മനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും
മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ്
മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ
ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും
ഊഷ്മളതയും ഒടുങ്ങാത്ത ആവേശവും നിറഞ്ഞ അങ്ങയുടെ
പ്രേമത്തിന് അർഹ ഞാൻ മാത്രമാണ്.
കൂട്ടുകാരീ, ചെറുപ്പത്തിൽ ഞാൻ പ്രണയിച്ചു. ഗാഢമായിത്ത
ന്നെ. ഒന്നല്ല പല പെൺകുട്ടികളെ. പക്ഷെ എല്ലാം പരാജയപ്പെട്ടു.
കാമുകനിൽനിന്നും എന്തെങ്കിലും ഒന്ന് നേടാൻ വേണ്ടി
യാണ് എന്നെ പെൺകുട്ടികൾ പ്രണയിച്ചത്. സ്‌നേഹം, സന്ത
തി, വാത്സല്യം, ആഭരണം, സമ്പത്ത് തുടങ്ങിയ അവരുടെ ആഗ്രഹങ്ങളുടെ
പട്ടിക. കാമുകിക്ക് ഒപ്പം ഒന്നായി… പിന്നെ ഒന്നിച്ച്
ഒന്നും അല്ലാതാവാൻ കൊതിച്ച ഞാനും.
പരിചയപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ, നഗ്നയായി കിടപ്പറയിൽ
വന്ന പ്രണയിനിയെ, പിന്നെ ഒരിക്കലും കണ്ടിട്ടില്ല. തത്വ
ജ്ഞാനം കേട്ട് പുലരുവോളം ഇരിക്കാൻ ഒരു പെണ്ണിനും ആവി
ല്ലത്രെ. പേശികളിലെ പിരിമുറുക്കം മനസ്സിലാക്കാൻ പോലും
ആവാത്തവനെ പുരുഷൻ എന്നു വിളിക്കാൻ ലജ്ജ തോന്നുന്നു
എന്ന് ഒരു അനുബന്ധവും.
സ്വന്തം ലൈംഗിക സംതൃപ്തിക്ക്, അനുരാഗം എന്ന മുഖംമൂടി
അണിഞ്ഞവളോട് ജുഗുപ്‌സ തോന്നി. മനസ്സിലെ അറപ്പ് മാറാൻ
കുറെക്കാലം വേണ്ടിവന്നു.
പഴയത് എല്ലാം മറന്നു. ഒന്നിച്ച് ഒന്നും അല്ലാതാവൻ ഉള്ള
വെമ്പലുമായി വീണ്ടും ഒരു പുത്തൻ പ്രണയം. ഇപ്രാവശ്യം ഒപ്പം
വരാൻ തയ്യാറായ പെൺകുട്ടിയും അവളുടെ മാത്രമായ വഴി
ക്കാണ് ചിന്തിച്ചത്. പിന്നെയും പലവട്ടം പരാജയം ആവർത്തിച്ചു.
ഒറ്റയ്ക്കു ജീവിച്ച എന്നെ ആളുകൾ ബ്രഹ്മചാരി എന്ന് വിളിക്കാ
ൻ തുടങ്ങി. ഏകാന്തതയിൽ മനസ്സ് പ്രകൃതിയോട് നിരന്തരം
സംവദിച്ചു. ചിന്തകളുമായി ഉമ്മറത്ത് ഇരിക്കുമ്പോൾ രാവുകളും
പകലുകളും കടന്നുപോവുന്നത് അറിയാതായി. വിശപ്പും
ദാഹവും അലട്ടിയില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു ആനന്ദം
അനുഭവിക്കുകയായിരുന്നു ഞാൻ. അവിചാരിതമായി ഒരു ദിനം,
പടി കടന്ന് എത്തിയ അപരിചിതനോട് സംസാരിച്ചത് ഞാൻ
അല്ല. എന്റെ നാവാണ്. ഉച്ചരിച്ച വാക്കുകളിൽ ഏറെയും ഞാൻ
അറിയാത്തതും. പിന്നെയും ചില അപരിചിതർ സന്ദർശകർ
ആയി വന്നു. നാക്കിനു സംഭവിച്ചത് എന്തെന്ന് എനിക്ക് അറി
യില്ല. എന്റെ ചിന്തകളിലും അറിവിലും ഇല്ലാത്ത കാര്യങ്ങളും
വാക്കുകളും ഭാഷകളും ഒക്കെ എന്റെ നാവിൽ നിന്നും പുറത്തേക്കു
വന്നു. നിയന്ത്രണം ഇല്ലാത്ത നാക്ക് പറഞ്ഞത്
അത്രയും മറ്റ് എല്ലാവർക്കും പ്രിയതരമായി.
ബ്രഹ്മചാരിയെ കാണാൻ ഒരുപാടു പേർ എത്തിത്തുടങ്ങി.
