Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ദീവാളി സ്വീറ്റ്‌സ്

ബാലകൃഷ്ണൻ October 26, 2019 0

‘ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?’ എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്.

ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്പോൾ ഭാര്യയുടെ ശബ്ദം ഉയർന്നു.

‘കേട്ടില്ലാന്ന് മനപ്പൂർവ്വം നടിക്ക്വാണ്. മിണ്ടാണ്ടിരുന്നാ കാശ് ചെലവാവില്ല്യലോ’.

‘എന്തെങ്കിലും പറഞ്ഞോ?’

‘ഇക്കൊല്ലം നമ്മളെന്താ വാങ്ങ്വാന്നാ ഞാൻ ചോയ്ച്ചത്’.

‘ഒരാനയെ വാങ്ങ്യാലോ’.

‘ദേ എൻറെ വായിലിരിക്കണത് കേക്കണ്ടെങ്കി മിണ്ടാണ്ടിരുന്നോളു’.

‘ഞാൻ തമാശ പറഞ്ഞതല്ല. നമുക്ക് എന്തിന്റെയാണ് ഒരു കൊറവ്. നഗരത്തിൽ ഒരാനപ്പുറത്തിരുന്ന് പോവുന്നതിന്റെ ഗമയൊന്ന് ആലോചിച്ച് നോക്ക്. ടാറ്റയ്‌ക്കോ ബിർളയ്‌ക്കോ, എന്തിന്, നമ്മുടെ സ്വന്തം മുകേശ് അംബാനിക്ക് പോലും ഇല്ലാത്ത ഒരാഡംബരമല്ലേ അത്. അതുകൊണ്ട് നമുക്ക് ബീഹാറിലോ ആസ്സാമിലോ പോയി ആനലേലത്തിൽ പങ്കുകൊള്ളാം. ഇപ്പൊ നാട്ടിലൊക്കെ ആനയ്ക്ക് എന്താ ഒരു ഡിമാന്റ്! ഉത്സവങ്ങളും പൂരങ്ങളും ഒഴിഞ്ഞ സമേം ണ്ടോ. കടം വാങ്ങീട്ടായാലും ഒരാനയെ വാങ്ങി മുറ്റത്ത് കെട്ടുന്നതിന്റെ അന്തസ്സ് ഏതോ ഒരു മലയാള പടത്തില് ഇന്നസെന്റ് പറേണ്ടല്ലോ. നിനക്കാ ചിത്രത്തിന്റെ പേര് ഓർേമണ്ടോ…?’

‘ദേ, എനിക്ക് നാവ് ചൊറീന്ന്ണ്ട്. എന്റെ വായിലിരിക്കണത് കേക്കണ്ടെങ്കി ഞാൻ ചോയ്‌ച്ചേന് സമാധാനം പറ’.

‘ശരി, ഇക്കൊല്ലം ദീവാളിക്ക് എന്താ വാങ്ങേണ്ടത്. പറയ്. നിന്റെ ഇഷ്ടം നടക്കട്ടെ.’

‘നമ്മക്ക് വലിയൊരു ടി.വി. വേണ്ടേ?’

‘വേണോ? ഇപ്പൊള്ള പെട്ടിക്ക് എന്താ കൊഴപ്പം. ചിത്രം വര്ണില്ല്യേ. ശബ്ദം…’

‘അതൊക്കെണ്ട്. ന്നാലും ഓരോരുത്തരുടെ വീട്ടില് ടി വി കാണുമ്പൊ തിയ്യറ്ററിലിരുന്ന് സിനിമ കാണുന്ന പോല്യാണ്. ഇന്നാള് ജെസ്സീടെ വീട്ടിലിരുന്ന് സിനിമ കണ്ടപ്പോ ഞാനന്തം വിട്ട് പോയി. തിയ്യറ്ററിലിരുന്ന് സിനിമ കാണേലും രസാർന്നു’.

‘നീ എന്ത് സിനിമ്യാ കണ്ടത്?’

‘ബാഹുബലി’.

‘മതി. മതി. കാര്യം പിടി കിട്ടി. നമുക്കാലോചിക്കാം’.

