കളിയുടെ ഗോദായിലേക്ക്
ഉന്തിതള്ളിയിട്ടതും
ഇഷ്ടമില്ലാതെ വട്ടംകൂടിയിരുന്നതും
ഉഷ്ണിച്ചു വിയർത്തതും
വിയർപ്പ് പതിയെ തണുപ്പായതും
തണുപ്പ് ഹരമായതും…
ഇസ്‌പേഡ്, ഗുലാൻ, ക്ലാവർ
അങ്കംവെട്ടുകൾക്കിടയിൽ
റാണിയായി ഞാൻ സ്വയം അവരോധിച്ചു.
രാജാവാകാൻ ഊഴമായപ്പോൾ
വിദൂഷകന്റെ വേഷത്തിൽ അവൻ തിമർത്താടി
കൂട്ടത്തിൽ സുമുഖൻ ക്ലാവർ
നോട്ടങ്ങളിൽ എന്നെ നിറച്ചു…
എന്റെ വിജയത്തിനായി കളിയിൽ കള്ളം ചമച്ചു
ഉറക്കത്തിനു കാവലിരുന്നു.
ജോക്കറിന്റെ കൂട്ടത്തിൽ ഞാൻ പടവുകൾ കയറി
അവന്റെ തമാശകളിൽ കളിയിമ്പം ഏറി
നാണയങ്ങൾ കൂമ്പാരമായി
മടിശ്ശീലയ്ക്കു കനം കൂടി
തിരിച്ചുപോരാനാവാത്ത വിധം
ഗോദായിൽ ഞാൻ കുടുങ്ങിക്കിടന്നു…
ആകെ ഇരുൾ നിറഞ്ഞു
തപ്പിത്തടഞ്ഞ്
ഇഴഞ്ഞു നീങ്ങവെ
എന്റെ ശരീരം ഭാരമറിഞ്ഞു
നായ്കുരകൾ അടങ്ങി
ഓടിയവരും ഓടിച്ചവരും തളർന്നു.
പുതിയ
ഗോദയിലേക്ക്
തന്ത്രങ്ങളിലേക്ക്
പദവികളിലേക്ക്
പരവതാനികളിലേക്ക്.
ഉറുമ്പ്കടിയുടെ
നിസ്സാരത പേറി ഒടുവിൽ മാളത്തിലേക്കും.