ഹിന്ദുത്വവാദികളായ ചരിത്രകാരന്മാരുടെയും കൊളോണിയല്‍ ചരിത്രകാരന്മാരുടെയും ചരിത്രവീക്ഷണം ഒന്നാണെന്ന് പ്രമുഖ ചരിത്രകാരനായ കെ.എം. ശ്രീമലി പറഞ്ഞു.
മുംബൈ കലക്റ്റീവ് സംഘടിപ്പിച്ച സ്വാതന്ത്ര്യവും ബഹുസ്വരതയും ആഘോഷിക്കുക എന്ന പരിപാടിയില്‍ സംഘപരിവാര്‍ എങ്ങിനെ ചരിത്രത്തെ മാറ്റിയെഴുതുന്നു എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമലി.
വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ മതേതര വിശ്വാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച മുംബൈ കലക്റ്റീവിന്റെ ആദ്യ സമ്മേളനത്തിന് മുംബൈയിലെ വിവിധ കോളേജുകളില്‍ നിന്നും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വളരെ സമ്പൂര്‍ണമായ കാലമാണ് ഇന്ത്യയുടെ ഭൂതകാലമെന്നാണ് ഈ ചരിത്രകാരന്മാര്‍ പറയുന്നത്. മതത്തിന്റെ പേരില്‍ ചരിത്രത്തെ വിഭജിക്കുകയാണ് ഈ രണ്ടു പേരും ചെയ്തതെന്ന് ശ്രീമലി പറഞ്ഞു.സാസ്‌കാരിക ദേശീയതയെ മുന്‍ നിര്‍ത്തി ഹിന്ദു ഭൂതകാലത്തെ പ്രകീര്‍ത്തിക്കുകയാണ് ഇരുവരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ണ സമ്പ്രദായത്തെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം ചരിത്രബോധം ഇല്ലാത്ത ജനതയാണ് ഇന്ത്യക്കാര്‍ എന്ന നിലയിലാണ് ഇവര്‍ ഇക്കാര്യം അവതരിപ്പിക്കുന്നതെന്നും ശ്രീമലി പറഞ്ഞു.
നിറഞ്ഞ സദസ്സില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍. റാം, ജെ.എന്‍.യു. പ്രൊഫസര്‍ ഗോപാല്‍ഗുരു എന്നിവര്‍ പ്രഭാഷണം നടത്തി. അനാരോഗ്യ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ ആശംസാസന്ദേശം സ്വാഗത പ്രസംഗം നടത്തിയ സംഘാടക സമിതി കണ്‍വീനര്‍ പ്രൊ. രാംകുമാര്‍ വായിച്ചു.
സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയില്‍ 22 വര്‍ഷക്കാലം ചരിത്രമുള്ള ആര്‍.എസ്.എസ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. അവരുടെ എക്കാലത്തെയും ആഗ്രഹം ഹിന്ദു രാജ്യം നിര്‍മിക്കുക എന്നത് മാത്രമായിരുന്നു എന്നും ഇര്‍ഫാന്‍ ഹബീബ് സന്ദേശക്കുറിപ്പില്‍ പറഞ്ഞു.
‘ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ട് നേടി അധികാരത്തില്‍ വന്ന സര്‍ക്കാരിന് ദിനം പ്രതി അവരുടെ പിന്തുണ കുറഞ്ഞു വരികയാണ്. കനയ്യ കേസില്‍ ജാമ്യം നല്‍കിക്കൊണ്ട് നടത്തിയ കോടതിയുടെ സാരോപദേശം അസഹ്യമാണ്. അത് കോടതിയുടെ ജോലിയല്ല. കനയ്യ എന്ന വിദ്യാര്‍ത്ഥി നേതാവിനെന്നല്ല രാജ്യത്തെ പ്രധാനമന്ത്രിക്ക് പോലും ചെയ്യാന്‍ കഴിയാത്തത്ര ആരോപണങ്ങളാണ് കോടതി സാരോപദേശത്തില്‍ പറഞ്ഞതെന്ന് എന്‍. റാം പരിഹസിച്ചു. ഈ സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് അവരുടെ കരുത്തിനെ കൂടുതലായിക്കാണലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യമെന്നത് കേവലം അതിര്‍ത്തി രേഖകള്‍ കൊണ്ടുള്ള വേര്‍തിരിവുകള്‍ മാത്രമല്ലെന്നും അതില്‍ ജീവിക്കുന്ന ജനങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള എല്ലാ അതിര്‍ത്തികളില്‍ നിന്നും വേര്‍തിരിക്കുന്ന ആശയമാണെന്നും പ്രൊ. ഗോപാല്‍ ഗുരു പറഞ്ഞു. പൗരത്വമെന്നതില്‍ ഒന്നാംതരമെന്നോ രണ്ടാം തരമെന്നോ ഉള്ള വേര്‍തിരിവുകളില്ല. ആ ബോധമാണ് ദേശീയതയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം മുംബൈ 1992ലെ കലാപത്തിനു ശേഷം എന്ന വിഷയത്തില്‍ നരേഷ് ഫെര്‍ണാണ്ടസും ജ്യോതി പുനിയാനിയും പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ കിരണ്‍ നഗാര്‍കര്‍ അദ്ധ്യക്ഷത വഹിച്ചു. കലാപത്തിനുശേഷം ഭരണകൂടത്തിന് തങ്ങളുടെ ജീവന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന ബോദ്ധ്യമാകണം മുസ്ലീം സമുദായത്തെ കൂട്ടം കൂട്ടമായി താമസിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും നരേഷ് ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. സാധാരണക്കാരന്‍ ഉപയോഗിക്കുന്ന റെയില്‍വെ സ്റ്റേഷനുകള്‍ മെച്ചപ്പെടുത്തുന്നതിനേക്കാള്‍ ഭരണകൂടത്തിെന്റ താല്‍പര്യം സമ്പന്നര്‍ ഉപയോഗിക്കുന്ന എയര്‍പോര്‍ട്ട് മെച്ചപ്പെടുത്തുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.
