ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ എന്തും കൈയ്യെത്തിപ്പിടിക്കാം എന്ന വ്യാമോഹത്തിലും താൻ എന്തൊക്കെയോ ആയിത്തീർന്നു എന്ന തോന്നലിലും സ്വയം നെഗളിച്ച് നടക്കുന്ന മഹാഭൂരിപക്ഷമാണ് ഇപ്പോൾ പൊതുവായി മനുഷ്യവർഗ്ഗം. ഇതേ മനുഷ്യനെ ഒരു നിർവചനത്തിന്റെ ഏതെങ്കിലും പരിധിയിൽ നിർത്താനാവുമോ? മനുഷ്യസ്വഭാവം എന്ന് സാമാന്യമായി പറയുമ്പോഴും അനന്തകോടി വൈചിത്ര്യങ്ങളുടെ ആകത്തുകയായ മനുഷ്യനെ എങ്ങനെ എന്തുകൊണ്ടാണ് നമുക്ക് അളക്കാനാവുക? പൊതുസമൂഹം എന്ന് സാധാരണ വ്യവഛേദിക്കുന്ന ഒരു ഗ്രൂപ്പിൽ നാം ചേർത്തുവെയ്ക്കുന്ന ഇടത്തരക്കാരൻ വരെയുള്ളവരുടെ കൂട്ടത്തിനും അപ്പുറവും മനുഷ്യരുണ്ട് എന്നത് ബോധപൂർവമോ സൗകര്യത്തിനുവേണ്ടിയോ നാം മറന്നുപോവാറുണ്ട്. അങ്ങനെയുള്ള ഒരു സമൂഹത്തെപ്പറ്റി അഥവാ ഓർത്താൽത്തന്നെ വളരെ പുച്ഛത്തോടെ മാത്രമാണ് ചിന്തിക്കാനിടയുള്ളത്. ആ പുച്ഛത്തിന്റെ മൂർത്തിമദ്ഭാവങ്ങളായ മനുഷ്യരോട് അവരുടെ അതേ ലോകത്തിൽ അതേകാല സജീവമായ മറ്റൊരു ജീവിതത്തെയും സമൂഹത്തെയും കാണിച്ചുതരികയാണ് ഇന്ദുഗോപൻ സ്വന്തം രചനകളിലൂടെ ചെയ്യുന്നത്.
ഈ രചനകളിലൂടെ നാം പരിചയപ്പെടുന്ന കഥാപാത്രങ്ങളെല്ലാം വളരെ വിശദമായി കഥ പറയുന്നവരാണ്. വെറും കഥ പറയുന്നതിനുമപ്പുറം അവർ ഭൂപ്രദേശങ്ങൾ തന്നെ പരിചയപ്പെടുത്തും; അവരിലൂടെ അനേകരെ നാം പരിചയപ്പെടും. അതൊക്കെ കാണുമ്പോൾ ഇതൊരുതരം വിചിത്ര മനുഷ്യരുടെ കഥാലോകം എന്ന് നമ്മൾ വിചാരിച്ചുപോവുന്നെങ്കിൽ നാം അണിഞ്ഞിരിക്കുന്നതും അറിയാതെ നമ്മിൽ ദൃഢമായതുമായ ചില മുഖംമൂടികളുടെ പ്രശ്‌നമാണത്. മുഖംമൂടികളില്ലാത്ത ജീവിതങ്ങളുടെ കഥയാണ് ഇവിടെ നാം പരിചയപ്പെടുന്നത്. പച്ചമനുഷ്യർ എന്ന സ്ഥിരം പ്രയോഗം ഒഴിവാക്കുകയാണ്, ബോധപൂർവം. ഒന്നിലും, ഇരിപ്പിലും നടപ്പിലും പ്രവർത്തികളിലും വെച്ചുകെട്ടലുകളില്ലാതെ അയ്യോ അവരെന്തു ചിന്തിക്കും എന്ന വേവലാതികൾ ഒഴിഞ്ഞുപോവുന്ന ഒരു സമൂഹമുണ്ട് എന്ന് ഈ കഥകൾ നമ്മെ പഠിപ്പിക്കുന്നു. എന്തെല്ലാം അലിഖിത നിയമങ്ങളുടെ മാറാപ്പ് പേറിയാണ് നാം നടന്നുപോവുന്നതെന്ന് അല്പം ലജ്ജയോടെ ഈ കഥകൾ നമ്മെ ഓർമ്മപ്പെടുത്തും. ഇത്രകാലം എന്തുകൊണ്ടാണ് ഇവരെയൊക്കെ കാണാൻ കഴിയാതിരുന്നതെന്ന് അത്ഭുതപ്പെടും. കാണാതെയിരുന്നതോ ബോധപൂർവം അവഗണിച്ചതോ നിസ്‌സാരമാക്കിത്തള്ളിയതോ എന്ന് സന്ദേഹത്തിലേക്കോ അപാരമായ കുറ്റബോധത്തിലേക്കോ അനുവാചകൻ എടുത്തെറിയപ്പെടും. വായനക്കാരൻ എന്ന വാക്കിനെ കൃത്യമായി ഉപേക്ഷിച്ചതാണ്. കാരണം വാചകത്തെ പിൻതുടർന്നുപോവുന്ന വാക്കിനെ പിൻതുടർന്നുപോവുന്ന ആ വാക്കുകൾക്കിടയിലെ വെളുത്ത വിടവിനുപോലും അർത്ഥം കണ്ടെത്താനാവുന്ന വിധം വായിക്കുന്നവർക്ക് വേണ്ടി തുടന്നിട്ടതാണ് ഈ കഥാലോകം.
ചോരമണക്കുന്ന വാക്കുകളിൽ തീ സൂക്ഷിക്കുന്നവർ
ശ്വാസനിശ്വാസങ്ങളിൽപോലും പക സൂക്ഷിക്കുന്ന, ചോരമണക്കുന്ന വാക്കുകളിൽ തീസൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ഇവിടെയുണ്ട്. അവരുടെയൊക്കെ പരുക്കൻ ജീവിതത്തിന്റെ ഭാഗമായിത്തീരുകകയാണ് ഈ പക. വെറുതേ ഇത്തരം സംഘങ്ങളുടെ ഭാഗമായിത്തീരാനാവില്ല. അതിനോരോന്നിനും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. ചെംകുന്ന് പ്രദേശത്തെ ഏക പണക്കാരനായ വലിയ മൈതീൻ കണ്ണിനെ ശത്രുവായി പ്രഖ്യാപിക്കുക എന്നതാണ് ചെങ്ങന്നൂർ ഗൂഢസംഘത്തിൽ അംഗമാകാനുള്ള ഏക യോഗ്യത. ആ യോഗ്യതയുള്ള അനേകർ ചെംകുന്ന് പ്രദേശത്തുതന്നെ ഉണ്ട്. മൈതീൻ കണ്ണ് ഏല്പിച്ച ശാരീരികവും മാനസികവുമായ മുറിവുകൾ ആ ഗ്രാമത്തിൽ പലർക്കുമുണ്ട്. പിന്നെ ചെംകുന്നിലേക്ക് കടന്നുവരുന്ന പലരിൽനിന്ന് പലദേശങ്ങളിൽ അയാളുടെ നേരെ പക സൂക്ഷിക്കുന്ന മറ്റുള്ളവരെയും കാണുന്നു.
മൈതീൻ കണ്ണ് എന്ന മീൻ പിടുത്തക്കാരൻ അയാളുടെ പരുക്കൻ സ്വഭാവം കൊണ്ടും ക്രൂരമായ പെരുമാറ്റം കൊണ്ടും എല്ലാവരെയും അകറ്റിനിർത്തുന്നു. സ്വന്തം കൊച്ചുമ്മയുടെ മരണത്തെപ്പറ്റി സഹതപിക്കുന്ന ബ്രോക്കറോട് അയാൾ പറയുന്ന മറുപടി ‘ചങ്കീപെടപ്പൊള്ള കാലത്ത് അവര് എന്റെ പിള്ളേരെ നല്ലോണം നോക്കി. അവരെ ഞാനും നോക്കി. നല്ലതായിത്തീർന്നു. കുഴിച്ചുമിട്ടു. ചാകുന്നത് അല്ലേലും വല്യ കാര്യമല്ല’. ഇത് അയാളുടെ പരുക്കൻ സ്വഭാവം വ്യക്തമാക്കുന്നു. മൈതീന്റെ ഇരട്ട പെൺമക്കൾക്കായി താൻ രാജകുമാരന്മാരെ കൊണ്ടുവരും എന്ന വമ്പൻ പ്രഖ്യാപനം നടത്തി സേവ പിടിക്കാൻ ശ്രമിക്കുമ്പോൾ ‘ഞാൻ രാജാവല്ല മീൻ പിടിത്തമാ പാവപ്പെട്ട പിള്ളേര് മതി. എന്റെ കൈക്ക് ഒതുങ്ങിക്കിടക്കണം’ എന്ന മറുപടിയിലൂടെ ആ ഇടപെടലിനെ നിഷേധിക്കുുന്നു. സ്വന്തം മരുമക്കളപ്പോലും കവലയിലൂടെ ഓടിച്ച് തിരണ്ടി വാലിന് തല്ലാൻ അയാൾക്ക് ഒരു മടിയുമില്ല. മരുമക്കളുടെ ബാപ്പ വരുമ്പോൾ അയാളെ ഒരു പരുന്ത് ഇരയെ കൊണ്ടുവയ്ക്കുന്നതുപോലെ ആലിൻകൊമ്പത്ത് കൊണ്ടുവയ്ക്കുവാനും അയാൾ മടിക്കുന്നില്ല. മകളോട് ഒരു ലോഹ്യം ചോദിച്ചത് അല്പം ആഭാസം കലർന്നിരുന്ന് എന്ന് തിരിച്ചറിയുമ്പോൾ രാഘവനെയും എടുത്ത് ആലിൻകൊമ്പത്ത് കൊണ്ടുവെച്ച് അയാളെ കൊമ്പേറിയാക്കുന്നു. അതുകൊണ്ടുതന്നെ മൈതീൻകണ്ണ് തളർന്നുവീഴുമ്പോൾ അയാളെ പരിഗണിക്കാനോ ചികിത്സിപ്പിക്കാനോ ആരും തയ്യാറാവുന്നില്ല. സ്വന്തം മരുമക്കൾപോലും ആക്കാലത്തേക്ക് ചെങ്ങന്നൂർ ഗൂഢസംഘത്തിന്റെ ഭാഗമാവുകയും അയാളുടെ അവസാനം സ്വപ്‌നം കാണുകയും ചെയ്തുതുടങ്ങുന്നു. എത്രമാത്രം വെറുപ്പ് അയാൾ നേടിയെടുത്തിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നുമുണ്ട്.