ഞങ്ങളുടെ ആലോചനാ യോഗം അവസാനിക്കുന്നതിന് മുമ്പ് മോളടെ ഫോൺ വന്നു.

മോളടെ പതിവുള്ള ഫോൺവിളി. അമ്മയും മോളും തമ്മിലുള്ള സംസാരത്തിന് സമയപരിധിയില്ല. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ അവരുടെ സംസാരത്തിനിടയിൽ ഞാൻ എനിക്ക് ചെയ്യേണ്ടതായ സകല ജോലികളും തീർത്തിട്ടുണ്ടാവും. ഇന്നും ഞാൻ കുളി കഴിഞ്ഞ് ഈറൻ തോർത്തും ചുമലിലിട്ട് പുറത്ത് വന്നപ്പോഴും കൊണ്ടു പിടിച്ച സംസാരമാണ്. അതിനിടക്ക് മോൾ പറഞ്ഞു, ‘ഇന്നലെ ഞങ്ങൾ ചന്തു ഹൽവയിൽ പോയിരുന്നു. അവിടെ ദീവാളി പലഹാരങ്ങളുടെ പൊടിപൂരമായിരുന്നു. ഓരോന്നും നോക്കി നടക്കുമ്പോൾ എന്റെ വായിൽ കപ്പലോടിക്കാമായിരുന്നു. എന്നാൽ നിരത്തിവച്ചിരിക്കുന്ന മധുര പലഹാരങ്ങളുടെ മുമ്പിൽ ചെന്നു നിന്നപ്പോൾ ഞാൻ അറിയാതെ പരിസരം
മറന്ന് പൊട്ടിച്ചിരിച്ചു’.

‘മധുര പലഹാരം കണ്ട് പൊട്ടിച്ചിരിക്ക്വേ. ഇത് നല്ല കൂത്ത്. അവിടെ നിക്കുന്നോര് നെണക്ക് വട്ടാണെന്ന് കരുതീട്ടുണ്ടാവും’.

‘ഞാൻ കാരണമില്ലാതെ ചിരിക്കണ കണ്ടപ്പൊ എനിക്ക് ഒരു പിരി ലൂസാണെന്ന് കരുതി. വളരെ അകലെ എത്തിയിരുന്ന പ്രതാപൻ എന്റെ ചിരീടെ ശബ്ദം കേട്ട് തിരിഞ്ഞു നിന്നു. പിന്നെ അടുത്തേക്ക് വന്ന് ചോദിച്ചു, നിനക്ക് നാണാവില്ല്യേ ഇങ്ങനെ ഒറക്കെ ചിരിക്കാൻ. ആളുകളൊക്കെ നിന്നെനോക്കി അത്ഭുതപ്പെടുന്നുണ്ടാവും. ഇവിടെ കാണുന്ന കൂട്ടത്തിൽ നമ്മളെ അറിയുന്നവരും ഉണ്ടാവുമെന്ന് മറന്നതുപോലെ എന്ത് കണ്ട്ട്ടാ ഈ പൊട്ടൻ ചിരി?’

അവൾക്ക് ചിരിയടക്കി മറുപടി പറയാൻ കഴിയുന്നില്ല. അവൾ ചെറുതായി ചെറുതായി നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയായ വിവരമുണ്ടോ പ്രതാപൻ അറീന്നു. ആ കുട്ടിയും അവളേക്കാൾ രണ്ടു വയസ്സ് പ്രായം കുറവുള്ള അനിയനും അച്ഛൻ ഓഫീസിൽ നിന്ന് വരണ സമയം കണക്കാക്കി കാത്തിരിപ്പാണ്. ദീവാളിയുടെ രണ്ട് ദിവസം മുമ്പ് അച്ഛൻ ഓഫീസ് കാന്റീനിൽ നിന്ന് വാങ്ങുന്ന മധുരപലഹാരങ്ങളുമായിട്ടാവും വരിക. ലഢു, ജിലേബി, ബാലുഷാഹി, ശങ്കർപാളി, സോൻ പപ്പടി, കാലാജാമൂൻ…. അങ്ങനെ കിട്ടാവുന്നതെല്ലാം. സ്വാദിൽ അല്പം കുറവുണ്ടെങ്കിലും അച്ഛന്റെ പോക്കറ്റിനു ചേർന്നതായിരുന്നു, കാന്റീൻ പലഹാരങ്ങൾ. ഇപ്പോൾ ബാലുഷാഹിയുടെ മുന്നിൽ വന്നപ്പോൾ ആ നാലാംക്ലാസ്സുകാരിയുടെ പൊട്ടിച്ചിരിയാണ് കേട്ടത്. അവൾ ആർത്തിയോടെ കാത്തിരിക്കാറുള്ള മധുര പലഹാരങ്ങൾ. ബാലുഷാഹിയുടെ പുറന്തോട് പൊട്ടിച്ച് ഉള്ളിലുള്ള പഞ്ചസാര സിറപ്പ് വലിച്ചുകുടിച്ച് ആസ്വദിച്ച കുട്ടിക്കാലം….

