മേജർ രവിയുടെ അനുഭവകഥ ജോഷിയുടെ സംവിധാന
ത്തിൽ ആവിർഭവിച്ച് അധികം കോലാഹലമില്ലാതെ തിയേറ്ററുകളിൽ
ദീർഘനാൾ പ്രദർശിപ്പിച്ച ‘സലാം കാശ്മീർ’ എന്ന മലയാള
ചലച്ചിത്രത്തിലെ ‘മേജർ’ റോളുകൾ അവതരിപ്പിച്ച ജയറാം-സുരേഷ്‌ഗോപി
നടന്മാർ ദേശസ്‌നേഹാനുഭൂതിക്ക് വീണ്ടും
കൊളുത്തിയെന്നു മാത്രമല്ല, ‘ചില കശ്മീർ ചിന്തകളി’ലേക്ക്
മനോരഥചക്രങ്ങളെ തിരിച്ചുവിടുകയും ചെയ്തു. സ്‌കൂളിലെ
ടെക്സ്റ്റ്ബുക്കിൽ ഒരു കാശ്മീർ പാഠം ആരംഭിച്ച വരികൾ മനസിലെ
കോണിൽ കോറിയിട്ടത് ഇപ്രകാരമായിരുന്നു: ‘ഭൂമിയിൽ
ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ്… ഇതാണ്… ഇതാണ്…’
നഗ്‌നനേത്രങ്ങൾ കൊണ്ട് ഇന്നോളം മഞ്ഞു കാണാത്തവർ
ഫോട്ടോകളിലും കലണ്ടറുകളിലും സിനിമകളിലും ദൃശ്യമാകുന്ന,
ഐസ്‌ക്രീംപോലെ കൊതിയുളവാക്കുന്ന കശ്മീർ മഞ്ഞുമലകൾ
അഥവാ താഴ്‌വരകൾ പൂകാൻ വല്ലാതെ മോഹിച്ചുപോകുന്നതിൽ
തെറ്റു പറയാനാകില്ല. കമൽ-കലവൂർ കൂട്ടുകെട്ടിൽ
പിറന്ന ‘ആഗതൻ’ എന്ന സിനിമയിലും കാശ്മീർ ദൃശ്യഭംഗി ഒപ്പി
യെടുത്തത് ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കാനായത്.
കോഴിക്കോട് സർവകലാശാലയിൽ ഗവേഷണം ചെയ്യുന്ന
വേളയിലാണ് കശ്മീർ അതിർത്തിയിൽ ദൗത്യനിർവഹണം നട
ത്താൻ നിയുക്തനായ ഒരു പട്ടാളക്കാരൻ രഹസ്യമായി രക്ഷപ്പെ
ട്ടെന്നും പിന്നീട് പിടിക്കപ്പെട്ട് തീവ്രശിക്ഷയ്ക്ക് വിധേയനായെന്നും
പത്രദ്വാരാ അറിയാനിടയായത്. അതേക്കുറിച്ച് സ്ര്തീഗവേഷകർ
ക്കിടയിലുള്ള ചർച്ചാവേദിയിൽ ‘കശ്മീർ ഒന്നുകിൽ കശ്മീരിക
ൾക്ക് അല്ലെങ്കിൽ പാകിസ്ഥാന് വിട്ടുകൊടുത്ത് ഇന്ത്യയ്ക്ക് സമാധാനമായി
കഴിഞ്ഞുകൂടേ’ എന്ന ആശയമാണ് ഭൂരിപക്ഷാഭിപ്രായമായി
ഉരുത്തിരിഞ്ഞത്. ഇന്ത്യയുടെ ഭൂപടത്തിനു തലയില്ലാതാകൽ
എന്നതിനേക്കാൾ ഗൗരവാവഹമായ പ്രശ്‌നം ഇന്ത്യൻ
പട്ടാളക്കാരുടെയും കശ്മീരിലെ തദ്ദേശവാസികളുടെയും ശിരസുകൾ
നഷ്ടപ്പെടുന്നതാണ് എന്ന വാദം ഉടനീളം മുഴങ്ങിക്കേട്ടു.
