പി.ടി. ബിനുവിന്റെ ‘പ്രതി എഴുതിയ കവിത’യ്‌ക്കൊരു
വായന
ചെറുതുകളുടെ അപരിമേയ സാധ്യതകളിലാണ് ഉത്തരാധുനിക
കവിത നിലകൊള്ളുന്നത്. നായകത്വത്തെയും ദ്വന്ദ്വാത്മക
വൈരുദ്ധ്യങ്ങളെയും തകർത്തുകളയുന്ന സമകാലിക
മലയാളകവിത വ്യത്യസ്ത പരിപ്രേക്ഷ്യത്തിന്റെ സാധ്യതകളെ
തിരിച്ചറിയുന്നുണ്ട്. പച്ചയും പെണ്ണും കീഴാളനും പ്രവാസിയും
ന്യൂനപക്ഷജീവിതവും ദീർഘമൗനത്തിൽ നിന്നു പുറത്തുവന്നു
സംസാരിച്ചു തുടങ്ങിയ കവിതക്കാലമാണിത്.
ഉപഭോഗസംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തത്തിൽ അമർന്നു
പോവുകയും ആഘോഷിക്കുകയും ചെയ്യുന്ന
ജനസമൂഹത്തിന്റെ കാഴ്ചയും നാവും ത്വക്കും പെരുക്കുന്ന
അനുഭവസഞ്ചയങ്ങളാണ് ഏറ്റവും പുതിയ കവിതകളിൽ
മുന്നിട്ടുനിൽക്കുന്നത്. ബ്ലോഗെഴുത്തിന്റെ സാധ്യത തുറന്നിടുന്ന
അതിരില്ലാത്ത ഇടത്തിന്റെ പരീക്ഷണാത്മകതകളും
പുതുകാലകവിതകളുടെ പ്രത്യേകതകളാണ്. ഈ
സവിശേഷതകളിൽ ചിലതിനെ ഉൾക്കൊള്ളുമ്പോഴും
തെല്ലകന്നു നടക്കുന്ന കാവ്യവഴികളാണ് പി.ടി. ബിനുവിന്റെ
‘പ്രതി എഴുതിയ കവിത’ എന്ന സമാഹാരം
മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശികതകളിലും ചെറു
ഇടങ്ങളിലും നാട്ടിൻപുറപ്പച്ചകളിലും വിടരുന്ന
പുതുകവിതയുടെ ഗന്ധവും മിനുപ്പും ഒരുപോലെ
സൂക്ഷിക്കുവാൻ ഈ കവിതകൾക്കു സാധിക്കുന്നു.
ഏകതാനതകളുടെ മടുപ്പിനു നേരെ പരിഹാസത്തിന്റെ
ചൂണ്ടക്കുരുക്കുകൾ എറിയുന്ന സൂക്ഷ്മമായ വാക്
വൈദഗ്ധ്യങ്ങളും ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്.
ദീർഘമൗനങ്ങളുടെ വിച്ഛേദവും ശകലീകൃത കർതൃത്വങ്ങ
ളുടെ സാധ്യതയും ഈ സമാഹാരത്തിലെ കവിതകളിൽ
സ്ഫുരിക്കുന്നുണ്ട്. നിർദ്ധനജനതയുടെ അവകാശസമരങ്ങളുടെ
ചരിത്രത്തിനു സംഭവിക്കുന്ന ഭീമമായ വിള്ളലുകളാണ് ‘പ്രതി
എഴുതിയ കവിത’യിൽ സ്ഫുരിക്കുന്നത്. രക്താനുഭവങ്ങൾ
കോറിയിട്ട സമരകാലത്തിന്റെ വ്യതിരിക്തമായ
ഓർമസഞ്ചയമാണ് പ്രതിയുടെ വാക്കുകളിലൂടെ തുറക്കുന്നത്.
