒരു ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി പതിനഞ്ച് മത്സ്യങ്ങൾ ആ പ്രേമലീലയെ ആവേശപൂർവം ഏറ്റുവാങ്ങി. നിലാവിന്റെയും ജലത്തിന്റെയും പ്രണയഹർഷം പ്രസരിക്കുന്ന ശരീരങ്ങളുമായി അക്കൂട്ടത്തിലെ പ്രണയികളായ ആൺമീനുകളും പെൺമീനുകളും കൂടുതൽ ഉത്തേജിതരായി.
ആഹ്ലാദത്തിന്റെ ഓളങ്ങളേറി മീനുകൾ കുളത്തിന്റെ അടിത്തട്ടിലെ ചളിയിലേക്ക് കൂപ്പു കുത്തി. അവിടെ പടർന്നു കിടന്ന ചെറുസസ്യങ്ങളെ ഇളക്കി മറിച്ചു. പിന്നെ ചാട്ടുളികൾ പോലെ ജലോപരിതലത്തിലേക്ക് കുതിച്ചുയർന്നു. വീണ്ടും ജലത്തിലേക്കും നിലാവിലേക്കും ഊളിയിട്ടു. രാവിന്റെ യാമങ്ങൾ മെല്ലെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അതിനൊപ്പം, പതിയെ നിലാവും യാത്രയായിത്തുടങ്ങി. കുറച്ചു സമയം കൂടി കഴിയുമ്പോൾ, നിലാവ് പൂർണമായി മാഞ്ഞിരിക്കും. പിന്നെ, ഇരുള് വന്നു മൂടി തളർന്ന് കിടക്കുന്ന വെള്ളം മാത്രം തങ്ങൾക്ക് കൂട്ടായി ഉണ്ടാകും. അടുത്ത രാത്രിയിൽ വീണ്ടും നിലാവ് എത്തുന്നതുവരെ കാത്തിരിപ്പിന്റെ
വേദനയോടെ മയങ്ങുന്ന വെള്ളം.
പക്ഷെ, ആ കാത്തിരിപ്പുകൾക്കപ്പുറം എന്നെന്നും ചന്ദ്രനും നിലാവും കുളവും വെള്ളവുമെല്ലാം ഇവിടെയുണ്ടാകും. എന്നാൽ ഈ കുളത്തിലെ ഒരു ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി പതി
നഞ്ച് മീനുകളും ചന്ദ്രന്റെ അടുത്ത യൗവനപൂർത്തിക്ക് ഏതാനും നാളുകൾ അപ്പുറം എന്നെന്നേക്കുമായി ജീവന്റെ പ്രപഞ്ചം വിട്ട് യാത്രയാകും. മത്സ്യക്കൂട്ടത്തിലെ ജ്ഞാനിയായ വരാൽ മൂപ്പൻ നിലാവിന്റെ ക്ഷീണിച്ച് തുടങ്ങുന്ന ആശ്ലേഷത്തിൽ അമർന്ന്
മരുവുന്ന ജലപ്പരപ്പിന് മേലെ ആകാശത്തേക്ക് നോക്കി കിടന്നുകൊണ്ട് സങ്കടത്തോടെ ഓർത്തു.
ആ വരുന്ന നാളിൽ, ഇപ്പോൾ കുളത്തിൽ നിന്ന് തെല്ലകലെ തെങ്ങിൻതോപ്പിലെ പഞ്ചാരമണലിന് മേലെ കെട്ടിപ്പൊക്കിയിരിക്കുന്ന പനമ്പും മുളയും കൊണ്ടുള്ള താത്കാലിക കൂരയിൽ കിടന്നുറങ്ങുന്ന ജോസ് എന്ന മനുഷ്യനുവേണ്ടി തങ്ങൾ ബലിയാകും.
കുറച്ചു ദിവസങ്ങൾ മുന്നേ, തിമിർത്ത് തുള്ളിച്ചാടി കുളത്തിൽ കഴിഞ്ഞിരുന്ന മീനുകളോട് ഇക്കാര്യം താൻ പറഞ്ഞപ്പോൾ ഒറ്റനിമിഷം കൊണ്ട് കുളമാകെ സ്തംഭിച്ചതുപോലെയായിരുന്നു. കുളത്തിലെ വെള്ളമാകെ മഞ്ഞുകട്ടയായിത്തീർന്നതുപോലെ മീനുകൾ വിറങ്ങലിച്ചു നിന്നു.
