വളരെ അപ്രതീക്ഷിതമായാണ് വടക്കൻ സംസ്ഥാനത്തിലേക്ക് – ബിഹാറിലേക്ക് – ഒരു യാത്ര തരപ്പെട്ടത്. ഒരു ദിവാസ്വപ്നം പോലെ രണ്ടു ദിവസം നീണ്ടുനിന്ന ഹ്രസ്വയാത്ര. (യാത്രകൾ എന്നും അങ്ങിനെയാണ്. ഒരുക്കങ്ങളോടു കൂടി കാത്തിരുന്നു കിട്ടുന്നവയല്ല. തീർത്ഥയാത്രകൾ പ്രത്യേകിച്ചും. ഒരു നിയോഗമെന്നതുപോലെ പിറന്നുവീണതാണ് എന്റെ പാറ്റ്‌ന-ബോധ്ഗയ യാത്രയും).
‘വിഹാരം’ എന്ന വാക്കിൽ നിന്നാണത്രെ ‘ബിഹാർ’ ഉണ്ടായത്. ഭാരത സംസ്‌കാരത്തിന്റെ ഈറ്റില്ലം എന്നു പറയാവുന്ന ബിഹാറും ഉൾനാടുകളും ചരിത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളാണ്. സാമൂഹ്യപരമായും സാമ്പത്തിക നിലയിലും ഇന്നും പിന്നാക്കം നിൽക്കുന്ന ബിഹാർ സംസ്ഥാനം ശ്രീ. നിതീഷ് കുമാർ മുഖ്യമന്ത്രിയായി ഭരണമേറ്റ ശേഷം (പ്രത്യേകിച്ച് ലാലുവിന്റെ കാലശേഷം) പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച ‘ബിഹാർ മ്യൂസിയം’ ബിഹാറിന്റെ ചരിത്ര പ്രാധാന്യവും സാംസ്‌കാരിക തനിമകളും നമുക്കു കാണിച്ചുതരുന്നുണ്ട്. ബുദ്ധവിഹാരങ്ങളുടെ നാടാണ് ബിഹാർ. 2500 വർഷങ്ങൾക്കു മുമ്പ് സിദ്ധാർത്ഥ ഗൗതമൻ എന്ന യുവരാജാവ് ജന്മോദ്ദേശ്യങ്ങളെയും മോക്ഷത്തെയും തേടി വർഷങ്ങളോളം യാത്ര ചെയ്ത് സ്വായത്തമാക്കിയ അറിവുകളാണ് പിന്നീട് പ്രബോധോദയത്തിന് കാരണമായതും ‘ബുദ്ധിസം’ എന്ന പേരിൽ ശ്രീബുദ്ധന്റെ തത്വശാസ്ര്തമായി ഏഷ്യൻ വൻകര ഒട്ടാകെ പടർന്നുപിടിച്ചതും.
ഇന്നത്തെ ബിഹാർ ബി.സി. ആറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന മഗധ വംശത്തിന്റെ പിന്തുടർച്ചയായി നിലവിൽ വന്നതായി കരുതപ്പെടുന്നു. മൗര്യവംശ ഭരണത്തിന്റെ അടയാളപ്പെടുത്തിയ പരിഷ്‌കാരങ്ങളായിരുന്നു അശോക ചക്രവർത്തി ഭരിച്ചിരുന്ന കാലഘട്ടം . ജൈനിസം ഇതേ കാലഘട്ടത്തിലാണ് ഇവിടെ ഉടലെടുത്തത്. 24 തീർത്ഥങ്കരയിലെ അവസാന കണ്ണിയായ മഹാവീരന്റെ നാമത്തിലാണ് ‘പഞ്ചയമധർമ’ മെന്ന പേരിൽ പ്രസിദ്ധിയാർജിച്ച അഹിംസ, സത്യം, ആസ്‌േതയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ അറിയപ്പെട്ടത്. മെയ് മാസം ഒരിക്കലും ബിഹാർ യാത്രയ്ക്ക് ചേർന്നതല്ല. വേനലിന്റെ രൂക്ഷമായ ചൂടും വിയർപ്പും പുറത്തിറങ്ങാൻ വരെ സമ്മതിക്കില്ല. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിൽ നേർവിപരീതവും.