ഹിപ്പോ വേലായുധൻ എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുകയും താൻ അവനെ ജീവിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിനിടയിൽ കടന്നുവരുന്ന മെക്കാളെ നൽകുന്ന അറിവുകളിൽ പ്രധാനപ്പെട്ടത് അയാൾ മത്‌സ്യതൊഴിലാളികൾക്കിടയിൽ പേരുപോലും മാറ്റിക്കൊണ്ട് മറ്റൊരാളായി മാറുന്നു എന്നതാണ്. മെക്കാളെ വരുന്നത് പ്രതികാരവുമായിട്ടാണ്. അയാൾക്ക് മൈതീൻ ജീവിക്കേണ്ടതാവശ്യമായിരുന്നു. കുത്തിവെച്ചും തിരുമ്മിയും നടത്തിച്ച് തന്റെ അപ്പനെ കൊന്നത് എന്തിന് എന്ന ചോദ്യത്തിന് അയാൾക്ക് ഉത്തരം വേണമായിരുന്നു. സുഖമായി തിരികെ വരുമ്പോൾ വളരെ പ്രതീകാത്മകമായി ഒരു കുത്തുകൊടുത്ത് മെക്കാളെയുടെ സംശയം മൈതീൻകണ്ണ് മാറ്റിയെടുക്കുന്നു.
നെനക്ക് മൂളയില്ല അനുഭവമാക്കിത്തരാം എന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു സ്‌േനഹമുള്ളവർ ചേർന്നാൽ കാര്യം സാധിക്കാനുള്ളള അവസാനത്തെ അടവാണ് അത്തരം ഒരു ചെറിയ കുഞ്ഞ് എന്നൊരു പാഠം കൂടി പഠിപ്പിക്കുന്നു. ‘അവന്റെ അഹങ്കാരവും അധികാരം കാണിക്കലും ഒടുങ്ങുന്നതുവരെ നമ്മൾ പൊരുതിക്കൊണ്ടിരിക്കും എന്ന് ചെങ്ങന്നൂർ ഗൂഢഡംഘം പ്രഖ്യാപിക്കുന്നതോടെ ഈ വൈരം അവസാനിക്കുന്നതല്ല എന്നും വ്യക്തമാക്കുന്നു. അയാൾ വളർത്തുന്ന എരുമകളുടെ കണ്ണിനുപോലും വലിയ രൂക്ഷതയാണ് എന്ന് ബ്രോക്കറ് നിരീക്ഷിക്കുന്നുണ്ട്. അതേ രൂക്ഷത ഈ പകയിലേക്കും കടന്നുവന്ന് നിലനിൽക്കുന്നു. അതൊരിക്കലും അവസാനിക്കുന്നില്ല. ആരും തോറ്റുപോവുന്നില്ല, വിജയിക്കുന്നു എന്ന് വൃഥാ അഭിമാനിക്കുന്നു.
തന്റെ പ്രതിശ്രൂത വധുവിനെ രാത്രിയിൽ ഒന്ന് സന്ദർശിച്ചത് പരസ്യമാക്കി എന്ന വൈരമാണ് പൊടിയൻ പിള്ളക്ക് അമ്മിണിപ്പിള്ളയോടുണ്ടായിരുന്നത്. ഒരു വെട്ടുകേസ് വരെ എത്തിച്ചേരുന്നത് ഈയൊരു അപമാനബോധം അഥവാ ഒരു ചളിപ്പാണ്. അതിലേക്ക് പൊടിയൻ പിള്ളയെ എരിവ് കേറ്റാൻ അയാളുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. തന്നെ വെട്ടിയവനേയും വെട്ടാൻ കൂട്ടുനിന്നവനെയും ഒരടിവീതം കൊടുക്കണം എന്ന വാശി അമ്മിണിപ്പിള്ളക്കുണ്ടായത് അയാൾ സ്വയം സൂക്ഷിച്ചിരുന്ന ഒരു മേധാവിത്വം തകർന്നുപോയോ എന്ന ജാള്യതയിൽ നിന്നാണ്. അടിക്കണം എന്ന വാശി ഒരു വശത്തും തന്നെ തൊടില്ല എന്ന ദൃഢനിശ്ചയം മറ്റൊരു ഭാഗത്തും. ഈ സംഘർഷത്തിനിടെ വിവാഹം പോലം മുടങ്ങുന്നു. വിവാഹം നടക്കാതെതന്നെ വാസന്തി പ്രസവിക്കുമ്പോഴും കുഞ്ഞിന് പേരിടുന്നതും പൊടിയന് ഗൾഫിൽ പോവാൻ സ്വന്തം സ്ഥലം പണയംവെച്ച് പണം കൊടുക്കാൻ ഉത്‌സാഹിക്കുന്നതും ഒക്കെ ഉള്ളിൽ നിറയുന്ന കുറ്റബോധത്തിൽനിന്നാണ്. വാസന്തിയുടെ മകൻ വളർന്ന് പഠിച്ച് ജോലിക്കാരനായി വിവാഹം നിശ്ചയിക്കുമ്പോൾ അച്ഛൻ വരണം എന്ന വാശി അവന് ഉണ്ടാവുന്നു. ആ അവസരത്തിൽപ്പോലും തന്റെ തീരുമാനത്തിൽനിന്നും വ്യതിചലിക്കാൻ അമ്മിണിപ്പിള്ള തയ്യാറാവുന്നില്ല. അവസാനം വിളക്കുമരത്തിനുമുകളിൽ അയാളെ പൂട്ടിയിട്ട് വിവാഹം നടത്തി. എങ്കിലും ഒരു ദിവസംപോലും നാട്ടിൽ നിൽക്കാൻ പൊടിയൻപിള്ളക്ക് ധൈര്യമില്ലായിരുന്നു. താൻ വിജയിച്ചു എന്നു കാണിക്കാൻ വിളക്കുമരത്തിന്റെ ചുവട്ടിൽ എത്തുന്ന പൊടിയൻ പിള്ളയ്ക്ക് കാഴ്ചയിൽ അമ്മിണിപ്പിള്ള വളരെ ദുർബലനായി എന്നു തോന്നുന്നുണ്ട്. പക്ഷേ അയാളുടെ അലർച്ച മുപ്പതുവർഷത്തിനുശേഷവും ആ വാശി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഇരുമ്പിന്റെ വേലികൾ പൊളിച്ച് ചാടി വീണപ്പോൾ ആ വീഴ്ചകാണാൻ, ആ ശബ്ദം കേൾക്കാൻ പോലും നിൽക്കാതെ പൊടിയൻ പിള്ള ഓടിപ്പോവുന്നു. ഇതൊരു സാധാരണ കഥയല്ല. കാലം എല്ലാം മറക്കും ക്ഷമിക്കും എന്നൊക്കെയുള്ള നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറമാണ് ഈ കഥ. അത്തരം ചിന്തകൾ സാധാരണ മാനുഷീക ബുദ്ധിയുടെ തലത്തിന്റേതാവാം. പരാജയമാണ് ക്ഷമ എന്ന് ചിന്തിച്ചവരുടെ ജീവിതമാണ് ഇവിടെ നാം അറിയുന്നത്.