സീസറിനെ സ്‌നേഹിച്ചതിനേക്കാൾ കൂടുതൽ, റോമിനെ സ്‌നേഹി
ച്ചതിനാലാണ് സീസറിനെ വധികകാൻ സെനറ്റംഗങ്ങൾക്ക്
നേതൃത്വം നൽകിയതെന്ന, ആത്മാർത്ഥ മിത്രം ബ്രൂട്ടസ് വെളി
പ്പെടുത്തിയ ന്യായീകരണത്തിന്റെ ചുവടുപിടിച്ച്, ഓടിപ്പോയ
പട്ടാളക്കാരനെ പിന്താങ്ങുന്ന ഒരു ഇംഗ്ലീഷ് കവിത അക്കാലയളവിൽ
ഞാൻ രചിക്കാനിടയായി. കുടുംബസ്‌നേഹം ദേശസ്‌നേ
ഹത്തെ കടത്തിവെട്ടിയതിനാലാകാം അദ്ദേഹം രക്ഷപ്പെട്ടത്
എന്നും ദാരുണമായ ശിക്ഷയ്ക്ക് വിധേയനാകേണ്ടിവന്നത് അനീ
തിയാണെന്നും സമർത്ഥിക്കുന്ന കവിതയായിരുന്നു അത്. പതി
വുപോലെ റിസർച്ച് ഫോറം സമ്മേളനത്തിൽ കവിത അവതരി
പ്പിച്ചപ്പോൾ പ്രൊഫ. ശങ്കരനാരായണൻ കവിതയിലെ ആശയത്തോട്
ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് ദേശഭക്തിയെക്കുറിച്ചും
കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്നതിനെ
ക്കുറിച്ചും മറ്റും മറ്റും ഘോരഘോരം പ്രസംഗിച്ചത് ദഹനയോഗ്യമായി
അന്നെനിക്ക് പരിഗണിക്കാനായില്ല. ‘സലാം
കാശ്മീരി’ലെ ജയറാം അവതരിപ്പിച്ച മേജർ കഥാപാത്രം ഇന്റ
ലിജൻസ് ബ്യൂറോയിലെ സുപ്രധാന കർത്തവ്യം നിർണായക
നിമിഷത്തിൽ ഉപേക്ഷിച്ച് മാനസിക വിഭ്രാന്തിക്കടിമപ്പെട്ട ഭാര്യ
യോടൊത്ത് ഒളിച്ചോടി, ദൂരെയുള്ള ഗ്രാമത്തിൽ ആരാലും അറി
യപ്പെടാതെ സാധാരണ ജീവിതം നയിക്കുമ്പോഴാണ് സുരേഷ്‌ഗോപി
പ്രതിനിധാനം ചെയ്ത കഥാപാത്രം തക്ക അവസരങ്ങൾ
സൃഷ്ടിച്ച് ജയറാമിനെ തന്ത്രപ്രധാനമായ സ്‌പോട്ടിൽ തിരികെയെത്തിക്കുന്നത്.
എന്റെ ഇംഗ്ലീഷ് കവിതാസാരാംശത്തിന്റെ
പൊള്ളത്തരം ഞാൻ തിയേറ്ററിലിരുന്ന് തിരിച്ചറിയുകയായിരുന്നു.
2006ൽ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കുമ്പോഴാണ്
ഡൽഹി-കാശ്മീർ കോളേജ് ട്രിപ്പ് വിഭാവന ചെയ്ത
ത്. ഏതാനും റിട്ടയർ ചെയ്ത ടീച്ചേഴ്‌സും കൂട്ടത്തിലുണ്ടായിരുന്നു.
വിനോദയാത്രയ്ക്ക് മുന്നോട്ടുവന്ന സ്റ്റുഡന്റ്‌സിന് കശ്മീർ യാത്രാച്ചെലവ്
വഹിക്കാൻ നിർവാഹമില്ലെന്ന് അറിയിച്ചതിനെ തുട
ർന്ന് അവരോടൊത്ത് ഞാനും സിസ്റ്റേഴ്‌സും ടെലി സന്ദർശനശേഷം
മടങ്ങുകയും അദ്ധ്യാപികമാർ കശ്മീരിലേക്ക് യാത്രയാകുകയും
ചെയ്തപ്പോൾ ഒരു സുവർണാവസരം നഷ്ടപ്പെട്ട പ്രതീ
തിയായിരുന്നു ഉള്ളിൽ. അന്ന് കശ്മീർ യാത്ര മുടങ്ങിയതിൽ
ദു:ഖിതയായ ഒരു സിസ്റ്റർ യുജിസി സ്‌പോൺസർ ചെയ്ത
റിഫ്രഷർ കോഴ്‌സ് നിർവഹിക്കാനായി കശ്മീർ തിരഞ്ഞെടു
ത്തത് തെല്ലസൂയയോടെ നോക്കിക്കണ്ടു. തിരിച്ചുവന്ന് യാത്രാവിവരണത്തിനിടയിൽ
നാട്ടിലെ പെരുന്നാൾപടക്കം പോലെ
ഇടയ്ക്കിടെ കശ്മീരിൽ വേദി പങ്കിട്ടിരുന്നു എന്ന സിസ്റ്ററിന്റെ
പ്രസ്താവന സത്യമോ അതോ ‘ഗുണ്ട്’പോലെ മിഥ്യയോ എന്ന
സന്ദേഹം ഉള്ളിൽ തലപൊക്കാതിരുന്നില്ല.
2008ൽ ഡൽഹിയിലെ (നോയ്ഡ) ഹോളി ഫാമിലി
ഹോസ്പിറ്റലിലെ ഴ്രഭ ഴ്രറലണലനോടൊത്ത് താമസിക്കുമ്പോഴാണ്
അവിടെ നഴ്‌സിംഗ് പഠിച്ചിരുന്ന മദർ തെരേസ കന്യാസ്ര്തീ
കളെ പരിചയപ്പെട്ടത്. കശ്മീരിൽ അവർ മിഷൻ പ്രവർത്തനം
നടത്തിയതിന്റെ അനുഭവവിവരണങ്ങളിൽ യുദ്ധത്തിൽ മൃതിയടഞ്ഞവരെ
മറവു ചെയ്തതും മുറിവേറ്റവരെ ശുശ്രൂഷിച്ചതും മറ്റും
മറ്റും നിറഞ്ഞുനിന്നു. ശ്രവണമാത്രയിൽ ഞെട്ടൽ ഉളവാക്കിയ
വിവരം ഇതാണ്. ശവശരീരങ്ങൾ കൂട്ടമായി കുഴിച്ചിട്ട ഇടങ്ങളിൽ
താമസിക്കുമ്പോൾ കുടിവെള്ളം തിളപ്പിച്ചാൽ മനുഷ്യശവശരീ
രത്തിലെ നെയ്യ് പൊങ്ങിവരാറുണ്ടെന്നും അത് നീക്കി വെള്ളം
കുടിക്കേണ്ടിവരാറുണ്ടെന്നും ഉള്ള വാർത്തയാണ്. പരീക്ഷയിൽ
ഒന്നും രണ്ടും റാങ്കുകൾ അവർ കരസ്ഥമാക്കിയപ്പോൾ മഠാധികാരികൾ
കശ്മീർ ഉല്ലാസയാത്രയ്ക്ക് അവരെ കൊണ്ടുപോയതിന്റെ
മനോഹര ഫോട്ടോകൾ കാണിച്ചുതരികയും ഭീകരമുഖ
ത്തിനൊപ്പം വശ്യസുന്ദര ഭൂപ്രദേശവും കശ്മീരിന് സ്വന്തം എന്ന്
വിവരിക്കുകയും ചെയ്തത് ഓർക്കുന്നു.
IFFT (International Film Festival, Thrissur) 2013ൽ സംഘടിപ്പിച്ച
കശ്മീർ ഫിലിം ഫെസ്റ്റിവലിൽ ഫിലിം ഡയറക്ടർ അജയ്
റൈന എന്ന കശ്മീർ ഹിന്ദു പണ്ഡിറ്റ്, ഭാര്യ ലയ (മലയാളി),
കൊച്ചുമോൾ എന്നിവരടങ്ങുന്ന കുടുംബസംഘത്തെ ‘ഊരു
ചുറ്റിക്കാൻ’ ചെറിയാൻ ജോസഫ് എന്നെയാണ് നിയോഗിച്ചത്.
ലയയുമായി വളരെ സൗഹൃദത്തിലായപ്പോൾ ഭർത്താവിനോട്
എന്റെ ആഗ്രഹം വെളിപ്പെടുത്തി. ”എന്നെ ഒന്ന് കശ്മീർ കാണി
ക്കാൻ കൊണ്ടുപോകുമോ?” – ആ ചോദ്യം അദ്ദേഹം എന്നോട്
തിരിച്ചുചോദിച്ചപ്പോൾ പകച്ചുപോയെങ്കിലും പിന്നീടറിഞ്ഞത്
സാഹചര്യസമ്മർദത്താൽ കശ്മീർ വിട്ടു ജമ്മുവിലേക്കും ശ്രീനഗറിലേക്കും
പലായനം ചെയ്യേണ്ടിവന്ന ഹൈന്ദവപണ്ഡിറ്റുമാരിൽ
ഒരാളാണ് റൈന എന്നാണ്. കശ്മീർ സിനിമകളിൽ മുഴങ്ങി
ക്കേട്ടത് മകൻ നഷ്ടപ്പെട്ട അമ്മമാരുടെയും ഭർത്താവ് ‘മിസിംഗ്’
ആയ വിധവകളുടെയും അലമുറയും ആർത്തനാദവുമായിരു
ന്നു. ഈ സ്ര്തീവിലാപധ്വനികൾക്ക് കാരണക്കാർ ഒന്നുകിൽ
ഇന്ത്യൻ സൈന്യം, അല്ലെങ്കിൽ പാകിസ്ഥാൻ സൈന്യം, അതുമല്ലെങ്കിൽ
തീവ്രവാദസംഘടനകൾ ആണെന്ന് തെളിയുന്നുണ്ട്.