പത്തു കിലോമീറ്ററോളം വീതിയുള്ള ഗംഗാനദി വറ്റിവരണ്ടു കിടക്കുന്നതു പോരാതെ അവിടം മുഴുവൻ താത്കാലി കെട്ടിടങ്ങളും ഉയർന്നുപൊങ്ങിയിട്ടുണ്ട്. ജൂലൈ മാസത്തിലെ പേമാരി ഗംഗയുടെ തത്സ്വരൂപം വീണ്ടെടുക്കും. ഞങ്ങൾക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത് ദാനാപൂർ 10, ബിഹാർ റെജിമെന്റ് കമാന്റന്റ് ബ്രിഗേഡിയർ മനോജ് നടരാജന്റെ മിലിറ്ററി ബംഗ്ലാവിലാണ്. (ഫസ്റ്റ് കസിനാണ് മനോജ്. ഞങ്ങളുടെ യാത്ര അഞ്ചു വർഷം മുമ്പ് ഞങ്ങളെ വേർപിരിഞ്ഞ അച്ഛന്റെ അസ്ഥി ഗയയിലും ഗംഗയിലും നിമജ്ജനം ചെയ്യാനും). മിലിറ്ററി ചിട്ടയോടെയുള്ള താമസവും യാത്രയും കാലാവസ്ഥയുടെയോ അപരിചിതത്വത്തിന്റെയോ ഭാരം അറിയിച്ചതേയില്ല. ദാനാപൂർ മിലിറ്ററി കൻടോൺമെന്റ് ഉടനീളം ജൂലൈ മാസത്തിലെ വെള്ളപ്പൊക്കത്തെ ചെറുക്കാനായി മതിലുകൾ കെട്ടിയുയർത്തി
യിട്ടുണ്ട്. ബിഹാറിനെ അറിയണമെങ്കിൽ ജൂലൈ മാസം വരണം.
പ്രകൃതി അതിന്റെ വിശ്വരൂപം കാണിച്ചുതരും, മനോജ് പറയുകയുണ്ടായി.ബോധ്ഗയയിലേക്കുള്ള യാത്ര (120 കി.മീ.) മൂന്നു മണിക്കൂർ വേണ്ടിവരുമെങ്കിലും യാത്രയിൽ ആദ്യം ഞങ്ങൾ ലക്ഷ്യമിട്ടത് ‘പാവാപുരി’ ജൈൻ മന്ദിറാണ്. തനിയെ വളർന്നു നിറഞ്ഞ താമരക്കുളത്തിനു നടുവിലെ മാർബിൾ കുടീരം തീർത്ഥാങ്കർ മഹാവീർ ചരമം പ്രാപിച്ച ഇടമാണ്. ശവകുടീരത്തിൽ നിന്നും ഇളക്കിമാറ്റിയ മണ്ണ് താനെ താണുണ്ടായതാണത്രെ ഈ താമരക്കുളം. ഈ സ്ഥലത്തിന്റെ മറ്റൊരു പേരാണ് ‘അപ്പാപുരി’ അഥവാ പാപം ഇല്ലാതാകുന്ന മന്ദിരം. ഓരോ ഭക്തനും ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ അതുവരെയുള്ള പാപങ്ങൾ ഇല്ലാതാകുമെന്നത്രെ വിശ്വാസം. ഒരു പൂപോലും പറിക്കാൻ അനുവദിക്കാതെ നിറഞ്ഞുനിൽക്കുന്ന താമരകളും കുളത്തിലെ വിവിധയിനം വർണകൊക്കുകളും വളരെ മനോഹരംതന്നെ. തീർത്ഥാങ്കര മഹാവീർ തന്റെ പ്രവാചകവഴി കൾ കാണിക്കുന്നത് മൂന്ന് മഹദ്‌വചനങ്ങളിലൂടെയാണ്.
