ധാരാളം ഏഷ്യന്‍ വംശജര്‍ പശ്ചിമേഷ്യയില്‍ പട പൊരുതുന്ന ജിഹാദ് സംഘടനകളില്‍ ആകൃഷ്ടരാണെന്നതിന് സംശയാതീതമായ തെളിവുകളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. ഈ തെളിവുകളാകട്ടെ ഡെയിഷ് (ഇസ്ലാമിക് സ്റ്റേറ്റിന്റെ അറബ് നാമം) ഇക്കഴിഞ്ഞ മെയ് മാസം പുറത്തിറക്കിയ ഒരു വീഡിയോ ആസ്പദമാക്കിയുള്ളതാണ്. അതില്‍ ഇന്ത്യയില്‍നിന്നും പാകിസ്ഥാനില്‍നിന്നുമുള്ള ഒരു പിടി സൈനികാംഗങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ ചുരുക്കം ആളുകള്‍ മാത്രമേ ജിഹാദികള്ക്കിടയിലെ ഇന്ത്യന്‍ സാന്നിദ്ധ്യം വളരെ തുച്ഛമാണെന്ന് മനസിലാക്കിയിട്ടുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഭീകരവിരുദ്ധ സംഘടനാചര്ച്ചകളിലും മാധ്യമങ്ങളിലുമൊക്കെ 18 കോടിയിലധികം വരുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ ഡയേഷിനു വളരെ ചുരുങ്ങിയ സാന്നിദ്ധ്യം മാത്രമേയുള്ളൂവെന്നു പറയുന്നവരെ കുറ്റപ്പെടുത്തുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്. ഭ്രാന്തു പിടിച്ച ഡെയിഷ് അനുയായികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയാകമാനം ബോംബിട്ടു നശിപ്പിക്കുമെന്നും അവരുടെ തനതായ ഭീകര ശൈലിയില്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം കൊന്നൊടുക്കുമെന്നുമുള്ള ഭീതിദമായ സന്ദേശമാണ് ബഹുഭൂരിപക്ഷം ജനങ്ങളും പരത്തുന്നത്. തങ്ങളുടെ വെളിപാടുകള്‍ ന്യായീകരിക്കുന്നതിന്റെ ഒരു ലാഞ്ഛനപോലും ഉടലെടുക്കുന്നില്ലല്ലോയെന്ന നിരാശ ഇവരില്‍ ഭൂരിപക്ഷത്തിനുമുണ്ടെന്നു തോന്നുന്നു. ഇന്ത്യന്‍ മുസ്ലിങ്ങളോട് ‘എന്തുകൊണ്ടാണ് നിങ്ങളുടെ രാജ്യത്ത് ഒരു കൊടുങ്കാറ്റ് ഉണ്ടാകാത്തത്’ എന്നു ചോദിച്ച് നിരാശപ്പെടുന്ന ജിഹാദികള്‍ക്ക് സമാനമായ ഒരു നിരാശ!
ഭീകരവിരുദ്ധ കാഴ്ചപ്പാടില്‍ നിന്നു വീക്ഷിച്ചാല്‍ ഡെയിഷ് പുറത്തിറക്കിയ ആ വീഡിയോ തികച്ചും സംതൃപ്തി നല്കുന്ന ഒന്നാണ്. കാരണം, അതില്‍ കാണിച്ച ഇന്ത്യക്കാരെല്ലാംതന്നെ 2014-ല്‍ ഡെയിഷില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട 23 പേരില്‍ ഉള്‍പ്പെട്ടവരാണ്; ഹൈദ്രാബാദില്‍നിന്നും പോയി എന്നു സംശയിക്കപ്പെടുന്ന അബു സല്മന് അല്‍ ഹിന്ദി എന്നയാള്‍ ഒഴിച്ച്. അതുപോലെ അസംഗര്‍ഹ് സ്വദേശിയായ ഇന്ത്യന്‍ മുജാഹിദിന് ഭീകരനായ മുഹമ്മദ് ‘ബഡാ’ സജിദ് 2015 