പ്രതാപന്റെ കയ്യിൽ പണമുണ്ട്. അവൾക്കിഷ്ടമുള്ളതെല്ലാം വേണ്ടുവോളം വാങ്ങാൻ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഇപ്പോൾ ഇഷ്ടാനിഷ്ടങ്ങളൊക്കെ മാറിമറഞ്ഞിരിക്കുന്നു. പഞ്ചനക്ഷത്രഹോട്ടലുകളിൽ ലഭിക്കുന്ന പേരുപോലും അറിയാത്ത ഭക്ഷണം രുചിയറിയാതെ കഴിക്കുമ്പോഴും സാലഡ് എന്ന പേരിൽ കടിച്ച് പറിക്കുന്ന ഇലയും കായുമൊക്കെ വീട്ടിലെ അടുക്കള രുചികളിലേക്കും മണങ്ങളിലേക്കും അവളെ വലിച്ചെറിയുന്നു. വെളിച്ചെണ്ണ യിൽ മൊരിയിച്ച പരിപ്പുവടയും, ഉരുളക്കിഴങ്ങ് കറിയും, സാമ്പാറും, ഗുലാബ് ജാമും, എന്തിന് മുട്ട ഓംലെറ്റ് പോലും അവളുണ്ടാക്കിയാൽ അമ്മസ്വാദ് കിട്ടുന്നില്ല. അതുകൊണ്ടാവാം ദീവാളി അടുത്ത് വരുമ്പോൾ അച്ഛൻ കാന്റീനിൽ നിന്ന് വാങ്ങിെക്കാണ്ടുവരാറുള്ള മധുരപലഹാരങ്ങളുടെ ധാരാളിത്തത്തിൽ കഴിച്ച ആ കുട്ടിക്കാലത്തെ ഒരിക്കൽ കൂടി വിളിച്ചുവരുത്താൻ തോന്നുന്നത്. ഒരിക്കലും നടക്കാത്ത വ്യാമോഹം.

കഴിഞ്ഞ ദിവസം ദീപു ഫോൺ ചെയ്തപ്പോൾ ഞങ്ങൾ മണിക്കൂറുകളോളം സ്‌കൂൾ വിശേഷങ്ങൾ പറഞ്ഞിരിക്കാറുള്ളതും അമ്മയുണ്ടാക്കി ടിന്നുകളിൽ അടച്ചു വയ്ക്കാറുള്ള മുറുക്കും പൊക്കുവടയും തിന്നു തീർക്കാറുള്ളതും ഓർത്ത് അയവിറക്കിചിരിച്ചു. ദീപുവിന്റെ ഓർമകൾ തുടർച്ചയുള്ളതും തെളിച്ചമുള്ളവയുമാണ്. അവൻ തനിച്ചിരിക്കുമ്പോൾ പഴയ തമാശകൾ ഓർത്തോർത്ത് ചിരിക്കുന്നത് കാണാം. പിന്നെ അവയെക്കുറിച്ചുള്ള നീണ്ട സംഭാഷണങ്ങളിൽ തീരുന്ന ഞങ്ങളുടെ ഉച്ചനേരങ്ങൾ. ഇനി ഒരിക്കലും ആ ഉച്ചകൾ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന സത്യം ഞങ്ങളെ ഒരുപോലെ ദു:ഖിപ്പിച്ചു.