1. അഹിംസ പരമോധർമ:
2. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ
3. അന്യോന്യം സ്‌നേഹിച്ചു ജീവിക്കൂ
പാവപുരിയിലേക്കുള്ള യാത്ര ഇടയിൽ വന്നുപെട്ടതുകൊണ്ട് ബിഹാർ-ബോധ്ഗയ ദൂരം 150 കി.മീ. ആയി ഉയർന്നു. വൈകുന്നേരം ‘ഗയ’യിൽ മിലിറ്ററി ട്രെയിനിംഗ് അക്കാദമിയിൽ താമസമൊരുക്കിയിരുന്നു. രാത്രി സുഭിക്ഷമായ ഭക്ഷണവും അതിഥിമര്യാദകളും കഴിഞ്ഞ് പിറ്റേന്ന് പുലർച്ചെ ‘ഗയ’യിൽ ശ്രാദ്ധമൂട്ടാനും അസ്ഥിനിമജ്ജനത്തിനുമായി ഞങ്ങൾ തയ്യാറായി. ‘ഗയ’ അന്തർദേശീയ വിമാനത്താവളമുള്ള, ലോകരാഷ്ട്രങ്ങളുമായി അടുത്തു ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണ്. ഒട്ടുമിക്ക രാഷ്ട്രങ്ങളിലേക്കും, പ്രത്യേകിച്ച് ബുദ്ധിസം നിലനിന്നുവരുന്ന ജപ്പാൻ, ചൈന, ശ്രീലങ്ക, ടിബറ്റ്, കൊറിയ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൃത്യമായ വിമാനസർവീസുകളുണ്ട്. ബോധ്ഗയ,ഫൽഗുനി നദിക്കു മുകളിൽ കിലോമീറ്റർ കണക്കിന് മണൽക്കൂന നിറഞ്ഞ് പരന്നു കിടക്കുന്നു. വിശ്വാസം കാത്തുസൂക്ഷിച്ച് മണലിന്നടിയിലാണ് അസ്ഥി നിമജ്ജനം നടത്തിയത്. സീതാദേവിയുടെ ശാപം എന്നോണം ‘ഫൽഗുനി’ നദിയിൽ എന്നും ജലത്തിന്റെ ഒഴുക്ക് നദിക്കടിയിലൂടെയാണത്രെ! വിഷ്ണുപദം തൊഴുത് ആത്മക്കൾക്ക് മോക്ഷത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങൾ മടങ്ങി.
‘ബോധ്ഗയ’ നിശ്ശബ്ദതയുടെ താഴ്‌വരയിലാണ് – പതിനൊന്ന് രാഷ്ട്രങ്ങളുടെ – ബുദ്ധിസം വളർന്നുവന്ന രാഷ്ട്രങ്ങളുടെ ‘മോണസ്ട്രി’കളും (സന്യാസിമഠങ്ങൾ) ബുദ്ധസന്യാസികളും നിറഞ്ഞ മറ്റൊരു ലോകം. നേരത്തെ പ്രസ്താവിച്ച ബുദ്ധിസം നിന്നുപോരുന്ന എല്ലാ രാജ്യങ്ങളുടെയും ‘മൊണാസ്ട്രി’ സന്ദർശിക്കുന്നതുതന്നെ വലിയൊരനുഭവമാണ്. പവിത്രത കാത്തുസൂക്ഷിക്കുന്ന ഈ ‘വിഹാര’ങ്ങളെല്ലാംതന്നെ സന്ദർശകരെ ബഹുമാനപൂർവം സ്വീകരിച്ച് സമ്മാനങ്ങൾ നൽകി അയയ്ക്കുന്നു. നേരിട്ട് സംഭാവനകൾ ഒന്നും സ്വീകരിക്കുന്നില്ല. ആവശ്യമെന്നു തോന്നുന്നവർക്ക്
ഹുണ്ടികയിൽ നിക്ഷേപിച്ച് മടങ്ങാം.
ബോധ്ഗയയിലെ സുപ്രധാന സ്ഥലം ശ്രീബുദ്ധന്റെ സമാധി സ്ഥലമാണ്. ബുദ്ധൻ തപസ്സിരുന്ന് ധ്യാനലീനനായി സമാധിയടഞ്ഞ സ്ഥലത്ത് ആ വലിയ ആൽവൃക്ഷം ഇന്നും നിശ്ശബ്ദതയുടെ സാംഗത്യം ഊന്നിക്കാണിച്ചുകൊണ്ട് നിൽക്കുന്നു. 89 കിലോ സ്വർണം കൊണ്ട് മൂടിയ മകുടം ആൽവൃക്ഷത്തിനരികിലായി പണിതീർത്തിരിക്കുന്നു. കുറച്ചകലെയായി 80 അടി ഉയരമുള്ള പടുകൂറ്റൻ ബുദ്ധപ്രതിമ 1989ലാണ് പണികഴിഞ്ഞത്. നാലുകൊല്ലമെടുത്തു പണിതീർക്കാൻ. രണ്ടു വശങ്ങളിലും അഞ്ചു വീതം ബുദ്ധസന്യാസിമാരുടെ പ്രതിമകൾ നമ്രശിരസ്‌കരായി നിൽക്കുന്നുണ്ട്. ബോധിവൃക്ഷത്തണലിൽ ഞങ്ങളെല്ലാവരും ചമ്രം പടിഞ്ഞിരുന്ന്
അല്പനേരം ധ്യാനത്തിലമർന്നു.
പാറ്റ്‌നയിൽ നിന്ന് ഗയയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാജ്ഗീർ, നളന്ദ, വൈശാലി തുടങ്ങിയ ബുദ്ധസ്മൃതികൾ നിറഞ്ഞുനിൽ ക്കുന്ന സ്ഥലങ്ങൾ. ഭൂമിഹാറുകളും ദളിതരും തമ്മിൽ നടന്ന കൂട്ടക്കൊലകളുടെ ജഹനാബഹാദ് ജില്ലയിലൂടെ വേണം ഗയ യാത്ര. വാസ്തുശില്പങ്ങളും ചരിത്രസ്മാരകങ്ങളും ഉറങ്ങിക്കിടക്കുന്ന വിഹാരങ്ങളുടെയും മഹാവിഹാരങ്ങളുടെയും നാടാണ് ബിഹാർ. ഉത്ഖനനത്തിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞ ചരിത്ര വസ്തുതകൾ നിസ്സാരമെന്നു തോന്നും ഈ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ – ഇനിയെത്ര അറിയാൻ ബാക്കിയെന്ന് നെടുവീർപ്പിടും. ഭിക്ഷാടനപ്രയാണങ്ങളുടെ തീരമായി അറിയപ്പെടുന്ന സ്ഥലമാണ് രാജ്ഗീർ. ചൂടുറവകളും അതിനു ചുറ്റുമുള്ള ദേവീക്ഷേത്രവും രാജ്ഗീറിൽ പേരുകേട്ടതാണ്. ഞങ്ങൾ അവിടെയെത്തുമ്പോൾ ആണ്ടിൽ നടക്കുന്ന പ്രധാന ഉത്സവത്തിന്റെ അവസാന നാളുകളാണ്. തലേദിവസം മുഖ്യമന്ത്രി നിതീഷ് കുമാർ വന്നുപോയതി ന്റെ തിരക്കും പന്തലും തോരണങ്ങളും. കുറെ വിദേശ സഞ്ചാരികളെയും കണ്ടു. രാജ്ഗീറിലെ റോപ്‌വേ പ്രസിദ്ധമാണ്.
‘വിശ്വശാന്തിസ്തൂപ’ത്തിലെത്താനുള്ള യാത്ര റോപ്‌വേ വഴിയാണ്. ശ്രീബുദ്ധന്റെ ജീവിതവേദാന്തം പൂർണമായി ഉൾക്കൊണ്ട് സ്ഥിതി ചെയ്യുന്ന വിശ്വശാന്തിസ്തൂപം ശാന്തിയുടെ കുടീരമായി നിലകൊള്ളുന്നു. അടുത്ത യാത്ര നളന്ദയിലേക്ക്. വിശ്വകലാശാലയുടെ പ്രൗഢിയും അന്തസ്സും അലങ്കരിക്കുന്ന ‘നളന്ദ’ അറിയാനും പഠിക്കാനും ഏറെയുള്ള സ്ഥലമാണ്. നളന്ദയുടെ ചരിത്രപ്രസിദ്ധി വിവരിച്ചുതരാൻ ഞങ്ങൾക്കൊര ഗൈഡിനെയും ലഭിച്ചു. ‘ഗുരുകുൽ’ വിദ്യാഭ്യാസരീതി നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ പഠനത്തിനും അറിവിനും അതിലൂടെ സ്വഭാവരൂപീകരണത്തിനും ഇന്ത്യൻ പൂർവികർ നൽകിയിരുന്ന പ്രാധാന്യം ഇവിടം സന്ദർശിച്ചാൽ അറിയാനാവും. അറിവിന്റെ മകുടങ്ങളേന്തിയ പണ്ഡിതന്മാർ മാത്രമാണ് ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നത്. വിദ്യാർത്ഥികൾക്ക് കടുത്ത ശിക്ഷണരീതികളും അറിവുകൾ പകരാനുതകുന്ന ശിക്ഷണമാർഗങ്ങളും നിലനിന്നിരുന്നു. നിർമാണവും രൂപകല്പനയും ഇന്നത്തെ നമ്മുടെ എഞ്ചിനീയർമാർക്ക് സ്വപ്നം കാണാൻ പോലുമാകാത്തവിധം കിടയറ്റത്. ഓരോ ക്ലാസുമുറികൾക്കു മുമ്പിലും ആകാശത്ത് പ്രതിബിംബിക്കുന്ന ചന്ദ്രന്റെ പ്രകാശം കൃത്യമായി പ്രതിമയുടെ മുഖത്ത് വീഴുന്ന രീതിയിൽ പണിതുണ്ടാക്കിയ ബുദ്ധപ്രതിമകൾ.
യാത്രയ്ക്കിടയിൽ മൺകൂജയിൽ ചൂടാക്കി മൺപാത്രത്തിൽ നൽകിയ ചൂടുള്ള ചായയുടെ വേറിട്ട രുചി എല്ലാവർക്കും പുതിയ അനുഭവമായി. നളന്ദ നശിപ്പിച്ച മുസ്ലിം രാജാവിന്റെ പേരുതന്നെയാണ്
വഴിയിൽ ചായ കുടിക്കാൻ നിർത്തിയ സ്ഥലം – ‘ബക്ത്യാർപൂർ’. ചരിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടെയുള്ളവർക്ക് അതൊന്നുമറിയില്ല – അറിയണമെന്നുമില്ല. ഇതാണ് ഇന്ത്യ. അവിടെയും ഇവിടെയുമായി കുറെ മതസ്പർധകളും സംഘട്ടനങ്ങളും നമ്മെ സൈ്വര്യപ്പെടുത്തുന്നുണ്ടെങ്കിലും പൊതുവായി ലോകത്തിൽ അസഹിഷ്ണുതയുടെ ഈറ്റില്ലമായി അവശേഷിക്കുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ. തികച്ചും അഭിമാനിക്കാവുന്ന വലിയ പരമാർത്ഥം.