ക്വട്ടേഷൻ സംഘങ്ങൾ ഗുണ്ടാ സംഘങ്ങൾ എന്നിവയൊക്കെ ചില സിനിമാക്കഥകൾക്കപ്പുറം വർത്തമാനപ്പത്രങ്ങളുടെ ഒറ്റക്കോളം വാർത്തകൾ മാത്രമാണ് നമ്മൾക്ക്. എന്നാൽ പകയുടെ ചോരമണക്കുന്ന ആ ലോകങ്ങളെ അവരുടെ പകയുടെ പിന്നാമ്പുറക്കഥകളെ അവരുടെ നിയമസംഹിതകളെ ഒക്കെ അത്ഭുതകരമായ വിധം അവതരിപ്പിച്ചുകൊണ്ടാണ് “ശംഖുമുഖി” എന്ന നീണ്ട കഥ ഇന്ദുഗോപൻ പറഞ്ഞുനിത്തിയത്. ഒരു ഗുണ്ടാസംഘാംഗം മരിച്ചുവീണാൽ അവരുടെ കുടുംബത്തിലെ അടുത്ത അംഗത്തിന്റെ പേരിൽ സംഘം പിന്നീട് അറിയപ്പെടുന്നതരം നിയമാവലികളിലൂടെയും ചോരയുടെ പകകളിലൂടെയും വെല്ലുവിളികളിലൂടെയും മറ്റൊരു ഭരണഘടനയും നിയമവ്യവസ്ഥയുമായി ഒരു അപരസമൂഹം ഇവിടെ ജീവിക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണ് “ശംഖുമുഖി”. ഐ.ടി. പ്രഫഷണലായ ഒരു ചെറുപ്പക്കാരന്റെ മുന്നിലേക്ക് ഒരു ദിവസം രാവിലെ വന്നെത്തുന്ന ഒരു പോലീസുകാരൻ. സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നാണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ആനന്ദ് എന്ന ആ ചെറുപ്പക്കാരന്റെ ഭാര്യ ഒരു ഗാങ്ങ് ലീഡർ ആണെന്നു പറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഏതൊരാളും തളർന്നുപോവും. അവളെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് ഒഴിവാക്കാനും ശ്രമിക്കാം. പക്ഷേ ആനന്ദ് അതിന്റെ പിന്നിലുള്ള കഥകൾ തേടിയിറങ്ങി അവസാനം തലസ്ഥാനത്തെ വലിയ ഗുണ്ടാസംഘങ്ങളുടെ അന്തർനാടകങ്ങൾ അറിയുന്നു. അങ്ങനെ അന്വേഷണത്തിനിടയ്ക്ക് അയാൾ അറിയുന്ന ഒരു കാര്യം ഇവിരോരോരുത്തരും ഗുണ്ടയാവുന്നത് ബോധപൂർവമല്ല എന്നതാണ്. അതോടൊപ്പം മറ്റൊന്നുകൂടി അറിയുന്നു. എപ്പോഴും എവിടെനിന്നും വരാവുന്ന ആക്രമണത്തിന്റെ ഭയം ഉള്ളിൽ പേറിയാണ് ഇവരൊക്കെ ജീവിക്കുന്നതെന്ന്. കൊട്ട മധു നന്നായി ഉന്നം നോക്കി കല്ലെറിയാനാവുന്ന ഒരു പയ്യനെ പരിശീലിപ്പിച്ചെടുത്തത് അവന്റെ ദാരിദ്രത്തെയും വിശപ്പിനെയും ചൂഷണം ചെയ്തിട്ടായിരുന്നു. അവസാനം തിരുവനന്തപുരത്തെ ഏറ്റവും വലിയ ഗുണ്ടാത്തലവന്റെ തലയ്ക്കനേരെ എറിയാൻ അവന്റെ കൈയ്യിൽ കൊടുത്തത് ബോംബായിരുന്നു എന്നത് അയാളുടെ തല തെറിച്ചുവീണതിനുശേഷം മാത്രമാണ് അവൻ മനസിലാക്കുന്നത്. അതോടെ അവൻ തകരുന്നു. അയാൾ ഭക്ഷണം വാങ്ങിക്കൊടുക്കാൻ ശ്രമിക്കുമ്പോൾ നിഷേധിക്കുന്നു. പഠനം മുടങ്ങി. അവൻ പിന്നെ കൊട്ട മധുവിനെ ചൂഷണം ചെയ്യാൻ പഠിക്കുന്നു. ശല്യമായപ്പോൾ അയാൾ ഒഴിവാക്കുന്നതോടെ എതിർഗാങ്ങിൽ ചേർന്ന് മധുവിനെ വേട്ടയാടുന്നു. തന്റെ ജീവിതം നശിപ്പിച്ചവനോടുള്ള പക എന്നും അവന് മധുവിനോട് ഉണ്ടായിരുന്നു. അതേ ഉന്നം പിടിക്കാനുള്ള കഴിവുകൊണ്ട് അവൻ മധുവിനെ കൊല്ലുന്നു.
തന്റെ മകളെ ആശുപത്രിയിൽ കയറി ഒന്നു കാണാൻ അനുവാദം ചോദിക്കുമ്പോൾ അവൻ ഒരു മറുചോദ്യം തൊടുക്കുന്നുണ്ട്. ‘അണ്ണനല്ലേ പഠിപ്പിച്ചത് എറിയാൻ പാകത്തിന് അകലം കിട്ടിയാൽ പിന്നെ ഒന്നും നോക്കരുതെന്ന്…’. ഈ കൊല നടത്തിയത് ആനന്ദിന്റെ ഭാര്യയുടെ പേരിലുള്ള ഗാംങ്ങ് ആണെന്നും അതിന്റെ സൂത്രധാരൻ ലത്തീഫ് എന്ന പത്രപ്രവർത്തക പരിവേഷമുള്ളവനാണെന്നും വിശ്വസിക്കുന്ന മധുവിന്റെ വിഭാഗം ആ ചോരയ്ക്ക് പകരം വീട്ടും എന്നുതന്നെ പറയുന്നു.
മധു ഗുണ്ടകളുടെ ജീവിതത്തെപ്പറ്റി പറയുന്ന ഒരു വാചകമുണ്ട് ‘പൂച്ചയുടെ മുന്നിലെ ഉണക്കമീൻ പോലെ’ എന്ന്. ഇത്തരം ഒരു പ്രമേയത്തിന്റെ എല്ലാ സൂക്ഷ്മവശങ്ങളും ഇതിൽ കടന്നുവരുന്നുണ്ട്. ആയുധങ്ങൾ, പ്രതിജ്ഞകൾ, പ്രതികാരബുദ്ധികൾ അങ്ങനെ എന്തെല്ലാം. ആനന്ദിന് തന്റെ ഭാര്യയുടെ യാഥാർത്ഥ്യം എന്ത് എന്നറിയാനേ ആവുന്നില്ല. അവൾ ഇതിന്റെ ഭാഗമാണോ എന്ന സന്ദേഹം അവനെ വേട്ടയാടുന്നുണ്ടെങ്കിലും അവൾ നല്ല അഭിനയം കാഴ്ചവെയ്ക്കുന്നു. മധുവിന്റെ ഭാര്യ പ്രമീള പറയുന്നുണ്ട്, അവൾ തിരുവനന്തപുരത്തേക്ക് വരാനേ പാടില്ല എന്ന്. അവൾ എത്ര നിസ്‌സംഗത നടിച്ചാലും ആ ഗാങ്ങ് അവൾക്കു പിന്നാലെയുണ്ട്. നിസ്‌സംഗത ചിലപ്പോൾ പ്രവർത്തികളേക്കാൾ അപകടകരമായി മാറും. നഗരങ്ങളിലെവിടെയും നാം അറിയാതെ ഒരു ഗുണ്ടാസംഘം നമ്മെ പിൻതുടരാമെന്നും നമ്മുടെ മുന്നിൽ തന്നെ ഒരാൾ കൊല്ലപ്പെട്ടേക്കാമെന്നും ഒക്കെയുള്ള ഒരു തോന്നലിലേക്ക് ഈ കഥ നമ്മെ നടത്തിക്കൊണ്ടുപോവും. നമ്മെ എപ്പോഴും പരിരക്ഷിച്ച് നിർത്തും എന്ന് അഭിമാനിക്കുന്ന ആ നിയമ വ്യവസ്ഥിതിയുണ്ടല്ലോ, അതിന് പുല്ലുവില കൊടുത്തുകൊണ്ട് വിലസുന്ന സാമാന്തര സാമ്രാജ്യങ്ങൾ സജീവമായി ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന ഓർമ്മയാണ് ഇവ നമുക്ക് തരുന്നത്.
