സൂര്യതാപമേറ്റ് ചുട്ടുപൊള്ളുകയാണ് മഹാരാഷ്ട്ര; പ്രത്യേകിച്ചും വിദര്‍ഭ, മറാത്ത്വാഡ പ്രദേശങ്ങള്‍. ലാത്തൂര്‍, പര്‍ഭാനി, യവത്മാള്‍, ബീഡ്, സോലാപൂര്‍, നാന്ദഡ് തുടങ്ങിയ ജില്ലകളില്‍ വരള്‍ച്ച അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു. കുടിക്കാന്‍ പോലും ജലം കിട്ടാതെ ജനം വലയുമ്പോള്‍ കലാപഭീതിയില്‍ ഭരണകൂടം പല സ്ഥലങ്ങളിലും സെക്ഷന്‍ 144 പ്രഖ്യാപിച്ചുകഴിഞ്ഞു. ജലസംഭരണികള്ക്കടുത്ത് അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന നിര്‍ദേശം പുറത്തിറക്കുമ്പോള്‍ ഇനിയും മഴയെത്താന്‍ ഏഴെട്ട് ആഴ്ചകളെങ്കിലും കാത്തിരിക്കേണ്ടിവരുമല്ലോയെന്ന ഭയം അധികാരികള്‍ക്കിടയില്‍ പടര്‍ന്നുകഴിഞ്ഞു.
കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഈ വര്‍ഷം നേരിടുന്നതെന്ന പഠനങ്ങളും കണക്കുകൂട്ടലുകളും നടക്കുമ്പോള്‍തന്നെ ഇതിനെ ഏതു രീതിയില്‍ നേരിടണമെന്ന് സര്‍ക്കാരിന് വ്യക്തമായ ധാരണകളില്ലെന്നതാണ് സത്യം. ഏകദേശം 1,37,000,00 കര്‍ഷകരുള്ള മഹാരാഷ്ട്രയില്‍ 90 ലക്ഷത്തിലധികം പേര് വരള്‍ച്ചയില്‍ വലയുന്നതായി കണക്കാക്കപ്പെടുന്നു. കാര്‍ഷികവിളകളുടെ ഉല്പാദനത്തില് ഇന്ത്യയില്‍ രണ്ടാംസ്ഥാനമുള്ള ഈ സംസ്ഥാനത്തിലെ 43,000 ഗ്രാമങ്ങളില്‍ 14,708 ഗ്രാമങ്ങളെ സര്‍ക്കാര്‍ വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയൊക്കെ ലോറിയിലും ട്രെയിനിലും വെള്ളമെത്തിക്കുകയെന്നത് വളരെ പ്രയാസമേറിയ പണിയാണെന്നറിയാന് വിദഗ്ദ്ധോപദേശത്തിന്റെ ആവശ്യമില്ല.
ഇക്കഴിഞ്ഞ ദിവസം സാമ്നയുടെ മുഖപ്രസംഗത്തില്‍, വരള്‍ച്ച കൈകാര്യം ചെയ്യുന്നതിലുള്ള ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. മഹാരാഷ്ട്രയില്‍ ഭരണം കയ്യാളുന്ന ബിജെപിയുടെ സഹയാത്രികരായ ശിവസേനയുടെ മുഖപത്രമാണ് സാമ്ന.
‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ജനങ്ങള്‍ ജീവിച്ചിരുന്നാല്‍ മാത്രമല്ലേ സാധിക്കൂ എന്നായിരുന്നു സാമ്ന ചോദിച്ചത്. ഭാരത് മാതയുടെ മക്കള്‍ തമ്മില്‍ കുടിവെള്ളത്തിനായി അന്യോന്യം കുത്തിക്കൊല്ലുന്ന അവസ്ഥയാണെന്നും മുഖപ്രസംഗം പറയുന്നു. ഇത്രയധികം ജലക്ഷാമമുണ്ടായിട്ടും ഐ.പി.എല്‍. ക്രിക്കറ്റ് കളിക്കായി സ്റ്റേഡിയം നനയ്ക്കാന്‍ വെള്ളം ഉപയോഗിക്കുന്നതിനെ മുംബൈ ഹൈക്കോടതി ശക്തമായി അപലപിച്ചിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്ത് മുംബൈ നഗരത്തിലെ തെരുവുകളില്‍ അഭയം പ്രാപിക്കുന്ന കുടുംബങ്ങള്‍ ഇപ്പോഴൊരു സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. പുതിയ നിയമം മൂലം തങ്ങളുടെ മാടുകളെ വില്ക്കാന് പോലുമാവാതെ വരണ്ട ഭൂമിയില്‍ അവ പിടഞ്ഞുവീഴുന്നതു കണ്ടാണ് പലരും എത്തുന്നത്.
കൊടുംചൂടില്‍ മഹാനഗരത്തിലെ തെരുവുകളില്‍ ഒരുനേരത്തെ ഭക്ഷണത്തിനായി തങ്ങളുടെഅഭിമാനംപോലും കളഞ്ഞ് കൈ നീട്ടുന്ന അവര്‍ ഭിക്ഷക്കാരല്ല; ഇന്ത്യയുടെ ആത്മാവ് എന്ന് ഗാന്ധിജി പറഞ്ഞ പാവപ്പെട്ട ഗ്രാമീണരാണ്. അക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ എണ്പതു കഴിഞ്ഞ വയോവൃദ്ധര്‍ വരെയുണ്ട്.
വ്യവസായവത്കരണത്തിന്റെ പാര്‍ശ്വഫലങ്ങളോടൊപ്പം ജലസ്രോതസുകളുടെ ദുരുപയോഗവും ജലസംരക്ഷണത്തിനും സംഭരണത്തിനുമുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ അലംഭാവവുമാണ് വരള്‍ച്ചയുടെ മുഖ്യകാരണങ്ങള്‍. ലോകമെമ്പാടും ജലം ഒരമൂല്യസമ്പത്തായി മാറിക്കൊണ്ടിരിക്കുമ്പോഴും നദികളും ജലാശയങ്ങളും വേണ്ട രീതിയില്‍ സംരക്ഷിക്കാതെ ഓരോ വര്‍ഷത്തെയും മണ്‍സൂണ്‍ മഴയെ മാത്രം ആശ്രയിച്ച് പ്രകൃതി ചതിച്ചു എന്ന സ്ഥിരം വാക്കുകളില്‍ തടിതപ്പുന്ന അധികാരികളുടെ ദീര്ഘദൃഷ്ടിയില്ലായ്മയ്ക്കാണ് പാവപ്പെട്ട ഗ്രാമീണര്‍ ഇപ്പോള്‍ ഇരയാവുന്നത്.