ആനന്ദ് പട്‌വര്‍ദ്ധന്‍
രാജ്യസ്‌നേഹത്തിന്റെ നവീന അപ്പോസ്തലരായി നടക്കുന്ന ഹിന്ദുത്വവാദികളോട് ആരാണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്നതെന്ന് നാം നിരന്തരം ചോദിക്കണമെന്നും അവരെ ഇക്കാര്യം ഓര്‍മിപ്പിക്കേണ്ട കാലമിതാണെന്നും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട് വര്‍ദ്ധന്‍ പറഞ്ഞു.
ആദ്യകാലത്തെ ഗാന്ധിജി ജാതി സമ്പ്രദായം മുറുകെ പിടിച്ച ഒരാളായിരുന്നെങ്കില്‍, പിന്നീട് സമൂലമായ മാറ്റം ഗാന്ധിയില്‍ ഉണ്ടായി. അതിന്റെ ഭാഗമായാണ് അദ്ദേഹം മിശ്രവിവാഹത്തെ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചത്. ബ്രാഹ്മണ മനോഭാവത്തിനാണ് ഗാന്ധി പ്രഹരമേല്പിച്ചത്.
ഗോപാല്‍ ഗാഡ്‌സെയെ താന്‍ അഭിമുഖം നടത്തിയപ്പോള താനും നാഥുറാം ഗോഡ്‌സെയും ആര്‍.എസ്.എസ്. ആണെന്നും അതിനു പുറമെ ഹിന്ദുമഹാസഭയില്‍ അംഗമായിരുന്നെന്നും വ്യക്തമാക്കിയിരുന്നു.ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെ നിരോധിക്കുന്നത് അതിനാലാണ്. ആറുതവണ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഏഴാം തവണയാണ് അക്കാര്യം സാദ്ധ്യമായത്.
ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കി മുദ്ര കുത്തുന്നവര്‍ ഇവര്‍ ചെയ്ത രാജ്യദ്രോഹ പ്രവര്‍ത്തനത്തെ വിലയിരുത്തണം. അസഹിഷ്ണുതയുടെ ഇത്തരം ആളുകളാണ് സംവാദത്തിന്റെ മുഖം കൊട്ടിയടയ്ക്കുന്നത്. നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന നാടകം നിരോധിക്കണമെന്ന് ഒരിക്കലും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊന്നത് ശരിയല്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. തൂക്കിക്കൊലയ്ക്ക് ഞാന്‍ എതിരാണ്. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും യാക്കൂബ് മേമന്റെ കാര്യത്തിലും ഇക്കാര്യം ശരിയാണെന്നും ആനന്ദ് പട്‌വര്‍ര്‍ദ്ധന്‍ പറഞ്ഞു.
ഇന്ത്യയ്ക്കും പാകിസ്ഥാനുമുള്ള അതിര്‍ത്തികള്‍ ഇല്ലാതാക്കുന്ന ബജ്രംഗി ബൈജാനെപ്പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്ന കാലത്ത് നിരവധി തടസ്സങ്ങള്‍ താന്‍ നേരിട്ടുവെന്ന് ചടങ്ങില്‍ സംസാരിച്ച ബോളിവുഡ് സംവിധായകന്‍ കബീര്‍ഖാന്‍ പറഞ്ഞു. താന്‍ കുട്ടിക്കാലത്ത് രാംലീല മൈതാനില്‍ കണ്ട ഹനുമാന്‍ എന്ന സന്തോഷത്തിന്റെ ബിംബത്തെ കൊണ്ടുവരാനാണ് ആ ചിത്രത്തിലൂടെ ശ്രമിച്ചത്. മുഖ്യധാര ചിത്രത്തില്‍ രാഷ്ട്രീയം ബുദ്ധിപരമായി ഉപയോഗിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും കബീര്‍ഖാന്‍ വ്യക്തമാക്കി.
