വൃദ്ധസദനത്തിലെ പതിമൂന്നാം നമ്പർ മുറി;
ഊരുതെണ്ടികളുടെ ഇടത്താവളം,
എനിക്കായ് മാറ്റിവെച്ചത്.
എൻ്റെ ഊഴം കാത്ത്,
പതിമൂന്നാം നമ്പർ മുറി നിശ്ശബ്ദമാകുന്നു.
യൂറോയുടെ വിശുദ്ധിയിൽ
മകനുള്ള ആംഗലേ ഭാഷാ പുസ്തകം
അവനതിലുള്ള നിർവൃതി ഞാനാസ്വദിക്കുന്നു.
നിങ്ങളുടെ സ്നേഹത്തിനു ദാഹിക്കുമ്പോൾ
എൻ്റെ ശരീരം അന്യാധീനമാകുന്നു.
നൈഷ്ഠിക ബ്രഹ്മചര്യ കാപട്യത്തിൽ
ഞാൻ അനാഥയാകുന്നു.
ശരീരം വിറകായി, കനലായി, കരിയായിത്തീരുന്നു.
സ്നേഹം, സാന്ത്വനം, പ്രണയം –
ജീവിത വ്രതങ്ങളെല്ലാം അലക്ഷ്യമാകുന്നു.
തിരിച്ചെടുക്കാനാകാത്ത ജീവിതമുഹൂർത്തങ്ങൾ,
ജീവിച്ചു തീർക്കാനാകാത്ത ജന്മങ്ങൾ
പൊങ്ങായി, പാഴ്മരമായി അലക്ഷ്യമായ് ഒഴുകുന്നു.
പൊങ്ങച്ചവും ആർഭാടങ്ങളും
അച്ചനമ്മയിൽ നിന്നും പിറന്ന
സ്ത്രീപണത്തിലൊടുങ്ങുന്നു.
ഭൗതികസമ്പത്താണ്, കറൻസിയാണ് നിങ്ങളുടെ പ്രമാണങ്ങൾ.
ഇവൾ ഒറ്റക്കണ്ണി,
കാഴ്ച നഷ്ടപ്പെട്ടവൾ.
മനോമയ നയനങ്ങൾ കോടിപ്പോയവൾ.
ഇതളാത്ത ജീവിതത്തിന്
വഴിക്കാട്ടിയവർ അച്ചനമ്മമാർ.
ഇല്ലാ, അവരില്ല ; നേർവഴി നടത്തുവാൻ.
കൊത്തിവലിക്കാൻ മാത്രം
പല്ലുകളും നഖങ്ങളും ഉപയോഗിച്ചവൻ, നീ.
കുടിലഹൃദയരുടെ ദംഷ്ട്രകൾക്കിടയിലും
ജീവിതം ഞെരിഞ്ഞമരുമ്പോേേൾ
ആകാശത്താരകളിൽ ദൃഷ്ട്രിയൂന്നിയവൾ.
തപ്പൊറുന്ന കണ്ണുകളും ദ്രുതതാളമിടുന്ന ഹൃദയവുമുണ്ടവൾക്ക്.
കുലമഹിമ കൊണ്ട് ഗതിമുട്ടി നിന്നവൾ.
ഭൂമിദേവിക്ക് ജീവിതം സമർപ്പിച്ചവർ.
നഞ്ചു തിന്ന് മയങ്ങിയ ജീവൻ തിരിച്ചുപിടിച്ചവൾ.
ഇവൾ ഒറ്റ ക്കണ്ണി,
ഓട്ടക്കണ്ണുകൊണ്ടും മുറിഞ്ഞ ഹൃദയം കൊണ്ടും
പോരാടി നിന്നവൾ.
സ്വപ്നം കണ്ടവൾ, ഓർക്കുക, ഞാൻ ഒറ്റക്കണ്ണി,
സൽ ജീവിതത്തിനായ്,
ഉണക്കാത്ത മുറിവുകൊണ്ട് പോരാടുന്നവൾ.