തന്റെ ഉമ്മയെ കാണാൻ ഒരു അന്യപുരുഷൻ വരുമ്പോൾ തോന്നുന്ന ഒരു സംശയത്തിൽനിന്ന് അയാളെ കൊല്ലാൻ ഗുണ്ടകളെ തേടുന്ന മകന്റെ പകയാണ് ‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’. ഐസ് പൂക്കുഞ്ഞ് എന്ന മീൻ മുതലാളി ഷെറീഫിന്റെ വീട്ടിൽ എത്തുന്നത് അയാൾ അവരുടെ അടുത്തുനിന്നു വാങ്ങിയ ബോട്ടിന്റെ ബാക്കി പണം കൊടുക്കാനാണ്. പക്ഷേ ആ വരവ് അവനത്ര ഇഷ്ടമാവുന്നില്ല. അപ്പോഴത്തെ ഉമ്മയുടെ ഭാവത്തിൽനിന്നാവണം അത്തരം ഒരകൽച്ച തോന്നിയത്. പിന്നെ അയാളെ ശത്രുവായി പ്രഖ്യാപിക്കുന്ന അവൻ പരസ്യമായിത്തന്നെ വെല്ലുവിളിക്കുന്നു. പൂക്കുഞ്ഞ് വ്യക്തമാക്കുന്ന ഒരു കാര്യം താനും ലൈലാത്തായും അവിഹിതമായി യാതൊരു ബന്ധവും ഇല്ല എന്നതാണ്. അകാലത്തിൽ വിധവയായിപ്പോയ ലൈല എന്ന ആ സ്ര്തീ പക്ഷേ അയാളെ പെരുന്നാളും ഉത്‌സവവും കാണാൻ കൂട്ടുവിളിക്കുന്നു. ചില ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ സംസാരിക്കുന്നു. പെരുന്നാളിനിടയിലെ കലാപത്തിൽനിന്ന് രക്ഷപ്പെടാൻ അയാളുടെ സൈക്കിളിനെ ആശ്രയിക്കുന്നു. ഇതൊക്കെ മകനെ കൂടുതൽ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. നിരുവനന്തപുരത്ത് പഠിക്കാൻ പോയ അവൻ അവിടെ ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമാവുകയും ജയിലിൽ പോവുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ആ ഗുണ്ടാസംഘത്തിന്റെ ബലത്തിലാണ് അവൻ ഇരവിപുരത്ത് വന്ന് ബഹളം വെച്ചിരുന്നത്. കേസും കൂട്ടവും ഒക്കെ കഴിഞ്ഞ് ലൈല പൂക്കുഞ്ഞിനെ തേടി ചെല്ലുന്നു. അയാളെ വീട്ടിലേക്ക് ക്ഷണിക്കുമ്പോ അതൊരു കെണിയല്ലേ എന്ന് സഹായി മീരാപ്പ ചോദിക്കുന്നുമുണ്ട്. എന്നിട്ടും അയാൾ പോവുന്നു. പക്ഷേ പൂക്കുഞ്ഞിനെ കൊല്ലുന്നവന് പതിമൂന്ന് പവന്റെ മാല താൻ നല്കും എന്ന മകനു കൊടുത്ത വാക്ക് പാലിക്കേണ്ടതുണ്ട് എന്നും പറയുന്നു. അവർ എവിടെയാണ് നിൽക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോവും. സ്ര്തീകളുടെ മനസ്‌സിന്റെ പിടികിട്ടാത്ത അവസ്ഥയെപ്പറ്റി പുരാതനകാലം മുതലേ പറഞ്ഞുകേട്ട കഥകൾ ഊട്ടി ഉറപ്പിക്കും വിധം അവർ അതു പറയുമ്പോൾ പോലും പൂക്കുഞ്ഞ് പരിഭവിക്കുന്നില്ല. ‘നാലു മത്തീടെ വിലമാത്രമാണ്’ അയാൾ സ്വന്തം ജീവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അത് പൊലിഞ്ഞുപോവുന്നതിൽ അയാൾക്ക് വലിയ വേദനയൊന്നും ഇല്ല. കൊട്ട മധു (ശംഖുമുഖി) എന്ന ഗുണ്ടാത്തലവൻ പറയുന്നതുപോലെ എല്ലാവർക്കും കൂടി എടുക്കാൻ ഒരു ജീവനല്ലേ ഉള്ളൂ. പൂക്കുഞ്ഞ് തിരികെ ഇറങ്ങുമ്പോൾ പതിയിരിക്കുന്നവരുടെ പാദചലനങ്ങൾ അയാൾ അറിയുന്നുണ്ട്. ഷെറീഫിനു കൊടുത്ത വാക്ക് പാലിക്കാനായി ഗുണ്ടാസംഘങ്ങൾ പൂക്കുഞ്ഞിനെ ഉന്നം വെയ്ക്കുകയല്ല എന്നയിടത്താണ് ഇതിന്റെ
ദുരന്തം. അങ്ങനെ ചെയ്താൽ കിട്ടാൻ പോവുന്ന പതിമൂന്ന് പവൻ അവരെ പ്രലോഭിപ്പിക്കുന്നുണ്ട്. ‘പതിമൂന്ന് പവൻ കിട്ടിയാൽ കയ്ക്കുവോടാ’ എന്ന ആഡംബരം സക്കീറിന്റെ ചോദ്യം ഇത് വെളിപ്പെടുത്തുന്നുമുണ്ട്.
ഒരു കാരണവുമില്ലാത്ത ദുരന്തകഥയാണ് പൂക്കുഞ്ഞിന്റേത്. ഐസ് ചുമന്ന് കഷ്ടപ്പെട്ട് ഒരു ബോട്ടു മുതലാളിയായവന്റെ ജീവിതം ഇല്ലാതെയായ കഥ. നാലുമത്തീടെ ജീവൻ എന്നൊക്കെ അയാൾ വിലയിരുത്തിയ ആ ജീവൻ പക്ഷേ എത്രയോ സത്യസന്ധവും കരുതലും ആത്മാർത്ഥതയും നിറഞ്ഞതായിരുന്നു എന്ന് അയാളുടെ ഓരോ വാക്കും തെളിയിക്കുന്നുമുണ്ട്.
സുന്ദരിയായ ഒരു പെൺകുട്ടി തന്റേടത്തോടെ നടക്കുകയും ആൾക്കാരെ നേരെ നോക്കി ചിരിക്കുകയും സംസരിക്കുകയും ചെയ്താലുടനെ അവൾ പെശകാണ് എന്നു പറയുന്നത് മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ട്വങ്കിൾ റോസ പൂന്നുസ് എന്ന പെൺകുട്ടിയുടെ ദുര്യോഗവും അതുതതന്നെയായിരുന്നു. അവൾ ആത്മാർത്ഥമായി എല്ലാവരോടും ഇടപെട്ടു. അവൾ പഠിക്കുന്ന കാലത്ത് ഹാരോൺ തങ്കച്ചൻ എന്ന സുഹൃത്ത് അവളോട് പുണ്യാളൻ ദ്വീപിനെപ്പറ്റി പറയുന്നു. അത് അവളുടെ ഉള്ളിലെ ഏറ്റവും വലിയ സ്വപ്‌നമായിത്തീരുന്നു. തന്റെ സുഹൃത്തുക്കളോടെല്ലാം അവൾ ആ ദ്വീപിനെ വിവരിച്ച് കൊടുക്കുന്നു. അനുരാഗ് എന്നൊരുവൻ ആ ദ്വീപിൽ ഒരു വലിയ മാളിക പണിഞ്ഞ് അവളെ കുടിയിരുത്തുവാൻപോലും തയ്യാറായിരുന്നു. പക്ഷേ അവൾക്കത് ആവശ്യമില്ലായിരുന്നു. അതിനു പറയുന്ന കാരണം വളരെ രസകരമാണ്. അങ്ങനെ അവിടെ താമസിച്ചാ അതിനോട് അലിഞ്ഞുചേരാനാവില്ല എന്നതാണ്. അവസാനം ആ ദ്വീപുകാരൻ ടെറി പീറ്റർ എന്ന കക്കാ വാരലുകാരനെ അവൾ വിവാഹം കഴിക്കുന്നു. സന്തോഷത്തോടെ അങ്ങനെ കഴിയുന്നതിനിടയിൽ അവളെ പണ്ട് ആരാധിച്ചിരുന്നവരുടെ ഒരു വാട്‌സ്ആപ് കൂട്ടായ്മ ഉണ്ടാവുകയും അനുരാഗിന്റെ നേതൃത്വത്തിൽ അവളോട് പ്രതികാരം ചെയ്യാനായി ഒത്തുകൂടുകയും ചെയ്യുന്നു. അതിനായി അനുരാഗ് വളരെ വിദഗ്ദ്ധമായ ആസൂത്രണങ്ങളാണ് നടത്തുന്നത്. അവൻ ഹാരോണിനെ കണ്ടെത്തുകയും കൂട്ടായ്മയുടെ ഉദ്ദേശം വ്യക്തമാക്കുകയും ചെയ്യുന്നു. അവളുടെ കാമുകന്മാരുടെ ഗ്രൂപ്പിൽ ചെരിപ്പുകുത്തി മുതൽ പല തട്ടിലുള്ളവരുണ്ടായിരുന്നു. അനുരാഗ് അവളരെ വിലയിരുത്തുന്നത് ‘പല ലെവൽ ആണവൾ, ഭയങ്കര അംബീഷ്യസ്, ആർത്തിക്കാരി, സ്വാർത്ഥ, അവൾ അവളെ മാത്രമേ കണ്ടിട്ടുള്ളൂ. അവളുടെ കാമുകിയും കാമുകനും എല്ലാം അവളുതന്നെയാ. ബാക്കിയെല്ലാം അവൾക്ക് തമാശ. പല ഡൈമൻഷനാ അവൾക്കുള്ളത്’ ഇങ്ങനെയൊക്കെയാണ്. തങ്ങളുടെ പ്രതികാരത്തിന്റെ ഭാഗമെന്നവണ്ണം അവളുടെ മുഖത്ത് മൂർച്ചയുള്ള കത്തികൊണ്ട് 13 എന്ന് വരയണം. അതാണ് പ്രതികാരം. ആ സംഘം അവളെ തിരിഞ്ഞുവരുന്നു എന്ന പരിഭ്രമത്തോടെ വിളിച്ചുപറയുന്ന ഹാരോണോട് ടെറി ഇതൊന്നും അറിയരുത് ബാക്കി ഞാൻ കൈകാര്യം ചെയ്‌തോളം എന്നാണ് അവൾ പറയുന്നത്. ടെറിയുമായുള്ള അവളുടെ വിവാഹത്തിന്റെ പിന്നിൽപ്പോലും അനുരാഗിന്റെ കുടിലബുദ്ധിയും പരീക്ഷണ മനസുമായിരുന്നു എന്നതാണ് ഈ പകയുടെ യാഥാർത്ഥ്യം
വ്യക്തമാക്കുന്നത്.
ഇങ്ങനെ പക രക്തത്തിൽ അലിഞ്ഞുപോയ ഒരു വികാരമായി കൊണ്ടുനടക്കുന്ന മനുഷ്യനും അവനെ പറ്റിനിന്ന് ഇതിനൊക്കെ എരിവുകേറ്റിക്കൊടുക്കുന്നവരും ചേർന്ന ഒരു ലോകം ഈ കഥാലോകത്തിന്റെ ആന്തരീകതലമാണ്. ഈ കഥാപാത്രങ്ങളെ വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചുനോക്കൂ എന്ന് അജയ് പി. മങ്ങാട് ചോദിക്കുന്നുണ്ട്, ഇല്ല തീർച്ചയായും ഇല്ല. കാണാൻ ശ്രമിക്കാഞ്ഞതുമാവാം. എന്താണ് ഇത്തരം കഥാപാത്രങ്ങളെ കണ്ടെടുക്കാനുള്ള പ്രേരണ? ‘മിഡിൽക്‌ളാസ്‌സ് ജനത അച്ചിലിട്ട ജീവിതവും കൊണ്ട് മത്‌സരിച്ച് ജയിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒരേ ട്രാക്കിലൂടെയുള്ള ഈ ഓട്ടത്തിന്റെ പരിധിയിൽപ്പെടാത്ത മനുഷ്യരെ പിടിച്ചുകൊണ്ട് നിർത്തിയാലേ ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവു’ എന്ന് ഈ പ്രേരണയെ എഴുത്തുകാരൻ വിലയിരുത്തുന്നു.
