സർക്കാർ ജോലിയിൽ നിന്നു വിരമിച്ച ഉടനെ അയാൾ ചതുർധാമങ്ങളിലേക്ക് തീർത്ഥയാത്ര പോയിരുന്നു. തിരിച്ചു നാട്ടിലെത്തി ഏറെക്കഴിയും മുൻപ് അയാളൊരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.അതിനെന്തു പേരിടണം എന്ന് ആലോചിക്കവെ തീർത്ഥയാത്രയിൽ കണ്ട ഗംഗോത്രിയുടെ സൗന്ദര്യവും ഗംഗാജലത്തിന്റെ പരിശുദ്ധിയും ഓർമ്മയിൽ തെളിഞ്ഞു. അങ്ങനെയാണ് ഹോട്ടലിന് ഗംഗ എന്നു പേരിട്ടത്.
രാവിലെ ഹോട്ടൽ തുറന്നാൽ അയാൾ കാഷ് കൗണ്ടറിനു മുകളിൽ വെച്ചിട്ടുള്ള ശ്രീരാമന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തും. പിന്നെ മ്യൂസിക് പ്ളെയറിൽ വ്യാസ വിരചിതമായ ഗംഗാസ്തോത്രംവെക്കും. “ദേവി സുരേശ്വരി ഭഗവതി ഗംഗേ, ത്രിഭുവന കാരിണി തരള തരംഗേ,ശങ്കര മൗലി വിഹാരിണി വിമലേ … ”
അന്നേരം ഹോട്ടലിലെ പാചകക്കാരൻ അടുക്കളയിൽ കാടയിറച്ചി നുറുക്കാൻ തുടങ്ങിയിട്ടുണ്ടാവും.കാടയിറച്ചി വരട്ടിയതാണ്
അവിടത്തെ വിശേഷപ്പെട്ട വിഭവം. ഹോട്ടൽ തുടങ്ങി മാസങ്ങളോളം അധികം ആളുകളൊന്നും ഭക്ഷണം കഴിക്കാൻ അങ്ങോട്ട് വന്നിരുന്നില്ല. പിന്നെ പിന്നെ കാടവിഭവത്തിന്റെ രുചി പ്രസിദ്ധമായതോടെ ഹോട്ടലിൽ ധാരാളം ആളുകൾ വരാൻ തുടങ്ങി. അതോടെ വിഭവം നേരത്തെ തീരുകയും വൈകി വരുന്നവർ നിരാശപ്പെട്ടു മടങ്ങേണ്ട അവസ്ഥയും ഉണ്ടായി. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ഹോട്ടലിൽ നിന്ന് ഗംഗാ സ്തോത്രത്തിനു പകരം രാം തേരി ഗംഗാ മയ്ലി എന്ന സിനിമക്കു വേണ്ടി ലതാ മങ്കേഷ്ക്കർ പാടിയ പാട്ട് കേട്ടു.”ഏക് ദു:ഖിയാരി കഹേ ബാത് യേ രോതേ രോതേ, രാം തേരി ഗംഗാ മയ്ലി ഹോ ഗയീ… ”
പതിവിൽ നിന്ന് മാറിയുള്ള പാട്ടു കേട്ടപ്പോൾ ഹോട്ടലിലെ വിളമ്പുകാരൻ കാഷ് കൗണ്ടറിലേക്ക് നോക്കി. എപ്പോഴും
പ്രസന്നവദനനായി കാണാറുള്ള ഹോട്ടലുടമയുടെ മുഖത്ത് വിഷാദ ഭാവം ഉള്ളതായി അയാൾക്ക് തോന്നി. മൂന്നു ലോകങ്ങൾക്കും കാരണമായവളും ശിവ ശിരസിൽ മാലിന്യമില്ലാതെ വിഹരിക്കുന്നവളുമായ ഗംഗ ഒരൊറ്റ രാത്രിക്കു ശേഷം മലിനയായി മാറിയത് എന്തു കൊണ്ടാണെന്ന് വിളമ്പുകാരന് മനസിലായില്ല. അന്നു തന്നെയാണ് ഹോട്ടലിൽ പതിവുകാരനായ ഒരാൾക്ക് കാടവിഭവത്തിൽ രുചി വ്യത്യാസം അനുഭവപ്പെട്ടതും.തുടർന്നുള്ള ദിവസങ്ങളിലും ഹോട്ടലിൽ രാവിലെ ഗംഗാ സ്തോത്രം കേട്ടില്ല. പകരം രാം, തേരി ഗംഗാ മെയ്ലി ഹോ ഗയി … രാമാ, നിന്റെ ഗംഗ മലിനയായി എന്ന പാട്ടു തന്നെ ആവർത്തിച്ചു.