അച്ഛന് മുന്തിയ ജോലിയോ ഉയർന്ന ശമ്പളമോ ഉണ്ടായിരുന്നില്ല. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തിൽ അധികച്ചെലവിനോ ആഡംബരങ്ങൾക്കോ ഇടമുണ്ടായിരുന്നില്ല. ആഘോഷങ്ങൾ വരുന്നതിന് മുമ്പുതന്നെ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് ഫോം വാങ്ങി പൂരിപ്പിച്ച് ഷുവർട്ടിയുടെ ഒപ്പു വാങ്ങി കൗണ്ടറിൽ കൊടുക്കാൻ മറക്കാറില്ല. വീഴ്ച വരുത്താറില്ല. ആഘോഷങ്ങൾ അടുത്തു വരുമ്പോൾ ഷുവർട്ടിയായി ആളെ കിട്ടാൻ വിഷമിക്കാറുണ്ട്. എല്ലാവരും സഞ്ചരിക്കുന്നത് ഒരേ ബോട്ടിലാണ്. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് തന്നെ പ്രശസ്തമായ മിഠായിക്കടകളുണ്ടായിരുന്നു. ദാമോദർ മിഠായി വാലാ, സരോജ് സ്വീറ്റ്‌സ്, ബിക്കാനീർ നമ്കീൻ… ഓരോരുത്തരും പ്രത്യേകം പ്രത്യേകം മിഠായികൾക്ക് പേരു കേട്ടവർ. ഞങ്ങൾ അവരുടെ ബോർഡുകൾ വായിച്ചും കണ്ണാടിക്കൂടുകളിലെ മധുരപലഹാരങ്ങൾ സ്വപ്‌നം കണ്ടും കാന്റീനിലെ മധുര പലഹാരങ്ങൾ കൊണ്ട് ദീവാളി ആഘോഷിച്ചു.

ദീവാളി കുളിച്ചു എന്ന് പറയുന്നതായിരിക്കും ശരി എന്ന് ദീപു തമാശ പറഞ്ഞു. അവന്റെ ചിരി ചില്ലുഗ്ലാസ്സുടയുന്നതു പോലെ ഫോണിൽ മുഴങ്ങി. വറുതിക്കാലത്തെക്കുറിച്ചുള്ള ഓർമകളുടെ ആഹ്ലാദം.

ഇക്കൊല്ലത്തെ ദീവാളിക്ക് ശബ്ദമലിനീകരണവും വായുമലിനീകരണവും ഒഴിവാക്കാനുള്ള നിർേദശങ്ങൾ ദീവാളിക്ക് മുമ്പേ പത്രങ്ങളിൽ സ്ഥലം പിടിച്ചിരിക്കുന്നു. ജന്മാഷ്ടമിയുടെ ദഹി ഹണ്ഡിയുടെ ഉയരത്തെക്കുറിച്ചും ഹോളിക്ക് വാരിത്തൂവുന്ന നിറങ്ങളിൽ പതിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും, ജനങ്ങൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പത്രങ്ങളിൽ കാണാറുള്ള മുന്നറിയിപ്പുകൾക്ക് ജനം എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്ന് ആഘോഷങ്ങൾക്ക് പുറകെ വരുന്ന വാർത്തകൾ വായിച്ചാലറിയാം. ആഘോഷലഹരിയിൽ ജനങ്ങൾ അതൊക്കെ മറക്കുകയും പതിവുപോലെ ആഘോഷങ്ങൾ കൊഴുപ്പിക്കുകയും അപകടങ്ങൾ വിളിച്ചു വരുത്തുകയും ചെയ്യുന്നത് സാധാരണയാണ്.

