ഒരറ്റത്ത് നിന്നും
ഉടഞ്ഞുകൊണ്ടിരിക്കുന്ന
രാജ്യത്താണ് ഞാന്‍ ജനിച്ചത്.
ഉടലില്‍ തട്ടിപ്പോകുന്ന
കാറ്റിന് പോലുമിവിടെ
നടുവളയ്ക്കുന്ന ചങ്ങലകളുടെ
തുരുമ്പുമണമായിരുന്നു.
അച്ഛന്‍ കിളച്ചിട്ട പാടത്തെ
കതിരോളങ്ങളെന്നെ പഠിപ്പിച്ചത്
കൊയ്‌തെടുത്തറയില്‍ക്കൂട്ടാനല്ല,
വിതയ്ക്കാന്‍ പാകത്തിന്
വിത്തൊരുക്കാനാണ്.
അറിവ് അവന്റപ്പന്റെ വകയല്ലെന്ന്
ഈ രാജ്യത്തുനിന്നുറക്കെ
വിളിച്ചു പറയാന്‍,
നിങ്ങളുണ്ടാക്കിയ ജാതി
ഭോഗിച്ചല്ല ഞങ്ങളുണ്ടായതെന്ന്
എന്റെ കൂടപ്പിറപ്പുകളുടെ
നെഞ്ചിലെഴുതി വയ്ക്കാന്‍,
ത്രമ്പാന്‍പട്ടം കെട്ടി
ഞെളിഞ്ഞിരിക്കുന്നവന്റെ
മുന്നിലേെക്കാരറിയിപ്പായിതാ
ഞാനിന്നീ കുരുക്കിന്റെ തുമ്പത്തായൊരു
വിത്ത് കൊരുത്ത് ഞാത്തുന്നു.