ഗംഗാ സ്തോത്രം നിലച്ച് മാസമൊന്നു തികയും മുൻപ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ പരിശോധനക്കെത്തി. ഹോട്ടലുടമയുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ഗംഗയിൽ മാലിന്യമുണ്ടെന്നുള്ള കാര്യം ഹെൽത്ത് ഇൻസ്പെക്ടർക്കു മനസിലായി. ഒപ്പം വന്നവർ ഹോട്ടലിലെ ഭക്ഷ്യവിഭവങ്ങൾ ലാബ് പരിശോധനക്കായി ശേഖരിക്കവെ, ഹെൽത്ത് ഇൻസ്പെക്ടർ ഹോട്ടലുടമയെ തനിച്ചു മാറ്റി നിർത്തി ചോദ്യം ചെയ്തു.
“ഞാനെന്തു ചെയ്യാനാ സാറേ.” ഹോട്ടലുടമ പറഞ്ഞു. “വിഭവത്തിന് ആവശ്യക്കാർ കൂടുതലായപ്പൊ അതിനനുസരിച്ച് കൂടുതൽ കാടകളെ കിട്ടാതായി. നിവർത്തിയില്ലാതെ വന്നപ്പൊ…. ഞാൻ …..പട്ടി മാംസം …”
“എന്തൊരു തെമ്മാടിത്താടോ താൻ ചെയ്തത്.”ഹെൽത്ത് ഇൻസ്പെക്ടർ രോഷത്തോടെ ചോദിച്ചു.
“വിഭവം തീർന്നുവെന്ന് പറയുമ്പോ… കഴിക്കാൻ വരുന്നവരുടെ മുഖത്തുണ്ടാവുന്ന നിരാശ കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ടാ സാറേ …ഞാൻ .. ”
“വല്ലാത്തൊരു മനസലിവാണല്ലൊ തനിക്ക്.”
“ഞാനൊരു ദുർബല ഹൃദയനാ, സാറേ. മറ്റുള്ളവരുടെ സങ്കടം കണ്ടിരിക്കാൻ എനിക്കു കഴിയില്ല.”
“ഛി നിർത്തടാ. മനുഷ്യർ തിന്നാത്ത പട്ടിയിറച്ചി ആളുകളെ തീററിച്ചിട്ട് … അവന്റൊരു… ”
“മനുഷ്യർ പട്ടി മാംസം ഭക്ഷിക്കും സാറേ. നമ്മുടെ നാഗാലാന്റിലുള്ളവർക്ക് പട്ടിയിറച്ചി പോലെ ഇഷ്ടപ്പെട്ട മറ്റൊരു ഭോജ്യമില്ല.”
“അതങ്ങ് നാഗാലാന്റില്. ഇത് കേരളമാണ്. ”
“നമ്മളിങ്ങനെ സംസ്ഥാനം വേർതിരിച്ച് സങ്കുചിതമായി കാര്യങ്ങൾ കാണാൻ പാടില്ലാന്നാ എന്റൊരു അഭിപ്രായം ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമാരാണ് എന്നുള്ള പ്രതിജ്ഞയൊക്കെ നമ്മള് സ്ക്കൂളിൽ വെച്ച് പഠിച്ചിട്ടുള്ളതല്ലേ. ഏത് സംസ്ഥാനത്തിൽ വസിച്ചാലും നമ്മളൊക്കെ ഭാരതീയരാണ്. എന്നു വെച്ചാൽ ഭാരതമാതാവിന്റെ മക്കൾ.