ഡോക്യുമെന്ററിയിലെ ഹൃദയസ്പർശിയായ മറ്റൊരു രംഗം ഇപ്രകാരമാണ്.
”പാകിസ്ഥാൻ അധീനതയിലുള്ള ആസാദ്
കാശ്മീരിലെ സ്വന്തപ്പെട്ടവരെ കാണാൻ, അതിർത്തിയായ നദി
ക്കപ്പുറവും ഇപ്പുറവും നിന്ന് സമ്മിശ്ര വികാരപ്രകടനങ്ങൾ നട
ത്തുന്ന ജനതയുടെ ചിത്രം” മനസിൽ നിന്ന് മാഞ്ഞുപോകില്ല.
ആർമിയുടെ അനുവാദമുള്ളവർക്ക് സീറോ ബ്രിഡ്ജിന്റെ അതി
ർത്തിവരെ ചെന്ന് പട്ടാള അകമ്പടിയോടെ ദൂരെയുള്ള ബന്ധു
ക്കളെ കാണാനും ഉറക്കെ ആശയവിനിമയം നടത്താനും
കഴിയും എന്ന ഏക ആശ്വാസം മാത്രം.
തലസ്ഥാനനഗരിയിലുള്ള ദേശഭക്തനായ സ്‌നേഹിതനുമായി
സംവദിച്ചപ്പോഴാണ് സിയാചിൻ ഗ്ലാസിയർ എന്ന ലോക
ത്തിലെ ഏറ്റവും ഉയർന്ന ഭൂമിതലമാണ് കശ്മീർ കൈവശം
വയ്ക്കാൻ ഇന്ത്യയെ പ്രചോദിപ്പിക്കുന്നത് എന്ന വസ്തുത ശ്രദ്ധയി
ൽപ്പെട്ടത്. ഏഴ് അതിർത്തികൾ പങ്കിടുന്ന ഇന്ത്യാരാജ്യത്തിന്റെ
സുരക്ഷ ഉറപ്പാക്കാൻ കണ്ണിമയ്ക്കാതെ ജാഗരൂകരായിരുന്ന്
ശത്രുവാക്രമണനിരീക്ഷണം നടത്തേണ്ടത് അനിവാര്യമാണെന്ന്
ബോദ്ധ്യപ്പെട്ടു. കശ്മീരിനെക്കുറിച്ച് ഇന്നോളമുള്ള
ബാലിശമായ തർക്കവിതർക്കങ്ങൾ എത്ര അസ്ഥാനത്താണെന്ന
കണ്ടെത്തൽ ചരിത്രം ചികയാനുള്ള വ്യഗ്രതയിലേക്കും
വിരൽതുമ്പിൽ വിസ്മയം തീർക്കുന്ന വിവര സാങ്കേതിക വിദ്യ
യിലേക്കും ആനയിച്ചു.
