ചെമ്പകച്ചോട്ടിൽ
ചേതനയറ്റ് കിടക്കുന്ന
പൂക്കളുടെ
കൊലയാളിയാര്?
ചില്ലകൾക്കിടയിലൂടെ
പെയ്തിറങ്ങി
ഒരു ചുംബനത്തിലൂടി-
തളുകൾ ഒന്നാകെ
തല്ലിക്കൊഴിച്ച മഴ?
തൃസന്ധ്യയിൽ
ഇലകളുടെ മറ പറ്റി
ആവോളം ഭോഗിച്ച്
ഇരുളിലേക്ക് മറഞ്ഞ
കാറ്റ്?
പിൻവിളികൾക്ക്
ചെവിയോർക്കാതെ
തേനൂറ്റിയെടുത്ത്
പറന്നകന്ന വണ്ടുകൾ?
അവസാന ഈറനും
നിഷേധിച്ച്
മഞ്ഞുതുള്ളികളെ
അടർത്തി മാറ്റിയ
സൂര്യൻ?
സാക്ഷികൾ
പലതവണ കൂറ് മാറിയ
വിസ്താരത്തിലെ
അന്ത്യവിധി!
”നീട്ടിയ കൈകളിലേക്കെല്ലാം
കാമം തുടിച്ച്
സ്വയം ഊർന്നുപോയ
പൂക്കളെ,
നിങ്ങളുടെ മരണം
വെറും ആത്മഹത്യ!”