നാനാത്വത്തിൽ ഏകത്വം അതല്ലേ ആർഷ സംസ്ക്കാരത്തിന്റെ കാതൽ തന്നെ. ഇനിപ്പൊ ഏകീകൃത സിവിൽ കോഡ് കൂടി വന്നാ എല്ലാം തികഞ്ഞു. അതിനു മുന്നൊരുക്കമായി ഭക്ഷണത്തിലും ഒരു ഏകീകരണം വരുത്തുന്നത് നല്ലതാണല്ലൊ.അതും കൂടി മനസിൽ വിചാരിച്ചാ ഞാൻ ….”
“അപ്പൊ താൻ കാടയിറച്ചിയിൽ പട്ടിമാംസം ചേർത്ത് വിറ്റത് നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കാനല്ല. ദേശീയോദ്ഗ്രഥനം ലക്ഷ്യം വെച്ചിട്ടാണ്, അല്ലേ.”
“സാറിനെന്റെ ഉദ്ദേശശുദ്ധി മനസിലായല്ലൊ. ഞാൻ കൃതാർത്ഥനായി. “ഹോട്ടലുടമ കൈകൾ കൂപ്പി പറഞ്ഞു.
“ദേശീയോദ്‌ഗ്രഥനമൊക്കെ കൊള്ളാം.പക്ഷെ സാമ്പിളെടുക്കുന്ന വിഭവം ലാബിൽ പരിശോധിച്ച് കൃത്രിമം കാണിച്ചിട്ടുണ്ടെന്നു വ്യക്തമായാൽ തന്റെ ഹോട്ടൽ ലൈസൻസ് റദ്ദാവും.ജയിലിൽ കിടക്കേണ്ടിയും വരും.”
“ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ഭാരത് മാതാ കീ ജയ് വിളിക്കുന്ന എന്നെപ്പോലൊരു ദേശസ്നേഹിയോട് ഈ വിധം പെരുമാറുന്നത് ശരിയാണെന്ന് സാറിന് തോന്നുന്നുണ്ടോ.”
“ഈ വിഷയത്തിൽ എന്റെ തോന്നലിന് പ്രസക്തിയില്ല. അതൊക്കെ നമ്മുടെ നീതിന്യായ വ്യവസ്ഥയനുസരിച്ച് ….”
“ഒലക്കേമലെ നീതിന്യായാ നമ്മുടെ. പട്ടിയെ കൊല്ലാമ്പാടില്ല്യാന്ന് ഒരു നിയമം. ജീവകാരുണ്യം കൊണ്ടാണെന്നാ പറച്ചില്. മനുഷ്യർക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആയിരക്കണക്കിന് ആടുമാടുകളേയും കോഴികളേയുമൊക്കെ ദിനംപ്രതി നമ്മൾ കൊല്ലുന്നുണ്ട്. അവറ്റയും പട്ടികളെപ്പോലെ തന്നെയുള്ള ജീവികളാണ്.
അവറ്റയോടും വേണ്ടേ ജീവകാരുണ്യം. അതൊട്ടില്ല താനും. കാരുണ്യം മുഴുവൻ മനുഷ്യരെ ഓടിച്ചിട്ടു കടിക്കുന്ന പട്ടികളോട്. മന്ത്രിമാരും ന്യായാധിപൻമാരുമൊക്കെ പേവിഷ പ്രതിരോധവാക്സിൻ കമ്പനിക്കാരിൽ നിന്ന് ….ങ് ആ…. പണത്തിനു മീതെ പരുന്തും പറക്കില്ലാന്നാണല്ലൊ.”
“നിർത്തിക്കോ അതാ നല്ലത്. അവരാരെങ്കിലും തനിക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുത്താലേ….”
“സങ്കടം കൊണ്ട് പറഞ്ഞു പോണതാ സാറേ. പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്.പട്ടികളെ മനുഷ്യരെക്കൊണ്ടു തീറ്റിച്ചാൽ ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരമാവുമല്ലോയെന്ന് കരുതീട്ടും കൂട്യാ ഞാൻ….”