തങ്ങൾക്ക് പതിവായി തീറ്റ തരുന്ന, കുഞ്ഞുങ്ങളേ എന്ന് നീട്ടി വിളിച്ച് കുളത്തിന്റെ തിട്ടയിലിരുന്ന് വെള്ളത്തിലേക്ക് കാലുകൾ നീട്ടി, തീറ്റയെടുക്കുന്നതിനൊപ്പം ആ കാലുകൾക്ക് ചുറ്റും പൊതിയുന്ന തങ്ങളെ കാൽവിരലുകൾ കൊണ്ട് താലോലിക്കുന്ന, തങ്ങളുടെ ഇക്കിളിയാക്കലുകൾ കാലുകളിൽ ഏറ്റുവാങ്ങുന്ന ആ മനുഷ്യൻ അയാൾക്ക് ലാഭം കൊയ്യാനായി മാത്രം ഒരുമിച്ച് തങ്ങളെ കൊല്ലാൻ തയ്യാറായിരിക്കുന്ന ഒരു കൊലയാളിയാണെന്നറിഞ്ഞ് അവർ ഞെട്ടിത്തരിച്ചു. അതേവരെ, തൊട്ടപ്പുറത്ത് വേമ്പനാട്ട് കായലിലെയും കൈത്തോടുകളിലെയും മീനുകളെപോലെ എപ്പോൾ വേണമെങ്കിലും ഒരു ചൂണ്ടമുനയിലോ വലക്കണ്ണിയിലോ തങ്ങളുടെ ജീവൻ ഒടുങ്ങാവുന്നതേയുള്ളൂ എന്നഭയം വേണ്ട എന്ന സന്തോഷത്തിലായിരുന്നു മീനുകൾ ജീവിച്ചിരുന്നത്. ഇടയ്‌ക്കെങ്ങാനും ഒരു കൊക്കുമുണ്ടിയെയോ എരണ്ടയെയോ മാത്രം സൂക്ഷിച്ചാൽ മതി എന്ന ആശ്വാസം മീനുകൾക്കുണ്ടായിരുന്നു. കാര്യമായ ഒരു ശത്രുഭയം കൂടാതെ, തിട്ടകളിലുള്ള ഞണ്ടുകൾക്കും നീർേക്കാലികൾക്കും തവളകൾക്കും ആമകൾ
ക്കും വെള്ളത്തിലാശാന്മാർക്കും ഒപ്പം എന്നെന്നും ഈ ജലകൂടാരത്തിൽ ജീവിക്കാമെന്ന സന്തോഷമാണ് അതേവരെ മീനുകളിൽ ഓളം തള്ളിയിരുന്നത്.
ആദ്യത്തെ ഞെട്ടൽ ഒടുങ്ങിയപ്പോൾ കുറെ മീനുകൾ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു. കുറെ പേർ ദേഷ്യം കൊണ്ട് വിറച്ചു.
കുറെ പേർ തങ്ങളെ പുന്നാരിച്ചിട്ട് ഒടുവിൽ ഉന്മൂലനം നടത്താൻ കാത്തിരിക്കുന്ന മനുഷ്യന് നേരെ ശാപവാക്കുകൾ ഉച്ചരിച്ചു. കുറച്ചു സമയത്തേക്ക് മീനുകൾ അവരുടെ സങ്കടവും ദേഷ്യവുമെല്ലാം സ്വതന്ത്രമായി അഴിച്ച് വിടട്ടേ എന്ന് കരുതി താൻ ക്ഷമയോടെ
കാത്തിരുന്നു.
അതെല്ലാം ഒട്ടൊന്നു ശമിച്ചു എന്നു തോന്നിയപ്പോൾ, മീനുകൾക്ക് ആ മനുഷ്യന്റെ കഥ പറഞ്ഞുകൊടുത്തു. ആ മനുഷ്യന്റെ ജീവിതത്തിൽ തങ്ങൾക്ക് ഉള്ള സ്ഥാനമെന്തെന്നും.
ഒരു മലേയാര താഴ്‌വരയിലുള്ള ഗ്രാമത്തിലായിരുന്നു ജോസ് ജനിച്ചത്. സാമ്പത്തികമായി പരാധീനതകൾ അനുഭവിക്കുന്ന ഒരു കർഷക കുടുംബത്തിലെ കുട്ടി. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത അവൻ പഠനത്തിൽ സമർത്ഥനായിരുന്നു. ഒപ്പം അവൻ ക്രിസ്തീയ വിശ്വാസത്തിൽ വലിയ തീക്ഷ്ണതയുള്ളവനുമായിരുന്നു.
അവന്റെ പഠനവും സ്വഭാവവും എല്ലാം കണ്ട് ആളുകൾ അവൻ വലിയൊരു നിലയിലെത്തിച്ചേരുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ബിരുദപഠനത്തിന്റെ അവസാന വർഷം ജോസിന്റെ ജീവിതത്തിലേക്ക് വലിയൊരു ദുരന്തം കടന്നുവന്നു. പള്ളിയിലെ
പെരുന്നാളിന്റെ ഒരാവശ്യത്തിനായി, ജോസ് പള്ളിയുടെ ഗോപുരത്തിലേക്ക് കയറിയതായിരുന്നു. എങ്ങനെയോ അവന്റെ കൈയോ കാലോ ഒന്ന് വഴുതി. അടുത്ത നിമിഷം അവൻ ആ
വലിയ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു. ജോസിന്റെ നട്ടെല്ലിനും കാലിനും ഗുരുതരമായ ക്ഷതം സംഭവിച്ചു. നീണ്ട രണ്ടര വർഷമായിരുന്നു അവർ ഒരേ കിടപ്പു കിടന്നത്. എന്തായാലും പ്രാർത്ഥനകൾക്കും പലവിധ ചികിത്സകൾക്കും ഒടുവിൽ ജോസ് ആ കിടപ്പിൽ നിന്ന് എഴുന്നേറ്റ് നടന്നുതുടങ്ങി. സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു.