ആഗസ്റ്റില്‍ ഇറാക്കിലെ കൊബാനയില്‍ വച്ച് കൊല്ലപ്പെട്ടു. ചുരുക്കത്തില്‍ ഈ വീഡിയോ വളരെക്കാലത്തെ ശ്രമഫലമായി ഉണ്ടാക്കിയതാണെന്ന് മനസിലാക്കാം. അല്ലാതെ ഡെയിഷില്‍ അംഗമാകാനുള്ള ഒരു ഒഴുക്ക് ഇന്ത്യക്കാരിലില്ല. പലരും അവകാശപ്പെടുന്നതു സമ്മതിച്ചുകൊടുത്താല്തന്നെ വെറും 30-50 ഇന്ത്യക്കാര്‍ മാത്രമേ ഇതുവരെയായി ഡെയിഷില്‍ ചേര്‍ന്നിട്ടുള്ളൂ. ഒരു ഭീകരവാദി പോലും നാശം വിതയ്ക്കാന്‍ കെല്പുള്ളവനാണെന്നു സമ്മതിക്കാം, പക്ഷേ, 130 കോടി ജനങ്ങളില്‍, അതും 18.5 കോടി മുസ്ലിങ്ങളില്‍, 30-50 പേരെന്നത് ഒരു വലിയ സംഖ്യയാവുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഡെയിഷിന്റെ ആകര്‍ഷണവലയത്തില്‍ അപകപ്പെടാതിരിക്കുന്നതില് വെകിളി പിടിച്ച ശക്തമായ ഒരു രാഷ്ട്രീയ ഘടകം ഇവിടെയുണ്ട്. തങ്ങളുടെ ധാരണകളെ ഉഴുതു മറിച്ച, ഭ്രാന്തമായ മുസ്ലിം വികാരത്തില്‍ ഡെയിഷ് ഇന്ത്യയിലാകമാനം നാശം വിതയ്ക്കുമെന്നു കരുതിയിരുന്ന ഇക്കൂട്ടരുടെ അവസാനത്തെ പിടിവള്ളിയാണ് ഇത്തരം വീഡിയോകള്‍. ഐ.എസ്സില്‍ ചേര്‍ന്ന വിരലിലെണ്ണാവുന്ന ആളുകളുടെ, അതിനൊരുമ്പെട്ടപ്പോള് അറസ്റ്റു ചെയ്യപ്പെട്ട ചുരുക്കം ചില യുവാക്കളുടെ, ഇന്റര്‍നെറ്റിലെ ചില ‘ചാറ്റു’കളെ, അല്ലെങ്കില്‍ ചില ദിക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകളെ മുന്‍നിര്‍ത്തി ഏതോ അത്യാപത്ത് വരാനുണ്ടെന്ന് ഇവര്‍ ഭയപ്പെടുത്തുന്നു. ഇത് സുരക്ഷാസംബന്ധിയായ വിലയിരുത്തലുകളല്ല; മറിച്ച് മതവിദ്വേഷം വളര്‍ത്തിയെടുക്കാനുതകുന്ന യുക്തിഹീനമായ കാഴ്ചപ്പാടുകളാണ്.
പാകിസ്ഥാന്റെ സഹായത്തോടെ വളര്‍ന്നു പന്തലിച്ച മുസ്ലിം തീവ്രവാദം ഇപ്പോള്‍ ക്ഷയിച്ചിരിക്കുകയാണ്. സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ കണ്ടെത്തലുകളനുസരിച്ച് 2001-ല്‍ 4529 പേര് ഇസ്ലാമിക് ഭീകരപ്രവര്‍ത്തനത്തില്‍ കൊല്ലപ്പെട്ടെങ്കില്‍ (4507 പേര് ജമ്മു-കാശ്മീരില്‍ മാത്രം) 2015-ല്‍ 187 പേരാണ് കൊല്ലപ്പെട്ടത് (കാശ്മീരില്‍ 174 പേര്). 2016-ല്‍ ജൂണ്‍ 5-ാം തീയതി വരെ ഇത് 98-ല്‍ നില്ക്കുന്നു. ദക്ഷിണ ഏഷ്യയില്‍ ആകമാനം നോക്കിയാലും ഇസ്ലാമിക് ഭീകരാക്രമണങ്ങള്‍ വളരെ കുറഞ്ഞതായി കാണാനാവും. മുസ്ലിം തീവ്രവാദത്തിന്റെ ഈറ്റില്ലമായ പാകിസ്ഥാനില്‍ പോലും 2015-ല്‍ 3682 പേരാണ് ഇതിനിരയായത്; 2009-ല്‍ ഇത് 11,704 ആയിരുന്നു.