ആഘോഷങ്ങൾ പലപ്പോഴും അവയുടെ ഉദ്ദേശ്യശുദ്ധിയിൽ നിന്നും തെന്നിമാറി വെല്ലുവിളികളുടേയും മത്സരങ്ങളുടേയും ആസുരഭാവങ്ങൾ കൈവരിക്കുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. കാലം കടന്നു പോകും തോറും മതസ്പർദ്ധകളും, ജാതി വൈരങ്ങളും, രാഷ്ട്രീയ ചേരിതിരിവുകളും ആഘോഷങ്ങളുടെ ഉദ്ദേശ്യശുദ്ധിയിൽ കളങ്കം ചേർക്കുന്നു. അത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ ദീവാളീ ഗുണ്ടുകളുടേയും പടക്കത്തിന്റെയും ശബ്ദങ്ങൾക്ക് നിയന്ത്രണം വരുന്നതായി പത്രവാർത്തകൾ ദിവസവും വരുന്നു. കുട്ടിക്കാലത്തെ ദീപാവലി പുലർച്ചെ എഴുന്നേറ്റ് എണ്ണതേച്ചു കുളിയിലും എന്തെങ്കിലുമൊക്കെ പലഹാരങ്ങളിലുമായി ഒതുങ്ങാറേയുള്ളു. വൈകുന്നേരങ്ങളിൽ വീടിനു ചുറ്റും കൊളുത്താറുള്ള മൺചിരാതുകളിലെ ദീപനാളങ്ങൾ മാത്രമാണ് ദീപാവലി എന്ന പേരിനെ അന്വർത്ഥമാക്കിയിരുന്നത്. രാവണനെ വധിച്ച് സീതയെ വീണ്ടെടുത്ത് വിജയശ്രീലാളിതനായി ശ്രീരാമൻ തിരിച്ചു വരുന്നതിന്റെ ഓർമയിലാണ് ഉത്തരേന്ത്യക്കാർ ദീവാളി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയം.

എന്നാൽ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് പാപ്പരായവരെക്കുറിച്ച് ദീവാളി കുളിച്ചു എന്ന വിശേഷണം എന്നോ കേട്ടു തുടങ്ങിയതാണ്. രർത്ഥത്തിൽ മറുനാടുകളിൽ പോയി ജീവിതം ചമയ്ക്കുന്നവരൊക്കെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ദീവാളി കുളിച്ച അവസ്ഥയിലാണ്.

‘ഞങ്ങൾ സർക്കാരുദ്യോഗസ്ഥർ എന്നും ദീവാളി കുളിക്കുന്നവരാണ്. അല്ലാത്തവർ ശമ്പളത്തിനേക്കാളധികം കിമ്പളം വാങ്ങുന്നവരായിരിക്കും,’ അച്ഛൻറെ വാക്കുകൾ എവിടെയോ മുഴങ്ങുന്നു.

ഇത്രയൊക്കെ വിസ്തരിച്ചാലോചിക്കാൻ എന്തുണ്ടായി എന്ന് നിങ്ങളിൽ ചിലരെങ്കിലും അത്ഭുതപ്പെടുന്നുണ്ടാവും. തെക്കേ ഇന്ത്യക്കാരുടെ ദീവാളി ഒരു ദിവസം മുമ്പേ വരുന്നതുകൊണ്ട് വരാൻ പോകുന്ന പൂരം എന്താവുമെന്ന് മുൻകൂട്ടി ഊഹിക്കാനാവും. ഞങ്ങൾ ചെവിയിൽ തിരുകി വയ്ക്കാൻ പഞ്ഞിയുമായി കാത്തിരുന്നു. എന്നാൽ പ്രതീക്ഷകളെ ആകെ കടത്തി വെട്ടിക്കൊണ്ട് ദീപങ്ങൾ പ്രഭ പൊഴിക്കുന്ന വെളിച്ചത്തിന്റെ മാത്രം
ഉത്സവമായി ദീവാളി വന്നു. ഏറ്റവും സന്തോഷിച്ചത് ഞാൻ തന്നെ. വലിയ ശബ്ദങ്ങളെ ഭയപ്പെടുന്ന സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല. ഇടിവെട്ട്, ഒറ്റയ്ക്കുള്ള കതിനവെടികൾ, തൃശ്ശൂർപൂരത്തിന്റെ കൂട്ടപ്പൊരിച്ചിൽ ഇവയിൽ നിന്നൊക്കെ എന്നും ഓടി ഒളിക്കാറുള്ള ഞാൻ ഒരേറുപടക്കമോ മാലപ്പടക്കമോ പൊട്ടിച്ചിട്ടില്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. എന്നാൽ സത്യം അതാണ്. അതുകൊണ്ട് ഇക്കൊല്ലം കാതടപ്പിക്കുന്ന പടക്കങ്ങൾ ഉണ്ടാവില്ല എന്ന ആശ്വാസത്തിൽ ഞാൻ മുമ്പെങ്ങും പ്രകടിപ്പിക്കാത്തഉത്സാഹത്തോടെ ദീവാളിയെ വരവേൽക്കാൻ തയ്യാറായി. അപ്പോൾ പടക്കം പൊട്ടിച്ചതിന് ഞാനും യശോദയും തമ്മിലുണ്ടായ വഴക്ക് ഒരു പഴങ്കഥപോലെ ഓർമയിൽ ചുരുളഴിഞ്ഞു.