രക്തസാക്ഷിസ്മാരകം നിലനിൽക്കുന്ന മൈതാനത്തു
പണ്ടുണ്ടായിരുന്ന പറമ്പിലാണു തന്നെ കെട്ടിയിട്ടു തല്ലിയതെന്ന
ഓർമയോടെയാണ് കവിത ആരംഭിക്കുന്നത്. ”കഴുത്തിൽ നുകം
വച്ചുകെട്ടി കാളകളോടൊപ്പം വലിപ്പിച്ചു മുപ്പിരിയൻ വടി
മുതുകത്തു പൊട്ടിച്ചതഞ്ഞു വായിൽ ചെളി കുത്തിക്കയറ്റി
വരമ്പിലൂടെ വലിച്ചോണ്ടുപോയി” എന്നെഴുതുമ്പോൾ കൂര
കെട്ടുവാനുള്ള ഇടത്തിനായും കുടിവെള്ളത്തിനായും
പൊരുതുന്ന മനുഷ്യരുടെ ദാരുണാനുഭവങ്ങൾ ഇരയാക്കപ്പെട്ട
പ്രതിയുടെ ശബ്ദത്തിലൂടെ ആവിഷ്‌കരിക്കുന്നു. അടിസ്ഥാന
അവകാശങ്ങൾക്കായുള്ള ജനകീയ സമരങ്ങളുടെ സ്മരണകൾ
മൈതാനങ്ങളായും മണ്ഡപങ്ങളായും ചുരുങ്ങുമെന്നു മാത്രമല്ല
അന്നുപയോഗിച്ച കൊടികൾ വലിയ വലിയ കെട്ടിടങ്ങൾക്കു
മുകളിൽ പാറുന്നുവെന്നുകൂടി എഴുതുന്നിടത്താണ് ദുരന്തചിത്രം
തെളിയുന്നത്. ജനകീയ സമരങ്ങളുടെ രാഷ്ട്രീയത്തിന്റെ
ദൗരന്തികചിത്രമാണ് ഫ്‌ളാറ്റുകളിൽ പാറുന്ന പതാകകളിലൂടെ
പ്രകടമാകുന്നത്. പൊതുധാരാ രാഷ്ട്രീയത്തിന്റെ
സ്ഥാപനവത്കരിക്കപ്പെട്ട താൽപര്യങ്ങളാണ്
നോക്കുകുത്തികളായി പാറുന്ന കൊടികൾക്കു പിന്നിൽ
നിലകൊള്ളുന്നത്. ധനത്തിന്റെയും മതത്തിന്റെയും
അധികാരത്തിനു മുമ്പിൽ മുട്ടുകുത്തിപ്പോകുന്ന മുഖ്യധാരാ
രാഷ്ട്രീയത്തിന്റെ പതനങ്ങളെ പ്രാദേശികസമരത്തിന്റെ
ഭൂമികയിൽ നിന്നുകൊണ്ടു വരച്ചുചേർക്കുന്ന ഈ കവിത
ചരിത്രത്തിലെ മൗനങ്ങളെ പ്രതിരോധത്തിന്റെയും
പരിഹാസത്തിന്റെയും ഭാഷയിൽ പുനരാവിഷ്‌കരിക്കുന്നു.
എഴുതപ്പെടാത്ത ജീവിതങ്ങളും കാണപ്പെടാത്ത ഇടങ്ങളും
പി.ടി. ബിനുവിന്റെ കവിതകളിൽ കടന്നുവരുന്നു.