“വന്ധീകരണത്തിലൂടെ പട്ടിപ്പെരുപ്പം നിയന്ത്രിക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.അതുകൊണ്ട് താൻ അതിനു വേണ്ടി….”
“വന്ധീകരണം കൊണ്ടൊക്കെ പട്ടിപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയുംന്ന് സാറിന് തോന്നുന്നുണ്ടോ. വിവരമില്ലാത്തവരാണല്ലൊ നമ്മെ ഭരിക്കുന്നത്.നായ്ക്കൾക്ക് നിരോധും പട്ടികൾക്ക് ജനനേന്ദ്രിയത്തിൽ കോപ്പർട്ടി വെച്ചു കൊടുക്കുന്ന പദ്ധതിയുമൊക്കെ
ഭാവിയിൽ സർക്കാർ തുടങ്ങിയേക്കും.”
“തനിക്ക് നല്ല ഹ്യൂമസെൻസാണല്ലൊ. ജയിലിൽ ചെന്നാൽ തടവുകാർക്ക് നേരമ്പോക്കിനൊരു വകയാവും.”
“അങ്ങനെ പറയല്ലെ സാറേ. എന്നെ എങ്ങനെയെങ്കിലും ഈ കേസിൽ നിന്നൊന്ന്…”
“അതൊന്നും നടക്കുന്ന കാര്യമല്ല.താൻ പട്ടിമാംസമാണ് ആളുകളെ തീറ്റിയിരിക്കുന്നത്. പകരം വല്ല ബീഫോ മറ്റോ ആയിരുന്നെങ്കിൽ…”
“പട്ടിക്കു പകരം പശുവിനെ കൊല്ലാനോ. കഴിയില്ല സാറേ,കഴിയില്ല. ഗോമാതാവിനെ അറുത്തു വിൽക്കാൻ മാത്രം ഞാൻ അധ:പതിച്ചിട്ടില്ല.” ഹോട്ടലുടമ ഗദ്ഗദത്തോടെ പറഞ്ഞു.
“താൻ വിഷമിക്കാതിരിക്ക് ” ഹെൽത്ത് ഇൻസ്പെക്ടർ ഹോട്ടലുടമയുടെ പുറത്തു തട്ടി സാന്ത്വനിപ്പിച്ചു കൊണ്ട് പറഞ്ഞു.” ബീഫെന്നു പറഞ്ഞപ്പൊ…ഞാൻ പോത്തിനെയാണ് ഉദ്ദേശിച്ചത്. പശുവിനെ മാതാവായിട്ടു തന്ന്യാ ഞാനും കാണുന്നത്. ”
“ആണോ. അപ്പൊ നമ്മളിരുവരും ഗോമാതാവിന്റെ മക്കൾ. എന്നു വെച്ചാൽ സഹോദരങ്ങൾ. സഹോദരൻ സഹോദരനെതിരെ കേസെടുക്കുന്നത് …”
“നിങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ കുറച്ചു കൂടി വ്യക്തത വന്നാൽ… ഒരു പക്ഷെ കേസൊഴിവാക്കാൻ പറ്റിയേക്കും.”
“സാറിന് എന്താ അറിയണ്ടതെന്നു വെച്ചാ ചോദിച്ചോളൂ. ഞാൻ പറയാം.”
” എന്താ തന്റെ പേര്. ”
“പുരുഷോത്തമൻ. ”
“ഫുൾ നെയിം. ”
“പി.കെ.പുരുഷോത്തമൻ എന്നാണ് സാർ. ”
“ഇനീഷ്യലല്ല ഞാൻ ഉദ്ദേശിച്ചത്.നമ്പൂതിരി മുതൽ നായാടി വരെ ഉള്ളവരിൽ…”
“അതാണോ സാറ് ഉദ്ദേശിച്ചത്. ഞാൻ നായരാ സാറേ. പി.കെ.പുരുഷോത്തമൻ നായർ.”