ഇനി തിരുവനന്തപുരത്തുകൂടിയോ കൊല്ലം വഴിയോ പോവുമ്പോ തന്റെ കൗതുകം നിറഞ്ഞ കണ്ണുമായി ട്വിങ്കിൾ റോസ എന്റെ മുന്നിലെത്തുമായിരിക്കും. അറവ് ശശി ഓട്ടോ ഓടിച്ചുവരുമായിരിക്കും. മുഖത്ത് വിഷാദമുണ്ടെങ്കിലും കത്തുന്ന കണ്ണോടെ പ്രമീള ചേച്ചി നടന്നുപോവുമായിരിക്കും. ഇതൊരു തോന്നലായി എന്റെയൊപ്പമുണ്ട്. പകയുടെ മണ്ണെണ്ണ മണം പേറുന്ന ഈ കഥാപാത്രങ്ങൾ അത്രമേൽ ജീവസുറ്റവരായി നമ്മുടെ ഒപ്പമുണ്ട്.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥകൾ
മലയാള സാഹിത്യം എന്നല്ല ഏതു സാഹിത്യവും അതു പിറവിയെടുത്ത കാലത്ത് ഉപരിവർഗ്ഗങ്ങളുടെ ജീവിതാവിഷ്‌ക്കാരമായിരുന്നു. കാരണം അവർക്കാണല്ലോ ജീവിതവും കഥകളും സ്വന്തമായിരുന്നത്. അതിലും താഴെയുള്ള ജീവിതം ഒരു ജീവതം എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിരുന്നതേയില്ല. നവോത്ഥാന സാഹിത്യത്തിന്റെ കാലത്താണ് ആഢ്യരല്ലാത്ത കഥാപാത്രങ്ങൾ സാഹിത്യത്തിന്റെ ഭാഗമായത്. സമകാല സാഹിത്യമാവട്ടെ അത്തരം ജീവിത സാഹചര്യങ്ങളെ തേടിച്ചെന്നു. അവിടെയാണ് സജീവമായ ജീവിതം എന്നുപോലും പുതിയ കഥാകൃത്തുുക്കൾ വിശ്വസിക്കുന്നുണ്ടെന്ന വിധം അത്തരമൊരു ലോകമാണ് അവരെ ആകർഷിക്കുന്നത്. ആ ജീവിതങ്ങളുടെ സജീവതയാണ് തന്നെ ആകർഷിക്കുന്നതെന്നും പൊതുസമൂഹത്തിന്റെ നിർജീവതക്കെതിരെ താൻ ആ സജീവതയെ നിർത്തുകയാണെന്നും ഇന്ദുഗോപൻ വെളിപ്പെടുത്തുന്നു. അരികുജീവിതങ്ങൾ അഥവാ പാർശ്വവത്കൃത സമൂഹം എന്നൊക്കെ പറയുമ്പോൾ സാധാരണ നമ്മുടെ മനസ്‌സിൽ എന്തുന്ന ജീവിതത്തിനും എത്രയോ അപ്പുറമായിരിക്കും ഈ കഥാകൃത്ത് കണ്ടെടുക്കുന്നവർ. ചരിത്രത്തിലോ സർക്കാരിന്റെ ഏതെങ്കിലും കാനേഷുമാരിക്കണക്കിലോ ഇവരുണ്ടോ എന്നുപോലും സംശയിച്ചുപോകും വിധം ഒറ്റപ്പെട്ടവർ…
വിമാനത്താവളത്തിൽ വിമാനത്തിന്റെ ചിറകിൽ പക്ഷി വന്നിടിക്കാതെ അവയെ ഓടിക്കാൻ ഒരുകൂട്ടം ജോലിക്കാരും അവരുടെ ജീവിതവും “എലിവാണം” എന്ന കഥയിലൂടെയാണ് നാം പരിചയപ്പെടുന്നത്. ‘ബേർഡ് സ്‌കെയ്‌റർസ്’ എന്നാണ് തസ്തിക; മലയാളത്തിൽ കിളിയടിയൻ. ആ ജോലി ചെയ്യുന്ന മുനിയാണ്ടി എലിവാണം വിട്ടപ്പോ ഉന്നംതെറ്റി എയർപോർട്ട് മാനേജരുടെ നേരെ ചെന്നു എന്നതാണ് കേസ്. അത് വിമാനം റാഞ്ചാനുള്ള അടവായും വിമാനത്താവളം തകർക്കാനുള്ള ഗൂഢാലോചനയായും ഒക്കെ വ്യാഖ്യാനിക്കപ്പെടുന്നു. പക്ഷേ മുനിയാണ്ടി വാദിച്ച് ജയിക്കുന്നു. അവന് കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് ഭയപ്പെടുന്നില്ല എന്ന ചോദ്യത്തിന് ‘ഇപ്പം ആകെയൊരു മരവിപ്പാ സാറേ. ജീവിച്ച് ജീവിച്ച് അങ്ങനങ്ങ് ആയിപ്പോയതാ. കസ്റ്റഡിയിൽ കിടന്ന് മരിച്ചാലും പേടിക്കാനൊന്നുമില്ല. എനിക്ക് കിട്ടുന്ന ദിവസക്കൂലി പിച്ചതെണ്ടിയാലും വീട്ടുകാർക്ക് കിട്ടും’ എന്നാണ് മറുപടി. ഇത്ര വ്യക്തമായി ഒരു ജീവിത വീക്ഷണമൊക്കെ പുലർത്തുന്ന മറുപടിയോട് ഏമാന്റെ പ്രതികരണം കുറഞ്ഞ കൂലിയും വാങ്ങി അവിടെ നിൽക്കുന്നതിലെ ദുരുദ്ദേശ്യം എന്ത് എന്നതാണ്. വിമാനങ്ങളോടുള്ള സ്‌േനഹവും ഇഷ്ടവും ബഹുമാനവും ഒക്കെയെന്ന് ഉദാഹരണസഹിതം പറയുമ്പോൾ പിന്നെ എന്തുകൊണ്ടോ അത് എസ്.ഐക്ക് അങ്ങ് ബോദ്ധ്യമാവുന്നു. അതുകൊണ്ട് വെറുതേ വിടുന്നു. പത്രം വായിക്കു ലോകവിവരവും ജ്ഞാനവും തികഞ്ഞ ഒരു ‘കിളിയടിയൻ’ നന്നായി സംസാരിക്കാനറിയാവുന്നതുകൊണ്ടുമാത്രം രക്ഷപ്പെടുന്നു.
തേയില ഫാക്ടറിയുടെ ആകെ മേൽനോട്ടക്കാരനായെങ്കിലും ഫർണസിന്റെ അടുത്തുനിൽക്കാൻ ആഗ്രഹിക്കുന്ന ഭൂതപ്പാണ്ടിയാണ് ‘ഫർണസി’ലെ നായകൻ. തോട്ടത്തിലെ ജോലികൾ മുഴുവനും നോക്കാനുള്ള ചുമതല മറന്ന് ഫർണസിന്റെ അരികിൽ ചുറ്റിപ്പറ്റി നിൽക്കേണ്ട എന്നു പറയുന്ന മേലുദ്യോഗസ്ഥനോട് ഭൂതപ്പാണ്ടി പറയുന്നത്. തന്നെ ഫർണസ് നോക്കുന്നവനായി തരംതാഴ്ത്തൂ എന്നാണ്.
എന്നും വെളുപ്പിന് ചെങ്കോട്ടയിൽ പോയി പനങ്കരിക്കും പുളിക്കാത്ത കള്ളും കൊണ്ടുവന്ന് വഴിനീളെ വിൽക്കുന്ന ജ്യേഷ്ഠനും ഉഴുന്നുവട ഉണ്ടാക്കിവിൽക്കുന്ന അനുജനും ചേർന്ന തമിഴ് സഹോദരന്മാരാണ് ‘കൊല്ലാപ്പാട്ടി ദയയുടെ ‘ ആകർഷണം. ഒപ്പം അവരുടെ അമ്മൂമ്മയും അമ്മയും – തങ്കരാജു, ചുടലപ്പിള്ള, തങ്കവസന്തം എന്നിങ്ങനെ പേരുള്ള ഇവരൊക്കെ പെരിച്ചാഴിയെ തിന്നും വട വിറ്റും ജീവിക്കുന്നു. ഇരുന്നുനിരങ്ങുന്ന പാട്ടിയെ കടവുകൾമാതിരി എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും ദയാവധം നടത്തും, അതിനുപോലും അവർക്ക് അവരുടേതായ രീതികളുണ്ട്. അത്തരം സംഘർഷങ്ങളൊഴിഞ്ഞ ജീവിതം വെറെ എവിടെ കാണാനാവും. ഇതിലെ കഥാഖ്യാതാവായ പത്രപ്രവർത്തകനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അവരുടെ സംഭാഷണങ്ങളും ശ്രദ്ധിച്ചാൽ നാം അനുഭവിക്കുന്ന ജീവിതസംഘർഷം എന്താണെന്ന് മനസിലാവും. കരയിൽ മൈതീനായും കടലിൽ ജാൻസണായും മാറിക്കൊണ്ട് സ്രാവു പിടിക്കുന്നവനെയും അവന്റെ കൂട്ടാളികളുടെയും കടൽ ജീവിതം കണ്ട് ഭയന്നുപോവും. കടൽ ജീവിതത്തിൽ ചികിത്‌സയും മരുന്ന് കുത്തിവെയ്ക്കലും പോലും അവർതന്നെയാണ് ചെയ്യുന്നതെന്ന് മെക്കാളെ എന്ന സ്രാവു പിടുത്തക്കാരൻ പറയുന്നുണ്ട്. വെറും കമ്പും കൊളുത്തും ചൂണ്ടയും മാത്രംവെച്ച് സ്രാവിനെ പിടിക്കുന്ന തുരുത്തുകാരെപ്പറ്റിയും നാം അറിയുന്നുണ്ട്. ‘ചെങ്ങന്നൂർ ഗൂഢസംഘത്തി’ൽ ഏറ്റവും പരുക്കനായ മൈതീൻകണ്ണ് അവന്റെ ഭാര്യയുടെ വയറ് മീനിനെ കീറുന്നതുപോലെ കീറി ഇരട്ടക്കുട്ടികളെ പുറത്തെടുക്കുന്നതും ഭക്ഷണം കഴിക്കുന്ന രീതിയുമൊക്കെ വളരെ വിചിത്രമായ കാഴ്ചകളാണ്.