1947ലെ സ്വാതന്ത്ര്യലബ്ധിയും തുടർന്നുള്ള മതാധിഷ്ഠിതമായ
പാകിസ്ഥാൻ-ഇന്ത്യ വിഭജനവും തൊട്ടു തുടങ്ങുന്നു കശ്മീർ
പ്രശ്‌നം. അന്ന് ഹിന്ദുവായ മഹാരാജാ ഹരിസിംഗിന്റെ അധീനതയിലായിരുന്നു
കശ്മീർ എങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും
മുസ്ലീങ്ങളായിരുന്നു. സ്വതന്ത്രമായി കശ്മീരിനെ നിലനിർത്താൻ
രാജാവ് ആഗ്രഹിച്ചെങ്കിലും 1947 ഒക്‌ടോബറിൽ പാകിസ്ഥാന്റെ
പ്രേരണ മൂലം മുസ്ലിംജനത തലസ്ഥാനമായ ശ്രീനഗർ ഉപരോധിക്കാൻ
ഒരുമ്പെട്ടു. ഗത്യന്തരമില്ലാതെ മഹാരാജാ ഇന്ത്യയിൽ
അഭയം പ്രാപിച്ച് കശ്മീർ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്ന Instrument
of Accession ഉടമ്പടിയിൽ ഒപ്പുവച്ചു. 1947-48ലാണ്
കശ്മീരിന് വേണ്ടിയുള്ള ആദ്യ ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
യുണൈറ്റഡ് നേഷൻസിന്റെ മുമ്പിൽ 48ൽ ഇന്ത്യ പ്രശ്‌നം
അവതരിപ്പിച്ചതിനെ തുടർന്ന് 1948 ആഗസ്റ്റ് 13ന് പാകിസ്ഥാൻ
പട്ടാളത്തെ കശ്മീരിൽനിന്ന് പിൻവലിക്കാൻ യുഎൻ ആവശ്യ
പ്പെട്ടു. 1948 ഒക്‌ടോബർ 30ന് അബ്ദുള്ള പ്രധാനമന്ത്രി ആയ അടി
യന്തിര സർക്കാർ അവിടെ നിലവിൽ വന്നു. യുഎൻ തീരുമാനം
അവഗണിച്ച് പാകിസ്ഥാൻ, കശ്മീരിനുവേണ്ടിയുള്ള കലാപ
ങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 1957ൽ കശ്മീർ ഔദ്യോഗികമായി
ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടു. എന്നാൽ 1966 ജനുവരി
1ന് ലാൽ ബഹാദൂർ ശാസ്ര്തിയും എം. അയൂബ്ഖാനും
(പാകിസ്ഥാൻ പ്രസിഡന്റ്) താഷ്‌കന്റ് കരാറിൽ ഒപ്പുവച്ച് യുദ്ധ
ത്തിന് വിരാമമിട്ടു. ശാസ്ര്തിയുടെ മരണവും പാകിസ്ഥാനിൽ ജനറൽ
യാഹ്യാഖാന്റെ സ്ഥാനാരോഹണവും ആയപ്പോൾ എല്ലാം
തകിടം മറിയുകയാണ് ചെയ്തത്. ഈസ്റ്റ് പാകിസ്ഥാൻ, സ്വതന്ത്ര
രാജ്യമായ ബംഗ്ലാദേശ് ആയതോടെ മാർച്ച് 1971ൽ അവിടെ യുദ്ധ
ക്കളമായി. അസംഖ്യം അഭയാർത്ഥികൾക്ക് അന്ന് ഇന്ത്യയ്ക്ക്
അഭയം നൽകേണ്ടിവന്നു. 1971 ഡിസംബർ 3ന് പാകിസ്ഥാനി
എയർഫോഴ്‌സ് വിമാനങ്ങൾ ഇന്ത്യയ്‌ക്കെതിരെ തൊടുത്തപ്പോൾ
പ്രതിരോധ നടപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം
പ്രഖ്യാപിച്ചു. ഇന്ത്യൻ പട്ടാളം ജയിച്ചു മുന്നേറി കറാച്ചി വരെ
അധീനപ്പെടുത്തിയപ്പോഴേക്കുമാണ് വെടിനിർത്തൽ പ്രഖ്യാപി
ക്കപ്പെട്ടത്. 1972ൽ ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി
ഭൂട്ടോയും സിംല കരാറിൽ ഒപ്പുവച്ച് താഷ്‌കന്റ് കരാർ വ്യവസ്ഥ
കൾ നിലവിൽ കൊണ്ടുവന്നു. 1978ലെ തെരഞ്ഞെടുപ്പിൽ ഇന്ദി
രാഗാന്ധി പരാജയപ്പെട്ടതും ഭൂട്ടോ നിഷ്‌കാസിതനായി തൂക്കി
ലേറ്റപ്പെട്ടതും ജനറൽ സിയ ഉൾ ഹക്കിന്റെ നേതൃത്വത്തിൽ
പട്ടാളം പാകിസ്ഥാനിൽ ഭരണം ഏറ്റെടുത്തതും കശ്മീർ വ്രണമുണർത്താൻ
ഇടവരുത്തി. 1989ൽ പാകിസ്ഥാൻ ചായ്‌വുള്ള
(ആസാദ് കശ്മീരിൽ പരിശീലനം സിദ്ധിച്ച) ഗറില്ലകളുടെ ഭീകരഭരണം
മൂലം ഹിന്ദുക്കളിൽ ഭൂരിഭാഗത്തിനും ഓടിരക്ഷപ്പെടേ
ണ്ടിവന്നു. 1998 മുതൽ ഇരുരാജ്യങ്ങളും ആണവ പരീക്ഷണങ്ങ
ൾക്ക് തുടക്കമിട്ടത് പരസ്പരം ഭയാശങ്ക ഉണർത്തിയിരിക്കണം.
ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് 1999ൽ ആരംഭിച്ച
ഡൽഹി-ലാഹോർ ബസ് സർവീസ് ശുഭപ്രതീക്ഷ നൽകി
യെങ്കിലും അധികം വൈകാതെ കാർഗിൽ യുദ്ധം ആരംഭിച്ചു.
ബിൽ ക്ലിന്റനും നവാസ് ഷെരീഫും തമ്മിൽ വാഷിംഗ്ടണിൽ
കൂടിക്കാഴ്ച നടത്തിയത് കശ്മീർപ്രശ്‌നത്തിന് താത്കാലിക വിരാമമിടാൻ
സഹായിച്ചുവെങ്കിലും യുദ്ധസമാനമായ അന്തരീക്ഷം
ഇന്നും അവിടെ നിലനിൽക്കുന്നത് ഏറെ ശോചനീയംതന്നെ.
രണ്ടു ലക്ഷം ഇന്ത്യൻ പട്ടാളക്കാർ രാജ്യസേവനത്തിനായി തങ്ങ
ളെത്തന്നെ വ്യയം ചെയ്യാനുണ്ടായിട്ടും അതിർത്തിയുടെ നാനാവശങ്ങൾ
കാലാവസ്ഥാവ്യതിയാനങ്ങൾക്കതീതമായി സംരക്ഷി
ക്കാൻ ബുദ്ധിമുട്ടുകയാണ് ഇന്ത്യ. സ്വരക്ഷയ്ക്കുവേണ്ടി മാത്രം പട്ടാളത്തെ
വിനിയോഗിക്കുന്ന സമാധാനപ്രിയയായ ഇന്ത്യയുടെ
കൈവശം സിയാചിൻ എന്ന മർമപ്രധാനമായ പ്രദേശം ഇല്ലാതായാൽ
ശത്രുസംഹാര ഇരയായി ഇന്ത്യ നാമാവശേഷമാകാൻ
നിമിഷങ്ങൾപോലും വേണ്ടതില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊ
ള്ളുമ്പോഴേ കശ്മീർ ഇന്ത്യയുടെ ഭാഗമായി തുടരേണ്ടതിന്റെ അനി
വാര്യത ഏവർക്കും ബോദ്ധ്യമാകൂ. എനിക്കൊന്നേ പറയാനുള്ളൂ,
നാടും വീടും വിട്ട് കൊടുംചൂടും തണുപ്പും സഹിച്ച് രാപ്പകൽ
ഉണർന്നിരുന്ന് മരണത്തെ അനുനിമിഷം മുഖാമുഖം കണ്ട്
രാജ്യം കാക്കുന്ന നമ്മുടെ പട്ടാളക്കാരുടെ സേവനം സൗകര്യപൂ
ർവം വിസ്മരിക്കുന്ന സ്വാർത്ഥരായി ആഭ്യന്തര കലഹമുണ്ടാക്കി
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന നമുക്ക് ‘ഇന്ത്യ’ എന്ന പദം
ഉച്ചരിക്കാൻപോലുമുള്ള യോഗ്യതയുണ്ടോ എന്ന് നെഞ്ചിൽ
കൈവച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. സങ്കീർണമായ കാശ്മീർ പ്രശ്‌നം
സുതാര്യമാകാനും പരിഹാരമാർഗങ്ങൾ ഉരുത്തിരിയാനും
സഹായമാകുമാറ് സാഹിത്യരചനകളും കലാസൃഷ്ടികളും നിര
ന്തരം രൂപപ്പെടുത്തി, നിതാന്തമായി നീറിക്കൊണ്ടിരിക്കുന്ന ഉണ
ങ്ങാത്ത മുറിവിന് സൗഖ്യമേകുന്ന ദിവ്യലേപനമായി മാറാൻ
ഓരോരുത്തരും മുന്നോട്ടുവരും എന്ന പ്രത്യാശ നിലനിർത്തുന്നു.