പക്ഷെ, അപ്പോഴേക്ക് ജോസിന് തുടർന്നു പഠിക്കാനുള്ള ഉത്സാഹവും നിശ്ചയദാർഢ്യവുമെല്ലാം നഷ്ടപ്പെട്ടിരുന്നു. മാത്രവുമല്ല, ആണും പെണ്ണുമായി ഏഴ് സഹോദരങ്ങൾ ഉള്ള കുടുംബത്തിലെ
മൂത്ത മകൻ എന്ന നിലയിൽ ജോസിന് എന്തെങ്കിലും വരുമാനമാർഗം ഉടൻ കണ്ടെത്തിയേ തീരൂ എന്ന നിലയുമായി. പിന്നെ,തന്റെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ച പണവും അപ്പന്റെ
പിടിപ്പുകേടുകളും എല്ലാം ചേർന്ന് ജോസിനെ കഠിനാദ്ധ്വാനത്തിന്റെ വഴികളിലേക്ക് ഉന്തിവിട്ടു.
തുടർന്നുള്ള വർഷങ്ങളിൽ, മലയോരപ്രദേശത്തെ പലതരം തൊഴിലുകളും കച്ചവടങ്ങളും ഒക്കെ ചെയ്ത് ജോസിന്റെ ജീവിതം കടന്നുപോയി. ഇതിനിടെ, ജോസിന്റെ ജീവിതത്തിലേക്ക് മറ്റൊരു കാറ്റ് വീശി. കമ്മ്യൂണിസത്തിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും വിപ്ലവവഴികൾ ഒന്നുചേരുന്ന വിമോചന ദൈവശാസ്ത്രം എന്ന കൊടുങ്കാറ്റായിരുന്നു അത്. താൻ അംഗമായിരിക്കുന്ന സഭയിലും ചുറ്റുമുള്ള സമൂഹത്തിലും നടമാടുന്ന അനീതികളും പ്രമാണിമാരുടെ ഹുങ്കുകളും അവനിൽ അമർഷമുണ്ടാക്കി. കുടുംബത്തിൽ, താഴെയുള്ള സഹോദരങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായി എന്ന ഘട്ടം വന്നതോടെ, ജോസ് അതിതീക്ഷ്ണതയോടെ തന്റെ ജീവിതം വിമോചന ദൈവശാസ്ര്തത്തിന്റെ വിത്തുകൾ പാകാനായി സമർപ്പിച്ചു. എല്ലാ മത, ജാതി ഭേദങ്ങൾക്കുമപ്പുറം വിമോചനദൈവശാസ്ര്തത്തിലൂടെ യഥാർത്ഥ സ്വർഗരാജ്യം ഈ ഭൂമിയിൽ തന്നെ പടുത്തുയർത്താമെന്ന് ജോസും കൂട്ടരും വിശ്വസിച്ചു. അതിനായി അവർ അലഞ്ഞുനടന്നു.
പണ്ട് ഗലീലിയോ കടൽക്കരയിലൂടെ യേശു നടന്നുവന്നപ്പോൾ, അവിടെ ശീമോൻ പത്രോസും സഹോദരനായ അന്ത്രയോസും വല വീശി മീൻ പിടിക്കുകയായിരുന്നല്ലോ. അപ്പോഴാണ് യേശു
അവരോട്, നിങ്ങൾ വല വിട്ടേച്ച് എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പടിക്കുന്നവരാക്കാം എന്ന് പറഞ്ഞത്. അവർ വല വിട്ടിട്ട് യേശുവിനൊപ്പം ഇറങ്ങിത്തിരിച്ചു.
അതേപോലെ, തന്നെയും മറ്റു പണികളെല്ലാം വിട്ട് ഭൂമിയിൽ സ്വർഗം കെട്ടാനായി മനുഷ്യെര പിടിക്കുന്നവനായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് ജോസ് ആത്മാർത്ഥമായി വിശ്വസിച്ചു.
പക്ഷെ, കാലം കടന്നുപോയപ്പോൾ താൻ നെഞ്ചിലേറ്റിയ പ്രസ്ഥാനവും നേതാക്കന്മാരും ധാരാളം പൊയ്മുഖങ്ങൾ നിറഞ്ഞതാണെന്ന് ജോസ് തിരിച്ചറിഞ്ഞു. കൂടെ നിന്ന പലരും ആ പ്രസ്ഥാനം കൊണ്ട് സഭയ്ക്കുള്ളിലും പുറത്തുമെല്ലാം പലവിധ സ്ഥാനമാനങ്ങളും സമ്പത്തും വെട്ടിപ്പിടിച്ചു. ജോസിനെപോലെ കുറച്ചു പേർ മാത്രം വിഡ്ഢികളായി എങ്ങുമെത്താതെ അവശേഷിച്ചു.
പ്രസ്ഥാനം കൊടുങ്കാറ്റായി എങ്ങുനിന്നോ വന്നതുപോലെ, എങ്ങോട്ടോ പോയിമറഞ്ഞു.
വീണ്ടും ജോസ് സ്വന്തം ജീവിതത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ, മറ്റൊന്നും ആശിക്കാനില്ലാതെ നടക്കാൻ വിധിക്കപ്പെട്ടു. ജോസിനും സ്വന്തമായി ഒരു കുടുംബവുമായി.
അങ്ങനെ ജോസ് പലതരം തൊഴിലുകളിലേക്കും കച്ചവടങ്ങളിലേക്കും വീണ്ടും ഇറങ്ങി. പക്ഷെ, അവിടെയെല്ലാം േജാസിന് പലവി ധ പരാജയങ്ങൾ നേരിടേണ്ടിവന്നു. ഇതിനൊക്കെ ഒപ്പം കനത്ത കടവും വന്നുകൂടി.