സ്‌നേഹം കാട്ടാൻ സമ്മാനങ്ങൾ. ആദരവ് കാട്ടാൻ പൂമാലകളും
പുഷ്പവൃഷ്ടിയും.
വീടിനു ചുറ്റും പന്തലുകൾ ഉയർത്തപ്പെട്ടു. അവിടെ ഒക്കെ
ചില ഓഫീസുകൾ. പണം വാങ്ങുകയും ചീട്ടെഴുതുകയും ചെയ്യു
ന്നവർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നവർ. അവരുടെ എല്ലാം
നടുവിൽ വീടിനുള്ളിൽ ഞാൻ. എന്റെ ഇരുവശത്തും പ്രത്യേക
വേഷം ധരിച്ച രണ്ട് അംഗരക്ഷകർ. എന്നെ കാണുന്നവരൊക്കെ
കൈ കൂപ്പി. ഞാനും കൈ കൂപ്പി പ്രത്യഭിവാദ്യം ചെയ്തു.
ആദരവോടെ എന്നെ ബ്രഹ്മചാരി എന്നു വിളിച്ചവരെ, ഞാൻ
സംബോധന ചെയ്തത് നാവു കണ്ടെത്തിയ ഒരു പുതിയ വാക്കുകൊണ്ടാണ്.
അങ്ങനെ ഒരു പദം ഞാൻ അറിയുകയോ കേൾ
ക്കുകയോ ചെയ്തിട്ടുള്ളതല്ല.
പിന്നെ ഒരിക്കലും ഒരു സ്ര്തീപോലും എന്നെ പ്രണയവുമായി
സമീപിച്ചിട്ടില്ല. ചില മദ്ധ്യവയസ്‌കകളോട് എനിക്ക് പ്രേമം
തോന്നി എന്നത് സത്യമാണ്. അതിൽ ചിലർ വിവാഹിതരും
സന്താനങ്ങൾ ഉള്ളവരും. എനിക്ക് നിയന്ത്രിക്കാനാവാത്ത നാവ്
അവരോടു പറഞ്ഞത് എന്റെ ഉള്ളിലെ വികാരങ്ങൾ അല്ല. എന്റെ
കാലിൽ തൊട്ടു നമസ്‌കരിച്ചു പോയ ആ സ്ര്തീകൾ സ്വപ്നങ്ങളിൽ
വന്നിട്ടുണ്ട്. മോഹഭംഗവും സങ്കടവും നൽകിയ അത്തരം സ്വപ്ന
ങ്ങളിൽനിന്ന് ഉണരുന്നത് കവിളുകളിലൂടെ കണ്ണീർ ഒഴുകുമ്പോഴാണ്.
എന്റെ കണ്ണീർ ഒപ്പിയ ചെറു തുണികഷണങ്ങൾ വമ്പൻ
വിലയ്ക്ക് വാങ്ങാൻ നേരത്തെതന്നെ പണം അടച്ചു കാത്തിരിക്കു
ന്നവർ ഏറെ ഉണ്ട് എന്നത് പിന്നീട് കിട്ടിയ പുത്തൻ അറിവ്.
പ്രിയപ്പെട്ട കൂട്ടുകാരീ, ഒന്നിച്ച് ഒന്നും അല്ലാതാവാൻ ഒരു
പ്രണയിനി ഒപ്പം എത്തും എന്ന് പിന്നെ ചിന്തിച്ചിട്ടേ ഇല്ല.
ഇപ്പോൾ കഴിഞ്ഞ ഏഴു ദിവസങ്ങളിൽ നിന്നോടൊപ്പം ചിലവിട്ട
ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. നീയും എന്നോടൊപ്പം
ഉള്ള സമയം, അനുഭൂതികളുടെ വസന്തമായി ആഘോഷിക്കു
ന്നതു കണ്ട് ഞാൻ സന്തോഷിക്കുന്നു. നീ നിന്നെക്കാൾ കൂടുതൽ
എന്നെ സ്‌നേഹിക്കുന്നു. ഞാനും എന്നെക്കാൾ സ്‌നേഹി
ക്കുന്നത് ഇപ്പോൾ നിന്നെയാണ്.
ഒരിക്കൽപോലും സ്ര്തീയുമായി ഞാൻ ശാരീരികമായി ബന്ധ
പ്പെട്ടിട്ടില്ല. എന്നെ പ്രണയിച്ചു വന്ന ഒരു പെൺകുട്ടിയും അതിന്
അർഹരായിരുന്നവരായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ നീ
അവരിൽനിന്ന് വ്യത്യസ്തയാണ്. മനസ്സുകൾ ഒന്നായവരുടെ ശരീ
രങ്ങൾ സംഗമിക്കണം. നീ അനുവദിക്കുന്നു എങ്കിൽ, ആഗ്രഹി
ക്കുന്നു എങ്കിൽ എന്നെ നീ സ്വന്തമാക്കി മാറ്റൂ.