ഡെയിഷിന്റെ പട്ടാളം ഇന്ത്യയിലേക്ക് പടയോട്ടം നടത്താന്‍ തയ്യാറായിരിക്കുകയാണെന്ന് ഇക്കൂട്ടര്‍ പറയുമ്പോള്‍ പോലും വെറും 24 ഇന്ത്യക്കാര്‍ മാത്രമേ ആ ഭീകരസംഘടനയില്‍ അംഗമായിട്ടുള്ളൂ എന്ന് മനസിലാക്കണം. ഇതില്‍ ആറുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര് തിരിച്ചുവരികയും ചെയ്തു. 26 പേരെ ഇറാക്ക്-സിറിയന്‍ യുദ്ധപ്രദേശത്തേക്ക് യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടയില്‍ തടങ്കലിലാക്കുകയും മുപ്പതോളം പേരെ ഉപദേശിച്ച് അവരവരുടെ വീടുകളിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 18.5 കോടിയോളം വരുന്ന മുസ്ലിം ജനതയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് നിസ്സാരമായ സംഖ്യയാണെന്നു കാണാം. മാത്രമല്ല, ഇവരുടെ അറസ്റ്റിനു വഴിയൊരുക്കിയത് മറ്റ് കുടുംബാംഗങ്ങളോ സമുദായാംഗങ്ങളോ ആണെന്നതാണ് വളരെ ശ്രദ്ധേയമായിട്ടുള്ളത്. ഇതിന്റെയര്‍ത്ഥം ചുരുക്കം ചില വ്യക്തികള്‍ മൗലികവാദികളാണെങ്കിലും അവരുടെ കുടുംബത്തിനോ സമൂഹത്തിനോ ഡെയിഷിന്റെ സ്വഭാവത്തെക്കുറിച്ച് യാതൊരുവിധ തെറ്റിദ്ധാരണയുമില്ലെന്നതാണ്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ഡെയിഷ് ചുവടുറപ്പിച്ചു കഴിഞ്ഞുവെന്നും ആ ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അധിക കാലതാമസമില്ലെന്നുമുള്ളതാണ് മറ്റൊരു വാദം. യഥാര്‍ത്ഥത്തില്‍, ഈ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ ഘടനയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് സത്യം. പണ്ട് അല്‍ ഖ്വയ്ദയുടെ പുഷ്കലകാലത്ത് അവരെ പിന്താങ്ങിയതുപോലെ ഈ രാജ്യങ്ങളിലെ ചില സംഘടനകള്‍ ഡെയിഷിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഒരു സഹായവും ചെയ്യാന്‍ ആരും മുന്നിട്ടിറങ്ങിയിട്ടില്ല. മറിച്ച്, മാറുന്ന യജമാനഭക്തിയില്‍ അസംതൃപ്തരായി സംഘടനകള്‍ ഛിദ്രിച്ചുപോവുന്ന കാഴ്ചയാണ് പലയിടത്തും കണ്ടുവരുന്നത്. ഇപ്പോള്‍ ലോകത്തുള്ള ഏറ്റവും ശക്തമായ ജിഹാദി സംഘടനയോട് അടുത്തുനില്ക്കാനുള്ള തന്ത്രമായി മാത്രമേ ഈ മാറ്റങ്ങളെ നമുക്ക് കാണാനാവൂ.