അങ്ങനെയിരിക്കെയാണ്, ജോസ് മുഹമ്മയിലുള്ള ശ്രീധരൻ എന്ന പരിചയക്കാരൻ വഴി പുതിയൊരു സാധ്യതയെപ്പറ്റി കേട്ടത്. മുഹമ്മയിൽ, വേമ്പനാട് കായലിന്റെ തീരത്ത്, മത്സ്യകൃഷി നടത്താനായുള്ള വളരെ വിശാലമായ കുളങ്ങൾ പാട്ടത്തിന് കിട്ടാനുണ്ട്. ഇങ്ങനെ കുളം പാട്ടത്തിനെടുത്ത്, മീൻ വളർത്തൽ നടത്തിയാൽ മീനുകൾ പാകമുമ്പോൾ നല്ല വില തന്ന് അവയെ മൊത്തമായി കച്ചവടം ചെയ്യാൻ ആളുണ്ട്. പലരും ഈ വഴിയിലൂടെ നല്ല ലാഭം നേടിയിട്ടുണ്ട്. മൊത്തം ചെലവും വരവും നോക്കുമ്പോൾ, എങ്ങനെയായിരുന്നാലും വളരെ സുരക്ഷിതവും സുന്ദരവുമായ ഒരേർപ്പാടാണിത്.
അങ്ങനെ, ആ കായലോരത്ത് ഒരു കുളം പാട്ടത്തിനെടുത്ത്, ജോസ് മത്സ്യകൃഷി തുടങ്ങി. കൂടെ ഷിജോ എെന്നാരു പയ്യൻ സഹായി ആയും കൂടി.
മുമ്പേ ഉണ്ടായ അതികഠിനമായ ഞെട്ടലും സങ്കടവും ദേഷ്യവും എല്ലാം മറന്ന് മീനുകൾ താൻ പറയുന്ന കഥയിലേക്ക് ശ്രദ്ധയത്രയും ചേർന്ന് കേൾക്കുകയായിരുന്നു.
…കൂട്ടരേ, നമ്മൾ ഒരു ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി പതിനഞ്ച് മീനുകളും മൊത്തമായ ഒരവാതരമാണ്. ജോസ് എന്ന എന്നും ക്രൂശിക്കപ്പെട്ടിരുന്ന നല്ല മനുഷ്യന്റെ ജീവിതത്തിൽ ഉയ
ർത്തെഴുന്നേല്പ് സംഭവിക്കുന്നതിനായി ദൈവം സൃഷ്ടിച്ച അവതാരം. വലിയ ഒരു പുണ്യത്തിനായി ഉയിർ കൊണ്ട അവതാരം. നമ്മുടെ അവതാര ലക്ഷ്യം ആ മനുഷ്യനായുള്ള നമ്മുടെ ബലിയാണ്.
കൂട്ടരേ, അപ്പുറത്തെ കായലിലും തോടുകളിലും നിറയെ മീനുകളുണ്ട്. ഒരു ലക്ഷം, അവരിൽ കുറച്ചു പേർക്ക് ഒരിക്കലും വലയിലോ ചൂണ്ടയിലോ പെടാതെ ജീവിക്കാനുള്ള ഭാഗ്യം കിട്ടുമായി
രിക്കും. ബാക്കിയുള്ളവർ വലയിലും ചൂണ്ടയിലും പെട്ട് ഒടുങ്ങുകതന്നെ ചെയ്യും. അങ്ങനെ ഒടുങ്ങുന്നവരുടെയും അല്ലാതെ പ്രായമെത്തി സ്വാഭാവിക അന്ത്യം കൈവരിക്കുന്നവരുടെയും എല്ലാം ജീവിതങ്ങൾ തീർത്തും അനിശ്ചിതത്വം നിറഞ്ഞതുതന്നെയാണ്. അതേസമയം, നമുക്ക് സുനിശ്ചിതമായ ഒരന്ത്യമുണ്ട്. അടുത്ത പൂർണനിലാവിനപ്പുറം, ഒരു പകൽ ആ കുളം വറ്റിക്കപ്പെട്ട് നമ്മൾ കൊല്ലപ്പെടും. പക്ഷെ, നമ്മുടെ അന്ത്യം ഒരു വല്യ ബലിയിലെ പങ്കാളികളായാണ്. ഒരു നല്ല മനുഷ്യന്റെ ഉയർത്തെഴുന്നേല്പിന് വേണ്ടിയാണത്. വേണമെങ്കിൽ, എനിക്ക് നിങ്ങളോട് ഈ സത്യം തുറന്നു പറയാതെ, ശേഷിക്കുന്ന നാളുകൾ നിങ്ങൾ ഒന്നുമറിയാതെ കഴിയട്ടെ എന്ന് കരുതാമായിരുന്നു. എന്നാൽ, നമുക്കിടയിൽ ജ്ഞാനമുള്ള ആൾ എന്ന നിലയിൽ അത് ഞാൻ നിങ്ങളോട് ചെയ്യുന്ന ഒരു വഞ്ചനയാകും. അത് മാത്രമല്ല, അപ്പുറത്തെ വെള്ളപ്പാത്തികളിൽ ഒരു ലക്ഷ്യവുമില്ലാതെ ജീവിച്ച് ഒടുങ്ങുന്ന മീനുകളേക്കാ
ൾ, നമ്മൾക്ക്, നമ്മുടെ അന്ത്യത്തിന് ഒരു വല്യ ലക്ഷ്യമുണ്ടെന്ന സന്തോഷം നിങ്ങളറിയണമെന്ന് എനിക്ക് തോന്നി. എന്തായാലും നമ്മളെല്ലാം ഒടുങ്ങിയേ പറ്റൂ. പക്ഷെ, ആ ഒടുക്കത്തിന് മുന്നേ
നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം അറിഞ്ഞിട്ട് അത് സംഭവിക്കുന്നത് ഒരു ഭാഗ്യമല്ലേ…
സാവധാനം തന്റെ വാക്കുകൾ എല്ലാ മത്സ്യങ്ങളുടെയും പ്രജ്ഞയിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ടെന്ന് തോന്നി. പല കൂട്ടങ്ങളായി തിരിഞ്ഞ് അവർ പരസ്പരം സംസാരിച്ചു. ഒടുവിൽ ഏക സ്വരത്തിൽ അവർ പറഞ്ഞു.