പൊതുസമൂഹം എന്ന സാമാന്യവ്യവഹാരത്തിനകത്ത് ഒരിക്കലും ഭാവന ചെയ്യാനാവാത്തവിധം മനുഷ്യജീവിതങ്ങൾ സജീവവും വ്യത്യസ്തവുമാണ്. ബോട്ടിന്റെയും സ്രാങ്കിന്റെയും കഥ പറഞ്ഞ ‘പാശ’ത്തിലൂടെ നോക്കി മരിപ്പിക്കാൻ കഴിവുള്ള ഒരു ചക്രപാണിയുമുണ്ട്. ടെറി പീറ്റർ, ക്‌ളിന്റൺ ഡിക്രൂസ്, നെറ്റോ ലൂക്ക, ഹാരോൺ തങ്കച്ചൻ എന്നീ കക്കാ വാരുന്ന മനുഷ്യരാണ് ‘ട്വിങ്കൾ റോസ’യിലെ കഥാപാത്രങ്ങൾ. അവരുടെ ജീവിതത്തിലൂടെയാണ് കൊല്ലത്തെ തുരുത്ത് ജീവിത വൈചിത്ര്യങ്ങൾ നാം പറയുന്നത്. രുചികൾ, അമ്മമാരുടെ പാചക നൈപുണ്യം ഒക്കെ…
ഓരം ചേർന്ന് ജീവിക്കുന്ന മനുഷർക്കെല്ലാം അവരുടേതായ ചില ജീവിത ദാർശങ്ങളുണ്ടാവാം. അവരുടെ പരുക്കൻ ജീവിതത്തിൽ നിന്നും സ്വയം ഉരുത്തിരിഞ്ഞുവരുന്നതാണ് ഇത്തരം ആദർശങ്ങൾ. അയ്യായിരം ഏക്കറിൽ കൃഷിചെയ്യാനുള്ള പദ്ധതിയുമായി ഒരു വമ്പൻ മുതലാളിയേയും ചാക്കിട്ടു കൊണ്ടുപോവുന്നവൻ പരിപാടി വിചാരിച്ചപോലെ നടക്കില്ല എന്നാവുമ്പോൾ ആകെ നിരാശനാവുന്നു. അവന്റെ അച്ഛൻ അവനെ സമാധാനിപ്പിക്കാൻ പറയുന്ന കുറച്ചുവാക്കുകൾ ലോകം മുഴുവനും കേൾക്കേണ്ടതാണ്. ‘ആയിരം ഏക്കറിലുണ്ടാക്കാൻ പോകുന്നതാ നിന്റെ കുഴപ്പം, നീയൊരു പത്തോ ഇരുപതോ ഏക്കറിന്റെ കാര്യം നോക്ക്, ടാ നമുക്ക് വിശക്കരുത്, അത്യാവശ്യം കാര്യം നടക്കുകയും വേണം, അതുമതി. ഒരുപാടങ്ങ് കൊമ്പത്തേക്കു പോവുന്നതാ നിന്റെ കുഴപ്പം. കാശിരുന്ന് പൂത്തുപോയാലുള്ള നാറ്റമുണ്ടല്ലോ അത് നായ്ത്തീട്ടത്തേക്കാളും വലുതാടാ’.
ഇതിനപ്പും ഒരച്ഛന് എങ്ങനെയാണ് മകനെ സമാധാനിപ്പിക്കാനാവുക? വിശപ്പു മാറണം. സമാധാനമായിരിക്കണം. അതിനപ്പുറം ജീവിതത്തിനെന്താ വേണ്ടത് എന്ന് ചോദിക്കുന്ന ഈ അച്ഛൻ ജീവിതത്തിന്റെ പരക്കംപാച്ചിൽ നോക്കി പുച്ഛം നിറഞ്ഞ ഒരു പുഞ്ചിരിയോടെ നിൽക്കുന്ന ഒരാളാണ്. പണമുള്ളവനെയൊക്കെ ദൈവമാണ് എന്ന് വിചാരിച്ചോണ്ടിരുന്നാൽ നീകെട്ടുപോവും. വാവേ എന്ന വാക്കുകൾ ജീവിതം പഠിക്കേണ്ടത് പണക്കാരിൽ നിന്നല്ല എന്ന ഓർമ്മപ്പെടുത്തലാണ്.
ജീവിത വൈചിത്ര്യങ്ങൾ തേടി താൻ സഞ്ചരിക്കുന്നു എന്നും ഏകതാനമായ ജീവിതങ്ങളുടെ മടുപ്പുകളിലേക്ക് ഇത്തരം സ്വഭാവീകതകൾ ചേർത്തു വെയ്ക്കുകയാണെന്നും എഴുത്തുകാരൻ കുറിച്ചിടുന്നുണ്ട്. കടപ്പുറത്ത് കടല വില്പനക്കാരന് ഒരു വലിയ കഥ പറയാനുണ്ടെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. ആ കണ്ടെത്തലിനും വളരെ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമുണ്ട്. ഏതായാലും പകയുടെയും ചോരയുടെയും മണമുള്ള ഒരു അപരസമൂഹത്തിനൊപ്പം പൊതുസമൂഹത്തിന്റെ കാഴ്ചയുടെ പരിധിയിപ്പോലും ഇല്ലാത്ത എത്രയോ മനുഷ്യരാണ് ഇവിടെ സാഹസീകരും നന്മനിറഞ്ഞവരുമായി നിറഞ്ഞുനിൽക്കുന്നത്. തന്റെ ഭാര്യയേയും മൂന്ന് മക്കളെയും വെടിവെച്ചുകൊല്ലുന്നവളുടെ മകനെ പോറ്റിപുലർത്തുന്നവനെ ഈ കഥാലോകത്ത് അല്ലാതെ എവിടെ കാണാനാവും (കഥ-ഇരുട്ട്). സ്വന്തം മകളെ ഭോഗിക്കാൻ നടക്കുന്ന ഒരു കപ്പൽ ജോലിക്കാരനും അങ്ങനെയൊന്നും ചെയ്യരുതേ എന്നഭ്യർത്ഥിക്കുന്ന ഒരു മനുഷ്യനും ഇവിടെയുണ്ട്. തന്റെ അപേക്ഷ ആ പിതാവ് നിരസിക്കയാണ് എന്നാവുമ്പോൾ അയാളെ കുത്തിക്കൊല്ലുന്ന ഒരാൾ (എച്ച്.എച്ച്. രാഘവൻ) ഇങ്ങനെ പലവിധത്തിൽ വിദ്യാഭ്യാസപരമായോ മറ്റ് ഏതെങ്കിലും വിധത്തിലോ നമ്മുടെ പൊതുസമൂഹം അനുശാസിക്കുന്ന പദവികളോ പത്രാസോ ഉള്ളവരല്ല. കേവല മനുഷ്യർ – ജീവിതത്തോട് സാഹചര്യങ്ങളോട് പടവെട്ടി നേടിയെടുത്ത അറിവുകളുടെ മാത്രം പിൻബലം തികഞ്ഞവർ.