‘ഉച്ചവെള്ള’മെന്ന കവിതയിൽ ദാഹിച്ചപ്പോൾ വഴിയരികിലെ
വീട്ടിൽ കയറി വെള്ളം കുടിക്കുമ്പോൾ, മകനെപ്പറ്റി സങ്കടം
പറയുന്ന ‘കാറ്റുലർത്തിയ മുറംപോലെയുള്ള’ സ്ത്രീയുടെ
വറ്റാത്ത ദു:ഖത്തെ കുറിച്ചെഴുതുന്നു. ‘ഈറ്റക്കെട്ടുമായി
വൈകുന്നേരമിറങ്ങിവരുന്ന അമ്മമാർ വാക്കുകൾ’ എന്ന വരി
അമ്മമാരുടെ മക്കളെച്ചൊല്ലിയുള്ള തീരാസങ്കടങ്ങളുടെ
ഭാഷണമാണ്. ‘അലക്കുകാരി’ എന്ന കവിത മൗനഭേദനത്തിൽ
നിന്നുതിരുന്ന വാക്കുകളുടെ സുതാര്യതയും വിങ്ങലും
നിറയ്ക്കുന്നുണ്ട്. ‘പുഴയിൽനിന്നൊരു വിളിയുടെ അറ്റത്ത്
അവളുടെ വീട്’ എന്നെഴുതുമ്പോൾ എസ്. ജോസഫിന്റെ
പെങ്ങൾ, ചിന്നച്ചേച്ചി തുടങ്ങിയ കവിതകളുടെ ഓർമ
വായനക്കാരിലെത്തുന്നു. പുഴയുടെ ആകാശത്ത്
ഒറ്റയ്ക്കിരിക്കുന്ന അലക്കുകാരിയെയും അലക്കുകല്ലിൽ
പറന്നിരിക്കുന്ന കിളികളെയും വരച്ചുചേർക്കുന്ന കവിത
എഴുതപ്പെടാത്ത ജീവിതങ്ങളെയും ഇടങ്ങളെയും
ആവിഷ്‌കരിക്കുന്നു.
ഉത്തരാധുനിക കവിതകളുടെ, ബിംബകല്പനകളുടെയും
താളത്തിന്റെ ഭാരത്തെ അഴിച്ചുകളഞ്ഞ വാമൊഴി ഭാഷയോട്
ചേർന്നുനിൽക്കുന്ന ആഖ്യാനരീതി സ്വീകരിക്കുമ്പോഴും
അവയ്ക്കു തന്റേതായൊരു സ്പർശം നൽകുവാൻ പി.ടി.
ബിനുവിനു സാധിക്കുന്നുണ്ട്. നാട്ടുജീവിതചിത്രങ്ങളുടെയും
പേച്ചുകളുടെയും സൂക്ഷ്മവിന്യസനമാണ് ഈ കവിതകളെ
ഭിന്നമാക്കുന്നത്. ‘ചാമ്പയ്ക്കാപ്പഴ നിലാവിൽ നിൽക്കുന്ന
മിന്നാമിന്നികൾ പാടിപ്പോയ വയൽ’ എന്നു ബാല്യകാല
പ്രണയ വിസ്മയത്തെ ആവിഷ്‌കരിക്കുന്ന ‘കൈപ്പത്തി’ എന്ന
കവിതയിലെഴുതുമ്പോഴും ‘ഇന്നലെ പെയ്ത സൂര്യനെ
അടിച്ചുവാരി കൈത്തോട്ടിലിട്ട്’ എന്നും ‘ഓളങ്ങളുടെ ഗ്രഹണം
കഴിഞ്ഞ്, വെളിച്ചത്തിന്റെ കൊറ്റികൾ പറന്നുപോയി’ എന്നും
‘വെളിച്ച’ത്തിലെഴുതുമ്പോഴും നാട്ടുജീവിതചിത്രങ്ങളിൽനിന്നു
വാർന്നുവീഴുന്ന വക്രോക്തി സ്പർശമുള്ള ആവിഷ്‌കരണങ്ങ
ളാണ് തെളിയുന്നത്. ‘നീരൊഴുകുന്ന ചെരിവിലിരിക്കാം അവിടെ
വരുന്ന മേഘങ്ങളെ തൊടാം മഴനുള്ളിയെടുക്കാം’,
‘ചെമ്പരത്തികൾ നട്ടുവളർത്തിയ ആകാശം’ (കൊടി),
”പേരയിലകൾ മഞ്ഞിന്റെ കൈയിൽ പച്ചച്ചു കിടക്കുന്നു”
(പഴുത്ത പേരയ്ക്ക) എന്നിങ്ങനെയുള്ള വരികളിൽ
നാട്ടിൻപുറപ്പച്ചകളിൽനിന്നു തോറ്റിയെടുത്ത ബിംബകല്പനകളുടെ
സാരള്യശോഭയുണ്ട്. മലയാളി മറന്നുപോയ
നാട്ടുചെടികളും പഴങ്ങളും സ്ഥലികളും ഗൃഹാതുരത്വത്തിന്റെ
സ്ഥിരവഴികളിൽനിന്നു മാറിനിന്നുകൊണ്ട് വരച്ചിടുവാൻ ഈ
കവിതകൾക്കു സാധിക്കുന്നു.