ഡെയിഷിനെക്കുറിച്ച് പറയുമ്പോള്‍ പോലും കൃത്രിമമായ ഒരു പരിവേഷമാണവര് സ്വയം നേടിയെടുത്തിട്ടുള്ളതെന്നു കാണാം. അവരുടെ വിജയങ്ങളും അതിക്രമങ്ങളുമെല്ലാം അവര്‍തന്നെ എല്ലായ്പോഴും പെരുപ്പിച്ചുകാണിക്കുന്നു. അസ്ഥിരത നിലനിന്ന ഭൂപ്രദേശങ്ങളിലും ഭരണരഹിത പ്രദേശങ്ങളിലുമാണവര് പടയോട്ടം നയിച്ചത്. ഇറാക്കി സേനയെ എതിരിട്ട പ്രദേശങ്ങളിലാകട്ടെ കൂട്ടക്കുരുതികളും കുരിശില്‍ തറയ്ക്കലും പീഡനങ്ങളുമെല്ലാം പ്രദര്‍ശിപ്പിച്ച്, സുന്നി കേന്ദ്രീകൃത പ്രദേശങ്ങളില്‍ തങ്ങള്‍ താണ്ഡവമാടിയതിന്റെ തെളിവുകളുമായാണവര് മുന്നേറിയത്. ഇതിന്റെ നാടകീയമായ ഒരുദാഹരണമായിരുന്നു ഇറാക്കിലെ മൊസുള്‍ നഗരം. ടാങ്കുകളും കവചിത വാഹനങ്ങളുമടങ്ങിയ 30,000-ത്തിലേറെ വരുന്ന ഇറാക്കി പട്ടാളമാണ് തുറന്ന ജീപ്പില്‍ പാഞ്ഞെത്തിയ വെറും 1500 മാത്രം സംഘബലമുള്ള ഡെയിഷ് ഭീകരന്മാരെ പേടിച്ച് ഓടിയൊളിച്ചത്. എന്നാല്‍, പിന്നീട് ഷിയ, കുര്‍ഡിഷ് പ്രദേശങ്ങളില്‍ ശക്തമായ ചെറുത്തുനില്പാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്.
പകുതിമനസ്സോടെയുള്ള പാശ്ചാത്യ-അറബ് ശക്തികളുടെ ഇടപെടലുകളും ഡെയിഷിന് ഒരു ഗൂഢപരിവേഷം നല്കുകയുണ്ടായി. സിറിയയില്‍ ആസാദ് ഭരണത്തിനെതിരെ ആര്‍ത്തിരമ്പിയപ്പോഴും ടര്‍ക്കി വഴി അനധികൃത ക്രൂഡോയില്‍ വില്പനയിലേര്പ്പെട്ടപ്പോഴും പാശ്ചാത്യശക്തികള്‍ വെറും നോക്കുകുത്തികളായി നിന്നു. ഈ സമയത്തെ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍ ഒരു കൊടുങ്കാറ്റല്ല വെറും ചാറ്റല്‍ മഴയ്ക്ക് തുല്യമായിരുന്നുവെന്നാണ് ഒരു അമേരിക്കന്‍ പത്രപ്രവര്ത്തകന് അന്നു പറഞ്ഞത്. അക്കാലത്തെ ഡെയിഷിന്റെ വിജയങ്ങളും കടന്നാക്രമണങ്ങളുമെല്ലാം ലോകത്തിലെ വമ്പന്‍ ശക്തികളോടുപോലും കിടപിടിച്ചു നില്ക്കാന് കെല്പുള്ള ഒരു സൈനികശക്തി എന്ന പരിവേഷം അവര്‍ക്കു നല്കി. ഈ സങ്കല്പം തകരുന്നത് റഷ്യയുടെ ആഗമനത്തോടെയാണ്. സിറിയയില്‍ ആസാദ് ഭരണകൂടത്തിന് സഹായവുമായി റഷ്യന്‍ പട്ടാളം രംഗത്തെത്തിയപ്പോള്‍ ഡെയിഷ് പരാജയത്തിന്റെ രുചിയറിഞ്ഞു. പാരിസിലും ബ്രസല്‍സിലും നടന്ന ചാവേര്‍ ആക്രമണങ്ങളും റഷ്യന്‍ ഇടപെടലും ആയപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ ഉറക്കം വിട്ടുണര്‍ന്നു. തുടര്‍ന്നിങ്ങോട്ട് നാം ഇപ്പോള്‍ കാണുന്നത് ഡെയിഷിന്റെ ദ്രുതഗതിയിലുള്ള പിന്മാറ്റങ്ങളാണ്.