”അങ്ങനെതന്നെയാകട്ടെ, നമ്മുടെ ജീവൻകൊണ്ട് പുള്ളിക്കാരൻ രക്ഷപ്പെടട്ടെ”.
അപ്പോൾ മുതൽ, തങ്ങളുടെ ജന്മനിയോഗം അറിഞ്ഞതിന്റെ നിറവിലെന്നോണം, മീനുകൾ കൂടുതൽ ആനന്ദത്തോടെ ജലത്തിനെയും നിലാവിനെയും പകൽവെളിച്ചത്തെയും കുളത്തിലെ
സഹജീവജാലങ്ങളെയും അറിഞ്ഞും സ്‌നേഹിച്ചും ജീവിച്ചു. പിന്നീട് ജോസ് എപ്പോഴൊക്കെ ഇവിടേക്ക് വന്നുവോ, അന്നേരമെല്ലാം മീനുകൾ അയാളെ കൂടുതൽ കനിവോടെ, അരുമയോടെ നോക്കി,തൊട്ട് തഴുകി.തനിക്ക് ആ മുഹൂർത്തത്തിൽ അവരോട് എല്ലാം തുറന്ന് പറയാൻ കഴിഞ്ഞത് എത്ര നന്നായി… പകൽ വെളിച്ചം പതുക്കെ കിഴക്കു നിന്ന് ഉറവയെടുക്കാൻ തുടങ്ങുന്ന നാഴിക അടുക്കവെ, വരാൻ ഉറക്കം മൂടുന്ന കണ്ണുകളുമായി പതിവായി വിശ്രമിക്കുന്ന തന്റെ ആ മാളത്തിലേക്ക് വെള്ളത്തിലൂടെ താഴ്ന്നു.
അടുത്തുള്ള കൈത്തോട്ടിലെ തട്ടും തടവുമില്ലാത്ത വെള്ളത്തിന്റെ ഒഴുക്ക് പോലെ, ദിനരാത്രങ്ങൾ ഓടിയകന്നുകൊണ്ടിരുന്നു. ഒരു പകൽ, മീൻകച്ചവടത്തിന്റെ തരകനായ റഷീദ് ആ കുളത്തിനരികെ എത്തി. എത്രയോ മത്സ്യക്കുളങ്ങൾക്ക് കച്ചവടം ഉറപ്പിച്ചിട്ടുള്ള അയാളുടെ ചുവന്ന കണ്ണുകൾ കുളത്തെയാകെ അളന്നെടുത്തു. ജോസിന്റെ കൈയിലുണ്ടായിരുന്ന പൊതിയിൽ നിന്ന് കുറച്ച് ചോറ് വാരി കുളത്തിലേക്ക് എറിഞ്ഞു. മീനുകൾ എമ്പാടുനിന്നും ചോറ് വീണ ഭാഗത്തേക്ക് കുതിച്ച് വന്നു. കുളത്തിലെ മീനുകളുടെ ഏറ്റവും ഊറ്റവും റഷീദ് അതിലൂടെ കണ്ടറിഞ്ഞു.
നല്ല വിളവുള്ള കുളമാണ്. അയാളിലെ കച്ചവടക്കാരൻ തൃപ്തിയോടെ കണ്ടറിഞ്ഞു. അടുത്ത നിമിഷങ്ങളിൽ റഷീദും ജോസും സംഖ്യ ഉറപ്പിക്കുന്ന വർത്തമാനം തുടങ്ങി. വലിയ താമസം വേണ്ടിവന്നില്ല. സംഖ്യ ഉറപ്പിച്ചു. മുപ്പത് ലക്ഷം രൂപ.
ജോസിന്റെ ഹൃദയം നിലാവെളിച്ചത്തിൽ വെള്ളത്തിനു മേലെ മീൻ കുതിക്കും പോലെ ഒന്ന് തുള്ളിച്ചാടി. എന്നാൽ, അയാൾ അത് പുറമെ പ്രകടിപിച്ചില്ല. എല്ലാ ചെലവും കഴിഞ്ഞ് ഏതാണ്ട് പതിനെട്ട് ലക്ഷം രൂപ ലാഭം വരുകയാണ്. തന്റെ പ്രശ്‌നങ്ങളെല്ലാം ഇതോടെ പരിഹരിക്കപ്പെടുകയാണ്. ഇന്നേയ്ക്ക് ഏഴാംനാൾ കുളം വറ്റിക്കപ്പെടും. എത്രയോ കാലങ്ങൾക്കുശേഷം ജോസിന്റെ മനമൊന്നു കുളിർത്തു. അയാൾ അന്ന് ഷിജോയെയും കൂട്ടി നല്ല കറികൾക്കും ഭേദപ്പെട്ട കള്ളിനും പേരുകേട്ട ഷാപ്പിലേക്ക് പോയി. മനസ്സും നാറുമറിഞ്ഞ് അവിടത്തെ കപ്പ വേവിച്ചതും കൊഞ്ച് തീയലും താറാവ് പെരട്ടിയതും ആസ്വദിച്ചു.