“കേസൊഴിവാകാനുള്ള സാദ്ധ്യതകളൊക്കെ തെളിഞ്ഞു വരുന്നുണ്ട്. ”
“നന്ദി സാർ.”
“നായരാണ് എന്നറിഞ്ഞതിൽ സന്തോഷം.നായരിൽ….”
“ഞാൻ നല്ല ഒന്നാന്തരം കിരിയത്ത് നായരാ, സാറേ.”
“ആണോ. വെരി ഗുഡ്. ”
“സാറിന് വിരോധാവില്ലെങ്കിൽ … ഞാനൊന്ന് ചോദിച്ചോട്ടെ.”
“എന്താടോ. ”
“സാറിന്റെ പേര്.”
“ലംബോധരൻ. ലംബോധരൻ നായർ.ഞാനും കിരിയത്ത് നായരാ.”
“ഇനി സാറ് കേസെടുത്താ തന്നെ എനിക്ക് സങ്കടംല്ല്യാ. ഞാൻ പേടിച്ചിരിക്ക്യായിരുന്നു. വല്ല ചെമ്പു കൊട്ടിനായരോ വെളുത്തേടൻ നായരോ, അതല്ലെങ്കിൽ പതിത ജാതിയിൽ പെട്ട ഈഴവനോ,നീച ജാതിയിൽ പെട്ട പുലയനോ മറ്റോ ആണ് കേസെടുക്കുന്നതെങ്കിൽ…. പിന്നെ തല ഉയർത്തി നടക്കാൻ പറ്റ്വോ.”‘
“കാര്യങ്ങളിൽ ഇത്രത്തോളം വ്യക്തത വന്ന സ്ഥിതിക്ക് ഇനി കേസിന്റെയൊന്നും ആവശ്യമില്ല.എന്നാലും അറിയാനുള്ള താൽപര്യം കൊണ്ട് ഒരു കാര്യം കൂടി ചോദിക്കട്ടെ.”
“എന്താ സാറേ. ”
“താൻ പട്ടി മാംസം അധികൊന്നും ചേർത്തിട്ടില്ലല്ലൊ. ”
” ഇല്ല്യ സാറേ. ഹോട്ടല് ഒരു ബിസിനസാണെങ്കിലും കസ്റ്റമേഴ്സിനോട് നമുക്കൊരു കടപ്പാടില്ലേ. അതുകൊണ്ട്…പപ്പാതി.”
“എന്നു വെച്ചാൽ…ഒരു കിലോ കാടയിറച്ചിയിൽ ഒരു കിലോ പട്ടിയിറച്ചി എന്ന തോതിൽ,അല്ലേ.”
“അങ്ങനെയല്ല സാറേ. തൂക്കമാവുമ്പൊ ഒരു പണത്തൂക്കത്തിന്റെ വ്യത്യാസമെങ്കിലും വന്നു കൂടായ്കയില്ല. അതു വലിയ അധർമ്മാവും.അതു കൊണ്ട് ഒരു കാടയ്ക്ക് ഒരു പട്ടി എന്ന തോതിൽ… ”
“വെരി ഗുഡ്. ” ഹെൽത്ത് ഇൻസ്പെക്ടർ ആവേശഭരിതനായി പറഞ്ഞു. ” ഇത്രയും ധർമ്മിഷ്ഠമായി കാര്യങ്ങൾ ചെയ്യുന്ന ഒരാളെ പുരുഷോത്തമനെന്നല്ല, മര്യാദാ പുരുഷോത്തമൻ എന്നു വേണം വിളിക്കാൻ. മര്യാദാ പുരുഷോത്തമൻ കിരിയത്തിൽ… ”
അന്നേരം ഹെൽത്ത് ഇൻസ്പെക്ടറുടെ മൊബൈൽ ഫോണിലേക്ക് ആരോ വിളിക്കുകയും റിങ് ടോണായി വെച്ചിരുന്ന
പാട്ട് കേൾക്കുകയും ചെയ്തു.”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന…”
Ph – 94464773 19 / 8547 297330