ഇസ്ലാമിസ്റ്റ് ഭീകരവാദം സാമാന്യജനങ്ങളുടെ മനസിനെ പിടിച്ചുലയ്ക്കുമ്പോഴും ഈ സമസ്യയിലുള്പ്പെട്ട രാജ്യങ്ങളുടെ പ്രവൃത്തി നമ്മള് തിരിച്ചറിയേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളുടെയും അവയുടെ നിഴലായ പ്രാദേശികതകളുടെയും നിരുത്തരവാദപരമായ വിദേശനയങ്ങളുമാണ് ഇസ്ലാമിക് ഭീകരവാദത്തിന് പറ്റിയ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തത്. അതിന്റെ ഒരുദാഹരണമായിരുന്നു അഫ്പാക് (അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും ഭീകരവാദത്തിന്റെ ഒരേ പ്രദേശമായി കാണാനുള്ള അമേരിക്കന്‍ നയം). നിഷ്ഠൂരവും അരാജകത്വം നിറഞ്ഞതുമായ ഭരണകൂടങ്ങളെ പതിറ്റാണ്ടുകളോളം വളര്‍ത്തിയശേഷം പെട്ടെന്ന് അവയെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരാനുള്ള പാശ്ചാത്യ ശക്തികളുടെ നീക്കങ്ങളില്‍ ചിതറിപ്പോയ പ്രദേശങ്ങളിലെ ജനതയുടെ മ്ലേച്ഛമായ ജീവിതക്രമങ്ങളാണ് ഭീകരവാദത്തിലേക്ക് അവരെ തള്ളിവീഴ്ത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മണ്ണില്‍ പോലും ഭീകരപ്രവര്ത്തനങ്ങള്ക്കിരയായിട്ടും അവര്‍ ഇപ്പോഴും ഈ നാണം കെട്ട കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
എങ്ങനെയായാലും ഡെയിഷിനോടുള്ള ചെറുഭീകരസംഘങ്ങളുടെ ആകര്‍ഷണം യുദ്ധമുഖങ്ങളില്‍ അവര്‍ നേരിടുന്ന തിരിച്ചടികള്‍ മൂലം കുറഞ്ഞുവരികയാണ്. അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇറാക്കില്‍ ഫലൂജയിലും സിറിയയില്‍ റക്കയിലും അവര്‍ ഉപരോധിക്കപ്പെട്ടുകഴിഞ്ഞു. ആകസ്മികമായ തകര്‍ച്ചയിലേക്ക് ഡെയിഷ് കൂപ്പുകുത്തുമ്പോള്‍ അവരുടെ കൊടിക്കീഴില്‍ അണിനിരക്കാനുള്ള ദക്ഷിണേഷ്യയിലെ ചെറുഭീകരസംഘങ്ങളുടെ ആവേശവും കെട്ടടങ്ങും.
എന്നാല്‍, ഇതൊന്നും ഇസ്ലാമിക് ഭീകരവാദത്തിന് ഒരു മറുമരുന്നാവുന്നില്ല. പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ ബാക്കിപത്രം ഇന്ത്യയ്ക്ക് എക്കാലവും ഒരു ഭീഷണിയായി നിലനില്ക്കും. എല്ലാത്തിനുമുപരിയായി തുടര്‍ച്ചയായി വരുന്ന ഇന്ത്യന്‍ ഭരണകൂടങ്ങളുടെ ഇസ്ലാമിക് മൗലികതയോടുള്ള അവഗണന പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. സലാഫി പ്രസ്ഥാനങ്ങള്‍ പള്ളികളും മദ്രസകളും ധാരാളം ഇപ്പോള്‍ മുളച്ചുപൊന്തുന്നുണ്ട്. ബാഹ്യമായ പണസ്രോതസ്സുകളുള്ള ഇവയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്. ഇസ്ലാമിന്റെ പഴമയിലേക്ക് തിരിച്ചുപോകാനുള്ള ഇവരുടെ ആഹ്വാനങ്ങള്‍ സമുദായത്തിനകത്തുതന്നെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവരുന്നു. ഡെയിഷ് ഭീഷണിക്കെതിരെ സംസാരിക്കുന്നവര്‍ വളര്‍ന്നുവന്ന് സമൂഹത്തെയാകെ ഗ്രസിക്കുന്ന ഈ വിപത്തിനെ കണ്ടില്ലെന്നുനടിക്കുകയാണ് ചെയ്യുന്നത്.
(ലേഖകന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൊണ്ഫ്ളിക്ട് മാനേജ്മെന്റ് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്).