പ്രഭാത് പട്‌നായിക്
ചോദ്യങ്ങള്‍ ചോദിക്കുക എന്നത് ആശയ രൂപീകരണത്തിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അതിനെ തടയുന്ന പ്രവണതകള്‍ ചിന്തയുടെതന്നെ നാശത്തിലേക്ക് നയിക്കുമെന്നും ജെ.എന്‍.യു. പ്രൊഫസര്‍ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു.
യുക്തിചിന്തയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനും നേരെയുള്ള ആക്രമണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോ ലിബറിലസത്തിന്റെ ഭാഗമായി വിദ്യാഭ്യാസം ലാഭം നേടാനുള്ള ചരക്കു മാത്രമായി മാറിയതിന്റെ ഫലമാണ് ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖയിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ കൂടാതെ മേഘ പാന്‍സരെ, ഹമീദ് ദാഭോല്‍ക്കര്‍, ഡി. ബാലസുബ്രഹ്മണ്യന്‍, രഘുനന്ദന്‍ എന്നിവരും ഈ വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, ടാറ്റയും ബിര്‍ളയും പോലെയുള്ളവരുടെ വരെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക വഴി, കേവലം ആധുനിക വ്യവസായത്തിന് സഹായകമാകുന്ന ചരക്കാക്കി വിദ്യാഭ്യാസത്തെ ചുരുക്കി എന്ന് മേഘ പാന്‍സാരെ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ യുക്തിചിന്തയുടെയും മതേതരത്വത്തിന്റെയും കുറവിന് നിലവിലെ സംഘപരിവാര്‍ സര്‍ക്കാര്‍ മാത്രമല്ല വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിന്റെ കപട മതേതരത്വം കൂടി പ്രതിപ്പട്ടികയിലാണെന്ന് ഹമീദ് ദാഭോല്‍ക്കര്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ ഇടപെട്ട് ഒരു ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രണ്ടാംലോകമഹായുദ്ധത്തിന് ശേഷം സ്വാതന്ത്ര്യം ലഭിച്ച വിവിധ രാജ്യങ്ങളില്‍ വളര്‍ച്ച ശാസ്ര്തത്തിലൂടെ ആകണമെന്ന് തീരുമാനിച്ച ഒരേ ഒരു രാജ്യമാണിതെന്ന് പ്രൊ. ഡി. ബാലസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. പുരാണ കഥകളെല്ലാം യാഥാര്‍ത്ഥ്യങ്ങളല്ലെന്നും അവയുടെ ദൗത്യം മനുഷ്യ സമൂഹത്തിന്റെ ഭാവന വര്‍ദ്ധി പ്പിക്കുകയാണെന്നും, ഭാവനകള്‍ വിവിധ ആശയങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ മാറി നിന്ന് ജീവിക്കുകയെന്ന മധ്യവര്‍ഗത്തിെന്റ ശീലങ്ങളെ മാറ്റുക എന്നത് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഐ.ഐ.റ്റി. ബോംബെയിലെ പ്രൊഫസര്‍ രഘുനന്ദന്‍ പറഞ്ഞു.
‘ദേശേദ്രാഹവും ദേശവിരുദ്ധതയുടെ ഭൂതവും’ എന്ന വിഷയത്തില്‍ മിഹിര്‍ ദേശായിയും, ‘വര്‍ഗീതയും ലിംഗവും ഹിംസയും’ എന്ന വിഷയത്തില്‍ സുഭാഷിണി അലിയും സംസാരിച്ചു. പ്രശസ്ത നടന്‍ സീഷാന്‍ അയൂബ് കവിതകള്‍ അവതരിപ്പിച്ചു
പി. സായിനാഥ്, ശശികുമാര്‍, നിഖില്‍ വാഗ്ലെ, കുമാര്‍ കേത്കര്‍ , സീതാറാം യെച്ചൂരി, ഡി. രാജ, രതിന്‍ റോയ്, വിശാല്‍ ദത് ലാനി, ലോറന്‍സ് ലിയാങ്, മിഹിര്‍ ദേശായി, സുഭാഷിണി അലി, ജിതേന്ദ്ര അഹ്വാഡ്, കപില്‍ പാട്ടീല്‍ എന്നിവര്‍ വിവിധ വിഷയത്തില്‍ പ്രഭാഷണം നടത്തി.