വികസനത്തിന്റെയും പുരോഗതിയുടെയും കുതിപ്പുകളിൽ
മാറുന്ന ഇടങ്ങളും ഈ കവിതകളിൽ കടന്നുവരുന്നുണ്ട്.
പൂരക്കാലങ്ങളുടെ ഓർമകളിൽ തെളിയുന്ന പ്രണയിനീചിത്രം
പകർത്തുന്ന ‘കൈപ്പത്തി’യിൽ ‘ഇല്ലിക്കാടുകൾ വെട്ടിക്കളഞ്ഞു
അതിലെ ടവർലൈൻ പോകുന്നു’ എന്നെഴുതുമ്പോൾ
മാറ്റത്തിന്റെ തിരിച്ചറിവുകളാണുള്ളത്. ‘മാഞ്ഞുപോയ ഭൂപട’
മെന്ന കവിതയിലെ ‘തീരത്തു കാക്കകൾ കൊത്തിവലിക്കുന്ന
ഉപേക്ഷിച്ച നഗരം’ എന്ന ഒറ്റവരിയിൽ മാലിന്യങ്ങൾ
പെരുകുന്ന കൂർത്ത കൊക്കുകളാൽ കൊത്തിവലിക്കപ്പെടുന്ന
നഗരജീവിതത്തിന്റെ വ്യർത്ഥതകൾ കടന്നുവരുന്നുണ്ട്.
‘മലയിടിക്കുന്ന ഒച്ച’ എന്ന കവിത സൂക്ഷ്മമായ പരിസ്ഥിതി
ബോധ്യത്തിന്റെ അടയാളങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഭൂമിയെ
കുത്തിക്കവരുന്ന നവസാങ്കേതികവിദ്യകളെ (ണടറളദ ബമവണറല)
ഈ കവിതയിൽ വരച്ചിടുന്നുണ്ട്. ”കല്ലൻ ലോറികൾ
ഇടിച്ചുതെറിപ്പിച്ച ചവറുകൂന പോലെ നെൽപ്പാടങ്ങൾ
ചിതറിക്കിടക്കുന്നു. ഒറ്റക്കോരലിന് തെങ്ങുംതടം കിണർ
വീടുവഴി…..” എന്നെഴുതുമ്പോൾ മോഹനകൃഷ്ണൻ
കാലടിയുടെ ‘പന്തുകായ്ക്കും കുന്നിലെ’യും പി.പി.
രാമചന്ദ്രന്റെ ‘കാറ്റേ കടലേ’യിലേയും കുന്നുകളെ
മാന്തിപ്പൊളിക്കുന്ന സാങ്കേതികവിദ്യ മാറ്റുന്ന ഇടങ്ങളെ
വിസ്മരിക്കാൻ സാധിക്കുകയില്ല. ”വീട്ടിൽനിന്നു
കവലയിലേയ്ക്കുള്ള തൊണ്ട് വലിച്ചുകീറിയ തോർത്തുപോൽ
ചതുപ്പിൽ കിടക്കുന്നു” എന്നും ”കുട്ടികളുടെ പഴമരങ്ങൾ
വേരോടെ മെതിച്ചിട്ടിരിക്കുന്നു” എന്നുമെഴുതുമ്പോൾ
ഇടങ്ങളുടെ മാറ്റവും ഛിന്നഭിന്നമാകലും കവിതയിൽ
ആഴത്തിൽ വേരോട്ടമുള്ള ചിത്രങ്ങളെ പ്രത്യക്ഷമാക്കുന്നു.