ഞാൻ പറഞ്ഞുതീരുമ്പോഴേക്കുംതന്നെ, ഇത്ര പ്രണയാർദ്രമായ
ഒരിടത്തേക്ക് നീ എന്നെ എത്തിച്ചിരിക്കുന്നു. മനുഷ്യൻ
കണ്ടിട്ടില്ലാത്ത കൊടുമുടിയിൽ, ഹരിതവനങങ്ങൾക്കിടയിലെ
പാറയിൽനിന്നും കുത്തനെ താഴേക്ക് ഒഴുകുന്ന അരുവിയിലെ
തെളിനീരിൽ നിനക്കൊപ്പം. പ്രണയത്തിന്റെയും പ്രകൃതിയുടെയും
കുളിര് ഒന്നാവുന്നു. ആലിംഗനത്തിൽ സ്വയം മറന്ന
പ്പോൾ നമ്മുടെ ദേഹത്തെ വസ്ര്തങ്ങൾ ഒഴുക്ക് കൊണ്ടുപോയത്
അറിഞ്ഞതേ ഇല്ല. പോളകൾ അടയാതെ ഒത്തിരി നേരം നിന്റെ
നഗ്നശരീരം മാത്രം നോക്കിയിരിക്കുവാൻ എന്റെ കണ്ണുകൾക്ക്
കൊതി. കൂട്ടുകാരീ… ഇനിയും നമ്മുടെ ശരീരങ്ങൾക്ക് അകന്നുനിൽക്കാനാവില്ല.
പിരിയാനാവാത്ത ആശ്ലേഷത്തിന്റെ സുഖ
ത്തിൽ നമുക്ക് അലിഞ്ഞുചേരാം. അനുഭൂതിയുടെ ആഴങ്ങളി
ലേക്ക് ഒന്നിച്ച് ഊളിയിടാം. ഒന്നിച്ച് ഒന്നും അല്ലാതാവുന്ന അനുഭൂതി.
ലോകം മുഴുവനും മങ്ങി മങ്ങി ഇല്ലാതാവുന്നതായി എനിക്ക്
തോന്നുന്നു. നിന്റെ ആലിംഗനത്തിന്റെ ശക്തി കൂടിക്കൂടി വരു
ന്നതായി ഞാൻ അറിയുന്നു. എന്റെ മാത്രമായ എന്റെ പ്രിയപ്പെ
ട്ടവളെ, രതിമൂർച്ഛയുടെ ഈ നിമിഷത്തിൽ പ്രണയത്തോടെ
ഞാൻ നിനക്ക് ഒരു ഓമനപ്പേരിടട്ടെ.
ഉം… അവളുടെ വികാരസാന്ദ്രമായ സമ്മതം.
ബ്രഹ്മചാരിയുടെ മനസ്സും ശരീരവും നിശ്ചലമായി. അവരുടെ
ആനന്ദം പാരമ്യത്തിലും.
***
ന്യൂസ് ചാനലുകൾ മറ്റു പരിപാടികൾ മാറ്റിവച്ച് ബ്രഹ്മചാരി
യുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകളുടെ തത്സമയ
സംപ്രേഷണം തുടങ്ങി.
ഏഴു ദിവസം അദ്ദേഹം കോമയിൽ ആയിരുന്നു. പ്രഗത്ഭരായ
ഡോക്ടർമാരുടെ ശ്രമവും അത്യാധുനിക ഉപകരണങ്ങളുടെ
സഹായവും ഉണ്ടായിട്ടും അദ്ദേഹം ഇഹലോകവാസം വെടി
ഞ്ഞു. ഒരു മാസം മുൻപ് അദ്ദേഹംതന്നെ പ്രവചിച്ച ദിവസവും
സമയവും കൃത്യമായി പാലിച്ച മരണം.
ആശുപത്രിയിലെ കിടക്കയ്ക്ക് അടുത്ത് ഇരുപത്തിനാലു മണി
ക്കൂറും കാവലിരുന്ന നേഴ്‌സുമാരും, മുറിയിൽ നിരന്തരം കയറി
യിറങ്ങിയ നാല് സഹായികളും, അദ്ദേഹം കട്ടിലിൽനിന്ന് എഴുന്നേറ്റ്
കുളിമുറിയിൽ പോയത് കണ്ടില്ലത്രെ. ഷവറിൽ നിന്ന്
വെള്ളം ദേഹത്തേക്ക് വീണുകൊണ്ടിരുന്നു. മുഖത്ത് പുഞ്ചിരി.
തുറന്നിരുന്ന കണ്ണുകളിലെ ഭാവം വിശ്വപ്രേമത്തിന്റേതുതന്നെ
എന്ന് നിർവചിച്ച പത്രപ്രവർത്തകൻ ആര് എന്നതിന് പല അവകാശവാദങ്ങളും.