മരണഗന്ധങ്ങളും പ്രേതസാന്നിദ്ധ്യങ്ങളും
ഓരോ ജീവിതത്തിന്റെയും ഏറ്റവും ശാശ്വതമായ സത്യം മരണമാണ്. ഒരു പക്ഷേ കൃത്യമായി എപ്പോൾ എന്നറിയില്ല എങ്കിലും തീർച്ചയായും സംഭവിക്കും എന്ന് ഉറപ്പുള്ള ഒരേയൊരു കാര്യമാണ് മരണം. ഇന്ദുഗോപന്റെ കഥാലോകത്ത് മരണം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. പതിനൊന്നു മരണം നടന്ന ഒരു ഗ്രാമത്തിലൂടെ പാതിരാത്രിക്ക് ഒറ്റക്കു നടന്നുപോവുന്ന ഒരു ലോറി ക്‌ളീനറാണ് “പന്ത്രാണ്ടമത്തെ രാത്രി കഴിയുന്നില്ല” എന്ന കഥയിലെ ആഖ്യാതാവ്. അയാൾക്ക് തന്നെ ആരോ പിൻതുടരുന്നു എന്ന തോന്നലുണ്ടാവുന്നു. വെള്ളം ഇറ്റുവീഴുന്ന ശബ്ദം കേൾക്കുന്നു. അവസാനം പന്ത്രണ്ടാമത്തെ മരണം തന്റെ അരികിലുണ്ട് എന്ന യാഥാർത്ഥ്യത്തോടെ സ്വന്തം മരണത്തെ അയാൾ തിരിച്ചറിയുന്നു. സ്വന്തം മരണം ആത്മഹത്യയായിത്തന്നെ. പത്രത്തിൽ വരണം എന്നാഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് “11:42-ന് മുമ്പും പിമ്പും” എന്ന കഥയിലെ നായകൻ. തന്റെ ആഗ്രഹത്തിന് സ്വന്തമായ ന്യായവാദങ്ങളും അയാൾക്കുണ്ട്. ‘ചാകുന്നവന് അവന്റെ മരണം എ
ങ്ങനെ പത്രത്തിൽ വരണമെന്നു പറയാനുള്ള അവകാശമില്ലേ എന്ന് ചോദ്യം പ്രസക്തമാണ്. ഭർത്താവ് മരിച്ചതറിഞ്ഞ് ഒറ്റക്ക് കൊല്ലത്തേക്ക് ടാക്‌സിയിൽ യാത്ര ചെയ്യുന്ന ഒരു സ്ര്തീ. അവസാനം കാറ് കൊല്ലത്ത് എത്തുമ്പോൾ പിൻപിലേക്ക് നോക്കാൻ ധൈര്യമില്ലാതെ ഇരിക്കുന്ന ഡ്രൈവറെ അവതരിപ്പിക്കുന്ന “പിൻകാഴ്ച” എന്ന കഥ. തന്റെ വർത്തമാനങ്ങൾക്ക് യാതൊരു പ്രതികരണവും കിട്ടാതെയാവുമ്പോൾത്തന്നെ അയാൾ ഭയപ്പെട്ടുതുടങ്ങുന്നുണ്ട്. ക്യാൻസറിന്റെ വേദന സഹിക്കാനാവാതെ പോവുന്ന ഒരച്ഛനെ ദയാവധത്തിന് വിധേയനാക്കുന്ന മകനാണ് ‘കരടിയിനം പട്ടി’യിലെ നായകൻ. അച്ഛൻ അവസാന നിമിഷം തന്നോട് നന്ദി പറഞ്ഞു എന്നത് അയാളുടെ തോന്നലാവാം. പക്ഷേ ഇന്ദുഗോപൻ വായനക്കാരനെ ക്യാൻസറിന്റെ അതിഘോരമായ വേദന അതേപടി അനുഭവിപ്പിക്കുന്നുണ്ട്. പ്രേതങ്ങൾ ഈ കഥാലോകത്ത് ഇങ്ങനെ തലങ്ങും വിലങ്ങും സഞ്ചരിക്കും. ഒപ്പം സാമാന്യമായ ഒരു യുക്തിക്കും അളക്കാനും വ്യാഖ്യാനിക്കാനും കഴിയാത്ത ഒരുപാട് സംഭവങ്ങൾ ഇവിടെ സംഭവിക്കുകയും ചെയ്യും.
ഒരു പത്രപ്രവർത്തകൻ രാത്രി അപ്പർ ബർത്തിൽ യാത്ര ചെയ്യുമ്പോൾ മറുവശത്തെ അപ്പർബർത്തിൽ സഞ്ചരിക്കുന്നത് വിചിത്ര സ്വഭാവങ്ങളും വിചിത്രമായ വർത്തമാനങ്ങളുമുള്ള ഒരു യുവാവാണ് ‘അപ്പർബർത്തിലെ പ്രേതം’ എന്ന കഥയിൽ ഉള്ളത്. തന്റെ അച്ഛൻ പ്രവചനങ്ങളിലുള്ള അന്ധമായ വിശ്വാസത്തിന്റെ ദുരന്തങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്നതൊക്കെ അയാൾ പറയുന്നു. കാലും കയ്യുമൊക്കെ ചങ്ങലകൊണ്ട് ട്രെയിനിനോട് ചേർത്ത് ബന്ധിച്ച നിലയിൽ കിടന്നിരുന്ന അവന്റെ ചങ്ങലകിലുക്കം പത്രപ്രവർത്തകന് ഭയം സമ്മാനിക്കുന്നുമുണ്ട്. പക്ഷേ കൊല്ലത്ത് എത്തുമ്പോൾ ആ ബർത്തിൽ ആരും ഉണ്ടായിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ അല്പം ഉറക്കെ എവിടെ? എന്തുകൊണ്ട്? എങ്ങനെ? എന്നൊക്കെ ചില ചോദ്യങ്ങൾ ഉയർന്നു വരുമല്ലോ. അവ ഉറക്കെ ചോദിച്ചുപോവുകയാണ് എഴുത്തുകാരൻ.
കിണറ്റിൽ വീണ പട്ടിയെ രക്ഷിച്ചതാര്? അജയന്റെ അമ്മയെ കൊന്നാതാര്? എന്നൊക്കെ ഒരു വാടകവീട്ടിൽ താമസിക്കാനെത്തുന്ന കെട്ടിടം പണി മേസ്തിരി രാത്രി ആരോ വെള്ളം കോരുന്നതിന്റെ ശബ്ദം കേൾക്കുന്നു. കിണറ്റിൽ ഒരു പട്ടി വീണതും അറിയുന്നു. പക്ഷേ പിറ്റേ ദിവസം പട്ടി അവിടെ ഉണ്ടായിരുന്നില്ല. ഈ വിവരം കേട്ടവരൊക്കെ അയാളോട് ദുർമരണം നടന്ന വീടായതിനാൽ മാറിതാമസിക്കാനാണ് ആവശ്യപ്പെടുന്നത്. അന്നുരാത്രി ക്‌ളമന്റിന്റ അരികെ എത്തുന്ന അനിരുദ്ധൻ എന്നു പരിചയപ്പെടുത്തുന്ന ആൾ ഇതേ വീട്ടിൽ പണ്ട് താമസിച്ചിരുന്നവനാണെന്നും ഒരു സാധനം എടുത്തു തരണം എന്നും ആവശ്യപ്പെടുന്നു. ആവശ്യപ്പെടുന്ന സാധനവും സ്ഥലവും കൃത്യമായിരുന്നു. ഭാര്യക്കുവേണ്ടി വാങ്ങിയ സ്വർണ്ണമാല സ്വന്തം മദ്യപാന ജീവിതത്തിനിടയിൽ കൊണ്ടുകൊടുക്കാനായില്ല എന്ന നൊമ്പരം പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഈ വാക്കുകളിൽ യാതൊരു സന്ദേഹവും ശ്രോതാവിനില്ല. പിറ്റേ ദിവസമാണ് അനിരുദ്ധൻ എന്നേ മരിച്ചുപോയി എന്നും സ്വർണ്ണമാല അവിടെയുള്ളത് അറിയാവുന്ന ആരോ ആവാം വന്നത് എന്നും എൻജിനീയർ പറയുന്നത് കിണറ്റിൽ വീണാണ് അനിരുദ്ധൻ മരിച്ചതെന്നും പറയുന്നു. അന്നുരാത്രിയും വെള്ളം കോരുന്ന ശബ്ദം കേട്ടു ചെല്ലുന്ന ക്‌ളമന്റ് തൊട്ടി തനിയെ നിറഞ്ഞ് ഉയർന്ന് കൃത്യമായി വരുന്നത് കാണുന്നു. കപ്പി ഉയരുന്ന ശബ്ദം തന്നെ കേൾക്കുകയും ചെയ്യുന്നു. ഇത് ആരും വിശ്വസിക്കുകയില്ലായിരിക്കാം. പക്ഷേ ക്‌ളമന്റിന് ഇത് യാഥാർത്ഥ്യമാണ്. ഒരേ സമയം കണ്ടതും കേട്ടതുമായ യാഥാർത്ഥ്യമാണ്.