നമ്മൾ കണ്ടിട്ടും കാണാത്തതായും കേട്ടിട്ടും
കേൾക്കാത്തതായും നടിച്ച പാരിസ്ഥിതിക വിനാശത്തിന്റെ
കാഴ്ചകളെയും ശബ്ദങ്ങളെയും കോറിയിടുന്ന കവിതയെന്ന
നിലയിൽ ‘മലയിടിക്കുന്ന ഒച്ച’ മലയാളത്തിലെ മികച്ച
പരിസ്ഥിതിക്കവിതകളിലൊന്നാണെന്ന് നിസ്സംശയം പറയാം.
പഴമരങ്ങളും ചാമ്പക്കാപഴനിലാവും പഴുത്ത
പേരയ്ക്കയുമൊക്കെയായി തളിർത്ത ബാല്യവിസ്മയങ്ങളുടെ
അനിതരസാധാരണമായ ആഖ്യാനപരത പി.ടി. ബിനുവിന്റെ
കവിതകളിൽ തെളിയുന്നുണ്ട്. ‘സാൻജോ പാൻസ വാസ്
പസിൽഡ്’ എന്ന കവിത ആരംഭിക്കുന്നത്
‘നെല്ലിയിലകൾക്കിടയിൽ വെയിലിന്റെ പൂവുകൾ അതിന്റെ
ചുവട്ടിൽ പള്ളിക്കൂടം തുറന്നിട്ടിരിക്കുന്നു’
എന്നെഴുതിക്കൊണ്ടാണ്. ‘പഴുത്ത പേരയ്ക്ക’ എന്ന
കവിതയിലും ‘ചതുരത്തിന്റെയും വൃത്തത്തിന്റെയും തീവെള്ളം’
കണക്കുമാഷ് കുടിപ്പിക്കുമ്പോഴും മാഷിന്റെ മകൾ ബാല്യകാല
സ്‌നേഹത്തിന്റെ പഴുത്ത പേരയ്ക്കയായി
ചിരിച്ചുനിൽക്കുന്നുണ്ട്. ‘ജലത്തിൽ നിലാവ്
വീണുകിടക്കുന്നപോലുള്ള വരാലിൻകുഞ്ഞുങ്ങളെ
കൈക്കുമ്പിളിൽ കോരിയെടുക്കുന്ന’ കുട്ടിക്കൗതുകത്തിന്റെ
ശോഭയാണീ കവിതയിൽ തെളിയുന്നത്.
മലയാളിയുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളെ
പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത് പി.ടി. ബിനു
കവിതകളിൽ ആവിഷ്‌കരിക്കുന്നുണ്ട്. ‘പൊടിപൂരം തിരുനാൾ
ഷമീർ ഷേക്ക് തമ്പുരാൻ’ എന്ന പേരിൽ നിന്നു തുടങ്ങുന്ന
പരിഹാസം ആ കവിതയിലുടനീളം പരക്കുന്നുണ്ട്.
മലയാളികളുടെ പൊങ്ങച്ച സഞ്ചികളും വൈദേശികഭ്രമങ്ങളും
സുക്ഷ്മഫലിതത്തിലാവിഷ്‌കരിക്കുന്ന ചിത്രത്തിലൂടെയാണ്
ഈ കവിത ആരംഭിക്കുന്നത്. ജർമനിയുടെയും ചൈനയുടെയും
മാപ്പു വാങ്ങി തല ജർമനിയിലും കാൽ ചൈനയിലും
വച്ചുകിടക്കുന്ന പൊടിപൂരം തിരുനാൾ മലയാളിയുടെ കവാത്തു
മറക്കുന്ന സ്വഭാവത്തെ പരിഹാസാത്മകമായി
ചിത്രീകരിക്കുന്നു. അര മണിക്കൂറിനുള്ളിൽ ഷർട്ട്
തയ്ച്ചുകൊടുക്കുന്ന ടിപ്‌ടോപ് ടെയ്‌ലേഴ്‌സും
മൾബറിത്തോട്ടവും കൂവക്കൃഷിയും വാനിലത്തോട്ടവും
മലയാളിയുടെ ധനമോഹത്തിൽ നിന്നുയരുന്ന
പുതുസംരംഭങ്ങളാണ്. ‘സിനിമയ്ക്കിട്ട മേയ്ക്കപ്പ് ജീവിതത്തിൽ
വിയർത്തൊലിച്ചു’ എന്നെഴുതുമ്പോൾ അഭിനയങ്ങളും
മുഖംമൂടികളും കെട്ടുവാൻ നിർബന്ധിതരാകുന്ന
മലയാളിമൗഢ്യങ്ങളെ ഹാസ്യ സൂചനകളോടെ
വരച്ചുചേർക്കുന്നു.
പ്രണയത്തെയും കവിതയെയും അതിന്റെ എല്ലാ
ആഴത്തിലും സൂക്ഷിക്കുന്ന കവി അവയോട് ബോധപൂർവമായ
നിർമമത്വം പുലർത്തിക്കൊണ്ട് കവിതകളെഴുതുന്നു. അതുവരെ
കവിതയിൽ സാധാരണയായി കാണാത്ത മനുഷ്യരെ തന്റെ
കവിതയിൽ താമസിപ്പിച്ച പി.ടി. ബിനു (‘കവിതയിൽ
താമസിക്കുന്ന’വർ എന്ന ആദ്യ കവിതാ സമാഹാരം)
ചെറുതെന്ന് മുഖ്യധാര നിനയ്ക്കുന്ന ജീവിതങ്ങൾക്കും
ഇടങ്ങൾക്കും ഭാഷണങ്ങൾക്കും ഗന്ധങ്ങൾക്കും
രുചികൾക്കുമായി തന്റെ കവിതയെ തുറന്നിടുന്നു. കവിതയെ
മട്ടോളം തിരിച്ചറിഞ്ഞിട്ടും ആദർശവത്കരണത്തിന്റെ
മേലങ്കികളെല്ലാം ഉരിഞ്ഞുമാറ്റി ”കിനാവു കണ്ടിരിക്കാതെ
ലേഖനമോ യാത്രാവിവരണമോ എഴുതാൻ നോക്ക്
പണത്തിനുമീതെ പരുന്തും പറക്കില്ല, കേട്ടിട്ടില്ലേ” എന്ന്
‘കവിതയിൽ ഒരു കാര്യവുമില്ല’ എന്ന കവിതയിൽ
എഴുതുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെയും ഈലോക വിനിമയ
സാധ്യതകളുടെയും വിപണി
അധിഷ്ഠിതജീവിതസല്പനങ്ങളുടെയും കാലത്ത്
കവിതയോടുള്ള പ്രീതിക്കുറവിനെ തിരിച്ചറിഞ്ഞുകൊണ്ടാണ്
ഈ കവി കവിതയെ തന്റെ കൊടിയടയാളമാക്കുന്നത്.
സംഗീതാത്മകതകളെ പൂർണമായും കൊഴിച്ചുകളഞ്ഞ
അനുദിന ജീവിതസംഭാഷണശൈലിയുടെ
സാധാരണത്വങ്ങളിൽ പിറക്കുമ്പോഴും കവിതയിൽ ചില
കാര്യങ്ങളുണ്ടെന്ന് വായനക്കാരനെ ഇവയുടെ വായന
ബോധ്യപ്പെടുത്തുന്നുണ്ട്. ‘നിന്നെ പ്രണയിച്ച കാലം’ എന്ന
കവിതയിൽ ”നിന്നെ പ്രണയിച്ച കാലത്ത് പത്ത് വാഴ
നടാമായിരുന്നു” എന്നെഴുതുന്നത് പുതുകാല പ്രണയത്തിന്റെ
പ്രായോഗിക പാഠമായി ആദ്യവായനയിൽ തോന്നുമെങ്കിലും
ആഴമുള്ള ചിലതിനെ ചേർത്തുപിടിക്കുന്ന കവിസ്വരം ഈ
വരികൾക്ക് പിറകിൽ മിടിക്കുന്നുണ്ട്.
ഉടൽമോഹങ്ങളിൽ കഴുത്തോളം മുങ്ങുന്ന പുതുകാല
പ്രവണതകളിൽ നിന്ന് തെല്ലകന്നു നിൽക്കുവാൻ ഈ
കവിതകൾക്കു സാധിക്കുന്നുണ്ട്. ഉടലറിവുകൾക്കുമപ്പുറത്തു
വളരുന്ന തിരിച്ചറിവുകളെ സുക്ഷ്മമായി ഇണകിച്ചേർക്കുവാൻ
ഈ കവിതകൾക്കു കഴിയുന്നു. ”കാടു നനഞ്ഞ പൂക്കളുമായി
പുഴയിലൂടെ ഒഴുകിപ്പോയ കർക്കടകം” എന്ന് മൂന്നു
പ്രണയകവിതകളിലെ ‘നീ’ എന്ന കവിതയിലെഴുതുമ്പോൾ
പ്രകൃതിയോടിണങ്ങി നനയുകയും മണക്കുകയും ഒഴുകുകയും
ചെയ്യുന്ന പ്രണയത്തെയാണ് കവി എഴുതുന്നത്.
‘അവധിദിവസത്തിന്റെ കനം’ എന്ന കവിതയിൽ
ഉപഭോഗസംസ്‌കാരത്തിന്റെ ശരീരാധിഷ്ഠിത ജീവിതം
കടന്നുവരുന്നുണ്ട്. എന്നാൽ അവയവസമാഹാരമായി ഇണയെ
തിരിച്ചറിയുന്ന തത്കാലത്തിന്റെ നോട്ടങ്ങൾക്കപ്പുറത്തുള്ള
ജീവിതത്തിന്റെ ഉൾക്കണ്ണുകൾ ഈ കവിതയിൽ
തുറന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ചെത്തുതെങ്ങിന്റെ
മുകളിലിരുന്ന് കള്ളൻ കാണുന്ന നിലാവിലിറങ്ങിനടക്കുന്ന
പെണ്ണ് ആത്മഹത്യ ചെയ്തതറിഞ്ഞു നൊമ്പരപ്പെടുകയും
‘ഞാനൊരു നല്ല കള്ളനല്ലല്ലോ’ എന്നു വിലപിക്കുകയും
ചെയ്യുന്നു. റയിൽവേ ട്രാക്കിൽ ചിതറിക്കിടക്കുന്ന അവളുടെ
ശരീരത്തെ ‘അവൾതന്നെ ചിതറിയ തടാകം പോൽ,
പിടയ്ക്കുന്ന മീനുകളിൽ ചവിട്ടിനിന്നു’ (അവൾക്ക് ഒരു കവിത)
എന്നെഴുതുമ്പോൾ കാമക്കണ്ണുകൾ കവിതയിലൂടനീളം
നിറയ്ക്കുന്ന പുതുകാല പ്രവണതകളിൽ നിന്നു
തെല്ലകന്നുനിൽക്കുന്ന കവിതകളാണ് പ്രകടമാകുന്നത്.
യക്ഷിക്കഥകളുടെയും ചാത്തൻ സേവയുടെയും
മന്ത്രവാദത്തിന്റെയും വിചിത്രലോകത്തെ പി.ടി. ബിനു തന്റെ
കവിതകളുടെ ആഖ്യാനത്തിൽ ചേർക്കുന്നുണ്ട്.
‘തീപ്പെട്ടിപ്പട’ത്തിലെ യക്ഷിയും ‘ചാത്തൻസേവ’യിലെ
പങ്കജാക്ഷിയും പെരിങ്ങോട്ടുകുറിശ്ശി സ്വാമിയും ഭീതിയുടെ
മാത്രമല്ല പുതുകാല ജീവിതത്തിലെ അഭിനയത്തിന്റെയും
അതിജീവനത്തിന്റെയും തന്ത്രങ്ങളെക്കൂടെ
പ്രത്യക്ഷമാക്കുന്നുണ്ട്.
‘തൃശൂർ പൂര’മെന്ന കവിതയിൽ മലയാളകവിതയുടെ
ചരിത്രത്തെ പൂരപ്പറമ്പായി കല്പിക്കുന്നു. ചെണ്ടയും
ഇടയ്ക്കയും മദ്ദളവുമുൾപ്പെടെയുള്ള വാദ്യങ്ങൾ ആശാനും
നമ്പ്യാരുമൊക്കെയുൾപ്പെടുന്ന മേളസംഘമാണ് വായിക്കുന്നത്.
ഈ കവിസംഘത്തിന്റെ പൂക്കുടമാറ്റം ‘വാക്കിനുള്ളിൽ നിറഞ്ഞ
ഈരേഴുപതിന്നാലുലക’മായി കവി തിരിച്ചറിയുന്നു. ”പൂരം
കഴിഞ്ഞു, പുലർന്ന നേരം ആനമേളം ചമയങ്ങളൊക്കെ പോയി
പൊട്ടിച്ചിതറിയ പടക്കങ്ങൾപോൽ പൂരപ്പറമ്പിൽ കിടന്നു
ഞങ്ങൾ” എന്നെഴുതുമ്പോൾ മുമ്പേ നടന്നുപോയ മനീഷികളെ
തിരിച്ചറിയുന്ന കവിതയുടെ വഴി തെളിയുന്നുണ്ട്. മുമ്പുള്ളവയെ
തൂത്തെറിഞ്ഞു മുന്നേറുന്ന ധാർഷ്ട്യത്തിന്റെ പാതയിൽനിന്നു
വ്യത്യസ്തമാണീ കവിതയുടെ പൂരപ്പറമ്പ് പ്രകടമാക്കുന്നത്.
പൊട്ടിച്ചിതറിയ പടക്കങ്ങളായി സ്വയം തിരിച്ചറിഞ്ഞ് അതേ
കവിതപ്പറമ്പിലെ പുതിയ കവിതയിൽ നിലകൊള്ളുവാനുള്ള
ജാഗ്രതയും സന്നദ്ധതയുമാണ് പി.ടി. ബിനുവിന്റെ കവിതകളെ
ആഴത്തിൽ വേരോട്ടമുള്ള പച്ചമരമാക്കുന്നത്.
മൗനത്തിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ നൽകുന്ന ചൂടും
ചൂരും ഈ കവിതകളിൽ ചിതറിക്കിടപ്പുണ്ട്. പൂക്കളിൽ
വസിക്കുന്നതിനേക്കാൾ വേരുകളിൽ പാർക്കുന്നതാണ്
തനിക്കിഷ്ടമെന്നെഴുതിയ പാബ്ലോ നെരൂദയെപ്പോലെ ഈ
കവിതകളും നീരു തേടുന്ന വേരുകളിലൂടെ
കവിതപ്പച്ചകൾക്കായി കാംക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
‘കവിതയിൽ ഒരു കാര്യവുമില്ലെന്നു’പറഞ്ഞുകൊണ്ട്
കവിതയിലൂടെ ചില കാര്യങ്ങൾ വായനക്കാരനു
ബോധ്യപ്പെടുത്തുന്ന സാധ്യതയാണ് പി.ടി. ബിനുവിന്റെ
കവിതാലോകത്തിനുള്ളത്.