അച്ഛൻ പെൻഷൻ പറ്റുന്നതുവരെ കോളനിയിലായിരുന്നു, താമസം. ഒരേ രീതിയിൽ തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചതു പോലുള്ള കെട്ടിടങ്ങൾ. കോളനിയിൽ താമസിക്കുന്ന കാലത്ത് ഞങ്ങൾ പടക്കങ്ങളൊന്നും വാങ്ങാറില്ല. താഴെ താമസിച്ചിരുന്ന വൃദ്ധന്റെ മകൾ യശോദ ഞങ്ങളുടെ കെട്ടിടത്തിലെ എല്ലാവർക്കു വേണ്ടിയും കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിച്ചിരുന്നു. ആ സാഹസിക പ്രവൃത്തിയുടെ ത്രില്ലിന് വേണ്ടിയാണ് അവൾ ജീവിക്കുന്നതെന്ന് തോന്നാറുണ്ട്. പ്രായം കഴിഞ്ഞിട്ടും അച്ഛനെ പരിചരിച്ച് കഴിയുന്ന അവളുടെ ‘ബാരാത്തി’ന് വേണ്ട വെളി
ച്ചവും ശബ്ദവും ഉണ്ടാക്കി അവൾ ആരോടൊക്കെയോ പ്രതികാരം ചെയ്യുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാൻ കിടന്ന് ഉറങ്ങുന്ന മുറിയുടെ നേരെ താഴെ ഏറ്റവും ശബ്ദമുള്ള പടക്കം പൊട്ടിച്ച് എന്നെ ഞെട്ടിയുണർത്തുന്നതിനെക്കുറിച്ച് വഴക്ക് പറഞ്ഞാലും അവൾ ചിരിച്ചുകൊണ്ട് നിൽക്കുകയേയുള്ളു. അപ്പോൾ അമ്മയുടെ സാന്നിദ്ധ്യവും പരിചരണവുമില്ലാതെ പ്രായത്തിന്റെ അപകടമേഖലയിലെത്തി നിൽക്കുന്ന യശോദയോട് തോന്നുന്ന ദേഷ്യമൊക്കെ അലിഞ്ഞുപോകും. പിന്നെ രാപ്പകൽ ഭേദമെന്യേ പടക്കം പൊട്ടിച്ച് അവൾ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും തൃഷ്ണകളെ ശമിപ്പിച്ചു. ഓരോ ദീവാളിക്കാലത്തും ഞാനവളെ ശപിക്കുകയും വഴക്കു പറയുകയും ചെയ്തു. അവൾ തരിമ്പും കൂസലില്ലാതെ പടക്കം പൊട്ടിക്കുകയും ദീവാളി ആശംസകളോടെ ഞങ്ങൾക്ക് മധുരപലഹാരങ്ങൾ തരികയും ചെയ്തു. ദീവാളിക്ക് രണ്ട് ദിവസം ഒറങ്ങീല്ലെങ്കിലും ഒരു ചുക്കും വരില്ല. ഈ ശബ്ദോം വെളിച്ചോം മധുരൊക്കെല്ലേ അതിന്റെ ഒരു മജാ. ഖേംഛോ….