ആ രാത്രി അയാൾ നിറഞ്ഞ മനസ്സും വയറുമായി കുളക്കരയിൽ നിന്നു. ഒരിക്കൽ ദൈവം തന്നെ മനുഷ്യരെ പിടിക്കുന്നവനാക്കാൻ ശ്രമിച്ചു. പക്ഷെ, അത് വൃഥാവിലായി.
ഇപ്പോഴിതാ, തന്നെ മീനുകളെ പിടിക്കുന്നവനാക്കിയിരിക്കുന്നു. പുതിയ കാലത്ത് മനുഷ്യപുത്രന് രക്ഷ വിധിച്ചിട്ടുള്ളത് ഇങ്ങനെയാകാം. ജോസ് ചെറുചിരിയോടെ ഓർത്തു.
അപ്പോൾ, നല്ല വലിപ്പമുള്ള ഒരു വരാൽ തന്നെ സൂക്ഷ്മമായി നോക്കുന്നത് പോലെ, കുളത്തിന്റെ തിട്ടയോടടുത്ത് വെള്ളത്തിന് മേലെ തുടിച്ചു കിടക്കുന്നത് ജോസ് കണ്ടു. ഒരു വളർത്തുപട്ടി
യോ വളർത്തുപൂച്ചയോ പോലെ, അത് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ജോസിന് തോന്നി. വേമ്പനാട് കായലിന് മീതെ കൂടെ പാറി വന്ന കാറ്റിൽ കുളത്തിലെ വെള്ളം ഓളങ്ങളുണ്ടാക്കി സന്തോഷി
ച്ച് തുടങ്ങി. ആ കാറ്റിൽ ജോസ് വീണ്ടുമൊന്ന് കുളിർന്നു.
കീഴ്ക്കാംതൂക്കായ കൊക്കുകൾ ഒരുവശത്ത് വാ പിളർന്ന് നിൽക്കുന്ന മലയോര പാതയിലൂടെ ജോസ് ഓടി. അയാൾ വസ്ര്തങ്ങൾ യാതൊന്നും ധരിച്ചിരുന്നില്ല. ശരീരമാകെ ചളിയും കാട്ടുപുല്ലുകളുടെ തലപ്പുകളും പറ്റിപ്പിടിച്ചിരുന്നു. വലിയൊരു ആൾക്കൂട്ടം അയാൾക്കു പിന്നാലെ വടികളും കല്ലുകളുമായി പാഞ്ഞുവരുന്നുണ്ടായിരുന്നു.
”വിടരുതവനെ”
”എറിഞ്ഞ് വീഴ്ത്തടാ അവനെ”
ആൾക്കൂട്ടം അലറി വിളിക്കുന്നുണ്ടായിരുന്നപു. ആരുടെയോ കൈയിലുണ്ടായിരുന്ന ഒരു കൂർത്ത കല്ല് ജോസിന്റെ തലയ്ക്കു പിന്നിലേക്ക് പാഞ്ഞുവന്ന് ആയത്തിൽ കുത്തിക്കയറി. ഭൂമിയാകെ പൊട്ടിപ്പിളരുന്നതുപോലെ…. ജോസിന്റെ ഓട്ടം നിലച്ചു. നിന്ന നില്പിൽ ഒന്ന് വട്ടം കറങ്ങി.
ദൈവമേ, താൻ കൊക്കയിലേക്ക് ഊർന്നുവീഴാൻ പോകുകയാണോ? എങ്ങും ഒരു പിടിത്തം കിട്ടുന്നില്ലല്ലോ.
പെട്ടെന്ന് ജോസ് ഞെട്ടിപ്പിടഞ്ഞു. ങ്ങേ, താൻ ഇതെവിടെയാണ്…ഓ, ഇതൊരു സ്വപ്നമായിരുന്നോ! എെന്താരു ഭീകര സ്വപ്നം. സ്വപ്നമായിരുന്നെങ്കിലും ശരീരമാകെ
ക്ഷീണിച്ച് കുഴഞ്ഞുപോകുന്നതുപോലെ. സമയമെത്രയായിക്കാണും. പായയുടെ സമീപം വച്ചിരുന്ന മൊബൈൽ തപ്പിയെടുത്തു. അഞ്ച് നാല്പത്. പനമ്പുകൊണ്ടുള്ള ഭിത്തിയുടെ വിടവുകളിലൂടെ പുറത്തേക്ക് നോക്കി. പുലർവെട്ടം അറച്ചറച്ച് തല നീട്ടിവരുന്നുണ്ട്.
പെട്ടെന്നായിരുന്നു അതിരൂക്ഷമായ ആ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറുന്നത് ജോസ് അറിഞ്ഞത്. ഒപ്പം ഒരായിരം കാക്കകൾ തൊള്ളയിടുന്നതിന്റെ ശബ്ദങ്ങളും കടന്നുവന്നു.
ഏതാനും നിമിഷങ്ങൾ ജോസിന് ഒന്നും മനസ്സിലായില്ല.
അയാൾ കിടന്ന കിടപ്പിൽതന്നെ കിടന്നു. ഷിജോയെ നോക്കി. അവൻ പൂണ്ട ഉറക്കത്തിലാണ്.
പെട്ടെന്നായിരുന്നു ജോസിന്റെ ഹൃദയത്തിലൂടെ ഉടക്കുവാൾ കയറിയാലെന്നതുപോലെ ഒരു ഞെട്ടലുണ്ടായത്. അയാൾ ചാടി എഴുന്നേറ്റു. അഴിഞ്ഞ് കിടന്നിരുന്ന കൈലി അരയിൽ വാരിച്ചുറ്റി തകരപ്പാളി കൊണ്ടുള്ള വാതിൽ തുറന്നുകുനിച്ചു.ജോസ് കുളത്തിനടുത്തേക്ക് ഓടി.
ദൂരെനിന്നേ, ഇരുളിന്റെ മായം കലർന്ന് നിന്നിരുന്ന പുലർവെളിച്ചത്തിൽ കാണാമായിരുന്നു, കുളത്തിനു മേലേ ഉന്മാദം പിടിച്ചപോലെ കാക്കക്കൂട്ടങ്ങൾ ക്രാ ക്രാ എന്ന് ആർത്തലച്ച് പടരുകയാണ്. ചത്തടിഞ്ഞ മീനുകളുടെ ദുർഗന്ധത്തിനപ്പുറം മറ്റൊരു വൃത്തികെട്ട ഗന്ധവും അന്തരീക്ഷത്തിലാകെ കനം തൂങ്ങുന്നുണ്ട്.
ജോസ് കുളത്തിന്റെ തിട്ടയിലെത്തി നിന്നു.
അവിടെ, ഒരു ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി പതിനഞ്ച് മീനുകൾ ചത്തടിഞ്ഞ് കുളത്തിലെ വെള്ളം ഏറെയും അദൃശ്യമാക്കിക്കൊണ്ട് കിടന്നിരുന്നു.
ഇപ്പോൾ മീനുകളുടെ ചാവിന്റെ ഗന്ധത്തേക്കാൾ, മൂക്കിലേക്ക് ഇരച്ചുകയറുന്നത് മറ്റേ ഗന്ധമാണ്. അതിമാരകമായ വിഷത്തിന്റെ ഗന്ധം. ഒരുകാലത്ത്, തീരെ താത്പര്യമില്ലാതിരുന്നിട്ട് കൂടി
അപ്പോൾ മറ്റൊരു ഗതിയുമില്ലാതെ തോട്ടങ്ങളിലും വൻകിട കൃഷിത്തോട്ടങ്ങളിലും ഉഗ്ര കീടനാശിനികൾ തളിക്കുന്ന പണി ചെയ്തിരുന്ന ജോസിന് ആ വിഷഗന്ധം തിരിച്ചറിയാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.
വലിയ അളവിൽ വിഷം പ്രസരിച്ചിരുന്ന വെള്ളം തലേന്നുവരെയുണ്ടായിരുന്ന അതിന്റെ സ്വതവേയുള്ള നിറം വാർന്ന്, കറുത്ത് കരുവാളിച്ചു കിടന്നു. അപ്പോേഴക്ക് എങ്ങനെയോ ഉറക്കം വിട്ട്, ഷിജോ എഴുന്നേറ്റ് ജോസിന് സമീപത്തെത്തിയിരുന്നു.
ഏതാനും നിമിഷങ്ങൾ ഷിജോ ഒന്നും പറഞ്ഞില്ല. അവന്റെ തൊണ്ടയാകെ വരണ്ടുപോയിരുന്നു.
ഷിജോ തിട്ടയിൽ നിന്ന് വെള്ളത്തിലേക്കിറങ്ങി, ഒരു കൈക്കുമ്പിൾ വെള്ളം എടുത്ത് മൂക്കിനടുത്തേക്ക് കൊണ്ടുവന്നു.
പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിലിലേക്ക് തെറിച്ചുവീണ ഷിജോ ദീനമായി ജോസിനെ നോക്കി.
”ചേട്ടായീ… ഏത് മഹാപാപിയാ നമ്മളോടിത് ചെയ്ത്. കുളമാകെ ഉഗ്രവിഷമാ. ഗാലൻ കണക്കിന് കലക്കീട്ടുണ്ടെന്നാ തോന്നുന്നത്… ആര്, എന്നതിനാ ഇത്….”
അങ്ങനൊരു ചോദ്യം ചോദിക്കുന്നതിലും അതിനുത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനും അപ്പുറം മെറ്റാരു പാഴ്‌വേലയില്ലെന്ന് ജോസിന് അപ്പോഴേ അറിയാമായിരുന്നു.
പണ്ടൊക്കെ, തന്റെ ജീവിതത്തിലെ ഓരോ ശ്രമങ്ങളും പരാജയപ്പെടുമ്പോഴും ജോസിന് വേദപുസ്തകത്തിലെ പഴയ നിയമത്തിലെ ഇയ്യോബ് നേരിട്ട പരീക്ഷണങ്ങൾ ഓർമവരുമായിരുന്നു. തീർത്തും നീതിമാനും ദൈവവിശ്വാസിയുമായ ഇയ്യോബിന് തന്നിലുള്ള വിശ്വാസം എത്രമാത്രം ഉറച്ചതാണെന്നതിന് ദൈവം നടത്തിയ പരീക്ഷണങ്ങളായിരുന്നല്ലോ അയാൾ നേരിട്ട പീഡകൾ. ഒടുവിൽ ഇയ്യോബ് എത്ര കഠിന പീഡനങ്ങൾ നേരിട്ടിട്ടും തന്റെ വിശ്വാസം ഉപേക്ഷിച്ചില്ല എന്ന് കണ്ട് ദൈവം അയാൾക്ക് ഐശ്വര്യപൂർണമായ ജീവിതം നൽകുന്നു.
പക്ഷെ, താൻ നീതിമാനാണെന്നോ തനിക്ക് ദൈവത്തിൽ ഉള്ള വിശ്വാസം അചഞ്ചലമാണെന്നോ തെളിഞ്ഞിട്ട് തന്റെ പരാജയങ്ങൾക്ക് ഒരു യുക്തി ഉണ്ടാകുന്നതിൽ യാതൊരു അർത്ഥവുമി
ല്ലെന്ന് ജോസിന് പോകെ പോകെ തോന്നിയിരുന്നു. ലോകത്തിന്റെ സർവനൈർമല്യവും പേറുന്ന പൊടിക്കുഞ്ഞുങ്ങൾ അർബുദം ബാധിച്ചും യുദ്ധക്കെടുതികൾക്കും പലായനങ്ങൾക്കും ഇരകളായും കടുത്ത വേദനയിൽ പിടഞ്ഞു മരിക്കുന്നതിന്റെ പിന്നിലുള്ള ദൈവികമായ യുക്തിയോ പദ്ധതിരഹസ്യമോ എന്താണെന്ന് അറിഞ്ഞിട്ടു മാത്രമേ, തന്റെ പരാജയങ്ങൾക്കും വ്യ
ഥകൾക്കും പിന്നിലുള്ള യുക്തി എന്തെന്ന് അറിയേണ്ടതുള്ളു എന്ന് അയാൾ ഉറപ്പിച്ചിരുന്നു….
ക്രമേണ, വിവരമറിഞ്ഞ് വെളുപ്പാൻകാലത്ത് കായലിൽ വലവീശുന്നവരും കക്ക വാരുന്നവരും അപ്പുറത്ത് ചുണ്ണാമ്പ് കക്കനീറ്റുന്ന ചൂളകളിലുള്ളവരും എല്ലാം ചേർന്ന് കുളക്കരയിൽ വലി
യൊരു ആൾക്കൂട്ടം രൂപപ്പെട്ടു. അവരിൽ പലരും പാവം പിടിച്ച ജോസിനോട് ഇങ്ങനൊരു കടുംകൈ ആരാണ് ചെയ്തത് എന്നതിനെക്കുറിച്ചും അതിനു പിന്നിൽ ജോസിനോട് അവർക്ക് വിദ്വേഷമുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും ഓരോരോ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. അവരിൽ ചിലർ ജോസിനോടും ഷിജോയോടും അതിനെക്കുറിച്ചൊക്കെ ചില ചോദ്യങ്ങളും ചോദിച്ചു.
ഈ സമയം ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യനായി അവിടെ നിന്നിരുന്ന ജോസിന് തന്റെ അത്യപൂർവമായ സിനിമാകാണലുകൾക്കിടയിൽ കണ്ടിഷ്ടപ്പെട്ട ‘മഹേഷിന്റെ പ്രതി
കാരം’ എന്ന സിനിമയിലെ പേരില്ലാത്ത നെല്ലിക്കക്കാരൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഓർമവന്നു. രാവിലെ വീട്ടിൽ നിന്ന്, ശുഭപ്രതീക്ഷയോടെ ഒരു കൊട്ട നെല്ലിക്ക വിൽക്കാനായി ഇറങ്ങിത്തി രിക്കുന്ന ആ ഗ്രാമീണ മനുഷ്യന്, വഴിയിൽ വച്ച് തനിക്ക് തീർത്തും
നിയന്ത്രണാതീതവും അജ്ഞാതവുമായ സംഭവപരമ്പരകളുടെ ഒടുവിൽ കൊട്ടയിലുള്ള നെല്ലിക്കയത്രയും തരിമ്പിനുപോലും ഉപയോഗിക്കാൻ പറ്റാത്തവിധം നഷ്ടപ്പെടുന്ന രംഗം ജോസിനെ വല്ലാതെ ആകർഷിച്ചിരുന്നു. ആ സിനിമ കണ്ട ശേഷം തന്റെ ജീവിതത്തിലുടനീളം താൻ ആ നെല്ലിക്കക്കാരനാെണന്ന് തോന്നിയിട്ടുണ്ട്.
പുലരിയുടെ തുടുപ്പുകൾ, കലമ്പൽ കൂട്ടുന്ന കാക്കകളുടെ മേലാപ്പിന് അപ്പുറത്ത് കായലിന് സ്വർണനിറം പൂശിക്കൊണ്ടിരിക്കുന്നത് കാണവേ, താൻ ഇനിയും അടുത്തതായി ഏത് നെല്ലി
ക്കാക്കൊട്ടയുമായാണ് വഴിയിലേക്ക് ഇറങ്ങുക എന്ന് ജോസ് ആലോചിച്ചു.