രണ്ടാം ക്‌ളാസ്‌സിൽ പഠിക്കുന്ന മനോജ് എന്ന കുട്ടി തനിക്ക് സുഹൃത്തുക്കളും സഹായികളുമായി ചുറ്റിലും നിറയുന്ന ഭൂതങ്ങളെക്കുറിച്ച് സാമാന്യം നല്ല വിവരണങ്ങൾ കൂട്ടുകാർക്ക് നൽകുന്നു. ഉലക്ക ഭൂതം, ബസ് ഭൂതം, മിൽ ഭൂതം എന്നിങ്ങനെ അവന്റെ വിവരണങ്ങളിൽനിന്ന് അതൊക്കെ സത്യമാണെന്നു കരുതിയവരായിരുന്നു. അവന്റെ സുഹൃത്ത് ജയൻ അസുയയോടും അമ്പരപ്പോടും കേട്ട കഥകൾ. പക്ഷേ വർഷങ്ങൾക്കുശേഷം കാണുമ്പോൾ അവൻ അവയൊക്കെ മറന്നുപോവുന്നു. ഇപ്പോൾ താനറിയാതെ ഏതൊക്കെയോ മരണങ്ങൾക്ക് സാക്ഷിയോ കാരണക്കാരനോ ആയതിന്റെ ഭയം അവനെ പൊതിഞ്ഞുനിൽക്കുന്നു. നാലുപേരെ വെടിവെച്ച് കൊന്ന സ്ര്തീ തടവു ശിക്ഷക്കിടെ പരോളിൽ ഇറങ്ങി ആത്മഹത്യ ചെയ്യുന്നു. അവർ കൊന്നത് ഒരമ്മയേയും മൂന്നു മക്കളെയുമായിരുന്നു. തന്റെ ഭർത്താവ് കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്ത് ഇവരൊക്കെ അപഹരിക്കുന്നുവോ എന്ന ഒരു ചെറിയ സംശയത്തിൽനിന്നാണ് ക്രൂരമായ കൊലപാതകങ്ങൾ ഉണ്ടാവുന്നത്. അവരുടെ ഏക മകൻ അനാഥനാവുന്നു. എന്നൽ ഈ സ്ര്തീ കൊന്ന കുട്ടികളുടെ അച്ഛൻ അവനെ വളർത്തുന്നു. തന്റെ അമ്മ ആത്മഹത്യ ചെയ്തു എന്ന വാർത്തയുമായി പത്രം ഓഫീസിൽ എത്തുന്നതും ആ മകൻ തന്നെയാണ്. പക്ഷേ ഒന്നു വിളിച്ച് ഉറപ്പുവരുത്താം എന്നു കരുതുന്ന പത്രാധിപർക്ക് അവർ മരിച്ചിട്ടില്ലെന്നും ഈ മകൻ എന്നുമുതലേ അപ്രത്യക്ഷനായവനാൻെന്നും അറിയാനാവുന്നു. അപ്പോൾ ആത്മഹത്യയോ കൊലപാതകമോ എന്താണ് സംഭവിച്ചതെന്ന സന്ദേഹം അയാളെ പൊതിയുന്നു. ഒന്നുകൂടി ആശുപത്രിയിലേക്ക് വിളിക്കുമ്പോഴാവട്ടെ ആ സ്ര്തീ മരിച്ചുകഴിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന ആളും അപ്രത്യക്ഷനായിരുന്നു. (കഥ-ഇരുട്ട്). ഇതൊക്കെ വെറും തോന്നൽ എന്നൊക്കെ ഒറ്റയടിക്ക് തള്ളിക്കളയാം. പക്ഷേ ഇതൊരു പൂർണ്ണമായ യാഥാർത്ഥ്യമായി ആ പത്രാധിപരുടെ മുന്നിലുണ്ട്. യുക്തികൊണ്ട് ഒരു തരത്തിലും പൂരിപ്പിക്കാനാവാത്ത തരത്തിൽ…
ആരൾവായ്‌മൊഴിയിലെ റെയിൽവേ സ്‌റ്റേഷനിൽ തന്റെ പ്രിയപ്പെട്ട കനകാംബരത്തെ കാത്തിരിക്കുന്ന വിനായകം പിള്ളയെയും ഈ കഥാലോകമാണ് കാണിച്ചുതന്നത്. ഒരേ തീപിടുത്തത്തിൽ ഒന്നിച്ചുവെന്തവർ, ഒരു ദിവസം മാത്രം ഭാര്യാഭർത്താക്കന്മാരായിരുന്നവർ. അയാൾ എങ്ങനെയോ രക്ഷപ്പെടുന്നു. അവൾക്കും ജീവനുണ്ട്. പക്ഷേ ശരീരം ആകെ നഷ്ടപ്പെട്ടുപോയി. അവൾക്ക് അയാളെ കാണം എന്ന ആവശ്യത്തിനാണ് അയാൾ രാത്രി റെയിൽവേ സ്‌റ്റേഷനിൽ ചെന്നിരിക്കുന്നതും കഥാഖ്യാതാവ് അയാളുടെ ശ്രോതാവാകുന്നതും. അതേ രാത്രിയാണ് ബ്രിട്ടുഷുകാരുടെ ആരാധകനായ ഒരു വൃദ്ധനെയും പരിചയപ്പെടുന്നത്. അതൊരു പ്രേതമാണ് എന്ന് പറയുന്ന വിനായകം പിള്ളയോട് തനിക്ക് പ്രേതങ്ങളെ വിശ്വാസമില്ല എന്ന് അയാൾ ധൈര്യത്തോടെ പറയുന്നുണ്ട്. അതിനുള്ള മറുപടി അത്തരം അഹങ്കാരം ഉള്ളി കൊണ്ടുനടക്കുന്ന എല്ലാവർക്കുമുള്ളതാണ് ‘വിശ്വസിക്കാത്തവരും ചിലപ്പോ കണ്ടെത്തിരിക്കും’.
വായനക്കാരനെ ഭ്രമിപ്പിക്കുന്ന കഥകൾ
ഇത്തരം നീണ്ട കഥകളുള്ള കഥാലോകത്തിന്റെ രചനാപരമായ പ്രത്യേകത എന്നാവും എന്നുകൂടി അന്വേഷിക്കേണ്ടതുണ്ട്. ഏറ്റവും ശ്രദ്ധാർഹമായ കാര്യം ഈ കഥാപാത്രങ്ങളെല്ലാം വളരെ മനോഹരമായി സംസാരിക്കും എന്നതുതന്നെയാണ്. സാമൂഹ്യപദവികളിൽ കാഴ്ചപ്പാടുകളിൽ ഒക്കെ അവർ അത്ര കേമന്മാരാവില്ല. പക്ഷേ വാചാലമായി സംസാരിക്കുന്നു. ഒരു വായനക്കാരന്റെ മനസ്‌സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ അത്തരം കഥ പറച്ചിൽ സഹായിക്കുന്നു. ഒരു കൊലയുടെ ചുരുൾ എന്ന നോവലൈറ്റിലെ വേലാണ്ടിയാണ് ഉത്തമ ഉദാഹരണം. മറ്റൊന്ന് ഇന്ദുഗോപൻ കഥ പറച്ചിലിന് ഉപയോഗിക്കുന്ന പ്രാദേശിക ഭാഷയുടെ പ്രയോഗങ്ങളും താളവുമാണ്. അതിങ്ങനെ വായനക്കാരനെ പിടിച്ചുവലിച്ച് ഭ്രമിപ്പിച്ച് അങ്ങനെ കൊണ്ടുപോവും. പിന്നെ സൂക്ഷ്മാംശം പോലും വിശദമാക്കുന്ന വിശദീകരണങ്ങളാണ് ഒരു കഥാപാത്രത്തിൽനിന്ന് കഥ പകർന്നുപകർന്നു അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കും. അവർക്കോരോരുത്തർക്ക് ഓരോ കഥ പറയാനുയാവും. അതൊക്കെ ക്ഷമയോടെ നാം കേൾക്കും. ബാക്കി എന്ത് എന്ന ആകാംക്ഷയോടെ കാത്തിരിക്കും. അപ്പോൾ ഇവർ കഥാപാത്രങ്ങൾ അല്ലാതെയാവും. ഓങ്കോളജിയിലെ ജാസ്മിന്റെ ഒപ്പം കൂടാൻ നാം സമയം നോക്കിവെയ്ക്കും. ബാംഗ്‌ളുരിൽ ഒറ്റക്കുപോവുന്ന വിചിത്രക്കൊപ്പം പോയാലോ എന്നാലോചിക്കും. നാല്പത്തിയാറു കൊല്ലം കഴിഞ്ഞാൽ ഒരുത്തൻ സ്വന്തം അമ്മയെ മറക്കുമോ എന്ന് വില്ലൻ എന്ന കഥയിലെ അച്ഛനെപ്പോലെ നാമും ചോദിക്കും. പിന്നെ അവൻ അങ്ങനെ വേണം എന്ന് ഉള്ളിൽ പറയും അത്തരം ഒരു പണി കൊടുത്ത അച്ഛനെ അഭിനന്ദിക്കും. ബാറുകളുടെ ഉടമയും നടത്തിപ്പുകാരിയുമായ പുഷ്പവല്ലിയെ ആരാധനയോടെ കേട്ടിരിക്കും.
കഥാകാരൻ ഓരോ രചനക്കും വേണ്ടി നടത്തുന്ന ഗവേഷണങ്ങളും അന്വേഷണങ്ങളും കഠിനാധ്വാനങ്ങളുമാണ് ഇത്തരം രചനകൾക്കു പിന്നിൽ. ‘ട്വങ്കിൾ റോസ’യിൽ അത് പാചകമാണെങ്കിൽ ‘ഉള്ളിക്കുപ്പ’ത്തിൽ തമിഴ് നാട്ടിലെ കൃഷിയാണ്. ‘ആരൾ വായ്‌മൊഴി’യിൽ അത് കാറ്റാടിപ്പാടങ്ങളെപ്പറ്റിയാണ്. അതിനിടയിലൂടെ വളരെ നാടൻ പ്രയോഗങ്ങൾ സ്വാഭാവികമായി കടന്നുവരും. ഒഴിച്ചുകൊടുപ്പ്, ഉള്ളിപ്പൊടി, തൊഴുമ്പ് വർത്തമാനം, ശണപണോം എന്ന ശബ്ദം
പൊടി വർത്താനം, അതിശയോക്തി എന്നതിനു പകരം വന്ന ‘ഇട്ടുക്കൂട്ടി പറയുക’യാണ് ഇവയിൽ ഏറ്റവും മനോഹരം.
പ്രയോഗങ്ങളും അതേപോലെയാണ്. ‘ഇറച്ചിക്കറിയിലെ ഓറഞ്ച് നെയ്പാടയിൽ പടിഞ്ഞാറോട് ചായുന്ന സൂര്യൻ തിളച്ച് മറിയും.’ രാത്രി കായലിൽ വീണ കിടക്കുന്ന യാത്രി നിവാസിന്റെ പ്രതിബിംബം ‘മീശയില്ലാത്ത മുഖങ്ങളിലും പ്രതിഫലിക്കും’ – ഇതിങ്ങനെ എത്രവേണമെങ്കിലും നീട്ടാം.
ഒരു കഥ എങ്ങനെയും പറയാം. കാലാകാലങ്ങളിൽ അതിനൊക്കെ വ്യതിയാനങ്ങളും ഉണ്ടാവും. പക്ഷേ വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനാവും വിധം കഥ പറയാൻ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. മനുഷ്യബന്ധങ്ങൾ വിപണി ചരക്കായി മാറുന്ന കാലത്ത് അനുഭവങ്ങളും ഓർമ്മകളും അന്വേഷണങ്ങളും ഈ കഥാലോകത്തെ സമ്പന്നമാക്കുന്നു. വീണ്ടും വായിക്കാൻ നിർബന്ധിക്കുന്നു.
Mini Prasad: 9496520398
Indugopan: 9447676089