ദീവാളിക്ക് പടക്കം വാങ്ങാതിരിക്കാൻ ഇന്നത്തെപ്പോലെ വായുമലിനീകരണം, ശബ്ദമലിനീകരണം മുതലായ ന്യായങ്ങളുണ്ടായിരുന്നില്ല, അപ്പോൾ. എല്ലാത്തിലും അന്തർഹിതമായി ഒരു സത്യമേ ഉണ്ടായിരുന്നുള്ളു. പണത്തിന്റെ ദാരിദ്ര്യം. ദീവാളി വരുന്നതിന്റെ മുന്നോടിയായി ശിവകാശിയിൽനിന്ന് പടക്കങ്ങളും ബോംബുകളും പൂത്തിരികളും ചക്രങ്ങളുമൊക്കെ കടകളിൽ വന്നു നിറയും. ചെമ്പൂരിലേയും മാട്ടുംഗയിലേയും തമിഴന്മാർ നേരേ ശിവകാശിയിൽ പോയി മൊത്തക്കച്ചവടക്കാരിൽ നിന്നും കുറഞ്ഞവിലയ്ക്ക് പടക്കങ്ങൾ വാങ്ങിക്കൊണ്ടുവന്ന് നല്ല ലാഭത്തിൽ കച്ചവടം ചെയ്തിരുന്നു. ദീവാളി അടുത്താൽ എല്ലാതരം കടകളിലും മുടിഞ്ഞ തിരക്കാണ്.

അച്ഛൻ എന്നും തിരക്കുകൾ ഒഴിവാക്കി. കാന്റീനിൽനിന്ന് പലഹാരപ്പൊതി. കല്യാണിൽ നിന്ന് ഖരെ എന്ന അച്ഛന്റെ ഓഫീസ് സുഹൃത്ത് കൊണ്ടു വരാറുള്ള പടക്കവും മത്താപ്പുകളും കമ്പിത്തിരികളും. ഇവയൊക്കയാണ് ഞങ്ങളുടെ ദീവാളികളുടെ പ്രത്യേകതകൾ. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അതൊക്കെ ശബ്ദമലിനീകരണമില്ലാത്ത മിന്നിത്തിളങ്ങുന്ന ഓർമകൾതന്നെ.

പൊടുന്നനെ സന്ധ്യയായതും എറ്റേണിറ്റി മാൾ വർണോജ്വലമായ ദീപപ്രഭയിൽ കുളിച്ചതും ഞാനറിഞ്ഞില്ല. ഞാൻ വരുംവരായ്കകളെ അവഗണിച്ച് ബാലുഷാഹിയും കാലാ ജാമൂനും അടക്കമുള്ള മധുരപലഹാരങ്ങൾ വാങ്ങിയപ്പോൾ പ്രതാപൻ ചോദ്യരൂപത്തിൽ എന്നെ നോക്കി.

നീ എന്തു ഭാവിച്ചാ….തീർച്ചയായും ഇതറിഞ്ഞാൽ അനിയനും അച്ഛനും സന്തോഷിക്കാതിരിക്കില്ല. ഇതൊക്കെ നിരത്തി വച്ച് ഞാൻ സെൽഫിയെടു
ത്ത് അവർക്കയച്ചു കൊടുക്കും.

പ്രതാപന്റെ മുഖത്ത് ഒരു കമ്പിത്തിരി തെളിഞ്ഞു.

Related tags : BalakrishnanStory

Previous Post

പെൺ വഴികൾ

Next Post

മിബിൻ: ഒരു നാടോടി ചിത്രകാരന്റെ ഭാവനാലോകം

Related Articles

കഥ

വീണ്ടും പ്രണയിക്കുന്ന ഭാര്യ

കഥ

ഒരു ചീത്ത കഥ

കഥ

പിതാവ്

കഥ

പ്രണയസായാഹ്നത്തില്‍

കഥ

അശിവസന്യാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven